Home Latest ഡോക്ടർ ജെയുടെ വുഡ്ബി ജൂലി അഗർവാളിനെ നീ പ്രണയിച്ചു വശത്താക്കണം… Part -8

ഡോക്ടർ ജെയുടെ വുഡ്ബി ജൂലി അഗർവാളിനെ നീ പ്രണയിച്ചു വശത്താക്കണം… Part -8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഭാഗം 8

ജൂലി

വല്ലാത്ത പിരിമുറുക്കത്തിൽ ആഴ്ന്നിരുന്നു ഡ്രൈവ് ചെയ്യുന്ന ശ്യാമിനെ ശ്രദ്ധിച്ചുകൊണ്ട് കിരൺ ചോദിച്ചു. “അയാൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ.. അല്ലെ സർ..? ” ശ്യം ഒന്ന് മൂളിയതെ ഉള്ളു. “അയാളുടെ ഭാര്യയെ പരിചയപെട്ടില്ല, അവരും ഡോക്ടർ ആണ്. മൂന്നു ഡോക്ടെഴ്സ് ഉള്ള ഫാമിലി.. പക്ഷെ ഇത്രയും ആഡംബരപൂർണമായ ജീവിതം നയിക്കാനുള്ള.. ”

ശ്യം ചിരിച്ചു. “ഹിമയാണവരുടെ മണി പവർ” കിരൺ അനുകൂലിച്ചു. “അതേ.. ഒരു പരസ്യചിത്രത്തിനു തന്നെയവളുടെ പ്രതിഫലം കോടികൾ ആണന്ന് ആണറിവ്‌.. ആറേഴ് വർഷമായി ഫീൽഡിൽ ഒരിളക്കവും തട്ടാതെ നിൽക്കുന്ന ഏക ഹീറോയിൻ ആണവർ..ബോംബയിൽ സ്വന്തം ആയിട്ട് രണ്ടു വീടുകളും മൂന്നു സ്റ്റുഡിയോയും ഉണ്ടന്ന് എവിടെയോ വായിച്ചിരുന്നു.. പക്ഷെ അവരൊരു ഓർഫൻ ആണന്ന്…

” കിരൺ തല കുടഞ്ഞു. ” വിശ്വസിക്കാൻ ആവുന്നില്ല അല്ലേ? ശ്യാം ചോദിച്ചപ്പോൾ കിരൺ ഹിമയെ തൊട്ടരികെ കണ്ടതു മനക്കണ്ണിൽ ആസ്വദിച്ചുകൊണ്ട് പറഞ്ഞു. ” എന്തൊരു ഗ്ലാമർ ആണവർക്ക്.. ആരാണ് അവരോടൊപ്പം കുറച്ചു നല്ല നിമിഷങ്ങൾ ആഗ്രഹിക്കാത്തത്.. ” അതുകേട്ട് ശ്യാം ചെറിയൊരു ചിരിയോടെ കിരണിനെ നോക്കി. അയാൾ തിരിച്ചും. ശ്യാം അപ്പോൾ പുറത്തേക്കു നോക്കി.

ദില്ലിയുടെ വാഹന സമ്പത്ത് ദിനം പ്രതി വർധിച്ചുവരുന്നത് കൊണ്ടവരുടെ കാറിപ്പോൾ റോഡിലൂടെ ഇഴയുകയാണെന്ന് കിരൺ അപ്പോഴാണ് ശ്രദ്ധിച്ചത്. “ജൂലി ഒരിക്കൽ കൂടി നമ്മുടെ മുന്നിൽ എത്തിയിരുന്നുവെങ്കിൽ ഇനിയുള്ള കാര്യങ്ങൾ കുറച്ചുകൂടി എളുപ്പായിരുന്നു”. അപ്രതീക്ഷിതമായി ശ്യാമത് പറഞ്ഞപ്പോൾ കിരണിന്റെ മനക്കണ്ണുകളിൽ നിന്നും ഒരു മാത്ര കൊണ്ട് ഹിമ മാഞ്ഞുപോയി.

അവിടെ ജൂലിയെ പ്രതിഷ്ഠിച്ചു കൊണ്ട് കിരൺ ചിന്തിച്ചു. ‘ഇനി അതുണ്ടാവാൻ പോകുന്നില്ല, അവൾ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാവും അവളെ തിരിച്ചറിഞ്ഞ കാര്യം.’ അതു പറയാൻ തുനിഞ്ഞപ്പോൾ ശ്യാം പറഞ്ഞു. “നമുക്ക് എന്തായാലും മണിപ്പൂരിൽ ഒന്നന്വേഷിക്കണം. റോബർട്ട് അവസാനം എപ്പോഴാണ് അവിടെ ചെന്നിട്ടുണ്ടാവുക എന്നറിയണം.

