Home Ayyappan A അവളുടെ മുഖം വിളറി വെളുത്തു….. മുഖത്ത് ചോര മയം വറ്റി വരണ്ടു….. തൊണ്ട കുഴി അടഞ്ഞു...

അവളുടെ മുഖം വിളറി വെളുത്തു….. മുഖത്ത് ചോര മയം വറ്റി വരണ്ടു….. തൊണ്ട കുഴി അടഞ്ഞു പോയി…

0

രചന : അയ്യപ്പൻ

സീതെ …….. എന്നുള്ള അയാളുടെ നീട്ടി ഒരു വിളി കേട്ടാണ് അടുക്കളയിൽ നിന്നും അവൾ അയാൾക്ക് അരികിലേക്ക് വന്നത്….

പാതി ചാരിയ മുറി തുറന്നു അകത്തേക്ക് കയറിയപ്പോ…
അയാൾ കയ്യിൽ നിറം പറ്റിയ ഒരു ബ്രഷുമായി ചുവരിലേക്കു നോക്കി നില്കുവായിരുന്നു…

“ന്തേ വിളിച്ചേ…… ”

അവളുടെ ചോദ്യം കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്….. വാതിലിൽ അവൾ നിൽപ്പുണ്ടായിരുന്നു…

ഒരു കൈ അരയിൽ താങ്ങായി കൊടുത്തു . നീല നിറത്തിൽ വെള്ള പൂക്കൾ തുന്നിയ ഒരു സാരി ഉടുത്തു.. സാരിയുടെ മുന്താണി പിടിച്ചു അരയിൽ തിരുകി..
പിന്നിയിട്ട തലമുടിയുടെ അടിയിലായി കുഞ്ചലം പോലെ കെട്ടി തോളിന്റെ ഒരു വശത്തു നിന്നും താഴേക്ക് ഇട്ട്…
വയറിന്റെ താഴയായി ഞൊറിഞ്ഞു എടുത്ത സാരി എടുത്ത് വയറിന്റെ ഒരു വശത്തായി കേറ്റി വെച്ചു…. കാല്പാദത്തിലേക്ക് മറുകാൽ ചേർത്ത് വെച്ചു അവൾ നിന്നു….

ഒരു ഭാരതനാട്യക്കാരിയെ പോലെ ഉള്ള ഭാവത്തിൽ ഒരു തവിയും പിടിച്ചു അവൾ നിന്നപ്പോ അയാൾ വീണ്ടും അവളെ തന്നെ നോക്കി നിന്നു….

അവളുടെ മുഖത്തു ഒരു ചുവന്ന വട്ട പൊട്ടും… നെറുകയിൽ ചോന്ന സിന്ദൂരത്തിന്റെ നനവും… കണ്ണിൽ ഇന്നലെ ഇട്ട കണ്മഷിയും ഉണ്ടായിരുന്നു….

അവളെ തന്നെ അയാൾ ഒരു മൂന്ന് മിനിറ്റോളം നോക്കി നിന്നു കാണും….
” ന്താ ഹരിയേട്ടാ ഇങ്ങനെ നോക്കുന്നത്” എന്ന അവളുടെ ചോദ്യം കേട്ടാണ് അയാൾ വീണ്ടും പറഞ്ഞത്…

” ഇത്തിരി വെള്ളം തരുമോ വല്ലാണ്ട് ദാഹിക്കുന്നു പെണ്ണെ….. ”

അവൾ അടുത്തിരുന്ന കൂജയിലേക്ക് നോക്കി അതിൽ വെള്ളം തീർന്നിരുന്നു…
.” ഇതെന്താ ഇപ്പൊ ഇത്ര ദാഹം “എന്ന് പറഞ്ഞു അവൾ അകത്തേക്ക് കയറി….

അപ്പോഴാണ് അവൾ അത്‌ ശ്രെദ്ധിച്ചത്….
ചുവരിൽ പൂർത്തിയാക്കാത്ത പാതി വരച്ച ഒരു ചിത്രം….
അയാൾക്ക് അരികിലായി ഇരുന്ന ഒഴിഞ്ഞ ചായ ഗ്ലാസ്സ് എടുത്ത്, തറയിൽ ചായം കലർന്ന ഒരു കടലാസും പെറുക്കി അവൾ പറഞ്ഞു…

“ഇതെന്തിപ്പോ ചുവരിൽ ഒരു വര……

പേപ്പറും ബുക്കും ഒന്നും വേണ്ടേ…. ”
അയാൾ ഒന്ന് നിശ്ശബ്ദനായ ശേഷം പറഞ്ഞു…..

