Home Latest അച്ഛന്റെ കൈവിരലുകൾ തീർത്ത ചുവന്ന പാടുകൾ മുഖത്തപ്പോഴും അവശേഷിച്ചു.

അച്ഛന്റെ കൈവിരലുകൾ തീർത്ത ചുവന്ന പാടുകൾ മുഖത്തപ്പോഴും അവശേഷിച്ചു.

0

സ്മൈലികൾ കഥ പറയുമ്പോൾ

കണ്ണീരിൽ കുളിച്ച തലയണയിൽ നിന്നും അലീന പതിയെ മുഖമുയർത്തി. ബാത്‌റൂമിൽ പോയി മുഖമൊക്കെ കഴുകി ഒന്നു ഫ്രഷ് ആയി വന്നു കണ്ണാടിയിൽ നോക്കി. അച്ഛന്റെ കൈവിരലുകൾ തീർത്ത ചുവന്ന പാടുകൾ മുഖത്തപ്പോഴും അവശേഷിച്ചു. എനിക്കാരുമില്ല കണ്ണാടിയിൽ നോക്കി പൊട്ടി പൊട്ടി കരയുംബോൾ അവളുടെ മനസ് മന്ത്രിച്ചുകൊണ്ടേയിരുന്നു.

പ്ലസ് വൺ എക്സാമിൽ രണ്ടു വിഷയങ്ങൾക്ക് തോറ്റു പോയിരിക്കുന്നു പഠിക്കാൻ കൊള്ളാത്തവൾ. അച്ഛൻ പറഞ്ഞപോലെ ഒരു ഉപകാരവുമില്ലാത്ത ജന്മം. കുടുംബത്തിനു മാനക്കേട് അമ്മയുടെ വകയുമുണ്ടായിരുന്നു അസത്ത്‌ ഒന്നിനും കൊള്ളാത്തവൾ. ഓർമ വെച്ച നാളുകൾ മുതൽ കേൾക്കുന്ന വാക്കുകൾ അവളുടെ കഴുത്തിൽ വലിഞ്ഞു മുറുകി.

അലീന പതിയെ കിടക്കയിലേക്ക് ചാഞ്ഞു. മുബൈൽ ഡിസ്പ്ലേ തെളിയിച്ചു. പത്തു മണി മുബൈൽ ടാറ്റയിലേക്കും അവിടുന്നു നേരെ ഫേസ് ബുക്കിലേക്കും അവളുടെ വിരലുകൾ പാഞ്ഞു. ക്രിയേറ്റ് എ ന്യൂ അക്കൗണ്ട്. അവളും തുടങ്ങി ഒരു പുതിയ ഫേക്ക് അക്കൗണ്ട്. റോസ്മേരി എന്നു പേരും കൊടുത്തു. നടുകെ വിഛേദിച്ച് അതിൽ നിന്നും രക്തതുള്ളികൾ പൊഴിയുന്നൊരു പ്രണയത്തിന്റെ സിംബൽ പ്രൊഫൈലും വെച്ചു.

ഉടനെ വന്നു ഒരുപാട് ഫ്രണ്ട് റിക്വസ്റ്റ്. ആരെന്നൊ എന്തെന്നൊ നോക്കാതെ അക്‌സെപ്റ്റ് എന്നതിനു നേരെ വിരലുകൾ ചലിച്ചു കൊണ്ടേയിരുന്നു. ബ്ലും ബ്ലും തുടരെ തുടരെ മെസ്സേജുകളുടെ പ്രവാഹം. ഹായ് ഹെല്ലോ ജാഡയാണോ വീണ്ടും വീണ്ടും മെസ്സേജുകൾ കൊണ്ടാ ഇൻബോക്സ് നിറഞ്ഞു. കണ്ണുരുട്ടിയും കണ്ണിൽ പ്രണയം വിരിയിചും ചിരിച്ചും കരഞ്ഞും ആശ്ചര്യ പെട്ടും കൂടെയുണ്ട് ഒരുപാട് സ്മൈലികൾ. ഹായ് എന്നു കഴിഞ്ഞാൽ അടുത്തതായി ഐ ലവ് യൂന്നയക്കുന്നവരാണതികവും. പുച്ഛ ഭാവത്തിൽ അവയെല്ലാം തള്ളി നീക്കുംബോൾ വീണ്ടും വന്നു.

“ലവ് യൂ റോസ്മേരി ”

പ്രൊഫൈൽ പിക്കിൽ വളരെ സുന്ദരൻ നേരെ വ്യൂ പ്രൊഫൈലേക്ക് വിരലുകൾ പാഞ്ഞു.രാഹുൽ കൃഷ്ണ. അതെ ഫേക്ക് അക്കൗണ്ട് അല്ല എല്ലാം ഒരേ പിക് തന്നെ. കൂടെ ഒരുപാട് വീഡിയോകളുമുണ്ട്. സ്മൂളിൽ പാട്ട് പാടിയതിന്റെ. മനോഹരമായ ശബ്ദം. ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ വിധത്തിലുള്ള സ്വര മാധുര്യം. മനസ്സിൽ വലിഞ്ഞു മുറുകിയ വിഷമം ആരോടൊക്കയോ ഉള്ള പ്രതികാരത്തിന്റെ രൂപത്തിൽ അവളും ടൈപ്പ് ചെയ്തു.

