Home Latest കണ്ടില്ലേ ഇതാണ് യഥാർത്ഥ സ്വഭാവം എന്നിട്ട് എന്നേ കാണുമ്പോൾ എന്താ വിനയം ??

കണ്ടില്ലേ ഇതാണ് യഥാർത്ഥ സ്വഭാവം എന്നിട്ട് എന്നേ കാണുമ്പോൾ എന്താ വിനയം ??

0

മഞ്ഞുതുള്ളി പോലെ ( കഥ )

രചന : സീമ ബിനു

“മേ ഐ കം ഇൻ സർ…? “യെസ് പ്ളീസ് ..”മുഖം ഉയർത്താതെ തന്നെ വിനയ് അനുവാദം കൊടുത്തു . വിറയ്ക്കുന്ന കാലടികളോടെ , മാനേജർ എന്നെഴുതിയ ക്യാബിന്റെ വാതിൽ തുറന്ന് ലക്ഷ്‌മി അകത്തു കടന്നു ..
>
> നെഞ്ചിടിപ്പ് കൂടി , കയ്യൊക്കെ തണുത്ത് … ആകെ ഒരു പരവേശം…
> ദൈവമേ ഇങ്ങേരെ കാണുമ്പോൾ മാത്രം തനിക്കെന്താ ഇങ്ങനെ ?? .

> ആറു മാസം ആയിട്ടേ ഉള്ളൂ ലക്ഷ്മി അവിടെ എത്തിയിട്ട് ..ആ ബാങ്കിലേ ഏറ്റവും പ്രായം കുറഞ്ഞ എംപ്ലോയ്‌ .. ഫസ്റ് പോസ്റ്റിങ്ങ് ആണ് . ഒത്തിരി ആഗ്രഹിച്ചു തുടങ്ങിയ പി ജി പഠനം ഇടയ്ക്കു വെച്ചു നിർത്തി ജോയിൻ ചെയ്തതാ . അത്രയ്ക്കും അത്യാവശ്യമായിരുന്നു ഈ ജോലി

> “യെസ് …??”. “സ് … സർ ..” “എന്താടോ തനിക്കെന്തെങ്കിലും പറയാനുണ്ടോ ..??” ആളിന് ദേഷ്യം വന്നു തുടങ്ങി . “അത് …സർ നാളെ സാറ്റർഡേ അല്ലേ ? ഒരു ഹാഫ് ഡേ ലീവ് കിട്ടിയാൽ നന്നായിരുന്നു …” വാട്ട് ??? മൺഡേ ഓഡിറ്റിങ് ആണെന്ന് തനിക്കറിയില്ലേ ?? ” “സർ അത്യാവശ്യമായിരുന്നു ..” “തനിക്കെന്താ ഇത്ര അത്യാവശ്യം..?”. ” അത്യാവശ്യം എനിക്കല്ല സർ, എന്റച്ഛനാ !!! ”
> “എന്താ ?”. “അല്ലാ ,ഈ പറഞ്ഞ അത്യാവശ്യം എന്റച്ഛനാണെന്നു പറയുവാരുന്നു , എന്നേ കെട്ടിച്ചു വിടാനേ .. അതിന്റെ ഫസ്റ് സ്റ്റെപ്പാ മറ്റന്നാൾ. അതിനാ ഹാഫ് ഡേ എടുത്ത് നാളെ ഉച്ച കഴിഞ്ഞങ്ങ് ചെല്ലാൻ പറഞ്ഞത് !!! ” ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ചുറ്റും നോക്കി .
> ദൈവമേ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ .. ഇങ്ങേര് വെള്ളത്തിനു പകരം വേറേ വല്ലതുമാണോ മോന്തുന്നത്??

> “ഇതെന്തിന്റെ കുഞ്ഞാണോ എന്തോ?!!!!” ചിരി അടക്കി അവൻ ചോദിച്ചു .
> “എന്താ നോക്കുന്നത് ?? “അത് സർ വെള്ളം യ്യോ അല്ല .. ലീവിന്റെ കാര്യം ??”. “അതു ഞാൻ പറഞ്ഞല്ലോ ; നാളത്തെ ഹാഫ് ഡേയും മറ്റന്നാളത്തെ കെട്ടും ഒന്നും തത്കാലം നടക്കില്ല . സമയമാകുമ്പോൾ ഞാൻ പറയാം .. ഓക്കേ ? ഇനി വേറെന്തെങ്കിലും?? “ഇല്ല …”. “എന്നാൽ താൻ ചെല്ല് ..”. വിനയ് തന്റെ ജോലി തുടർന്നു .

