Home Latest കള്ളീ…. നിന്റെ ആഗ്രഹം കൊള്ളാല്ലോ.. എന്നാൽ വേഗം വാ…

കള്ളീ…. നിന്റെ ആഗ്രഹം കൊള്ളാല്ലോ.. എന്നാൽ വേഗം വാ…

0

എന്താണ് ഇക്കാ നിങ്ങളീ പറയുന്നത് ..
ഒരു ഭ്രാന്തനെ കൊണ്ട് നമ്മുടെ മോളെ കെട്ടിക്കണം എന്നോ..?

ജമീലാ. … നീചൂടാകാതെ ..
ഞാൻ നിന്നോട് ഒരഭിപ്രായം ചോദിച്ചതല്ലേ…
പതിനഞ്ച് വർഷമായി ഞാൻ അഹമ്മദ്കുട്ടി ഹാജിയുടെ കൂടെ ജോലിയെടുക്കാൻ തുടങ്ങിയിട്ട്..
നിന്റെ മോളെ എനിക്ക് മരുമകളായി
തന്നൂടേ അബ്ദൂ.. എന്ന് ചോദിച്ചപ്പോൾ
എന്താണ് മറപടി പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി.

വീട്ടിൽ ചോദിച്ചിട്ട് മറുപടി തരാം ഹാജ്യാരേ..
എന്ന് പറഞ്ഞു ഞാനവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു..

28 വയസ്സായില്ലേ നമ്മുടെ മോൾക്ക്.. മൂന്നെണ്ണം വേറെയും വളർന്നു വരുകയാണ് .
രണ്ടാമത്തേതിനും നല്ലപ്രായം കഴിഞ്ഞു തുടങ്ങി . നമ്മളെന്തുചെയ്യും ജമീലാ…
എത്ര ആലോചനകൾ വന്നു..
ആർക്കെങ്കിലും ഒന്ന് ഇഷ്ടപ്പെട്ടിരുന്നു എങ്കില്‍ ഉള്ളത് വിറ്റിട്ടാണെങ്കിലും നമുക്കവളുടെ കല്ല്യാണം നടത്താമായിരുന്നു..

എന്നാലും ഇക്കാ …
നമ്മുടെ മോളെ ഒരു ഭ്രാന്തന്റെ കൂടെ പറഞ്ഞയച്ച് നമുക്ക് മനസ്സമാധാനത്തോടെ ഇവിടെ ഇരിക്കാൻ കഴിയമോ…
പാവമല്ലേ നമ്മുടെ മോള്..

ജമീലാ..അവന് അങ്ങനെയുള്ള അസുഖം ഒന്നും ഇല്ല.. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെറിയൊരു അസ്വസ്ഥത… അത്രയേയുള്ളൂ..

ഈ ബന്ധം ഒന്നു നടന്നു കിട്ടിയാൽ താഴെയുള്ള മൂന്നെണ്ണത്തിന്റെ കാര്യത്തിലും അഹമ്മദ് ഹാജി നമ്മെ സഹായിക്കും. അയാൾ നല്ല മനുഷ്യനാണ് .
ദിവസം 700 രൂപ കൂലിപ്പണിക്കാരനായ എനിക്ക് എന്തുചെയ്യാൻ കഴിയും ജമീലാ…. നീ നമ്മുടെ മോളോട് ഒന്ന് ചോദിക്ക്…

വാതിലിന്റെ പുറത്തുനിന്നുള്ള തേങ്ങൽ കേട്ടാണ് ജമീല അങ്ങോട്ട് നോക്കിയത്..
പതിവുപോലെ ഉപ്പാക്കുള്ള ചായയുമായി വന്നതായിരുന്നു റുക്സാന..

മോളേ…..
കരഞ്ഞു കൊണ്ടിരിക്കുന്ന റുക്സാനയുടെ കൈപിടിച്ച് അവര്‍ രണ്ടുപേരുടെയും ഇടയിൽ ഇരുത്തി..

