Home Latest ആ രാത്രി സ്വയം ജീവിതം അവസാനിപ്പിക്കാൻ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്… Part – 36

ആ രാത്രി സ്വയം ജീവിതം അവസാനിപ്പിക്കാൻ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്… Part – 36

0

Part – 35 വായിക്കാൻ ഇവിടെ Click ചെയ്യുക.

അപൂര്‍വരാഗം 36

രചന : Minimol Rajeevan m

അപ്പച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എന്നെ പോലെ ഒരു മോനോ മോളോ അവര്‍ക്കു ഉണ്ടായിട്ടുണ്ടാകുമായിരുന്നു എന്ന് മുത്തശ്ശി എപ്പഴും പറയും..

അങ്ങനെ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങൾക്ക് അപ്പച്ചിയുടെ ഒരു കത്ത് കിട്ടി…

എന്റെ ജീവിത ഗതി മാറ്റിയ ഒരു കത്ത്… ”

ദേവ് അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

അപ്പുവിന്റെ കൈകൾ അവന്റെ കൈയിൽ പിടി മുറുക്കി…

അവളുടെ കണ്ണില്‍ ഒരു പിടച്ചില്‍ അവന്‍ കണ്ടു…

ഭീതി നിറഞ്ഞ അവളുടെ മുഖം അവളുടെ മാനസികാവസ്ഥ വിളിച്ചോതി….

സാരമില്ല എന്ന അര്‍ത്ഥത്തില്‍ അവന്‍ അവളെ ചേര്‍ത്തു പിടിച്ചു…

അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു…

***********

സ്വന്തം മകനെ പോലെ സ്നേഹിച്ചവന്‍ കാണിച്ച വിശ്വാസ വഞ്ചനയും മകള്‍ അതിന്‌ കൂട്ട് നിന്നു എന്ന ചിന്തയും മേനോനെ ആകെ തളര്‍ത്തിയിരുന്നു…..

ഒപ്പം ഗൗരിക്ക് വേണ്ടി ആലോചിച്ച പയ്യന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ നേരിടേണ്ടി വന്ന അപമാനവും അയാളെ ക്രുദ്ധനാക്കി….

മംഗലത്ത് വീടിന്റെ അഭിമാനം ക്ഷണ നേരം കൊണ്ട് കാറ്റില്‍ പറത്തിയ മകളെയും ഗോപിയെയും പടിയടച്ച് പിണ്ഡം വെക്കുമ്പോഴും അയാൾ ഉള്ളില്‍ തേങ്ങുകയായിരുന്നു…

പുറമെ അവരോട് ദേഷ്യം അഭിനയിച്ചു എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവര്‍ക്കു വേണ്ടി കരയുകയായിരുന്നു….

മേനോന്റെ മുഖത്തെ ചിരി അന്ന് മാഞ്ഞു… അവിടത്തെ സന്തോഷവും…

മംഗലത്ത് വീട്ടിലെ ഓരോരുത്തരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു…

തന്റെ ചേട്ടൻ മൂലമാണ് മംഗലത്ത് വീടിന് ഇത്രയും വലിയ അപമാനം നേരിടേണ്ടി വന്നത് എന്ന ചിന്ത മഹേശ്വരിയെയും തകർത്തു…

എങ്കിലും അവര് രണ്ട് പേരും എവിടെയെങ്കിലും സന്തോഷത്തോടെ കഴിയുന്നത്‌ കാണാന്‍ അവളും ഒരുപാട് ആഗ്രഹിച്ചു…

ഗോപിയോട് ഉള്ള നീരസം ആരും മഹേശ്വരിയോട് കാണിച്ചില്ല… രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ദേവ് ജനിച്ചു…

മേനോന്റെ മുഖത്തെ നഷ്ടപ്പെട്ട പുഞ്ചിരി തിരികെ വന്നത് ദേവിന്റെ ജനനത്തോടെ ആയിരുന്നു….

