Home Latest കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത..

കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത..

0

രചന : ലില്ലി ലില്ലി

“”കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത…

പഠിപ്പുണ്ടോ? വിവരമുണ്ടോ? …
വെറും പത്താംക്ലാസ്സും ഗുസ്തീം
അലങ്കാരമാക്കി നടക്കുന്ന കേവലമൊരു ലോക്കൽ…അത്രേ ഉള്ളൂ താൻ… “”

പുച്ഛത്തോടെയുള്ള എന്റെ വാക്കുകൾക്ക് അകമ്പടിയായി വന്ന കൂട്ടുകാരികളുടെ പരിഹാസചിരികൾ തിരക്കേറിയ ആ കോഫി ഷോപ്പിന്റെ ചുവരുകളിൽ മുഴങ്ങി…

പലരുടെയും കണ്ണുകൾ ഞങ്ങളിലേക്ക് നീണ്ടു വരുന്നതും,അയാളുടെ ശാന്തമായ മുഖത്തേക്കും കണ്ണുകളിൽ അലയടിക്കുന്ന രൗദ്രഭാവങ്ങളിലേക്കും നോക്കിഞാനിരുന്നു…

മെല്ലെ അയാൾ എഴുനേറ്റതും ഷർട്ടിലെ ഒരുവശം ഉയർത്തി മുണ്ട് മുറുക്കിയുടുത്തുകൊണ്ട് വാലെറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് മേശമേൽ വച്ചു…

“”ചായേടെ കാശാ…
പിന്നെ…ഒരേ ഒരു തവണ എന്റെ മോളെ കണ്ടൊന്ന് സംസാരിക്കണമെന്ന് നിന്റെ തന്ത വന്ന് കെഞ്ചിയതുകൊണ്ടാ നിന്നെയൊന്ന് കാണാണ് വച്ചത്…

ഉള്ള കാര്യമങ്ങ് പറയാല്ലോ..കണ്ടപ്പോ തന്നെ ഈ ചുള്ളി കമ്പിൽ അങ്ങും ഇങ്ങും തുണി ചുറ്റിയ നിന്റെ കോലത്തെ എനിക്കങ്ങോട്ട് ഒട്ടും പിടിച്ചില്ല…

കുറച്ചു മുന്നേ നീ യോഗ്യതയെപ്പറ്റി പ്രസംഗിച്ചില്ലേ…

നിന്റെ പേരിന് വാലായിട്ടുള്ള ഡോക്ടർ എന്ന യോഗ്യത ഒന്നും പോരടീ എന്റെ ഭാര്യയാകാനായിട്ട്…

പിന്നെ നിന്റെ ഈ അഹങ്കാരം, അതൊന്നുകൊണ്ടു മാത്രം ഞാൻ അങ്ങ് തീരുമാനിച്ചു, ഇനി ദൈവം തമ്പുരാൻ ഇറങ്ങി വന്നാലും നിന്നെ ഞാൻ കെട്ടുമെന്ന്… ഒരുങ്ങി ഇരുന്നോ ഈ സായിബാലിന്റെ ഭാര്യയാകാൻ… കേട്ടോടീ…ഉണക്കച്ചുള്ളി….

അപ്പൊ പോട്ടേ പെങ്ങമ്മാരെ….””

മുഖത്തേക്കാരോ ആഞ്ഞടിച്ച പോലെ ഞാൻ അയാളുടെ വാക്കുകൾക്ക് മുന്നിൽ അമർഷത്തോടെ സ്തംഭിച്ചിരുന്നുപോയി…

പരിഹാസച്ചിരിയോടെ മോഹൻലാൽ സ്റ്റൈലിൽ മുണ്ടും മടക്കിയുടുത്ത് നടന്നകലുന്ന അയാളെ നോക്കി എന്റെ കൂട്ടുകാരികളും തറഞ്ഞു നിൽക്കുത് ഞാനറിഞ്ഞതും അരിശത്തോടെ കസേരയിലേക്ക് ഞാനമർന്നിരുന്നു…

“”ഹാ… എന്നാ ഹോട്ട് ആൻഡ് ഹാൻഡ്സം ആണെന്ന് നോക്കടീ…. ആ ഉശിരും, ദേഷ്യവും ഒക്കെ…. “”

ദൂരേക്ക് നടന്നകലുന്ന അയാളിൽ നിന്നും കണ്ണെടുക്കാതെ മെറിൻ അത് പറഞ്ഞതും എന്നിലെ ദേഷ്യത്തിന്റെ കണികളെ ആളിപ്പടർത്തി…

“”എന്നാ നീയങ്ങു കെട്ടിക്കോടീ…
എനിക്ക് അറപ്പും വെറുപ്പുമാ അയാളോട്…

നാശം… ഒഴിഞ്ഞു പോകുമെങ്കിൽ പോട്ടെന്നു വച്ചിട്ട് തന്നെയാ ഇത്രേം കടുപ്പിച്ചു പറഞ്ഞത്.. അതിപ്പോ ഇങ്ങനേം ആയി…ഡാഡിയുടെ ഒടുക്കത്തെ ജാതകവും അന്ധവിശ്വാസവും…””

“”കാം ഡൌൺ നേത്രാ… നിനക്ക് നിന്റെ അച്ഛന്റെ തീരുമാനങ്ങളെ എതിർത്തു നിൽക്കാൻ പറ്റുമോ… നിനക്ക് ഏറ്റവും ബെസ്റ്റ് മാത്രമാകും മാധവനങ്കിൾ സെലക്ട്‌ ചെയ്യുന്നത്…. “”

കൂട്ടത്തിൽ അല്പം പക്വതയോടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ രമ്യ ശ്രമിക്കുമ്പോളും ആയാളുടെ വാക്കുകളിൽ കുരുങ്ങിക്കിടന്ന എന്റെ മനസ്സിനെ തിരിച്ചെടുക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു…

ഹൌസ് സർജൻസി കഴിഞ്ഞ് മാസങ്ങൾ പോലും പിന്നിട്ടിട്ടില്ല …ദുബായിൽ ബിസിനസ്കാരനായ അച്ഛന്റെ ഏകമകളായ എന്നെ ഡോക്ടർ പഠനത്തിന് വേണ്ടി അവർ നാട്ടിലേക്കയച്ചു…

വിദേശ രാജ്യത്ത് സമ്പന്നതയുടെ മടിത്തട്ടിലേക്ക് പിറന്നു വീണപ്പോൾ സ്വന്തം നാടിന്റെ സംസ്കാരത്തോട് മാനസികമായൊരു ഇഴയടുപ്പം സൃഷ്ട്ടിക്കാനെനിക്കായില്ല…

കേരളത്തിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി യൂ.എസിലേക്ക് അയക്കാം എന്ന അച്ഛന്റെ വാഗ്ദാങ്ങൾക്ക്മേൽ വിശ്വസിച്ചാണ് അന്ന് ഞാനിവിടേക്ക് വന്നത് പോലും…

ഇന്നിപ്പോൾ ജാതകമെന്ന അച്ഛന്റെ അന്ധവിശ്വാസങ്ങൾക്ക്മേൽ മണ്ണിട്ടുമൂടിയതെല്ലാം എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു…

ഇരുപത്തിമൂന്ന് വയസ്സിന് മുൻപേ സുമംഗലിയാകണമെന്ന്, അല്ലാത്തപക്ഷം വിവാഹം ഇനിയും വർഷങ്ങൾ നീളുമെന്ന്…