മോള് ഞങ്ങൾ പറഞ്ഞതൊക്കെ കേട്ടോ..?

മ്…..അവളൊന്നു മൂളി..

മോളേ…..ഒരു ആലോചന.
അത്രയേയുള്ളൂ .. അവർക്ക് ഉപ്പ വാക്ക് കൊടുത്തിട്ടൊന്നുമില്ല.മോൾക്ക് ഇഷ്ടമില്ലാത്തതൊന്നും നമ്മള്‍ക്ക് വേണ്ട .നീ കരയേണ്ട.. നമുക്ക് വിധിച്ചത് സമയമാകുമ്പോൾ വന്നോളും…

ഞാനെല്ലാം കേട്ടു…. എനിക്ക് സമ്മതമാണ്.. ഞാൻ കാരണം എന്റെ അനിയത്തിമാരുടെ ജീവിതം കൂടി തകരരുത്.
എനിക്ക് വിധിച്ചത് ഇതായിരിക്കും…
ഉപ്പ അവര്‍ക്ക് വാക്കുകൊടുത്തോളൂ…

അങ്ങനെ ആഘോഷങ്ങളൊന്നും ഇല്ലാതെ ചെറിയ ചടങ്ങോടെ അവരുടെ കല്യാണം നടന്നു…

സമീറിന്റെ ഉമ്മയും ഉപ്പയും രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന ഒരു പഴയ തറവാട്ടുവീട്

എല്ലാവരും വന്ന് അവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കിപ്പോകുന്നു..
ചിലർ ചിരിക്കുന്നു ..
ചിലർ സഹതാപത്തോടെ നോക്കുന്നു..

മോളേ റുക്സാനാ…
വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്..
ഞാൻ സമീറിന്റെ ഉമ്മയാണ്..
ഇവർ രണ്ടാളും സമീറിന്റെ അനിയന്മാരുടെ ഭാര്യമാരാണ്.. ഹാജറ, സൈനബ.
പെണ്ണുകാണലും ചടങ്ങുകളും ഒന്നുമില്ലാത്തതുകൊണ്ട് നിനക്ക് ആരെയും പരിചയമില്ലല്ലോ.. ഉമ്മ ഓരോരുത്തരെ ആയി പരിചയപ്പെടുത്തി..
അവളെ ഒരു പുച്ഛത്തോടെ നോക്കിക്കൊണ്ട് സമീറിന്റെ അനിയന്മാരുടെ ഭാര്യമാർ പുറത്തേക്കു പോയി..
ഉമ്മ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. വാ മോളെ..

എന്റെ മോൻ ഒരു പാവമാണ്..ട്ടോ..
അവനും ഒരു കുടുംബം ഉണ്ടായിക്കാണാൻ ഈ ഉമ്മ ഒരുപാട് നേർച്ചകളും വഴിപാടുകളും നടത്തിയിട്ടുണ്ട്.. അവന്റെ താഴെയുള്ള രണ്ടാൾക്കും കുട്ടികളായി.
എന്റെ മോൾക്ക് ഒരു കുറവും വരാതെ ഉമ്മ നോക്കിക്കോളാം.. ഇതാണ് നിന്റെ മുറി. അകത്തേക്ക് ചെന്നോളൂ… അവളെ അകത്താക്കി ഉമ്മ വാതിൽ ചാരി..

ഇന്ന് തന്റെ ആദ്യരാത്രിയാണ്.. സ്വപ്നങ്ങളും മോഹങ്ങളും കെട്ടടങ്ങിയ തനിക്കും ഒരു ആദ്യ രാത്രി.
തന്റെ കുടുംബത്തിനു വേണ്ടി എല്ലാം സഹിക്കാനുള്ള കരുത്ത് തരണേ പടച്ചവനെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ റൂമിന്റെ അകത്തേക്ക് പ്രവേശിച്ചു…
അവളെ കണ്ടതും സമീര്‍ കട്ടിലിൽനിന്നും ഒന്ന് തിരിഞ്ഞു കിടന്നു.. എന്തുചെയ്യണമെന്നറിയാതെ അവൾ റൂമിന്റെ ഒരു മൂലയിൽ ചെന്ന് ഇരുന്നു..
മണിക്കൂറുകൾ കടന്നുപോയി.. തോളിൽ ഒരു കൈ പതിഞ്ഞപ്പോഴാണ് അവൾ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്..

