Home Latest ആ പാവം പെണ്ണിന്റെ ജീവിതം തകർത്താൽ പടച്ചോൻ പോലും നീന്നോട് പൊറുക്കൂല…

ആ പാവം പെണ്ണിന്റെ ജീവിതം തകർത്താൽ പടച്ചോൻ പോലും നീന്നോട് പൊറുക്കൂല…

0

പടച്ചോൻ ചേർത്തത്

എന്താ മനാഫേ നീ ഈ പറയുന്നത്.
കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഒരു മാസം തികച്ചായിട്ടില്ല അതിനുമുന്നെ ഡിവോഴ്സ് ചെയ്യണം എന്നൊക്കെ പറഞ്ഞാൽ. അതിനുമാത്രം എന്താ ഉണ്ടായേ.
നോക്ക് കുടുബജീവിതം എന്നുപറഞ്ഞാൽ കുട്ടിക്കളിയല്ല പറഞ്ഞേക്കാം. ആ പാവം പെണ്ണിന്റെ ജീവിതം തകർത്താൽ പടച്ചോൻ പോലും നീന്നോട് പൊറുക്കൂല..

അറിയാം ഷാഫിക്കാ. പക്ഷെ.
നിങ്ങളെല്ലാവരും വിചാരിക്കുന്നത് പോലെയുള്ളൊരു ജീവിതമല്ല ഞങ്ങൾ തമ്മിലുള്ളത്..
ശരിയാണ് അവളെ ഞാൻതന്നെ തിരഞ്ഞെടുത്തതാണ്, ഉമ്മാക്കും ഉപ്പാക്കും അവൾ സ്വന്തം മകള് തന്നെയാണ്, എന്റെ വീടും ആ ചുറ്റുപാടും ചുരുക്കം ദിവസ്സങ്ങൾക്കൊണ്ട് അവൾ പൊരുത്തപ്പെട്ടിട്ടുണ്ട്..
പക്ഷെ രാവിലെ ഞാൻ കാണുന്ന ആ ഷാഹിനയല്ല രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം കിടക്കുന്നത്. കല്യാണം കഴിഞ്ഞു മാസം ഒന്നാവറായിട്ടും ഞാൻ ഇതുവരെ അവളെയൊന്ന് തൊട്ടിട്ടില്ല അറിയോ നിങ്ങക്ക്. ഒരുകട്ടിലിന്റെ രണ്ടുതലക്കൽ അന്യരെ പോലെ..
മടുത്തു ഷാഫിക്ക എനിക്ക്. ഇങ്ങനെയൊന്നുമായിരുന്നില്ല ഞാൻ കൊതിച്ച ജീവിതം..

എടാ പൊട്ടൻ മനാഫെ അവൾക്ക് പതിനെട്ടു വയസ്സല്ലേ ആയുള്ളൂ. അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തോട് പൊരുത്തപ്പെടാൻ ചിലപ്പോൾ പെട്ടെന്ന് സാധിച്ചെന്നുവരില്ല. പതുക്കെ എല്ലാം ശരിയാവും.. നീ വെറുതെ ഇരിക്കുന്നതിന് മുന്നേ കാൽ നീട്ടണ്ട.. ചന്തീം കുത്തി വീഴും

ഇല്ല ഷാഫിക്ക. അവളൊരിക്കലും എന്നെ ഇതുവരെ ഒരു ഭർത്താവായി കണ്ടിട്ടില്ല, എന്നോടൊന്ന് മിണ്ടിയിട്ടില്ല ചിരിക്കകൂടെ ചെയ്തിട്ടില്ല.
എന്നാലും എനിക്കവളെ ഇഷ്ടാണ്, ഒത്തിരി ഇഷ്ടാണ്. പക്ഷെ ആ ഇഷ്ടം എനിക്കുമാത്രം തോന്നിയിട്ടെന്താ..

