Home Latest എന്നെ കുറിച്ച് നീ അറിഞ്ഞതൊന്നും പൂർണ്ണമല്ല അമ്മൂ…

എന്നെ കുറിച്ച് നീ അറിഞ്ഞതൊന്നും പൂർണ്ണമല്ല അമ്മൂ…

0

യുവാവ് അഭിസാരികക്കൊപ്പം ആത്മഹത്യ ചെയ്ത നിലയിൽ….

അമ്മൂ…. നീയിതൊന്നു നോക്കിയേ, നീട്ടി പിടിച്ച ഫോണുമായി നീതു മുറിയിലേക്കു കടന്നു വന്നു…

നിനക്കു വേറെ പണിയില്ലേ നീതൂ… ഇവനൊക്കെ ചാകണത് തന്നാ നല്ലത്…

അതല്ലെടി… നീയിതൊന്നു ശരിക്കു നോക്ക്. ഇത്… അന്ന് നീ കരണത്തടിച്ചു അയാളല്ലേ… ?
വിറയ്ക്കുന്ന കൈകളോട് ഞാൻ ഫോൺ വാങ്ങി….
ശരിയാണ് ഇത്…..

അന്നൊരു തെറ്റിദ്ധാരണയുടെ പുറത്താണ് അയാളുമായി പ്രശ്നമുണ്ടാക്കേണ്ടി വന്നത്.

ഇയാളിത്തരക്കാരനാരുന്നു അല്ലെ അമ്മൂ … ?
നീ കൊടുത്ത അടി കുറഞ്ഞു പോയെന്ന ഇപ്പോ എനിക്ക് തോന്നണത്…
അന്നയാൾ കൊണ്ട് പോയ ആ പെൺകുട്ടി….?

നീതു പറഞ്ഞതൊക്കെ ഞാൻ അവ്യക്തമായാണ് കേട്ടത്…

കടൽത്തീരത്തെ സ്ഥിരം സായാഹ്ന സവാരിക്കിടയിലാണ് അയാളെ ആദ്യമായി കാണുന്നത്.
ഒരു പെൺകുട്ടിയെ നിർബന്ധിച്ചു കാറിൽ കയറ്റാൻ ശ്രമിക്കുന്നു. ചോദ്യം ചെയ്യാൻ ചെന്ന ഞങ്ങൾക്ക് നേരെ അയാൾ കയർത്തു…. അയാൾ തന്റെ ആരുമല്ല എന്ന് ആ പെൺകുട്ടി പറയുക കൂടി ചെയ്തതോടെ തന്റെ കൈ അയാളുടെ കവിളിൽ ആഞ്ഞു പതിച്ചു…
അപ്പോഴത്തെ ആവേശത്തിൽ ചുറ്റും നിന്നവരുടെ ധൈര്യത്തിൽ ചെയ്തു പോയതാണ്..
ഇതിനിടയിൽ അയാൾ അവളുമായി കാറിൽ കയറി രക്ഷപെടുകയും ചെയ്തു.
അതിനിടക്ക് അവിടെ കൂടി നിന്നവരിൽ ആരോ പറയുന്നതു കേട്ടു അത് അയാളുടെ സഹോദരി ആണെന്നും ആ കുട്ടി മാനസിക രോഗിയാണെന്നും….

എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന എന്നെയും പിടിച്ചു വലിച്ചു നീതു ഹോസ്റ്റൽ റൂമിലെത്തി
കുറ്റബോധം കൊണ്ടാണെന്നു തോന്നുന്നു പിന്നീടുള്ള ദിവസങ്ങളിൽ അയാൾ മാത്രമായിരുന്നു മനസ്സിൽ…

അപ്രതീക്ഷിതമായി ഒരാഴ്ചക്ക് ശേഷം അയാളെ അമ്പലത്തിൽ വച്ചു കാണാനിടയായി
മാപ്പ് പറയാനായി മുന്നിൽ ചെന്ന് നിന്നപ്പോൾ അയാളൊന്നു പുഞ്ചിരിച്ചു…
നന്ദാ…. വേഗം വാ
ലേറ്റ് ആയി
അയാളുടെ സുഹൃത്ത് ആണെന്ന് തോന്നുന്നു വിളിച്ചത്.
തിരക്കുണ്ട് വീണ്ടും കാണാം എന്ന് പറഞ്ഞു എനിക്ക് നേരെ പുഞ്ചിരിച്ചു അയാൾ നടന്നകന്നു….

കാറിൽ കയറുന്നതിനു മുൻപ് അയാൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ച് കാട്ടി….
ഞാൻ ചെയ്ത തെറ്റ് ക്ഷമിച്ചു എന്നാ അർത്ഥത്തിൽ…. അകന്നു പോകുന്ന അയാളുടെ വണ്ടി നമ്പർ നോക്കി വച്ചു ഞാൻ …

ആരും അറിയാതെ…. അയാൾ പോലും അറിയാതെ… പിന്നീടു കുറച്ചു ദിവസം അയാൾക്ക്‌ പിന്നാലെ തന്നെയായിരുന്നു..