> തന്റെ സീറ്റിൽ എത്തിയ ലക്ഷ്മി ബാഗിൽ കരുതിയിരുന്ന വേള്ളത്തിന്റെ ബോട്ടിൽ എടുത്ത് നേരേ വായിലേക്ക് കമിഴ്ത്തി . “എന്തു പറ്റി ലക്ഷ്‌മീ പോയ പ്പോഴത്തെ ആവേശമൊന്നും ഇപ്പോൾ കാണാനില്ലലോ .”. അരുൺ ചിരിച്ചു . ആള് കാഷ്യർ ആണ് .

> “എന്റെ സാറേ ഒന്നും പറയണ്ടാ ..” എന്നും പറഞ്ഞു അകത്തു നടന്നതും പിന്നെ കുറച്ചു കയ്യീന്നും കൂടിട്ട് പറയുന്ന ലക്ഷ്മിയെ സാകൂതം നോക്കി അടുത്ത സീറ്റുകളിൽ ഇരിക്കുന്നവർ . ഇതൊക്കെ സി സി ടീവി യിൽ കണ്ട് മീശ പിരിച്ചു വിനയ് .. കണ്ടില്ലേ ഇതാണ് യഥാർത്ഥ സ്വഭാവം എന്നിട്ട് എന്നേ കാണുമ്പോൾ എന്താ വിനയം ?? വച്ചിട്ടുണ്ട് നിനക്കു ഞാൻ ഉണ്ടക്കണ്ണീ .

> “ഹാലോ ….ങാ അച്ഛാ … അച്ഛന്റെ മറ്റന്നാളത്തെ പ്ലാൻ മൊത്തം പോളിഞ്ഞൂട്ടോ ഈ കാട്ടുമാക്കാൻ ലീവൊന്നും തന്നില്ല ..”. സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞ് എങ്ങനെങ്കിലും ഈ കുരുക്കിൽ നിന്ന് രക്ഷപെടാമെന്നു കരുതി . എവിടെ ?? അച്ഛൻ വിടുന്ന മട്ടില്ല ..
> “എന്റെ മോളേ , നിന്റെ മാനേജർ സാറിന്റ കാലു പിടിച്ചിട്ടാച്ചാലും വേണ്ടില്ല എങ്ങനെങ്കിലും വരാൻ നോക്ക് . അവര് നല്ല തറവാട്ടുകാരാ . പോരാത്തേന് ചെറുക്കന് നല്ലൊന്നാന്തരം ജോലീം . …”. “അച്ഛാ ഇനിയിപ്പോ എന്നാ ചെയ്യും ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഉള്ളൂ ..”. “എന്താ മോളേ ??”. “അല്ലച്ഛാ , അച്ഛൻ പറഞ്ഞതു വെച്ചു നോക്കുമ്പോൾ വളരെ നല്ല കാര്യമാ . അപ്പൊൾ വിട്ടുകളഞ്ഞാൽ അതിന്റെ നഷ്ടം ആർക്കാ ?? നമുക്കു തന്നെ . അതുകൊണ്ട്‌ അമ്മേടെ കാര്യം നമുക്കൊന്നാലോചിച്ചാലോ ?? അപ്പൊൾ പിന്നെ നഷ്ടമില്ലെന്നു മാത്രമല്ല ഒരു കണക്കിന് പറഞ്ഞാൽ അച്ഛനു ലാഭോമാ !!!!”. “ലച്ചൂ ..!!!”. അച്ഛന്റെ അലർച്ച തീരും മുൻപ് അവൾ ഫോൺ വച്ചിട്ടോടി .

