Home Latest പിന്നങ്ങോട്ട് ഒരൊന്നൊന്നര പ്രണയമായിരുന്നു…

പിന്നങ്ങോട്ട് ഒരൊന്നൊന്നര പ്രണയമായിരുന്നു…

0

ബാക്ക്സീറ്റിലെ മൊഞ്ചത്തി

“അല്ലാ… ഇങ്ങള് അവിടുന്ന് പുറപ്പെട്ടോ” ഫോൺ എടുത്ത് ഹലോ പറയുന്നതിന് മുന്നേ തന്നെ അവളുടെ ചോദ്യം വന്നു..

“ഇയ്യൊന്ന് അടങ്ങ്‌ ന്റെ അമ്മുക്കുട്ട്യേ… ഞാൻ കുളിക്കാൻ കേറുന്നേ ഉള്ളൂ” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുന്നതിനിടക്ക് മുറ്റത്തേക്ക് ഒന്ന് പാളി നോക്കി…. അവിടെ ഞമ്മളെ മൊഞ്ചൻ നെഞ്ചും വിരിച്ചങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചം… മൊഞ്ചൻ വേറാരുമല്ല മ്മളെ സ്വന്തം “ബുള്ളെറ്റ് ”

വിളിച്ചത് മ്മളെ ഒരേയൊരു കാമുകി സഫ്ന… പ്രവാസത്തിന്റെ വരണ്ട നാളുകളിൽ ഫേസൂക്കിൽ വച്ചു പരിചയപ്പെട്ട “അമ്മു” എന്ന് പേരുള്ളൊരു ഫേക്ക് ഐഡി.. പരിചയം സൗഹൃദമായി വളർന്നപ്പോഴും ദിവസവും മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങിയപ്പോഴും പോലും അവളുടെ ഒറിജിനൽ പേരോ ഫോട്ടോയോ ഒന്നും ചോദിച്ചിരുന്നില്ല…

സത്യം പറഞ്ഞാൽ അതൊരു ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലായിരുന്നു…

“അമ്മുക്കുട്ട്യേ” എന്ന് ഞാനൊരു മെസേജ് അയച്ചാൽ ഓള് ചത്തിട്ടില്ലെങ്കിൽ “ന്താ ഇക്കൂ” എന്ന് റിപ്ലൈ വന്നിരിക്കും…

അങ്ങനെയൊരു ദിവസം കഫീലിന്റെ വായിൽ നിന്നും നല്ല ഒന്നാന്തരം അറബിത്തെറി കേട്ടതിന്റെ മൂഡോഫിൽ കട്ടൻ ചായയിൽ കുബ്ബൂസും മുക്കി തിന്നുന്നതിനിടക്കാണ് “എന്തൊക്കേണ്ടു വിശേഷം ” എന്നും ചോദിച്ചോണ്ട് ഓളെ ഒരു മെസേജ് വന്നത്…

അന്നേരത്തെ മൂഡോഫ് മാറാൻ വേണ്ടി വെറുതേ ഒരു രസത്തിന് ഒരൊറ്റ ഐലവ്യു കൊടുത്തതാണ്… പിന്നങ്ങോട്ട് ഒരൊന്നൊന്നര പ്രണയമായിരുന്നു… അതങ്ങനെ വളർന്നു പടർന്നു പന്തലിച്ചു കായും പൂവും വിരിഞ്ഞു മരുഭൂമിയിൽ വല്ലാത്തൊരു ഒലക്കമ്മലെ മൊഹബ്ബത്തിന്റെ പൂക്കാലമായി മാറാൻ അധികകാലം വേണ്ടി വന്നില്ല…

ഓളുടെ ഫോട്ടോ കണ്ട അന്ന് മുതൽ തുടങ്ങിയ പൂതി ആണ് നേരിട്ടൊന്നു കാണാൻ… സുറുമയിട്ട കണ്ണുകളും തുടുത്ത വട്ടമുഖവും ഒക്കെ ആയി ഇരു നിറത്തിൽ ഉള്ള ഓളെ കാണാൻ പ്രത്യേകിച്ച് വല്യ ഭംഗി ഒന്നും തോന്നിയിട്ടില്ല…
ന്നാലും ഉള്ളിന്റെ ഉള്ളിൽ അതുവരെ മറ്റൊരു പെൺകുട്ടിയോടും തോന്നാത്ത വല്ലാത്തൊരു ഇഷ്ടം.. അവൾ എന്റെ പെണ്ണാണ് എന്നൊരു തോന്നൽ…

