Home തുടർകഥകൾ അയാളുടെ സഞ്ചാരo മറ്റാരും അറിയരുത് എന്ന് അയാൾക്ക് നിർബന്ധം ഉണ്ട്.. Part -6

അയാളുടെ സഞ്ചാരo മറ്റാരും അറിയരുത് എന്ന് അയാൾക്ക് നിർബന്ധം ഉണ്ട്.. Part -6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Aswathy Sreeraj

സുമതി വളവിലെ കൊലപാതകം ഭാഗം -6

സമയം 12 മണി..
പാലോട് പോലീസ് സ്റ്റേഷൻ..

എഡ്വിൻ കാർ പാർക്ക് ചെയ്തു.. ശേഷം സ്റ്റേഷനിലേക്ക് ഇരുവരും കയറി ….

“ആരാണ്.. !”

കോൺസ്റ്റബിൾ ചോദിച്ചു..

“എനിക്ക് വിനോദ് സാറിനെ ഒന്ന് കാണണം.. പേര് എഡ്വിൻ.. ! പ്രൈവറ്റ് ഡിറ്റെക്റ്റീവ് എന്ന് പറഞ്ഞാൽ മതി.. ”

“മ്മ്.. ഇവിടെ നിൽക്ക്.. ഞാൻ സാറിനോട് പറഞ്ഞിട്ട് വരാം.. !”

അയാൾ വിനോദിന്റെ ക്യാബിനിലേക്ക് കയറി..

കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേക്ക് വന്നു.. എന്നിട്ട്  പറഞ്ഞു..

“ചെല്ല്.. സാർ വിളിക്കുന്നു.. ”

ഇരുവരും ഉള്ളിലേക്ക് പ്രവേശിച്ചു…

“ങാ … എന്തായി തന്റെ അന്വേഷണം ഒക്കെ.. !”

“കുഴപ്പമില്ലാതെ പോകുന്നു.. !”

“ദിവസങ്ങൾ വെറുതെ മുൻപോട്ട് പോവുകയാണ് എഡ്വിൻ.. ! രണ്ട് മാസം ഒക്കെ ആയാൽ കേസ് ക്ലോസ് ചെയ്യാൻ ഞങ്ങൾ കോടതിയെ സമീപിക്കുo..

ആ പെണ്ണ് എവിടെ നിന്ന് വന്നു എന്ന് പോലും ഇത് വരെ തെളിഞ്ഞില്ല.. !”

“എഡ്വിൻ ഒരു പ്ലാസ്റ്റിക് കവർ വിനോദിന്റെ മുൻപിലെ ടേബിളിൽ വെച്ചു.. !”

“എന്താ ഇത് . !”

“ഇത് വരെ ലഭിച്ച തെളിവുകൾ.. !”

“മനസ്സിലായില്ല.. ”

“ഞാൻ വിശദീകരിക്കാം.. !

ഒന്നാമത്.. ജന താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഒരു ചീപ്പ് കണ്ടെടുത്തു.. അതിൽ താരൻ പോലെ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് ഡി എൻ എ കിട്ടാൻ സാധ്യത ഉണ്ട്.. !

“പിന്നെ.. !”

“ബോഡി കിട്ടിയ സ്ഥലം ഒരു ഹോണ്ടഡ് പ്ലേസ് ആയത് കൊണ്ട് രാത്രി കാലങ്ങളിൽ പ്രേതത്തെ പിടിക്കാൻ യൂ ട്യൂബർസ് ഒക്കെ വരുന്ന സ്ഥലം ആണ്..

അത് പോലെ സാമൂഹിക വിരുദ്ധർ ധാരാളo ഉണ്ടെന്നും ഇൻഫർമേഷൻ കിട്ടി.. അത് കൊണ്ടാണ് അത്തരം ഒരു പ്ലേസിൽ ബോഡി കൊണ്ട് ഇടുന്നത് ആരെങ്കിലും കാണാൻ ഉള്ള സാധ്യതയെ പറ്റി ഞാൻ ചിന്തിച്ചത്..

ഞാൻ ആ പുളിയുടെ ചുവട്ടിൽ ഒരു അന്വേഷണം നടത്തി.. എനിക്ക് അവിടെ നിന്ന് ഒരു കോണ്ടത്തിന്റെ കവർ കിട്ടി..

“അത് കൊണ്ട് എന്ത് കാര്യം എഡ്വിൻ.. അതുമായി കണക്ട് ചെയ്യുന്ന എന്ത് തെളിവ് ആണ് ഉള്ളത്..

ആ സ്ത്രീ റേപ്പ് ചെയ്യപ്പെട്ടിട്ടില്ലല്ലോ .. !

“ഇത് കിട്ടിയപ്പോൾ പല നിഗമനങ്ങളും എന്റെ മനസ്സിൽ കൂടി കടന്നു പോയി..

ഞാൻ ആ പ്രദേശത്ത്  ഉള്ള ആളുകളുമായി സംസാരിച്ചു..

അപ്പോൾ മനസ്സിലായ ഒരു കാര്യം ഉണ്ട്..

ബോഡി കിട്ടിയ ഭാഗത്തിന്റെ എതിർ ഭാഗത്ത് ചെങ്കുത്തായ ഇറക്കവും അതിൽ നിറയെ റബ്ബറും ആണ്.. അതിന്റെ ഏറ്റവും താഴെ അധികം ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന ഒരു വീട് ഉണ്ട്.. അവിടെ ഒരു സ്ത്രീ ഒറ്റക്ക് താമസം ഉണ്ട്.. വനജ.. അവളെ കാണാൻ രാത്രി ആ ഭാഗത്ത് ഒരാൾ വന്നു പോകുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി..

ഞാൻ ആ വ്യക്തിയെ കണ്ടു പിടിച്ചു.. നിർഭാഗ്യവശാൽ ഓടി രക്ഷപെട്ടു കളഞ്ഞു..

ഇനി ഞാൻ കാര്യത്തിലേക്ക് വരാം..

പിടി വലിക്കിടെ അയാളുടെ കയ്യിൽ നിന്ന് ഞങ്ങൾക്ക് ഒരു കോണ്ടത്തിന്റെ കവർ കൂടി കിട്ടി..

see this

രണ്ട് കവറുകളും ഒരേ പോലെ…

ഇതിൽ ചിന്തിക്കേണ്ട കാര്യം ഇതാണ് വിനോദ്…

ഉപയോഗ ശേഷം അയാൾ ഈ കവർ കളയാൻ ആണെങ്കിൽ അത് വനജയുടെ വീടിന്റെ മുറിക്കുള്ളിൽ തന്നെ ഉപേക്ഷിക്കാമായിരുന്നു..  പക്ഷെ ! അയാൾ അങ്ങനെ ചെയ്തില്ല.. അതിന്റെ അർഥം അയാൾ ഈ കവറുകൾ സൂക്ഷിച്ചു വെക്കുന്നതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാവും..

ആ ഭാഗത്ത് നിന്ന് ഈ ഒരു കവർ അല്ലാതെ വേറെ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല.. ഇനി അയാൾ സ്ഥിരമായി ആ ഭാഗത്ത് ആണ് അത് കളയുന്നത് എങ്കിൽ വേറെയും കവറുകൾ ലഭിക്കുമായിരുന്നു..