ഇതിനിടയിൽ ചന്ദ്രശേഖരന്റെയും സാവിത്രിയുടെയും വിവാഹം കഴിഞ്ഞു…

ദേവിന് ഒന്നര വയസ്സു ഉള്ളപ്പോൾ മംഗലത്ത് വീട്ടിലേക്ക് അഭിയും ജനിച്ചു വീണു…

വർഷങ്ങൾ 6 കഴിഞ്ഞു… ജയന്ത് സീതയെ വിവാഹം ചെയ്തു… ചന്ദ്രശേഖനും സാവിത്രിക്കും അനികേതും ജയന്തിനും സീതയ്ക്കും കൈലാസും പിറന്നു…

നീണ്ട പത്തു വർഷങ്ങൾ കഴിഞ്ഞു…

ആ ഇടയ്ക്കു ആണ്.. മംഗലത്ത് ഹോസ്പിറ്റലിന്റെ നവീകരണാർത്ഥം ഒരു ആവശ്യത്തിനു ആയി ബാലൻ മദ്രാസിലേക്ക് പോയത്….

അവിടെ വച്ചാണ് ഒരു മീറ്റിംഗിൽ പങ്കെടുക്കാന്‍ വന്ന ഗോപിയെ അയാൾ ആകസ്മികമായി കണ്ടു മുട്ടിയത്…

ഗൗരിയുമൊത്ത് സന്തോഷമായി ജീവിക്കുകയാണെന്ന് ഗോപി പറഞ്ഞപ്പോൾ അത് അയാളെ ഒരുപാട് ആഹ്ലാദിപ്പിച്ചു….

ഗൗരിയെ നേരില്‍ കാണാനുള്ള ആഗ്രഹം അയാൾ അടക്കി…

എങ്കിലും ഗോപിയോട് ഗൗരിയെയും കൂട്ടി തറവാട്ടിലേക്ക് മടങ്ങി വരാൻ അഭ്യര്‍ത്ഥിച്ചു കൊണ്ട് ആണ് ബാലൻ അന്ന് മടങ്ങിയത്…

ബാലൻ തിരികെ എത്തി കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ മംഗലത്ത് വീട്ടിലേക്ക് ഒരു കത്ത് വന്നു…

ബാലന്റെ പേരില്‍ വന്നത്‌ ആണെങ്കിലും മേനോന്റെ കൈയിലാണ് കത്ത് കിട്ടിയത്..

കത്തിലെ കൈപ്പട മനസ്സിലാക്കാന്‍ അയാള്‍ക്കു അധികം നേരം വേണ്ടി വന്നില്ല…

വിറയ്ക്കുന്ന കൈകളോടെ അയാൾ കത്ത് പൊട്ടിച്ചു വായിച്ചു…

“പ്രിയപ്പെട്ട ഏട്ടന്…. എല്ലാവർക്കും ഞങ്ങളോട് ദേഷ്യവും വെറുപ്പും ആയിരിക്കും എന്ന് അറിയാം…..

അത്രയും വലിയ അപമാനം ആണ് ഞാന്‍ വരുത്തി വെച്ചത് എന്ന് എനിക്ക് അറിയാം..

ഒരുപാട് ശ്രമിച്ചു ഏട്ടാ.. ഗോപിയേട്ടനെ മറക്കാൻ…

പറ്റിയില്ല ഏട്ടാ… മനസ്സില്‍ ഒരാളെ വച്ച് മറ്റൊരാള്‍ക്ക് മുന്നില്‍ തല കുനിക്കാൻ എനിക്ക് വയ്യായിരുന്നു …..