കണ്ണുതുറന്നു നോക്കിയപ്പോൾ സമീര്‍ തന്നെ നോക്കി ചിരിക്കുന്നു..

അവള്‍ പേടിയോടെ എഴുന്നേറ്റു..

റുക്സാന നിനക്കും എന്നെ പേടിയാണോ..?

ഇല്ല… അവൾ തലയാട്ടി

നീയെന്തിനാ കല്യാണത്തിനു സമ്മതിച്ചത് ..
എന്റെ കൂടെക്കൂടി നിന്റെ ജീവിതം കൂടി പാഴാക്കണമായിരുന്നോ.. ഉപ്പയോട് ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞതാണ് എനിക്ക് കല്യാണം വേണ്ട എന്ന്.. ഞാനേതായാലും ഇങ്ങനെയായി ഒരു പെണ്ണിനെ കൂടി കഷ്ടപ്പെടുത്തണ്ട എന്ന്..

നീ എന്തിനാ ഇവിടെ ഇരിക്കുന്നത്..
കട്ടിലിൽ കയറിക്കിടന്നോളൂ..
ഞാനൊന്നും ചെയ്യില്ല..

അവൻ വിരിപ്പെടുത്ത് കട്ടിലിനു താഴെ വിരിച്ചു അവിടെ കിടന്നു..

അവൾ എന്ത് ചെയ്യണമെന്നറിയാതെ അവനെത്തന്നെ നോക്കി ഇരുന്നുകൊണ്ട് തന്നെ നേരം വെളുപ്പിച്ചു..രാവിലെ അടുക്കളയില്‍ റുക്സാനയെ കണ്ടതും ഹാജറയും സൈനബയും
അടക്കം പറഞ്ഞു ചിരിക്കാൻ തുടങ്ങി.. ഭർത്താവിനുള്ള ചായയുമായി റൂമിലേക്ക് പോകുമ്പോൾ അവള്‍ അവ്യക്തമാ

അവ്യക്തമായി അത് കേട്ടു..

എന്ത് നടക്കാൻ..
ചവിട്ടും കുത്തും കൊള്ളാൻ ഒരു നേർച്ചക്കോഴി അത്രയേ ഉണ്ടാകൂ..
അവര്‍ വീണ്ടും ചിരിച്ചു ..

സങ്കടം ഉള്ളിൽ ഒതുക്കി അവളും ഒന്ന് ചിരിച്ചു..

സമീറിന് ചായ കൊടുത്തു കൊണ്ട് അവൾ ചോദിച്ചു..

ഇക്കാ….
നിങ്ങള്‍ പണിക്കൊന്നും പോകാറില്ലേ….

പോയിരുന്നു ..
തടിമില്ലിലും കടയിലും ഒക്കെ പോകാറുണ്ടായിരുന്നു..
അവിടെയുള്ളവര്‍ക്കെല്ലാം എന്നെ പേടിയാണ്. അതുകൊണ്ട് ഇപ്പോൾ ഞാൻ അങ്ങോട്ടൊന്നും പോകാറില്ല..
ഇവിടെയും എല്ലാവര്‍ക്കും എന്നെ പേടിയാണ്..
ഉമ്മയും ഉപ്പയും മാത്രമേ എന്നോട് മിണ്ടാറൊള്ളൂ…

ഇക്കാക്ക് എന്നെ ഇഷ്ടമാണോ…?

അവനൊന്ന് ചിരിച്ചു ..
എനിക്ക് എല്ലാവരെയും ഇഷ്ടമാണ്..

എന്നാൽ ഞാനൊരു കാര്യം പറഞ്ഞാൽ ഇക്ക കേൾക്കുമോ..