ഓൾക്ക് ചെറുപ്പം മുതലേ ബുള്ളറ്റിനോട് വല്ലാത്തൊരു ഇഷ്ടാണ്… പക്ഷേ പോത്ത് പോലെ വലിപ്പം വച്ചിട്ടും ഇതുവരെ ഒരു ബുള്ളറ്റിന്റെ പുറകിൽ കയറാൻ ഉള്ള അവസരം കിട്ടിയില്ല പോലും….

“ഇക്കു വന്നിട്ട് ആ ബുള്ളറ്റിന്റെ പുറകിൽ ഇരുന്നിട്ട് കുറേ ദൂരം പോണം.. ഇങ്ങളെ താടി രോമങ്ങളിൽ പിടിച്ചു വലിച്ചു വേദന ആക്കണം” എന്നൊക്കെ ചാറ്റ് ചെയ്യുമ്പോഴും ഫോൺ വിളിക്കുന്നതിനിടക്കും ഓള് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു…
ഓരോരുത്തരുടെ ഓരോരോ പൂതികൾ…

കാര്യം എന്തായാലും മ്മളെ മൊഞ്ചത്തി എന്ത് പറഞ്ഞാലും അതിനോടൊക്കെ എനിക്കും മുഹബ്ബത്താണ്.. അതുകൊണ്ടാണ് ഇക്കാനോട് പറഞ്ഞിട്ട് ഗൾഫിൽ നിന്നും പോരുന്നതിന്റെ തലേന്ന് തന്നെ ഒരു പുത്തൻ ബുള്ളറ്റ് വാങ്ങിപ്പിച്ചു വീട്ടിൽ എത്തിച്ചത്…

തലേന്ന് നാട്ടിലൂടെ ഒക്കെ ഒന്ന് ചെറുതായി കറങ്ങി കൂട്ടുകാരെയും കുടുംബക്കാരെയും ഒക്കെ ഒന്ന് കാണാൻ പോയതൊഴിച്ചാൽ കാര്യമായി എങ്ങോട്ടും പോയിട്ടില്ല…

കുളി കഴിഞ്ഞു ഡ്രസ്സ്‌ ചെയ്തു പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ഫോൺ ബെല്ലടിച്ചു… ഓളുടെ നമ്പർ തന്നെ ആയതുകൊണ്ട് ഇങ്ങോട്ട് എന്തേലും പറയുന്നതിന് മുൻപ് തന്നെ..

“ന്റെ മുത്തേ ഇയ്യൊന്ന് സബൂറാക്ക്.. ഞാൻ ദാ ഇറങ്ങി… ഒന്നുരണ്ട് മണിക്കൂറിനുള്ളിൽ അവിടെ എത്തും” എന്ന് പറഞ്ഞപ്പോൾ.. “എനിക്ക് ഇങ്ങളെ കാണാഞ്ഞിട്ട് ഇരുന്നിട്ട് ഇരിപ്പും നിന്നിട്ട് നിപ്പും ഉറക്കണില്ല കാക്കൂ.. ” എന്ന് പറഞ്ഞു ഓള് ചിണുങ്ങാൻ തുടങ്ങി…

അതിനിടക്ക് ഉമ്മ സിറ്റൗട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ.. “ന്നാ ശരി… ഞാൻ അവിടെ എത്താനാവുമ്പോൾ വിളിക്കാം” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു കീശയിലേക്കിട്ട്.. “ഞാൻ പോയി വരാ ട്ടോ ഇമ്മൂ” എന്നും പറഞ്ഞു വണ്ടി സ്റ്റാർട്ട് ആക്കുന്നതിനിടക്ക്..