“അപ്പോൾ താൻ പറഞ്ഞു വരുന്നത്  അയാൾ ആണ് പ്രതി എന്നാണോ.. ”

“അല്ല വിനോദ്.. അയാൾ ആ ഭാഗത്ത് പോയിട്ടുണ്ട് എന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായി.. പക്ഷെ ! എന്നാണ് പോയത് എന്ന് അറിയില്ല..

ഇനി ഞാൻ പറയാൻ പോകുന്നത് എന്റെ ഒരു നിഗമനം മാത്രം ആണ്..

സംഭവ ദിവസം അയാൾ ആ തോട്ടത്തിൽ കൂടി പുറത്തേക്ക് വന്നു.. ചിലപ്പോൾ അയാൾ ആ വാഹനം കണ്ടിരിക്കാം.. ആ സമയത്ത് തന്നെ ആവാം കൊലയാളികൾ കൃത്യം നടത്തി തിരികെ വാഹനത്തിലേക്ക് കയറുന്നത് എന്ന് കരുതുക…സ്വാഭാവികമായും അയാൾ ഹൈഡ് ചെയ്യും.. അവർ പോകുന്നത് വരെ..

അവർ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾക്ക് അവർ അവിടെ എന്തിനാണ് പോയത് എന്ന് അറിയാനുള്ള ഒരു ആകാംക്ഷ ഉണ്ടായിക്കാണും.. അയാൾ ആ പ്രദേശത്ത് മുഴുവൻ ഒന്ന് കണ്ണോടിക്കുന്നു..

ഒന്ന് ആലോചിച്ചു നോക്ക് വിനോദ് രാത്രി ഒരു ശവം പുളിയുടെ കൊമ്പിൽ കയറിൽ തൂങ്ങി നിൽക്കുന്ന ദൃശ്യം ടോർച്ച് വെളിച്ചത്തിൽ കാണുന്ന ഒരു മനുഷ്യന്റെ അവസ്ഥ എന്താകാo എന്ന്..

ഭയക്കും.. 100 ശതമാനം..

തിരിഞ്ഞ് ഓടുന്നതിനിടെ നിലത്ത് വീണിരിക്കാം.. അതിനിടെ ആവാം കവർ താഴെ വീണത്.. ആ വെപ്രാളത്തിൽ അയാൾ അതിനെ പറ്റി ചിന്തിക്കില്ല..

പിന്നെ രാത്രിയിൽ ഉള്ള അയാളുടെ സഞ്ചാരo മറ്റാരും അറിയരുത് എന്ന് അയാൾക്ക് നിർബന്ധം ഉണ്ട്.. അത് കൊണ്ടാവാം അന്വേഷണം വന്നപ്പോൾ അയാൾ മൗനം പാലിച്ചത്..

അത് മാത്രം അല്ല.. രാത്രിയിലും തോർത്ത് കൊണ്ട് മുഖം മറച്ച് ആണ് അയാൾ നടക്കുന്നത്.. ആരെങ്കിലും കണ്ടു പിടിച്ചാൽ അയാളെ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തും.. ഇത്തരം മുൻകരുതലോടെ നടക്കുന്ന ഒരു വ്യക്തി താൻ പ്രതികളെ കണ്ടു എന്ന് പറഞ്ഞു വരില്ല…കാരണം അയാൾക്ക് വേറെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പറയേണ്ടി വരും..

വിനോദ് ഒരു നിമിഷം ആലോചിച്ചു നിന്നു…

“അയാൾ ആരാണെന്ന് എന്തെങ്കിലും ക്ലൂ ഉണ്ടോ.. !”

“ഉണ്ട്..

ഇത് അയാളുടെ ടോർച്ച് ആണ്.. ഫിംഗർ പ്രിന്റ് ലഭിക്കും..

പിന്നെ അയാളുടെ സ്കിൻ.. ആന്തിയപ്പോൾ എന്റെ കയ്യിൽ കയറിയത് ആണ്..

പിന്നെ ലുങ്കി..

ഇനി ഇപ്പോൾ വിനോദ് സാറിന് ഈ വ്യക്തിയെ കണ്ടു പിടിക്കാൻ ഈ ഒരു കോണ്ടത്തിന്റെ കവർ പോരാ എങ്കിൽ ഞാൻ ഒരു പരാതി തരാം..

“എന്ത് പരാതി.. !”

“വിനോദ് സാറിന്റെ സ്റ്റേഷൻ പരിധിക്കുള്ളിൽ വെച്ച് ഒരു വ്യക്തി എന്നെ കൊല്ലാൻ ശ്രമിച്ചു… ക്രിമിനൽ ഒഫൻസ് ആണ്..

തെളിവ് ഉണ്ട്..

ദേ കണ്ടില്ലേ ബ്ലേഡ് വെച്ച് മുറിച്ചു വെച്ചിരിക്കുന്നത് ….

“ഓഹോ… ! അപ്പോൾ താൻ രണ്ടും കൽപ്പിച്ച് ആണ്.. !”

“അതെ.. എന്നെ ആക്രമിക്കാൻ വന്ന വ്യക്തിയുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടും അയാളെ കണ്ടു പിടിക്കാത്തത് പോലീസിന്റെ അനാസ്ഥ അല്ലെ.. !”

“മതി.. മതി.. താൻ പൊയ്ക്കോ.. ഞാൻ അയാളുടെ ഡീറ്റെയിൽസ് തരാം.. !”

“വളരെ നന്ദി.. !”

ഇരുവരും സ്റ്റേഷനിൽ നിന്ന് വെളിയിൽ ഇറങ്ങി..
ഇരുവരും കാറിൽ കയറി…

“അപ്പോൾ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.. !”

അത് കേട്ട് എഡ്വിൻ ചിരിച്ചു..

“എന്നാലും അവർ എങ്ങനെ ആവും എഡ്വിൻ കേരളത്തിൽ എത്തിയത്.. !”

“ഏതെങ്കിലും പ്രൈവറ്റ് വെഹിക്കിളിൽ ആവാം..”

“ഇനി എങ്ങോട്ടാണ് പോകുന്നത്.. !”

“ബംഗാളി ചേട്ടന്മാർ ആരെങ്കിലും മിസ്സിംഗ്‌ ആണോ എന്ന് അറിയണം.. !

അവർ ഈ നാട്ടുകാരി അല്ലാത്ത സ്ഥിതിക്ക് ബംഗാളികളെ സംശയിക്കേണ്ടിയിരിക്കുന്നു..

പതിനഞ്ചു മിനിറ്റിന് ശേഷം…

എഡ്വിന്റെ വാഹനം പാലത്തിന്റെ അടുത്ത് എത്തി..

വലതു വശത്തായി ഹോട്ടലുകാരൻ പറഞ്ഞ അതിമനോഹരമായ ഒരു കൺസ്ട്രക്ഷൻ.. !

അതിന്റെ തൊട്ടരികിൽ ആയി ഒരു പഴയ ഷീറ്റിട്ട കെട്ടിടവും..

ഇരുവരും കാറിൽ നിന്ന് ഇറങ്ങി..

“ഇന്ന് പണി ഇല്ലെന്ന് തോന്നുന്നു.. !”

അരുൺ പറഞ്ഞു…

“മ്മ്.. അപ്പോൾ എല്ലാവരും വീട്ടിൽ തന്നെ കാണും.. !”

ഇരുവരും ആ ഭാഗത്തേക്ക് നടന്നടുത്തു..

തങ്ങളുടെ വീടിന്റെ മുറ്റത്ത് അപരിചിതരെ കണ്ടപ്പോൾ ഒരാൾ വന്ന് കാര്യം തിരക്കി..

