Home Latest നമ്മുടെ പക്കൽ തെളിവുകൾ ഉണ്ട്.. അധികം വൈകാതെ തന്നെ അയാൾ കുടുങ്ങും.. Part -5

നമ്മുടെ പക്കൽ തെളിവുകൾ ഉണ്ട്.. അധികം വൈകാതെ തന്നെ അയാൾ കുടുങ്ങും.. Part -5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Aswathy Sreeraj

സുമതി വളവിലെ കൊലപാതകം ഭാഗം -5

ആവശ്യമുള്ള സാധനങ്ങൾ എല്ലാം പെറുക്കി ബാഗിൽ ആക്കിയ ശേഷം ഇരുവരും ഓഫീസിൽ നിന്ന് ഇറങ്ങി..

കാറിൽ കയറുന്നതിനിടെ എഡ്വിന്റെ ജീൻസിന്റെ പുറകിൽ തിരുകി വെച്ചിരിക്കുന്ന റിവോൾവർ കണ്ട് അരുൺ ചോദിച്ചു..

“അപ്പോൾ ഒരു ആക്രമണം പ്രതീക്ഷിക്കാം.. അല്ലെ.. !”

മുഖത്ത് ഒരു കുസൃതി ചിരി വിടർത്തി
എഡ്വിൻ പറഞ്ഞു..

“പ്രതീക്ഷിക്കാം.. കാരണം കുറ്റവാളികൾ നമ്മൾ കരുതുന്ന പോലെ അല്ല.. ഏത് വഴിയും ഒരു പ്രത്യാക്രമണം പ്രതീക്ഷിക്കാം… പിന്നെ ഈ ഗൺ ഉപയോഗിച്ച് ഒരാളെ കൊല്ലാനൊന്നും നമുക്ക് പറ്റില്ല അരുൺ.. കാരണം എനിക്ക് ഈ ഗൺ ഉപയോഗിക്കുന്നതിന് കുറച്ചു ലിമിറ്റേഷൻസ് ഉണ്ട്.. !”

എഡ്വിൻ കാറിൽ കയറി..

അധികം വൈകാതെ തന്നെ അവർ പാലോടുള്ള  പങ്കജാക്ഷന്റെ  റോഡിനോട് ചേർന്നുളള വീട്ടിൽ എത്തി..

ഇരു നില വീട്..

ഗേറ്റ് തുറന്ന് ഇരുവരും ഉള്ളിൽ പ്രവേശിച്ചു..

സിറ്റ് ഔട്ടിലുള്ള ചാരു കസേരയിൽ ചാരി ഇരുന്ന മധ്യവയസ്കനായ ഒരു മനുഷ്യൻ എഡ്വിന്റെ മുഖത്തേക്ക് നോക്കി..

പൊക്കം കുറവാണ്.. മുൻപിലേക്ക് ഉന്തി നിൽക്കുന്ന വയർ.. കഴുത്തിൽ നീളത്തിലുള്ള ഒരു സ്വർണ മാല ധരിച്ചിട്ടുണ്ട്..
അയാളുടെ താടി ഭാഗത്ത് മടക്കുകളായി മാംസ കഷ്ണങ്ങൾ തൂങ്ങി നിൽക്കുന്നു.. മുടി നരച്ചു തുടങ്ങിയിരിക്കുന്നു എങ്കിലും അതിനുള്ളിൽ കറുത്ത മുടിയിഴകളും കാണാം..
വെളുത്ത മുണ്ട് ആണ് വേഷം..

“ആരാ.. !”

അപരിചിതരായ ഞങ്ങളുടെ മുഖത്തേക്ക് സംശയ ദൃഷ്ടിയോട് കൂടി നോക്കിയ ശേഷം പ്രൗഡഗംഭീരമായ സ്വരത്തിൽ അയാൾ ചോദിച്ചു..
വൃത്തത്തിൽ ഉള്ള മുഖം.. നീണ്ടുയർന്ന നാസികയുടെ മുൻ ഭാഗം കുറച്ച് ഉരുണ്ടതാണ്.. മുൻപോട്ട് കുറച്ച് ഉന്തിയതും വലുതുമായ നെറ്റിത്തടം.. ഒരു മുൻശുണ്ടിക്കാരന്റെ ഭാവ ലക്ഷണങ്ങൾ..

“എനിക്ക് സുമതി വളവിന് അടുത്തായി ഒരു വീട് വേണം.. ഒരു മാസത്തേക്ക് മതി.. !”

എഡ്വിൻ പറഞ്ഞു..

രണ്ട് പേരുടെയും മുഖത്തേക്ക് അയാൾ മാറി മാറി നോക്കി.. എന്നിട്ട് പറഞ്ഞു..

“നിങ്ങൾ ആരാണ്.. !”

“എന്റെ പേര് എഡ്വിൻ.. പ്രൈവറ്റ് ഡിറ്റക്റ്റീവ്..
ഇതെന്റെ അസിസ്റ്റന്റും അതിലുപരി സുഹൃത്തുമായ അരുൺ.. !”

“വീട് ഉണ്ട്.. പക്ഷെ ! കേസ് ആയിട്ട് കിടക്കുകയാണ്.. !അത് നിങ്ങൾക്ക് എങ്ങനെ തരും..

മുൻപ് വാടകക്ക് വന്ന കുട്ടിയും ഒരു മാസത്തേക്ക് ആണെന്ന് പറഞ്ഞാണ് വീട് എടുത്തത്.. ആ കൊച്ച് കേറി തൂങ്ങി.. !”

“ഞങ്ങൾ ആ കേസ് അന്വേഷിക്കാൻ വന്നവർ ആണ്. വിനോദിനെ ഞാൻ കൺവിൻസ് ചെയ്തോളാം.. സമ്മതം എങ്കിൽ അഡ്വാൻസ് തരാൻ ഇപ്പോൾ തന്നെ റെഡി ആണ്.. !”

“.മ്.. ഇരിക്കു..ഞാൻ ഇപ്പോൾ വരാം.. ”

അയാൾ വീടിനുള്ളിലേക്ക് കയറി .

സിറ്റ് ഔട്ടിൽ ഇട്ടിരുന്ന ചെയറിൽ ഇരുവരും ഇരുന്നു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ ഒരു താക്കോൽ കൂട്ടവുമായി പുറത്തേക്ക് വന്നു..

“5000 രൂപ അഡ്വാൻസ് ! ഒരു മാസത്തേക്ക് പോരെ !”

അയാൾ ചോദിച്ചു..

“മതി. !”

“എഗ്രിമെന്റുമായി ഞാൻ പിന്നീട്  നിങ്ങളെ അവിടെ വന്നു കണ്ടോളാം.. !”

“ശരി… !”

എഡ്വിൻ പണം അയാൾക്ക് നേരെ നീട്ടി..

അയാൾ പണം വാങ്ങി..

“വലിയ സൗകര്യങ്ങൾ ഒന്നും ഇല്ല.. എന്നാലും രണ്ട് പേർക്ക് താമസിക്കാം.. മ്മ്.. ഞാനൊന്ന് ഡ്രസ്സ്‌ ചേഞ്ച് ചെയ്തു വരാം.. !”

പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അയാൾ പറഞ്ഞു..

“വീട് ഞാൻ കണ്ടിരുന്നു.!”

“എപ്പോൾ.. !”

അയാൾക്ക് അത്ഭുതം ആയി..

“അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങൾ അവിടെ പോയിരുന്നു.. അപ്പോൾ കണ്ടു.. ”

“ഓ.. അപ്പോൾ വീട് കാണിച്ചു തരാൻ ഞാൻ ഇനി അവിടെ വരെ വരേണ്ടല്ലോ.. !”

“വേണമെന്നില്ല.. !”

