Home Latest എന്ത് പറ്റി പെണ്ണിനെ പിടിച്ചില്ലേ , എന്നാൽ ഒന്നും നോക്കണ്ട വിട്ടു കളയണം…

എന്ത് പറ്റി പെണ്ണിനെ പിടിച്ചില്ലേ , എന്നാൽ ഒന്നും നോക്കണ്ട വിട്ടു കളയണം…

0

കല്ല്യാണം

രചന : Abhijith Unnikrishnan

ആൽതറയിൽ ചരിഞ്ഞ് കിടന്നു വിദൂരതയിലേക്ക് നോക്കി സ്വപ്നം കണ്ടു കൊണ്ടിരിക്കായിരുന്നു വിനു. പെട്ടെന്നാണ് പുറകിൽ നിന്ന് സുഹൃത്തായ നന്ദു തോളിൽ തട്ടിയത്. ഞെട്ടിയെഴുന്നേറ്റ് തിരിഞ്ഞു നോക്കി.

“നീയായിരുന്നോ , വിളിച്ചാൽ പോരായിരുന്നോ ഇങ്ങനെ പേടിപ്പിക്കണോ ?”

നീ വഴിയേ പോവുന്നവരേ വാ നോക്കുന്ന തിരക്കിൽ വിളിച്ച് ശല്യപ്പെടുത്തണ്ടല്ലോ വിചാരിച്ചാ തട്ടി വിളിച്ചത്, ഇങ്ങനെ പേടിക്കുമെന്ന് അറിയില്ലായിരുന്നു.
അല്ല, നീയെന്താ പാകിസ്ഥാൻ വിട്ട മിസൈലു പോലെ രാവിലെ തൊട്ട് ലക്ഷ്യസ്ഥാനമില്ലാതെ കറങ്ങി കൊണ്ടിരിക്കുന്നേ, എന്താ കാര്യം?

വിനു എഴുന്നേറ്റിരുന്നു “മിനിഞ്ഞാന്ന് നമ്മളെല്ലാവരും കൂടി കല്ലാണമുറപ്പിക്കാൻ പോയില്ലെ അതിന് ശേഷം മനസ്സിന് ഒരുമാതിരി ഞെരുക്കം”

“എന്ത് പറ്റി പെണ്ണിനെ പിടിച്ചില്ലേ , എന്നാൽ ഒന്നും നോക്കണ്ട വിട്ടു കളയണം” നന്ദു ഒരടി പുറകോട്ട് മാറി നിന്ന് പറഞ്ഞു.

വിനു തലയുയർത്തി നന്ദുവിനെ നോക്കി ” അതുകൊണ്ടൊന്നുമല്ല, നമ്മുടെ കൂടെ പഠിച്ച ധന്യയില്ലെ അവളെ ഇന്നലെ കണ്ടിരുന്നു, കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല, നേഴ്സായിട്ട് ദുബായിലായിരുന്നു കട ബാധ്യതയൊക്കെ തീർന്ന് കല്ല്യാണം കഴിക്കാൻ സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല”

ഏത് ധന്യ ?

നമ്മുടെ കൂടെ പത്തിൽ പഠിച്ചില്ലെ …

ഏത് കഴുത്തിൽ മറുകുള്ള വെളുത്ത് നീണ്ട മുടിയുള്ള ധന്യയോ ?

“അതാരാ അതൊന്നുമല്ല”

എന്നാ നെറ്റിയിൽ മറുകുള്ള ചുരുണ്ട മുടിയുമായി വരുന്ന ധന്യയായിരിക്കും.

ഇതൊക്കെ ആരാട, ഇവരൊക്കെ എപ്പോഴാ നമ്മുടെ കൂടെ പഠിച്ചേ

എന്നാ പിന്നെ ശ്യാമിന്റെ ക്ലാസ്സിലുണ്ടായിരുന്ന കയ്യിൽ മറുകുള്ള ആ കൊച്ചാണോ ?