> ലഞ്ച് ബ്രേക്കിന്റെ സമയത്ത് അടുത്ത മാസമുള്ള ടൂറിനേ പറ്റിയുള്ള ചർച്ച യിലാണ് എല്ലാവരും . ഇതിൽ നിന്നൊക്കെ ഒഴിഞ്ഞ് ഭക്ഷണത്തിൽ മാത്രമാണ് ലക്ഷീടെ ശ്രദ്ധ . “ലച്ചൂ നീ മാത്രേ ഉള്ളൂ വരാത്തെ കെട്ടോ .. നിനക്കറിയോ ,ഞാൻ ഇവിടെ ട്രാൻസ്ഫെറായി വന്നിട്ട് വര്ഷം മൂന്നു കഴിഞ്ഞു . ആദ്യമായിട്ടാ ഇങ്ങനൊരു ടൂർ പ്രോഗ്രാം . . അടിച്ചു പൊളിക്കാൻ കിട്ടുന്ന
> അവസരങ്ങളൊന്നും വീട്ടു കളയരുതെന്ന അഭിപ്രായക്കാരിയാ ഞാൻ . നീ ജാഡ കാണിക്കാതെ വരാൻ നോക്ക് … അതോ പൈസേടെ കാര്യം ഓർത്താണോ നീ ……? ” ജയശ്രീടെ ചോദ്യത്തിൽ ലക്ഷ്മി ഒന്നു പതറി. “അതും ഒരു കാരണമാണെന്ന് കൂട്ടിക്കോ .ഈ പൈസ കൊണ്ട് ഉണ്ണീടെ രണ്ടു് മാസത്തെ മെസ് ഫീ കൊടുക്കാം എനിക്ക് .അതു മാത്രമല്ല , നിങ്ങളെല്ലാം ഫാമിലി ആയിട്ട് വരുമ്പോൾ ഞാൻ മാത്രം ഒറ്റയ്ക്ക് .. വേണ്ട ചേച്ചീ ഞാൻ അവിടെ ഒരു
> അധികപ്പറ്റായിരിക്കും …”. അവൾ മുഖത്തു നോക്കാതെ പറഞ്ഞു . “ഇതിന് ഇനി വിനയ് സാറിനോടെന്തു പറയും ??”. “എന്തു പറയാൻ ?? അതിന് അങ്ങേര് വല്ലതും ചോദിച്ചാലല്ലേ ?? അല്ലെൽത്തന്നെ അയാൾക്കെന്നെ കണ്ണീ പിടിക്കുന്നില്ല അപ്പോഴാ!! ..ഞാനില്ലെങ്കിൽ അത്രേം സന്തോഷമെന്നും കരുതും …” അതു പറഞ്ഞപ്പോൾ അറിയാതെ നെഞ്ചൊന്നു വിങ്ങി .

