Home Latest തന്റെ ശരീരവും അവനു വേണമെന്നു അവൻ വാശിപിടിക്കുമ്പോഴും വിവാഹം എന്ന വാഗ്‌ദാനം നൽകി അവൻ അവളെ...

തന്റെ ശരീരവും അവനു വേണമെന്നു അവൻ വാശിപിടിക്കുമ്പോഴും വിവാഹം എന്ന വാഗ്‌ദാനം നൽകി അവൻ അവളെ നിർബന്ധിച്ചു.

0

“കല്യാണം കഴിഞ്ഞു പോരെ?”
തന്റെ ശരീരവും അവനു വേണമെന്നു അവൻ വാശിപിടിക്കുമ്പോഴും വിവാഹം എന്ന വാഗ്‌ദാനം നൽകി അവൻ അവളെ നിർബന്ധിച്ചു.

“നിനക്കു എന്നെ വിശ്വാസം ഇല്ലെങ്കിൽ വേണ്ട,പെണ്ണേ”

“എനിക്കു നിന്നെ വിശ്വാസമാണ് വേണു”

പിന്നെ വാക്കുകൾ ശബ്ദിച്ചില്ല. ശരീരം ശരീരത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. കുറച്ചു നേരത്തെ അനുഭൂതിക്കുവേണ്ടി മനസാക്ഷി എന്ന കാവൽക്കാരനെ ഒരു നേർത്ത മറ വെച്ചു മൂടിയ നേരം.

ആ സമയം അവളുടെ അമ്മ അടുത്തുള്ള പുഴയിൽ കുളിക്കുവാൻ പോയിരുന്നു.

ആകാംക്ഷയും,അനുഭൂതിയും വഴിമാറി ആശങ്ക നിഴൽപ്പോലെ അവളുടെ കൂടെ കൂടി. വേണുവിനെ വേഗം യാത്രയാക്കിയതും, ചെയ്തു പോയത് മഹാഅപരാതമോ എന്ന കുറ്റബോധം അവളുടെ ഉള്ളിൽ ആർത്തിരമ്പുന്ന തിരകളെപോലെ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.

‌ഓടിട്ട മൂന്നു മുറി വീടിന്റെ ഉമ്മറത്തിരുന്നു ചുമരിൽ ആണിയിൽ തൂക്കിയിട്ട അച്ഛന്റെ ചിത്രത്തിൽ നോക്കി അവൾ ചിന്തകളിൽ മുഴുകിയിരുന്നു. ത്രിസന്ധ്യയായതും കിഴക്കേവശത്തുള്ള മാവിന്റെ ഒരു വശത്തൂടെയുള്ള നേർത്ത പാതയിലൂടെ കൈയ്യിൽ ഒരു ബക്കറ്റിൽ തുണികളുമായി അമ്മ മടങ്ങിയെത്തി.‌നഗരത്തിലുള്ള കോളേജിൽ മൂന്നാം വർഷ ഡിഗ്രിക്കു പഠിക്കുന്ന വേണുവും ഇന്ദിരയും അയൽവാസികളായിരുന്നു.
‌അവരുടെ പ്രണയം ആരും അറിഞ്ഞിരുന്നില്ല. ആരും അറിയരുതെന്നു അവൾക്കു നിർബന്ധമുണ്ടായിരുന്നു. വഴിപിഴച്ച മകൾ എന്നവളുടെ അമ്മ ഒരിക്കലും അവളെ കുറിച്ചു നാട്ടുകാരിൽ നിന്നും കേൾക്കരുതെന്നു അവൾക്കു നിർബന്ധമുണ്ടായിരുന്നു. അച്ഛനില്ലാതെ വളർത്തിയ അവളെക്കുറിച്ചു ആരും മോശം പറയരുതെന്ന് അവളുടെ അമ്മ ആഗ്രഹിച്ചിരുന്നു.

‌ക്ലാസ്സ് കഴിയുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഒരു വൈകുന്നേരം വാകമരച്ചുവട്ടിൽ വെച്ചു അവൻ അവളോട് പറഞ്ഞു:

‌”ഇന്ദിര,നമ്മുടെ കാര്യം എന്റെ അമ്മ സമ്മതിക്കുന്നില്ല. ഞാൻ ഇന്നലെ വീട്ടിൽ നിന്നെ കുറിച്ചു പറഞ്ഞതും അമ്മ ആത്മഹത്യ ചെയ്യുമെന്നും നമ്മുടെ ബന്ധം ഇനി തുടരരുതെന്നും അമ്മ ആവശ്യപ്പെട്ടു. എനിക്കു നിന്നെ ഇഷ്ടമാണ് പക്ഷെ ജന്മം നൽകിയ അമ്മയുടെ ജീവനറ്റ ശരീരം കാണുവാൻ മാത്രം ദുഷ്ടനാകുവാൻ എനിക്കു സാധിക്കില്ല. നീ എന്നോട് പൊറുക്കണം. ”

‌അവൾ ഒന്നും പറഞ്ഞില്ല. അവളുടെ നെഞ്ചിലെ ഭാരം താങ്ങുവാനാകാതെ ശ്വാസം മുട്ടുന്നതുപ്പോലെ അവൾക്കു തോന്നി. അവൾ ഒന്നും പറയുന്നതിന് മുൻപേ അവൻ പോയിമറഞ്ഞു.

