Home Ayyappan A അയാൾക്ക് സർക്കാരിന്റെ ജോലി ഉണ്ടെന്ന ഹുങ്കോടെ ഭാര്യ ആയിരുന്നവൾ ഞെളിഞ്ഞിരുന്നു..

അയാൾക്ക് സർക്കാരിന്റെ ജോലി ഉണ്ടെന്ന ഹുങ്കോടെ ഭാര്യ ആയിരുന്നവൾ ഞെളിഞ്ഞിരുന്നു..

0

രചന : Ayyappan Ayyappan

രണ്ട് പെണ്ണുങ്ങൾ താഴെവയലിലെ കുളിക്കടവിൽ വെച്ചു കണ്ടു മുട്ടി..
ഒരാൾ” അയാളുടെ” ഭാര്യ..
മറ്റെയാൾ ” അയാളുടെ ” പൂർവകാമുകി…..

അയാൾക്ക് സർക്കാരിന്റെ ജോലി ഉണ്ടെന്ന ഹുങ്കോടെ ഭാര്യ ആയിരുന്നവൾ ഞെളിഞ്ഞിരുന്നു..
“അവര് വല്ല്യ ആള്ക്കാര് ആണ് “എന്ന് പറഞ്ഞു കരഞ്ഞു കൈകൂപ്പിയ അമ്മയുടെ മുന്നിൽ അയാളെ മറന്നു ഒരു കൂലിവേലക്കാരനെ കല്യാണം കഴിക്കുമ്പോൾ നഷ്‍ടമായ പ്രണയത്തെ കുറിച്ചോർത്തു അവളുടെ മനസ്സൊന്നു നീറിയിരുന്നു…

തുണിയലക്കുന്നിതിനടയിൽ അയാളുടെ ഭാര്യ അവളെ പുച്ഛിച്ചു നോക്കി.. കാമുകി അവളെ അസൂയയോടെയും…

അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അവൾ ഭക്തിയോടെഎടുത്തു. സോപ്പ് തേച്ചു അലക്കി വെളുപ്പിച്ചു..
കാമുകിയപ്പോൾ അവൾ പണ്ടെപ്പോഴോ കുടുക്കയിൽ ഇട്ടു വെച്ച പൈസ ചേർത്ത് വെച്ചൊരു ഷർട്ടിന്റെ കുപ്പായം അയാൾക്ക് വാങ്ങികൊടുത്തതോർത്തു….

അയാൾ കെട്ടിയ മഞ്ഞതാലിയെടുത്തവൾ അഭിമാനത്തോടെ കാമുകി കാൺകെ ചൂണ്ടുവിരലിൽ കൊരുത്തു വട്ടം ചുറ്റി…
പണ്ടെപ്പോഴോ പൂരപ്പറമ്പിൽ അയാൾ വാങ്ങി തന്ന കരിമണിമാലയോർത്തു കാമുകിയായവൾ നെടുവീർപ്പ് ഇട്ടു…

ഭാര്യ ആയിരുന്നവൾ ഇടയ്ക്ക് ഇടയ്ക്ക് തല വെട്ടിച്ചിളക്കി അയാൾ വിവാഹ വാർഷികത്തിന് വാങ്ങി കൊടുത്ത ഒന്നര പവന്റെ ജിമിക്കി കമ്മൽ കാണിച്ചു കൊടുത്തു…
കർക്കിടകത്തിലെ മഴയിൽ വീട് ചോരാതെ ഇരിക്കാൻ കഴുക്കോൽ മാറ്റാൻ ഊരിക്കൊടുത്ത ഇത്തിരി പൊന്നിന്റെ, കമ്മലിന്റെ സ്ഥാനത്തെ ഈർക്കിൽ തുമ്പിൽ.. കാമുകിയായിരുന്നവൾ വേദനയോടെ വെറുതെയൊന്നു തൊട്ട് നോക്കി….