കിരൺ ഇന്നു തന്നെ അതിനൊരാളെ നിയോഗിക്കണം. ആ അന്വേഷണം തികച്ചും രഹസ്യമായിരിക്കണം..” കിരൺ സെൽഫോൺ എടുത്തു കോൺടാക്ട് ലിസ്റ്റിൽ പരതി.പഴയൊരു സുഹൃത്ത് സുമന്റെ നമ്പർ എടുത്തു കാൾ ചെയ്തു.

മണിപ്പൂരിൽ ഒരു പ്രാദേശിക ചാനലിൽ സർവീസ് ചെയ്യുന്ന സുമന് ഈ കാര്യം രഹസ്യമായി ഹാന്റിൽ ചെയ്യാൻ പറ്റുമെന്ന വിശ്വാസത്തോടെ കിരൺ ഫോൺ കാതോട് ചേർത്തു. റിംഗ് ചെയ്തു നിലക്കും മുന്പേ സുമന്റെ പ്രസരിപ്പാർന്ന മുഴക്കമുള്ള ശബ്‌ദം കാതിലെത്തി.

” ഹായ് കിരൺ ഹൗ ആർ യു? ” എസ് ഐ ആം ഫൈൻ. ഫോർ യു ? സുമൻ ഒന്ന് പൊട്ടിച്ചിരിച്ചു. ” ഞങ്ങൾ ചാനലുകാർക്ക് എന്ത് അസുഖം.. എങ്ങും ആഘോഷങ്ങൾ അല്ലേ? ആ നർമ്മം ആസ്വദിക്കാൻ കഴിയാതെ കിരൺ വെറുതെ ഒന്നു ചിരിച്ചു. ആ ചിരിയിൽ നിന്ന് തന്നെ സുമൻ കിരണിനെ മാനസികാവസ്ഥ മനസ്സിലാക്കി.

അയാൾ തന്റെ പൊട്ടിച്ചിരിയെ ഒറ്റ നിമിഷം കൊണ്ട് പിടിച്ചു കെട്ടിക്കൊണ്ട് ചോദിച്ചു. പറയൂ കിരൺ എന്താണ് വിളിച്ചത്.. എനിവേ പ്രോബ്ലം? “ഐ വാണ്ട് ടു യു ഹെല്പ്” കിരൺ അതു പറഞ്ഞപ്പോൾ പഴയ പ്രസരിപ്പോടെ അയാൾ ചോദിച്ചു. “പറയു കിരൺ.. ഞാനെന്താണ് ചെയ്യേണ്ടിയത്? കിരൺ റോബർട്ടിന്റെ ഒരു ലഘുവിവരണം സുമന് നൽകി. സുമൻ സന്തോഷത്തോടെ സമ്മതിച്ചു.”

അയാളുടെ അഡ്രസ്സും മറ്റു കയ്യിലുണ്ടോ? സുമൻ ചോദിച്ചപ്പോൾ കിരൺ ഹോസ്പിറ്റലിൽ നിന്നും സംഘടിപ്പിച്ച അഡ്രസ്സ് പറഞ്ഞുകൊടുത്തു. “ഓക്കേ കിരൺ വൈകുന്നേരത്തോടെ ഞാൻ വിളിക്കാം” ഫോൺ വച്ചിട്ട് കിരൺ ശ്യാമിനെ നോക്കി.ഫോളോമീയുടെ ഗേറ്റിനരുകിലേക്കു എത്തിയ കാർ സ്ലോ ചെയ്യുക ആയിരുന്ന ശ്യാമിന്റെ മിഴികൾ വല്ലാതൊന്നു തിളങ്ങി.

റോഡരികിലെ റസ്റ്റോറന്റിലേക്ക് കയറിപ്പോകുന്ന യുവാവിൽ ഉടക്കിയ മിഴികൾ പിൻവലിക്കാതെ തന്നെ കിരണിന്റെ ചുമലിൽ തൊട്ടു. കിരൺ അങ്ങോട്ട് നോക്കി. ” അത് അത് റോബർട്ടല്ലേ? ശ്യാം നിയന്ത്രിക്കാനാവാത്ത ശ്വാസഗതിയോടെ ചോദിച്ചത് കേട്ടു കിരൺ ഒരുൾ നടുക്കത്തോടെ ആ ചെറുപ്പക്കാരനെ സൂക്ഷിച്ചുനോക്കി. തിടുക്കത്തിൽ ഫോണിൽ ജൂഹി വാട്സ്ആപ്പ് ചെയ്തിരുന്ന റോബർട്ടിന്റെ പിക് എടുത്തു. വെളുത്ത സുമുഖൻ ആയ റോബർട്ടിന്റെ അതേ രൂപം തന്നെയാണ് കൺമുന്നിൽ കണ്ടതും എന്ന തിരിച്ചറിവിൽ കിരൺ ഒച്ചയുയർത്തി. “യെസ്… ഇതവൻ തന്നെ.. ”

