Home Latest പെണ്ണു കാണാൻ ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല…

പെണ്ണു കാണാൻ ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല…

0

പെണ്ണു കാണാൻ ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല3..

കാരണം ഈ ഒരു നടപ്പ് തുടങ്ങിയിട്ട് കുറച്ചായി.. ഇരുപത്തിയൊന്നാമത്തെ ആണ് പോകുന്നത്. ചായ കുടിച്ചു കുടിച്ചു മടുത്തു. അതുകൊണ്ടു മനസു ഒരു സങ്കല്പങ്ങളെയും കൂടെ കൂട്ടിയില്ല.

ഒരു പാടം കടന്നു തോടിനു കുറുകെ കവുങ്ങു തടി കൊണ്ടു ഇട്ട പാലം കടന്നു കയറുമ്പോൾ കണ്ടു ഓടിട്ട ഒരു കുഞ്ഞുവീട്. മുറ്റത്തു വെള്ള മന്ദാരവും ചെത്തിയും പൂത്തുനിൽക്കുന്നു. ഒരു കുഞ്ഞു തുളസി തറയും. മനസ്സിലെന്തോ ഒരു ഉന്മേഷം തോന്നി.. പാടത്തു നിന്നു വീശുന്ന കാറ്റടിച്ചു മുണ്ട് പറക്കാനൊരു ശ്രമം നടത്തുന്നുണ്ടായിരുന്നു..

ചിരിച്ച മുഖത്തോടെ.. പെണ്ണിന്റെ അച്ഛൻ സ്വീകരിച്ചിരുത്തി. പതിവ് ചോദ്യങ്ങൾ ചോദിച്ചു വീർപ്പു മുട്ടിച്ചില്ല അദ്ദേഹം.. എല്ലാം ബ്രോക്കർ ദിവാകരേട്ടൻ പറഞ്ഞിരുന്നു. ആശ്വാസം. എന്നാലും അദ്ദേഹം പറഞ്ഞുതുടങ്ങി എനിക്കു മൂന്നു പെൺകുട്ടികളാണ്.. മൂത്തയാളാണ് പല്ലവി. താഴെയുള്ള ഒരാള് പത്തിലും ഒരാളു എട്ടിലും പഠിക്കുന്നു. ഞാൻ വിളിക്കാം.. മോളെ….

അകത്തു നിന്നു അവള് വന്നപ്പോൾ എന്റെ മനസും ഒന്നു ആഗ്രഹിച്ചു പോയി..നല്ല ഐശ്വര്യമുള്ള മുഖം. പാദസ്വരത്തിന്റെ കിലുക്കത്തിന് പോലും അച്ചടക്കത്തിന്റെ താളം ഉണ്ടെന്നു തോന്നി.. സത്യം പറഞ്ഞാൽ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ട്ടായി. എന്തേലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോളൂ കേട്ടോ.. പതിവ് ചോദ്യം. എന്താണ് പേര്. ഏത് വരെ പഠിച്ചു . എന്നൊക്കെ ചോദിച്ചെങ്കിലും എന്റെ മനസു കല്യാണ പന്തലിൽ വരെ എത്തിയിരുന്നു.

ഇറങ്ങാൻ നേരം ഞാൻ ഒന്നുകൂടി പറഞ്ഞിരുന്നു. സാദാരണകാരനാണ്.. നന്നായി ആലോചിച്ചിട്ട് മാത്രം ഇഷ്ടമാണെങ്കിൽ പറയൂ.. എന്നു.

അവിടെ നിന്നു ഇറങ്ങി പാടവരമ്പിലൂടെ നടക്കുമ്പോൾ ബ്രോക്കർ ദിവാകരേട്ടൻ പറഞ്ഞു.. പണവും പൊന്നൊന്നും ശ്രീ.. പ്രതീക്ഷിക്കണ്ട. കുട്ടി നല്ല കുട്ടിയാ അതിൽ 100 മാർക്കാണ്. എന്റെ ദിവാകരേട്ടാ.. എനിക്കൊരു ഭാര്യയെ ആണ് വേണ്ടത്. പിന്നെ അഭിപ്രായം പറയാൻ വേണ്ടി മാത്രം വരുന്ന കുറച്ചു പേരുണ്ട് അവര് പറഞ്ഞിട്ട് പോട്ടെ.. മ്മടെ അച്ഛനും അമ്മേം കൂടെഉണ്ടാവും എന്റെ ഇഷ്ടം തന്നെയാണ് അവരുടെയും ഇഷ്ട്ടം.