അല്ലേൽ ചിലപ്പോൾ എന്നെ അവൾക്ക് പറ്റിണ്ടാവില്ല, ഈ കല്യാണത്തിനും ഇഷ്ടണ്ടാവില്ല.. ഇതിൽ നിന്നുമുള്ള ഒരു മോചനത്തിന് വേണ്ടിയുള്ള അവളുടെ കാട്ടിക്കൂട്ടലുകളാണെങ്കിലോ ചിലപ്പോ ഇതെല്ലം..

വേണ്ട ഷാഫിക്ക, എന്റെ കണ്മുന്നിൽ അവൾ ഇങ്ങനെ നരകിച്ചുകഴിയുന്നത് എനിക്ക് സഹിക്കില്ല. ഞാനവളുടെ കഴുത്തിലണിഞ്ഞ മഹർ അവൾ മോഹിച്ച ജീവിതത്തിനുമേലുള്ള ഊരാക്കുടുക്കാണ്. ഞാനായിട്ടുതന്നെ അതഴിച്ചുകൊടുക്കുന്നതല്ലേ നല്ലത്.. ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിച്ചു അവൾ സന്തോഷിക്കട്ടെ..
അത്രയും മതി എനിക്ക്.. നിറഞ്ഞുവന്ന കണ്ണ് ഷാഫിക്ക കാണാതെ ഞാൻ തുടച്ചു.

അയ്യേ.. എന്താടാ നീ കരയാണോ.
നീ പറഞ്ഞപോലെയൊന്നും ഉണ്ടാവില്ലെടാ. നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട. എന്തായാലും അവളെ കണ്ട് ഞാനൊന്ന് സംസാരിക്കട്ടെ.. അല്ലേൽ വേണ്ട. കല്യാണം കഴിഞ്ഞിട്ട് നിങ്ങളെ ഞാൻ വീട്ടിലേക്ക് സൽക്കരിച്ചിട്ടില്ലല്ലോ. ഏതായാലും വരുന്ന ഞായറാഴ്ച നീ അവളെയും കൂട്ടി വീട്ടിലേക്ക് വാ. അതാവുമ്പോൾ എന്റെ ബീവിയും ഉണ്ടാവുമല്ലോ. ചിലപ്പോൾ എന്നോടവൾക്ക് മനസുതുറന്നു സംസാരിക്കാൻ കഴിഞ്ഞെന്നു വരില്ല. പെണ്ണുങ്ങൾ തമ്മിലാകുമ്പോൾ എല്ലാം പറഞ്ഞോളും..
പിന്നെ ഈ കാര്യം ഇനി വേറെ ആരെയും അറിയിക്കണ്ട. കേട്ടല്ലോ.
ഉം. ഞങ്ങൾ വരാം.

ഷാഫിക്കയുടെ വീട്ടിലെ ടേബിളിൽ ഒരുക്കിവെച്ച വിഭവസമൃദ്ധമായ ഭക്ഷണമൊന്നും എനിക്കിറങ്ങുന്നില്ല.
മനസ്സ് നിറയെ ഷാഹിനയുടെ മനസ്സിലുള്ളതെന്താവും എന്നറിയാനുള്ള തിടുക്കമാണ്. ഞാൻ കരുതിയപോലെയാണെങ്കിൽ..
അവളെ പിരിയുന്നതോർക്കുമ്പോൾ ഹൃദയത്തിലേക്ക് തീമഴ പെയ്യുമ്പോലെ.
തല ഉയർത്തി പതിയെ ഷാഹിനയെ നോക്കി. അവൾ തലതാഴ്ത്തിയിരുന്നു ഭക്ഷണം കഴിക്കുന്നു. കളിയാക്കലുകളും പൊട്ടിച്ചിരികളും ഉയരേണ്ട ഈ ടേബിളിനു ചുറ്റുമിപ്പോൾ എന്തോ, ഒരുതരം ഭയപ്പെടുത്തുന്ന നിശബ്ദത.