“ഈ ആഴ്ചയിലെ ടാക്കീസിലെ സിനിമ കാണാൻ ഞാനും അദ്ദേഹവും പോകുന്നുണ്ടന്നു” ഭാര്യയായിരുന്നവൾ കിഴക്കേ നാട്ടിലെ ഒരു വരത്തന്റെ പെണ്ണിനോട്‌ കാമുകിയാവളെ നോക്കി വമ്പു പറയുമ്പോൾ…
” ഇന്നും പണിയില്ലെങ്കിൽ വീടിന്റെ പിറകു വശത്തെ അവസാനകപ്പയും പുഴുങ്ങി തിന്നാൽ നാളെ എന്ത് ചെയ്യും? “എന്ന് രാത്രിയിൽ അവളോട് ഏറ്റവും സ്വകാര്യമായി ചോദിച്ച അവളുടെ ഭർത്താവിനെ ഓർത്തവൾ നിസഹായതയോടെ മുഖം തിരിച്ചു….

ഭാര്യയായിരുന്നവൾ നേർത്ത സുഗന്ധം പരത്തുന്ന സെന്റ് അടിച്ച അയാളുടെ ഷർട്ട് വെള്ളത്തിൽ മുക്കി അലക്കി പിഴിഞ്ഞപ്പോ..
കൂലിവേലയുടെ ബാക്കി പത്രമായ ഉപ്പും ചെളിയും പുരണ്ട മേൽമുണ്ട് വിണ്ടു കീറിയ പാറക്കല്ലിൽഅടിച്ചു പിഴിഞ്ഞ് സോപ്പ് പതപ്പിച്ചു….

ഭാര്യ ആയിരുന്നവൾ തലയുയർത്തി നിന്നു.. കാമുകിയായവൾ എന്തോ ചിന്തിച്ചു തലകുനിച്ചും…

പെട്ടന്നാണ് അങ്ങോട്ടേക്ക് കാമുകിയായിരുന്നവളുടെ 5വയസ്സുള്ള ഉണ്ട കവിളുള്ള കുഞ്ഞി പെണ്ണ് ചാടി തുള്ളി.. ഓടി വന്നവളെ സാരി തുമ്പിൽ വട്ടം ചുറ്റിയത്….

ഓടി വരാൻ ആരുമില്ലാത്ത.. വട്ടം ചുറ്റാൻ ആരുമില്ലാത്ത.. താഴേക്ക് നീണ്ടു കിടക്കുന്ന സാരിത്തുമ്പിൽ വലിച്ചു പിടിക്കാൻ ആരുമില്ലാത്ത.. ഇനിയും പൂക്കാത്ത വയറുള്ള. “അയാളുടെ ഭാര്യയായിരുന്നവൾ” നെഞ്ച് വിങ്ങി മനസ്സ് നൊന്തു തല താഴ്ത്തി നിന്നു…

കാമുകിയാവൾക്കും വേദന തോന്നി.. കണ്ണ് നീറി…

പെറ്റവയറിനും പെറാത്ത വയറിനും,, ഒരേ നോവ്.. ഒരേ ചൂര്….

5വയസ്സുള്ള അവളുടെ കുഞ്ഞിപ്പെണ്ണിനെ ഭാര്യയായവളുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ.. പുഴു തിന്ന് തീർത്ത പല്ലില്ലാത്ത മോണകാട്ടി അവളൊന്നു വെളുക്കെ ചിരിച്ചു….

“നിന്റെ പല്ലവിടെ “?
എന്ന അവളുടെ ന്യായമായ ചോദ്യത്തിൽ

” അലക്കാൻ കൊടുത്തത്”
എന്ന അവളുടെ സമർത്ഥമായ മറുപടി കേട്ട് ഭാര്യയായവൾ കണ്ണ് നിറഞ്ഞു.. മനസ്സ് നിറഞ്ഞു.. പുഞ്ചിരിച്ചുകൊണ്ട് ഉണ്ട കവിളത്തു രണ്ട് കുഞ്ഞുമ്മകൾ നൽകി …

അപ്പോൾ പെറ്റ വയറിനും പെറാത്ത വയറിനും…. ഒരേ തണുപ്പ്.. ഒരേ ചൂര്…

LEAVE A REPLY

Please enter your comment!
Please enter your name here