Home Latest നാട്ടിൽ മുഴുവൻ ഇപ്പൊ ഗൗരിയെക്കുറിച്ചാ സംസാരം…

നാട്ടിൽ മുഴുവൻ ഇപ്പൊ ഗൗരിയെക്കുറിച്ചാ സംസാരം…

0

അപവാദം

“ഗൗരീ ഞാനിറങ്ങാ…..”

പതിവുപോലെ ഇന്നും ചോറ്റുപാത്രം മറന്നു…. അവൾ ഓടി വന്നു…. “നിക്ക് വേണുവേട്ടാ….. ഇതു കൂടി കൊണ്ട് പോ…”
അവളുടെ ഓടിയുള്ള ആ വരവ് കാണാൻ എനിക്കൊരുപാടിഷ്ടാ…..

ചോറ്റ് പാത്രം വാങ്ങി അവളുടെ ഇടം കൈ പിടിച്ചൊന്ന് വലിച്ച് ഞാൻ കളിയായ് ചോദിച്ചു………” അല്ലെങ്കിൽ ഇന്ന് ലീവെടുത്താലോ..??????……”

നാണം കൊണ്ടവൾ കൈവിടീച്ച് പറഞ്ഞു… ” ഒന്ന് പോ വേണുവേട്ടാ…… ഇനി നേരം വൈകീന്നും പറഞ്ഞ് വണ്ടി സ്പീഡിൽ ഓടിക്കാൻ നിക്കരുത് ട്ടോ….. മതി കൊഞ്ചീത്…. ചെല്ല്….”

അവളെന്നെ സ്നേഹിക്കുന്നത് കാണുമ്പോ കൂട്ടുക്കാർക്കും നാട്ടുക്കാർക്കും അസൂയയായിരുന്നു…….

ഉച്ചക്കൊരു ചായക്കുടിക്കാൻ ഞാൻ ചായക്കടയിൽ കയറി….. പരിചിതരുടെ മുഖത്തെല്ലാം ഒരു മ്ലാനത..ചുണ്ടിൽ വിഷം നിറഞ്ഞ പരിഹാസചിരി… ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയോട് കാണിക്കുന്ന പുച്ഛമായിരുന്നു അവരുടെ കണ്ണിൽ…..

കാര്യമറിയാതെ ഞാൻ മേശ പുറത്തിരുന്ന പത്രമെടുത്ത് മറിച്ചു…. ” രാമേട്ടാ.. ഒരു ചായ “…… ചായക്കൊപ്പം രാമേട്ടൻ തരാരുള്ള പുഞ്ചിരി ഇന്നാ മുഖത്തില്ലായിരുന്നു…..

ചായ കുടിച്ചോണ്ട് പത്രത്തിൽ കണ്ണോടിക്കുമ്പോഴാണ് പരദൂഷണക്കാരൻ ഔസേപ്പിന്റെ ആ ചോദ്യം…” വേണൂ…. നിന്റെ ഭാര്യക്ക് സുഖം തന്നെയല്ലെ… “.. ആ വാക്കിലെ മുള്ളിന്റെ മുന എന്നെ സ്പർശിച്ചു..

ചായ മുഴുവൻ കുടിക്കാൻ സമ്മതിക്കാതെ ഹരിയെന്നെ എഴുന്നേൽപ്പിച്ച് കൊണ്ട് പോയി… അവന്റെ മുഖത്ത് എന്തോ അസ്വസ്ഥത ഞാൻ വായിച്ചെടുത്തു..

“വേണൂ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്… അതെങ്ങനെയാ പറയേണ്ടതെന്ന് അറിയില്ല…. പറയാതിരിക്കാനും എനിക്ക് വയ്യ… നീ തളരരുത്….. സത്യാവസ്ഥ അറിയാതെ വീട്ടിൽ വഴക്കുണ്ടാക്കരുത്….. “….

അവന്റെ മുഖവര കണ്ടപ്പോൾ ഞാനും പതറി….” വഴക്കോ.???? എന്തിന്????? നീ മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറ…”

അവൻ നിരാശയോടെ പറഞ്ഞു തുടങ്ങി… ” വേണൂ… ഇന്നലെ നീ ഓഫീസിൽ പോയി കഴിഞ്ഞ് ആരോ നിന്റെ വീട്ടിൽ വന്നിരുന്നു. വീട്ടിൽ നിന്ന് എന്തോ കൊഞ്ചലും കുഴയലും കേട്ടൂന്ന് നിന്റെ അടുത്ത വീട്ടിലെ നാണിവല്ല്യമ്മ പറഞ്ഞു. ആളാരാണെന്ന് കണ്ടില്ലെന്നാണ് പറഞ്ഞത്.. അതെന്തായാലും നീയല്ല എന്നുറപ്പാണ്… കാരണം ഇന്നലെ രാവിലെ നീ യൂണിഫോമിട്ട് ഓഫീസിലേക്ക് ഇറങ്ങുന്നത് കണ്ടവരുണ്ട്.. നാട്ടിൽ മുഴുവൻ ഇപ്പൊ ഗൗരിയെക്കുറിച്ചാ സംസാരം…..”

അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പൊ ഒരു നിമിഷത്തേക്ക് ഞാനെന്റെ ഗൗരിയെ ഒന്ന് സംശയിച്ചു… കാരണം തെളിവുകൾ അവൾക്കെതിരായിരുന്നു.. എന്റെ സംശയത്തിന് വെറും ഒരു നിമിഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ…

ഞാൻ പൊട്ടിത്തെറിക്കുമെന്ന് ഹരി പ്രതീക്ഷിച്ച് കാണണം… എന്നാൽ പൊട്ടിത്തെറിക്ക് പകരം പൊട്ടിച്ചിരിക്കുകയാണ് ഞാൻ ചെയ്തത്…

ഒന്നും മനസ്സിലാകാതെ നിന്ന ഹരിയോട് ഞാൻ പറഞ്ഞു… ” എന്റെ ഹരീ.. ഇന്നലെ ഞാൻ നേരം വൈകിയാണ് ഇറങ്ങിയത്, അപ്പോൾ ബൈക്ക് എടുത്ത് പതിവിലും സ്പീഡിൽ പോയ്.. നമ്മുടെ തോട്ട്പാലമെത്തിയപ്പൊ ഒന്നു വഴുക്കി ഞാൻ നേരേ വീണത് റോഡിന്റെ കുഴീലും.. മേലാകെ ചെളിയായപ്പൊ ഞാൻ നമ്മടെ മനുവിന്റെ വീട്ടിൽ കേറി. അവൻ കുളിക്കുകയായിരുന്നു. ബൈക്ക് അവടെ വച്ച് അവന്റെ ഭാര്യയോട് ചോദിച്ച് മനുവിന്റെ ഒരു ഷർട്ടും മുണ്ടും ഇട്ട് ഞാൻ നേരേ വീട്ടിലേക്ക് നടന്നു… എന്റെ ഹരീ ആ നാണിതള്ളേടെ കാഴ്ചക്ക് മങ്ങലുണ്ട് ട്ടോ…. “….. ഇതും പറഞ്ഞ് ഞാൻ പൊട്ടി ചിരിച്ചു….

അമ്പരന്ന് നിന്ന ഹരി ചിരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ച ശേഷം പൊട്ടി ചിരിച്ചു… എന്നിട്ടവൻ വിമർശിക്കാൻ തുടങ്ങി.. ” ഒരു നുണ നാലാൾ ഒന്നിച്ച് പറഞ്ഞാൽ നാടു മുഴുവൻ വിശ്വസിക്കും. സത്യമെന്തെന്ന് അന്വേഷിക്കാൻ കൂടി ആർക്കും നേരമില്ല.. ക്ഷമിക്ക് വേണൂ… ഞാനും ഗൗരിയെ തെറ്റുദ്ധരിച്ചു.. ഒരേയൊരു നാവ് മതി വേണൂനല്ലൊരു ജീവിതം നശിക്കാൻ…

രാത്രി ഊണ് കഴിഞ്ഞ് ഞാൻ മുറിയിൽ പോയി.. പാത്രം കഴുക്കൊണ്ടിരിക്കുന്ന ഗൗരിയെ തിടുക്കപ്പെട്ട് വിളിച്ചു.. അവൾ കൈ കഴുകി ഓടി വന്നു.. അവളെ കട്ടിലിന്റെ ഒരറ്റത്ത് പിടിച്ചിരുത്തി ഞാൻ മടിയിൽ കിടന്നു…” പാത്രം കഴുകി കഴിഞ്ഞിട്ടില്ല വേണുവേട്ടാ..”

നിഷ്കളങ്കമായ അവളുടെ വാക്കുകൾ… പാവം… നാട്ടിൽ നടക്കുന്ന പുകിലൊന്നും അവൾ അറിഞ്ഞിട്ടില്ല…. ” പാത്രമൊക്കെ ഇനി നാളെ കഴുകാം “…

അവളുടെ കൈകൾ ചേർത്ത് പിടിച്ച് ഹരി പറഞ്ഞ കാര്യങ്ങൾ ഞാൻ പറഞ്ഞു.. എന്നിട്ടാ കവിലൊന്ന് നുള്ളി കൊണ്ട് പറഞ്ഞു.. “ഗൗരീ.. നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലെ അയർക്കാർ കേൾക്കും ശബ്ദമുണ്ടാക്കരുതെന്നൊക്കെ “…

അവൾ കുറച്ച് ശബ്ദത്തിൽ തന്നെ പറഞ്ഞു.. “എന്റെ വേണുവേട്ടാ ഇതുപോലെ പിച്ചിയാൽ പിന്നെ ശബ്ദമൊക്കെ താനേ പൊന്തി വരും……

വേണുവേട്ടാ… എനിക്കും ഒരു കാര്യം പറയാനുണ്ട്……. ഇന്ന് മീര ഫോൺ വിളിച്ചിരുന്നു. ഇന്നലെ വേണുവേട്ടനെ തോട്ടു പാലത്തിനടുത്തൊരു വീട്ടിൽ വച്ച് കണ്ടൂന്ന്… ആ വീട്ടിൽ കേറി ചെന്നപ്പൊ വേണുവേട്ടൻ യൂണിഫോം ഇട്ടിരുന്നുവെന്ന്.. ഇറങ്ങി വന്നപ്പൊ മുണ്ടും ഷർട്ടുമായിരുന്നുവെന്ന്….. എനിക്കപ്പോഴേ കാര്യം പിടിക്കിട്ടി… ഞാനവളോടത് പറയും ചെയ്തു…………..

എന്താല്ലെ…….

അപവാദം,,,,,
അത് പറഞ്ഞു പരത്തുന്നവർക്ക് സുഖം……..
കേട്ടു രസിക്കുന്നവർക്കും പരമസുഖം….. അനുഭവിക്കുന്നവരുടെ കാര്യം ആർക്കും അറിയണ്ട…….

*****

Written By അഞ്ജലി മോഹനൻ

 

LEAVE A REPLY

Please enter your comment!
Please enter your name here