Home Latest മാളൂ നീ തന്നെയാണോ ഈ പറയുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

മാളൂ നീ തന്നെയാണോ ഈ പറയുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

0

ന്റ്റെ കണ്ണാ ഇന്നും കിടാവ് പാൽ മുഴുവൻ കുടിച്ചൂന്നാ തോന്നുന്നേ. ഗോപാലേട്ടനോട് ഞാൻ എന്താ പറയ്ക. ഇവിടുത്തെ കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ടാ ചായക്കടയിലേക്ക് ഇവിടുന്ന് പാൽ വാങ്ങാൻ അയാൾ തീരുമാനിച്ചത്.ഇനീപ്പോ..

അമ്മേ.. അമ്മേ

എന്താ മാളൂട്ടി?

രാവിലെ ആ കിടാവിനെ ഒന്ന് അഴിച്ച് മാറ്റിക്കെട്ടാൻ പറഞ്ഞതല്ലേ അമ്മേ ഞാൻ. പാൽ ഒരു തുള്ളി പോലും ഇല്ല .ആ ഗോപാലേട്ടനോട് എന്ത് സമാധനമാണ് ഞാൻ പറയുക.

സാരമില്ല മോളേ. ഇന്നൊരു ദിവസത്തെ കാര്യമല്ലേ. പറയുമ്പോൾ എല്ലാം പറയണ്ടേ അതിന്റെ അവകാശമല്ലേ അത് ചെയ്തുള്ളു. പെറ്റമ്മയുടെ പാൽ മക്കൾക്ക് ഉള്ളതല്ലേ മോളെ.

എല്ലാം ശരിയാണ്.പക്ഷേ നമ്മൾ അങ്ങനെ ചിന്തിച്ചാൽ അടുപ്പ് പുകയില്ല.അച്ഛൻ എണീറ്റില്ലേ അമ്മേ.

ഇല്ല. ഇന്നലെ കഴിച്ച മദ്യത്തിന്റെ ലഹരി മാറിയാൻ അല്ലേ ബോധം വരൂ. നീ പോവാൻ നോക്ക്.

ന്റെ കണ്ണാ.ചോറിപ്പോൾ പായസം ആയി കാണും.

ഏത് കണ്ണനെ ആണ് മാളൂട്ടി ഇപ്പോൾ വിളിച്ചത്?

ഒറിജിനലിനെ തന്നെയാ അമ്മേ.

അമ്മ ചോദിച്ചത് കണ്ണേട്ടന്റെ കാര്യമാണ്. ഞാൻ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിന്റെ അടുത്തുള്ള ഒരു ഫൈനാൻസിൽ ആണ് കണ്ണേട്ടന് ജോലി. എന്നെ കണ്ട് ഇഷ്ടമായപ്പോൾ വീട്ടിൽ വന്ന് അമ്മയോട് സംസാരിച്ച് വാക്ക് കൊടുത്തതാണ് എന്നെ വിവാഹം കഴിക്കാമെന്ന്. എന്റ്റെ കഷ്ടപ്പാടെക്കെ ഞാൻ തുറന്ന് പറഞ്ഞതിന് ശേഷമാണ് കണ്ണേട്ടൻ ഇങ്ങനൊരു തീരുമാനം എടുത്തത്.

കണ്ണേട്ടന്റെ ഓഫീസിലും ഞാൻ ജോലി ചെയ്യുന്നിടത്തും എല്ലാം ഞങ്ങളുടെ പ്രണയം അറിയാം. കണ്ണന്റെ പ്രിയ സഖി എന്നാണ് എല്ലാവരും എന്നെ വിളിക്കുന്നത്. അത്രക്ക് ആഴത്തിലായിരുന്നു ഞങ്ങളുടെ പ്രണയം.