കടപ്പാടിന്റെ പേര് പറഞ്ഞ് ഗോപിയേട്ടൻ എന്നെ തിരുത്താന്‍ ശ്രമിച്ച ആ രാത്രി സ്വയം ജീവിതം അവസാനിപ്പിക്കാൻ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്…

കടപ്പാടിന്റെ പേരില്‍ എന്നെ മനഃപൂര്‍വ്വം അവഗണിക്കുമ്പോഴും ആ മനുഷ്യന്‍ ഉരുകുന്നത് എനിക്ക് കാണാമായിരുന്നു…

ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്നുള്ള നൂല്‍പ്പാലത്തിൽ നിന്നും എന്നെ ആ മനുഷ്യന്‍ രക്ഷിച്ചു…

എല്ലാവരോടും എല്ലാം തുറന്നു പറയണം എന്ന് അദ്ദേഹം പറഞ്ഞപ്പോഴും വിലക്കിയത് ഞാൻ ആണ്.. പേടിയായിരുന്നു…

കാര്യസ്ഥന്റെ മകന് വിലക്ക് കല്‍പിക്കപ്പെടുമോ എന്ന ഭയം…

എന്റെ കൈ പിടിച്ചു എങ്ങോട്ടെങ്കിലും ഓടി പോകാൻ ഞാന്‍ അദ്ദേഹത്തെ ഒരുപാട് നിര്‍ബന്ധിച്ചു…

പേടിയായിരുന്നു…. അച്ഛനോട് എല്ലാം പറയാൻ ഒരുങ്ങിയപ്പോൾ ഒക്കെ എന്തോ ഒന്ന് അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു….

അന്നത്തെ രാത്രി എന്നെയും കൊണ്ട് എങ്ങോട്ട് എന്ന് ഇല്ലാതെ ഓടിയതാണ് അദ്ദേഹം…

വളർത്തി വലുതാക്കിയ കുടുംബത്തോടെ നേറികേട് കാണിച്ചു എന്ന ചിന്തയില്‍ എന്നും അദ്ദേഹം ഉരുകിയിട്ടേ ഉള്ളു….

എനിക്ക് മുന്നില്‍ ചിരിക്കാന്‍ ശ്രമിക്കുമ്പോൾ ഒക്കെ ആ മനസ്സു നീറുന്നത് എനിക്ക് കാണാം…

എങ്കിലും എനിക്ക് ഒരു കുറവും അദ്ധേഹം വരുത്തിയിട്ടില്ല.. എന്നെയും മക്കളെയും പൊന്നു പോലെയാണ് നോക്കുന്നതു…

മഹിയെ കുറിച്ച് ഓര്‍ത്തു ഒരുപാട് കരഞ്ഞിട്ടുണ്ട് ആ മനുഷ്യന്‍… അവിടത്തെ വിശേഷങ്ങൾ അറിയാനുള്ള ആഗ്രഹം അടക്കി ജീവിക്കുന്നതിനു ഇടയില്‍ ആണ് അന്ന് ഏട്ടൻ അദ്ദേഹത്തിന്റെ മുന്നില്‍ വന്നു പെട്ടത്…

എല്ലാവരും സന്തോഷമായി ജീവിക്കുന്നു എന്ന ഒറ്റ വാർത്ത മതിയായിരുന്നു അദ്ദേഹത്തിന്റെ നെഞ്ചിലെ തീ കെടുത്താൻ…

ഏട്ടന് ഞങ്ങളെ കാണാന്‍ ഒരുപാട് കൊതി ഉണ്ടെന്ന് ഗോപിയേട്ടൻ പറഞ്ഞു…

ഈ കത്തിന്റെ കൂടെ ഒരു ഫോട്ടോ കൂടെ വെക്കുന്നുണ്ട്.. എന്റെ മക്കള് ഭദ്രനും പാറു എന്ന പാർവതിയും…. കുറുമ്പ് ആണ് രണ്ടിനും…

ഇവിടെ മക്കള്‍ രണ്ടാളും എല്ലാവരെയും കാണാനുള്ള കൊതിയിലാണ്… അതിനുള്ള ഭാഗ്യം ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല…

അച്ഛന് ഇപ്പഴും ഞങ്ങളോട് ദേഷ്യം ആയിരിക്കും അല്ലെ ഏട്ടാ… അച്ഛനോട് പറയണം… തെറ്റ് എന്റേത് ആണെന്ന്… ആ മനുഷ്യനെ ശപിക്കരുത് എന്ന്…

സ്നേഹത്തോടെ ഗൗരി..