എടാ കാട്ടുകോഴി ഒന്ന് മിണ്ടാതിരിക്ക്, ഞാൻ തന്നെ പറഞ്ഞ് തരാ, നിനക്ക് നമ്മുടെ ക്ലാസ്സിലുണ്ടായിരുന്ന ചായക്കട രാഘവേട്ടന്റെ മോളെ അറിയുമോ ?

പിന്നെന്താ , കാലിൽ മറുകുള്ള ഡോറയെപ്പോലെ തലയുള്ള കൊച്ചല്ലെ, ഓർമ്മയുണ്ട്., അതാണ് ഉദ്ദേശിച്ചതെങ്കിൽ സ്കൂളിനടുത്തുള്ള രാഘവേട്ടന്റെ മോളെന്ന് പറഞ്ഞാ പോരെ .

നിന്നോടൊക്കെ അത് മതിയായിരുന്നു, എന്നാലും ഇങ്ങനെ പറഞ്ഞാ ചിലപ്പോൾ നീയെന്റെ പ്രണയമൊക്കെ ഓർമ്മിപ്പിച്ചാലോ വിചാരിച്ചു. വിനു ഒന്നു വിതുമ്പി

സോറി, ഞാൻ മനസ്സിലാക്കാൻ വൈകിപ്പോയി
“അതിന് നീയെന്തിനാടാ കുടത്തിനുള്ളിൽ തല പോയ പട്ടിയെ പോലെ മോങ്ങുന്നേ, ഇപ്പോൾ പ്രശ്നമെന്താ?

വിനു നന്ദുവിനെ നേരേയിരുന്നു “എടാ എനിക്ക് എന്റെ ആദ്യ പ്രണയം സാക്ഷാത്കരിക്കാനുള്ള ഒരു അവസരം വന്നിരിക്കുന്നത് പോലെയാ തോന്നുന്നത്”

“ഓഹോ അങ്ങനെയാണോ” നന്ദു ആലോചിക്കാൻ തുടങ്ങി.

“നീയെന്താ സൂര്യനെ നോക്കി പ്രാർത്ഥിക്കുന്നേ”നന്ദുവിന്റെ നിൽപ്പ് കണ്ട് വിനു ചോദിച്ചു.

ചോറിൽ വിഷം വെക്കാൻ ചാൻസില്ല, ഇനി തല്ലികൊല്ലാനാണോ പ്ലാനുണ്ടാവാ

വിനു കണ്ണ് തുറിച്ചു കൊണ്ട് “ആർക്ക്”

നിന്റെ അച്ഛന് , അങ്ങേര് ആ ജാതകം പിടിച്ചു കൊണ്ട് എന്തോരം തേരാ പാരാ നടന്നിട്ടാ നിനക്ക് പെണ്ണ് ശരിയായത്.

“അതൊക്കെ മായ്ച്ച്കളാ, ഇപ്പോൾ ഇതിനുള്ള വഴി പറ” വിനു നന്ദുവിന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു.

അതിന് ആ കൊച്ചിന് നിന്നെ ഇഷ്ടമാണോടാ

വിനു ഒന്നാലോചിച്ചു ” നമ്മുക്ക് ഒന്ന് ചോദിച്ച് നോക്കാലോ”

നന്ദു നേരെ നോക്കി ” അന്നും ഇത് തന്നെയാ പറഞ്ഞിട്ട് പോയത്, അവൾ പഠിച്ച് ദുബായിക്കും പോയി , നീ പഠിച്ച് ചങ്ങനാശ്ശേരിക്കും പോയി, അതുപോലെ ആവുമോ ഇപ്രാവശ്യം”

“ഒരിക്കലുമില്ല, നീ തുടക്കം തന്നെ നിരുത്സാഹപ്പെടുത്തല്ലെ” വിനു നന്ദുവിനെ നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞു.

“എന്നാ വാ പോയി നോക്കാം, പെരുവഴി ആവാതിരുന്നാ മതിയായിരുന്നു” നന്ദു ബൈക്കിനടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.