പണ്ടെങ്ങോ അച്ഛന്റെ ആത്മമിത്രമായിരുന്ന ശങ്കരമംഗലത് മഹാദേവന്റെ മകൻ സായിബാലൻ…

സുഹൃത്തുക്കൾ തമ്മിൽ ഒരിക്കൽ വെറുതെ പറഞ്ഞുവച്ച കാര്യം ഇന്ന് എന്റെ ജാതകദോഷത്തിനു മേൽ കുഴിമാന്തിയെടുക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…

എല്ലാത്തിനും മുകളിൽ ” നിനക്ക് സമ്മതമാണോ മോളേ” എന്നൊരു വാക്കുപോലും അച്ഛനിൽ നിന്നും കേൾക്കാതെ വന്നപ്പോൾ വിധിയുടെ പടുകുഴിയിലേക്ക് ഞാൻ വലിച്ചെറിയപ്പെട്ടു…

ഇഷ്ടപുരുഷനെ മനസ്സറിഞ്ഞു പ്രണയിക്കണമെന്നും തോളോട് തോളുരുമ്മി ആ കൈകളിൽ കോർത്തുപിടിച്ചു തിരകൾ പുൽകുന്ന മണൽത്തീരങ്ങളിലൂടെ കാതങ്ങൾ നടന്നു താണ്ടണമെന്നുമൊക്കെ വെറും പാഴ്മോഹങ്ങളായി എന്ന് ഞാനറിഞ്ഞു….

എല്ലാം അവരുടെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുത്ത് മൗനമായി തലയാട്ടുമ്പോൾ എന്നിലുയരുന്ന വാശിയും ദേഷ്യവുമെല്ലാം ഞാൻ അടക്കിവയ്ക്കുകയായിരുന്നു…

മുല്ലപ്പന്തലിനുള്ളിൽ സർവ്വാഭരണ വിഭൂഷിതയായി അയാൾക്കരികിൽ ഞാനിരിക്കുമ്പോൾ ആ ചുണ്ടിൽ മൊട്ടിട്ട പുച്ഛച്ചിരിയിലേക്ക് ഞാൻ നിർവികാരതയോടെ നോക്കിയിരുന്നു…

ഹൃദയഭാഗത്തേക്ക് ചേർത്ത് വച്ച താലിയും പൊട്ടിച്ചെറിഞ്ഞു ദൂരെ എവിടേക്കെങ്കിലും ഓടിയൊളിക്കാൻ ആ നിമിഷം ഞാൻ വെമ്പൽകൊണ്ടുപോയി…

സ്വർണ്ണക്കരമുണ്ടും ജുബ്ബയും പിന്നിലേക്ക് ഒതുക്കിവച്ച മുടിയുമായി ഗാംഭീര്യത്തൊടെ യാതൊരു കൂസലുമില്ലാതെ അയാൾ നിവർന്നിരിക്കുന്നത് കാൺകെ അയാളോടുള്ള വെറുപ്പ് എന്നിൽ ഏറി വന്നു…

യാത്രപറയുന്നേരം അച്ഛനെന്റെ വലം കൈ അയാളുടെ കൈകളിലേക്ക് ചേർത്തു വയ്ക്കുമ്പോൾ ഒരുവേള ആ കൈകൾ മുറുകുന്നത് ഞാനറിഞ്ഞു…

നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കൃഷിയിടങ്ങളും നിറഞ്ഞ മണ്ണിന്റെ മണം കിനിയുന്ന ഗ്രാമത്തിലേക്കുള്ള മൺപാതയിലൂടെ അയാൾക്കൊപ്പം കാറിൽ യാത്രചെയ്യുമ്പോൾ കണ്ണുകൾ അടച്ചുഞാനിരുന്നു…

പഴമയുടെ പ്രൗഢിയിൽ തലയെടുപ്പോടെ നിൽക്കുന്ന വലിയൊരു വീടിനു മുന്നിലായി കാർ നിർത്തിയതും അയാൾ പുറത്തേക്കിറങ്ങി, എനിക്ക് നേരെ ആ കൈകൾ നീട്ടിയപ്പോൾ ഞാൻ ദേഷ്യത്തോടെ തട്ടിയെറിഞ്ഞതും, കടുത്ത മുഖത്തോടെ അയാൾ പിന്തിരിഞ്ഞു നടക്കുന്നത് ഞാനറിഞ്ഞു …

ഒരുപാട് വലിപ്പമുള്ള ആ മുറ്റത്തിന്റെ ഒരു കോണിൽ കൂട്ടിയിട്ടിരിക്കുന്ന നാളികേരവും, ഉണക്കാനിട്ടിരിക്കുന്ന നെല്ലും..പശുവിന്റെ കരച്ചിലും…വൈക്കോൽ കൂനയുമൊക്കെ ആദ്യമായി കാണുകയായിരുന്നു ഞാൻ… ഇത്തരമൊരു ചുറ്റുപാടിന്റെ നടുവിൽ ഇനിഞാനെങ്ങനെ അതിജീവിക്കും എന്ന ചോദ്യം എങ്ങുനിന്നൊ എന്റെ കാതുകളിലേക്ക് ഉയർന്നു പൊന്തുന്നത് ഞാനറിഞ്ഞു…

സ്നേഹം ചാലിച്ച പുഞ്ചിരിയോടെ എനിക്ക് നേരെ നിലവിളക്ക് നീട്ടുന്ന അമ്മയെ ഞാൻ നോക്കിയപ്പോൾ തൊട്ടരികിലായി അയാളുടെ എണ്ണിത്തീർക്കാൻ കഴിയാത്ത ബന്ധുക്കളും ഉണ്ടായിരുന്നു…

അയാൾക്ക് ഇരട്ടകളായ രണ്ട് അനുജന്മാരും ഒരു അനുജത്തിയുമുമുണ്ടെന്നും, അനുജന്മാർ പത്താം ക്ലാസ്സിൽ പഠിക്കുകയാണെന്ന്…. നേരെ ഇളയ അനുജത്തിയുടെ വിവാഹം കഴിഞ്ഞ വർഷം കഴിഞ്ഞുവെന്ന്… അവർ ഫാമിലിയായി ഓസ്‌ട്രേലിയയിൽ ആണെന്നും വിവാഹത്തിനായി നാട്ടിലേക്ക് വന്നതാണെന്നുമൊക്കെ ഞാനറിഞ്ഞു…

എല്ലാവരും സ്നേഹം കൊണ്ടെന്നെ മൂടുന്നുണ്ടെങ്കിലും എന്തോ ആരുമായും മാനസികമായി ഒരു അടുപ്പം പുലർത്താണെനിക്ക് സാധിച്ചിരുന്നില്ല…
പക്ഷെ കൂട്ടത്തിൽ സായി മാത്രം എന്നെ പിന്നീടൊരു നോട്ടം കൊണ്ടുപോലും പരിഗണിക്കുന്നില്ല എന്നുഞാനറിഞ്ഞു…

അയാളുടെ മുറിയുടെ ഒരു കോണിൽ നീണ്ട റാക്കുകളിൽ നിരന്നിരിക്കുന്ന ബുക്കുകളിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു….