“ഹോ.. ഉപകാരം… ദാ താക്കോൽ.. !”

അയാൾ താക്കോൽ എഡ്വിന് നേർക്ക് നീട്ടി. എഡ്വിൻ അത് വാങ്ങി..ശേഷം..
ഇരുവരും അവിടെ നിന്ന് വെളിയിൽ ഇറങ്ങി..

കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഇരുവരും ജന താമസിച്ച അതെ വീട്ടിൽ എത്തിച്ചേർന്നു..
വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ചു..

വിശാലമായ ഒരു ഹാൾ.. അതിനോട് ചേർന്ന് ഒരു മുറി. വളരെ ചെറിയ ഒരു അടുക്കള..

മുറിയിൽ പഴയ ഒരു കട്ടിൽ ഉണ്ട്. പ്ലാസ്റ്റിക് കൊണ്ട് വരിഞ്ഞത്..

“എഡ്വിൻ.. ! ഇവിടെ നിന്ന് കുറച്ചു കൂടി ദൂരം ഉണ്ട് എന്റെ വീട്ടിലേക്ക്.. ഞാൻ അവിടെ നിന്ന് നിങ്ങൾക്ക് ആവശ്യമായ ബെഡ് ഷീറ്റും തലയിണയും കൊണ്ട് വരാം..
പിന്നെ ആഹാരത്തിന്റെ കാര്യം ഓർത്ത് പേടിക്കണ്ട.. അതൊക്കെ ഞാൻ അറേഞ്ച് ചെയ്യാം.. !”

“ഇവിടെ അടുത്ത് ഒരു കട ഉണ്ടെന്ന് കേട്ടല്ലോ.. ! അവിടെ നിന്നല്ലേ ജന ആഹാരം വാങ്ങിയിരുന്നതെന്ന് വിനോദ് പറഞ്ഞത്.. നമുക്ക് അവിടെ വരെ ഒന്നു പോയാലോ.. !”

“ങാ … പോകാം.. !”

“മ്മ്.. അവിടെ നിന്ന് ആഹാരം കഴിച്ചിട്ടാവാം തന്റെ വീട്ടിൽ പോക്ക്.. കുറേ നേരമായി അലയുകയല്ലേ.. ! ആദ്യം ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. !”

അരുൺ ബാഗിൽ നിന്ന് ഒരു ടർക്കിയും സോപ്പും   എടുത്ത് എഡ്വിന് നേരെ നീട്ടി..
അത് വാങ്ങിയ ശേഷം എഡ്വിൻ വീടിന്റെ പുറകു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബാത്ത് റൂമിന്റെ ഉള്ളിലേക്ക് കയറി..

കുറച്ചു സമയത്തിനുള്ളിൽ ഇരുവരും കുളിച്ചു വൃത്തിയായി… വാതിൽ പൂട്ടി കാറിൽ കയറി..

ജനയുടെ മൃതദേഹം ലഭിച്ച ഭാഗത്ത് നിന്ന് കുറച്ചു കൂടി മുൻപോട്ട് നീങ്ങിയപ്പോൾ റോഡിന്റെ വലതു ഭാഗത്തായി ചെറിയ ഒരു കട ദൃശ്യമായി..
കടയുടെ ഒരു ഭാഗത്ത് പൊറോട്ട അടിക്കാനുള്ള ഭാഗം.. അതിന് പുറകെ ഒരു ഗ്ലാസ്സ് അലമാരയിൽ വെട്ട് കേക്കും, പഴം പൊരിയും, ഉഴുന്ന് വടയും നിറഞ്ഞിരിക്കുന്നു.. അതിന്റെ വലതു ഭാഗത്ത് കൂടി ഇരുവരും ഉള്ളിൽ പ്രവേശിച്ചു..

ഒരു 10 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ട്..

കടക്കാരൻ എഡ്വിനെ പരിചയം ഇല്ലാത്ത മുഖഭാവത്തോടെ ഒന്ന് നോക്കി..

എഡ്വിൻ ആ കടയിലേക്ക് മൊത്തമായി ഒന്ന് കണ്ണോടിച്ചു..

ആഹാരം എടുത്ത് കൊടുക്കാൻ പ്രത്യേകം ആളുകൾ ഒന്നും ഇല്ല.. പണം വാങ്ങി ബില്ല് തരാനും കട നോക്കാനുo എല്ലാം അതിന്റെ ഉടമ തന്നെ ആണ് നിൽക്കുന്നത്.. വീടിനോട്‌ ചേർന്ന ഹോട്ടൽ..അയാളുടെ ഭാര്യ എന്ന് തോന്നിക്കുന്ന 36 വയസ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.. അവർ ആണ് ആഹാരം വിളമ്പാൻ നിൽക്കുന്നത്..

കടയിൽ വലിയ തിരക്കൊന്നും ഇല്ല..

“എന്ത് വേണം സാർ.. കഴിക്കാൻ.. !”

വളരെ വിനയത്തോടെ അയാൾ ചോദിച്ചു..

“എന്താണ് ഇവിടുത്തെ സ്പെഷ്യൽ.. !”

എഡ്വിൻ ചോദിച്ചു..

“മരച്ചീനിയും  ബീഫും.. !”

“ങാ.. എങ്കിൽ അത് തന്നെ ആവട്ടെ.. !”

“രണ്ടു പേർക്കും അത് മതിയോ.. !”

“മ്മ്.. മതി.. ”

അരുൺ മറുപടി പറഞ്ഞു..

ഒരു കസ്റ്റമറെ കിട്ടിയ സന്തോഷം ആ മുഖത്ത് പ്രകടം ആയിരുന്നു..

ഓർഡർ ചെയ്ത ഭക്ഷണം വളരെ വേഗത്തിൽ തന്നെ മുൻപിൽ എത്തി..

ഇരുവരും ഭക്ഷണം കഴിച്ചു..

ആഹാര ശേഷം ബില്ല് കൊടുക്കാനായി എഡ്വിൻ അയാളുടെ അരികിൽ എത്തി.. എന്നിട്ട് പറഞ്ഞു..

“ഞങ്ങൾ ഒരു മാസം ഇവിടെ കാണും..
ഇവിടുത്തെ ആഹാരം വളരെ നന്നായിട്ടുണ്ട്.. !അത് കൊണ്ട് ഇനി പാചകം ചെയ്ത് സമയം കളയണ്ട.. ”

അത് കേട്ട് അയാളുടെ കണ്ണുകൾ തിളങ്ങി..

“എവിടെ ആണ് താമസിക്കുന്നത്.. !”

അയാൾ ചോദിച്ചു..

“ഈയിടെ ഒരു കുട്ടി തൂങ്ങി മരിച്ചില്ലേ.. അവൾ താമസിച്ചിരുന്ന വീട്ടിൽ.. !”

അയാൾ ഒരു അമ്പരപ്പോടെ ഇരുവരെയും നോക്കി..

“ചേട്ടന്റെ പേരെന്താ.. !”

“മധു.. !”

“ആ കുട്ടി ഇവിടെ നിന്നായിരുന്നല്ലേ ആഹാരം വാങ്ങിയിരുന്നത്.. !”

“എപ്പോഴും ഒന്നും ഇല്ല… ചപ്പാത്തി വാങ്ങിക്കൊണ്ട് പോകും.. ഇവിടെ ഉള്ള കറികൾ ഒന്നും അവർക്ക് പിടിക്കത്തില്ലല്ലോ.. ! ഹിന്ദിക്കാരി അല്ലെ.. !”

“അവരുടെ കൂടെ വേറെ ആരെങ്കിലും ഈ കടയിൽ വന്നത് ശ്രദ്ധിച്ചിരുന്നുവോ.. !”