“ചിലപ്പോൾ എന്റെ അവസാന വരകളിൽ ഒന്നാവും ഇത്… ചിലപ്പോ ഏറ്റവും അവസാനത്തെ….. ”

അയാൾ പറഞ്ഞു നിർത്തിയപ്പോൾ അവൾ വല്ലായ്മയോടെ അയാളെ നോക്കി… അയാൾ നിസഹായനായി അവളെയും…. അവൾക്കു അയാളോട് അപ്പോ വല്ലാത്ത ഒരു കരുണ തോന്നി….

ഒരു ഗായകൻ പാട്ട് നിർത്തി എന്ന് പറയുന്ന പോലെ….
ഒരു എഴുത്തുകാരൻ എഴുത്ത് നിർത്തിയ പോലെ…
ഒരു നർത്തകൻ നൃത്തം നിർത്തിയത് പോലെ….
അവളുടെ ഹൃദയത്തിൽ ഒരു വേദന ഉണ്ടായി…
അവൾ അയാൾ ചുവരിൽ വരച്ച ചിത്രത്തിലേക്ക് ഒന്ന് കൂടി നോക്കി…

ഒരു മരുഭൂമിയിൽ ഒരു പുരുഷൻ നിൽക്കുന്നു കുറച്ചു മാറി തൊട്ടു അടുത്തായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു സ്ത്രീ…. മുടി പിറകിലായി വിടർത്തി ഇട്ടിട്ടുണ്ട് അർദ്ധ നഗ്ന ആണവൾ…

ഇതെന്ത് ചിത്രം എന്ന രീതിയിൽ അവൾ അയാളെ നോക്കുമ്പോൾ അയാൾ വെറുതെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു….. അരികത്തു കിടന്ന മേശയിൽ പാതി ചാരി ഇരുന്നു കൊണ്ട് അവൾ അയാളെ നോക്കിചോദിച്ചു ……

“ന്തേലും വയ്യായ്ക ഉണ്ടോ… ”

” ഇല്ല “എന്നയാൾ വെറുതെ മൂളി…..അയാൾ അസ്വസ്ഥൻ ആണെന്ന് മനസ്സിലായത് കൊണ്ടാണ് അവൾ വിഷയം മാറ്റിയത്….
അയാളുടെ തലയിൽ ഇരുന്ന പൊടി തട്ടി കൊണ്ട് അവൾ പറഞ്ഞു…

“ഇന്നിത്തിരി മാമ്പഴപുളിശ്ശേരി ഉണ്ടാക്കട്ടെ…. ”
അയാൾ അവളെ ഉറ്റു നോക്കി…. എന്നിട്ട് ചോദിച്ചു

“എവിടുന്ന് മാമ്പഴം ഇപ്പോൾ “….

“മിനിഞ്ഞാന്ന് ലത ചേച്ചി തന്ന മാമ്പഴം ആണ്…. ഞാൻ അത്‌ വെച്ച് പുളിശ്ശേരി ഉണ്ടാക്കി തരാം… ”
അവൾ പറഞ്ഞു തീർന്നപ്പോ അയാൾ ഒന്ന് മൂളി…. അവൾ എണീക്കാൻ നേരം അയാൾ വീണ്ടും പറഞ്ഞു….

” കുറച്ചു മാമ്പഴം നുറുക്കി തരുമോ…. ”

കൊച്ചു കുഞ്ഞിനെ എന്നോണം അയാൾ ചോദിച്ചപ്പോൾ അവൾ ധൃതിയിൽ എഴുന്നേറ്റ് നടന്നു കൊണ്ട് പറഞ്ഞു….

ഇപ്പോൾ കൊണ്ട് വരാം… അല്പ സമയത്തിന് ശേഷം തോല് ചെത്തി കഴുകിയ മാമ്പഴവും.. ഒരു മോന്ത വെള്ളവും ആയി അവൾ വീണ്ടും ആ മുറിയിലേക്ക് ചെന്നു….