“”എല്ലാം സായിഏട്ടന്റെയാ….ഏട്ടത്തിക്ക് വേണേൽ എടുത്ത് വായിച്ചോട്ടോ…””

അയാളോ…വായിക്കാനോ… എന്ന സംശയത്തോടെ അവളെ നോക്കിയപ്പോൾ

“”ഏട്ടന് പഠിപ്പ് കുറവാണേലും ആള് പുലിയാ… ഈ നാട്ടിൽ വായനശാലയൊക്കെ കൊണ്ടുവന്നത് ഏട്ടന്റെ ഒറ്റ മിടുക്കാ…””

സ്വന്തം ഏട്ടനെ പറ്റി വാചാല ആകുന്ന അച്ചു കാണാതെ ഞാനൊന്ന് പുച്ഛത്തോടെ ചിരിച്ചു…

“”മോളേ അവന്റെ അടുത്ത ഒരു കൂട്ടുകാരന് ആക്‌സിഡന്റ് പറ്റിയെന്നു… ബ്ലഡ്‌ കൊടുക്കാൻ അത്യാവശ്യമായി പോയതാ… വൈകുമെന്നാ പറഞ്ഞത്… “”

അമ്മയെന്നോടത് പറയുമ്പോൾ മനസ്സിൽ ആശ്വാസം നിറയുമ്പോളും മങ്ങിയ മുഖത്തോടെ ഞാൻ തലയാട്ടി….

മേശമേൽ തണുത്ത് പാടകെട്ടിയ പാൽഗ്ലാസ്സ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നപോലെ തോന്നിയെനിക്ക്… ഇടയ്ക്കെപ്പോഴോ കണ്ണുകൾ അടഞ്ഞു വന്നപ്പോൾ ദീർഘമായ നിദ്രയിലേക്ക് ഞാൻ കുഴഞ്ഞുവീണു…

അടുത്ത ദിവസം കണ്ണ് തുറന്നപ്പോൾ ഏകദേശം ഒൻപത് മണിയോളമായെന്നു ഞാനറിഞ്ഞു…
ഫ്രഷ് ആയി നേരെ താഴേക്ക് ചെന്നതും ആവിപറക്കുന്ന ചായയുമായി അമ്മയെനിക്കരികിലേക്ക് ചിരിയോടെ വന്നപ്പോൾ ഞാനത് കൈനീട്ടി വാങ്ങി…

കണ്ണുകൾ ഒരുവേള ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന ഏട്ടനിലേക്കും അനുജന്മാരിലേക്കും അനുജത്തിയിലേക്കുമൊക്കെ എന്റെ കണ്ണുകളുടക്കി…

അയാളെന്നെ കണ്ടിട്ടും കാണാത്ത പോലെ നടിക്കുകയാണെന്ന് ഞാനറിഞ്ഞു.. ഒപ്പം ഇന്നലെ രാത്രി എപ്പോൾ വന്നു എന്നും എവിടെ കിടന്നു എന്നുമൊക്കെയുള്ള സംശയത്തിൽ ചില നിമിഷങ്ങളോളം ഞാൻ നിശബ്ദത കടമെടുത്തു…

“”ഏട്ടത്തി വന്നിരിക്ക്… നല്ല സ്പോഞ്ച് പോലത്തെ ഇഡ്‌ലിയും സാമ്പാറുമാ ഇന്ന്… പിന്നെ നമ്മുടെ അമ്മ സ്പെഷ്യൽ ഉഴുന്ന് വടയും… “”

അച്ചുവിന്റെ വാക്കുകൾക്ക് പിന്നാലെ ഉണ്ണിയും ചന്തുവും എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു…

ചെറുചിരിയോടെ നടന്നു ചെന്നു അച്ചുവിനരികിൽ ഇരിക്കാൻ തുടങ്ങിയതും “”ഏട്ടത്തി ഇങ്ങ് വന്ന് ഏട്ടന്റെ അടുത്ത് ഇരിയ്ക്കെന്നേ…”” എന്ന് ഉണ്ണി പറയുമ്പോൾ നിഷേധിക്കാൻ കഴിയാതെ ഞാൻ അയാൾക്കരികിലേക്കിരുന്നു….

കാവി മുണ്ടും ടീ ഷർട്ടുമായി കുളിച്ചു കുറി തൊട്ട് ഇരിക്കുന്നു… ഇയാൾ ഇത്ര രാവിലെ ക്ഷേത്രത്തിൽ ഒക്കെ പോയോ എന്ന ചിന്തയോടെ ഞാൻ കഴിച്ചു തുടങ്ങി… ആ കണ്ണുകൾ ഒരിക്കൽ പോലും എന്നെ തേടി വന്നില്ല എന്നത് എനിക്ക് ആശ്ചര്യമായിരുന്നു…

ഉണ്ണിയും ചന്തുവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സാമ്യതയുണ്ട് … ഒരേ മുഖഛായ… ചിലപ്പോൾ ഏട്ടത്തിയെന്നും ചേച്ചിയെന്നുമൊക്കെ വിളിച്ചു പിന്നാലെ നടക്കുമ്പോൾ എന്തോ സഹോദരങ്ങൾ ആരുമില്ലാത്ത എനിക്ക് ആദ്യമായി അവരോടൊരു വാത്സല്യം തോന്നിപ്പോയി…

അടുക്കളയിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല… സമയാ സമയങ്ങളിൽ അമ്മ വന്നു സ്നേഹത്തോടെ വിളിക്കും…

അമ്മയ്ക്ക് വളരെ സ്നേഹമാണെങ്കിലും തിരികെ അടുപ്പം കാട്ടാൻ കഴിയാത്ത പോലെ ഞാൻ അകന്നു നിന്നു….

അന്ന് പകലൊന്നും സായിയെ ഞാൻ കണ്ടില്ല..

വൈകുന്നേരം ആളോട് സംസാരിക്കണം എന്ന് ഞാനോർത്തു… ഭാവിയെ പറ്റി… എന്തിനാണ് അയാളുടെ താലിച്ചരടിൽ എന്നെ കെട്ടിയിട്ടതെന്ന്… എന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ചവിട്ടിയരച്ചതെന്ന് ചോദിക്കണമെനിക്ക്…ചിന്തകൾ വാൾപോലെ ഹൃദയത്തിൽ കുത്തിയിറങ്ങി രക്തം ഒഴുക്കി…

“”ആഹാ തമ്പുരാട്ടി ഉറങ്ങീല്ലേ… “”

രാത്രിയിൽ മേശമേൽ തലചായ്ച്ചു കിടന്ന എന്നെ അയാളുടെ ശബ്ദം ഉണർത്തി…

“”മൂന്നു നേരം വെട്ടി വിഴുങ്ങാനല്ല നിന്നെ ഞാൻ കെട്ടിക്കൊണ്ടു വന്നത്, ഇവിടെ നിന്റെ വേലക്കാരും ഇല്ല സമയാസമയം മേലങ്ങാതെ ഊട്ടിക്കാൻ….നാളെ മുതൽ അമ്മയെ സഹായിക്കാൻ ഉണ്ടായിരിക്കണം നീയും… കേട്ടല്ലോ..””