മ്….അവൻ ഒന്ന് മൂളി..

ഞാൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നു.. ഇവിടെ എല്ലാവർക്കും നിങ്ങളോട് ഒരു പുച്ഛമാണ്.
നിങ്ങൾ ഇവിടുത്തെ വലിയ മോനല്ലേ..
ബഹുമാനം കാണിച്ചില്ലെങ്കിലും
നിന്ദിക്കാതിരുന്നൂടേ..

അത് കൊണ്ട് വീട്ടില്‍ അടഞ്ഞിരിക്കാതെ നിങ്ങളും ജോലിക്കു പോകണം..
ഭർത്താവ് ജോലിയെടുത്ത് കൊണ്ട് വരുന്ന ആ പണം കൊണ്ടാണ് ഭാര്യയെ നോക്കേണ്ടത്. ഉപ്പയുടെ സമ്പാദ്യത്തിൽ നിന്ന് തിന്നും കുടിച്ചും ഞാനിവിടെ നിൽക്കുന്ന കാലത്തോളം അവർ ഇനിയും നിങ്ങളെയും കൂടെ എന്നെയും കളിയാക്കിക്കൊണ്ടേ ഇരിക്കും..
എനിക്കുവേണ്ടി നിങ്ങള്‍ ജോലിക്ക് പോവില്ലേ…

പോകാം.. അവന്‍ തലയാട്ടി…

ഉപ്പയുടെ കൂടെ മരമില്ലിലേക്ക് പോകുന്ന മകനെ കണ്ട് ഉമ്മ ആനന്ദാശ്രു പൊഴിച്ചുകൊണ്ട് മരുമകളെ നോക്കി..

പിറ്റേദിവസം രാവിലെ പതിവില്ലാതെ അടുക്കളയിലേക്ക് ഭക്ഷണം കഴിക്കാൻ വന്ന തന്റെ മകനെ കണ്ട ആ ഉമ്മയുടെയും ഉപ്പയുടേയും സന്തോഷത്തിന് അതിരില്ലായിരുന്നു..

ആഴ്ചകൾ കടന്നു പോയി..

സമീറിന് ഒരുപാട് മാറ്റങ്ങളുണ്ടായി..

തന്റെ സ്വന്തം വീട്ടിലേക്ക് ഒരാഴ്ച നിൽക്കാൻ വന്ന റുക്സാന ഉപ്പയിൽ നിന്നും ആ വാർത്ത കേട്ട് ഞെട്ടിത്തരിച്ചു..

തന്റെ ഭർത്താവിന്റെ മാനസികനില വീണ്ടും തെറ്റിയിരിക്കുന്നു..

ഉപ്പയുടെ വാക്കുകൾക്ക് വഴങ്ങാതെ റുക്സാന നിർബന്ധം പിടിച്ചപ്പോൾ നിവൃത്തിയില്ലാതെ ഉപ്പ അവളെയും കൊണ്ട് സമീറിന്റെ വീട്ടിലേക്കു ചെന്നു..

അവിടുത്തെ കാഴ്ച കണ്ടതും റുക്സാന വാവിട്ടുകരഞ്ഞു.

മുഖത്തും കൈകളിലും രക്തം ഒലിച്ചിറങ്ങി റൂമിലെ ഫർണിച്ചറുകളും ബെഡ്ഡും തലയിണയും കുത്തിക്കീറിയ അവസ്ഥയിൽ ഒരു വെട്ടു കത്തിയുമായി പുറത്തുനിന്നും പൂട്ടിയ നിലയിൽ ഒരു റൂമിനകത്ത് ആര്‍ത്തട്ടഹസിച്ചു കൊണ്ട് തന്റെ പ്രിയപ്പെട്ട ഭർത്താവ്..

കരഞ്ഞുകൊണ്ട് റൂമിന്റെ അടുത്തേക്ക് ചെന്ന റുക്സാനയെ സമീറിന്റെ അനിയന്മാർ തടഞ്ഞു..