> “”മാഡത്തിനെ വിനയ് സാറു വിളിക്കുന്നു ” പ്യൂൺ കൃഷ്ണേട്ടന്റെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത് “സർ “. അകത്തു കടന്നു അവൾ തന്റെ സാന്നിദ്ധ്യം അറിയിച്ചു . “ങാ ലക്ഷ്മി വരൂ ..”. അവൾക്ക് അത്ഭുതമായി . പതിവില്ലാത്ത ഒരു ഭാവം ആ മുഖത്ത് .. “നാളെ സാറ്റർഡേയാ ..ലീവ് വേണ്ടേ ?ഹാഫ് ആക്കണ്ടാ ,ഫുൾ തന്നെ എടുത്തോ. എന്നിട്ട് വീട്ടിലൊക്കെ പോയി എല്ലാവരെയും ഒന്നു കണ്ടിട്ടു വാ . എന്തു പറയുന്നു ?” അതും പറഞ്ഞയാൾ അവളുടെ കണ്ണിലേക്ക് കുസൃതിയിൽ നോക്കി . തന്റെ ഒരു നോട്ടം നേരിടാൻ പോലും ധൈര്യമില്ല . വല്യ ആളാണെന്നാ ഭാവം … “വേണ്ട സാർ ..”. അവൾ മുഖം കുനിച്ചു . “അതെന്താടോ ?? തന്റച്ഛന് അത്യാവശ്യമൊന്നുമില്ലേ ??” ആ മുഖത്ത് വീണ്ടും കുസൃതി .. “അതുകൊണ്ടല്ല , അടുത്ത മാസം രണ്ടവധി ഒന്നിച്ചു വരുന്നുണ്ട് അപ്പൊൾ പോകാമെന്നു കരുതി ..” “അതെങ്ങനെ ശരിയാകും അന്നല്ലേ നമ്മുടെ ടൂർ പ്രോഗ്രാം ??” “അതിനു ഞാൻ വരുന്നില്ലല്ലോ ..” അവൾ മുഖത്തു നോക്കാതെ പറഞ്ഞു . “എന്നാരു പറഞ്ഞു ??”. ” അതു ഞാൻ പറഞ്ഞാൽ പോരേ??” അവൾ കണ്ണു മിഴിച്ചു . “പോരല്ലോ !! ഞാൻ പറയണമല്ലോ.. നാളെ സാറ്റർഡേയാ .അപ്പോൾ താനൊരു കാര്യം ചെയ്യ് . ഒരു ലീവ് എടുത്ത് പോയി വീട്ടുകാരെ കണ്ടിട്ടു വാ . അതിനു ശേഷം നമ്മളെല്ലാവരും ഒരുമിച്ചു പോകുന്നു ടൂറിന് ..ഒക്കെയല്ലേ ? എന്തു പറയുന്നു ?? അവൾ മറുപടി പറയാനാകാതെ നിന്നു . “ദേഷ്യമാണോ എന്നോട് ??” മേശപ്പുറത്തു വിശ്രമിച്ച അവളുടെ വലതു കയ്യിൽ മെല്ലെ തൊട്ടു അയാൾ .. അവളുടെ കണ്ണു നിറഞ്ഞു
> “ദേഷ്യമൊക്ക എന്നോടല്ലേ? എനിക്കല്ലല്ലോ ..”എന്നു പറയണമെന്നുണ്ടായിരുന്നു . ടൂറിന്റെ ആദ്യ ദിനം പിന്നിട്ട് രാത്രിയിൽ താങ്ങാനുള്ള ഹോട്ടലിലേക്കുള്ള യാത്രയിലാണ് എല്ലാവരും .. ക്ഷീണം കാരണം പലരും ബസിൽ ഇരുന്ന് തന്നെ ഉറക്കം തുടങ്ങീട്ടുണ്ട് . ലക്ഷ്മി മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു . ഒരു സുന്ദര സ്വപ്നം അവളേ തഴുകി തലോടി കടന്നു പോയി .. ഉറക്കത്തിൽ ഒരാൾ അവളേ ചേർത്തു പിടിക്കുന്നു … ആയാസപ്പെട്ടു കണ്ണുകൾ തുറന്നു നോക്കവേ … പേടിക്കേണ്ട എന്നു പറയും പോലെ വാത്സല്യത്തോടെ പ്രണയത്തോടെ നോക്കുന്ന രണ്ടു് കണ്ണുകൾ … പിന്നെ … പിന്നെയും എന്തൊക്കെയോ … ഞെട്ടി ഉണർന്നപ്പോൾ മനസിലായി എല്ലാവരും ബസിൽ നിന്നിറങ്ങാനുള്ള തത്രപ്പാടിലാണെന്ന് . മെല്ലെ ചുറ്റിനും ഒന്നു കണ്ണോടിച്ചപ്പോൾ കണ്ടു കൂടെയുള്ളവർക്ക് നിർദേശങ്ങൾ കൊടുത്തു കൊണ്ട് നിൽക്കുന്ന ആളിനെ .. സ്വയം തലയ്ക്കൊരു കോട്ടു കൊടുത്തുകൊണ്ട് പൂത്തിറങ്ങി തനിക്കായി പറഞ്ഞ റൂമിലേക്കവൾ നടന്നു . അടുത്ത ദിവസം രാവിലേ നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ ബോട്ടിങ്ങിനാണ് ആദ്യം പോയത് . “ലച്ചൂ നീയെന്താ മാറി നിക്കുന്നേ വെറുതേ സമയം കളയാതെ വാ .വന്നു കേറിക്കേ .. എന്റെ വിനയ് സാറേ ഒന്നു പറ അവളോട് .. പേടിയാണെന്നും പറഞ്ഞു വരാതിരിക്കാനാ പ്ലാൻ ..” ജയശ്രീ ഈർഷ്യയോടെ പറഞ്ഞു ..
> “നിങ്ങളു വിട്ടോ .ഇത് ഞാൻ മാനേജ് ചെയ്‌തോളാം ” പറഞ്ഞു കൊണ്ട് വിനയ് ലക്ഷ്മിയെ സൂക്ഷിച്ചു നോക്കി. “നിർബന്ധിച്ചു കൊണ്ടുവന്നതിന്റെ പ്രതിഷേധമാണോ ??” “അയ്യോ അല്ല , സത്യായിട്ടും എനിക്കു പേടിയാ ..” അവൾ കരച്ചിലി ന്റെ വക്കിലെത്തി . “അത്രയ്ക്ക് പേടിയാണെങ്കിൽ പോകണ്ടാ .. അതിനെന്തിനാ ഈ കണ്ണു നിറയ്ക്കുന്നത് ?” അയാൾ അലിവോടെ നോക്കി . “സാറു പൊക്കോ .. ഞാൻ ഇവിടെ വെയിറ്റ് ചെയ്‌തോളാം ദേ ഇവിടൊക്കെ ധാരാളം ആളുകളുണ്ട് എനിക്കു പേടിയൊന്നൂല്ല. “. “പക്ഷെ എനിക്കുണ്ടല്ലോ !!! അവളേ ചേർത്തു പിടിച്ചാ കണ്ണിലേക്കു നോക്കി . അവൾക്കു തന്റെ ദേഹം തളരുന്നതു പോലെ തോന്നി .