“നോക്കി പൊയ്ക്കോ ട്ടോ മാനോ..” എന്ന് ഉമ്മ പുറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു…

ടൗണിലെ സിഗ്നലിൽ എത്തിയപ്പോൾ അവിടെയാണെങ്കിൽ ഒടുക്കത്തെ തിരക്ക്… “പണ്ടാരം പിടിക്കാൻ… ഈ തിരക്കൊക്കെ കഴിഞ്ഞു അവിടെ എപ്പോ എത്താനാ” എന്നും മനസ്സിലോർത്ത് ടെൻഷനടിച്ചു വണ്ടിയുടെ ടാങ്കിൽ ചെറുതായി താളം പിടിച്ചുകൊണ്ട് സിഗ്നൽ ലൈറ്റ് പച്ച ആവുന്നുണ്ടോന്നും നോക്കി ഇരിക്കുന്നതിനിടക്കാണ് ആ തിരക്കിനിടയിലൂടെ നുഴഞ്ഞു കയറിയ മറ്റൊരു ബുള്ളെറ്റ് എന്റെ ബുള്ളറ്റിന്റെ തൊട്ടടുത്തായി വന്ന് നിന്നത്..

നോട്ടം ആദ്യം പോയത്‌ ബുള്ളറ്റിലേക്ക് തന്നെ ആണ്… മ്മളെ വണ്ടിയുടെ അതേ മോഡൽ അതേ നിറം.. പക്ഷേ വണ്ടി ഇച്ചിരി പഴയതാണെന്ന് മാത്രം.. പിന്നെ നോട്ടം ചെന്ന് പതിഞ്ഞത് വണ്ടി ഓടിക്കുന്ന കാട്ടുമാക്കാന്റെ ചുമലിൽ ചാരി ഇരിക്കുന്ന ഒരു ആടാർ മുതലിന്റെ നേർക്കാണ്…

ആള് നേരെ ഓപ്പോസിറ്റ് തിരിഞ്ഞിരിക്കുന്നതുകൊണ്ട് മുഖം കാണാൻ ഒത്തില്ല.. ന്നാലും ഏകദേശം ബോഡിഷേപ്പ് കണ്ടാൽ തന്നെ അറിയാം ആളൊരു ജങ്കാർ മുതലാണെന്ന്…

“ആ പഹയന്റെ ഒക്കെ സമയം” എന്ന് മനസ്സിലോർത്ത് ലേശം അസൂയപ്പെട്ടെങ്കിലും മ്മളെ വണ്ടിയിൽ ഇതുപോലെ ഇരിക്കാൻ വേണ്ടി ഏതാനും കിലോമീറ്ററുകൾക്കപ്പുറം മ്മളെയും കാത്തിരിക്കുന്ന മ്മളെ മൊഞ്ചത്തിയുടെ മുഖം മനസ്സിലേക്ക് വന്നപ്പോൾ ആകെ മൊത്തത്തിൽ ചെറുതായൊന്നു കുളിരു കോരി…

കുളിരു കോരിയതും സിഗ്നലിൽ പച്ച കത്തിയതും സൈഡിൽ ഉണ്ടായിരുന്ന മ്മളെ ബുള്ളറ്റുകാരൻ മ്മളെ ഓവർടേക്ക് ചെയ്തതും പുറകിലിരുന്ന മൊഞ്ചത്തി തിരിഞ്ഞു നോക്കിയതും ഒക്കെ വളരെ പെട്ടെന്നായിരുന്നു…

അതുവരെ ആ മൊഞ്ചത്തിയുടെ മുഖം കാണാത്തതിന്റെ ബേജാറിൽ ആയിരുന്ന ഞാൻ കുറച്ച് ആക്രാന്തത്തോട് കൂടിത്തന്നെ ആണ് അങ്ങോട്ട്‌ നോക്കിയതും… ആ മുഖം കണ്ടതോടെ ഞാൻ ഞെട്ടി… ഒന്നല്ല ഒരൊന്നൊന്നര ഞെട്ടൽ…

അപ്പോഴേക്കും “കുട്ടിമോളേ” എന്നൊരു വിളി അടിവയറ്റിൽ നിന്നും ശരവേഗത്തിൽ മുകളിലേക്ക് നുഴഞ്ഞു കയറി തൊണ്ടയിൽ എത്തി സഡ്ഡൻ ബ്രേക്കിട്ടു നിന്നു….