കുറ്റബോധം പ്രണയത്തിലേക്ക് വഴിമാറിയത് പോലെ, പിന്നീടങ്ങോട് സ്വപ്നങ്ങളിൽ പോലും നന്ദനായിരുന്നു…
മാനസിക നില തെറ്റിയ സഹോദരിയെ മകളെ പോലെ പരിചരിക്കുന്ന നന്ദൻ എന്റെ ആരാധനാ പാത്രമായി മാറി…

ഇതിനിടയിൽ ഒരു ദിവസം അമ്പലത്തിൽ തൊഴുതു മടങ്ങവേ,
അമ്മൂ …. വിളികേട്ടു തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ നന്ദൻ…

എന്തു പറയണം എന്നറിയാതെ ഞാൻ വിക്കി… എന്റെ പേരെങ്ങനെ….. ?
അറിയാം…
അമ്മു എന്നെ തിരക്കി പല സ്ഥലങ്ങളിലും ചെന്നത് ഞാനറിഞ്ഞു.
തന്നോട് ഒരു കാര്യം പറയാനാണ് ഞാനിവിടെ കാത്തു നിന്നത്.
അല്ലെങ്കിൽ ഇവിടെ വച്ചു വേണ്ട.
താൻ ഫ്രീ ആണെങ്കിൽ നാളെ കാണാം
ആദ്യം കണ്ടു മുട്ടിയ അതേ സ്ഥലത്ത്.
ബീച്ചിൽ….
വാക്കുകൾ പുറത്തേക്കു വരാത്തതിനാൽ ഞാൻ തല കുലുക്കി സമ്മതിച്ചു.
പുഞ്ചിരിച്ചു കൊണ്ട് നന്ദൻ പിന്തിരിഞ്ഞു നടന്നു…

നന്ദൻ പറയാൻ വന്നത് എന്നെ ഇഷ്ടമാണെന്നാണ്…
അവന്റെ മുഖത്ത് നിന്നു ഞാനത് വായിച്ചറിഞ്ഞു
എങ്കിലും നാളെ അവനെ കാണും വരെ…
സമയം കടന്നു പോവാത്തതു പോലെ…
നാളെ നന്ദനെ കണ്ടിട്ടു വേണം നീതുവിനോട് ഇതേപ്പറ്റി സംസാരിക്കാൻ ചങ്കായ അവളെ അറിയിക്കാതെയാണ് ഇത്ര വരെ എത്തിച്ചത്.

പിറ്റേന്ന് നന്ദൻ വരാമെന്നു പറഞ്ഞതിലും അരമണിക്കൂർ മുന്നേ ബീച്ചിലെത്തി.
കരയേ പുൽകുന്ന തിരകൾക്കും…. അസ്തമയ സൂര്യനുമെല്ലാം പതിവിലും ഭംഗി…
ഈ പ്രണയം ഒരു സംഭവം തന്നാട്ടോ…
ഞാൻ സ്വയം ചിരിച്ചു…

അമ്മൂ… അതാ പുറകിൽ നന്ദൻ…

എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് ….
നീയെന്റെ പിന്നാലെ എന്നെ തേടി വന്നപ്പോൾ നീയറിയാതെ നിന്നെ ഞാൻ അറിയുന്നുണ്ടായിരുന്നു….

എന്റെ ആദ്യ പ്രണയം ജയിച്ചിരിക്കുന്നു
സന്തോഷം കൊണ്ട് കണ്ണ് കാണാത്ത അവസ്ഥ…
എന്തു പറയണം എന്നറിയാതെ കടലിനു അഭിമുഖമായി നിന്നു ഞാൻ…

അമ്മൂ … എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷെ…
ഞാൻ ഞെട്ടലോടെ നന്ദനെ നോക്കി.
എന്നെ കുറിച്ച് നീ അറിഞ്ഞതൊന്നും പൂർണ്ണമല്ല അമ്മൂ…

മാനസിക നില തെറ്റിയ ഒരു സഹോദരി മാത്രമല്ല എനിക്കുള്ളത്
ഒരു അമ്മ കൂടി ഉണ്ട്… അഭിസാരികയായ ഒരു അമ്മ..

എന്ത് നിവർത്തികേടിന്റെ പേരിലാണെങ്കിലും ആ തൊഴിലിൽ ഏർപ്പെട്ട ഒരു സ്ത്രീയെ നമ്മുടെ സമൂഹം ഒരിക്കലും ന്യായീകരിക്കില്ല അമ്മൂ..

എത്രയൊക്കെ നന്നായി ജീവിച്ചാലും പിന്നീട് ആ പേര് മായില്ല…
അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ ഞങ്ങളിന്നും അനാഥരെന്ന പേരിൽ ജീവിക്കുന്നു .
സമൂഹം അഭിസാരികയെന്നു അധിക്ഷേപിക്കുന്ന ആ സ്ത്രീ എന്റെ സ്വന്തം അമ്മയാണെന്ന് എനിക്കു ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയണമെന്നുണ്ട് .
നന്ദന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടാരുന്നു …
ഒപ്പം എന്റെയും ..

അമ്മു ഇതിനിടയിൽ നീയും നിന്റെ സ്നേഹവും അതെന്നും എനിക്ക് ബാധ്യതയാകും
അതിനാൽ ഇനി ഒരിക്കലും നീ എന്നെ തേടി വരരുത് …
ഇത്രയും പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ നന്ദൻ വിറക്കുന്നുണ്ടായിരുന്നു …

ഉള്ളിലെ വിങ്ങലുകൾ പെയ്തു തോരാൻ ദിവസങ്ങൾ വേണ്ടി വന്നു …
പിന്നീടെപ്പോഴോ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ സുഖമുള്ള ഒരു വേദന മാത്രമായി നന്ദൻ മാറി …

മറ്റേതോ ലോകത്തെന്നപോലെ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ഇരിക്കുന്ന എന്നെ കണ്ട് അത്ഭുതപ്പെട്ടിട്ടാവണം നീതു എന്നെ കുലുക്കി വിളിച്ചു .

നീതൂ ….. ഇത് നന്ദൻ ….. നന്ദന്റെ സ്വന്തം അമ്മ……

******

Written By : അതിഥി അമ്മു

 

LEAVE A REPLY

Please enter your comment!
Please enter your name here