> എത്ര വേഗത്തിലാ സമയം പോകുന്നത് ?? ഉണ്ണിക്കിത് ലാസ്‌റ് സെമസ്റ്റർ ആണ് . ഇനി വെറും ആറു മാസം !! അതും കണ്ണടച്ചു തുറക്കുന്നതു പോലങ്ങു പോകും . അതിനു ശേഷം എന്തു പറയും അച്ഛനോട് ?? അല്ലെങ്കിൽ തന്നെ എന്തിനാ ഈ കാത്തിരുപ്പ് ?? ആർക്കു വേണ്ടി ?? അവൾക്ക് ഉള്ളിലൊരു നോവു തോന്നി . ഓരോന്നാലോചിച്ചിരുന്ന് ഇറങ്ങാനുള്ള സ്‌ഥലം എത്തിയത് അറിഞ്ഞില്ല . രാവിലെ താമസിച്ചാ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത് . ഈ സാരിയാ പണി തന്നത് കേരളപ്പിറവിക്ക് സാരി ഉടുക്കണമെന്ന് പറയുന്നോർക്കങ്ങ് പറഞ്ഞാൽ മതി . ബാക്കിയുള്ളോന്റെ കഷ്ടപ്പാട് ആരറിയാൻ ?? സാരി പൊക്കിപ്പിടിച്ചൊരു ഓട്ടമായിരുന്നു ബാങ്കിലേക്ക് . എങ്ങനെയോ പഞ്ചു ചെയ്തു . ദൈവമേ സമയം പത്തര . കാണരുതേ എന്നു മനസ്സിൽ കരുതിയ ആളു ദേ നക്ഷത്രം പോലെ മൂന്നിൽ . ഇങ്ങേരുടെ പെടലിക്കെന്നാ പറ്റി വല്ല വെട്ടുവാതോം പിടിച്ചോ ?? ഓ ടൈം !! പിന്നേ ആദ്യമായിട്ടല്ലേ ഒരാളിത്തിരി ലേറ്റ് ആയി വരുന്നത് ? ഒന്നു പോ ചേട്ടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഓരം ചേർന്ന് നടന്നു എങ്ങനെയോ അകത്തു കടന്നു ജോലി തുടങ്ങി .