പിന്നൊന്നും നോക്കിയില്ല… മറ്റേ ബുള്ളറ്റിന്റെ പുറകിൽ കുതിച്ചു ചെന്ന് സിഗ്നൽ കഴിഞ്ഞ ഉടനേ തന്നെ അതിന്റെ മുന്നിൽ പോയി ബ്ലോക്കിട്ടു നിർത്തി… നേരെ ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ബുള്ളറ്റിന്റെ അടുത്തെത്തി ബുള്ളറ്റിൽ കയറാൻ തുടങ്ങുന്നതിനിടക്ക് മറ്റേ ബുള്ളറ്റിൽ അവളോടപ്പമുണ്ടായിരുന്ന കാട്ടുമാക്കാൻ ഓടിയെത്തി…

അപ്പോഴേക്കും ഓള് കണ്ണീരൊലിപ്പിച്ചുകൊണ്ട് ഓനോട്‌ വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.. ഓടി വന്ന ഓൻ കുന്തം മുണുങ്ങിയ പെരുച്ചാഴിയെപ്പോലെ അന്തംവിട്ട് നിൽക്കുന്നത് കണ്ടപ്പോൾ ഓനെ അടുത്തേക്ക് വിളിച്ചിട്ട്…

“നീ ഏതാടാ.. അനക്ക് ചുറ്റിക്കറങ്ങാൻ ന്റെ പെങ്ങളെ മാത്രേ കിട്ടിയുള്ളോ കള്ള ഹിമാറെ” എന്ന് മീശയും പിരിച്ചു കട്ടക്കലിപ്പിൽ ചോദിച്ചപ്പോൾ ഓൻ നിന്ന് പരുങ്ങി.. “അത്.. പിന്നെ… ചുറ്റിക്കറങ്ങാൻ ഒന്നും അല്ല.. ന്റെ ഉമ്മാക്ക് ഓളെ കാണണം ന്ന്‌ പറഞ്ഞപ്പോ “..

ഓന്റെ ഡയലോഗിൽ എന്തോ ഒരു ചുറ്റിക്കളി ഉള്ളതുപോലെ തോന്നിയെങ്കിലും അതിൽ പിടിച്ചു അതികം ചൊറയാൻ നിക്കാതെ..” “അന്റെ ഉമ്മാക്ക് ന്റെ പെങ്ങളെ കാണണം ന്നുണ്ടെങ്കിൽ ഉമ്മാനോട് വീട്ടിലേക്ക് വരാൻ പറയ്… ബാക്കി മ്മക്ക് അവിടെ വച്ചു തീരുമാനിക്കാം.. ട്ടോ ”

എന്ന് കൂടി കൂട്ടിച്ചേർത്തതോടെ ഓൻ ആകെ ചമ്മിപ്പോയി… പിന്നൊന്നും മിണ്ടാതെ തലയും താഴ്ത്തി നിന്ന ഓനോട്‌ “ഇനി മേലാൽ ഇവളെ അന്റെ കൂടെ കണ്ടാൽ ബുള്ളറ്റിന്റെ കിക്കറടിക്കാൻ അനക്ക് കാലുണ്ടാവൂല ഹിമാറെ ”

എന്നൊരു ഡയലോഗും കൂടി പാസാക്കി കീശയിൽ നിന്നും കൂളിംഗ് ഗ്ലാസ്‌ എടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു കുട്ടിമോളെയും കയറ്റി സിനിമാസ്റ്റൈലിൽ വണ്ടി തിരിച്ചു നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു…

പോകുന്നതിനിടക്ക് “ഇയ്യ് രാവിലെത്തന്നെ കോളേജിലേക്കും ന്ന്‌ പറഞ്ഞു ഒരുങ്ങിക്കെട്ടി പോണത് കണ്ട ചെങ്ങായിമാരെ കൂടെ കറങ്ങി നടക്കാനാണല്ലേ.. പൊരേലെത്തട്ടെ… ബാക്കി അവിടെ എത്തിയിട്ട് തരാ ട്ടോ.. ” എന്ന് പറഞ്ഞപ്പോഴേക്കും ഓള് പുറകിൽ ഇരുന്നു ഉച്ചത്തിൽ കരയാൻ തുടങ്ങി…