തിരിച്ചറിവിന്റെ പ്രായം തൊട്ടേ ഞങ്ങൾ കഷ്ടപ്പാടിലാണ്. അച്ഛന്റെ അമിത മദ്യപാനം. അമ്മയെയും എന്നെയും പതിവായുള്ള ഉപദ്രവം. ദേഹോപദ്രവം കൊണ്ട് അമ്മക്ക് ഇപ്പോൾ തീരെ വയ്യാതായി. ശരീരവേദനയും ശ്വാസം മുട്ടലും തുടങ്ങി സകല അസുഖങ്ങളും ഉണ്ട്. എന്റ്റെ തുച്ഛമായ ശമ്പളം കൊണ്ടാണ് ഞങ്ങൾ മൂന്നാളും കഴിയുന്നത്.പട്ടിണി ഒരുപാട് സഹിച്ചിട്ടുണ്ട് എന്റെ അമ്മ. അന്നും എന്നെ ഓർത്ത് മാത്രമാണ് മരണം തിരഞ്ഞെടുക്കാതെ എല്ലാം സഹിച്ചത്. അന്നും ഇന്നും അച്ഛൻ കുടുബഭാരം അറിഞ്ഞിട്ടില്ല. അന്ന് സഹായിക്കാൻ അമ്മയുടെ വീട്ട്കാരെങ്കിലും ഉണ്ടായിരുന്നു. അവരും മടുത്തു. ഇനി ഞാനേ ഉള്ളൂ എല്ലാത്തിനും.

ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അനു വന്ന് പറഞ്ഞത് ആരോ കാണാൻ വന്നിരിക്കുന്നെന്ന്. ഞാനൊന്ന് ഭയന്നു. അമ്മക്ക് വയ്യായ്ക എന്തെങ്കിലും ആണോന്നുംവീട്ടിൽ എന്തെങ്കിലും വിഷയം ഉണ്ടായോന്നെക്കെ.

ചെന്ന് നോക്കിയപ്പോൾ പരിചയം ഇല്ലാത്തൊരു മുഖം.

ആരാ?

ഞാൻ കണ്ണന്റെ അമ്മയാണ്.

ഈശ്വരാ അമ്മയോ. ഞാൻ കണ്ടിട്ടില്ലല്ലോ അതാ മനസ്സിലാവാഞ്ഞത്.

ഞാൻ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അമ്മയെ സ്വീകരിച്ചത് എങ്കിലും അമ്മയിൽ ഒരു സന്തോഷവും കണ്ടില്ല.

മാളവികയോട് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.

അമ്മ പറഞ്ഞോളൂ.

എനിക്ക് മൂന്ന് മക്കളാണ്. മൂത്തവനാണ് കണ്ണൻ. അവന് താഴെ രണ്ട് പെൺകുട്ടികൾ ഉണ്ട്. അവന്റെ അച്ഛൻ മരിച്ചപ്പോൾ ആ കുട്ടികൾക്ക് അവൻ ഏട്ടനല്ല. അച്ഛന്റെ സ്ഥാനമാണ്. നിങ്ങളുടെ കാര്യം അവൻ ഇന്നലെ എന്നോട് പറഞ്ഞു. വിവാഹം കഴിക്കുമെങ്കിൽ നിന്നെ മാത്രം ആയിരിക്കുമെന്നും.മോളുടെ സാമ്പത്തികമോ തറവാടോ ഒന്നുമല്ല എന്റെ വിഷയം.കുടുബ പശ്ചാത്തലം. ഇത്തരത്തിൽ ഒരു കുടുംബത്തിൽ നിന്ന് അവൻ പെണ്ണ് കെട്ടിയാൽ നല്ലൊരു ആലോചന എന്റെ കുട്ട്യോൾക്കും കിട്ടില്ല. അമ്മ മോളുടെ കാലിൽ വീഴാം. അവനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം.

എന്താ അമ്മേ ഇത്. അമ്മ എനിക്ക് എന്റെ സ്വന്തം അമ്മയേ പോലെയാണ്. എന്റെ മുൻപിൽ അമ്മ കൈ കൂപ്പരുത്.ഞാൻ വാക്ക് തരുന്നു അമ്മയുടെ മോനേ അമ്മ ആഗ്രഹിക്കും പോലെ അമ്മക്ക് ഞാൻ മടക്കി നൽകും.

