Home Latest പ്രാണനു വേണ്ടി യാചിക്കുന്ന വിറങ്ങലിച്ച തേങ്ങലുകളായിരുന്നു! മദ്യം തലയ്ക്ക് പിടിച്ച ഭർത്താവിന്റെ…

പ്രാണനു വേണ്ടി യാചിക്കുന്ന വിറങ്ങലിച്ച തേങ്ങലുകളായിരുന്നു! മദ്യം തലയ്ക്ക് പിടിച്ച ഭർത്താവിന്റെ…

0

അവളോടൊപ്പം

അപ്പാർട്ട്മെന്റ് പണിതവന്റെ അശ്രദ്ധയാകാം ,പണിയിപ്പിച്ച ഉടമയുടെ പിടിപ്പുകേടാകാം എന്റെ കിടപ്പുമുറിയിൽ ഇങ്ങനെയൊര് വെന്റിലേറ്റർ. കാരണം ആ ചുമരിന്റെ മറുവശം മറ്റൊര് ഫാമിലിയുടെ കിടപ്പുമുറിയാണ്. ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത അന്യന്റെ കിടപ്പറ. എങ്കിലൊര് കടലാസോ മറ്റോ വെച്ച് അടയ്ക്കാത്തത് അന്യന്റെ മുറിയിലെ ശീൽക്കാരങ്ങളോടുള്ള അഭിനിവേശമാണന്ന ചിന്ത നിങ്ങളിൽ ഉണർന്നെങ്കിലും എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്.

സംസാരങ്ങൾ കേൾക്കുന്നുണ്ട്… അത് പക്ഷെ കുടുംബ സല്ലാപങ്ങളല്ല , യ്യൗവന ദാമ്പത്യത്തിന്റെ അനിയന്ത്രിതമായ ശീൽക്കാരമല്ല, പങ്കു വെക്കലിന്റെ അടഞ്ഞ ശബ്ദവുമല്ല.പ്രാണനു വേണ്ടി യാചിക്കുന്ന വിറങ്ങലിച്ച തേങ്ങലുകളായിരുന്നു. മദ്യം തലയ്ക്ക് പിടിച്ച ഭർത്താവിന്റെ ഉരുക്കുമുഷ്ടി പതിയുന്നതിന്റെ വേദന സഹിക്കാത്ത പൊട്ടി കരച്ചിലായിരുന്നു.

ഇങ്ങോട്ട് താമസം മാറ്റി ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞു,ഏകദേശം അത്ര തന്നെ ആയിട്ടുണ്ടാകാം ഞാൻ ഉറങ്ങിയിട്ടും .മരണം ഒരു ചുമരുകൾക്കപ്പുറം കറുത്ത ഗൗണിട്ടു നിൽക്കുന്നതു പോലെയുള്ള തോന്നൽ. കഴുത്തിലെ പിടി വിടാൻ ഉറക്കെ അവൾ യാചിക്കുമ്പോൾ ഒരു വേള അയാൾക്കതിന് തോന്നിയില്ലങ്കിലോ? അയാളുടെ ചവിട്ടേറ്റ് വീഴുമ്പോൾ തലയിടിക്കുന്നത് ഈ ഭിത്തിയിലാണങ്കിലോ ?അതേ മരണം എനിക്ക് കാണാം.ഒരു ചുമരിനപ്പുറം.

രാവിലെ അയാൾ ഓഫീസിൽ പോയി കഴിഞ്ഞാൽ അവിടെ ശാന്തമാണ്.തലേന്ന് വലിച്ചെറിഞ്ഞ കസേരകളും ,പാത്രങ്ങളും അടുക്കി വെക്കലിന്റെ ചില അപസ്വരങ്ങൾ മാത്രം. വൈകുന്നേരങ്ങളിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടേയും രൂക്ഷഗന്ധം ഞാൻ പുറമേ നിന്ന് വന്ന് കയറുമ്പോൾ അനുഭവപ്പെടാറുണ്ട്. പൂജയാകാം ,പ്രാർത്ഥനയാകാം. ആരോട് ?ആര് കേൾക്കാൻ ?

മൂന്ന് മാസത്തിനുള്ളിൽ ഒരു തവണയാണ് ഗോവണികൾ ഇറങ്ങിയപ്പോൾ ആ മുഖം ഞാൻ കണ്ടത്.സുന്ദരി എന്നു തന്നെയാണ് തോന്നിയത്.നന്നേ ചെറുപ്പം. ഒന്ന് മുഖത്ത് നോക്കാൻ പോലും മെനക്കെടാതെ അവർ എന്നെ കടന്നു പോയി.

ചില രാത്രികളിൽ അയാളുടെ ശബ്ദം നിലച്ചാലും കേൾക്കുന്ന തേങ്ങലുകൾ …. ഒരു പൊട്ടിക്കരച്ചിലിന്റെ അന്ത്യത്തോടെ ആ ശബ്ദം പതിയെ ഇല്ലാതാകാറുണ്ട്.

ഒരു വിളിപ്പാടകലെ അങ്കമാലി പോലീസ് സ്റ്റേഷൻ ,അല്ലെങ്കിൽ ഫോണിലെ മൂന്നക്ക നമ്പറിന്റെ മറുതലയ്ക്കൽ അവൾക്കൊര് നീതിയുമുണ്ട്…. എന്നിട്ടും അയാളുടെ ഉള്ളം കൈയ്യിലെ പന്താട്ടത്തിനായി സ്വയം എരിഞ്ഞടങ്ങുന്നവൾ.ബോധമില്ലാത്തവൾ.. അനുഭവിക്കട്ടെ. അങ്ങിനെ കരുതി ഉറങ്ങാൻ ശ്രമിച്ച ചില രാത്രികൾ.

ഇന്ന്, ഒരു ചുമരുകളേക്കാൾ അടുത്താണ് സൈബർ ലോകമെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസം. ഒരു ചുമരിനപ്പുറം നടന്നത് ഞാൻ അറിയുന്നതിന് മുമ്പേ ദുബായിലുള്ള കൂട്ടുകാരൻ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നു.

‘ഭർത്താവിനെ പറ്റിച്ച് തമിഴനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ ‘….അതേ ഗോവണികൾ ഇറങ്ങിയപ്പോൾ ഞാൻ കണ്ടതിലും തെളിഞ്ഞ മുഖം ആണ് ഫോട്ടോയിൽ.

വീട്ടമ്മയെ തെറി വിളിക്കുന്ന കുറേയേറെ കമന്റുകൾ ,സദാചാരത്തിന്റെ വിറങ്ങലിച്ച മുഖങ്ങൾ…വാക്കുകൾ കൊണ്ട് വലിച്ചു കീറുന്ന സംവാദങ്ങൾ…എല്ലാത്തിനുമൊടുവിൽ….. ഞാനുമൊര് കമന്റിട്ടു.

‘അവളോടൊപ്പം ‘

ഇനി തെറി വിളികൾക്കായി കമന്റ് ബോക്സിൽ കാത്തിരിക്കുന്നു.

രചന : മനു

LEAVE A REPLY

Please enter your comment!
Please enter your name here