ശബ്ദത്തിൽ ആജ്ഞയുടെ ധ്വനി ഉണരുന്നതും എന്നിൽ അടക്കി വച്ച ദേഷ്യം പൊട്ടിയടർന്നു…

“”മതി നിർത്ത്….ആറ് മാസം….അതിനപ്പുറം ഈ താലി എന്റെ കഴുത്തിൽ കാണില്ല….
പൊട്ടിച്ചെറിയും ഞാൻ…എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തകർത്തത് താനാ…

അറപ്പും വെറുപ്പുമാണെനിക്ക് എല്ലാവരോടും എല്ലാത്തിനോടും…തന്നോടും തന്റെ ഈ തറവാടിനോടും നാടിനോടും എല്ലാം എല്ലാം …””

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഒരു ഭ്രാന്തിയെ പോലെ മുടിയിഴകളിൽ വിരൽ കോർത്തു വലിച്ചു ഞാൻ നിലത്തേക്കിരുന്നതും, വാതിൽ വലിച്ചടച്ചയാൾ പുറത്തേക്ക് പോകുന്നത് ഞാനറിഞ്ഞു…

ദിവസങ്ങൾ പിന്നിട്ടതും ഞങ്ങൾ തമ്മിലുള്ള അകൽച്ച കൂടി കൂടി വരുന്നത് ഞാനറിഞ്ഞു… തീർത്തും അപരിചിതർ…
അമ്മ സ്നേഹത്തോടെ മാത്രമേ എന്നോട് സംസാരിക്കാറുള്ളു… എപ്പോഴൊക്കെയോ ഞാനറിയാതെ എന്നെ മനസ്സിലാക്കുന്നപോലെ…

ചന്തുവും ഉണ്ണിയും എപ്പോഴും കൂടെ ഉണ്ടാകും…തൊടിയിലും പറമ്പിലും കുളക്കടവിലുമൊക്കെ അവർ എന്നെയും കൂട്ടിക്കൊണ്ടുപോകുമായിരുന്നു…

ഇടയ്ക്കൊരു ദിവസം അമ്മയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നത്…

മുറ്റത്തെ തിണ്ണയിൽ തല പൊട്ടി ചോരവാർന്നിരിക്കുന്ന ഒരു പ്രായമായ ജോലിക്കാരനടുത്ത് ആധിയോടെ നിൽക്കുന്ന അമ്മയ്ക്കരികിലേക്ക് ഞാൻ ചെന്നു..പറമ്പിലെ പണിക്കാരനിലൊരാൾ ആണ് അതെന്ന് ഞാനറിഞ്ഞു…

എന്നാൽ അയാളുടെ ദേഹത്തിലും വസ്ത്രങ്ങളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചാണകവും ദുർഗന്ധവും എന്നിൽ മനംപുരട്ടൽ ഉളവാക്കുകയും അറപ്പോടെ എന്റെ ധൗത്യത്തെയും പ്രൊഫഷനെയും മറന്നു ഞാൻ അവജ്ഞയോടെ പിന്നിലേക്ക് മാറി നിൽക്കുകയും ചെയ്തു…

“”ഒന്ന് നോക്ക് നോക്ക് മോളേ… ഒത്തിരി ചോര പോകുന്നു…ഞാൻ അവനെ ഒന്ന് വിളിക്കട്ടെ… “”

അതും പറഞ്ഞു അമ്മ അകത്തേക്ക് നടന്നതും ഞാൻ അനങ്ങാതെ നിന്നു…

അപ്പോഴേക്കും മുറ്റത്തേക്ക് വന്ന് നിന്ന കാറിൽ നിന്നുമിറങ്ങിയ സായി ഞങ്ങൾക്കരികിലേക്ക് വന്ന് വെപ്രാളത്തോടെ തന്റെ മുണ്ടിന്റെ തലപ്പ് കീറിയെടുത്ത് മുറിവിൽ കെട്ടി വയ്ക്കുന്നതും നോക്കി ഞാൻ നിന്നു… എന്നിട്ടും എന്നോടൊരു വാക്കോ നോട്ടമോ തന്നില്ല, എന്റെ സേവനം ആവശ്യപ്പെട്ടതുമില്ല…

“” ഈ മുറിവ് ഒന്ന് നോക്ക് മോളേ… “”

“”അമ്മേ അത് അയാളെ എന്തോ ബാഡ് സ്മെൽ ആണ്.. എനിക്കെന്തോ പോലെ… “”

അമ്മ വീണ്ടുമത് പറഞ്ഞതും എന്റെ മറുപടി കേൾക്കെ സായി ഒരുവേള മുഖമുയത്തി എന്റെ കണ്ണുകളിലേക്ക് നോക്കി… ആ ഒരൊറ്റ നോക്കിൽ ഞാൻ കത്തിയെരിയുമെന്ന് തോന്നിയെനിക്ക്… മടിച്ചു മടിച്ചു അയാൾക്കരികിലേക്ക് ഞാൻ ഇരിക്കും മുന്നേ ഇരു കൈകളാലും അയാളെ കോരി എടുത്ത് കാറിനരികിലേക്ക് നടക്കുന്നത് നോക്കി ഞാൻ നിന്നു….

“”അമ്മേ വന്നു വണ്ടീൽ കേറ്….””

നിന്ന വേഷത്തിൽ തന്നെ അമ്മയും അയാൾക്കൊപ്പം കാറിൽ കയറിയതും കാറ്റിന്റെ വേഗതയിൽ ഗേറ്റ് കടന്നവർ പുറത്തേക്ക് പോകുന്നത് നിർവികാരതയോടെ നോക്കി നിന്നു…ഹൃദയത്തിൽ നിന്നാരോ നീ തെറ്റാണെന്ന് ആർത്തുവിളിക്കുന്നത് ഞാനറിഞ്ഞു…

അവർ തിരികെ എത്തിയിയപ്പോൾ അമ്മ പഴയ പോലെ തന്നെ ചിരിയോടെ സംസാരിച്ചു… അയാൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞപ്പോളൊക്കെ എന്തോ കുറ്റബോധം തോന്നിപ്പോയെനിക്ക്…

ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു…

എന്നെ തേടിവന്ന പുതിയ കാഴ്ചകളും അറിവുകളുമെല്ലാം എനിക്ക് അത്ഭുതം തരുന്നവയായിരുന്നു…

അടിസ്ഥാനപരമായി ഇന്നും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമവാസികൾ….

വീട്ടിലും തൊഴുത്തിലും തൊടിയിലും പറമ്പിലുമൊക്കെ ഈ തറവാടിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ജോലിക്കാർ…

കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങൾ… എല്ലാം സായിയുടെ ഒരൊറ്റ അധ്വാനത്തിൽ നിന്നുമാണെന്ന്…
ഇവരുടെയോക്കെ തലവനാണ് അയാളെന്ന്…
ചിലപ്പോൾ ഒരു ചെറിയ മാടമ്പിയെ പോലെ…ചിലപ്പോൾ ഒരു ചെറിയ നേതാവിനെ പോലെ…നാടിനും നാട്ടുകാർക്കുമെല്ലാം ഏറ്റവും വേണ്ടപ്പെട്ട ഒരാളെ പോലെ…

പക്ഷേ എന്നും അവരിൽ ഒരാളായി മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം…

അനിയന്മാർക്കും അനുജത്തിക്കും സ്വന്തം അച്ഛനായും ഏട്ടനായും കൂട്ടുകാരനായും സ്നേഹം പകർന്നുകൊടുക്കുന്നവൻ…

ഒരുപാട് ഭൂസ്വത്തുക്കളും തടിമില്ലുകളും തേയിലത്തോട്ടങ്ങളുടേയുമൊക്കെ മുതലാളി…

പക്ഷേ ആ ഭാവങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരൻ… അച്ഛന്റെ കാലശേഷം എല്ലാം സ്വയം ചുമലിലേറ്റിയവൻ…

ആശ്ചര്യം തോന്നിപ്പോയ നിമിഷങ്ങൾ ആയിരിന്നു സായിബാലൻ എന്ന ആ വ്യക്തിത്വത്തെ അറിഞ്ഞപ്പോൾ മുതൽ… വിദ്യാഭ്യാസമോ ജോലിയോ അല്ല ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കേണ്ട ഘടകമെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു….