“ഞാൻ കറങ്ങാൻ പോയതൊന്നും അല്ല… ഫയാസിന്റെ ഉമ്മാക്ക് ന്നെ കാണണം ന്ന്‌ പറഞ്ഞപ്പൊ ആ ഉമ്മാനെ കാണാൻ പോവായിരുന്നു.. ” എന്നൊക്കെ പുറകിൽ ഇരുന്നു മോങ്ങുന്നുണ്ടായിരുന്നു…

“ഓളൊരു ഉമ്മാനെ കാണാൻ പോക്ക്… ഇമ്മാതിരി നട്ടാൽ മുളക്കാത്ത നുണ പറയാൻ വേണ്ടി ഇനി മേലാൽ പൊരെന്നും പുറത്തിറങ്ങിയാൽ അന്റെ മുട്ടുകാൽ ഞാൻ ചവിട്ടിപ്പൊട്ടിക്കും കള്ള സുവർ ”

എന്ന് പറഞ്ഞു നാവു വായിലേക്കിട്ടതും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു… വണ്ടി ഓടിക്കുന്നതിനിടക്ക് ഒറ്റകൈ കൊണ്ട് എങ്ങനെയൊക്കെയോ ഫോൺ കീശയിൽ നിന്നും മാന്തി പുറത്തെടുത്തു നോക്കിയപ്പോൾ മ്മളെ അമ്മുക്കുട്ടി ആണ് വിളിക്കുന്നത്…

അപ്പോഴാണ്‌ താൻ എങ്ങോട്ട് പോവുകയായിരുന്നു എന്ന കാര്യം തന്നെ ഓർത്തത്… പുറകിൽ ഇരുന്നു മോങ്ങുന്ന കുട്ടിമോൾ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ്‌ വരുത്തിയ ശേഷം പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്തു ഫോണും ഓഫ്‌ ചെയ്തു തിരികെ കീശയിൽ തന്നെ നിക്ഷേപിച്ചു…

വീട്ടിൽ എത്തിയ ഉടനേ കുട്ടിമോളെ നേരെ ഉമ്മാനെ ഏല്പ്പിച്ചു കാര്യവും പറഞ്ഞു മുറിയിൽ കയറി വാതിലടച്ചു… അതിനിടക്ക് പുറത്തു നിന്നും പടക്കം പൊട്ടുന്ന ശബ്ദവും അതിനൊരു കോറസ് എന്നപോലെ കുട്ടിമോളെ നിലവിളി ശബ്ദവും ഉയർന്നു തുടങ്ങിയിരുന്നു….

പക്ഷേ അപ്പോഴേക്കും മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത പോലെ… കാര്യം വേറൊന്നും അല്ല.. അമ്മുക്കുട്ടിയുടെ കാര്യം തന്നെ… കുട്ടിമോളെപ്പോലെ തന്നെ ഓൾക്കും ആങ്ങളമാർ രണ്ടാണ്… ഓളെയും കൂട്ടി ഞാൻ ബൈക്കിൽ പോണത് ഓളുടെ ആങ്ങളമാർ ആരെങ്കിലും കണ്ടാലും ഇതൊക്കെ തന്നെ അല്ലേ സംഭവിക്കുക എന്നൊരു തോന്നൽ…

ഞാൻ ചെയ്യാൻ പോണ തെറ്റ് തന്നെയല്ലേ ഓളും ചെയ്തത് എന്നൊരു തോന്നൽ ഉണ്ടായെങ്കിലും “എന്നെപ്പോലെ അല്ലല്ലോ ഓൾ ”
എന്ന് പറഞ്ഞു ഓള് ചെയ്തത് തെറ്റ് തന്നെ ആണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ചെറിയൊരു ശ്രമം നടത്തി നോക്കി…

പിന്നെ കുട്ടിമോളെ കരച്ചിലും ഉമ്മാന്റെ ഒച്ചയും ബഹളവും ചീത്തപറച്ചിലും ഒക്കെ കേട്ടപ്പോൾ ഓളോട് പാവം തോന്നി.. പുറത്തിറങ്ങി ഉമ്മാനെയും കുട്ടിമോളെയും രണ്ടു ഭാഗത്താക്കി കുട്ടിമോൾക്ക് നല്ല നാല് ഉപദേശവും കൊടുത്ത് തിരികെ റൂമിൽ എത്തി ഫോൺ ഓൺ ചെയ്ത ഉടനേ തന്നെ അമ്മുക്കുട്ടിയുടെ കോൾ വന്നു…

“ഇങ്ങള് ന്നെ പറ്റിച്ചു ലേ” എന്നായിരുന്നു എടുത്ത ഉടനേ തന്നെ ചോദിച്ചത്… അന്നേരത്തെ മൂഡിൽ എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു..