കത്ത് വായിച്ചു കഴിഞ്ഞു മേനോന്‍ കത്തിന്റെ കൂടെ ഉണ്ടായിരുന്ന ഒരു കുഞ്ഞു കവർ വെപ്രാളത്തോടെ തുറന്നു…

രണ്ട് ഫോട്ടോകൾ അയാളുടെ കൈയിൽ നിന്നും താഴെ വീണു..

നിറഞ്ഞ കണ്ണുകളോടെ അയാൾ അത് നോക്കി…

ഗൗരിയും ഗോപിയും ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ… അവരുടെ മടിയില്‍ ആയി കുഞ്ഞ് പാര്‍വതിയും കുഞ്ഞ് ഭദ്രനും….

പാറുവിന് ഏറിയാല്‍ രണ്ടര വയസ്സു പ്രായം വരും.. ഭദ്രന് ഒരു ഏഴോ എട്ടോ വയസ്സു പ്രായം വരും…

അടുത്ത ഫോട്ടോ പാറുവും ഭദ്രനും മാത്രം നില്‍ക്കുന്നത് ആണ്..

രണ്ട് പേരുടെയും കുറുമ്പ് ആ കണ്ണുകളില്‍ നിന്നും വ്യക്തമായിരുന്നു…

മേനോന്റെ കണ്ണുകൾ നിറഞ്ഞു.. തന്റെ പേരക്കുട്ടികളെ കാണാനും ലാളിക്കാനും അയാൾ അതിയായി ആഗ്രഹിച്ചു…

ഉമ്മറത്തേക്ക് വന്ന ദേവകിയമ്മ കണ്ടത് ഫോട്ടോ നോക്കി കണ്ണുനീര്‍ വാർക്കുന്ന മേനോനെയാണ്…

അയാൾ ആ കത്ത് അവര്‍ക്കു നേരെ നീട്ടി…

കത്ത് വാങ്ങി വായിച്ച ദേവകിയമ്മയും കണ്ണ് നീരോടെ നിന്നു… ഒപ്പം ആ ഫോട്ടോയും കൂടെ കണ്ടതോടെ മകളെയും പേരക്കുട്ടികളെയും കാണാന്‍ അവരുടെ ഉള്ളവും തുടിച്ചു…

മേനോന്‍ തന്നെ ബാലനെ വിളിച്ചു ഗൗരിക്ക് മറുപടി എഴുതാന്‍ ആവശ്യപ്പെട്ടു…

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും പെട്ടെന്ന് ഉള്ള മേനോന്റെ മനംമാറ്റം എല്ലാവരെയും സന്തോഷിപ്പിച്ചു…

എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു വരാൻ ആവശ്യപ്പെട്ടു കൊണ്ട് ബാലൻ തന്നെ ഒരു മറുപടി കത്ത് എഴുതി…

*********

“എന്നിട്ട്.. എന്നിട്ട് എന്താ ഉണ്ടായത്‌ ദേവേട്ടാ….അവര് തിരിച്ച് വന്നോ..”

അപ്പു ആകാംഷയോടെ ചോദിച്ചു..

“മം… വന്നു..”

ദേവ് പതിയെ പറഞ്ഞു…

“നിനക്ക് അറിയുമോ പാറു.. അന്ന് എനിക്ക് 8 വയസ്സു ആണ് പ്രായം…അത്രയും കാലം മംഗലത്ത് വീട്ടിലെ മൂത്ത പേര കുട്ടി എന്ന പേര്‌ എനിക്ക് ആയിരുന്നു….