“ക്യാ ചാഹിയെ സാബ്.. !”

(എന്ത് വേണം )

“നിങ്ങൾ എത്ര ദിവസം ആയി ഇവിടെ ജോലി ചെയ്യുന്നു ”

ഒരു മാസം ആയി…

“അതെയോ… എനിക്ക് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്.. ശ്രദ്ധയോടെ കേൾക്കു.. ”

“ജി.. ”

(ശരി.. )

നിങ്ങളുടെ കൂടെ ജോലി ചെയ്യാനായി
പെൺകുട്ടികളും വന്നിരുന്നുവോ.. !

“നഹിo.. ”

(ഇല്ല. )

” നിങ്ങളിൽ എത്ര പേർ ഇവിടെ അടുത്തുള്ള ഹോട്ടലിൽ ചായ കുടിക്കാൻ രാവിലെ അല്ലെങ്കിൽ  വൈകുന്നേരo എന്നും പോയി വരാറുണ്ട്..?

10 പേർ ഉണ്ട്..

“അതെയോ.. ആ 10 പേരും ഇപ്പോൾ ഇവിടെ ഉണ്ടോ.”

ഇല്ല സാർ.. അതിൽ രണ്ട് പേർ വേറൊരു കൺസ്ട്രക്ഷൻ സൈറ്റിലേക്ക്  പോയി.. !”

എത്ര ദിവസം ആയി..?

ഒരാഴ്ചയിൽ അധികം..

അവർ എവിടെ നിന്ന് വന്നവർ ആണ്.. !

“ധാരാവി.. ”

ഇവിടെ ഉള്ള എല്ലാവരും ധാരാവിയിൽ നിന്ന് ഉള്ളവർ ആണോ.. !

“ഇല്ല സാർ.. അവർ രണ്ട് പേർ മാത്രമേ ധാരാവിയിൽ നിന്ന് ഒള്ളു.. ബാക്കിയുള്ളവർ എല്ലാം ബംഗാളികൾ ആണ്.. ”

“നിങ്ങളുടെ കോൺട്രാക്റ്ററുടെ പേര് എന്താണ് !”

“ബാലൻ ജി.. !”

എം എൽ എ ചാണ്ടി സാറിന്റെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് തൊഴിലാളികളെ അയക്കുന്ന ബാലൻ അല്ലല്ലോ അത്.. അല്ലെ.. !”

അറിയില്ല..

അതെയോ… നിങ്ങൾ പറഞ്ഞിരുന്നല്ലോ രണ്ട് പേർ വേറെ സൈറ്റിൽ പോയി എന്ന്.. അവരെ പറ്റി എന്തൊക്കെ അറിയാം.. !”

അവരുടെ പേര് മുന്നയും വീറും എന്നാണ്..

മൊബൈൽ നമ്പർ ഉണ്ടോ..

എന്റെ കയ്യിൽ ഇല്ല.. നിൽക്കു. ഞാൻ ബാലുവിനോട് ചോദിച്ചിട്ട്‌ വരാം.. !

അയാൾ വീടിനുള്ളിലേക്ക് കയറി..
കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാളെയും കൊണ്ട് വെളിയിൽ വന്നു..
എന്നിട്ട് പറഞ്ഞു..

ഇതാണ് ബാലു..

ങാ ബാലു.. പറയു..അവരുടെ നമ്പർ അറിയാമോ.. !”

ബാലു നമ്പർ തരാൻ മടിച്ചു നിന്നു..

എന്ത് പറ്റി.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..

“അതെ.. അവർ എനിക്ക് നമ്പർ ഒക്കെ തന്നു.. പക്ഷെ ഇത് കൂടി പറഞ്ഞു.. ഈ നമ്പർ ആരുമായും ഷെയർ ചെയ്യരുത് എന്ന്.. ”

അത് കേട്ട് എഡ്വിൻ ചിരിച്ചു..

“അങ്ങനെ അവർ പറഞ്ഞിരുന്നു എങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ആ നമ്പറിനെ പറ്റി എന്റെ അടുത്ത് പറഞ്ഞത്.. ”

അയാൾ നിശബ്ദനായി…

“പറയു ബാലു.. അവർ നിങ്ങൾക്ക് മാത്രം എന്തിനാണ് നമ്പർ തന്നത്.. എന്താ നിങ്ങൾക്കിടയിൽ എന്തെങ്കിലും ഇടപാട് നടക്കുന്നുണ്ടോ.. !”

“ഇല്ല.. ഒരു ദിവസം ഞാൻ അവരോട് ഒരു ഉപകാരം ചോദിച്ചു.. പണത്തിന് വേണ്ടി.. എന്റെ മകന് സുഖമില്ലായിരുന്നു.. അവർ എനിക്ക് പണം തന്നു… ”

“എത്ര.? ”

അൻപതിനായിരം..

“ഞാൻ ആ പണം ഇത് വരെ തിരിച്ചു കൊടുത്തില്ല.. ആ പണത്തിന്റെ കാര്യം സംസാരിക്കാൻ വേണ്ടി ആണ് അവർ എനിക്ക് നമ്പർ നൽകിയത്… ”

എങ്കിൽ എനിക്ക് നമ്പർ വേണ്ട..നിങ്ങൾക്ക് പോകാം..

ബാലു ഉള്ളിലേക്ക് കയറി.. ആദ്യം വിവരം തിരക്കിയ പയ്യന്റെ തോളിൽ കൈ ഇട്ട് എഡ്വിൻ കുറച്ചു മുൻപിലേക്ക് നടന്നു.. വാലറ്റ് എടുത്ത് കുറച്ചു പണം അയാൾക്ക് നേരെ നീട്ടി.. എന്നിട്ട് പറഞ്ഞു..

നിനക്ക് ഞാൻ ഇതിൽ കൂടുതൽ പണം തരാം.. നിന്റെ കണ്ണ് അവനിൽ ഉണ്ടായിരിക്കണം.. എനിക്ക് ബാലുവിന്റെ നമ്പർ വേണം..

അയാൾ ചുറ്റും നോക്കിയ ശേഷം പണം വാങ്ങി
.എന്നിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ കയ്യിൽ എടുത്തു..
അതിൽ ബാലുവിന്റെ നമ്പർ സെർച്ച്‌ ചെയ്ത ശേഷം എഡ്വിനെ കാണിച്ചു..

“984467…. ഈ നമ്പർ സേവ് ചെയ്യു..

ഇത് എന്റെ നമ്പർ ആണ്.. ബാലുവിന്റെ നമ്പർ എനിക്ക് മെസ്സേജ് ചെയ്യു..

അയാൾ അത് ചെയ്തു..

എഡ്വിൻ ചിരിച്ചു കൊണ്ട് അയാളുടെ തോളിൽ തട്ടി..

ശ്രദ്ധിച്ചു കേൾക്കുക.. ബാലുവിന്റെ ഓരോ മൂവ് മെന്റും എനിക്ക് ഇൻഫോം ചെയ്യണം.. ഒരു കാര്യം കൂടി ശ്രദ്ധിച്ച് കേൾക്കു.. ഞാൻ ആരാണ് എന്നുള്ള കാര്യം ഇത് വരെ പറഞ്ഞില്ല.. ശരി പറഞ്ഞെക്കാം..

കേരള പോലീസ്..