ശ്യാം തിടുക്കപ്പെട്ടു ഡോർ തുറന്നു പുറത്തേക്കിറങ്ങി. പിന്നാലെ കിരണും. റസ്റ്റോറന്റ് നേർക്ക് അവർ ആഞ്ഞു നടന്നു. ഇതിനോടകം ചില്ലു വാതിൽ തള്ളിത്തുറന്ന് റോബർട്ട് അകത്തേക്ക് പ്രവേശിച്ചിരുന്നു. കിരണും ശ്യാമും അകത്തെത്തുമ്പോൾ ഒരു ടേബിളിന് അരികിൽ സ്ഥാനം പിടിച്ചിരുന്നു റോബർട്ട്. ക്രമാതീതമായ തിടുക്കം നിയന്ത്രിച്ചുകൊണ്ട് അവരിരുവരും മുന്നിലേക്ക് ചെന്നു ചെയർ വലിച്ചിട്ടിരുന്നു.

റോബർട്ട് പ്രത്യേകിച്ചൊന്നും തോന്നാതെ അവരെയൊന്നും നോക്കുകയും എന്നാൽ അടുത്ത നിമിഷം അവരുടെ മിഴികളിൽ കണ്ട മൂർച്ചയും ജാഗ്രതയും തിരിച്ചറിഞ്ഞ് ജാഗരൂകനായി. കിരൺ ചുണ്ടുകളിൽ മാത്രം വിടർന്നൊരു ചിരിയോടെ ചോദിച്ചു. ” റോബർട്ട് അല്ലേ? അവന്റെ മിഴികളിൽ ഒരു ഞെട്ടൽ ഉണ്ടായത് അവർ കണ്ടു. ശ്യാം തല കുലുക്കി. ”

അതെ നീ റോബർട്ട് തന്നെ. നിന്റെ കണ്ണുകൾ അത് സമ്മതിച്ചു കഴിഞ്ഞു.” റോബർട്ട് ശരിക്കും നടുങ്ങി. ” നീ.. നിങ്ങളാരാ..? ആവശ്യത്തിലധികം പതർച്ചയോടു കൂടി ചോദിച്ചു. അതിനു മറുപടി പറയാതെ അവരിരുവരും അവനെ ശ്രദ്ധിച്ചു.

ആഡംബര പൂർണമായ ഒരു ജീവിതമാണ് നയിക്കുന്നതെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിലാക്കുന്ന ഒരു ശരീരഭാഷ ആയിരുന്നു അവന്. അവരുടെ മൂർച്ചയുള്ള നോട്ടത്തെ നേരിടാനാവാതെ റോബർട്ട് വേഗം എഴുന്നേറ്റു. പുറത്തേക്ക് പോകാൻ ആണ് അവന്റെ ശ്രമം എന്ന് തോന്നിയപ്പോൾ കിരൺ അവന്റെ ചുമലിൽ കൈവച്ചു.

റോബർട്ട് അനിഷ്ടത്തോടെ തിരിഞ്ഞുനോക്കി. “ഞങ്ങൾ ഇങ്ങോട്ട് കയറി വന്നത് ബജ്ജി കഴിക്കാൻ അല്ല മോനേ” കിരൺ പരിഹാസത്തോടെ പറഞ്ഞു. ” നിന്നെ അന്വേഷിക്കാൻ വേണ്ടി മണിപ്പൂരിൽ ആളെ ചുമതലപ്പെടുത്തി ഫോൺ തിരികെ വയ്ക്കും മുൻപേ പൊട്ടി വീണത് പോലെ നീ.. ദാ കൺമുന്നിൽ..”

അതും കൂടി കേട്ടതോടെ റോബർട്ടിന്റെ നടുക്കം പൂർണമായി. ശ്യാം അവന്റെ അരികിലേക്ക് നീങ്ങി നിന്നു. ചുറ്റുപാടുകൾ അലക്ഷ്യമായി ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. ” ഇവിടെ വച്ച് ഒരു സീൻ ഉണ്ടാക്കാതെ നീ വളരെ സൈലന്റ് ആയിട്ട് ഞങ്ങളോടൊപ്പം വരിക. അതാണ് നിനക്ക് നല്ലത് എന്നാണ് തോന്നുന്നത്.. ന്താ ശരിയല്ലേ?. വല്ലാത്തൊരു മൂർച്ചയോടെ ശ്യാം ചോദിച്ചപ്പോൾ റോബർട്ട് നിസ്സഹായനായി നിന്നു.