അന്ന് ആ കത്ത് വന്നതോടെ എല്ലാരും എന്നെ മറന്നു…

എല്ലാര്‍ക്കും പാറുവിനെയും ഭദ്രനെയും കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളൂ…..

സത്യം പറഞ്ഞാൽ എനിക്ക് ഒരിത്തിരി.. അല്ല ഒത്തിരി തന്നെ അസൂയ തോന്നി.. ഒപ്പം ദേഷ്യവും… ”

ദേവ് പുഞ്ചിരിയോടെ പറഞ്ഞു…

” ദേവേട്ടാ…. ”

അപ്പു അമ്പരപ്പോടെ വിളിച്ചു…

” ആഹ് ഡോ.. സത്യം ആണ്… എല്ലാവരുടെയും നാവില്‍ പാറു… ഭദ്രൻ… ഇത് മാത്രം… അപ്പോഴാണ് മുത്തച്ഛന്റെ കൈയിൽ നിന്നും ഞാന്‍ ആ ഫോട്ടോ വാങ്ങി നോക്കിയത്‌…

അപ്പച്ചിയെയും ഗോപി മാമനെയും ഫോട്ടോയില്‍ കണ്ട പരിചയം ഉണ്ടായിരുന്നു..

പിന്നെയാണ് അവരുടെ മടിയില്‍ ഇരിക്കുന്ന രണ്ട് പിള്ളാരെ ശ്രദ്ധിച്ചത്….

ആൺകുട്ടിയെ കാണാൻ എതാണ്ട് എന്റെ പ്രായം തന്നെ.. പെണ്‍കുട്ടി ചെറുത് ആണ്…

പക്ഷേ കുറുമ്പ് നിറഞ്ഞ മുഖം…

എന്തായാലും അവര് വന്നിട്ടു നല്ല മുട്ടൻ പണി കൊടുക്കാം എന്ന ഉദ്ദേശത്തോടെ ഞാൻ മിണ്ടാതെ ഇരുന്നു… ”

ദേവ് കുസൃതിയോടെ പറഞ്ഞു…

” എന്ത് പണി… ”

അപ്പു അതിശയത്തോടെ ചോദിച്ചു…

ദേവിന്റെ മുഖത്ത് ആ കുസൃതി ചിരി വീണ്ടും വിടര്‍ന്നു..

അവന്‍ അവളെ ചേര്‍ത്തു പിടിച്ചു…

**********
മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ബാലന് ഗോപിയുടെ ഫോൺ കോൾ വന്നു… അവര് അടുത്ത ആഴ്‌ച നാട്ടിലേക്ക് വരികയാണെന്ന്… ആ വാര്‍ത്ത എല്ലാവർക്കും ഒരുപാട് സന്തോഷം നല്‍കി…

പിന്നെ അവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു അവിടെ..

ഒരു ഉത്സവത്തിന്റെ പ്രതീതി…

കുഞ്ഞ് ദേവനു ഇതൊന്നും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല..

എങ്കിലും തന്റെ ശത്രുക്കൾ ഈ മണ്ണില്‍ കാല് കുത്തുന്നത് വരെ കാത്തിരിക്കാന്‍ അവന്‍ തീരുമാനിച്ചു…

ദിവസങ്ങൾ കഴിഞ്ഞു…

അഭിയും ദേവനും കുളത്തിന്റെ പടവിൽ ഇരിക്കുകയായിരുന്നു….

“അഭി… ഡാ.. അവര് വന്നാല്‍ നമ്മളെ ആര്‍ക്കും വേണ്ടാതെ ആകും…. നീ നോക്കിക്കോ…”

കുഞ്ഞ് ദേവ് ദേഷ്യത്തോടെ പറഞ്ഞു…

“ഏട്ടൻ നുണ പറയുവാ… അവര് നല്ല കുട്ടികൾ ആണല്ലോ… ഞാൻ കണ്ടതാണ്… അവര് വന്നാലും നമ്മളെ ആരും വേണ്ടന്ന് വെക്കില്ല..”