ഒരു കുഴപ്പവും വരാൻ പാടില്ല. ഏൽപ്പിച്ച കാര്യം ഭംഗിയായി ചെയ്താൽ ഇനിയും പണം കിട്ടും.. അല്ലെങ്കിൽ…

നിങ്ങൾക്ക് അറിവുണ്ടാകുമല്ലോ ഒരു പോലീസ് ഓഫീസറിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന്.. !”

“ഇല്ല സാർ.. ഞാൻ ജോലി വൃത്തിയായി ചെയ്തു കൊള്ളാം.. ”

ബാലുവിന്റെ നമ്പറുമായി ഇരുവരും കാറിൽ കയറി..

കാർ സുമതി വളവിനെ ലക്ഷ്യമാക്കി കുതിച്ചു..

“അല്ല എഡ്വിൻ ! അവർ കേരളം വിട്ട് പോകാത്ത സ്ഥിതിക്ക് അവർ കൊല ചെയ്തിട്ടുണ്ടാവുമെന്ന് എങ്ങനെ ഉറപ്പിക്കാൻ സാധിക്കും.. ”

“അവർ തന്നെ ആണ് കൊലയാളികൾ എന്ന് ഞാനും ഉറപ്പിച്ചിട്ടില്ല അരുൺ…

പിന്നെ കുറച്ചു സംശയങ്ങൾ ഉണ്ട്..

അതിൽ ഒന്നാണ് ആ പണം..

അതും അൻപതിനായിരം രൂപ…എങ്ങനെ ആണ് അവരുടെ കയ്യിൽ ഇത്രയും വലിയ ഒരു തുക വന്നത്.. അതും ദിവസം 700 രൂപക്ക് പണി എടുക്കാൻ വന്നവരുടെ കയ്യിൽ…

ആ പണം കടമായി കൊടുത്തു.. അപ്പോൾ ഇനിയും അവരുടെ പക്കൽ പണം ബാക്കി ഉണ്ടെന്ന് ഉറപ്പിക്കാം..

ആ പണത്തിന്റെ ഉറവിടം കണ്ടെത്തണം..

പിന്നെ മൃതദേഹം ലഭിച്ചതിന് പിന്നാലെ മറ്റൊരു കൺസ്ട്രക്ഷൻ സൈറ്റിലേക്ക് പോയതും സംശയം ജനിപ്പിക്കുന്നു…

പിന്നെ അവരുടെ ബാക്ക്ഗ്രൗണ്ട്.. ധാരാവിയിൽ നിന്ന് വന്നവർ.. അവരുടെ സ്വഭാവം ഊഹിക്കാമല്ലോ അരുണേ..

എവിടോ എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ… ! മ്മ്…. കണ്ടെത്താം…

ലഭിച്ച തെളിവുകളുമായി വിനോദ് ജീപ്പിൽ കയറി..

പൊടുന്നനെ വിനോദിന്റെ മൊബൈൽ ശബ്‌ദിച്ചു .

“വിനോദേ..ഞാനാ.. എഡ്വിൻ !”

“ആ പറയടോ !”

“ഞാൻ ഒരു നമ്പർ സെന്റ് ചെയ്തിട്ടുണ്ട്.. അതിലെ കാൾ ലിസ്റ്റുകൾ ഒന്ന് പരിശോധിക്കണം.. തനിക്ക് കൂടി പ്രയോജനം കിട്ടുന്ന കാര്യം ആണ്.. !”

“കേസുമായി ബന്ധം ഉള്ളത് ആണോ !”

“അതെ.. ! തന്നെ നേരിൽ കാണുമ്പോൾ സംസാരിക്കാം.. ആ നമ്പർ ഉപയോഗിക്കുന്ന വ്യക്തി അഞ്ചു മിനിട്ടിനു മുൻപ് ആരെയെങ്കിലും വിളിച്ചിരുന്നുവോ എന്ന് പരിശോധിക്കണം.. അതായത് ഇപ്പോൾ 1:5 ആയി.. 1:00 മണിക്ക് അയാൾ ആരെങ്കിലുമായി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് വേണം പരിശോധിക്കാൻ..

അങ്ങനെ വിളിച്ചെങ്കിൽ ആ നമ്പർ ആരുടെ പേരിൽ രജിസ്റ്റർ ചെയ്തത് ആണെന്നും അതിന്റെ ഇപ്പോഴുള്ള ലൊക്കേഷനും കണ്ടെത്തണം.. ”

“മ്മ്.. ഞാൻ നോക്കട്ടെ.. !”

വിനോദ് കാൾ കട്ട്‌ ചെയ്തു..

സുമതി വളവിനോട്‌ ചേർന്ന  ജന മുൻപ്  താമസിച്ചിരുന്ന വീടിന് മുൻപിൽ വണ്ടി നിർത്തിയ ശേഷം എഡ്വിൻ പറഞ്ഞു…

“അരുൺ… സമയം നോക്കിക്കോണേ…
ഈ വീട്ടിൽ നിന്ന് ഹോട്ടലുകാരൻ പറഞ്ഞ വഴികളിൽ കൂടി ആ പാലം വരെ കാൽനടയായി പോകുന്നതിന് എത്ര സമയം വേണ്ടി വരും എന്ന് ചെക്ക് ചെയ്യാം.. !”

“ശരി.. ”

വീടിന്റെ പുറകു വശത്ത് കൂടി എഡ്വിൻ മുൻപോട്ട് നടന്നു.. താഴോട്ടുള്ള ഇറക്കം കുറച്ചു ദുഷ്കരം ആയിരുന്നു.. ഇടയ്ക്ക് കാൽ വഴുതി എഡ്വിൻ വീണു… അവിടെ ഉള്ള മണ്ണ് എഡ്വിന്റെ ശരീരത്തിൽ പറ്റി…

വളരെ ശ്രദ്ധയോടെ ഇരുവരും താഴേക്ക് ഇറങ്ങി..

തട്ടു തട്ടായി  തിരിച്ച തോട്ടത്തിന്റെ  ഇറക്കത്തിൽ കൂടി ഇരുവരും ചാടി ഇറങ്ങി .. ഒടുവിൽ പാലത്തിന്റെ അരികിൽ എത്തി..

“എത്ര സമയം വേണം അരുൺ.. !”

“അഞ്ചു മിനിറ്റ് മതി.. കുറച്ചു കൂടി സ്പീഡിൽ നടന്നായിരുന്നു എങ്കിൽ ഇതിലും നേരത്തെ എത്തിപ്പോയെനേം.. ”

“മ്മ്.. താൻ ഇവിടെ നിൽക്ക്.. ഞാൻ ഇപ്പോൾ വരാം.. !”

റോഡ് മുറിച്ചു കടന്ന ശേഷം എഡ്വിൻ ബംഗാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് കയറി..

കാര്യം അറിയാതെ അരുൺ എഡ്വിനെ നോക്കി നിന്നു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ എഡ്വിൻ തിരികെ ഇറങ്ങുന്ന ദൃശ്യം അവൻ കണ്ടു.. അരുണിന് വിവരങ്ങൾ അറിയാൻ ആകാംക്ഷ ആയി..
എഡ്വിൻ അടുത്ത് വന്ന ഉടൻ അരുൺ വിവരം തിരക്കി..

“എന്തിനാണ് എഡ്വിൻ താങ്കൾ പിന്നെയും അവിടെ പോയത്.. !”

