Home Latest “ശശിയേട്ടാ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ തള്ളയ്ക്ക് എന്ത് വാങ്ങി കൊടുത്താലും കുറ്റമേ പറയൂ എന്ന്...

“ശശിയേട്ടാ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ തള്ളയ്ക്ക് എന്ത് വാങ്ങി കൊടുത്താലും കുറ്റമേ പറയൂ എന്ന് , ഇപ്പൊ എങ്ങനെ ഉണ്ട് ?”

0

അമ്മായി ❤ അമ്മ

“ശശിയേട്ടാ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ തള്ളയ്ക്ക് എന്ത് വാങ്ങി കൊടുത്താലും കുറ്റമേ പറയൂ എന്ന് , ഇപ്പൊ എങ്ങനെ ഉണ്ട് ?”

“അല്ലെടി , പൂവിട്ടു പൂജിക്കാം ; നിനക്കവനെ കൊണ്ടു വില കൂടിയ ചുരിദാറു വാങ്ങിച്ചിട്ടു എനിക്ക് നൂറു രൂപായുടെ പഴംതുണി കൊണ്ടു വന്നിരിക്കുന്നു , കൊണ്ടു പോയി നിന്റെ തടിച്ചി തള്ളക്കു കൊടുക്ക് ”

“ദേ , എന്റെ അമ്മയെ പറഞ്ഞാലുണ്ടല്ലോ …”
അവളും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു .

“വാടി , ഇനി സ്റ്റണ്ട് കാണാം ” , എന്റെ മൂത്ത സന്താനം അവന്റെ അനിയത്തിയെ ഭാവിയിലേക്കുള്ള പാഠങ്ങൾ പ്രാക്ടിക്കലായി കാട്ടി കൊടുക്കുവാനായി ടീവിയിൽ കണ്ടു കൊണ്ടിരുന്ന ടോം & ജെറി കാർട്ടൂൺ ഓഫാക്കി ഓടി വന്നു [ അല്ലെങ്കിലും ഇതിനു മുന്നിൽ ടോം & ജെറി ഒക്കെ എന്ത് !!! ]

അമ്മ പതിവ് കരച്ചിലിലേക്കു കടന്നു .” അല്ലെങ്കിലും കുറച്ചു നാളായി എന്നോട് കാട്ടുന്ന പോര് വേറെ ഏതു അമ്മായി അമ്മയാണെങ്കിലും സഹിക്കില്ല , ഇന്നലെ കോഴിയെ പൊരിച്ചിട്ടു ഒരു കോഴി കാല് എനിക്ക് തന്നോ ? അതോർത്തിട്ടു എന്റെ ചങ്കു പൊടിയുവാ “.

“അയ്യടാ , തള്ളക്കു കോഴി കാല് കിട്ടാഞ്ഞിട്ടാ , ആകെ രണ്ടു കാലുള്ളത് നിങ്ങടെ പേരക്കിടാങ്ങൾ തന്നെ തിന്നു , ഇനി നിങ്ങള്ക്ക് അത്ര മോഹമാണെങ്കിൽ മകനോട് പറ നാല് കാലുള്ള ഒരു കോഴിയെ വാങ്ങി കൊണ്ടു വരാൻ “.

“ഫ ചൂലേ , നീയെന്നെ കളിയാക്കുന്നോ ? നിന്നെ പോലെ ഗതിയില്ലാത്ത ഒരുത്തിയെ എന്ന് ഇങ്ങോട്ട് കൊണ്ടു വന്നോ , അന്ന് ഈ കുടുംബത്തിന്റെ സമാധാനം പോയതാ ”
വഴക്കു നല്ല രീതിയിൽ മുന്നേറുന്നുണ്ട് , എന്റെ നല്ല മക്കൾ എന്തായാലും ഇത് മൂർച്ഛിക്കുവാനായി മുഷ്ടികൾ കൂട്ടി തിരുമുന്നുണ്ട് .