പാതി വരച്ച ചിത്രം പൂർത്തിയാക്കാതെ അങ്ങനെ തന്നെ കിടപ്പുണ്ടായിരുന്നു….. അവൾ ഒരു കറി കത്തി ഉപയോഗിച്ച് അത്‌ നുറുക്കി അയാൾക്ക് നൽകി…. അയാൾ കഴിച്ചു കൊണ്ടിരുന്നപ്പോ അവൾ പറഞ്ഞു

” ലത ചേച്ചിയുടെ വീടിന്റെ പിറകിലായി ആ തോടിനോട് ചേർന്ന് കിടക്കുന്ന മാവിൽ നിന്നും വീണ മാമ്പഴം ആണിത്….
പാവം എങ്ങനെ പോയി എടുത്തോ ആവോ….. ”

അയാൾ മാമ്പഴം കഴിച്ചു കൊണ്ട് അവളെ നോക്കി….
അവൾ പറഞ്ഞു…

“ലതേച്ചിക്കു തീരെ വയ്യ ഹരിയേട്ടാ…. കരളിന് ദീനം ആണെന്ന തോന്നുന്നേ….

കാലിൽ മുഴുവൻ നീരാണ്… മുഖം ഒക്കെ വല്ലാതെ വീങ്ങി ഇരിക്കുവാ…. തുപ്പൽ പോലെ കൊഴുത്ത ന്തോ ദ്രാവകം ഇങ്ങനെ തുപ്പി തുപ്പി ഇരിക്കും…

പപ്പേട്ടൻ കൊണ്ട് പോവാത്ത ആശുപത്രികൾ ഇല്ല ഹരിയേട്ടാ…… തീരെ വയ്യെലും എന്നെ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് പാവത്തിന്…. അവർ മിനിഞ്ഞാന്ന്… കുറെ കടുമാങ്ങ അച്ചാർ തന്നു എനിക്ക്…..
അവിടെ പപ്പേട്ടൻ ഇതൊന്നും കൂട്ടില്ലത്രെ…….. ”

അവൾ പറഞ്ഞു നിർത്തിയപ്പോൾ അയാൾ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു
” മാമ്പഴം മതി…. ”

അവൾ ബാക്കി നുറുക്കിയ മാമ്പഴത്തിൽ നിന്നും ഒരു കഷ്ണം കഴിച്ചു അയാൾക്ക് അരികിൽ നിന്നും എഴുനേറ്റ് പോയി…. അവൾ അടുക്കളയിൽ ചെന്നു വെന്ത ചോറ് ഊറ്റി വാർത്തു വെക്കുകയും….

അയാൾക്ക് ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുകയും ചെയ്തു… മിച്ചം വന്ന പത്രങ്ങൾ ഒക്കെ കഴുകി…
അടുപ്പിൽ കിടന്ന ചാമ്പൽ വാരി മുറ്റത്തെ കറിവേപ്പില ചോട്ടിൽ കൊണ്ടിടുകയും ചെയ്തു… ശേഷം അയാൾക്ക് മാത്രമായി കുറച്ചു പപ്പടം പൊള്ളിക്കുകയും ചെയ്തു…

ശേഷം ചോറും കറികളും പത്രങ്ങളിൽ ആക്കിയ ശേഷം ഊണ് മേശയിൽ കൊണ്ട് വെക്കുകയുംചെയ്തു…. ഫ്രിഡ്ജിൽ ഇരുന്ന കാടുമാങ്ങയുടെ കുപ്പി തുറന്നു ഒരു സ്പൂൺ ഉപയോഗിച്ച് മോളിൽ തെളിഞ്ഞു കിടന്ന എണ്ണ കൂട്ടി ഇളക്കി ചോറ് പത്രത്തിനരികത്തായി വെച്ചു..

അവിടെ ഇരുന്ന ഒരു സ്റ്റീൽ പാത്രം എടുത്തു അവളുടെമുഖം അതിൽ കൂടി നോക്കി വട്ട പൊട്ടു നേരെ വെച്ചു അവൾ അയാളെ വിളിക്കാനായി മുറിയിലേക്ക് ചെന്നു….
മുറിയിൽ ഇരുട്ടായത് കൊണ്ട് ആണ് അവൾ ലൈറ്റ് ഇട്ടത്…..

ഒരു മൂലയ്ക്ക് അയാൾ പ്രതിമ പോലെ നിൽക്കുന്നു… “ഹരിയേട്ടാ….” എന്നവൾടെ നേർത്ത വിളി കേട്ടപ്പോ അയാൾ മെല്ലെ തിരിഞ്ഞു നോക്കി ശേഷം ചുവരിലേക്ക് തന്നെ നോക്കി നിന്നു…..

അവൾ അയാൾക്ക് അരികിലേക്ക് ചെല്ലുകയും പിറകിൽ കൂടി അയാളുടെ വയറിൽ ചുറ്റി പിടിക്കുകയും ചെയ്തു. അവളുടെ ചുണ്ട് മുട്ടിയ അയാളുടെ പിൻകഴുത്തിൽ അവൾ ചുംബിക്കുകയും ചെയ്തു….