“ഹേയ്.. ! ഇല്ല.. ഞാൻ ശ്രദ്ധിച്ചില്ല.. ആ കൊച്ചിന് മലയാളം തീരെ അറിയില്ല.. ”

“ഇവിടെ അടുത്ത് വേറെ ബംഗാളികൾ വല്ലതും താമസം ഉണ്ടോ.. !”

“അതെന്തൊരു ചോദ്യമാ..! അവന്മാർ തമ്പടിക്കാത്ത സ്ഥലം വല്ലതും ഉണ്ടോ.. ! എനിക്ക് തോന്നുന്നത് ആ പെണ്ണിന് അവന്മാരുമായി എന്തോ ബന്ധം ഉണ്ടെന്ന് ആണ്.. !”

അത് കേട്ട് എഡ്വിന്റെ കണ്ണുകൾ വിടർന്നു..

“അത് മധു ചേട്ടന് എങ്ങനെ മനസ്സിലായി.. !”

“ഞാൻ പറഞ്ഞില്ലേ ആ കൊച്ച് ചപ്പാത്തി വാങ്ങാൻ വരുമെന്ന്.. കൃത്യം ആ സമയം ആവുമ്പോൾ കുറേ എണ്ണം കൂട്ടം ആയി വരും ഇവിടെ.. ”

“ഓ… ! അവർ തമ്മിൽ പരസ്പരം എന്തെങ്കിലും കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നതായി ശ്രദ്ധിച്ചിരുന്നുവോ.. !”

“നിങ്ങൾ പോലീസ് ആണോ.. വേഷം മാറി വന്നത് ഒന്നും അല്ലല്ലോ.. !”

“ഹേയ്.. അല്ല..ആ വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ആ കുട്ടിയെ പറ്റി കേൾക്കുക ഉണ്ടായി.അപ്പോൾ അറിയാൻ ഒരു ആകാംക്ഷ…അത്രേ ഒള്ളു.. !”

“എനിക്ക് ഈ കേസിൽ ചെന്ന് തലയിടാനൊന്നും താല്പര്യം ഇല്ല.. അത് കൊണ്ട് ചോദിച്ചത് ആണ്..

ഇവിടെ ഇപ്പോൾ പുതുതായി ഒരു വീടിന്റെ പണി നടക്കുന്നുണ്ട്.. ഏതോ കെട്ടിട പണിക്കാരന്റെ വീട് ആണ്.. അയാൾ ഇത് പോലെ കുറേ ബംഗാളികളെ ഇറക്കിയിട്ടുണ്ട്..

വെപ്പും കുടിയും എല്ലാം ആ വീടിനോട്‌ ചേർന്ന് ഇവർക്ക് താമസിക്കാൻ ഒരു വീട് വാടകക്ക് എടുത്തിട്ടുണ്ട്.. അവിടെ ആണ്.. ചായ കുടിക്കാൻ ഇവിടെ വരും..

എന്നും ഇല്ല. ചില ദിവസങ്ങളിൽ ആ കൊച്ച് ഇവിടെ വരുമ്പോൾ അതിലൊരുത്തൻ അവളെ നോക്കുന്നത് ഞാൻ കണ്ടു.. വേറൊന്നും ഇല്ല.. നോക്കിയതെ ഒള്ളു.. ഞാൻ കണ്ടെന്ന് അറിഞ്ഞപ്പോൾ അവൻ മുഖം തിരിച്ചു കളഞ്ഞു..

ഇതൊരു വലിയ സംഭവം ആണോ എന്ന് എനിക്ക് അറിയില്ല.. ഞരമ്പ് രോഗി ആണെന്ന് കരുതി..

“ഇപ്പോഴും അവർ അവിടെ തന്നെ ആണോ താമസം.. !”

കഴിഞ്ഞ ദിവസം വരെ അവിടെ പണി ഉണ്ടായിരുന്നു..വീട് പണി പൂർത്തി ആയിട്ടില്ല.. അപ്പോൾ അവിടെ തന്നെ കാണും.. !”

“എത്ര കാലമായി വീട് പണി തുടങ്ങിയിട്ട് എന്ന് അറിയാമോ.. !”

“രണ്ട് മാസം അടുപ്പിച്ച് ആയി..ഈ പ്രദേശത്ത് അത്തരം ഒരു കെട്ടിടം ഇല്ല.. അത്ര മനോഹരം ആണ്… !”

“അതെയോ.. ! ഹോ ആ വീട് കാണാൻ കൊതി ആവുന്നു.. ”

“വലിയ ദൂരം ഒന്നും ഇല്ല.. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് താഴേക്ക് ഒരു ഇറക്കം ഉണ്ട്.. ആ ഇറക്കം ചെന്ന് അവസാനിക്കുന്നത് ഒരു ചെറിയ തോട്ടിലേക്ക് ആണ്.. ആ തോടിന് മുകളിൽ ഒരു പാലം ആണ്.. ആ പാലത്തിന്റെ അപ്പുറം റോഡ്.. റോഡിൽ മറു  ഭാഗത്ത് നേരെ  നോക്കിയാൽ കാണുന്ന രണ്ട് നില..

അവിടേക്ക് പോകാൻ വേറെ വഴിയും ഉണ്ട്.. ദേ ഈ കാണുന്ന വഴി..

കടയുടെ വലതു ഭാഗത്തായി താഴേക്ക് ഒരു മൺ പാത…

“ആ വഴി നേരെ പോയാലും ഈ പറഞ്ഞ പാലത്തിന്റെ അടുത്ത് എത്തും.. അത് വഴി ആണ് അവന്മാർ വരുന്നത്.. !”

“അപ്പോൾ പാലത്തിന്റെ അടുത്ത് നിന്ന്
ഈ പ്രദേശത്തേക്ക് കടക്കുവാൻ രണ്ട് കുറുക്കു വഴികൾ ഉണ്ട്… അല്ലെ.. !”

“അതെ.. !”

“ഈ വഴികളുടെ ഇടയിൽ മറ്റ് വീടുകൾ ഉണ്ടോ.. !”

“ഇല്ല.. റബ്ബർ തോട്ടം ആണ്.. അതിൽ വെട്ടൊന്നും ഇല്ല.. വെറുതെ ഇട്ടിരിക്കുന്ന സ്ഥലം.. !”

“ആ കുട്ടിയുടെ മരണ ശേഷം ഈ വന്നവന്മാരിൽ ആരെങ്കിലും മിസ്സിംഗ്‌ ആയിട്ടുണ്ടോ എന്ന് ഓർക്കുന്നുണ്ടോ.. ! അതായത് അവളെ നോക്കി എന്ന് ചേട്ടൻ പറഞ്ഞില്ലേ.. അവനെ ഈ അടുത്ത ഇടയിൽ എപ്പോഴെങ്കിലും കണ്ടിരുന്നുവോ.. !”

ഒന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു..

“ഇല്ലെന്നാണ് തോന്നുന്നത്.. ”

“ശരി.. അവൾ മരിച്ചു കഴിഞ്ഞ ശേഷം ചേട്ടന്റെ ബാക്കിയുള്ള സ്ഥിരം കസ്റ്റമേർസ് ഇവിടെ എത്തിയിരുന്നുവോ.. !”

“മ്മ്.. കുറച്ചു പേർ മാത്രം.. എന്തായാലും അവളെ നോക്കിയവനെ കണ്ടിട്ട് ഒരാഴ്ചയിൽ കൂടുതൽ ആയി… നിങ്ങളുടെ ചോദ്യം കേട്ടാൽ നിങ്ങൾ പോലീസിൽ ആണെന്ന് തോന്നുന്നു…  ”

” പോലീസിൽ അല്ല… പ്രൈവറ്റ് ഡിറ്റക്റ്റീവ്.. !
ആ കുട്ടിയുടെ മർഡർ കേസ് അന്വേഷിക്കാനായി വന്നത് ആണ്.. !