“പിന്നെ നിങ്ങളുടെ മകളേ പോലെ കയ്യും കണ്ണും കാണിച്ചു ഓടി പോന്നതല്ല , ചോദിച്ചതിലും കൂടുതൽ തന്ന് നല്ല അന്തസ്സായിട്ടു തന്നാ വന്നത് “.
” അന്തസ്സില്ലാത്ത കുടുംബത്തിൽ നിന്നും വന്ന നീ ആണോടി അന്തസ്സിനെ കുറിച്ച് പറയുന്നേ ? ”

ഇടപെടേണ്ട എന്ന് കരുതിയതാണ് ,എങ്കിലും ഇടപെട്ടില്ലെങ്കിൽ പ്രശനം വഷളാകും , ഞാൻ രണ്ടും കൽപ്പിച്ചു യുദ്ധ ഭൂമിയിലേക്ക് കേണൽ മഹാ ദേവനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു ചാടി വീണു….”അമ്മേ മതി , ഇനി നിർത്തു ..അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി , മനുഷ്യനെ എന്തിനാ ഇങ്ങനെ നാണം കെടുത്തുന്നെ , വീട്ടിലോട്ടു വന്നാൽ രണ്ടും കൂടെ സ്വസ്ഥത എന്ന സാധനം തരില്ല ,ഇങ്ങനെ ശല്യം ചെയ്‌താൽ ഞാൻ വീട് വിട്ടു എങ്ങോട്ടെങ്കിലും ഇറങ്ങി പോകും” ….[ ഭീഷിണി !! അല്ല പിന്നെ ]

അതേടാ , ഞാനിപ്പോ നിങ്ങൾക്ക് ശല്യമാ , തന്ത മരിച്ച ശേഷം നിന്നെയെല്ലാം കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കിയപ്പോൾ ഞാൻ ശല്യമായല്ലേ ?” [അമ്മ കരഞ്ഞു കൊണ്ടു സ്ഥിരം മാസ്റ്റർ പീസ് ഡയലോഗിൽ കയറി പിടിച്ചു ]

“ഓ , തള്ള പൂങ്കണ്ണീർ തുടങ്ങി ” അവളും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു .വിവാഹത്തിന് ശേഷം സ്ഥിരമായി കാണുന്ന ആ സാധനം ഞാൻ വീണ്ടും കണ്ടു ….ക്ഷമയുടെ നെല്ലി പലക ….. ഇനി ക്ഷമിക്കാൻ പറ്റില്ല .കലി തീർക്കുവാനായി കൈ വലിച്ചു അവളുടെ കരണത്തിട്ടു ഒരെണ്ണം കൊടുത്തു … … ട്ടേ ……… ട്ടേ
[ഒരണ്ണമല്ലേ കൊടുത്തത് ,പിന്നെന്താ രണ്ടു “ട്ടേ” ]

അത് വേറെ ഒന്നുമല്ല , ഞാൻ അവൾക്കിട്ടു ഒന്ന് കൊടുത്തതിനു മറുപടിയായി അമ്മ എനിക്കിട്ട് ഒന്ന് തന്നതായിരുന്നു , ഡയലോഗും ഉണ്ട് ……
“ആഹാ ! പെണ്ണുങ്ങളെ തല്ലിയിട്ടാണോ നീ നിന്റെ ആണത്തം തെളിയിക്കുന്നെ ,നാണമില്ലാത്തവനെ , നിന്റെ അച്ഛന്റെ കൂടെ ജീവിക്കുമ്പോൾ എന്നെ അങ്ങേരു ഒന്ന് നുള്ളി നോവിച്ചിട്ടു കൂടിയില്ല ,ഞങ്ങൾ അമ്മേം മോളും വഴക്കിട്ടെന്നും പിണങ്ങീന്നും ഒക്കെ ഇരിക്കും ,അവനൊരു അടിക്കാരൻ വന്നിരിക്കുന്നു , വാടി മോളേ നമുക്ക് പിറകു വശത്തു പോയിരുന്നു പേൻ ചീകാം “…..

പോകുന്ന പോക്കിൽ എന്റെ ചങ്കു തകർക്കുന്ന ഒരു ഡയലോഗ് അവള് കാച്ചി , “ശൃങ്ഗാരിച്ചു കൊണ്ടു രാത്രി ആകുമ്പോൾ വാ …ഞാൻ കാണിച്ചു തരാം ”

വേറെ ആരെയും പറയേണ്ട ,എനിക്ക് ഈ പേരിട്ട എന്റെ തന്തയെ പറഞ്ഞാൽ മതിയല്ലോ …ആരെങ്കിലും മക്കൾക്ക് ശശി എന്ന് പേര് ഇടുമോ ? ????

ശശി പിന്നേം ശശി ആയി 👀

( ഒരൽപ്പം പഴയ സൃഷ്ടിയാണ് ☺ )

Omesh Thyparambil

LEAVE A REPLY

Please enter your comment!
Please enter your name here