“ഹ ഹ.. ഒന്ന് കൂടി ഞാൻ അവിടെ സന്ദർശിച്ചു എന്ന് അറിഞ്ഞ ബാലുവിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു അരുൺ…

അവൻ നിന്ന് വിയർക്കുന്നുണ്ടായിരുന്നു…

എനിക്ക് അധികം മുഖം തരാതെ അവൻ ഒഴിഞ്ഞു മാറി നിന്നു…

ഞാൻ എന്റെ സ്പൈയ്യോട് കുറച്ചു വിവരങ്ങൾ കൂടി തിരക്കി..

അയാൾ പറഞ്ഞ പ്രകാരം എന്റെ ഊഹം ശരിയായി..

നമ്മൾ പോയതിന് ശേഷം ബാലു മൊബൈലുമായി ബാത്ത് റൂമിൽ കയറുന്നത് അയാൾ കണ്ടു എന്ന് പറഞ്ഞു…

പിന്നെ നമ്മൾ ഇത് വരെ നടന്ന സമയം..

5 മിനിറ്റ്..

ഞാൻ അയാളോട് ഒരു കാര്യം കൂടി തിരക്കി..

മുന്നയും വീറും പാലത്തിന്റെ അവിടേക്ക് പോകാറുണ്ടായിരുന്നുവോ  എന്നായിരുന്നു ചോദ്യം…

അപ്പോൾ അയാൾ പറഞ്ഞു എന്നും ഒരു 7 മണി ആവുമ്പോൾ രണ്ട് പേരും പാലത്തിന്റെ അരികിൽ നിന്ന് സിഗരറ്റ് വലിക്കുന്ന  സ്വഭാവം ഉണ്ടെന്ന്.. !

പിന്നീട് അവർ ഇവിടേക്ക് മടങ്ങി വരുമ്പോൾ 8 മണി അടുപ്പിച്ച് ആവും എന്ന് അറിയാൻ കഴിഞ്ഞു..

ഇത്ര ദുർഘടം പിടിച്ച കയറ്റവും ഇറക്കവും ഇറങ്ങുമ്പോൾ… അതും വെപ്രാളത്തിൽ ചെയ്യുമ്പോൾ വീഴാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് നമ്മൾ ആ വഴി ഇറങ്ങി വന്നപ്പോൾ മനസ്സിലായില്ലേ..

അത് കോണ്ട് ഞാൻ അയാളോട് ചോദിച്ചു..

8 മണിക്ക് ശേഷം വന്നപ്പോൾ ഏതെങ്കിലും ദിവസം അവരുടെ ശരീരത്തിൽ മുറിവോ അതും അല്ലെങ്കിൽ ഡ്രെസ്സിലോ കാലിലോ ചെരുപ്പിലോ ചെളിയുടെ അംശo  ഉണ്ടായിരുന്നുവോ എന്നും തിരക്കി..

അതിനും എനിക്ക് മറുപടി കിട്ടി..

എന്ത്..

“മുന്നയുടെ ബനിയന്റെ പുറകു വശത്ത് ചെളി പറ്റിയിരുന്നു എന്ന്.അന്ന് അവന്റെ കയ്യുടെ മുട്ട് ചെറിയ രീതിയിൽ ഉരഞ്ഞ് ചോര വരുന്നുണ്ടായിരുന്നു എന്നും അവർ പറഞ്ഞു.. പിന്നെ കാല് കഴുകിയ ശേഷം ആണ് മുറിയിൽ വരാറെന്നും കൂട്ടിച്ചേർത്തു..   പക്ഷെ ! ഏത് ദിവസം ആണെന്ന് ആർക്കും ഓർമ ഇല്ല..

അവരിൽ ഒരാൾ അതിനെപ്പറ്റി ചോദിച്ചപ്പോൾ അത് പണിക്കിടയിൽ പറ്റിയത് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി എന്ന്..

എന്ത് തോന്നുന്നു അരുൺ.. !

“ഉറപ്പായും അവർ ഈ വഴി ജനയെ കാണാൻ പോകുമായിരുന്നു എന്ന് തോന്നുന്നു.. !”

“അതെ.. ഇനി കണ്ടെത്തേണ്ടത് മോട്ടീവ് ഓഫ് മർഡർ ആണ്..  വ്യക്തി വൈരാഗ്യo ആണോ അതോ ഇനി മറ്റാർക്കെങ്കിലും വേണ്ടി കൊട്ടേഷൻ ഏറ്റെടുത്തത് ആണോ എന്നും ആണ്..

ഇരുവരും വന്ന വഴി തന്നെ തിരിച്ചു കയറി..

“വ്യക്തി വൈരാഗ്യo ആണെങ്കിൽ അവരുടെ കയ്യിൽ അത്രയും പണം എവിടെ നിന്ന് വന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എഡ്വിൻ !”

“ആ പണം ജനയുടെ പക്കൽ ഉണ്ടായിരുന്നതാണ് എന്ന് വേണമെങ്കിലും കരുതാമല്ലോ അരുൺ.. ”

“ഇനി ഈ ജനയും ധാരാവിയിൽ തന്നെ ഉള്ളത് ആയിരിക്കുമോ.. എന്തായാലും ഒരു കാര്യം ഉറപ്പായി.. രാത്രി അവരെ കാണാൻ പോകുമായിരുന്നു എങ്കിൽ ഉറപ്പായും ജനക്ക് വേണ്ടപ്പെട്ട ആരോ ആണ് അവർ രണ്ട് പേരും എന്ന് ഉറപ്പിക്കാം.. അപ്പോൾ പിന്നെ ജനയെ കൊലപ്പെടുത്താൻ അവർക്ക് വലിയ പ്രയാസം ഒന്നും ഉണ്ടായിക്കാണില്ല എന്ന് തോന്നുന്നു.. !”

“തന്റെ ഊഹം ഏറെക്കുറെ ശരി ആണ്.. അവരുടെ കോൺട്രാക്റ്റർ ബാലൻ അല്ലെ.. അയാളെ ഒന്ന് കാണണം..”

“നെടുമാങ്ങാട് മാതാ ലോഡ്ജിൽ ആണ് അയാൾ താമസിക്കുന്നതെന്ന് അന്ന് നമ്മൾ തിരക്കിയപ്പോൾ ഒരാൾ പറഞ്ഞിരുന്നു.. ഓർക്കുന്നുണ്ടോ.. !”

“മ്മ്.. ഓർക്കുന്നുണ്ട് അരുൺ.. നമുക്ക് ആഹാരം കഴിച്ച ശേഷം അവിടേക്ക് പോകാം.. ”

ഇറക്കം ഇറങ്ങുന്ന പോലെ അത്ര എളുപ്പം അല്ലല്ലോ കയറ്റം കയറാൻ.. 5 മിനിറ്റ് എന്ന സമയം അവർ മുകളിൽ എത്തിയപ്പോഴേക്കും 8 മിനിറ്റ് ആയി ഉയർന്നു..

ശേഷം എന്നും പോകാറുള്ള ഹോട്ടലിലേക്ക് കയറി..

ഊണ് കഴിച്ചു..

ബില്ല് കൊടുക്കാൻ നേരം എഡ്വിൻ അയാളോട് ചോദിച്ചു..

“ചേട്ടാ… ദേഹത്ത് മുറിവ് പറ്റിയ ആരെങ്കിലും ഉച്ചക്ക് ഉണ്ണാൻ വന്നിരുന്നുവോ.. !”

“ങാ.. നിങ്ങൾ രാവിലെ മുറിവിന്റെ കാര്യം പറഞ്ഞത് കൊണ്ട് ഞാൻ ഇന്ന് ഇവിടെ വന്നവരെ എല്ലാം നോക്കി..