ന്റെ കണ്ണാ ഞാൻ ആഗ്രഹിച്ച് പോയി.വെറുതേ മോഹിപ്പിക്കാൻ ആയിരുന്നോ സ്നേഹം കാണിച്ച് കൊതിപ്പിച്ചത്.

വീട്ടിൽ എത്തി അമ്മയോട് എല്ലാം പറഞ്ഞ് ഒന്ന് കരഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത് കണ്ണേട്ടന്റെ അമ്മയുടെ ഭാഗത്താണ് ശരിയെന്ന്. എന്റെ അച്ഛന്റെ പ്രവൃത്തികൾക്ക് എന്നെ എന്തെക്കെ കൊടുക്കാന്ന് പറഞ്ഞാലും ആരും വിവാഹം ചെയ്യില്ല. പിന്നെയാണോ ഒന്നും ഇല്ലായ്മയിൽ ജീവിക്കുന്ന ഞാൻ സ്വപ്നം കാണുന്നത്.

പതിവായുള്ള എന്റെ അവഗണന സഹിക്കാനാവാതെ കണ്ണേട്ടൻ കാര്യം അറിയാൻ വീട്ടിലെത്തി.മുഴു പട്ടിണിയിലും കളവ് പറഞ്ഞ് ഒരാളുടെയും കാരുണ്യം കൈപ്പറ്റാൻ അമ്മ ശ്രമിച്ചിട്ടില്ല. എനിക്ക് വേണ്ടി അതും ചെയ്തു.

എന്താ അമ്മേ മാളുവിന് പറ്റിയത്. അവളെന്നെ വല്ലാതെ അവഗണിക്കുന്നു. എനിക്ക് മുഖം തരുന്നില്ല. ഒരു വാക്ക് മിണ്ടുന്നില്ല.

മോനേ അവളുടെ അച്ഛൻ അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്ത് കൊടുക്കാന്ന് വാക്ക് കൊടുത്തു. ഞങ്ങളുടെ കുടുംബത്തിൽ ഉള്ള പയ്യനാണ്. ഞങ്ങളെപ്പറ്റി എല്ലാം അവനറിയാം. അപ്പോൾ അതല്ലേ നല്ലത്. അവൻ അവളെ പൊന്നുപോലെ നോക്കും.ഈ കുടുംബവും.

അമ്മേ അവൾ എന്റെ ആയാലും ഇല്ലെങ്കിലും ഇതെന്റെ കുടുംബം പോലെയേ ഞാൻ കണ്ടിട്ടുള്ളു. അപ്പോൾ പിന്നെ എനിക്ക് നൽകി കൂടെ അവളെ .

ഇല്ല മോനേ. നടക്കില്ല. അവളും സമ്മതിച്ചു.

ഇത് മാളൂട്ടി പറയാതെ ഞാൻ വിശ്വസിക്കില്ല.

അമ്മ പറഞ്ഞതെക്കെ സത്യമാണ് കണ്ണേട്ടാ. എനിക്ക് മറ്റെന്തിനേക്കാളും വലുത് ഇവരെക്കെയാണ്.ഇവരുടെ വാക്കാണ്. കണ്ണേട്ടൻ പോ.എനിക്ക് കൂടുതലൊന്നും പറയാനില്ല.

മാളൂ നീ തന്നെയാണോ ഈ പറയുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

ഞാൻ തന്നെയാണ്. കണ്ണേട്ടൻ വിശ്വസിച്ചേ മതിയാകൂ. എനിക്ക് കൂടുതൽ ഒന്നും പറയാനില്ല. അച്ഛൻ വരാനായി.വേഗം പോയ്ക്കോ.

മാളൂട്ടി എന്ത് കാരണത്താൽ ആണ് നീ ഈ പറയുന്നത് എന്നെനിക്ക് അറിയില്ല. അതെന്തായാലും നാളെ നീ എന്റെ സ്നേഹം ഓർത്ത് ദുഖിക്കും.ഈശ്വരൻ എന്നൊരാൾ ഉണ്ടെങ്കിൽ. ശപിക്കില്ല ഞാൻ നിന്നെ. കാരണം എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ.