നിങ്ങൾ പേടിക്കണ്ട.. ചേട്ടന് വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല..

കടക്കാരൻ എഡ്വിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.അയാളുടെ കണ്ണുകളിൽ  ഭയം തിങ്ങി നിന്നു…

“ങാ.. പിന്നെ.. അവളുടെ ബോഡി ആദ്യം കണ്ട രാജൻ ചേട്ടന്റെ വീട് എവിടെ ആണ്.. !”

“ഈ നിരയിൽ ഉള്ള മൂന്നാമത്തെ വീട്.. !”

“പുള്ളി ആളെങ്ങനെ !”

“പാവമാ സാറേ. ! ആ കൊച്ചിന്റെ മൃതദേഹം കണ്ട് ഒരാഴ്ച പനി ആയി കിടപ്പിൽ ആയിരുന്നു ആ പാവത്താൻ.., !”

“ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടോ !”

“കല്യാണം കഴിച്ചിട്ടില്ല..അമ്മയും അച്ഛനും മരിച്ചു.. ഇപ്പോൾ  ഒറ്റക്കാണ് താമസം.. !”

“അയാൾ എന്നും പശുവിനെ കെട്ടുന്നത് അവിടെ ആണോ.. !”

“ഓ.. ആ പരിസരത്തൊക്കെ തന്നെ ആണ്.. !

അന്ന് പശൂനേം കൊണ്ട് പോയി..തിരികെ അയാളും അയാളേക്കാൾ വേഗത്തിൽ പശുവും ഓടി വരുന്നത് കണ്ട് ഞങ്ങൾ അമ്പരന്നു പോയി..

ഈയിടെ ആയി ആ കുട്ടിയുടെ മരണ വാർത്ത തന്നെ ആണ് ഈ നാട്ടിലുള്ള എല്ലാവരുടെയും ചർച്ചാ വിഷയം.. !”

“ഈ നാട്ടിലെ ന്യൂസ്‌ ഏജൻസി ആരാണ് !”

“എന്ന് വെച്ചാൽ.. !”

“അല്ല…ഏത് നാട്ടിൽ ചെന്നാലും അവിടെ എല്ലാം ചില വ്യക്തികൾ കാണുമല്ലോ… മറ്റുള്ളവരുടെ പുതിയ വാർത്തകൾ ചർച്ചക്ക് കൊണ്ട് വരുന്നവർ..

അങ്ങനെ ആരെങ്കിലും സ്ഥിരമായോ അല്ലാതെയോ ഇവിടെ ചായ കുടിക്കാൻ വരുമ്പോൾ പുതിയ പുതിയ ന്യൂസ്‌ മറ്റുള്ളവരുമായി  പങ്ക് വെക്കുന്ന ആളുകൾ ആരെങ്കിലും ഉണ്ടോ.. !”

“ഉണ്ടോന്നോ…. ! അതൊക്കെ ആ നാണി തള്ളക്ക് അറിയാം.. അവർക്കൊരു മകൻ ഉണ്ട്.. കണ്ടക്ടർ ആണ്.. ഈ തള്ളയുടെ സ്വഭാവം കൊണ്ട് ആ ചെറുക്കൻ ഇത് വരെ പെണ്ണ് കെട്ടിയിട്ടില്ല.. അവൻ ഇവിടെ ഇടയ്ക്ക് വരാറുണ്ട്.. അപ്പോൾ പറഞ്ഞതാണ്.. ഈ നാട്ടിലുള്ള ആൾക്കാരുടെ സകല മാന കുറ്റവും ആ തള്ളക്ക് അറിയാം..

അവരുടെ ഒരു സ്വഭാവം ഇങ്ങനെ ആണ്.. നേരം വെളുക്കുമ്പോൾ ഏതെങ്കിലും ഒരു വീട്ടിൽ പോയി ഇരിക്കും.. അന്ന് അവിടെ ഉള്ളവരുമായി ലോഹ്യം അടിച്ച് ഇരുന്നിട്ട് അവിടെ ഉള്ള വിവരങ്ങൾ ഒക്കെ ശേഖരിച്ചു മറ്റൊരു വീട്ടിൽ പോയി പറയും..

ഇവർ ചെല്ലുമ്പോൾ വീട്ടുകാർ ഇവർക്ക് കഴിക്കാൻ എന്തെങ്കിലും ഒക്കെ കൊടുക്കും.. അത് എന്തിനാണെന്ന് അറിയാമോ.. !

മറ്റുള്ളവരുടെ വിവരങ്ങൾ അറിയാൻ വേണ്ടി..

കൊതീം ഞുണയും പറയാൻ അവരെ കഴിഞ്ഞ് ആരും ഇല്ല..

ഒരു തവണ ആ തള്ളേടെ വായിൽ അകപ്പെട്ടാൽ തിരികെ വരാൻ പ്രയാസം ആണ്..

“എവിടെ ആണ് അവർ താമസിക്കുന്നത്.. !”

“ദേ ആ വളവ് തിരിയുമ്പോൾ താഴേക്ക് ഒരു വഴി കാണാം.. അവിടെ. !”

“നന്ദി.. ഇനിയും കാണാം.. !”

എഡ്വിൻ കാറിൽ കയറി…

“അപ്പോൾ ആ നാണിയെ തിരക്കി പോകാൻ തന്നെ തീരുമാനിച്ചോ.. !”

“അരുൺ ഈ പ്രദേശത്തുള്ള ആളുകളെ അവരെക്കാൾ നന്നായി അറിയാവുന്ന മറ്റൊരാൾ ഇല്ലെന്ന് ഞാൻ കരുതുന്നു..

അവരോട് എനിക്ക് ചിലത് ചോദിച്ചറിയാൻ ഉണ്ട്.. അതിനു ശേഷം നമുക്ക് ആ ബംഗാളികളുടെ ഡീറ്റെയിൽസ് കളക്റ്റ് ചെയ്യണം…

സമയം വൈകുന്നേരം 3 മണി..

“അവർ വീട്ടിൽ കാണുമോ എഡ്വിൻ.. !”

“കാണുമെന്ന് വിശ്വസിക്കുന്നു.. !”

ഹോട്ടൽ ഉടമ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഇരുവരും മുൻപോട്ട് നീങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഇരുവരും നാണിയുടെ വീടിന് മുൻപിൽ എത്തി..

അകത്ത് സാമാന്യo നല്ല രീതിയിൽ തന്നെ വഴക്ക് നടക്കുന്നുണ്ട്… എഡ്വിൻ ആ ബഹളം എന്തെന്നറിയാൻ ചെവിയോർത്തു..

മകനുമായി ഉടക്ക് ഉണ്ടാക്കുകയാണ് കക്ഷി.. !

അമ്മയും മകനും നേർക്ക് നേർ.. !

“നമ്മൾ വന്ന സമയം ശരിയായില്ലെന്ന് തോന്നുന്നു അരുൺ.. പോയേക്കാം.. !”

എഡ്വിൻ തിരികെ നടന്നു..

“ആരാണ്.. !”

പിന്നിൽ നിന്ന് ഒരു പുരുഷ ശബ്ദം.. എഡ്വിൻ തിരിഞ്ഞു നോക്കി..

നാണിയുടെ മകൻ.. !

ഇരുവരും അയാളുടെ അരികിലേക്ക് നടന്നു..

“നാണി അമ്മയെ ഒന്ന് കാണാൻ സാധിക്കുമോ.. !”

“നിങ്ങൾ ആരാണ്.. !”

“അവർ ആരെങ്കിലും ആയിക്കോട്ടെ.. ഇറങ്ങി പൊയ്ക്കോണം എന്റെ വീട്ടിൽ നിന്ന്.. !”