ഇരുവരും നേരെ ധന്യയുടെ വീട്ടിലേക്ക് എത്തി.
ഉമ്മറത്തെ കോലായിൽ രാഘവേട്ടൻ ഇരിക്കുന്നുണ്ട്. കയറിചെന്നു

രാഘവേട്ടൻ ഒന്ന് സൂക്ഷിച്ച് നോക്കി കൊണ്ട്
” മനസ്സിലായില്ല”

അയ്യോ ഞങ്ങളത്ര ഫെയ്മസൊന്നുമല്ല , എന്നാലും രാഘവേട്ടന് ഓർമ്മയുണ്ടാവും, ഞാൻ നന്ദു, റേഷൻ കട വിലാസിനി ചേച്ചിടെ മോൻ .

മനസ്സിലായെന്ന ഭാവത്തിൽ ” ആ നീയായിരുന്നോ, എന്താ കാര്യം”

“ഞങ്ങളൊന്ന് ധന്യയെ കാണാൻ വന്നതാ ” അകത്തോട്ട് എത്തി നോക്കി കൊണ്ട് പറഞ്ഞു.

അത് കേട്ടുകൊണ്ട് ധന്യ പുറത്തേക്കിറങ്ങി വന്നു. ഇരുവരേയും നോക്കി കൊണ്ട്
” നിങ്ങളായിരുന്നോ, അച്ഛാ ഇതെന്റ കൂട്ടുകാരാ”

“അല്ല അച്ഛനറിയാ, ഞങ്ങള് പഴയ പരിചയക്കാരാണല്ലോ” നന്ദു തിരുത്തി കൊണ്ട് പറഞ്ഞു.

എന്തിനാ വന്നത് എന്ന് ചോദിക്കുന്നതിന് മുമ്പ് വിനു ഒന്ന് ഒറ്റക്ക് സംസാരിക്കണമെന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“വാ മുറ്റത്തേക്ക് നിൽക്കാം” ധന്യ പുറത്തേക്കിറങ്ങി.

ഇരുവരും പുറത്തിറങ്ങി സംസാരിക്കാൻ തുടങ്ങി, ആ സമയം നന്ദു രാഘവേട്ടനുമായി ഓരോ കൊച്ചുവർത്തമാനം പറഞ്ഞിരുന്നു.
കുറച് സമയത്തിനുശേഷം, വിനു പുറത്ത് നിന്ന് കൈ കാണിച്ച് പോവാമെന്ന് പറഞ്ഞു, നന്ദു യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ ധന്യ അകത്തേക്ക് കയറിപ്പോയി.

“എന്തായി” നന്ദു ജിജ്ഞാസയോടെ ചോദിച്ചു.

നന്ദുവിനെ ചേർത്ത് പിടിച്ച് ” സെറ്റ്, അവള് വീട്ടുകാരെ കൂട്ടി വന്ന് ആലോചിച്ചോളാൻ പറഞ്ഞു”

വിനു വണ്ടിയെടുക്കാൻ തുടങ്ങിയപ്പോൾ നന്ദു തടഞ്ഞു കൊണ്ട് ” ഒരു 150 രൂപ ഉണ്ടാവോ എടുക്കാൻ”

കാശെടുത്ത് കയ്യിൽ കൊടുത്ത് കൊണ്ട്
” എന്താ സംഭവം”

ഉള്ളിവട തിന്നതിന്റെ പഴയ പറ്റ് ബാക്കി, അങ്ങേർക്കെല്ലാം ഓർമ്മയുണ്ടെടാ, ഇനി ഇതിന്റെ പേരിൽ കല്ല്യാണം മുടങ്ങണ്ട, ഇപ്പോൾ തന്നെ കൊടുത്തേക്കാം.

വായിച്ചതിനു നന്ദി ……

LEAVE A REPLY

Please enter your comment!
Please enter your name here