ഇത്താ..അങ്ങോട്ട് പോകരുത് ..
അവൻ ഉപദ്രവിക്കും.
മെന്റൽ ഹോസ്പിറ്റലിൽ നിന്നും വണ്ടി വരാൻ പറഞ്ഞിട്ടുണ്ട് ..അവർ കൊണ്ടുപോയ്ക്കോളും..

എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ..
എനിക്കിത് കണ്ട് സഹിക്കാൻ വയ്യ.. അവൾ വാതിൽ തുറന്നു അകത്തു കയറി..

വെട്ടുകത്തിയുമായി സമീര്‍ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു..
അടുത്തെത്തി അവൻ അവളെ തന്നെ തുറിച്ചുനോക്കി നിന്നു.. അവൾ കരഞ്ഞുകൊണ്ട് സമീറിനെ കെട്ടിപ്പിടിച്ചു..
അവൾ അവന്റെ പുറത്തു തലോടി..
അവൾ ഞെട്ടിപ്പോയി..
സമീറിന്റെ പുറത്ത് ആരോ എന്തുകൊണ്ടോ തല്ലിയത് പോലെ തടിച്ച പാടുകൾ ..

സങ്കടവും ദേഷ്യവും അടക്കാനാവാതെ അവൾ സമീറിന്റെ കയ്യിൽനിന്നും വെട്ടുകത്തി പിടിച്ചുവാങ്ങി ..
ഒരു ഭ്രാന്തിയെപ്പോലെ പുറത്തേക്കിറങ്ങി..

ആരാണ് ആ പാവത്തിനെ ഇങ്ങനെ തല്ലിയത്.. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് ഒറ്റയടിക്ക് കൊല്ലാമായിരുന്നില്ലേ..
. അതും ഒരു മനുഷ്യജീവൻ അല്ലേ..
അവൾ ഉറക്കെ കരഞ്ഞു..

തലതാഴ്ത്തി പിടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു സമീറിന്റെ അനിയന്മാർ..

അത് ഇത്താ…
അസുഖം വന്നാൽ അവൻ എല്ലാവരെയും ഉപദ്രവിക്കും. പുറത്തുനിന്നും അവനെ അകത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ പറ്റിപ്പോയതാണ്…

നിങ്ങൾക്ക് ഇത്രയും കണ്ണിൽ ചോരയില്ലാതെ ആയിപ്പോയല്ലോ.. നിങ്ങളുടെ ഒരു ഏട്ടനല്ലെ അത് .
ഈ അവസ്ഥ നിങ്ങൾക്കോ നിങ്ങളുടെ മക്കൾക്കോ നാളെ വരില്ലെന്ന് നിങ്ങൾക്ക് എന്താണുറപ്പ്.
ഇനി എന്റെ ഭർത്താവിനെ ആരെങ്കിലും ഉപദ്രവിച്ചാൽ ഞാനും ഒരു ഭ്രാന്തിയായി മാറും പറഞ്ഞേക്കാം..
അവൾ വെട്ടുകത്തി മുറ്റത്തേക്കെറിഞ്ഞു..

അപ്പോഴേക്കും പുറത്ത് ഒരു വാൻ വന്നു നിന്നിരുന്നു..

വീണ്ടും അകത്തേക്ക് കയറിയ അവൾ സമീറിന്റെ കയ്യിൽ പിടിച്ചു..
ഇക്ക വാ …
നമുക്ക് ഹോസ്പിറ്റലിൽ പോകാം..

ഒരു കൊച്ചുകുട്ടിയെപ്പോലെ അവളുടെ പിന്നാലെ വണ്ടിയിലേക്ക് കയറിയ സമീറിനെ എല്ലാവരും ആശ്ചര്യത്തോടെ നോക്കി നിന്നു..

രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി വന്ന സമീർ റുക്സാനയുടെ മടിയിൽ തല വെച്ചു കിടക്കുകയായിരുന്നു..