കഴിച്ചെന്നു വരുത്തി ഞാൻ എഴുനേറ്റു. കൈകഴുകി ഉമ്മറത്തുചെന്നിരുന്നു.
പുറത്തു നല്ല കാറ്റുവീശുന്നു. എന്റെ മനസ്സ് പോലെത്തന്നെ മാനം മൂടിക്കെട്ടിയിട്ടുണ്ട്. ഒരു മഴക്കുള്ള കോളുണ്ടെന്ന് തോന്നുന്നു.

ഡാ നീ എന്താ ഒന്നും കഴിക്കാഞ്ഞേ.. ഉണ്ടാക്കിയത് അത്രയും ബാക്കിയാണല്ലോ..
പരിഭവം പറഞ്ഞോണ്ട് ഷാഫിക്ക എന്റെ അടുത്ത് വന്നിരുന്നു.
എന്താടാ എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആകുന്നത്. ഒന്നില്ലേലും ഒരു പാവം കുടുംബത്തിലെ ഒരു പെണ്ണിന് ജീവിതം കൊടുക്കാൻ തോന്നിയില്ലേ നിനക്ക്. ആ നിന്നെ പടച്ചോൻ കൈവിടൂല.
ബീവിയോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അവളത് ആ മട്ടത്തിൽ കൈകാര്യം ചെയ്‌തോളും. ഇയ്യ്‌ വെറുതെ ഓരോന്ന് ചിന്തിച്ചു പ്രഷർ കൂട്ടണ്ട.

ഷാഫിക്കയുടെ വാക്കുകൾ എന്നെ തെല്ലൊന്ന് ആശ്വസിപ്പിച്ചുണ്ട്.
എല്ലാം പടച്ചോനിലേക്ക് അർപ്പിച്ചു പിറകിലേ ചുമരിലേക്ക് ചാഞ്ഞു കണ്ണടച്ചിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ ഷാഫിക്കയുടെ ബീവി പുറത്തേക്കു വന്നു പിന്നിലായി ഷാഹിനയും. അവളുടെ കണ്ണ് നന്നായി ചുവന്നിട്ടുണ്ട്. കരഞ്ഞിട്ടുണ്ടെന്ന് കണ്ടാലറിയാം. എന്താ സംഭവിച്ചത് എന്നറിയാൻ മനസ്സ് വെമ്പുന്നുണ്ട്. പക്ഷെ ചോദിക്കാൻ ധൈര്യം കിട്ടുന്നില്ല.

മനാഫെ. ഇയ്യോന്ന് അകത്തേക്ക് വാ.. ഇക്കയും വെരി. ഇത്തയുടെ വിളി കേട്ട
എന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലാവാൻ തുടങ്ങി, ഷാഫിക്കയുടെ കൂടെ അകത്തേക്ക് പോകുമ്പോൾ ഞാൻ ഷാഹിനയെ ഒന്ന് നോക്കി. അവളിപ്പോഴും തലതാഴ്ത്തിത്തന്നെ നിൽക്കുന്നു.

നാലുചുവരുള്ള ആ റൂമിലെ വിരിച്ചിട്ട ബെഡിൽ ഞാനിരുന്നു, അടുത്തായി ഷാഫിക്കയും.

നോക്ക് മനാഫെ കാര്യം കുറച്ചു കോംപിക്കേറ്റഡ് ആണ്.
ഇത് കേട്ടതും എന്റെ ചങ്കിലൂടെ ഒരു ഒരു കൊള്ളിയാൻ മിന്നി,
പക്ഷെ പേടിക്കാനില്ലതാനും.
നീയൊന്ന് തെളിച്ചു പറഡീ. ഷാഫിക്കക്കും അറിയാനുള്ള തിടുക്കം കൂടി.

