Home Latest എന്നെങ്കിലും നിനക്ക് നമ്മുടെ ബന്ധത്തിൽ നിരാശ തോന്നിയിട്ടുണ്ടോ…?

എന്നെങ്കിലും നിനക്ക് നമ്മുടെ ബന്ധത്തിൽ നിരാശ തോന്നിയിട്ടുണ്ടോ…?

0

സന്തുഷ്ട കുടുംബം

ഭാനൂ…. നീയിങ്ങു വന്നേ…
കുറച്ചുസമയം എന്റെ നെഞ്ചിൽ
തലവെച്ച് കിടക്കുമോ…?

ചേട്ടാ ഇതെന്തുപറ്റി….?
സാധാരണ അഞ്ച് മണിക്ക് ജോലി കഴിഞ്ഞാലും പത്ത് മണി ആകാതെ വീട്ടിലെത്താറില്ല…
വന്നാൽത്തന്നെ കുട്ടികളോടും എന്നോടും ഒന്ന് സംസാരിക്കാൻ കൂടി കൂട്ടാക്കാറില്ല ..
ഇന്ന് കുട്ടികളെ കൊഞ്ചിക്കുന്നു..
അവർക്ക് ഭക്ഷണം വാരിക്കൊടുക്കുന്നു.. ഇന്ന് എന്നോടും ഒരു പ്രത്യേക സ്നേഹം ഇന്നെന്തുപറ്റി അഭിയേട്ടാ…

ഒന്നുമില്ലടീ…
ഇവിടെ കിടക്ക്..

അവൾ അവന്റെ നെഞ്ചിൽ തലവെച്ച് ഒരുകാൽ അവന്റെ മുകളിലേക്ക് കയറ്റി വച്ച് കമിഴ്ന്നു കിടന്നു..

ഭാനൂ….
ഞാനൊരു കാര്യം ചോദിച്ചാൽ
നീ സത്യം പറയുമോ..?

അവൾ അവന്റെ നെഞ്ചിൽ കൈവിരൽകൊണ്ട് ചിത്രം
വരച്ചു കൊണ്ട് ഒന്ന് മൂളി..

നമ്മുടെ കല്യാണം കഴിഞ്ഞിട്ട് പതിനഞ്ച് വർഷമായില്ലേ..
ഈ കാലയളവിൽ എന്നെങ്കിലും നിനക്ക് നമ്മുടെ ബന്ധത്തിൽ നിരാശ തോന്നിയിട്ടുണ്ടോ…?

ഇത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറുന്നതായി അവൾക്കു തോന്നി..
തല ഉയർത്തി നോക്കിയ ഭാനു ഞെട്ടിപ്പോയി..
തന്റെ ഭർത്താവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നു..

അഭിയേട്ടാ…. എന്താണിത്… ഇങ്ങനെയൊന്നും പറയരുത് ട്ടോ..
എനിക്ക് സങ്കടമാകും.. നിങ്ങളും മക്കളും മാത്രമാണ് എന്റെ ലോകം..
ഏട്ടന് ഇതെന്തുപറ്റി..?

അവൾ അവന്റെ കണ്ണീർ തുടച്ചുകൊണ്ട് അവന്റെ കവിളിൽ ചുണ്ടമർത്തി പിടിച്ചു കൊണ്ട് തേങ്ങിക്കരഞ്ഞു..

മോളെ ഭാനൂ…
നീയും കൂടി കരയല്ലേ..
ഇന്ന് ഒരുപാട് സങ്കടങ്ങളുണ്ട് എനിക്കെന്റെ മനസ്സിൽ ..
നീയും കൂടി കരഞ്ഞാൽ ഞാൻ തകർന്നുപോകും..

അഭിയേട്ടാ..
എന്തു പറ്റി നിങ്ങൾക്ക്..
ഞാൻ നിങ്ങളുടെ ഭാര്യയല്ലേ.. എന്നോട് പറഞ്ഞൂടേ നിങ്ങളുടെ സങ്കടങ്ങൾ..

അതൊന്നുമില്ല..
എന്റെ കൂടെ ജോലിയെടുക്കുന്ന എന്റെ കൂട്ടുകാരൻ അശോകന്റെ ഭാര്യ മരിച്ചതു കൊണ്ട് അവൻ ഒരു മാസം ലീവിലായിരുന്നു.. ഇന്നാണ് അവൻ വീണ്ടും ജോയിൻ ചെയ്തത്..
അവന്റെ സങ്കടങ്ങൾ അവൻ എന്നോട് പങ്കുവച്ചു..

