Home Latest വെറുതെയല്ലാ ഈയിടെയായി അങ്ങേർക്ക് നിന്നോടൊരു ചാഞ്ചാട്ടം…

വെറുതെയല്ലാ ഈയിടെയായി അങ്ങേർക്ക് നിന്നോടൊരു ചാഞ്ചാട്ടം…

0

പക

രചന : Abhijith Unnikrishnan

നീയെന്താ തിരയുന്നത്….?
ഫയലുകൾക്കിടയിൽ തലയിട്ട് നോക്കുന്ന ശ്രുതിയോട് രമ്യ ചോദിച്ചു.

“പഴയൊരു ഫയലാ, സജിത്ത് സാർ ചോദിച്ചിരുന്നു” തല പുറത്തേക്കെടുക്കാതെ ശ്രുതി പറഞ്ഞു.

കാലിന് ചുവട്ടിലേക്ക് നിരനിരയായി ഫയലുകൾ വീഴുന്നത് കണ്ട് രമ്യയക്ക് ദേഷ്യം വന്നു.

” പതുക്കെ ചെയ്താൽ പോരെ, ഇങ്ങനെ നാട്ടിലിറങ്ങിയ കാട്ടാനയെ പോലെ ഇളക്കി മറിക്കണോ ..”

” ഞാൻ തന്നെ എടുത്ത് വെച്ചോളാം, നീയൊന്ന് കുറച്ച് നേരത്തേക്ക് മിണ്ടാതെയിരുന്നാൽ മതിയെന്റെ പൊന്നേ, എനിക്ക് സാറിന് കൃത്യസമയത്ത് കൊടുക്കാനുള്ളതാ”
രമ്യയുടെ ദേഷ്യത്തോടെയുള്ള പറച്ചിൽ കേട്ട് ശ്രുതിയൊന്ന് തണുപ്പിക്കാൻ നോക്കി.

“ഓ… അങ്ങനെ വരട്ടെ …. വെറുതെയല്ലാ ഈയിടെയായി അങ്ങേർക്ക് നിന്നോടൊരു ചാഞ്ചാട്ടം”രമ്യയൊന്ന് ആക്കി ചിരിച്ചു.

” ഓ .. ഒരു ഫയൽ ചോദിച്ചതിനാണോ നീ ഇങ്ങനെ പറയുന്നത്”

രമ്യ വീണ്ടും ചിരിച്ചു കൊണ്ട് ” പുതിയതായി വന്ന നിന്നോട് തന്നെ വർഷങ്ങൾ മുമ്പേയുള്ള ഫയലൊക്കെ ചോദിക്കുന്നതിന്റെ ഗുട്ടൻസ്റ്റാ പറഞ്ഞത്”

ശ്രുതിയൊരു ഫയലെടുത്ത് രമ്യക്ക് നേരെ തിരിഞ്ഞിരുന്നു ” ഈശ്വരാ പാവങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം വാരി കോരി തരല്ലെ, അടുത്ത ജന്മത്തിൽ ഇവൾക്ക് ഒരു മൂന്ന് കവിളും നാല് ഉണ്ടക്കണ്ണുകൂടി അധികം കൊടുത്ത് അനുഗ്രഹിക്കണേമെ”

ഫയലെടുത്ത് ശ്രുതി നേരെ സജിത്തിന്റെ മുറിയിലേക്ക് കയറി .

“മേ ഐ കം ഇൻ”

“യെസ്”

“സാർ , ഫയൽ കിട്ടി”

” ആ …. ശ്രുതി .. ഞാൻ വിളിക്കാൻ വേണ്ടി ആലോചിച്ചേയുള്ളൂ, നാളെ എന്തെങ്കിലും പ്ലാനുണ്ടോ”

” ഇല്ല സർ, ഞാൻ റൂമിൽ തന്നെയുണ്ടാവും , കൂടെയുള്ളവരെല്ലാം ഈയാഴ്ച്ച നാട്ടിൽ പോവുന്നതു കൊണ്ട് പുറത്തൊന്നും പോവാൻ പ്ലാൻ ചെയ്തിട്ടില്ല”

“അങ്ങനെയാണെങ്കിൽ ശ്രുതിക്ക് എന്റെ കൂടെ ജോയിൻ ചെയ്തൂടെ, ഫ്ലാറ്റിൽ ചെറിയൊരു പാർട്ടി”

“അയ്യോ വലിയ ആളുകളൊക്കെ പങ്കെടുക്കുന്ന പാർട്ടിയിൽ ഞാൻ ഒറ്റയക്ക്”

“പേടിക്കേണ്ട , ഞാൻ ശ്രുതിക്കൊരു പാർട്ടി തരാനാ വിളിക്കുന്നേ , ശല്യപ്പെടുത്താൻ വേറെയാരും ഉണ്ടാവില്ല.”

