Home Article ഡോ.ഷിമ്‌നാ അസീസിന്റെ ഈ കുറിപ്പ് പുരുഷ്യന്മാര്‍ പ്രത്യേകിച്ച് വായ്‌ക്കാതെ പോകരുത്‌…

ഡോ.ഷിമ്‌നാ അസീസിന്റെ ഈ കുറിപ്പ് പുരുഷ്യന്മാര്‍ പ്രത്യേകിച്ച് വായ്‌ക്കാതെ പോകരുത്‌…

0

രാവിലെ ഉണ്ടാക്കിയ പുട്ട്‌ ഇഷ്‌ടമില്ലെന്ന്‌ പറഞ്ഞ്‌ ഉമ്മയോട്‌ വഴക്കിട്ടിറങ്ങിയപ്പോ നിങ്ങളറിഞ്ഞിരുന്നോ ഉമ്മച്ചി മെൻസസിന്റെ വയറുവേദന സഹിക്ക വയ്യാതെയാണ്‌ അത്‌ നിങ്ങൾക്ക്‌ വെച്ചു വിളമ്പിയതെന്ന്‌?”
ഒരു സദസ്സിന്റെ മുക്കാലും നിറഞ്ഞ്‌ കവിഞ്ഞ പ്ലസ്‌ വണ്ണിലെ ആൺകുട്ടികളുടെ ക്ഷണനേരം കൊണ്ടുണ്ടായ മൗനം കണ്ണ്‌ മിഴിച്ച്‌ എന്നെ നോക്കി.
എന്നോ വരാൻ പോകുന്ന ഭാര്യയെക്കുറിച്ച്‌ പറയാൻ മാത്രമല്ലല്ലോ ഞാൻ ചെന്നത്‌.
മുന്നിലുള്ള അമ്മയും പെങ്ങളുമെല്ലാം അനുഭവിക്കുന്നത്‌ ആരും അവർക്കിന്ന്‌ വരെ പറഞ്ഞ്‌ കൊടുത്തിരുന്നില്ല.

ആയുഷ്‌കാലം മുഴുവൻ മനസ്സും ശരീരവും പരീക്ഷിക്കപ്പെടുന്ന പെണ്ണിനെ കുറിച്ച്‌ പറഞ്ഞു കൊടുത്തിരുന്നില്ല. ജനിക്കുമ്പോൾ മുതൽ പെണ്ണറിയുന്ന നോവുകൾ പറഞ്ഞു കൊടുത്തിരുന്നില്ല. പെണ്ണിനെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ്‌ കൊടുത്തിരുന്നില്ല.
ആർത്തവവും പ്രസവവും അറിയില്ല, പാഡ്‌ കളയാനും മൂത്രമൊഴിക്കാനും സ്‌ഥലം തിരഞ്ഞ്‌ കഷ്‌ടപ്പെടുന്ന സുഹൃത്തിന്റെ വേദന അവരോർത്തിട്ടില്ല.
എന്തിന്‌ പറയുന്നു, വർഷങ്ങളായി അവർക്ക്‌ സ്വന്തം ശരീരത്തിലുള്ള ഉദ്ധാരണസമയത്ത്‌ എന്ത് സംഭവിക്കുന്നു എന്നറിയില്ല, അവർ ചോദിക്കാത്തതുമാകാം.

അവർ സ്വയം സുഖമനുഭവിക്കുന്നത്‌ തെറ്റാണോ എന്ന ഭയം അവരാരോടും ഇത്‌ വരെ ചോദിച്ചിട്ടില്ല.
ലഹരിമരുന്ന്‌ കൊണ്ട്‌ ലൈംഗികശേഷി നഷ്‌ടപ്പെടുമോ എന്ന്‌ ഇതിന്‌ മുന്നേ അവൻ നേരിട്ട്‌ ചോദിച്ചത്‌ ഒരു കഞ്ചാവ്‌ കച്ചവടക്കാരനോടായിരിക്കണം.
ആ ഉത്തരം പറയുമ്പോൾ സദസ്സിലുണ്ടായ ഭീതിപ്പെടുത്തുന്ന മൗനം കുറച്ചൊന്നുമല്ല എന്നെ അസ്വസ്‌ഥയാക്കിയത്‌. അവരുടെ കൂട്ടത്തിൽ എത്ര പേർ…ആവോ, അറിയില്ല. അവന്‌ അബോർഷൻ എന്താണെന്നറിയാമായിരുന്നു.

ഗർഭസമയത്ത്‌ അമ്മക്ക്‌ മാനസിക അസ്വാസ്‌ഥ്യമുണ്ടാകുന്നതിനെ കുറിച്ച്‌ അവന്‌ അറിയണമായിരുന്നു. ശൈശവ ഗർഭധാരണം കൊണ്ട്‌ അമ്മക്ക്‌ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ അറിയണമായിരുന്നു.
ഇന്ന്‌ പ്ലസ്‌ വണ്ണിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ച്‌ reproductive health ക്ലാസ്സെടുത്തപ്പോൾ മനസ്സിലാക്കിയത്‌ ഇതാണ്‌;
നമ്മൾ പെൺകുട്ടികൾക്ക്‌ ഏറെ പറഞ്ഞു കൊടുക്കുന്നു. അവർക്ക്‌ തെറ്റിദ്ധാരണകൾ ഇല്ലെന്നല്ല, എന്നാലും ആൺകുട്ടികളേക്കാൾ അവർക്ക്‌ ശരീരത്തെയറിയാം, ലോകത്തെയറിയാം. ശരിയും തെറ്റും വലിയൊരു പരിധി വരെയറിയാം.
പക്ഷേ, നമ്മുടെ ആൺകുട്ടികൾ ഇപ്പോഴും ആ വികലധാരണകളുടെ ഈറ്റില്ലങ്ങളിലാണ്‌. അവർ സുരക്ഷിതരല്ല, അവർക്കൊന്നും അറിയുകയുമില്ല.
അവരെ പഠിപ്പിക്കേണ്ടത്‌ നീലച്ചിത്രങ്ങളും കൊച്ചുപുസ്‌തകങ്ങളും ലഹരിവിൽപ്പനക്കാരനുമല്ല. അവരാണ്‌ കൂടുതൽ അറിവ്‌ നേടേണ്ടത്‌.
പെൺകുട്ടികളെ സുരക്ഷിതരാക്കാൻ കച്ച കെട്ടിയിറങ്ങുന്ന നമ്മൾ സൗകര്യപൂർവ്വം നമ്മുടെ ആൺമക്കളെ അവഗണിക്കുന്നുണ്ടോ? അരുത്‌ !
നമ്മളല്ലാതെ ആരാണവർക്ക്‌ ?
Dr.Shimnazeez

 

LEAVE A REPLY

Please enter your comment!
Please enter your name here