********************** അതൊരിക്കലും മനപ്പൂർവ്വം ക്രിയേറ്റീവ് ചെയ്തെടുത്ത പ്രണയമായിരുന്നു എന്ന് ജൂലി അറിയാതിരിക്കാൻ തനിക്ക് അഭിനയിക്കേണ്ടി വരുന്നില്ല എന്ന യാഥാർത്ഥ്യം മനസ്സാക്ഷിയെ കുത്തിനോവിച്ചപ്പോഴൊക്കെ അവളെ കൂടുതൽ പ്രണയിക്കാൻ ഉത്സാഹിച്ചുകൊണ്ടായിരുന്നു ആ പ്രണയ യാത്ര.

വെറുമൊരു ഫാർമസിസ്റ്റ് ആയ, യാതൊരു കുടുംബ പാരമ്പര്യത്തിന്റെയും പിൻബലമില്ലാത്ത തനിക്ക് ഉയർന്ന ഫാമിലിയിൽ നിന്നും സുന്ദരിയും വിദ്യാസമ്പന്നയും ആയ ഒരു പെൺകുട്ടിയെ കാമുകിയായി ലഭിച്ചപ്പോൾ മനസ്സിലുണ്ടായ വഴുവഴുപ്പുകൾ താനവളെ പ്രണയിച്ചു വശത്താക്കാൻ നിയോഗിക്കപ്പെട്ടവൻ മാത്രമാണെന്ന ഉൾ ബോധത്തിൽ കഴുകി വെളുപ്പിച്ചു കൊണ്ടായിരുന്നു അവൾക്കൊപ്പമുള്ള നിമിഷങ്ങളിൽ കഴിച്ചു കൂട്ടിയത്.

അപ്പോഴൊക്കെ ഉത്തരമില്ലാത്ത നിഗൂഢമായൊരു ചോദ്യം മനസ്സിൽ ഉയർന്നിരുന്നു. “എന്തിനാണ് ഡോക്ടർ ജെയുടെ ഭാവി വധുവിനെ പ്രണയിച്ചു കീഴടക്കണമെന്ന ദുരൂഹമായ ദൗത്യം ഡോക്ടർ കപൂർ തന്നെ ഏൽപ്പിച്ചത്.. ഡോക്ടർ ജെയോടുള്ള ഏതെങ്കിലും വിധത്തിലുള്ള ഈഗോ..? അല്ലെങ്കിൽ അയാൾ അവളെ ആഗ്രഹിച്ചിരുന്നോ?

അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും.. ശരിക്കും ആരാണ് ഡോക്ടർ കപൂറിന്റെ ശത്രു.. ജൂലിയോ ഡോക്ടർ ജെയൊ??. ആരായാലും അയാളുടെ ഇര ജൂലിയാണ്. ചൂണ്ട താനും. ചൂണ്ടയിൽ ഇര കുടുങ്ങി കുടുങ്ങിക്കഴിഞ്ഞു.അന്നൊരു ദിവസം ഡോക്ടർ കപൂർ അയാളുടെ ഓഫീസ് റൂമിലേക്ക് ഇന്റർ കോമിലൂടെ വിളിച്ചപ്പോൾ ഭീതിയോടെയാണ് കടന്നുചെന്നത്.

ഫാർമസിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് ഒരു നൂറ് തവണയെങ്കിലും ആത്മപരിശോധന നടത്തി കൊണ്ടായിരുന്നു ആ പോക്ക്. എന്നാൽ ഡോക്ടറുടെ ശാന്തമായ ഭാവം തിരിച്ചറിഞ്ഞപ്പോൾ മനസ്സയഞ്ഞു. ഇരിക്കാൻ രണ്ടുതവണ നിർബന്ധിച്ചതിന് ശേഷമാണ് മുന്നിലെ ചെയറിലേക്ക് മടിയോടെ ഇരുന്നത്.