അതിൽ..  ഇവിടെ നിന്ന് ചില ദിവസങ്ങളിൽ ഉച്ചക്ക് ഉണ്ണാൻ പൊതി വാങ്ങുന്ന ഒരാൾ ഉണ്ട്.. സോമൻ…
അവന്റെ നെറ്റിയിൽ ബാൻറ്റേജ് ഒട്ടിച്ചിരിക്കുന്നത് കണ്ടു..

അത് കേട്ട് എഡ്വിന്റെ മുഖം വിടർന്നു..

“അയാളുടെ കയ്യിൽ ആരെങ്കിലും മാന്തിയ പാട് ഉള്ളതായി കണ്ടിരുന്നുവോ.. !”

“അയാൾ ഫുൾ സ്ലീവ് ഷർട്ട് ആണ് ഇട്ടിരുന്നത്.. അത്  കയ്യുടെ പത്തി വരെ നീട്ടി ഇട്ടിരിക്കുകയായിരുന്നു.. !”

“അയാൾ എന്നും അങ്ങനെ ആണോ ഷർട്ട് ധരിക്കാറ്.. !”

“ആ.. ചിലപ്പോളൊക്കെ.. !”

“ഈ സോമൻ വിവാഹിതൻ ആണോ? ”

“പെണ്ണുമ്പുള്ള പിണങ്ങി പോയി.. ഡിവോഴ്സിനൊക്കെ എഴുതി കൊടുത്തിരിക്കുകയാണ്.. ഇയാൾ ഡിവോഴ്സ് കൊടുക്കത്തില്ല.. ആ സ്ത്രീയുടെ ഒരു വിധി..

വേറെ സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞാണ് ഡിവോഴ്സിന് അവർ കൊടുത്തത്.. പക്ഷെ !  സോമന് എതിരെ തെളിവ് ഇല്ല.. ഒരു കുട്ടിയും ഉണ്ട്.. ഇപ്പോൾ 5 വയസ് ആയിക്കാണും.. കുറേ നാളായി ഇങ്ങോട്ട് വന്നിട്ട്.. ”

“സോമന് എന്താണ് ജോലി.. !”

“വാട്ടർ അതോറിറ്റി സ്റ്റാഫ്‌ ആണ്..അരുവിക്കരയിൽ..  ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണെന്ന് കണ്ടാൽ പറയില്ല.. !”

“ഇന്ന് ഡ്യൂട്ടി ഉള്ള ദിവസം അല്ലെ.. എന്നിട്ടും അയാൾ പോയില്ലേ.. !”

“പോയില്ല എന്ന് ഉറപ്പാണ് .. കാരണം ജോലിക്ക് പോകാത്ത ദിവസം ഉച്ചക്ക് ഇവിടെ നിന്ന് ആഹാരം വാങ്ങും.. അല്ലാത്തപ്പോൾ ജോലിക്ക് പോകുന്ന സ്ഥലത്തിന്റെ അടുത്ത് നിന്ന് കഴിക്കും.. !അതാ പതിവ്.. !”

“അപ്പോൾ അയാൾ ഇന്ന് രാവിലെ വന്നില്ലേ.. !”

“ഹേയ്.. രാവിലെ അങ്ങനെ വരാറ് പതിവില്ല..ചിലപ്പോൾ വീട്ടിൽ തന്നെ തട്ടി കൂട്ടി എന്തെങ്കിലും ഉണ്ടാക്കുമായിരിക്കും.. ”

“ഈ സോമനും വനജയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.. !”

“ഇത് സാറിനോട് ആര് പറഞ്ഞു.. !”

കടക്കാരന്റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു..

“അതൊക്കെ ഞാൻ അറിഞ്ഞു.. എന്താ സത്യമാണോ.. !”

“എന്റെ സാറേ.. ഈ വനജയുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞാണ് അങ്ങേരുടെ ഭാര്യ വീട് വിട്ട് പോയത്..

വനജയുടെ വീട്ടിൽ നിന്ന് ഇയാളെ കയ്യോടെ പൊക്കി സ്റ്റേഷനിൽ ഏൽപ്പിക്കാൻ ആ പെണ്ണിന്റെ സഹോദരൻ കുറേ ഉറക്കം ഇളച്ചത് ആണ്.. എന്നിട്ട് കിട്ടിയോ.. ഇല്ല.. ”

“അപ്പോൾ വനജയുമായി ബന്ധം ഉണ്ട് എന്ന് ഉറപ്പിക്കാം.. അല്ലെ.. !”

“അവളുടെ വീട്ടിൽ നിന്ന് അയാളെ കയ്യോടെ പൊക്കിയാൽ ആ പെണ്ണിന് ഡിവോഴ്സ് എങ്കിലും കിട്ടി പോയെനേം.. !”

“ശരി.. വിവരങ്ങൾക്ക് നന്ദി.. !”

എഡ്വിൻ കടയിൽ നിന്ന് വെളിയിൽ ഇറങ്ങി..

“എഡ്വിൻ ! നമ്മൾ സംശയിക്കുന്ന ആൾ സോമൻ തന്നെ അല്ലെ.. ! നമുക്ക് അയാളെ പോയി കണ്ട് ഒന്ന് സംസാരിച്ചാലോ.. !”

“നമ്മൾ പോയി സംസാരിച്ചാൽ അയാൾ കുറ്റം സമ്മതിക്കണം എന്നില്ല അരുൺ.. ഫോറൻസിക് പരിശോധനാ ഫലം വരട്ടെ.. നിയമപരമായി തന്നെ കീഴ്പ്പെടുത്താം..

തല്ക്കാലം നമുക്ക്  അയാളെ സംശയം ഉണ്ടെന്ന് അറിയിക്കണ്ട..”

“അപ്പോൾ ഇനി എവിടേക്കാണ് !”

കോൺട്രാക്റ്റർ ബാലൻ..

ചില കാര്യങ്ങൾ അയാളിൽ നിന്ന് ചോദിച്ചറിയാൻ ഉണ്ട്..

ഇരുവരും കാറിൽ കയറി..

ഒരു മണിക്കൂറിനു ശേഷം..

മാതാ ലോഡ്ജിന്റെ റിസപ്ഷനിലേക്ക് ഇരുവരും കടന്നു..

ഗേറ്റ് കടന്ന് കയറി വരുന്നിടം ഗ്രില്ല് ഇട്ടിരിക്കുന്നു.. അവിടെ നിന്ന് മുൻപോട്ട് നടന്നാൽ ഇടത് വശത്ത് ഒരു മുറി.. അതാണ്‌ ഒന്നാം നമ്പർ മുറി.. അത് കഴിഞ്ഞാൽ മുകളിലേക്ക് കയറാനുള്ള സ്റ്റെപ്പ് കാണാം.. ആ സ്റ്റെപ്പിന്റെ അപ്പുറം രണ്ടാം നമ്പർ മുറി.. രണ്ടാം നമ്പർ മുറിയുടെ എതിർ ഭാഗം മൂന്നാം നമ്പർ മുറി.. അത് കഴിഞ്ഞാൽ വിശാലമായ ഒരു ഹാൾ ആണ്.. അവിടെ ആണ് റിസപ്ഷൻ..

നല്ല പ്രായമുള്ള  കഷണ്ടിയായ മനുഷ്യൻ  ഇരുവരെയും തുറിച്ചു നോക്കി..
എഡ്വിൻ അയാളുടെ അരികിൽ എത്തി.. എന്നിട്ട് ചോദിച്ചു..