അഭി പരിഭവത്തോടെ പറഞ്ഞു…

‘എടാ മണ്ടാ…. നീ നോക്കൂ… എല്ലാര്‍ക്കും അവരെ മതി….”

അഭിയുടെ കുഞ്ഞ് തലയില്‍ ഒരു കൊട്ട് കൊടുത്തു കൊണ്ട് ദേവ് പറഞ്ഞു…

“അവര് വരട്ടെ ഏട്ടാ… പാറു പാവമാണ്… ഞാൻ ഫോട്ടോ കണ്ടല്ലോ… എന്തു രസമാണ്…..നല്ല ഭംഗീണ്ട് പാറുനെ… .”

അഭി നിഷ്കളങ്കമായി പറഞ്ഞു…

ഒപ്പം അവന്റെ നീലക്കണ്ണുകളും സന്തോഷത്തില്‍ തിളങ്ങി…

“ഒന്ന് പോടാ.. രണ്ടിനെയും കണ്ടാല്‍ അറിയാം.. എനിക്ക് ഇഷ്ടമല്ല… ”

ദേവ് വെറുപ്പോടെ മുഖം തിരിച്ചു…

അവന്റെ നീലക്കണ്ണുകളിൽ അവരോട് ഉള്ള ദേഷ്യം നിറഞ്ഞിരുന്നു…

മംഗലത്ത് വീട്ടിലെ രണ്ട് പേരക്കുട്ടികൾക്കും ഉള്ള നീലക്കണ്ണുകള്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്നത് ആയിരുന്നു…

“ആ വേണ്ട… ഇഷ്ടപ്പെടണ്ട….. എനിക്ക് ഇഷ്ടമാണ്…”

അതും പറഞ്ഞു അഭി പടികള്‍ ഓടി കയറി…

പാറുവിനും ഭദ്രനും എതിരെ പ്രയോഗിക്കാനുള്ള ആയുധം കോപ്പ് കൂട്ടിക്കൊണ്ടു ദേവ് ചിന്തയില്‍ ആഴ്ന്നു…

*********

വിഷുവിന്റെ തലേദിവസം വന്നെത്തി… ഗൗരിയും
കുടുംബവും വരുന്നതിന്റെ സന്തോഷത്തില്‍ വിഷു ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ഉള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാരും..

കുഞ്ഞ് ദേവന്‍ രാവിലെ തന്നെ എണീറ്റു…. പാറുവിനും ഭദ്രനും എതിരെ പ്രയോഗിക്കാനുള്ള അടവുകള്‍ ഓര്‍ത്തു എടുത്ത് കൊണ്ട് ഉമ്മറത്ത് ഇരിക്കുകയായിരുന്നു അവന്‍..

അപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്…

ദേവ് അമ്പരപ്പോടെ നോക്കി നിന്നപ്പോഴേക്കും കാറിന്റെ ഡോര്‍ തുറന്ന് ഗൗരി പുറത്ത് ഇറങ്ങി…

പിന്നാലെ ഗോപിയും…

ഒപ്പം മറ്റേ ഡോര്‍ തുറന്നു ഒരു എട്ട് വയസ്സുകാരൻ പുറത്ത്‌ ഇറങ്ങി…

“ഭദ്രൻ….”

ദേവിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു..

ഭദ്രന് പിന്നാലെ പട്ട് പാവാട ഇട്ട ഒരു കുറുമ്പി പുറത്ത് ഇറങ്ങി…. ഭദ്രന്റെ കൈയിൽ പിടിച്ചു ആണ് അവള് കാറിൽ നിന്നും ഇറങ്ങിയത്…

കൂടി വന്നാൽ ഒരു മൂന്ന് വയസ്സു പ്രായം വരും…

കുസൃതി നിറഞ്ഞു നില്‍ക്കുന്ന കണ്ണുകൾ… ചിരിക്കുമ്പോൾ വിടരുന്ന അവളുടെ കുഞ്ഞരിപ്പല്ലുകൾ……