അതായത് ഷാഹിനയുടെ ചെറുപ്പത്തിൽ അവൾ നേരിട്ട ഒരു സംഭവം ഇപ്പോഴും അവളെ വേട്ടയാടുന്നുണ്ട്.
അതും സ്വന്തം ഭർത്താവിന്റെ രൂപത്തിൽ.
ഒന്നും മനസ്സിലാവാതെ ഞാൻ ഷാഫിക്കനേയും ഇത്തയേയും മാറിമാറി നോക്കി.
നീ ഇവനെ വെറുതെ ബേജാറാക്കാതെ കാര്യമെന്താണെന്ന് പറ വേഗം.

ഉം. പറയാം
അവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം.
ഒരിക്കൽ ക്ലാസ്സ് കഴിഞ്ഞുവരുമ്പോൾ വഴിയരികിൽ ആരുമില്ലാത്തൊരു സ്ഥലത്തുവെച് രണ്ടുബലിഷ്‌ഠമായ കൈ അവളെ പിന്നിൽ നിന്നും കയറിപ്പിടിച്ചു. ഞെട്ടിത്തരിച്ചു അവൾ കുതറിയോടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. പക്ഷെ എങ്ങുനിന്നോ ഒരു ദൈവദൂനനെപ്പോലെ ഒരാൾ വരുന്നത് കണ്ടപ്പോൾ അയാൾ ഇവളെ വിട്ട് ദൂരേക്ക് ഓടി രക്ഷപ്പെട്ടു. ആ സംഭവത്തിനുശേഷം ചെറിയ ഒരു പേടി അവളെ പിടികൂടിയിരുന്നു. പക്ഷെ കാലക്രമേണ അവളിൽ നിന്നും ആ ഭയം നീങ്ങി.

പിന്നീട് അത്തരത്തിലുള്ള ഒരു സംഭവം കൂടെ ഉണ്ടായി അവളുടെ ജീവിതത്തിൽ. ഇത്ത ഒന്ന് നിർത്തി എന്നെ നോക്കി.
അത് നടക്കുന്നത് നിങ്ങടെ ആദ്യരാത്രിയിലാണ്.. അന്ന് നീ പെട്ടന്ന് അവളെ ചേർത്തുപിടിച്ചപ്പോൾ ചെറുപ്പത്തിലുണ്ടായ ആ അനുഭവത്തിലേക്ക് വീണ്ടും അവളുടെ മനസ്സ് പോവുകയായിരുന്നു. അതുകൊണ്ടാണ് അവൾ പേടിച്ചു കരഞ്ഞതും നിന്നെ തള്ളിമാറ്റിയതും ഒരു മൂലക്ക് പോയി ഒരു പൂച്ചക്കുഞ്ഞിനെ പോലെ വിറച്ചിരുന്നതും. പക്ഷെ സ്വബോധത്തിലെത്തിയപ്പോഴേക്കും അവൾക്ക് കുറ്റബോധം തോന്നിത്തുടങ്ങി, പിന്നീട് എങ്ങനെയെങ്കിലും നിന്റെ മനസ്സിലേക്ക് കയറിപ്പറ്റാനുള്ള തന്ത്രപ്പാടിലായിരുന്നു അവൾ. അതിനുവേണ്ടി ആ വീടിനോടും പരിസരത്തിനോടും അവൾ പെട്ടന്ന് പൊരുത്തപ്പെട്ടു. നിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിച്ചു,

പക്ഷെ പിന്നീട് അവളെ സമീപിക്കാൻ നിന്റെ മനസ്സനുവദിച്ചില്ല. നീ അവളോട് സംസാരിച്ചില്ല തമ്മിൽ നോക്കുന്നുപോലുമില്ല. അതെല്ലാം അവൾക്ക് ഇഷ്ടപ്പെട്ടില്ലല്ലോ എന്നോർത്താണ് അല്ലെ. എന്നാൽ അതെല്ലാം അവൾ ഒത്തിരി കൊതിച്ചിരുന്നു, അവളെ നീ ഒഴിവാക്കാൻ പോവുകയാണെന്നറിഞ്ഞപ്പോഴാണ് അവൾ കരഞ്ഞുപോയത്. തേങ്ങി തേങ്ങി കരഞ്ഞു.
പരസ്പ്പരം ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശനം ഇന്ന് വിവാഹ മോചനത്തിൽ വരെ എത്തി നിൽക്കുന്നു. അതും പരസ്പ്പരം ജീവനുതുല്യം സ്നേഹിക്കുന്ന രണ്ടുപേർ. ഇത്ത ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