കട്ടിലിന്റെ രണ്ടറ്റങ്ങളിൽ ഒരിക്കലും അടുക്കുമോ എന്ന പ്രതീക്ഷകളില്ലാതെ ഞങ്ങൾ കിടന്നു…

ഇടയ്ക്കൊരിക്കൽ ഞാൻ രാവിലെ ഉണർന്നപ്പോൾ അയാളുടെ കരവലയത്തിനുള്ളിൽ ആ നെഞ്ചിൽ തലചായ്ച്ചാണ് ഉറങ്ങിയതെന്ന് ഞാനറിഞ്ഞു… ഇതെങ്ങനെ… അറിയാതെ സംഭവിച്ചതാകാം എങ്കിലും ഈ ചൂടിൽ ആ കൈകളുടെ മുറുക്കത്തിൽ ഒരിക്കലും അറിയാത്തൊരു വികാരമെന്നേ പൊതിയുന്നത് ഞാനറിഞ്ഞു…

അടുത്ത നിമിഷം അയാൾ കണ്ണ് തുറന്നതും പെട്ടന്ന് എന്നെ പൊതിഞ്ഞ കൈകൾ അകന്നു പോകുന്നതും എഴുനേറ്റ് മുഖം തരാത്ത ബാത്റൂമിലേക്ക് നടക്കുന്നതും ഞാനറിഞ്ഞു…

വൈകുന്നേരം ഉണ്ണിക്കും ചന്തുവിനുമൊപ്പം ബാഡ്മിന്റൺ കളിക്കാൻ കൂടി…അച്ചു അവളുടെ ഹസ്ബന്റിന്റെ വീട്ടിലേക്ക് തിരികെ പോയിരുന്നു… തിണ്ണയിൽ ഇരുന്നു അമ്മയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്….

മുറ്റത്തേക്ക് വന്ന് നിന്ന ബുള്ളറ്റിൽ നിന്നും ആളിറങ്ങുന്നതും അടുത്തേക്ക് വന്ന് ചന്തുവിന്റെ കൈയിലേക്ക് ഒരു പൊതി കൊടുത്തിട്ട് അമ്മയുമായി അകത്തേക്ക് പോകുന്നതും ഞാനറിഞ്ഞു… ഒരുവേള അയാൾ തിരിഞ്ഞു നോക്കുകയും ആ കണ്ണുകൾ എന്നിലേക്ക് വന്ന് ചിമ്മിത്തുറക്കുകയും ചെയ്തു…

“”വാ ഏട്ടത്തി… കവലേന്ന് വാങ്ങിയ നല്ല ചൂട് പരിപ്പുവടയാ… രണ്ടെണ്ണമാ ഏട്ടന്റെ കണക്ക്, എനിക്കും ഇവനും… ഇത്തവണ ഒരെണ്ണം എക്സ്ട്രാ… അപ്പോൾ ഏട്ടൻ ഏട്ടത്തിക്കും വാങ്ങി കേട്ടോ. “”

ചിരിയോടെ ഉണ്ണി വാഴയിലയിൽ പൊതിഞ്ഞ ചൂട് പരിപ്പുവട എനിക്ക് നേരെ നീട്ടി… അറിയില്ല എന്തെന്നില്ലാത്തൊരു സന്തോഷം പോലെ…

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് അമ്മയുടെ നിർബന്ധത്തിൽ ആണ് സ്വർണ്ണകരയുള്ള സെറ്റും മുണ്ടും ഞാനുടുത്തത്…

“”ആഹാ ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ…””

“”പോടാ ചെക്കാ എന്റെ മോളേ കളിയാക്കാതെ… “”

ചന്തുവിന്റെ കളിയാക്കലുകൾക്ക് അമ്മയുടെ മറുപടികേട്ട് ഞാൻ ചിരിയോടെ നിന്നു….

ഉത്സവവും ചെണ്ടമേളവും തിടമ്പേന്തിയ കൊമ്പനാനകളും എന്റെ കണ്ണുകൾക്ക് പുതിയ കാഴ്ചകൾ ആയിരുന്നു…

വലതും ഇടതും എന്റെ അനുജന്മാർ കൂടെ നിന്ന് എല്ലാമെനിക്ക് കാട്ടിത്തരുമ്പോൾ തെരുവ് ചന്തകളിലെ കുപ്പിവളകളും പളുങ്കു മാലകളും ബലൂണുകളും എന്റെ കണ്ണുകൾക്ക് വിസ്മയമായി…

തേരിന്റെ ഒരറ്റം ചുമലിൽ ഏന്തി ഒരൊറ്റയാന്റെ തലയെടുപ്പോടെ ആർത്തു വിളിക്കുന്ന സായിയിലേക്ക് ഒരുവേള എന്റെ കണ്ണുകൾ ഉടക്കി…ഉത്സവകമ്മറ്റിയിൽ പ്രധാനിയാണെന്ന്…നാടിനും നാട്ടുകാർക്കും കണ്ണിലുണ്ണി…ആ ബഹുമാനം ഓരോരുത്തരും എന്നിലേക്ക് പകരുമ്പോൾ എന്തെന്നില്ലാത്തൊരു കൗതുകമായിരുന്നു എനിക്ക്…

അതെ…ഞാൻ തെറ്റായിരുന്നു…
എന്തെല്ലാമോ ആണെന്ന അഹങ്കാരമായിരുന്നു…പക്ഷേ ഇവർക്കെല്ലാം മുന്നിൽ ഞാൻ വെറും വട്ടപ്പൂജ്യം ആണെന്ന് കുറ്റബോധത്തോടെ ഞാൻ ഓർത്തു…. അറിയില്ല ഞാൻ മുൻവിധി എഴുതിയ അക്ഷരതെറ്റുകൾ തിരുത്താൻ കഴിയുമോ എന്ന്…

ഒരുവേള ചിന്തകളിൽ എവിടെയോ കണ്ണുകൾ നിറഞ്ഞൊഴുകി….സാരിത്തുമ്പാൽ ഒരൊഴിഞ്ഞ കോണിൽ നിന്ന് കണ്ണുകൾ ഒപ്പുമ്പോൾ അങ്ങ് ദൂരെ അയാളുടെ കണ്ണുകൾ എന്നിൽ സംരക്ഷണത്തിന്റെ കവചം തീർക്കുന്നത് ഞാനറിഞ്ഞില്ല….

“”ചേച്ചി ദേ ഏട്ടൻ വാങ്ങി തന്നതാ…””

പൊതി തുറന്നതും കറുത്ത കുപ്പിവകൾ…

“”ഇതൊന്നും ചേച്ചി ഇടാറില്ല മോനെ…. വച്ചേക്ക് അച്ചു വരുമ്പോൾ കൊടുക്കാം… “”

എന്തോ ആഗ്രഹമുണ്ടെങ്കിലും വാങ്ങാൻ മനസ്സ് അനുവദിച്ചില്ല…അവന്റെ മുഖം മങ്ങിയപ്പോൾ എന്റെ നിഷേധത്തിൽ പിന്നിലെവിടെയോ ആയി നിന്ന സായിയുടെ മുഖം ഇരുളുന്നത് ഞാനറിഞ്ഞില്ല….