ശത്രുവിന്റെ സൗന്ദര്യം ആസ്വദിച്ച്‌ അവന്‍ അന്തംവിട്ടു ഇരുന്നു…

കാറിൽ നിന്നും ഇറങ്ങിയ പാറു ചുറ്റും നോക്കി…

പിന്നെ കഷ്ടപ്പെട്ട് പാവാട പൊക്കി പിടിച്ച് ഭദ്രന്റെ കൈ പിടിച്ചു നടന്നു…

വലിയ ആളെ പോലെ ഗൗരവത്തിൽ പാവാട ഒക്കെ കേറ്റിപിടിച്ചു ഉമ്മറത്തേക്ക് നടന്നു കയറിയ പാറുവിനെ എല്ലാരും അതിശയത്തോടെ നോക്കി…

പക്ഷേ അവളെ ആകര്‍ഷിച്ച ഒന്നേ അവിടെ ഉണ്ടായിരുന്നുള്ളൂ…

“ഹൈ… നീല കണ്ണ്….”

പാറു സന്തോഷത്തോടെ കൈകൾ കൊട്ടി. കാണിച്ചു…

പിന്നെ ഭദ്രന്റെ പിടി വിട്ടു ദേവിന് അരികിലേക്ക് ഓടി….

“അച്ഛാ അമ്മേ… ഏട്ടാ….നോക്കു..”

കൗതുകത്തോടെ അവള് എല്ലാരേയും നോക്കി…

പിന്നെ ദേവിന്റെ അരികിലേക്ക് ഓടി ചെന്നു…

അവന്റെ ഡ്രസ്സില്‍ പിടിച്ചു വലിച്ചു താഴ്ത്തി…

പിന്നെ അവന്റെ കണ്ണുകളില്‍ ഉമ്മ വച്ചു… പിന്നെ അവന്റെ കവിളിലും…

ശേഷം നിഷ്കളങ്കമായി കൈകൾ കൊട്ടി കൊണ്ട് പുഞ്ചിരിച്ചു…

ആദ്യമായി കിട്ടിയ ചുംബനത്തിന്റെ ലഹരിയില്‍ ആയിരുന്നു ദേവ്…

ശത്രുവായി പ്രഖ്യാപിച്ച ഒരുവളെ ഒറ്റ നിമിഷം കൊണ്ട് അവന്‍ സ്വന്തം ഹൃദയത്തിൽ കുടിയിരുത്തി….

*********

ദേവ് പുഞ്ചിരിയോടെ അപ്പുവിനെ നോക്കി…

അപ്പു അവന്റെ കണ്ണുകള്‍ക്ക് മുകളിലൂടെ വിരൽ ഓടിച്ചു…

“എന്തിനാ ഈ മറ ഇനിയും….”

അപ്പു പരിഭവത്തോടെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു….

ദേവ് കുസൃതിയോടെ സ്വന്തം കവിളിൽ തലോടി കൊണ്ട് അവളെ നോക്കി… പിന്നെ അവളുടെ കൈകളില്‍ പിടിച്ചു വലിച്ചു അവനോടു ചേര്‍ത്തു…

അവന്റെ കണ്ണുകളിലെ കുസൃതിയും പ്രണയവും നേരിടാന്‍ ആവാതെ അപ്പു തല കുനിച്ചു…

(തുടരും)

(എല്ലാവരുടെയും സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി…ഇനി കുറച്ച് ഭാഗങ്ങൾ കൂടി കഴിഞ്ഞാൽ അപൂര്‍വരാഗം അവസാനിക്കും… 😉 😉.. അത് വരെ എന്നെ സഹിക്കാൻ ഉള്ള ശക്തി നിങ്ങള്‍ക്കു ഉണ്ടാകട്ടെ.. സ്നേഹപൂര്‍വം )

LEAVE A REPLY

Please enter your comment!
Please enter your name here