നാണി രംഗപ്രവേശം ചെയ്തു..

“ഇതിന് മറുപടി തരാൻ അറിയാൻ വയ്യാഞ്ഞിട്ടല്ല.. ഞാൻ തിരിച്ചു വരട്ടെ.. നിങ്ങളെ ഇന്ന് ഞാൻ യമപുരിക്ക് അയക്കും.. നോക്കിക്കോ.. !”

ഇരുവരെയും രൂക്ഷഭാവത്തിൽ ഒന്ന് നോക്കിയിട്ട് അയാൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ബീഡി ചുണ്ടിൽ തിരുകി.. തീപ്പെട്ടി കൊണ്ട് കത്തിച്ച ശേഷം അവിടെ നിന്നും ഇറങ്ങി പോയി..

“ആരാ.. !”

“നാണിയമ്മയുടെ ചോദ്യം.. !”

എഡ്വിൻ ജീൻസിന്റെ പിന്നിൽ നിന്ന് വാലറ്റ് കയ്യിൽ എടുത്തു.. അതിൽ നിന്ന് ഒരു 500 രൂപാ നോട്ട് പുറത്ത് എടുത്ത് നാണി അമ്മക്ക് നേരെ നീട്ടി..

അവർ കാര്യം അറിയാതെ എഡ്വിന്റെ മുഖത്ത് നോക്കി പകച്ചു നിന്നു..
എഡ്വിൻ തുടർന്നു..

“നാണിയമ്മേ.. എനിക്ക് സുമതിയെ പറ്റി അറിയണം.. അതിനാണ് ഈ പണം.. !”

വെറ്റക്കറയുള്ള പല്ല് കാട്ടി ചിരിച്ചു കൊണ്ട് നാണി പണം വാങ്ങി.. എന്നിട്ട് പറഞ്ഞു..

“ആദ്യമായിട്ടാണ് വിവരങ്ങൾ അറിയാനായി ഒരാൾ പൈസ തരുന്നത്.. സുമതി  ഒന്നും ഇല്ല ഇവിടെ . ഇവിടുള്ള ചില ഞരമ്പ് രോഗികൾക്ക് രാത്രി സഞ്ചാരത്തിന് വേണ്ടി ഉണ്ടാക്കിയ മാർഗം ആണ് സുമതി.. . !”

“അപ്പോൾ ഇവിടെ രാത്രി സഞ്ചാരം ഉണ്ട് എന്ന് അർഥം.. !”

“പിന്നല്ലാതെ.. !  സുമതി വളവിന്റെ നേരെ ഉള്ള റബ്ബർ തോട്ടത്തിന്  താഴെ ഒരുത്തി താമസം ഉണ്ട്.. വനജ.. അവളെ കാണാൻ വരുന്നവരാണ് .. !”

“പക്ഷെ ! ഞങ്ങൾ കേട്ടത് അങ്ങനെ അല്ലല്ലോ.. ! ലോറിയിലേ സാധനങ്ങൾ മോഷ്ടിക്കാൻ വരുന്നവർ ആണെന്നാണ് കേട്ടത് .. !”

“ങാ.. അതും ഉണ്ട്.. കള്ളന്മാർ.. അതൊക്കെ പണ്ട് ആയിരുന്നു.. ഇപ്പോൾ അങ്ങനെ ഉള്ള വാർത്തകൾ ഒന്നും കേട്ടിട്ടില്ല..

എനിക്ക് സംശയം ആ വനജയെ തന്നെ ആണ്.. നാട്ടുകാരുടെ മുൻപിൽ അവൾ പതിവൃത ചമഞ്ഞ് നടന്നാലും ഈ നാണിക്ക് അവളെ നന്നായി അറിയാം.. !

അല്ലെങ്കിൽ തന്നെ ഒന്ന് ആലോചിച്ചു നോക്ക്.. ഭർത്താവ് മരിച്ചവൾ.. കുട്ടികൾ ഇല്ല.. റബ്ബറിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്ന് പറയുന്നു.. ഇതൊക്കെ വിശ്വസിക്കാൻ മാത്രം മണ്ടി അല്ല ഈ നാണി..

“ആരാണ് വരുന്നതെന്ന് പറയാമോ.. !”

“അത് ഞാൻ പറയില്ല.. ഇനിയിപ്പോ ഞാൻ പറഞ്ഞവൻ ആ പണി നിർത്തി എങ്കിൽ എന്റെ മകന്റെ വായിൽ ഇരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും..

ഇപ്പോൾ വഴക്കുണ്ടാക്കിയതും എന്റെ സ്വഭാവത്തെ ചൊല്ലി ആണ്.. ഈ വയസാംകാലത്ത് ഇനി എങ്ങനെ മാറ്റാൻ ആണ്.. !”

“ശരി.. ഞങ്ങൾ കാരണം നാണി അമ്മ വഴക്ക് കേൾക്കണ്ട.. വരട്ടെ.. !”

“സാർ പോലീസ് ആണോ.. !”

“അതെന്ന് കൂട്ടിക്കോ.. !”

മുഖത്ത് ഒരു കള്ളച്ചിരി വരുത്തി എഡ്വിൻ പറഞ്ഞു..

ഇരുവരും തിരികെ നടന്നു..

“അപ്പോൾ രാത്രി സഞ്ചാരം ഈ പ്രദേശത്ത് ഉണ്ട് എന്നുള്ള കാര്യത്തിൽ വ്യക്തത ആയി.. ഇനി ആ വ്യക്തി ആരാണെന്ന് കൂടി കണ്ടെത്തണം.. !”

“അതെ അരുൺ.. പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ അതിനുള്ള വഴി കണ്ടെത്തണം.. വൈകുന്ന ഓരോ നിമിഷവും കൊലയാളികൾ രക്ഷപെടാനുള്ള സാധ്യത ഞാൻ കാണുന്നു.. ”

“ആ ഹോട്ടലുകാരൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എനിക്ക് ആ ബംഗാളികളെ സംശയം ഉണ്ട് എഡ്വിൻ.. !”

“നമുക്ക് ആരെ വേണമെങ്കിലും സംശയിക്കാം.. പക്ഷെ ! കൊല ചെയ്യാനുള്ള പ്രേരണ.. അത് കണ്ടെത്തേണ്ടതാണ് ഏറ്റവും പ്രധാനം..

ഇവിടെ ജനയുടെ മരണ ശേഷം അവരുടെ കുട്ടിയെ ഹൈഡ് ചെയ്തിരിക്കുകയാണ്..ആ ഒരു കാരണം കൊണ്ട് തന്നെ  എനിക്ക് ഉറപ്പുണ്ട്.. ഈ കൊലപാതകത്തിന് കാരണം ആ കുട്ടി തന്നെ ആണെന്ന്..

നാണി പറഞ്ഞ റബ്ബർ തോട്ടത്തിലേക്ക് ഇരുവരും നടന്നടുത്തു..

“പറഞ്ഞ ലക്ഷണം വെച്ച് നോക്കുമ്പോൾ ഇത് തന്നെ ആണ് ആ സ്ഥലം എന്ന് തോന്നുന്നു..
മ്മ്.. ഇവിടെ നിന്നാലും ജനയുടെ ബോഡി കിട്ടിയ ഭാഗം ദൃശ്യമാണ്..

ഇനി ഇവിടെ എവിടെ ആണ് വനജയുടെ വീട് എന്ന് കണ്ടെത്തണം..

റബ്ബർ തോട്ടത്തിനുള്ളിലേക്ക് പ്രവേശിച്ച ശേഷം അത് വഴി കുറച്ചു മുൻപിലേക്ക് നടന്നു.. ചെങ്കുത്തായ തോട്ടം.. തോട്ടത്തിന്റെ താഴെ ഓടിട്ട ഒരു ചെറിയ വീട് ദൃശ്യമായി.. തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്ന വീട്..