എടാ മണ്ണുണ്ണി കഴിഞ്ഞതെല്ലാം മറന്ന് അവളെ നീയൊന്ന് സ്നേഹിക്ക്,, അല്ല നിന്റെ ഉള്ളിലുള്ള സ്നേഹം പുറത്തുകാണിക്ക് അപ്പൊ കാണാം അവൾ നിന്നെ എത്രമാത്രം തിരുച്ചു സ്നേഹിക്കുമെന്ന്. അല്ലാണ്ട് തലാഖന്നും പറഞ്ഞു ജീവിതം പാഴാക്കല്ല.

എല്ലം കേട്ടുകഴിഞ്ഞപ്പോൾ അതിരില്ലാത്ത ആഹ്ലാദമായിരുന്നു മനസ്സിൽ. ഇതുവരെ മൂടിക്കെട്ടിയ കാർമേഘം ഇപ്പോൾ പെയ്തൊഴിഞ്ഞിരിക്കുന്നു.

അവളെന്റെ സ്നേഹം കൊതിക്കുന്നുണ്ടെന്നുകൂടെ അറിഞ്ഞപ്പോൾ ആഹ്ലാദത്തിന്റെ ഒന്നൂടെ ശക്തികൂടി. അടുത്തിരിക്കുന്ന ഷാഫിക്കയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.
എത്രയും വേഗം അവളെ കാണാൻ ഞാൻ പുറത്തേക്കോടി.
ഉമ്മറത്തിരുന്ന് പുറത്തേക്ക് കണ്ണുനട്ടിരിക്കുന്ന അവളെ കണ്ടതും എനിക്കെന്തോ ഒന്നും പറയാനോ ചെയ്യാനോ കഴിയാതെ അവളുടെ അടുത്തങ്ങനെ നിൽക്കാനേ കഴിഞ്ഞൊള്ളു, അൽപനേരം അവളുടെ അടുത്തങ്ങനെ മിണ്ടാതെ നിന്നു.
പെട്ടെന്നൊരു ഇടിവെട്ടിയതും അവളെന്റെ കയ്യിൽ മുറുകെ പിടിച്ചതും ഒരുമിച്ചായിരുന്നു, പെടുന്നനെ അവൾ കൈവിട്ടു, അടുത്ത ഇടിയിൽ പേടിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേക്ക്‌ചാഞ്ഞതും ഞാനവളെ ചേർത്തുപിടിച്ചു. എല്ലാം കണ്ട് പിന്നിൽ ചിരിച്ചിരിക്കുന്ന ഷാഫിക്കയെയും ഇത്തയെയും കണ്ടപ്പോൾ ഷാഹിനയുടെ മുഖത്ത് നാണം വിരിഞ്ഞിരുന്നു,

അതേയ് നല്ല മഴ വരുന്നുണ്ട്. അതും നനഞു വേഗം വീട്ടിലേക്ക് വിട്ടോളി. എന്നിട്ട് ഒരുമിച്ചു പനിച്ചു, ആ പനിക്കുളിരിൽ പുതച്ചു കിടക്കി. ഇനി ഞങ്ങളെ ബുദ്ധിമുട്ടിക്കരുത് കേട്ടല്ലോ. എന്നുപറഞ്ഞു അവർ പൊട്ടിച്ചിരിക്കുമ്പോൾ ഷാഹിന ഒന്നൂടെ എന്റെ നെഞ്ചിലേക്ക് ചായുന്നുണ്ടായിരുന്നു.

*****

Written Unais Bin Basheer

 

LEAVE A REPLY

Please enter your comment!
Please enter your name here