അയാളുടെ ഷർട്ടിന്റെ പിറകു വശം നിറയെ നനഞ്ഞു ഒട്ടിയിരുന്നു… ചുംബിച്ചിട്ടും പ്രതികരണം ഒന്നും ഇല്ല്ലാഞ്ഞപ്പോ ആണ് അവൾ അയാൾക്ക് അഭിമുഖമായി വന്നു നിൽക്കുകയും അയാളുടെ മുഖത്തേക്ക് നോക്കുകയും ചെയ്തത്…
പക്ഷെ അയാളുടെ കണ്ണുകൾ ചുവരിലേക്ക് ആയത് കൊണ്ടാണ് അവളും ചുവരിലേക്ക് നോക്കിയത്..

അയാൾ വരച്ച ചിത്രം പൂർത്തിയായിരുന്നു… അവൾ ആ ചിത്രത്തിന് അരികത്തേയ്ക്ക് ചെന്നു…

അതിൽ ഒരു മരുഭൂമിയിൽ ഒരു പുരുഷൻ ഏകാന്തനായി നിൽക്കുന്നു തൊട്ടപ്പുറത്തായി ഒരു പെണ്ണ് മറ്റൊരു പുരുഷനെ ആലിംഗനം ചെയ്തു നിൽക്കുന്നു…

“മനോഹരം ”

എന്ന് പറഞ്ഞു അവൾ തിരിഞ്ഞു…. പക്ഷെ എന്തോ…. എന്തോ ഒരു മിന്നൽ പിണർ അവളുടെ തലയിൽ കൂടി കടന്നു പോയി അവൾ ഒന്നുകൂടി ആ ചിത്രം നോക്കി ഏകാന്തനായി നിൽക്കുന്ന പുരുഷന് ഹരിയേട്ടന്റെ ഛായ….

തൊട്ടു അപ്പുറത്തായി നിൽക്കുന്ന പെണ്ണ് ധരിച്ചിരിക്കുന്നത് ഇളം മഞ്ഞ നിറത്തിൽ ഉള്ളൊരു സാരി…
കഴിഞ്ഞ വിവാഹ വാർഷികത്തിന് ഹരിയേട്ടൻ മേടിച്ചു തന്ന സാരി…

ആലിംഗബദ്ധരായി നിൽക്കുന്ന ആ ചിത്രം കണ്ടു അവൾ അയാളെ മാറി മാറി നോക്കി …

” ഇതിൽ… ഈ ചിത്രത്തിൽ ഞാൻ ആരെ ആണ് ഹരിയേട്ടാ പുണർന്നേക്കുന്നത്……. ”
അവൾ ഒരു ഞെട്ടലോടെ ചോദിച്ചപ്പോൾ…പ്രതീക്ഷിച്ച ചോദ്യം പോലെ അയാൾ തീർത്തും ശാന്തനായി പറഞ്ഞു.. …

“ന്റെ ഒറ്റ സുഹൃത്ത്‌…..
നിന്റെ പ്രിയപ്പെട്ട ലതേച്ചിയുടെ ഭർത്താവ്…..
പത്മനാഭൻ…..
നിന്റെ പ്രിയപ്പെട്ട… ഒരുപക്ഷെ എന്നിലും പ്രിയപ്പെട്ട പപ്പേട്ടൻ………. ”

അവളുടെ മുഖം വിളറി വെളുത്തു….. മുഖത്ത് ചോര മയം വറ്റി വരണ്ടു….. തൊണ്ട കുഴി അടഞ്ഞു പോയി… ഒരു ഞെട്ടലോടെ ഭയത്തോടെ പിറകിലേക്ക് മാറിയതും…

അരികിൽ ഇരുന്ന കസേരയിൽ തട്ടി അവൾ താഴെ ഇരുന്നു… കുറ്റബോധം കൊണ്ട് അവൾ മുഖം പൂഴ്ത്തി കരയാൻ പോലും കഴിയാതെ വിറങ്ങലിച്ചു അവൾ നിന്നു……

അയാൾ ചുവരിലേക്ക് നോക്കി പറഞ്ഞു….. “ഞാൻ വരപ്പ് നിർത്തി പെണ്ണെ…. ഒക്കെ ജീവനില്ലാത്ത ചിത്രങ്ങൾ അല്ലെ……”

LEAVE A REPLY

Please enter your comment!
Please enter your name here