“ഇത് ശരിയാവില്ല… മ്മക്ക് ഇത് ഇവിടെ വച്ചു നിർത്താം… ഞാൻ നിന്നെ കാണാൻ വരുന്നില്ല” എന്ന് പറഞ്ഞതും ഒരു തേങ്ങൽ ആയിരുന്നു മറുപടി….

അത് കേട്ടപ്പോൾ ഹൃദയം പൊടിയുന്ന വേദന തോന്നിയെങ്കിലും കേട്ടില്ലെന്ന് നടിച്ചു പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു പുറത്തേക്കിറങ്ങിയതും മുറ്റത്തൊരു കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു…

“ഇതിപ്പൊ.. ആരാണപ്പാ ഈ സമയത്ത്” എന്നോർത്ത് നോക്കി നിൽക്കുന്നതിനിടയിൽ കാറിന്റെ ഡോർ തുറന്നു മ്മള് രാവിലെ കണ്ട കാട്ടുമാക്കാനും അവന്റെ പെങ്ങൾ എന്ന് തോന്നിക്കുന്ന ഒരു പെണ്ണും പുറത്തേക്കിറങ്ങി വന്നു….

പുറകിൽ ഇരിക്കുന്നത് അവന്റെ ഉമ്മ ആണെന്ന് തോന്നുന്നു… മൂപ്പത്തി മാത്രം പുറത്തേക്കിറങ്ങാതെ വണ്ടിയിൽ തന്നെ ഇരുന്നു…. ഏതായാലും വീട്ടിലേക്ക് കയറി വന്ന അതിഥികൾ ആയതുകൊണ്ട് അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞ ശേഷം അകത്തു പോയി ഉമ്മാനോട് കാര്യം പറഞ്ഞു ഉമ്മാനെയും കൂട്ടി സിറ്റൗട്ടിലേക്ക് വന്നു…

ചെറുക്കന്റെ പെങ്ങൾ മുഖവുര ഇല്ലാതെ തന്നെ കാര്യത്തിലേക്ക് കടന്നു… അപ്പോഴേക്കും ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു കുട്ടിമോൾ മുറിയുടെ വാതിൽ തുറന്നു പുറത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു….

“അല്ല… ഇങ്ങള് രണ്ടാളും മാത്രേ ഉള്ളോ… ഉമ്മയും ഉപ്പയും ഒന്നും ഇല്ലേ” എന്ന ഉമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ചെറുക്കന്റെ പെങ്ങളായിരുന്നു…

“ഉപ്പ നേരത്തെ മരിച്ചു… ഉമ്മ വണ്ടിയിൽ ഉണ്ട് ഉമ്മാക്ക് സുഖമില്ല.. നടക്കാനൊന്നും വയ്യ… ഉമ്മ പൂതി പറഞ്ഞപ്പോൾ ഓൻ ഇന്ന് ഓളെയും കൂട്ടി വീട്ടിലേക്ക് വരാം ന്ന്‌ ഉമ്മാനോട് പറഞ്ഞിരുന്നു… അതിന്റെടക്ക് കാര്യങ്ങൾ ഇങ്ങനെയൊക്കെ ആവും ന്ന്‌ കരുതിയില്ല” എന്നായിരുന്നു മറുപടി…

അത് കേട്ടപ്പോൾ അറിയാതെ ഉമ്മാന്റെയും എന്റെയും കണ്ണ് നിറഞ്ഞുപോയി… കാര്യമറിയാതെ കുട്ടിമോൾക്ക് തല്ല് വാങ്ങിക്കൊടുത്തത് ശരിയായില്ലെന്നൊരു തോന്നൽ…