“ബാലൻ എന്നൊരാൾ ഇവിടെ താമസം ഉണ്ടോ? ”

അയാൾ രജിസ്റ്റർ ബുക്ക് കയ്യിൽ എടുത്തു..കണ്ണാടി വെച്ച ശേഷം രജിസ്റ്റർ ബുക്ക് തുറന്ന് അതിൽ കൂടി വിരലുകൾ ഓടിച്ചു..

തല ഉയർത്തി എഡ്വിന്റെ മുഖത്ത് നോക്കി.. എന്നിട്ട് പറഞ്ഞു..

“മ്മ്.. ഈ പേരിൽ ഒരാൾ താമസം ഉണ്ട്.. റൂം നമ്പർ 3..ദേ നേരെ കാണുന്നതാണ്.. ”

“ആളിപ്പോൾ റൂമിൽ ഉണ്ടോ !”

അയാൾ റിസപ്ഷനിൽ തൂക്കി ഇട്ടിരുന്ന താക്കോലുകളിലേക്ക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു..

“ഓ.. ഉണ്ട്… !”

“നന്ദി.. ”

അയാൾ കാണിച്ചു കൊടുത്ത മുറി ലക്ഷ്യമാക്കി ഇരുവരും നടന്നു…
വാതിലിൽ മുട്ടി.. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വാതിൽ തുറന്നു..

അരുൺ ആ വ്യക്തിയെ നോക്കി..

നല്ല കറുപ്പാണ്.. നരച്ചു തുടങ്ങിയ മുടി.. വലിയ വണ്ണം ഒന്നും ഇല്ല.. ഓവൽ ആകൃതിയിൽ ഉള്ള മുഖം.. നീണ്ടുയർന്ന നാസിക..വിടർന്ന കണ്ണുകൾ.. കണ്ണാടി ധരിച്ചിട്ടുണ്ട്..

“ആരാണ്.. !”

അയാൾ ചോദിച്ചു..

“എന്റെ പേര് എഡ്വിൻ.. പ്രൈവറ്റ് ഡിറ്റെക്റ്റിവ്.. ഇത് എന്റെ സുഹൃത്ത് അരുൺ.. എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ച് അറിയാൻ ഉണ്ടായിരുന്നു.. വിരോധം ഇല്ലെങ്കിൽ.. !”

“മ്മ്.. അകത്തേക്ക് വരു..”

ഇരുവരും മുറിയിൽ കയറി.. കട്ടിലിൽ ഇരുന്നു..
അരുൺ ചുറ്റും നോക്കി.. നീല നിറത്തിൽ ഉള്ള പെയിന്റ് ആണ് പൂശിയിരിക്കുന്നത്.. സാമാന്യo നല്ല വൃത്തിയുള്ള മുറി.. തുറന്നിട്ട ജനാലയിൽ കൂടി സാമാന്യo നല്ല രീതിയിൽ തന്നെ കാറ്റും വെളിച്ചവും ഉള്ളിൽ പ്രവേശിക്കുന്നുണ്ട്..

“ഒരു പ്രൈവറ്റ് ഡിറ്റെക്റ്റീവ് എന്തിനാണ് എന്നെ കാണാൻ വരുന്നത്.. ഞാൻ കേസിൽ ഒന്നും ഇൻവോൾവ് ആയിട്ടില്ല.. !”

“എനിക്ക് വീറിനെയും മുന്നയെയും പറ്റി ചിലത് അറിയാൻ ഉണ്ട്.. !”

“അത് ആരാണ്.. !”

“നിങ്ങളുടെ സൈറ്റിൽ പണി എടുക്കുന്നവർ ആണ്.. !”

“ഓ.. അതെയോ.. എനിക്ക് അവത്തുങ്ങളുടെ പേരൊന്നും അറിയില്ല.. എല്ലാറ്റിന്റെ മുഖവും പേരും എല്ലാം ഒരു പോലെ ഇരിക്കുo.. ഞാൻ അവരെപ്പറ്റി എന്ത് പറയാൻ ആണ്.. !”

“എന്തിനാണ് അവർ രണ്ട് പേരെ പാലോട് പാലത്തിന്റെ അടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് മാറ്റിയത്? ”

“ഓ .. അവന്മാരുടെ കാര്യമാണോ… ! അത് അവന്മാർ തന്നെ വന്നു പറഞ്ഞതാണ് അവിടെ നിന്ന് മാറണം എന്ന്.. ഞാൻ പറ്റില്ലെന്ന് പറഞ്ഞു.. ”

“എന്നിട്ട്.. !”

“കുറേ ഒക്കെ കാല് പിടിച്ചു.. ഒടുവിൽ നെടുമങ്ങാട് പെട്രോൾ പമ്പിന് സമീപം ജോലിക്ക് കയറ്റി..

ചാണ്ടി സാർ ഹോസ്പിറ്റലിൽ ആയത് കൊണ്ട് കൺസ്ട്രക്ഷൻ കാര്യങ്ങൾ ഒക്കെ നിർത്തി വെച്ചിരിക്കുകയല്ലേ.. കഴിഞ്ഞ ദിവസം ചാണ്ടി സാറിന്റെ മകൻ വന്നു പറഞ്ഞു എല്ലാം വീണ്ടും തുടങ്ങാൻ.. അങ്ങനെ ഞാൻ അവിടെ പോയി..

പണി സൈറ്റ് മാറി വന്നത് കൊണ്ട് ഞാൻ അവന്മാരെ നോക്കി.. പക്ഷെ ! കണ്ടില്ല..
കൂട്ടത്തിൽ ഉള്ളവന്മാരോട് ചോദിച്ചപ്പോൾ പറഞ്ഞു ഇവിടുത്തെ പണി മതിയാക്കി നാട്ടിൽ പോയെന്ന്..

പണി ചെയ്ത വകയിൽ ഞാൻ കുറച്ചു കാശ് അവന്മാർക്ക് കൊടുക്കാൻ ഉണ്ടായിരുന്നു.. അത് കൊണ്ട് ഞാൻ പിന്നെ കൂടുതൽ ഒന്നും അന്വേഷിക്കാൻ പോയില്ല..”

“ഓ.. അപ്പോൾ അവർ പോയോ !”

“അതെ.. !”

“അവരുടെ കൂടെ ഏതെങ്കിലും സ്ത്രീ ഉണ്ടായിരുന്നതായി അറിയാമോ.. !”

“ഇല്ല.. ചാണ്ടി സാറിന്റെ വീട്ടിൽ ജോലി അന്വേഷിച്ചു ചെന്നു.. ചാണ്ടി സാർ പറഞ്ഞിട്ടാണ് അവന്മാരെ ഞാൻ ജോലിക്ക് കയറ്റിയത്.. !”

“എവിടെ.. പാലോടോ.. !”

“അതെ.. !”

“ശരി… നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു.. വരട്ടെ.. ”

ഇരുവരും ലോഡ്ജിൽ നിന്ന് പുറത്ത് ഇറങ്ങി..

“കേസ് ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണല്ലോ അരുണേ…
ഒരു എത്തും പിടിയും കിട്ടുന്നില്ല.. ”

പെട്ടന്ന് എഡ്വിന്റെ മൊബൈൽ ശബ്ദിച്ചു..എഡ്വിൻ ഫോൺ ഓൺ ചെയ്തു ചെവിയിൽ വെച്ചു..  അപ്പുറത്ത് നിന്ന് വിനോദ് പറഞ്ഞു..