ഡോക്ടറുടെ കൂർത്ത ചാര കണ്ണുകൾ തന്റെ മുഖത്ത് ആവശ്യത്തിൽ അധികം സമയം തങ്ങിയത് പരിഭ്രാന്തി പുനജനിപ്പിക്കുകയും ചെയ്തു. ഡോക്ടറോട് അടുത്ത പരിചയമൊന്നുമില്ല. ചില ഡോക്ടർസ് പേഷ്യൻസിനോട് ഇടപഴകുന്ന അത്ര പോലും ഹോസ്പിറ്റൽ സ്റ്റാഫിനോട് പെരുമാറില്ല. ഡോക്ടർ കപൂർ ആ കൂട്ടത്തിൽ പെട്ട ഒരാളായിരുന്നു.

അഞ്ചു മിനിട്ടോളം മുന്നിലിരുത്തി വീർപ്പുമുട്ടിച്ചതിനു ശേഷമാണ് ഡോക്ടർ വാ തുറന്നത്. ” റോബർട്ട്.. ” കനത്ത ഒച്ചയിൽ അദ്ദേഹം വിളിച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങിയ ഉമിനീരോടെയാണ് വിളി കേട്ടത്. “സർ ” ടേബിളിന് പുറത്തെ പേപ്പർ വെയിറ്റിൽ തഴുകിക്കൊണ്ട് ഡോക്ടർ പുഞ്ചിരിച്ചു. ” റോബർട്ട് വല്ലാത്ത ടെൻഷനിലാണ് തോന്നുന്നു. ” റോബർട്ട് ഒന്നനങ്ങിയിരുന്നു.” ഏയ് സർ വിളിച്ചപ്പോൾ… ” ഉച്ച താഴ്ത്തി അത്രയും പറഞ്ഞപ്പോൾ ഡോക്ടർ പൂരിപ്പിച്ചു.

” ഫാർമസി യിലെ എന്തെങ്കിലും ക്രമക്കേടിനെ കുറിച്ച് പറയാൻ ആകുമെന്ന് കരുതി അല്ലേ? ചോദിച്ചു കൊണ്ട് ഡോക്ടർ പേപ്പർ വെയ്റ്റിൽ നിന്നും കൈ പിൻവലിച്ചു ചെയറിൽ പിന്നിലേക്ക് ചാഞ്ഞിരുന്നു. “റോബർട്ട് നിങ്ങൾക്ക് തികച്ചും വിചിത്രമായി തോന്നുന്ന ഒരു ആവശ്യം നിങ്ങളെ കൊണ്ടെനിക്ക് സാധിക്കാനുണ്ട്.”

അകാരണമായ ആകാംക്ഷയോടെ ആ ചാര കണ്ണുകളിലേക്ക് നോക്കി. ” ഈ ആവശ്യം തികച്ചും വ്യക്തിപരമാണ്. ” കപൂർ വീണ്ടും ഓർമ്മപ്പെടുത്തി. ഡോക്ടർ എഴുന്നേറ്റു. ഫ്രിഡ്ജിന് അരികിലേക്ക് ചെന്നു ഡോർ തുറന്ന് അതിനുള്ളിൽ നിന്നും ആപ്പിൾ ജ്യൂസ് എടുത്ത് ഒരിറക്ക് കുടിച്ചുഎടുത്ത് ഒരിറക്ക്. തിരികെ വന്ന ചെയറിൽ ഇരുന്നു. കർച്ചീഫിൽ ചുണ്ടൊന്നൊപ്പി. റോബർട്ടിന്റെ മിഴികളിലേക്കു നോക്കി സാവധാനം പറഞ്ഞു.

” റോബർട്ട് ഒരാളെ പ്രണയിക്കണം”. ഒരു ഞെട്ടലിൽ തറഞ്ഞിരുന്നപ്പോൾ എന്തൊരു വിചിത്രമായ ആവശ്യം എന്നാണ് ചിന്തിച്ചത്. അതിലും നടുങ്ങിയത് പ്രണയിക്ക പെടേണ്ട ആളെ കുറിച്ച് പറഞ്ഞപ്പോളാണ്. “ഡോക്ടർ ജെയുടെ വുഡ്ബി ജൂലി അഗർവാളിനെ നീ പ്രണയിച്ചു വശത്താക്കണം. ”

ഒരു നടുക്കത്തിൽ അമർന്നിരുന്നു പോയി അതു കേട്ട്.. റോബർട്ട് ആ ഓർമയിൽ നടുങ്ങി കൊണ്ട് ഒരു നിമിഷം നിശ്ശബ്ദനായപ്പോൾ കിരണും ശ്യാമും അതിലും വലിയ പകപ്പിൽ അവനു മുന്നിൽ തറഞ്ഞിരിക്കുകയായിരുന്നു.

തുടരും.

Vineetha babu.

LEAVE A REPLY

Please enter your comment!
Please enter your name here