Home Dr.Anuja Joseph പെങ്ങളെ ആങ്ങളയെ ഏല്പിച്ചു പോകാൻ അമ്മമാർ മടിക്കും ഇനി…

പെങ്ങളെ ആങ്ങളയെ ഏല്പിച്ചു പോകാൻ അമ്മമാർ മടിക്കും ഇനി…

0

രചന : Dr. Anuja Joseph

ഇവനൊക്കെ മനുഷ്യകുലത്തിൽ പിറന്നതാണോ അതോ മറ്റു വല്ല !എന്തൊക്കെ പറഞ്ഞാലും കുറഞ്ഞു പോകും രക്തബന്ധങ്ങൾ നിസ്സാരവൽക്കരിക്കപ്പെടുന്ന കാലത്തിലാണല്ലോ ജീവിതമെന്ന യാഥാർഥ്യം ഭീതി ജനിപ്പിക്കുന്നു.കാസർകോട് ,
ആൽബിൻബെന്നിയെന്ന യുവാവ് തന്റെ കുഞ്ഞിപ്പെങ്ങളെ ക്രൂരമായി ഇല്ലാണ്ടാക്കിയതോർക്കുമ്പോൾ മനസാക്ഷിയുള്ള ഏതൊരാളുടെയും ചങ്ക് പിടയ്ക്കും ഒരാങ്ങള ക്കു ഇത്രയ്ക്കും തരംതാണു പോകാൻ കഴിയുമോ ,ഒരു മകന് ഇത്രമേൽ അധംപതിക്കാനും .

ഇതാദ്യമല്ല ആൽബിനെ പോലുള്ളവരുടെ ചെയ്തികൾ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്,എന്നിരിക്കിലും ക്രൂരതകൾ മനസ്സിനെ അത്രമേൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് .
വർഷങ്ങൾക്കു മുൻപ്, ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മൂത്ത സഹോദരന്മാരുള്ള കൂട്ടുകാരികളോട് ലേശം കുശുമ്പു തോന്നിയിരുന്നുവെന്നതും സത്യം .കാരണം മറ്റൊന്നുമല്ല ചേട്ടച്ചാരുടെ കരുതലിനെയും സ്നേഹത്തെയും കുറിച്ച് ഓരോരുത്തരും വാചാലരാകുന്നതും ,സ്കൂളിലും ടൂഷൻ ക്ലാസ്സുകളിലും നേരം വൈകിയാൽ അനിയത്തികുട്ടിയെ കൂട്ടിയിട്ടു പോകാനായി വരുന്ന കരുതലിന്റെ മുഖമായിരുന്നു ,സ്നേഹത്തിന്റെ ഭാവമായിരുന്നു ചേട്ടച്ചാർക്കു.

ഒരിടത്തു ആൽബിനെപ്പോലുള്ളവർ ചെറ്റത്തരം കാണിക്കുമ്പോൾ ലോകത്തുള്ള മുഴുവൻ സഹോദരന്മാരും പെങ്ങളെ ദ്രോഹിക്കുന്നവരാണെന്ന അഭിപ്രായമില്ലെനിക്ക് .ജീവനു തുല്യം സ്നേഹിക്കുന്ന നിരവധി സഹോദര ബന്ധങ്ങൾ നിലനിൽക്കുന്ന ഈ നാട്ടിൽ,ആത്മാർത്ഥബന്ധങ്ങളെ പോലും സംശയത്തിന്റെ നിഴലിലാഴ്‌ത്തും ഇത്തരം നീച പ്രവൃത്തികൾ.

പെങ്ങളെ ആങ്ങളയെ ഏല്പിച്ചു പോകാൻ അമ്മമാർ മടിക്കും ഇനി.കാലമേല്പിക്കുന്ന പോറലുകൾ ബന്ധങ്ങളിൽ പോലും മങ്ങലേല്പിക്കുന്നു.
ആരോട് പറയാൻ,കേവലം സ്വഭാവവൈകല്യങ്ങൾ എന്നൊക്കെ പറഞ്ഞു ആശ്വസിക്കാമെങ്കിലും ഭീതിയൊഴിയുന്നില്ല.

മകനായാലും മകളായാലും അവരുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ തുടക്കം മുതലേ തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയണം .അടക്കയായാൽ മടിയിൽ വയ്ക്കാം അടക്കമരമായാലോ !
കുഞ്ഞിലേ ബാലശിക്ഷയിൽ വളർത്തണം ,ശെരിയെത് തെറ്റെതെന്നു തിരിച്ചറിവ് പകരണം മാതാപിതാക്കൾ.

മക്കളുടെ തെറ്റായ കൂട്ടുകെട്ടുകളിൽ നിന്നും അവരെ രക്ഷപെടുത്താൻ കഴിയാതെ, അവസാനം തങ്ങളെന്തു ചെയ്യുമെന്നറിയാത്ത നിസഹായവസ്ഥയാണ് പലർക്കും.ഒടുവിൽ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പലതിനും കാഴ്ചക്കാരാകേണ്ടി വരും.

Dr. Anuja Joseph
Assistant Professor
Trivandrum.

LEAVE A REPLY

Please enter your comment!
Please enter your name here