പിന്നെയുള്ള ദിവസങ്ങളിൽ ഉറക്കം ഉണരുന്നത് ആ കരവലയത്തിനുള്ളിലാകും…അനങ്ങാതെ ആ രോമാവൃതമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഞാൻ കിടക്കും…

എന്നോട് സ്നേഹം ഉണ്ടായിരിക്കുമോ ആൾക്ക്..അതോ ഉറക്കത്തിൽ അറിയാതെ സംഭവിക്കുന്നതാകുമോ…പക്ഷേ ജീവിതമെന്ന സത്യത്തിന് മുന്നിൽ ഞാൻ തോറ്റുപോകുന്ന പോലെ…

കവലയിലുള്ള ചെറിയ ഹോസ്പിറ്റലിൽ ഒരു ഡോക്ടറുടെ ഒഴിവുണ്ടെന്ന് അമ്മയാണ് പറഞ്ഞത്…എന്തോ പോകണമെന്ന് തോന്നിയെനിക്ക്…. ഈ നന്മയുള്ള ഗ്രാമത്തിനു വേണ്ടി സായിയെ പോലെ ഞാനും കൈത്താങ്ങാകാണാമെന്ന് ആഗ്രഹിച്ചു പോയി…

“”ചാണകത്തിന്റെയും ചേറിന്റെയും മണ്ണിന്റേം മണമുള്ള പാവങ്ങളാ ഇവിടുത്തുകാർ…
എന്ന് വച്ചാൽ മറ്റു ചിലരെ പോലെ മനസ്സിന് ആ നാറ്റം ഉണ്ടാകില്ല..ചെയ്യുന്ന ജോലിയോട് ആത്മാർഥത കാണിക്കുമെങ്കിൽ മാത്രം നിനക്ക് പോകാം… “”

അനുവാദം ചോദിച്ചപ്പോൾ കിട്ടിയ സായിയുടെ മറുപടി എന്തോ മനസ്സിൽ ഒരു ചെറിയ വേദന പോലെ…ക്ലിനിക്കിൽ ഞാൻ പോയി തുടങ്ങി.. ഞാനറിയാതെ പോയ നന്മയുള്ള ഒരു ലോകത്തെ ഞാനറിഞ്ഞു…

പിന്നീടാണ് അമ്മ പറഞ്ഞത്, ആളാണ്‌ ജോലിയുടെ ഒഴിവിനെപ്പറ്റി എന്നോട് പറയാൻ പറഞ്ഞതും ആ ജോലി എനിക്ക് വാങ്ങി തന്നതെന്നുമൊക്കെ…ദേഹം ഒരു തണുപ്പാൽ മൂടുന്ന പോലെ…

ആറ് മാസങ്ങൾ പിന്നിട്ടു… അപ്പോളും മനസ്സുകൾ തമ്മിൽ രണ്ട് ദ്രുവങ്ങളിൽ ആണെന്ന് ഞാനറിഞ്ഞു….ഒന്നെനിക്കറിയാം ഇനിയീ ലോകത്ത് നിന്നും എനിക്കൊരു മടക്കമില്ലെന്ന്…അമ്മയുടെ, എന്റെ ചന്തുവും ഉണ്ണിയും നാടും തറവാടും എന്തിന് ഏറെ പറയുന്നു തൊഴുത്തിലെ അമ്മിണിപശു പോലും എനിക്ക് സ്വന്തമായ പോലെ…

അതിനപ്പുറം എന്റെ സായി…ആഗ്രഹിക്കാൻ യോഗ്യത ഉണ്ടോ എന്നറിയില്ല..എങ്കിലും എനിക്കിന്ന് എന്റെ ശ്വാസമാണയാൾ…

ഒരിക്കൽ ഒരു രാത്രി എന്നെയും കാത്തെന്ന പോലെ അയാൾ മുറിക്കുള്ളിൽ ഉണ്ടായിരുന്നു..

ചിരിയോടെ എനിക്ക് നേരെ നീറ്റിയ പേപ്പറുകൾ തുറന്ന് നോക്കിയതും ഹൃദയം നിശ്ചലമായ പോലെ…

“”ആറ് മാസം…നീ ആഗ്രഹിച്ച പോലെ എന്നിൽ നിന്നും മോചനം…നിന്റെ സ്വപ്നങ്ങൾ ഒക്കെ നടക്കട്ടെ…അന്നത്തെ ഒരു എടുത്ത് ചാട്ടം… നിന്റെ അച്ഛന്റെ കണ്ണീര് കണ്ടപ്പോൾ… മനപൂർവ്വം അല്ലടോ ഒന്നും…ഞാൻ ഒപ്പിട്ടിട്ടുണ്ട്… നീയും ഒപ്പിട്ട് താ..നാളെ വക്കീലിനെ കാണണം എനിക്ക്… “”

എനിക്ക് നേരെ നീട്ടിയ പേന വിറകയ്യുകളോടെ ഞാൻ വാങ്ങി…എന്നെ അപ്പോൾ ഒരിറ്റ് പോലും സ്നേഹിച്ചിട്ടില്ലേ നിങ്ങൾ…നെഞ്ചകം ആർത്തു കരയുന്നു…ഒന്നും മിണ്ടാതെ പേന വാങ്ങി സൈൻ ചെയ്തു ആ മുഖത്തേക്ക് പോലും നോക്കാതെ ഞാൻ വേഗം മുറിവിട്ടിറങ്ങി…

പുറത്തെ ഇരുട്ടിൽ മറഞ്ഞു നിന്നു ഞാൻ തേങ്ങിക്കരഞ്ഞു….വിഡ്ഢിയാണ് ഞാൻ… ആശ്വസിക്കാൻ സ്വയം കഴിയാതെ കണ്ണുകൾ തുടച്ചു ഞാൻ അകത്തേക്കു കയറിയതും
ഒന്നും സംഭവിക്കാത്ത പോലെ അയാൾ ഇരുന്ന് കഴിക്കുന്നത് ഞാനറിഞ്ഞു…

ഉണ്ണിയും ചന്തുവും ഉണ്ട് കൂടെ…അമ്മ എന്നെ കണ്ടതും എന്റെ കൈപിടിച്ചു അയാൾക്കരികിലേക്കിരുത്തി…

“”വേണ്ട അമ്മേ.. എനിക്ക് വിശപ്പില്ല…””

“”കഴിക്ക് ഏട്ടത്തി… നല്ല പച്ച കശുമാങ്ങ തീയൽ ആണ് ഇന്ന് സ്പെഷ്യൽ… “”

“”വേണ്ടടാ ഉണ്ണി…””

പറഞ്ഞു തീരും മുന്നേ അമ്മ ഒരു പ്ലേറ്റിൽ വിളമ്പി എന്റെ മുന്നിലേക്ക് നീക്കി വച്ചത് ഞാനറിഞ്ഞു…ഒരിക്കൽ പോലും ഞാനെന്നൊരാൾ അരികെ ഉണ്ടെന്ന് സായി കാര്യമാക്കാതെ കഴിക്കുകയാണ്…