“മ്മ്.. അപ്പോൾ അത് തന്നെ ആണ് വനജയുടെ വീട്.. ! വാ അരുൺ തിരിച്ചു പോയേക്കാം.. സ്ഥലം കണ്ടു പിടിച്ച സ്ഥിതിക്ക്
തല്ക്കാലം നമുക്ക് ഇപ്പോൾ ഒന്ന് റസ്റ്റ്‌ എടുക്കേണ്ടതായി ഉണ്ട്.. രാത്രി ഉറക്കം ഇളക്കാൻ ഉള്ളത് ആണ്.. !

ഇരുവരും തിരികെ വീട്ടിലേക്ക് നടന്നു..

10 മണിക്ക് അലാറം സെറ്റ് ചെയ്തു വെച്ച ശേഷം ഇരുവരും കിടന്നു..

സമയം കടന്നു പോയി..

അലാറത്തിന്റെ ശബ്ദം ചെവികളിൽ മുഴങ്ങി കേട്ടപ്പോളേക്കും എഡ്വിൻ കണ്ണ് തുറന്നു..

കാലിൽ ഷൂസ് ധരിച്ചു.. എഡ്വിൻ തന്റെ റിവോൾവർ പുറകിൽ തിരുകി.. വേഗത്തിൽ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെളിയിൽ ഇറങ്ങി..

വാതിൽ തുറന്ന് പുറത്ത് ഇറങ്ങി..
നല്ല മഞ്ഞു പെയ്യുന്നുണ്ട്.. ചുറ്റും കുറ്റാ കൂരിരുട്ട്..
വാതിൽ ലോക്ക് ചെയ്ത ശേഷം അവർ പതിയെ മുൻപോട്ട് നടക്കാൻ തുടങ്ങി..

കയറ്റം കയറി മെയിൽ റോഡിൽ എത്തി.. ചുറ്റും നിശബ്ദത… !

ജനയുടെ ബോഡി കിട്ടിയ ഭാഗത്തേക്ക് അവർ പതിയെ നടക്കാൻ തുടങ്ങി.. ഇതിനിടെ ചരക്കുമായി പോകുന്ന ഒരു ലോറി മാത്രം ആണ് അത് വഴി കടന്നു പോയത്..

അരുണിന് ഉള്ളിൽ ചെറുതായി ഭയം തോന്നിത്തുടങ്ങി.. രാത്രിയുടെ നിശബ്ദത ആ പ്രദേശത്തെ കൂടുതൽ ഭീകരമാക്കുന്നതായി അവന് തോന്നി.. ധാരാളം വൃക്ഷങ്ങൾ ഉള്ള പ്രദേശം ആയത് കൊണ്ട് തന്നെ തണുപ്പിൽ അവന്റെ രോമകൂപങ്ങൾ പൊങ്ങി..

വൃക്ഷങ്ങളുടെ നിഴൽ ആ പ്രദേശമാകെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നിൽക്കുന്നു.. പതിയെ പതിയെ ഇരുവരും വനജയുടെ വീടിനടുത്തായി സ്ഥിതി ചെയ്യുന്ന തോട്ടത്തിലേക്ക് കടന്നു..

എഡ്വിൻ മൊബൈലിന്റെ ഫ്ലാഷ് ഓൺ ചെയ്തു നിലത്ത് ഒരു പരിശോധന നടത്തി..

“ഉരഗങ്ങളെ ഭയക്കേണ്ടിയിരിക്കുന്നു.. ”

എഡ്വിൻ പറഞ്ഞു..

വളരെ ശ്രദ്ധയോടെ എഡ്വിൻ മുൻപോട്ട് നീങ്ങി.. അങ്ങിങ്ങായി തല ഉയർത്തി നിൽക്കുന്ന ചെറുതും വലുതുമായ  പാറകൾ..

തങ്ങൾ നിൽക്കുന്ന മരത്തിനു പിൻഭാഗം എഡ്വിൻ നന്നായി പരിശോധിച്ചു.. അതിലൂടെ ഇഴഞ്ഞു നീങ്ങിയ ഒരു പഴുതാരയെ ഷൂവിന്റെ മുൻഭാഗം കൊണ്ട് ഞെരിച്ച് കൊന്നു..

അതിനു ശേഷം ഫ്ലാഷ് ഓഫ്‌ ചെയ്തു..

“എത്ര നേരം ഈ നിൽപ്പ് നിൽക്കേണ്ടി വരും എഡ്വിൻ.. !”

അരുൺ ശബ്ദം താഴ്ത്തി പറഞ്ഞു..

“കാല് കിഴക്കുമ്പോൾ പറ..! ആ പാറപ്പുറത്ത് ഇരിക്കാം.. !”

എത്ര നേരം നിക്കേണ്ടി വരും എന്ന ചോദ്യത്തിന് മറുപടി നൽകാൻ കഴിയില്ല എന്ന് അരുണിന് മനസ്സിലായി..

സമയം കടന്നു പോയി.. ഏകദേശം 1 മണി വരെ പാറപ്പുറത്തും മരത്തിനു പിന്നിലുമായി ഇരുവരും സമയം ചിലവഴിച്ചു ..

“ഇവിടെ എങ്ങും ആരും ഇല്ല എഡ്വിൻ.. ! തിരിച്ചു പോവാം.. !”

“സുമതി പോലും വന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം… !

കുറച്ചു സമയം കൂടി കാക്കാം.. ”

ഒരു മണിക്കൂർ കൂടി പിന്നിട്ടു..

പെട്ടന്ന് വനജയുടെ വീടിന്റെ പിന്നാംമ്പുറത്ത് വെട്ടം തെളിഞ്ഞു..

“നാണി പറഞ്ഞത് ശരി തന്നെ.. ! ”

എഡ്വിൻ അലേർട്ട് ആയി നിന്നു…

മുഖം കാണാനാവാത്ത രീതിയിൽ ഒരു തോർത്ത് കൊണ്ട് മൂടിക്കെട്ടി ഒരു പുരുഷൻ വെളിയിൽ ഇറങ്ങി.. ഒരു ടോർച്ച്  ഓൺ ചെയ്ത് അയാൾ പതിയെ തോട്ടത്തിലേക്ക് പ്രവേശിച്ചു..

“അരുൺ.. വിടരുത് അയാളെ.. !”

ഇരുവരും മരത്തിനു പിന്നിൽ പതുങ്ങി നിന്നു…

പതിയെ പതിയെ ആ മനുഷ്യൻ എഡ്വിൻ നിൽക്കുന്ന സ്ഥലത്തോട് അടുക്കാറായി..

മരത്തിന്റെ പിന്നിൽ നിന്ന് ഇരുവരും ആ മനുഷ്യന്റെ മുന്നിലേക്ക് വന്നു..

ടോർച്ച് വെളിച്ചത്തിൽ പെട്ടന്ന് രണ്ട് മുഖങ്ങൾ കണ്ട അയാൾ ഭയന്നു നിലവിളിച്ചു കുറച്ചു പുറകോട്ട് പോയി..

“പേടിക്കണ്ട.. ഞങ്ങൾക്ക് നിങ്ങളോട് ചില കാര്യങ്ങൾ ചോദിച്ചു അറിയാനുണ്ട്.. ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല…!”

എഡ്വിൻ പറഞ്ഞു..

തോർത്തിന്റെ ഇടയിൽ കൂടി ആ കണ്ണുകൾ ഭീതിയോടെ ആണ് തങ്ങളെ നോക്കുന്നതെന്ന് അരുണിന് തോന്നി.. എഡ്വിൻ അയാൾക്കരികിലേക്ക് പതിയെ കാല് വെച്ച് മുൻപോട്ട് നീങ്ങി..