‌അധികം വൈകാതെ വീണ്ടും വിധി അവളുടെ കണ്ണുകളിൽ നീരാടി ഒരു പുഴയായൊഴുകി.

‌അമ്മ എന്ന ദീപം അവളുടെ ജീവിതത്തിൽ കൂരിരുട്ടു ബാക്കിയാക്കി യാത്രയായി. ഇനിയുള്ള ജീവിതയാത്ര അവളും അവളുടെ നിഴലും മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞ നാളുകൾ. അവൾ ആ വീട് വിറ്റു ദൂരെ ഒരു ദേശത്തേയ്ക്ക് പോയി. എന്തിനാണവൾ വീട് വിറ്റതെന്നോ എവിടേയ്ക്ക് പോകുന്നുവെന്നോ അവൾ ആരോടും പറഞ്ഞതുമില്ല.

‌കുറച്ചു വർഷങ്ങൾ കടന്നുപോയി.

‌വേണുവിനു സർക്കാർ ജോലിയായിരുന്നു. വീട്ടമ്മയായ അവന്റെ ഭാര്യ അകാലത്തിൽ കാൻസർ വന്നു മരിച്ചു. ഒരു മകളുള്ളത് വേണുവിന്റെ അമ്മയുടെ കൂടെ ആണ്.
‌സ്ഥലംമാറ്റം കിട്ടിയ വേണു കോഴിക്കോട് നിന്നും കാസർഗോഡേയ്ക്ക് യാത്രയായി.

‌കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം തിരികെ വാടക വീട്ടിലേക്കു വരുമ്പോൾ നല്ല പരിചയമുള്ള ഒരു മുഖം വേണു കാണുവാനിടയായി. അവൾ ഇന്ദിരയായിരുന്നു. ഒരു ആണ്കുട്ടി അവളുടെ അടുത്തു നിന്നു കളിക്കുന്നുണ്ട്. അവളുടെ മകനാകുമെന്നു വേണു കരുതി.

‌ഇന്ദിരയെ കണ്ടതും വേണു അവളുടെ വീടിന്റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
‌ഇന്ദിരയും വേണുവിനെ കണ്ടപ്പോൾ മുഖവും മനസ്സും പ്രസന്നമായതുപോലെ പ്രകടിപ്പിച്ചു. ഉമ്മറത്ത് ഒരു ചാരുകസേരയിൽ വേണു ഇരുന്നതും ഇന്ദിര ചോദിച്ചു:

‌”ഇവിടെ ആണോ വേണു ഇപ്പോൾ ജോലി ചെയ്യുന്നത്?”

‌”ഉം, ഇന്ദിരയുടെ മോന് എത്ര വയസ്സായി”?

‌”10,ചായ എടുക്കട്ടെ?”

‌”ഉം,ഭർത്താവ് എവിടെ?”

‌”വിളിക്കാം..” ഇന്ദിര പറഞ്ഞു

‌ഉമ്മറത്ത് വേണുവിന്റെ കൂടെയിരുന്നു മകൻ കളിക്കുന്നതും , ഇന്ദിര അടുക്കളയിൽ പോയി ചായയുണ്ടാക്കി തിരികെ വന്നു വേണുവിന് കൊടുത്തു.
‌ഒരൽപ്പം ചായ വേണു കുടിച്ചതിനു ശേഷം ഒരു ചിത്രം കൂടി ഇന്ദിര വേണുവിന്റെ ഒരു കൈയ്യിലേക്ക് കൊടുത്തതും അവൾ പറഞ്ഞു:

‌”ഇതാണ് എന്റെ മകന്റെ അച്ഛൻ”

‌ഇതു കേട്ടതും വേണുവിന്റെ മറു കൈയ്യിലുള്ള കുപ്പിഗ്ലാസ് താഴെ വീണുടഞ്ഞു.

‌വേണുവിന്റെ ചിത്രത്തിന്റെ പിൻ വശത്തു വർഷങ്ങൾക്കു മുൻപ് വേണു ഇങ്ങനെ എഴുതിയിരുന്നു :
‌”എന്റെ ഇന്ദിരയ്ക്ക്,
‌ എന്നും ഓർമ്മിക്കുവാൻ
‌ വേണു….”

‌രചന: ഡോ. ഷിനു ശ്യാമളൻ

LEAVE A REPLY

Please enter your comment!
Please enter your name here