“സാർ , ഞാനൊന്ന് ആലോചിച്ചിട്ട് പറയാം”

“മതി, വൈകുന്നേരത്തിനു മുന്നേ പറയണം , എന്നാലെ എനിക്ക് റെഡിയാവാൻ പറ്റൂ”

” ഓക്കേ സാർ” ശ്രുതി മുറി വിട്ട് പുറത്തിറങ്ങി, തന്റെ കസേരയിൽ വന്നിരുന്നു. ഫോണെടുത്ത് വിളിച്ചു

” നിനക്കിന്ന് തിരക്കുണ്ടോ”

മറുതലക്കൽ ” പേഷ്യന്റ്സ് കുറവാ , എന്ത് പറ്റി..?”

“നിനക്ക് ആ മരുന്നുകളൊക്ക വൈകുന്നേരം എത്തിച്ച് തരാൻ പറ്റ്വോ”

” ചേച്ചി , ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഞാൻ താഴെയുണ്ടാവും” ഫോൺ കട്ട് ചെയ്തു.

ഓഫീസിൽ നിന്ന് പുറത്തിറങ്ങി നേരെ ബസ്സ്റ്റോപ്പിനടുത്ത് വന്ന് നിന്നു, അവൾക്കരികിലേക്ക് ഒരു ചുവന്ന കളർ സ്വിഫ്റ്റ് കാർ എത്തി , ഡോർ തുറന്ന് അകത്ത് കയറി. മുമ്പോട്ട് പോയി തുടങ്ങിയപ്പോൾ, കാറിൽ ഉണ്ടായിരുന്ന കവർ കയ്യിലെടുത്തു.

” എല്ലാ മെഡിസിനും ഇതിലുണ്ട് , ആ പേപ്പറിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് എഴുതിയിട്ടുണ്ട്”

കാർ ഹോസ്റ്റലിനു മുന്നിൽ നിർത്തി, ശ്രുതി ഇറങ്ങാൻ നേരം

” ചേച്ചി ഒരു മിനിറ്റ് , ഇത് കയ്യിൽ കെട്ടിക്കോ, വാച്ചിൽ ട്രാക്കറുണ്ട് , നിനക്ക് എന്തെങ്കിലും അപകടം തോന്നിയാൽ ആ ബട്ടണിൽ അമർത്തിയാൽ മതി.”

“ശരി നോക്കികോളാം, ഞാൻ സാറിനോട് വിളിച്ച് പറഞ്ഞിട്ടുണ്ട് ഫ്ലാറ്റിൽ വന്നോളാമെന്ന്”

പിറ്റേ ദിവസം ഫ്ലാറ്റിനു മുമ്പിൽ ചെന്ന് കോളിംഗ് ബെല്ലിൽ അമർത്തി , വാതിൽ തുറന്ന് സജിത് പുറത്ത് വന്നു.

” അകത്തേക്ക് വരൂ ശ്രുതി”

സോഫ ചൂണ്ടികാട്ടി ഇരുന്നോളാൻ പറഞ്ഞു.
എന്നിട്ട് ശ്രുതിയെ ഒന്ന് അടിമുടി നോക്കി

” ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു”

” താങ്ക്യു സാർ” ശ്രുതിയൊന്ന് ചിരിച്ചു

” ഇന്ന് ജോലിക്കാരൊന്നും ഇല്ല , ഞാൻ ചായയെടുക്കാം”

“അയ്യോ, വേണ്ട സാർ , ഞാൻ ഇട്ടോളാം ചായ”

” എന്നാൽ ശ്രുതി ചായ വെക്കുമ്പോഴേക്കും ഞാനൊന്ന് ഫ്രഷായിട്ട് വരാം”

കുളി കഴിഞ്ഞ് സജിത്ത് പുറത്തിറങ്ങിയപ്പോൾ ശ്രുതി ചായയെടുത്ത് കയ്യിൽ കൊടുത്തു , കുടിച്ച് നോക്കി കൊണ്ട്

” നൈസ് നല്ല കൈപുണ്യം”

ശ്രുതി അതൊരു ചിരിയിലൊതുക്കി.
സജിത്ത് സോഫയിലമർന്നു , അതിന് എതിർ വശത്തുള്ള കസേരയിൽ ശ്രുതിയിരുന്നു.

