Home തൈപറമ്പ് ഒതുങ്ങിയ ശരീരമുള്ള പെണ്ണുങ്ങൾക്കേ സാരിയുടുത്താൽ ഭംഗിയുണ്ടാവു…

ഒതുങ്ങിയ ശരീരമുള്ള പെണ്ണുങ്ങൾക്കേ സാരിയുടുത്താൽ ഭംഗിയുണ്ടാവു…

0

രചന : Saji Thaiparambu

എഫ് ബി ഓപ്പൺ ചെയ്ത് സ്ക്റോൾ ചെയ്ത് പോകുമ്പോഴാണ്, എൻ്റെ പഴയ ക്ളാസ്സ്മേറ്റ് സ്നേഹ, സാരിയുടുത്ത് നില്ക്കുന്ന പോസ്റ്റിട്ടിരിക്കുന്നത്, ശ്രദ്ധിച്ചത്.

ഞാനതിൽ ഒരു ലൗ ഇമോജിയിട്ടിട്ട് , നല്ല ഭംഗിയുണ്ട് സാരിയുടുത്തിട്ട്,
എന്ന് കമൻറും ചെയ്തു.

പിറ്റേ ദിവസം ഒരു കല്യാണത്തിന് പോകാനായി ഞാനൊരുങ്ങി കാറിൽ കയറി ഏറെ നേരമിരുന്നിട്ടും, ഭാര്യ ഇറങ്ങി വരാത്തതിൽ അക്ഷമനായി കൊണ്ട് ഹോൺ നീട്ടിയടിച്ചു.

കുറച്ച് കഴിഞ്ഞ് മുൻവാതിൽ പൂട്ടിയിട്ട് ഇറങ്ങി വരുന്ന ഭാര്യയെ കണ്ട് ഞാൻ അമ്പരന്നു.

അല്ല, ഇതെന്താ നീ പതിവില്ലാതെ സാരിയുടുത്തോണ്ടിറങ്ങിയത് ,
പണ്ട് ഞാൻ ഉടുക്കാൻ പറഞ്ഞാൽ പോലും, നിനക്ക് സാരിയുടുത്താലിരിക്കില്ലെന്നും പറഞ്ഞ് ചുരിദാറല്ലേ ഇടാറ്

ഇന്നെനിക്ക് സാരിയുടുക്കണമെന്ന് തോന്നി, എങ്ങനെയുണ്ട് സുധിയേട്ടാ …

അവളെൻ്റെയടുത്ത് വന്ന് ചില മോഡൽ ഗേൾസ് നില്ക്കുന്നത് പോലെ, തിരിഞ്ഞും മറിഞ്ഞുമൊക്കെ നിന്നിട്ട് എന്നോട് ചോദിച്ചു.

ഓഹ് വലിയ ഭംഗിയൊന്നുമില്ല, നിനക്ക് ചേരുന്നത് ചുരിദാറ് തന്നെയായിരുന്നു,

എന്നിട്ട് നിങ്ങളിന്നലെ ആ സ്നേഹയുടെ ,സാരിയുടുത്ത
പോസ്റ്റിന് താഴെ, പുകഴ്ത്തി കൊണ്ട് കമൻറിട്ടിരിക്കുന്നത് കണ്ടല്ലോ.

ഓഹ് അതോ ,നീയവളെ ശ്രദ്ധിച്ചോ ,നിൻ്റെ പകുതി വണ്ണമേ അവൾക്കുളളു
ഒതുങ്ങിയ ശരീരമുള്ള പെണ്ണുങ്ങൾക്കേ സാരിയുടുത്താൽ ഭംഗിയുണ്ടാവു

പെട്ടെന്നവളുടെ മുഖം വാടിയപ്പോൾ, അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി.

കല്യാണത്തിന് പോയപ്പോഴും , തിരിച്ച് വന്നപ്പോഴും, സാധാരണ വാചാലയാകാറുള്ള ഭാര്യ, അന്ന് മൗനം പാലിച്ചത് ഞാൻ ശ്രദ്ധിച്ചു.

നീയെന്താ ഒന്നും കഴിക്കുന്നില്ലേ?

എനിക്ക് മാത്രം അത്താഴം വിളമ്പി വച്ചിട്ട്, അവൾ എൻ്റെയടുത്ത് വെറുതെയിരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.

ഇല്ല സുധിയേട്ടാ.. ഞാനിന്ന് മുതൽ ഡയറ്റിങ്ങിലാ ,അത്താഴം പൂർണ്ണമായിട്ട് ഒഴിവാക്കി, രാവിലെയും ഉച്ചയ്ക്കും ഈരണ്ട് ചപ്പാത്തി കഴിക്കാമെന്ന് വച്ചു

ഓഹ് അത് ശരി, വണ്ണം കുറയ്ക്കാൻ തീരുമാനിച്ചല്ലേ?
നല്ല കാര്യം നടക്കട്ടെ

അവൾക്ക് പൂർണ്ണ പിന്തുണ കൊടുത്തിട്ട് ,ഞാൻ വയറ് നിറച്ച് കഴിച്ചെഴുന്നേറ്റ് കൈ കഴുകി .

അങ്ങനെ അഞ്ചാറ് മാസങ്ങൾ കഴിഞ്ഞ് പോയി.

ഒരു ദിവസം ജോലി കഴിഞ്ഞ് വൈകിട്ട് വന്ന ഞാൻ ,ഭാര്യ കൊണ്ട് തന്ന ചായ മൊത്തിക്കുടിച്ച് കൊണ്ട്
FB ഓൺ ചെയ്തു.