രണ്ടുമാസം കൊണ്ട് എല്ലും തോലുമായ തന്റെ ഭർത്താവിന്റെ രൂപം കണ്ട് സഹിക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളുടെ കണ്ണുനീർ മുഖത്ത് ഇറ്റുവീണതും സമീര്‍ കണ്ണുതുറന്നു..

റുക്കൂ…
എന്തിനാ നീ കരയുന്നത്…?
നിനക്കും മടുത്തോ എന്നെ..?
എല്ലാവരെയും വെറുപ്പിക്കാ

വെറുപ്പിക്കാന്‍ വേണ്ടി എന്തിനാണ് പടച്ചവൻ എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്നത്… എന്നെ അങ്ങോട്ട്……
പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ റുക്സാന അയാളുടെ വായ പൊത്തി..

ഇക്കാ.. ഇങ്ങനെയൊന്നും പറയരുത് കേട്ടോ…
എനിക്കൊരുപാട് സങ്കടമാകും..
അവള്‍ കരയാന്‍ തുടങ്ങിയിരുന്നു..

നീയെന്തിനാ റുക്കൂ… അന്ന് വീട്ടിലേക്ക് പോയത്.
നിനക്കറിയുമോ നീ പോയതിനു ശേഷം ഞാൻ ഉറങ്ങിയിട്ടില്ല..
ഇവിടെ ആർക്കും എന്നെ വേണ്ട.. നീയുമെന്നെ ഒഴിവാക്കി പോയി എന്ന് ഞാൻ വിചാരിച്ചു.. ഞാനൊരുപാട് കരഞ്ഞു..
പിന്നെ ഇവിടെ സംഭവിച്ചതൊന്നും എനിക്ക് ഓർമയില്ല..

ഇക്കാ..
ഇനി അങ്ങനെ ഒന്നും ചിന്തിക്കരുത്..
ഇനി ഞാൻ നിങ്ങളെ വിട്ടു എങ്ങോട്ടും പോവില്ല..

അത് പറ്റില്ല റുക്കൂ .. ഇനി നിനക്ക് എങ്ങോട്ടും പോകാം..
ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് എന്റെ കൂടെ ആരുമില്ലെങ്കിലും നീയുണ്ടാവും.. മതി ഇക്കാ നിറുത്താം ഇങ്ങനെയുള്ള സംസാരം ..
ഡോക്ടർ പറഞ്ഞത് ഓർമയില്ലേ…
തുടർച്ചയായ ചികിത്സയും സ്നേഹത്തോടെയുള്ള പരിചരണവും ഉണ്ടായാൽ രോഗം പൂർണ്ണമായും മാറ്റാൻ കഴിയുമെന്ന്..

മരുന്നു കഴിക്കാൻ നിങ്ങൾ റെഡിയാണെങ്കില്‍ സ്നേഹിക്കാൻ ഞാനും റെഡിയാണ്..ട്ടോ..
എന്തു പറയുന്നു.. അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു കൊണ്ട് പറഞ്ഞു..
സ്നേഹം ഇങ്ങനെ മാത്രം പോര കേട്ടോ.. നിങ്ങളുടെ അനിയൻ മാർക്കൊക്കെ രണ്ടും മൂന്നും മക്കളായി.. ചിരിച്ചുകൊണ്ട് അവൾ അവന്റെ വയറ്റിൽ ഒന്നു നുള്ളി..

അവൻ അവളുടെ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് പറഞ്ഞു..

കള്ളീ…. നിന്റെ ആഗ്രഹം കൊള്ളാല്ലോ.. എന്നാൽ വേഗം വാ… സമയം കളയണ്ട.. ഇപ്പോഴേ തുടങ്ങിയാൽ അഞ്ചുവർഷംകൊണ്ട് നമുക്ക് അവരെ ഓവർട്ടേക്ക് ചെയ്യാം..

നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു.. അവൾ രണ്ട് കൈകളും കൊണ്ടും മുഖം പൊത്തി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..

രചന :അസ് മാസ്

LEAVE A REPLY

Please enter your comment!
Please enter your name here