> ഒരു ഹോം ലോണിന്റെ പേപ്പറിൽ സൈൻ ചെയ്യിക്കാൻ മാനേജരുടെ ക്യാബിനിൽ എത്തിയതാണ് ലക്ഷ്മി .
> “അവനവന് അറിയുന്ന പണി ചെയ്താൽ പോരേ ??” പേപ്പറിൽ നോക്കിയാണ് ചോദ്യം .
> ഇനി എന്തെങ്കിലും മിസ്റ്റേക് ?? വരാൻ വഴിയില്ലല്ലോ ?? അരുൺ സർ വേരിഫൈ ചെയ്തതാരുന്നല്ലോ??
> “സർ പ്രോബ്ലം എവിടെയാണെന്നു പറഞ്ഞാൽ കറക്റ്റ് ചെയ്യാരുന്നു.” ” ദാ അവിടെ നോക്ക് ” സൈഡ് ഭിത്തിയിലുള്ള കണ്ണാടിയിലേക്കു വിരൽ ചൂണ്ടി ചിരിയോടെ . “കണ്ടോ ?? എങ്കിൽ മര്യാദയ്ക്ക് പോയി ശരിയാക്ക്!!! . പിന്നേ, ഞാൻ മാത്രം കാണേണ്ടതൊക്കെ ഇങ്ങനെ പ്രദർശനത്തിനു വെക്കുന്ന പരിപാടി അത്ര നന്നല്ല കെട്ടോ !!! ” അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് അയാൾ പറഞ്ഞു . അവൾക്കു കരച്ചില് വന്നു . “ഡീ ലച്ചൂ ആരാടീ നിന്നേ സാരി ഉടുപ്പിച്ചേ ??എന്തു ഭംഗിയാ…” എന്നു പറഞ്ഞവരൊക്കെ എവിടെ പോയി ?? ബോബിട്ടു കൊല്ലും ഞാനെല്ലാത്തിനേം .. രാത്രിയിൽ കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല . എന്നാലും അങ്ങനൊക്കെ പറയാൻ പാടുണ്ടോ ഒരു പെൺകുട്ടിയോട് ? വല്ലപ്പോഴും മാത്രം ,അതും യു ട്യുബ് നോക്കി സാരി ഉടുക്കുമ്പോൾ ചിലപ്പോൾ വയറൊക്കെ ഇത്തിരി കണ്ടെന്നു വരും . അയ്യേ ഇയാളെന്തൊരു മനുഷ്യനാ ?ഇനി വേറെന്തെങ്കിലും ഉണ്ടാവുമോ ആ മനസ്സിൽ ??ഓ പിന്നെ എന്തുണ്ടാവാൻ ? വെറുതേ കാടു കയറണ്ടാ . അവൾ ചിന്തകൾക്ക് കടിഞ്ഞാണിട്ട്. കണ്ണടച്ചു .

“മോളേ നീ ഒന്നും പറയണ്ടാ നാളെ എന്തായാലും വന്നേ പറ്റൂ .. ഇനി ഇതിങ്ങനെ നീട്ടിയാൽ പറ്റില്ല . ഇതാണെങ്കിൽ അവരെല്ലാം നിന്നേ കണ്ടിട്ടുമുണ്ട് . ഒരു ചടങ്ങ് . അത്രേ ഉള്ളൂ .. “.
അച്ഛനോടു മറുപടി പറയാൻ അവളിത്തിരി വൈകി .
“കുറച്ചു നേരത്തേ പറയണ്ടേ അച്ഛാ ?
ഇന്നിനി അവധി ചോദിക്കാൻ പോലുമുള്ള സമയമില്ലല്ലോ..അച്ഛൻ അവരോട് അടുത്ത ആഴ്ച്ച വരാൻ പറ..”
“അതു നീയാണോ തീരുമാനിക്കുന്നത് ??
“എന്നാൽ പിന്നെ നിങ്ങളുടെ ഒക്കെ ഇഷ്ടത്തിന് എന്താന്നു വച്ചാൽ ചെയ്യ് ..”അവൾക്കു ദേഷ്യം വന്നു. “എന്തായാലും ഞാനൊന്നു നോക്കട്ടെ . നീ ഫോൺ വച്ചോ ..” അച്ഛനും ദേഷ്യം . ഇതിപ്പോ കുറേ ആയി . അതാകും ..
പോകുന്നവരൊക്കെ പോകട്ടെ . അവൾ ജനലിൽ കൂടി പുറത്തേക്കു നോക്കി. പുറത്തു നല്ല മഴ . പ്രകൃതിക്കു പോലും മനസിലായി തന്നെ . എന്നിട്ടും … അവൾക്കൊന്നു കരയണമെന്നു തോന്നി .

തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ലക്ഷ്മിയെ സ്വീകരിച്ചത് വിനയിന്റെ വിവാഹ വാർത്തയായിരുന്നു . കരഞ്ഞുപോകുമെന്നു തോന്നിയപ്പോൾ വാഷ് റൂമിലേക്കു നടന്നു . അന്നത്തെ ദിവസം വിനയിന്റെ ഭാഗത്തു നിന്ന് ഒരു നോട്ടം പോലും തന്റെ നേരേ ഉണ്ടായില്ലെന്ന് അവൾ വേദനയോടെ ഓർത്തു . വൈകിട്ടു റൂമിലെത്തി കുറേ കരഞ്ഞു , ഹൃദയം പൊട്ടിപ്പോകുന്നതു പോലെ തോന്നി അവൾക്ക് .
” ഇനി കരഞ്ഞിട്ടെന്താ ? ഒന്നും ആരോടും പറയാതെ , ആരേം അറിയിക്കാതെ എല്ലാം കൈ വീട്ടു കളഞ്ഞിട്ട് അവളിരുന്നു കരയുന്നു…കണ്ണൊക്കെ തുടച്ചിട്ട് താഴേക്കു ചെല്ല് . നിന്നേ കാണാൻ ആരോ വന്നെന്ന് വാർഡൻ പറഞ്ഞു . .” കൂടെ റൂമിലുള്ള ഷീന പറഞ്ഞു ..
“ഇതെന്നാ കോലമാ ??ഡീ നീയീ വേഷമൊക്കെ ഒന്നു മാറി. മുടിയൊക്കെ ഒന്നൊതുക്കി വച്ചിട്ട് പോ …” കിടന്നിടത്തു നിന്ന് എഴുനേറ്റ് അതേപടി ഇറങ്ങിയ ലക്ഷ്മിയേ ഷീന സഹതാപത്തോടെ നോക്കി .