ആദ്യമേ കണ്ടത് അയൽവക്കത്തെ കോൺട്രാക്ടറുടെ ഭാര്യയുടെ അപ്ഡേറ്റ് ചെയ്ത പ്രൊഫൈൽ പിക്ചറാണ് ,കൊഴുത്തുരുണ്ട ശരീരമുള്ള അവരും, പുതുതായി വാങ്ങിയ സാരിയുടുത്ത ഫോട്ടോയാണ്, പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതിന് താഴെയും, ഞാൻ ലൗ ഇമോജിയും, കമൻ്റ് ബോക്സിൽ അടിപൊളി, എന്ന കമൻ്റുമിട്ടു.

സുധിയേട്ടാ… നിങ്ങളല്ലെ എന്നോട് പറഞ്ഞത്, നിനക്ക് വണ്ണമുള്ളത് കൊണ്ട് സാരിയുടുത്താൽ കാണാൻ കൊള്ളില്ലെന്ന് ,എന്നിട്ടിപ്പോൾ അങ്ങേലെ തടിച്ചി സാരിയുടുത്ത് പോസ്റ്റിട്ടപ്പോൾ, നിങ്ങളവർക്ക് കമൻറിട്ടത് അടിപൊളിന്നാണല്ലോ?

കുറച്ച് കഴിഞ്ഞപ്പോൾ, ബെഡ്റൂമിലായിരുന്ന ഭാര്യ ഇറങ്ങി വന്ന് എന്നോട് പരിഭവിച്ചു.

രജനീ.. നിനക്കറിയുമോ? പെണ്ണായാലും ,ആണായാലും കഷ്ടപ്പെട്ട് ഒരു ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്, മറ്റുള്ളവർ അത് കണ്ട് ലൈക്ക് ചെയ്യാനും, അവരുടെ പുകഴ്ത്തി പറച്ചിലുകൾ കേൾക്കാനും വേണ്ടിയാണ്, പണ്ടൊക്കെ ഭാര്യമാർ ഒരുങ്ങി വരുമ്പോൾ, ഭർത്താക്കന്മാരും, ഭർത്താക്കന്മാർ ഒരുങ്ങി വരുമ്പോൾ, ഭാര്യമാരും പരസ്പരം പുകഴ്ത്തുമായിരുന്നു,
പക്ഷേ ,കാലം മാറിയപ്പോൾ ഭർത്താവിന് ഭാര്യയുടെയൊ, ഭാര്യക്ക് ഭർത്താവിൻ്റെയൊ സൗന്ദര്യം കാണാൻ, സമയമില്ലാതായിരിക്കുന്നു,
ഇപ്പോൾ അവരും പുകഴ്ത്തുന്നത് നേരിട്ടല്ല ,ഒരു മുറിയിലിരുന്ന് കൊണ്ട്, ഫെയ്സ് ബുക്കിലൂടെയാണ്

ശ്ശൊ ! ഇത് നിങ്ങൾക്ക് അഞ്ചാറ് മാസം മുമ്പ് പറയാൻ വയ്യാരുന്നോ? വെറുതെ ഞാൻ പട്ടിണി കിടന്നു ശരീരം കുറച്ചു

വെറുതെയാണെന്ന് ആര് പറഞ്ഞു, അത് കൊണ്ട് അമിതവണ്ണം കുറച്ച്, നിൻ്റെ ബോഡി നല്ല ഷെയ്പായില്ലേ? അതിനും കാരണമായത് എൻ്റെ കമൻ്റല്ലേ?
ഞാൻ നിന്നോട് നേരിട്ട് പലപ്രാവശ്യം പറഞ്ഞിട്ടും, നീ ഭക്ഷണം ക്രമീകരിക്കാനോ
വണ്ണം കുറയ്ക്കാനോ തയ്യാറായില്ല
പക്ഷേ ,ഞാൻ സ്നേഹയുടെ വസ്ത്രധാരണത്തെ പുകഴ്ത്തുകയും, അവളുടെ ഒതുങ്ങിയ ശരീരത്തെ കുറിച്ച് പറയുകയും ചെയ്തപ്പോഴല്ലേ, നിനക്ക്
വാശി തോന്നിയതും, നീ അതിനായ് പ്രയത്നിക്കുകയും ചെയ്തത്

അത് ശരി ,അപ്പോൾ നിങ്ങളെന്നെ മണ്ടിയാക്കുവായിരുന്നല്ലേ ? ഞാനെന്താ കൊച്ചു കുട്ടിയാണോ മറ്റുള്ളവരെ കണ്ട് പഠിക്കാൻ, എനിക്കറിയാം തനിയെ എൻ്റെ കാര്യങ്ങൾ നോക്കാൻ ,നിങ്ങള് നോക്കിക്കോ? ഇന്ന് മുതൽ ഞാൻ നാല് നേരം വച്ച് ഭക്ഷണം കഴിക്കും, ആറ് മാസം കൊണ്ട് കുറച്ചത്, മൂന്ന് മാസം കൊണ്ട് ഞാൻ തിരിച്ച് പിടിക്കും

ഈശ്വരാ… ഇത് കരയ്ക്കുമില്ല വെള്ളത്തിലുമില്ല എന്ന് പറഞ്ഞത് പോലെ ആയല്ലോ ?

ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി അകത്തേക്ക് പോയ ഭാര്യയെ നോക്കി, ഞാൻ തലയ്ക്ക് കൈയ്യും കൊടുത്തിരുന്നു.

രചന
സജി തൈപ്പറമ്പ്

LEAVE A REPLY

Please enter your comment!
Please enter your name here