“”എനിക്ക് വേണ്ടന്നല്ലേ പറഞ്ഞത്… “”

അല്പം ദേഷ്യത്തോടെ പാത്രം മുന്നോട്ട് മെല്ലെ നീക്കിയതും അറിയാതെ ചോറും പാത്രവും ഒരു മുഴക്കത്തോടെ നിലത്തേക്ക് വീണ് ചിതറി…

സായിയുടെ മുഖം ദേഷ്യത്താൽ ചുവന്നതും അയാൾ ചാടി എഴുനേറ്റു…

അടുത്ത നിമിഷം ആ എച്ചിൽ പുരണ്ട കൈകളാൽ അയാളെന്റെ കവിളിലേക്ക് ആഞ്ഞടിച്ചു…

കവിളിൽ കൈകൾ ചേർത്തുവച്ച്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഞാൻ മുറിയിലേക്കോടുമ്പോൾ അയാൾക്ക് നേരെ അമ്മയുടെ ശകാരവർഷങ്ങൾ ഉയരുന്നത് ഞാനറിഞ്ഞു…

കിടക്കയിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ പുതു നാമ്പെടുത്ത എന്റെ പ്രണയവും പാതി വഴിയിൽ തളിർത്ത ആഗ്രഹങ്ങളുമെല്ലാം ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം പോലെ മറക്കാൻ ഞാനൊരു പാഴ് ശ്രമം നടത്തി…

ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണതും അയാളെന്നേ പൊതിഞ്ഞു പിടിച്ചതും എന്റെ കവിളിൽ ചുംബനങ്ങളാൽ മൂടിയതും നിശബ്ദമായി ക്ഷമ പറഞ്ഞതും ഞാനറിഞ്ഞില്ല…

മുറിക്കുള്ളിലെ ചവറ്റു കൊട്ടയിലേക്ക് അയാൾ കീറിഎറിഞ്ഞ ഡിവോഴ്സ് പേപ്പറുകളെക്കുറിച്ചും ഞാനറിഞ്ഞില്ല…

രാവിലെ ഉണരുമ്പോൾ ആ കരവലയത്തിനുള്ളിലാണെന്ന് ഞാനറിഞ്ഞതും ആ മുഖത്തേക്ക് അൽപനേരം ഞാൻ നോക്കിക്കിടന്നു…കൊതി തീരുന്നില്ലെനിക്ക്… എന്റെ പ്രാണന്റെ പാതിയാണെന്ന സത്യം ഹൃദയം എന്നോട് വീണ്ടും വീണ്ടും പറയുന്നു… നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി ഞാനെന്റെ അധരങ്ങൾ അവിടേക്ക് ചേർത്തുവച്ചപ്പോൾ എന്റെ കണ്ണുകൾ നിറണയുന്നത് ഞാനറിഞ്ഞു…

തിരികെ പോകാനുള്ള തയ്യാറെടുപ്പുകളോടെ ഞാനാ മുറിവിട്ടിറങ്ങുമ്പോൾ പിൻവിളി വിളിക്കാൻ മാത്രം യോഗ്യതയുള്ളവളാണ് ഞാനെന്ന് എനിക്ക് തോന്നിയില്ല…

ആരും കാണാതെ അന്നെനിക്കായി വാങ്ങിത്തന്ന കരിവളകൾ ഞാൻ ബാഗിലേക്ക് വച്ചു…

ഉണരും മുന്നേ പോകണം… യാത്ര പറയുമ്പോൾ “”നീ പോകല്ലേ “”എന്നെന്നോട് പറഞ്ഞില്ലെങ്കിൽ ഈ മണ്ണിലേക്ക് ഞാൻ മരിച്ചുവീണാലോ…

പ്രണയം…സ്നേഹം…ഇവയൊക്കെ രംഗബോധമില്ലാത്ത കടന്നുവരുന്നവയാണ്….

അമ്മയോടും എന്റെ അനുജന്മാരോടും ഒന്നും യാത്രപറഞ്ഞില്ല…അറിഞ്ഞാൽ വിടില്ല അവർ എന്നെ…ആ വലിയ വീടിനോടും മണ്ണിനോടും യാത്രപറഞ്ഞു ഞാനാ പടിയിറങ്ങുമ്പോൾ മനസ്സും ശൂന്യമായിരുന്നു….

അച്ഛനും അമ്മയും ചോദ്യങ്ങൾ കൊണ്ടെന്നെ വീർപ്പുമുട്ടിക്കുമ്പോൾ ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞുപോയി ഞാൻ…

എന്റെ മോൾക്ക് ഞാൻ തിരഞ്ഞെടുത്തത് തെറ്റിയോ എന്ന ചിന്തയോടെ അച്ഛൻ നിന്നപ്പോൾ തെറ്റുകളെല്ലാം എന്റെ ഭാഗത്തായിരുന്നു എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു…

ഒഴിഞ്ഞ സീമന്ത രേഖയിൽ അന്നാദ്യമായി ഞാൻ കൊതിയോടെ കുങ്കുമവർണ്ണം പടർത്തി..കറുത്ത കുപ്പിവളകൾ നിറച്ച കൈത്തണ്ടയിൽ അവയ്ക്കുമേലെ ഞാൻ മുത്തങ്ങൾ കൊണ്ട് മൂടി..ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലറിക്കരഞ്ഞു…

വെറും മണ്ണിൽ വലിച്ചെറിയുന്ന ചില വിത്തുകൾ വേനൽ മഴയിൽ നനഞ്ഞു വേര് കിളിർത്ത്‌ പടുവൃക്ഷങ്ങൾ ആകുന്നത് കണ്ടിട്ടില്ലേ .

പക്ഷേ ഞാൻ എറിയപ്പെട്ടത് അയാളുടെ ഹൃദയത്തിലേക്കായിരുന്നു…കാലങ്ങൾക്ക് ശേഷം പിഴുതു മാറ്റാൻ കഴിയാത്ത വിധം സ്നേഹവേരുകൾ അവിടേക്ക് വേരൂന്നിയത് ഞാനറിഞ്ഞില്ല..

ആ കിടപ്പിൽ ഞാൻ കിടന്നതും രാത്രിയുടെ യാമങ്ങളിലേക്ക് എത്തി നിന്നതുമൊന്നും ഞാനറിഞ്ഞില്ല…ഏതോ നമ്പറിൽ നിന്നും ഫോണിലേക്ക് വന്ന കാൾ എടുത്ത് ഞാൻ ചെവിയിലേക്ക് വച്ചതും മറുവശത്ത് കനത്ത നിശ്ശബ്ദത ആയിരുന്നു…

ആ ശ്വാസത്തിന്റെ നേർത്ത ശബ്ദം മതിയായിരുന്നു ആരാണെന്നറിയാൻ…. ഹൃദയം ഉച്ചത്തിൽ മിടിക്കുന്നു… ചോദ്യങ്ങളെല്ലാം നിശ്വാസങ്ങളിലേക്ക് ലയിച്ചു ചേർന്നു…

മറുവശത്തു കട്ട് ആയിട്ടും നിമിഷങ്ങളോളം ചെവിയിൽ ചേർത്തു വച്ചു…

സമയമേറെ പിന്നിട്ടു…മുറ്റത്തേക്ക് പാഞ്ഞിരച്ചു വന്ന കാർ ഒച്ചയോടെ നിൽക്കുന്നതും കാളിങ്ങ് ബെല്ലിന്റെ മുഴക്കവും ഞാനറിഞ്ഞു…