വിസിറ്റിങ് റൂമിൽ ഇരുന്നവരെ ഓടിച്ചൊന്നു നോക്കി . തനിക്കു പരിചയമുള്ളവരൊന്നും ആ കൂട്ടത്തിലില്ലെന്ന് അവൾക്കു മനസിലായി . മാഡത്തിന് ആളു മാറിയതാവും . തേഡ് ഫ്ലോറിലേ ലക്ഷ്മിപ്രിയേ കാണാൻ ആരെങ്കിലും വന്നതാവും ..
“ഡോ … “തിരിഞ്ഞു നടക്കാൻ തുടങ്ങിയ ലക്ഷ്മി പരിചിതമായ ഒരു ശബ്ദം കേട്ട് ഞെട്ടി .
“വിനയ് സർ !!!! ” അത്ഭുതവും സന്തോഷവും കൊണ്ടവളുടെ കണ്ണു വിടർന്നു .
സ് ..സാറെന്താ ..ഇവിടെ ??
ആദ്യമായി കാണുന്നപോലെ അവളേ നോക്കി നിൽക്കുന്ന അയാളോട് ചോദിച്ചു . അവനാ ചോദ്യം ശ്രദ്ധിച്ചില്ലെന്നു തോന്നി . “ഇതെന്തു വേഷമാടോ ??ഒരു കുട്ടി പാവാടേം ഇട്ട് ? ഇത്രേയുള്ളൂ താൻ ??”
“സർ അത് ആരോ വന്നെന്നു പറഞ്ഞപ്പോൾ ആരാന്നറിയാനുള്ള തിടുക്കത്തിൽ …”. അവൾ നിന്നു വിക്കി .
“ഓക്കേ ഒക്കെ . അതു പോട്ടേ . താൻ വന്നേ . നമുക്കു പുറത്തിരിക്കാം . കുറച്ചു ശുദ്ധവായു ഒക്കെ ശ്വസിച്ച്..”.. ആൾ നടന്നു കഴിഞ്ഞു . അവൾക്കു പിന്തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു ..
“താനിരിക്ക് ”
“വേണ്ട സർ ഞാനിവിടെ നിന്നോളാം”
“ഹാ ഇരിക്കേടോ ഇതു് നമ്മുടെ ഓഫീസൊന്നുമല്ല ..” അവൻ ചിരിച്ചു . എന്നിട്ട് മുഖവുരയൊന്നുമില്ലാതെ പറഞ്ഞു തുടങ്ങി .
“എന്റെ വിവാഹമാണ് . ഈ വരുന്ന ഞായറാഴ്ച്ച ചെറിയൊരു ചടങ്ങോടു കൂടി അതങ്ങുറപ്പിക്കും . അധികം വൈകാതെ താലികെട്ടും ഉണ്ടാവും .” അതു പറഞ്ഞവൻ അവളുടെ കണ്ണിലേക്കു നോക്കി . നിറയാൻ വെമ്പിയ ആ കണ്ണുകൾ പാടേ അവഗണിച്ചു് കൊണ്ടു തുടർന്നു .
“തന്നേ മാത്രം പഴ്സണലായിട്ട് വിളിക്കാൻ പറ്റിയില്ല . അതാ വന്നത് . ” ഒന്നും പറയാനാവാതെ തേങ്ങൽ ഉള്ളിൽ ഒളിപ്പിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചു .
“ഒന്നും പറയാനില്ലേ കൊച്ചേ നിനക്കെന്നോട് ?? “. കരഞ്ഞു കൊണ്ടാ കണ്ണുകളിലേക്കവൾ നോക്കി ഒന്നുമില്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു .
“ഇനി എന്നാടീ നീയെന്റെ കണ്ണിൽ നോക്കി രണ്ടു വാക്കു സംസാരിക്കുന്നത് ?? കെട്ടി മൂന്നാലു പിള്ളേരും ആയിക്കഴിഞ്ഞിട്ടോ ??”. അവൾ പകപ്പോടെ നോക്കി .
“എല്ലാം കൂടി ഇങ്ങനെ കൊണ്ടുനടന്നാൽ ഈ കുഞ്ഞു ഹൃദയം പൊട്ടിപ്പോവില്ലേ ??അവളേ തനിക്കു നേരേ തിരിച്ചു നിർത്തി അവൻ . അവൾക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി .
“മതി സങ്കടപ്പെട്ടത് .. എന്റെ ഈ കണ്ണുകളിൽ ഉള്ള അടങ്ങാത്ത പ്രണയം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞില്ലേ നിനക്ക് ?? വിട്ടു കളഞ്ഞെന്നു കരുതിയോ ??”
ഒരു ഏങ്ങലോടെ ആ നെഞ്ചിലേക്കവൾ ചാഞ്ഞു . പതിയെ ആ നെറുകയിൽ തലോടി കൊണ്ടവൻ ചിരിച്ചു .
“ഇത് പൊതുസ്ഥലമാ .. ”
“അല്ലല്ലോ ഞങ്ങടെ ഹോസ്റ്റൽ അല്ലേ ?? ആ. ചോദ്യത്തിലുണ്ടായിരുന്നു അവളുടെ മുഴുവൻ നിഷ്കളങ്കതയും .
“ചുറ്റിലും ആളുകൾ ഉണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് !!!” കള്ളച്ചിരിയോടെ അവൻ ഒന്നുകൂടി അവളേ ചേർത്തു പിടിച്ചു .. കണ്ണുനീരിൽ അവൾ ചിരിച്ചു .. അവൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ചിരി ..

ചിലരിങ്ങനെയാണ് … പ്രണയിച്ചു കൊണ്ടേ ഇരിക്കും .. തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലെങ്കിലും .. ..ഹൃദയത്തോടു ചേർത്ത്.. ഒരു നനുത്ത മഞ്ഞു തുള്ളിപോലെ അതങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കും !!!!

സീമ ബിനു

LEAVE A REPLY

Please enter your comment!
Please enter your name here