” ഞാൻ ചോദിക്കണമെന്ന് വിചാരിച്ചതാ , വീട്ടിലാരൊക്കെയുണ്ട്”

” അമ്മയും അച്ഛനും ചെറുപ്പത്തിലെ മരിച്ചു , ഉള്ളത് ഒരു ചേച്ചിയും അനിയനും , അനിയൻ ഇവിടുത്തെ ഒരു ഹോസ്പിറ്റലിൽ ഡോക്ടറാ”

“ചേച്ചിയൊ”

” ചേച്ചി വീടിനടുത്തുള്ള ഒരു അംഗൻവാടിയിൽ കുട്ടികളെ നോക്കാൻ സഹായിക്കുന്നു”

” ചേച്ചിയെ ഇവിടെ കൊണ്ടുവന്നു കൂടെ എന്തെങ്കിലും ഉയർന്ന ജോലി ശരിയാക്കി തരാൻ നോക്കാം”
സജിത്ത് ശ്രുതിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

തന്റെ കയ്യിലുള്ള മൊബൈലിലെ ഫോട്ടോ സജിത്തിന് നേരെ നീട്ടി.

“ഓർമ്മയുണ്ടോ ”

സജിത്ത് മങ്ങി കൊണ്ടിരിക്കുന്ന കണ്ണുകൾ ബലമായി തുറന്ന് സ്ക്രീനിലേക്ക് നോക്കി.

” വീണ, ഇവളൊ …?”

“മറക്കാൻ പറ്റില്ലലോ, സാറിന്റെ പട്ടികയിലുള്ളതല്ലെ, അവൾ ഞങ്ങളുടെ ചേച്ചി മാത്രമല്ലായിരുന്നു അമ്മയും കൂടിയായിരുന്നു , ഇവിടെ ജോലി ചെയ്ത് കിട്ടിയിരുന്ന ഒരു തരി കാശു പോലും അവൾക്കു വേണ്ടി ചിലവാക്കാതെ ഞങ്ങളെ പഠിപ്പിച്ചു , സന്തോഷത്തോടെയാ ജീവിച്ചിരുന്നത് സാർ ഇടയിൽ വരുന്ന നിമിഷം വരെ”

“നീ പകരം വീട്ടാൻ വന്നതാണോടീ”
സജിത്ത് എഴുന്നേൽക്കാൻ ശ്രമിച്ചു.

“ബുദ്ധിമുട്ടണ്ട, വഴങ്ങാത്തവരെ നിങ്ങൾ കീഴ്പ്പെടുത്തുന്നത് ഡ്രഗ്ഗ്സ് ഇട്ട് കലക്കിയ ചായയിലൂടെയല്ലെ, ഞാനും അതുപോലൊരു ചായ മാജിക്ക് കാണിച്ചിട്ടുണ്ട്, പരസഹായമില്ലാതെ തനിക്ക് എഴുന്നേൽക്കാൻ പറ്റില്ല”

സജിത്തിന്റെ കയ്യിൽ നിന്ന് ചായ ഗ്ലാസ്സ് താഴെ വീണു.

” എന്നെ കൊല്ലാൻ പോവാണോ”

“എന്തിന്, സാറിനെ കൊന്ന് വെറുതെ ജയിൽ കിടന്ന് നരകിക്കണോ, ഞാനൊരു സ്പെഷ്യൽ ട്രീറ്റ്മെന്റ് തരാനാ ഉദ്ദേശ്യക്കുന്നത്”

ശ്രുതി തന്റെ കയ്യിലുള്ള സിറിഞ്ചിൽ മെഡിസിൻ നിറച്ചു, സജിത്തിന്റെ ഞരമ്പിൽ നോക്കി കുത്തിയിറക്കി. ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

“സാറിന് ഇനിയും ആഗ്രഹങ്ങൾ തോന്നും , പക്ഷേ നിറവേറ്റാൻ സാധിക്കില്ല , കാരണം ഈ മരുന്ന് അതിനു വേണ്ടി പ്രവർത്തിപ്പിക്കുന്ന ആ ഉപകരണമുണ്ടല്ലൊ അതിന്റെ കേബിളുകളെല്ലാം തളർത്തികളയും .

സജിത്ത് മയക്കത്തിലേക്ക് പോയി കൊണ്ടിരുന്നു , ഇടയിലൊന്ന് കണ്ണു തുറക്കാൻ ശ്രമിച്ചു നോക്കി.

“സാറിതിന് പകരം വീട്ടാൻ ശ്രമിക്കരുത് , അടുത്തവസരത്തിൽ ഞാൻ ജീവൻ തിരിച്ച് തരില്ല, ഓർമ്മയിലിരുന്നോട്ടെ”

– വായിച്ചതിനു നന്ദി –

LEAVE A REPLY

Please enter your comment!
Please enter your name here