ഉമ്മയാണ് കുട്ടിമോളെ പുറത്തേക്ക് വിളിച്ചത്… ഓളെയും കൂട്ടി കാറിനടുത്തു പോയി ആ ഉമ്മാക്ക് അവളെ കാണിച്ചു കൊടുത്തു… രണ്ടാളും പരസ്പരം കരഞ്ഞു കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ അവര് തമ്മിൽ എത്രയോ കാലമായി അറിയുന്നതുപോലെ ആണ് തോന്നിയത്… അതുകൂടി കണ്ടതോടെ എന്റെയും ഉമ്മാന്റെയും കണ്ണ് വീണ്ടും നിറഞ്ഞുപോയി…

അപ്പൊ തന്നെ കുട്ടിമോൾ അവർക്കുള്ളതാണെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു… എന്നാലും ഉപ്പാനോടും ഇക്കാനോടും ചോദിച്ചിട്ട് വിവരമറിയിക്കാം എന്ന് പറഞ്ഞാണ് അവരെ തിരിച്ചയച്ചത്.. അവർക്കും സമ്മതക്കുറവൊന്നും ഉണ്ടായില്ല…..

“ആ പൊരെലേക്ക് കെട്ടിച്ചു കൊടുത്താൽ സുഖല്യാത്ത തള്ളനെ നോക്കി പെണ്ണ് എടങ്ങേറാവും ട്ടോ” എന്ന് പറഞ്ഞു മൂത്ത അമ്മായി ചെറിയൊരു ഇടങ്കോൽ ഇടാൻ നോക്കിയെങ്കിലും അത് ഏറ്റില്ല…

ഉമ്മാക്ക് ഒറ്റ കണ്ടീഷൻ മാത്രേ ഉണ്ടായിരുന്നുള്ളൂ എന്റെയും കുട്ടിമോളെയും കല്യാണം ഒരുമിച്ചു നടത്തണം ന്ന്‌… അങ്ങനെ കാര്യങ്ങളൊക്കെ നല്ല ഉഷാറായി മുന്നോട്ട് പോകുന്നതിനിടക്കാണ് അപ്രതീക്ഷിതമായി മ്മളെ അമ്മുക്കുട്ടിന്റെ ഒരു മെസേജ് വന്നത്…

“നിക്ക് കല്യാണം നോക്കുന്നുണ്ട്” എന്ന് പറഞ്ഞിട്ട്…

“ആഹ… ഞാൻ വേണേൽ വീട്ടുകാരെയും കൂട്ടി കാണാൻ വരാം ”

എന്ന് മറുപടി കൊടുത്തപ്പോൾ ഓള് ഓക്കേ പറയും എന്നാണ് കരുതിയത്… പക്ഷേ..

“ഓ.. അയിന്റൊന്നും ആവശ്യല്ല്യ… മിനിഞ്ഞാന്ന് ഒരു കൂട്ടർ കാണാൻ വന്നിരുന്നു… അത് ഏകദേശം ഓക്കേ ആയിട്ടുണ്ട്… അടുത്താഴ്ച ചെറുക്കൻ കൂടി വന്ന് കണ്ടു അവർക്ക് ഇഷ്ടപ്പെട്ടാൽ അത് ഉറപ്പിക്കും ന്നാ ഉപ്പ പറഞ്ഞത് ” എന്നായിരുന്നു ഓളെ മറുപടി…

“ന്നാ ശരി.. ഹാപ്പി മാരീഡ് ലൈഫ് മ്മളെ കല്യാണവും അടുത്ത് തന്നെ ഏകദേശം ഉറപ്പിക്കും… ” എന്നൊരു റിപ്ലൈ കൊടുത്ത് ഫേസൂക്കും പൂട്ടി മ്മള് മ്മളെ കാര്യങ്ങളുമായി അങ്ങനെ മുന്നോട്ട് പോയി…

ആദ്യത്തെ പെണ്ണുകാണലിനു വേണ്ടി പോയത്‌ ഉമ്മാന്റെയും കുട്ടിമോളുടെയും കൂടെയാണ്… കുളിച്ചൊരുങ്ങി കുട്ടപ്പനായി ഇറങ്ങുമ്പോൾ “പെണ്ണിന് മ്മളെ ഇഷ്ടപ്പെടണേ” എന്നൊരു പ്രാർഥന മാത്രമായിരുന്നു മനസ്സിൽ…

ഏതായാലും ചെന്ന ഉടനേ തന്നെ പ്രതീക്ഷിച്ചപോലെ ചായയുമായി പെണ്ണ് വന്നു….