എനിക്ക് എന്റെ കഴിഞ്ഞുപോയ ജീവിതത്തോട് വെറുപ്പും
അവന്റെ കഴിഞ്ഞുപോയ ജീവിതത്തോട്
അസൂയയും തോന്നിയ
നിമിഷമായിരുന്നു അത്..

ജീവിതത്തിൽ അവർ ഒരിക്കല്‍ പോലും തമ്മിൽ പിണങ്ങിയിട്ടില്ല പോലും..
ഒരു ദിവസം ഒരു നേരമെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടില്ല.
ആഴ്ചയിൽ ഒരു ദിവസം അവൻ കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കാറുണ്ട്.

എനിക്കെന്റെ പെണ്ണിന്റെ കൂടെ
ജീവിച്ചു കൊതി തീർന്നിട്ടില്ല അഭീ എന്നും തനിക്കു നഷ്ടപ്പെട്ടത് തന്റെ ഭാര്യയും അമ്മയും പെങ്ങളും സുഹൃത്തും എല്ലാമായ ഒരൊറ്റ ശരീരമായിരുന്നു എന്നും
പറഞ്ഞ് അവൻ കരഞ്ഞപ്പോൾ
ഞാനായിട്ട് നഷ്ടപ്പെടുത്തിയ എന്റെ ജീവിതത്തിലെ വർഷങ്ങൾ ഓർത്ത് പരിതപിക്കുകയായിരുന്നു ഞാന്‍…
ഞാനെന്ന വിഢിയെ തിരിച്ചറിയുകയായിരുന്നു ഞാന്‍…

കല്യാണം കഴിഞ്ഞ് കുറച്ച് കാലം
നിന്റെ ശരീരത്തോടുള്ള ഭ്രമം മാത്രമായിരുന്നു എനിക്ക്…
അത് കഴിഞ്ഞതിന് ശേഷം അഞ്ചു മണിക്ക് ജോലി തീരുന്ന ഞാൻ പത്ത് മണി ആകാതെ ഒരു ദിവസവും വീട്ടിലെത്താറില്ല ..
ഒഴിവു ദിവസങ്ങളിൽ പോലും മക്കളുടെ കൂടെ ഒന്ന് ഇരിക്കാനോ നിന്നോട് ഒരു നല്ല വർത്താനം പറയാനോ ഞാൻ ശ്രമിക്കാറില്ല.
വല്ലപ്പോഴും എന്നിലെ ആണത്തം അമർത്താൻ ഒരു ശരീരമായി മാത്രമേ ഞാൻ നിന്നെ കണ്ടിരുന്നുള്ളൂ..
എന്നിട്ടും എല്ലാം സഹിച്ച് ഒരു വേലക്കാരിയെ പോലെ ഓടിനടന്ന് വീട്ടിലെ കാര്യങ്ങൾ ചെയ്തുതീർക്കുന്ന നിന്നോട് എനിക്കൊരു സഹതാപവും തോന്നിയിരുന്നില്ല…

നിനക്കൊരു നല്ല സാരി വാങ്ങി വന്നിട്ട് എത്ര കാലമായി…
നിന്റെയും മക്കളുടെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചിട്ട് വർഷങ്ങളായി. നിന്റെയും മക്കളുടെയും കൂടെയൊന്ന് പുറത്തു പോയ കാലം മറന്നു…
എനിക്ക് പ്രായം നാല്‍പതായി..
ആയുസ്സിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു..
ജീവിതത്തിലെ കുറേ വർഷങ്ങൾ വെറുതെ കളഞ്ഞു..
ഇനിയുള്ള കാലം എനിക്ക് നിങ്ങൾക്കുവേണ്ടി നിങ്ങളോടൊപ്പം ജീവിക്കണം..
നഷ്ടപ്പെട്ട ദിവസങ്ങളിലെ സ്നേഹം കൂടി പലിശ സഹിതം നമുക്ക് സ്നേഹിച്ച തീർക്കണം ..
നീയെന്നെ ഒരുപാട് ശപിച്ചിട്ടുണ്ടാകും
അല്ലേ ഭാനൂ…
കഴിഞ്ഞതൊക്കെ നീയെനിക്ക്
പൊറുത്തു തരില്ലേ…..

അഭിയേട്ടാ …
അങ്ങനെയൊന്നും പറയരുത് ട്ടോ..
എനിക്ക് സങ്കടമാവും..
എനിക്കൊരുപാട് വിഷമങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്..
പക്ഷേ ഒരിക്കലും എന്റെ ഭര്‍ത്താവിനെ ഞാന്‍ ശപിച്ചിട്ടില്ല..

രചന: അസ് മാസ്

LEAVE A REPLY

Please enter your comment!
Please enter your name here