നെഞ്ച്പൊട്ടി കരഞ്ഞാ ഇറങ്ങിപ്പോയത് എന്റെ കണ്ണേട്ടൻ. ഈ മഹാപാപത്തിന് എന്ത് ശിക്ഷയാണ് ഭഗവാനേ എനിക്ക് കിട്ടുക. എല്ലാം ഞാൻ സഹിക്കും എന്റെ കണ്ണേട്ടന് ജീവിതത്തിൽ നൻമ്മകൾ മാത്രമേ നൽകാവുള്ളേ. ഞാൻ കരഞ്ഞോളാം ഒരായുസ്സ് മുഴുവൻ. എന്റെ കണ്ണേട്ടന്റെ കണ്ണ് നിറക്കല്ലേ.

അമ്മയുടെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരയുമ്പോഴും എനിക്ക് അറിയാമായിരുന്നു കണ്ണേട്ടനെ ഈ ജൻമ്മം എനിക്ക് മറക്കാനാകില്ലാന്ന്. ഇനി ഒരു ജീവിതം എനിക്കില്ലെന്ന്.

ഇപ്പോൾ ഞങ്ങൾ പരസ്പരം കാണാറില്ല. ഇത്രയധികം വെറുത്തോ കണ്ണേട്ടൻ എന്നെ. കാണാതിരിക്കട്ടെ. ചിലപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ ആവില്ല.

അനു പറഞ്ഞാണ് ഒരാഴ്ച മുൻപ് വിവരം ഞാനറിഞ്ഞത്. കണ്ണേട്ടന്റെ വിവാഹമാണെന്ന്. ആ ദിവസം ഞാനും പോയി ക്ഷേത്രത്തിൽ .ദൂരെ നിന്ന് കണ്ണേട്ടന്റെ പെണ്ണിനേയും കണ്ണേട്ടനേയും ഒരു നോക്ക് കാണാൻ .ക്ഷേത്രത്തിന്റെ പടികൾ ഇറങ്ങുന്ന അവരെ ആൽമരത്തിന് പിന്നിൽ മറഞ്ഞു നിന്ന് ഞാൻ കണ്ടു. കണ്ണേട്ടന്റെ മുഖത്ത് സന്തോഷം കാണുന്നില്ല. ആ പെൺകുട്ടി സന്തോഷവതിയാണ്. അവൾക്ക് സന്തോഷിക്കാം. കളങ്കമില്ലാത്ത സ്നേഹമാണ് കൈക്കുമ്പിളിൽ വന്ന് ചേർന്നിരിക്കുന്നത്.

ന്റെ കണ്ണാ ഇപ്പോ എന്താ ഒരു മഴ .തട കെട്ടി നിർത്തിയ എന്റെ കണ്ണീര് മഴയായി പെയ്യുകയാണോ?

അവരാകെ നനഞ്ഞു പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ.

അവളുടെ സീമന്തരേഖയിലെ സിന്ദൂരം നെറ്റിയിലേക്ക് ഒഴുകാൻ തുടങ്ങവേ കണ്ണേട്ടൻ നെറുകയിൽ കൈവെച്ചത് തടഞ്ഞു.

ഭാഗ്യമില്ലാതായി പോയല്ലോ കണ്ണാ എനിക്ക് ഈ സ്നേഹം അനുഭവിക്കാൻ .

അടുത്ത ജൻന്മം എങ്കിലും എന്റെ കണ്ണേട്ടൻ ചാർത്തി തരുന്ന സിന്ദൂരം എന്റെ നെറുകയിൽ തൊടുവാനുള്ള ഭാഗ്യം എനിക്ക് നൽകണേ കണ്ണാ..

രചന  ; ആയിഷ

LEAVE A REPLY

Please enter your comment!
Please enter your name here