“എഡ്വിൻ.. താൻ തന്ന നമ്പറിന്റെ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്..

സംശയകരമായി തോന്നിയ ഒന്ന് രണ്ട് നമ്പറുകൾ ഉണ്ട്.. അതിൽ ഒരു നമ്പർ ഇപ്പോൾ നിലവിൽ ഇല്ല എന്ന് പറയുന്നു..

“ആ നമ്പർ അവസാനമായി ഏത് ടവർ ലൊക്കേഷനിൽ ആണ് ഉണ്ടായിരുന്നത് എന്ന് അറിയാൻ കഴിഞ്ഞോ.. !”

“ഉവ്വ്.. അത് തമ്പാനൂർ ആണ് കാണിച്ചത്.. !”

“എന്നാണ് ആ നമ്പർ ഓഫ്‌ ആയത് !”

“ഇന്ന് ഉച്ചക്ക്.. !”

“വിനോദേ…എനിക്ക് സംശയം ഉള്ള പ്രതികൾ തമ്പാനൂർ തന്നെ ഉണ്ട്..

ഞാൻ അവരെ പറ്റി തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അവർ കേരളത്തിൽ നിന്ന് പോയി എന്നാണ്.. മറ്റുള്ളവരോട് കള്ളം പറഞ്ഞ് അവർ ഇരുവരും കേരളത്തിൽ തന്നെ തുടരുന്നതിന് പിന്നിൽ എന്തോ ദുരൂഹത ഉണ്ട്.. !”

“പക്ഷെ ! അവരെ എങ്ങനെ കണ്ടെത്തും..  ഫോട്ടോ വല്ലതും സംഘടിപ്പിക്കാൻ പറ്റുമോ.. !”

“പാലോട് പാലത്തിന്റെ അടുത്ത് അവർ ജോലി ചെയ്തിരുന്നതായി തെളിവ് ഉണ്ട്.. അവരെ നേരിട്ട് കണ്ടവരും ഉണ്ട്… ഞാൻ അയാളെ കൂട്ടി സ്റ്റേഷനിലേക്ക് വരാം.. ഒരു രേഖാ ചിത്രം തയാറാക്കാം.. !”

“ങാ.. ശരി.. ഞാൻ സ്റ്റേഷനിൽ കാണും.. !”

വിനോദ് ഫോൺ കട്ട്‌ ചെയ്തു..

എഡ്വിൻ വളരെ വേഗത്തിൽ സുമതി വളവിലെ പാലത്തിന്റെ അടുത്തേക്ക് യാത്ര തിരിച്ചു..

ഇരുവരും കുറച്ചു സമയത്തിനകം തന്നെ അവിടെ എത്തിചേർന്നു.. എഡ്വിൻ കാറിൽ നിന്ന് വെളിയിൽ ഇറങ്ങി..

അരുൺ.. താൻ ഇവിടെ ഇരിക്ക്.. ഞാൻ അവരുമായി ഉടൻ എത്താം.. !

കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് പേർ എഡ്വിന് പുറകിലായി വരുന്നത് അരുൺ കണ്ടു.. ആ മുഖം അടുത്തടുത്തു വന്നു..

അതിൽ ഒന്ന് എഡ്വിൻ പണം കൊടുത്ത വ്യക്തിയും രണ്ടാമൻ ബാലുവും ആണെന്ന് അരുൺ തിരിച്ചറിഞ്ഞു..

രണ്ട് പേരുടെയും മുഖത്ത് ഭീതി നിഴലിച്ചു നിന്നു…

എഡ്വിൻ ഇരുവരെയും കാറിന്റെ പിൻ സീറ്റിൽ ഇരുത്തിയ ശേഷം വേഗത്തിൽ കാർ മുൻപോട്ട് എടുത്തു…

അരുൺ എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കി.. മൂന്ന് പേരും നിശബ്ദർ ആണ്..
ആ നിശബ്ദ സ്റ്റേഷൻ വരെ നീണ്ട് നിന്നു..

അരുൺ സമയം നോക്കി…

അഞ്ചു മണി അടുപ്പിച്ച് ആയിരിക്കുന്നു…

സ്റ്റേഷന്റെ ഒരു ഭാഗത്ത് വാഹനം ഒതുക്കിയ ശേഷം അവർ നാല് പേരും കാറിൽ നിന്ന് ഇറങ്ങി.. പാറാവ് നിന്ന ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു.. വൈകാതെ തന്നെ എസ് ഐ വിനോദ് അവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു…
വിനോദ് പറഞ്ഞ പ്രകാരം പ്രതികളുടെ രേഖാ ചിത്രം വരക്കാൻ വേണ്ടി രണ്ടാമനെ അകത്തേക്ക് കൊണ്ട് പോയി..
വിനോദ് ബാലുവിന്റെ മുൻപിലേക്ക് ചെന്നു..

ബാലുവിന്റെ മുഖം മാറി..
അവൻ പറഞ്ഞു..

“സാബ്.. നാൻ ഒന്നും ഷെയ്തില്ല.. എനിക്ക് ക്യാഷ് തന്നു.. ഞാൻ ചോദിച്ചപ്പോൾ.. അല്ലാതെ എനിക്ക് ഒന്നും അറിയില്ല.. !”

തൊഴുതു കൊണ്ട് ബാലു പറഞ്ഞു.. അവൻ അടി മുടി വിറയ്ക്കുന്നുണ്ടായിരുന്നു..

“അവർ ഇപ്പോൾ എവിടെ ഉണ്ടെന്ന് അറിയാമോടാ.. !”

“ഇല്ല.. പക്ഷെ ! അവർ 18  ആം തീയതി തിരിച്ചു പോകും.. അതിനു മുൻപ് പണം വേണം എന്ന് പറഞ്ഞിരുന്നു . ”

“ഇന്നിപ്പോൾ 13 ആയി ഡേറ്റ്.. പണവുമായി എവിടെ വരണം എന്നാണ് പറഞ്ഞത്.. !”

“ആദ്യം പറഞ്ഞത് റെയിൽവേ സ്റ്റേഷനിൽ വന്നാൽ മതി എന്നാണ്.. പക്ഷെ ! സാർ വന്ന കാര്യം ഞാൻ അവരോടു പറഞ്ഞപ്പോൾ പറഞ്ഞു പണം വേണ്ട എന്ന്.. ഇനി അവരെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നും പറഞ്ഞു.. !”

“അപ്പോൾ അവർ സിറ്റിയിൽ തന്നെ കാണും അല്ലെ.. ! ”

“അതെ വിനോദ്.. അങ്ങനെ എന്റെ മനസ് പറയുന്നു.. !”

“അന്വേഷണം തെറ്റായ ദിശയിൽ ഒന്നും അല്ലല്ലോ പോകുന്നത് എഡ്വിൻ.. !”

വിനോദ് സംശയം പ്രകടിപ്പിച്ചു…

“തോന്നുന്നില്ല വിനോദ്.. കാരണം ജന അന്യ സംസ്ഥാനത്ത് നിന്ന് വന്നത് തന്നെ ആണ്..

പിന്നെ ഈ രണ്ട് പേരുടെ കയ്യിൽ ഇത്രയും അധികം പണം എവിടെ നിന്ന് വന്നു…

ബാലൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ജോലി ചെയ്ത പണം പോലും അവർ വാങ്ങിയിട്ടില്ല എന്ന് മനസ്സിലായി.. പിന്നെ അവർക്ക് ഇത്രയും പണം ആരാണ് നൽകിയത്.. !

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here