പെട്ടന്ന് അയാൾ തന്റെ കയ്യിൽ പിടിച്ചിരുന്ന ടോർച്ച് അണച്ചു..  അവിടമാകെ അന്ധകാരം നിറഞ്ഞു…  അയാൾ ഓടി രക്ഷപെടാനുള്ള ഭാവം ആണെന്ന് മനസ്സിലാക്കിയ എഡ്വിൻ അയാളുടെ നേർക്ക് തോക്ക് ചൂണ്ടി..

“ഓടിയാൽ ഞാൻ ഷൂട്ട് ചെയ്യും.. !”

പൊടുന്നനെ അയാൾ കയ്യിലുള്ള ടോർച്ച് അരുണിന്റെ നേർക്ക് എറിഞ്ഞ ശേഷം നീട്ടിപ്പിടിച്ച തോക്കിലേക്കും എഡ്വിന്റെ കയ്യിലുമായി  തന്റെ കരങ്ങൾ   മുറുക്കി.. അരുണിന്റെ നെറ്റിയിൽ ടോർച്ച് ആഞ്ഞു പതിച്ചു..

“ആ….. ” അരുൺ നിലവിളിച്ചു പോയി..

അരുൺ   ദേഷ്യത്തോടെ ചെന്ന്    പുറകിൽ നിന്ന് തന്റെ കൈ മുൻപിലേക്ക് നീട്ടി അയാളുടെ  വാരിയെല്ലിന്റെ ഭാഗത്ത് മുറുക്കി പുറകിലേക്ക് വലിച്ചു മാറ്റാൻ ശ്രമിച്ചു..

ആ മനുഷ്യന്റെ നെഞ്ചിനെ ലക്ഷ്യമാക്കി എഡ്വിൻ കാലുയർത്തിയപ്പോളെക്കും അയാൾ തോക്കിൽ നിന്ന് പിടിവിട്ടു.. അയാളുടെ നെഞ്ചിന് താഴെ പിടിയിട്ട് പുറകോട്ട് ബലം പ്രയോഗിച്ചു നിന്ന അരുണും ആ മനുഷ്യനും പൊടുന്നനെ കുറച്ചു ദൂരം പുറകോട്ട് പോയി..

തന്റെ നെഞ്ചിനു താഴെ പിടിച്ചിരുന്ന അരുണിന്റെ കൈ വിരൽ അയാൾ മുകളിലേക്ക് ഉയർത്തിക്കൊടുത്തു..
വിരൽ ഒടിയുന്ന വേദന അനുഭവപ്പെട്ട അരുൺ പെട്ടന്ന് പിടി വിട്ടു.. ആ തക്കത്തിന് അയാൾ മറ്റൊരു ദിശയിലേക്ക് ഓടി..

റിവോൾവർ പുറകെ തിരുകി എഡ്വിൻ അയാളുടെ പിന്നാലെ പാഞ്ഞു..
എഡ്വിൻ ഒരു കുതിപ്പിൽ അയാളുടെ പുറത്തേക്ക് ചാടി വീണു.. ചെങ്കുത്തായ ഭാഗം ആയതിനാൽ ഇരുവരും കുറേ ദൂരം താഴേക്ക് ഉരുണ്ട് പോയി..

അരുൺ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു.. ശേഷം  ഫ്ലാഷ് ഓൺ ചെയ്ത് ചുറ്റും നോക്കി..

അരുൺ നിൽക്കുന്ന ഭാഗത്ത് നിന്ന് കുറച്ചു താഴെയായി അവർ ഇരുവരും തമ്മിൽ ബലപ്രയോഗം നടത്തുന്നതായി അവൻ കണ്ടു..

എഡ്വിൻ അയാളുടെ മുഖത്ത് ശക്തിയിൽ കെട്ടിയിരുന്ന തോർത്ത് അഴിക്കാൻ ശ്രമിച്ചു..

പൊടുന്നനെ ഒരു അലർച്ചയോടു കൂടി അയാൾ എഡ്വിനെ പിടിച്ചു തള്ളി മാറ്റി.. വളരെ വേഗത്തിൽ അവിടെ നിന്ന് കുതറി ഓടി..

ഓടുന്ന കൂട്ടത്തിൽ അയാളുടെ ലുങ്കി അഴിഞ്ഞു താഴെ വീണു.. അത് വക വെക്കാതെ അയാൾ ഇരുട്ടിലേക്ക് മറഞ്ഞു..

അരുൺ അപ്പോഴേക്കും ഇറക്കം ഇറങ്ങി എഡ്വിന്റെ അരികിൽ എത്തി..

എഡ്വിന്റെ ശരീരത്തിന്റെ പല ഭാഗത്തും മൂർച്ചയുള്ള എന്തോ വസ്തു കൊണ്ട് വരഞ്ഞ പാടുകൾ.. അവയിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ട് അരുണിന് ആധിയായി..

“എന്ത് പറ്റി.. അയാൾ എങ്ങനെ ആണ് രക്ഷപെട്ടത്.. !”

“അയാളുടെ കയ്യിൽ ബ്ലേഡ് പോലെ എന്തോ ഉണ്ട്.. അപ്രതീക്ഷിതമായി അയാൾ അത് എന്റെ ദേഹത്ത് പലയിടങ്ങളിലായി വരഞ്ഞപ്പോൾ പിടി വിട്ട് പോയി.. ”

“ഇനി എന്ത് ചെയ്യും.. !”

“ചെയ്യാൻ ധാരാളം ഉണ്ട് അരുൺ.. !”

എഡ്വിൻ അവിടെ നിന്ന് എഴുന്നേറ്റു.. ഊരി നിലത്ത് വീണ കൈലി കയ്യിൽ എടുത്തു..

അരുണിന്റെ പക്കൽ നിന്ന് മൊബൈൽ വാങ്ങി ഇരുവരും ഉരുണ്ട് താഴേക്കു വന്ന വഴികളിൽ കൂടി ഒരു പരിശോധന നടത്തി..

പെട്ടന്ന് എഡ്വിന്റെ ശ്രദ്ധ ഒരു കവറിലേക്ക് പതിഞ്ഞു.. എഡ്വിൻ കുനിഞ്ഞു അത് കയ്യിൽ എടുത്തു..

“വീണ്ടും കോണ്ടത്തിന്റെ കവറോ.. !”

അരുൺ അത്ഭുതത്തോട് കൂടി ചോദിച്ചു..

“എഡ്വിൻ ഫ്ലാഷ് വെളിച്ചത്തിൽ ആ കവർ പരിശോധിച്ചു..

“മൂഡ്‌സ് കോണ്ടത്തിന്റെ അതെ കവർ.. അതിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്.. അതായത് HLL.. തിരുവനന്തപുരം എന്ന് കൊടുത്തിരുന്നു.. ”

“ഇതേ കവർ തന്നെ അല്ലെ നമുക്ക് അവിടെ നിന്ന് ലഭിച്ചത്.. !”

“അതെ അരുൺ.. ഈ കവർ അവിടെ എങ്ങനെ വന്നു എന്ന് അയാൾ തന്നെ പറയേണ്ടി വരും.. !”

“എന്നാലും എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ്.. ഉപയോഗ ശേഷം അയാൾ കവർ കൊണ്ട് നടക്കുന്നത് എന്തിനാണ്.. !”

അരുൺ സംശയം പ്രകടിപ്പിച്ചു..

“അറിയില്ല.. പക്ഷെ ! അയാളെ വളരെ വേഗത്തിൽ തന്നെ കണ്ടെത്താനാവും… ! വേഗം വന്നേ.. !”