ആഗ്രഹിച്ചതെന്തോ അടുത്തേക്ക് വരുന്നപോലെ തോന്നിയെങ്കിലും ഒരു സ്വപ്നമാകുമിതെന്ന ചിന്തയോടെ കണ്ണുകൾ പൂട്ടി ഞാൻ കിടന്നു…പരിചിതമായ ആരോ മുറിക്കുള്ളിലേക്ക് കടന്നു വരുന്നതും ആ കൈകളിലേക്ക് എന്നെ കോരി എടുക്കുന്നതും ഞാനറിഞ്ഞു… അതെ…എന്റെ പ്രാണൻ…ആ ഗന്ധവും ചൂടും വീണ്ടും എന്നെ പൊതിയുന്നു…

അനങ്ങാതെ ആ നെഞ്ചിലേക്ക് ഞാൻ ചേർന്നു കിടന്നപ്പോൾ ഒരുവേള എന്റെ ഹൃദയം വിങ്ങിപ്പോയി…

മുകളിൽ നിന്നും എന്നെയും കോരി എടുത്ത് ആള് പടവുകൾ ഇറങ്ങുമ്പോൾ അന്തിച്ചു നിൽക്കുന്ന അച്ഛനോടും അമ്മയോടും…
“”ഞാൻ കൊണ്ടുപോകുവാ എന്റെ പെണ്ണിനെ.. “”
എന്ന് വിളിച്ചു പറയുന്നത് കേട്ട് ഞാൻ മെല്ലെ കണ്ണുകൾ തുറന്നു…

തിരികെ വീട്ടിലേക്ക് കയറുമ്പോൾ എന്റെ കൈത്തണ്ടയിൽ ആളുടെ കൈകൾ മുറുകിയിരുന്നു…

അമ്മയും ഉണ്ണിയും ചന്തുവും പരിഭവങ്ങൾ കൊണ്ടെന്നെ മൂടുമ്പോൾ എന്റെ കൈകളിൽ അണിഞ്ഞ കരിവളകളിലേക്കും നെറുകയിലെ സിന്ദൂരചുവപ്പിലേക്കും പതിയുന്ന ആളുടെ കണ്ണുകളെ നേരിടാനാകാതെ ജാള്യതയോടെ ഞാൻ മുറിയിലേക്ക് നടന്നു…

ചവറ്റുകൊട്ടയിൽ കീറിയിട്ട ഡിവോഴ്സ് പേപ്പർ കാൺകെ എന്റെ കണ്ണുകളെ വിശ്വസിക്കാനെനിക്കായില്ല…

ഇടയ്ക്കെപ്പോഴോ ആളെന്നെ പൊതിഞ്ഞു പിടിച്ചു എന്റെ മൂക്കിൽ തുമ്പിൽ ആ ചുണ്ടുകൾ ചേർത്തപ്പോൾ നാണയത്തിന്റെ ചുവന്ന പൂക്കൾ എന്റെ കവിളിൽ മൊട്ടിടുന്നത് കുസൃതി ചിരിയോടെ ആള് നോക്കി നിൽക്കുന്നത് ഞാനറിഞ്ഞു…

“”ഇനി പോകുവോ എന്നെ വിട്ടിട്ട്… ജീവിക്കണ്ടേ നമുക്ക്…നിന്റെ സ്വപ്നങ്ങൾ എന്റേം കൂടിയാ…അമേരിക്കയിൽ പോയി പഠിച്ചു വലിയ ഡോക്ടർ ഒക്കെ ആയിട്ട് വരണം…ഞാൻ കാത്തിരിക്കണോ വേണ്ടയോ എന്ന് നീ പറഞ്ഞാൽ മതി… “”

“”എന്റെ സ്വപ്നങ്ങളെല്ലാം ദേ ഈ നെഞ്ചിലാ…
അറിയാതെ എപ്പോഴാ സ്നേഹിച്ചു പോയി…
ഒന്നും വേണ്ട, ഈ സായിയും വീടും അമ്മയും എന്റെ അനിയന്മാരും…ഈ ഗ്രാമവും ഒന്നും അല്ലാതെ വേറൊന്നും എനിക്ക് വേണ്ട…””

മെല്ലെ ആ നെഞ്ചിലേക്ക് ഞാൻ തലചായ്ക്കുമ്പോൾ മോഹങ്ങളും സ്വപ്നങ്ങളും കൈപ്പിടിയിലാക്കിയ സന്തോഷമെന്നെ പൊതിയുന്നത് ഞാനറിഞ്ഞു…

നാട്ടിൽ തന്നെ ആഗ്രഹം പോലെ പഠിക്കണമെന്ന്..ശേഷം ഇവിടെ ഈ ഗ്രാമത്തിൽ തന്നെ ഒരു ചെറിയ ആശുപത്രി കെട്ടണമെന്ന്…ആളുടെ ആഗ്രഹങ്ങളെയും ഞാനെന്റെ നെഞ്ചിലേറ്റുമ്പോൾ എനിക്കായി തുറന്നില്ല ആ ഹൃദയത്തിന്റെ പടിവാതിലിലിലൂടെ ഞാൻ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു…

“”നിന്റെ മനസ്സറിയാനാ അന്ന് ഡിവോഴ്സ് പേപ്പർ സൈൻ ചെയ്യാൻ പറഞ്ഞത്… നീ ഒപ്പിട്ടപ്പോൾ ഒരിറ്റ് സ്നേഹം പോലും എന്നോടില്ലെന്ന് തോന്നിപ്പോയി…
ആ ദേഷ്യത്തിലാ അറിയാതെ അടിച്ചത്… നൊന്തോടീ..””

മെല്ലെ ആളെന്റെ കവിളിൽ മുകർന്നപ്പോൾ കപട ദേഷ്യത്തോടെ ഞാൻ മുഖം വീർപ്പിച്ചു…

“”അന്നെന്നെ ചുള്ളിക്കമ്പന്ന് വിളിച്ച് ഇഷ്ടമല്ലെന്ന് പറഞ്ഞതോ…””

“”ഇഷ്ടമില്ലാതെ നിന്നെ ഞാൻ കേട്ടുവോ പെണ്ണേ…കഴിഞ്ഞ ആറ് മാസം നിനക്ക് എന്നെയും ഈ വീടിനെയും അറിയാനും മനസ്സിലാക്കാനുമാ സമയം തന്നത്…എന്നുവച്ച് ഞാൻ താലി കെട്ടിയ എന്റെ പെണ്ണിനെ ഞാൻ സ്നേഹിച്ചിട്ടില്ല എന്ന് പറയരുത്… “”

കള്ളച്ചിരിയോടെ ആളെന്റെ കാതിൽ ഇക്കിളി കൂട്ടുമ്പോൾ പൊട്ടിചിരിയോടെ ആ കവിളിൽ ഞാൻ അമർത്തി ചുംബിച്ചു…

ഏതോ യാമങ്ങളിൽ ജനാലപ്പാളികളിലൂടെ ഒരു കുഞ്ഞു നക്ഷത്രം അസൂയയോടെ ഞങ്ങളുടെ സ്നേഹത്തെ ഒളിഞ്ഞുനോക്കി കണ്ണുചിമ്മുന്നുണ്ടായിരുന്നു…

💕ലില്ലി

LEAVE A REPLY

Please enter your comment!
Please enter your name here