അമ്മുക്കുട്ടിയെപ്പോലെ തന്നെ സുറുമയിട്ട കണ്ണുകളും തുടുത്ത വട്ടമുഖവും ഉള്ള ഇരു നിറത്തിൽ ഉള്ള ഒരു കുട്ടി…
ഓളുടെ ചുരുണ്ട മുടികളും എന്റെ മുഖത്തോട്ട് ആദ്യമായി നോക്കിയപ്പോൾ കണ്ട പരിഭ്രമവും കണ്ടപ്പോൾ ഞാൻ അവളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു…

പക്ഷേ പേടിച്ചിട്ടാണെന്ന് തോന്നുന്നു ആള് മ്മളെ മൈൻഡ് ചെയ്യാതെ നേരെ അകത്തെ മുറിയിലേക്ക് പോയി…

“പെണ്ണിനോട് ന്തേലും ചോദിക്കാനുണ്ടോ” എന്ന് ഓളെ വാപ്പ പറയും എന്ന് കരുതി കുറേ നേരം ഇരുന്നെങ്കിലും അവസാനം ഉമ്മാനെ ചെറുതായി നുള്ളി അങ്ങോട്ട്‌ ചോദിപ്പിച്ചാണ് പെർമിഷൻ വാങ്ങിയത്…

ആ മുറിയിലേക്ക് കയറുമ്പോൾ ചെറിയൊരു ഭയം ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു… അകത്തേക്ക് കയറിയതും ആ പെണ്ണ് വാതില് ചാരി കുറ്റി ഇട്ടതും ഒരുമിച്ചായിരുന്നു… എന്നിട്ട് നേരെ എന്റെ താടിയിൽ കയറി പിടിച്ചു വലിച്ചിട്ട്..

“അന്നോടാരാടാ.. ന്നെ പെണ്ണ് കാണാൻ വരാൻ പറഞ്ഞത്” എന്നൊരൊറ്റ ചോദ്യമായിരുന്നു…

“അത് പിന്നേ… ന്റെ അമ്മുക്കുട്ട്യേ.. ഇയ്യ് ആദ്യം ന്റെ താടിമെന്നും പിടി വിടു… അതൊക്കെ വല്യ കഥയാണ്‌ ”

എന്ന് പറഞ്ഞു പിടി വിടുവിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

“ഇങ്ങക്ക് ഇതൊന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്തൂടെ… ഞാനാണെങ്കിൽ ഇങ്ങളെ മരമോന്ത ഒഴിഞ്ഞുകിട്ടിയ സ്ഥിതിക്ക് ഇത്തിരികൂടി മൊഞ്ചുള്ള ആരേലും ആയിരിക്കും ന്നെ കാണാൻ വരാ ന്നൊക്കെ കരുതി കിനാവും കണ്ടിരിക്കുകയായിരുന്നു… ”

എന്നും പറഞ്ഞു ഓള് താടിയിൽ ഒന്നുടെ പിടിച്ചു വലിച്ചു പറിച്ചു നല്ലൊരു കടിയും തന്നാണ് മ്മളെ ആ മുറിയിൽ നിന്നും പുറത്തേക്ക് വിട്ടത്…

Nb:- അമ്മുക്കുട്ടിയെ പ്രണയിക്കുന്നതൊക്കെ കൊള്ളാം…. പക്ഷേ മ്മളെ വീട്ടിലും ഒരു കുട്ടിമോൾ ഉണ്ടെന്നോ അല്ലെങ്കിൽ ഉണ്ടായിരുന്നെങ്കിലോ എന്ന് ഒരിക്കലെങ്കിലും നമ്മൾ ചിന്തിച്ചു നോക്കിയിട്ട് വേണം ആ പ്രണയം എപ്പോൾ എവിടെവച്ചു എങ്ങനെ പ്രകടിപ്പിക്കണം എന്ന് തീരുമാനിക്കാൻ…

രചന: Saleel Bin Qasim

LEAVE A REPLY

Please enter your comment!
Please enter your name here