കുറേ ദൂരം മുകളിലേക്ക് കയറി.. പെട്ടന്ന്
ഫ്ലാഷ് വെളിച്ചത്തിൽ  അയാളുടെ ടോർച്ച് തിളങ്ങി..

അത് തന്റെ കയ്യിൽ എടുത്ത ശേഷം എഡ്വിൻ പറഞ്ഞു..

“ഫിംഗർ പ്രിന്റ്.. !”

കിട്ടിയ തെളിവുകളുമായി ഇരുവരും വീട്ടിലേക്ക് പോയി..

വീട്ടിൽ എത്തിയ ഉടൻ എഡ്വിൻ തന്റെ വെളുത്ത കർചീഫ് കയ്യിൽ എടുത്ത ശേഷം ശ്രദ്ധയോടെ തന്റെ നഖത്തിന്റെ ഇടയിൽ നിന്ന് എന്തോ ഒന്ന് ആ കർച്ചീഫിലേക്ക് എടുത്തു..

കാര്യം മനസ്സിലാകാതെ അരുൺ ചോദിച്ചു..

“എന്താ ഇത്.. !”

ഒന്ന് ചിരിച്ചു കൊണ്ട് എഡ്വിൻ തുടർന്നു..

“പിടി വലിക്കിടെ ഞാൻ അവന്റെ കയ്യിൽ ഇട്ട് ഒന്ന് മാന്തി.. നല്ല കീറിയിട്ടുണ്ട്..അയാളുടെ കുറച്ചു തൊലി എന്റെ നഖത്തിനുള്ളിൽ കേറിയിട്ടുണ്ട് .  എനിക്ക് അയാളുടെ ഡി എൻ എ കിട്ടി..

ഈ തെളിവുകൾ ഒരു ഫോറൻസിക് വിധഗ്ദനെ കൊണ്ട് പരിശോധിപ്പിക്കണം.. കോണ്ടത്തിന്റെ കവറിന്റെ കാര്യത്തിൽ നമ്മുടെ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു പോയി അരുൺ.. അയാൾ ഒരു വലം കയ്യൻ തന്നെ ആണെന്ന് ഇന്ന് എനിക്ക് മനസ്സിലായി.. ചില കാര്യങ്ങളിൽ നമ്മുടെ നിഗമനത്തിന് വിപരീതമായി  ആയിരിക്കും സത്യത്തിന്റെ കിടപ്പ്.. ”

അരുൺ എഡ്വിന്റെ മുറിവുകളിലേക്ക് നോക്കി..

ആകാശനീല നിറത്തിലുള്ള ഷർട്ടിന്റെ പല ഭാഗങ്ങളിലും രക്തക്കറ..ഒപ്പം ഷർട്ട് കീറിയിട്ടും ഉണ്ട്..  !

“എഡ്വിൻ നിങ്ങൾ ഷർട്ട് മാറ്റു..ഞാൻ മുറിവ് ക്ലീൻ ചെയ്തു തരാം.. !”

എഡ്വിൻ ഷർട്ട് അഴിച്ചു..

വയറിലും മുതുകിലുമായി ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലുള്ള മുറിവുകൾ… അരുൺ ബാഗിൽ നിന്ന് ഡെറ്റോൾ എടുത്തു.. മറ്റ് തുണികൾ ഒന്നും കയ്യിൽ കരുതാത്തതിനാൽ ഒരു ഷർട്ട് വലിച്ചു കീറി.. ഒരു മഗ്ഗിൽ കുറച്ചു വെള്ളം എടുത്ത ശേഷം കുറച്ചു ഡെറ്റോൾ അതിലേക്ക് ഒഴിച്ചു.. അതിനു ശേഷം ആ വെള്ളത്തിൽ തുണി മുക്കി മുറിവ് തുടച്ചു..

ഭാവവ്യത്യാസങ്ങൾ ഇല്ലാതെ എഡ്വിൻ ആലോചനയിൽ മുഴുകി ഇരുന്നു..

“ആ വ്യക്തി രക്ഷപെട്ടതിന്റെ സങ്കടം ആണോ ”

അരുൺ ചോദിച്ചു.

“അതിനായാൾ രക്ഷപെട്ടില്ലല്ലോ.. നമ്മുടെ പക്കൽ തെളിവുകൾ ഉണ്ട്.. അധികം വൈകാതെ തന്നെ അയാൾ കുടുങ്ങും.. !”

സമയം കടന്നു പോയി…

ക്ഷീണത്താൽ ഇരുവരും ഉറങ്ങിപ്പോയി..

പിറ്റേന്ന് രാവിലെ 9 മണി വരെ ആ ഉറക്കം നീണ്ട് പോയി..

ഇരുവരും കുളിച്ചൊരുങ്ങി റെഡി ആയി.. കിട്ടിയ തെളിവുകൾ കാറിൽ വെച്ച ശേഷം തലേന്ന് പോയ അതെ ഹോട്ടലിലേക്ക് യാത്രയായി..

“നാണിയെ കണ്ടോ !”

ഹോട്ടൽ ഉടമ ചോദിച്ചു..

“കണ്ടു.. ചില സുപ്രധാനമായ വിവരങ്ങൾ അറിയാനും സാധിച്ചു.. ”

എഡ്വിൻ മറുപടി നൽകി..

അയാൾ ചിരിക്കുന്ന മുഖ ഭാവവുമായി എഡ്വിന്റെ മുഖത്തേക്ക് നോക്കി..

ആഹാരം കഴിച്ചതിന് ശേഷം എഡ്വിൻ ഹോട്ടൽ ഉടമയോടായി  ചോദിച്ചു..

“ഈ ഏരിയയിൽ ഉള്ളവർ എല്ലാം ഇവിടെ ചായ കുടിക്കാൻ വരാറുണ്ടോ.. !”

“എല്ലാരും ഇല്ല.. എന്നാലും പതിവായി വരുന്ന ചിലരൊക്കെ ഉണ്ട്.. 7 മണി മുതൽ 8 മണി വരെ അവർ ഇവിടെ ഒക്കെ തന്നെ കാണും.. !”

“ഇന്ന് വന്നവരിൽ ആരുടെയെങ്കിലും ശരീരത്തിൽ.. അതായത് നെറ്റിയിലോ മുഖത്തോ മുറിവുകൾ ഉള്ളതായി ശ്രദ്ധിച്ചിരുന്നുവോ.. !”

ഒന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു..

“ഇല്ല.. ! അങ്ങനെ ആരും വന്നില്ല..”

“പതിവായി വരുന്നവർ എല്ലാം ഇന്ന് വന്നിരുന്നുവോ.. !”

“ആ.. വന്നിരുന്നു എന്ന് തോന്നുന്നു..

“മ്മ്.. ശരി.. കാണാം.. !”

ഇരുവരും കടയിൽ നിന്ന് ഇറങ്ങി.. കാറിൽ കയറി..

“എവിടേക്കാണ്.. !”

അരുൺ ചോദിച്ചു..

എസ്. ഐ വിനോദിനെ കാണണം.. നമുക്ക് ലഭിച്ച തെളിവുകളെ പറ്റി ഡിസ്കസ്സ് ചെയ്യണം.
വിനോദ് സഹായിച്ചാൽ  മാത്രമേ ആ വ്യക്തി ആരാണെന്ന് അറിയാൻ സാധിക്കു..

“വിനോദ് സഹായിക്കുമോ.. !”

“അറിയില്ല.. റിക്വസ്റ്റ് ചെയ്തു നോക്കാം..സമ്മതിച്ചില്ലെങ്കിൽ ഒരു ഫോറൻസിക് ഉദ്യോഗസ്ഥനെ ഹയർ ചെയ്യാൻ ശ്രമിക്കാം..  !”

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here