പിന്നെ ദിവാകരേട്ടൻ അവര് താല്പര്യമാണെന്നു പറഞ്ഞു വിളിക്കാണെങ്കിൽ ഒരു കാര്യം പ്രത്യേകം പറയണം. ചിട്ടി പിടിച്ചും ലോൺ എടുത്തും.. പൊന്നു വാങ്ങാനായി പെടാപാട് പെടേണ്ട എന്ന്. അല്ലെങ്കിലും നമ്മള് ആൺകുട്ടികൾ അങ്ങനെയല്ലേ പറയേണ്ടത്. അവളുടെ അച്ഛൻ അവൾക്കു വേണ്ടി വാങ്ങിയ കടത്തെ പറ്റി ഉറക്കമില്ലാതെ കിടക്കുമ്പോൾ.. അതിനു കാരണക്കാരനായ നമ്മളെ അവൾക്കു പൂർണമായി സ്നേഹിക്കാൻ പറ്റുവോ ?

അങ്ങിനെ എന്റെ ആഗ്രഹം പോലെ തന്നെ കല്യാണം നടന്നു. അവളുടെ വീട്ടിൽ നിന്നു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അച്ഛന്റെ നെഞ്ചിൽ മുഖംഅമർത്തി പിടിച്ചു കരയുന്ന അവളെ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു. വല്ലാത്തൊരു നിമിഷമാണ് അല്ലേ പുതിയൊരു വീട്ടിലേക്കൊരു പറിച്ചുനടൽ. കുറച്ചുനാൾ മുൻപ് പരിജയപെട്ടവരെ എല്ലാം എല്ലാമായി കണ്ടു സ്നേഹിക്കാൻ അവരുടെ ഇഷ്ട്ടങ്ങൾ തന്റെതായി കൂടി കണ്ടു കൂടെനിൽക്കാൻ ഒരുപക്ഷെ സ്ത്രീകൾക്ക് മാത്രമേ കഴിയൂ എന്നു തോന്നിപോയിട്ടുണ്ട്.

അവൾ എന്റെ അച്ഛനും അമ്മയ്ക്കും മരുമകളല്ല ഇന്ന് മകൾ ആണ്. മിക്കവാറും എന്നെ ചീത്ത പറയുന്ന അമ്മ ഒരിക്കൽ പോലും അവളെ ചീത്ത പറയുന്നത് ഞാൻ കണ്ടിട്ടില്ല.

പലതും എടുക്കാൻ മറന്നു വീട്ടിൽ നിന്നു ഇറങ്ങുന്ന എനിക്കു അവള് വന്നതിനു ശേഷം ഒരിക്കൽ പോലും ഒന്നും മറക്കേണ്ടി വന്നിട്ടില്ല.

ഞങ്ങളു ബൈക്കിലു പോവുമ്പോൾ മഴകാരണം ഏതേലും ബസ്റ്റോപ്പിൽ കയറി നിൽക്കാറുണ്ട് പലപ്പോഴും അപ്പോൾ പോലും ഏട്ടനു ലോൺ എടുത്തു ഒരു കാർ വാങ്ങിക്കൂടെ എന്നവൾ പറഞ്ഞിട്ടില്ല.

ഒരു ആഗ്രഹവുമില്ലേ ഇവൾക്ക് എന്നെനിക്കു പലപ്പോഴും തോന്നാറുണ്ട്.

പലപ്പോഴും ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ആ ചോദ്യം അവളോട്‌ ചോദിക്കാറുണ്ട്.. അപ്പോളവൾ എന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്ന് കിടക്കും… ഞാനാ.. നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തു വെക്കും.

ഒരുപക്ഷേ… എല്ലാ ഭാര്യമാരും… സ്നേഹത്തോടെ ഉള്ള ഒരു ചേർത്തുപിടിക്കലേ.. ഭർത്താക്കൻമാരിൽ നിന്നു ആഗ്രഹിക്കുന്നുണ്ടാവുള്ളൂ അല്ലേ ? എന്റെ പല്ലവിയെ പോലെ…

രചന :- ശ്രീജിത്ത്‌ ആനന്ദ്.
തൃശ്ശിവപേരൂർ

LEAVE A REPLY

Please enter your comment!
Please enter your name here