“ലവ് യു റ്റൂ…. ”

😳😳 ഉടനെ വന്നു രണ്ടു കണ്ണ് തുറിക്കുന്ന സ്മൈലികൾ.

” ആർ യു ഫേക്ക് ?”

“നോ ”

” ദെൻ പ്ലീസ് സെന്റ് യുവർ വോയിസ്‌ ”

തുടരെ തുടരെ വന്ന മറ്റു മെസ്സേജുകൾ ഒന്നും അവളുടെ ശ്രദ്ധയെ ആകർഷിച്ചില്ല. ഉടനെ വന്നു മെസ്സഞ്ചറിൽ രാഹുലിന്റെ ഫോൺ കാൾ.ആദ്യ തവണ ഒന്നെടുക്കാൻ മടിചെങ്കിലും രണ്ടാമത്തെ അടിയിൽ അവൾ ഫോണെടുത്തു.

“ഹലോ ” സ്ത്രീ ശബ്ദം കേട്ട് അപ്പുറത്തെ രാഹുലിന്റെ സന്തോഷം അവൾക്കിവിടെ ഫീൽ ചെയ്തു

“റോസ്….ശരിക്കും എന്നെ ഇഷ്ട്ടായോ😎 ”

“പാട്ടുകളൊക്കെ മനോഹരമായിരിക്കുന്നു😍….”

“അപ്പൊ പാടിയ ആളോ😎….?”

അവരുടെ സംസാരമങ്ങനെ നീണ്ടു പോയി. രണ്ടപരിചിതർ തമ്മിൽ തുടങ്ങിയ ഫോൺ കാൾ അവസാനിപ്പിക്കുംബോഴേക്കും അവർ ഏറ അടുത്തവരായി മാറിയിരുന്നു.

“മോളേ….. 😍

“എന്തോ ? ”

“ടീ കാ‍ന്താരീ അയക്ക് 😐

“രാഹുൽ…. അത് പിന്നെ😞… ഫോട്ടോ ഒക്കെ എനിക്ക് പേടിയാ….”

“ടീ ഞാൻ പിടിച്ചു തിന്നോന്നുമില്ല 😡

“ടാ ”

“ഉം ”

“വേണോ ”

“വിശ്വാസം ഉണ്ടെങ്കിൽ താ ”

നേരെ ഗാലറിയിൽ പോയവൾ പരതി. ചരിഞ്ഞും മറിഞ്ഞും ചിരിച്ചും തുടങ്ങി ഒരുപാടുണ്ട് ഫോട്ടോകൾ. ഉള്ളതിൽ വെച്ച് ഏറ്റവും ഭംഗിയുള്ളതുതന്നെ തിരഞ്ഞെടുത്തു. മനസ്സെത്ര വേണ്ടാന്നു പറഞ്ഞിട്ടും അവൾ അയക്കുക തന്നെ ചെയ്തു. ഉടനെ വന്നു കണ്ണിൽ പ്രണയം വിരിയിച്ച രണ്ട് സ്മൈലികൾ😍. ഫോൺ സ്ക്രീനിൽ മുകളിലോട്ടായ് ലവ് സിംപലുകൾ പാഞ്ഞുകൊണ്ടിരുന്നു.

“ന്റെ കാന്താരി സുന്ദരിയാണല്ലോ😍😍😘

” രാഹുൽ എനിക്ക് പേടിയാവുന്നു😥

“ഇതെന്തൊരു പേടിയാ റോസ്😊….. ഇനിയും പേടീന്നു പറഞ്ഞാൽ ഞാനുണ്ടല്ലോ ”

” പറഞ്ഞാൽ എന്തെയ്യും”

” പറഞ്ഞാൽ…….”

” പറഞ്ഞാൽ….?”

” അപ്പൊ ഞാൻ കെട്ടി പിടിച്ചൊരുമ്മയങ്ങു തരും ”

“………..”

“റോസ് എന്താ ഒന്നും മിണ്ടാത്തെ”

“ഏയ് ഒന്നുല്ല ”

” ഉം ഞാൻ വിളിക്കാം. നീ ഫോണെടുക്ക് ”

മുഖപുസ്തകത്തിൽ നിന്നും വാട്സപ്പിലേക്കെത്താൻ ആ ബന്ധത്തിന് വലിയ പ്രയാസമുണ്ടായിരുന്നില്ല. ഓഡിയോ കോളുകൾ വീഡിയോ കോളുകളിലേക്കും.മനസ്സ് വേണ്ടെന്ന് പറഞ്ഞിടത്തൊന്നും ഒരിക്കൽ പോലുമവൾക്ക് നിയന്ത്രണം പാലിക്കാനായില്ല. രക്ഷിതാക്കളുടെ വാക്കുകളവളിൽ കുരുക്കിട്ടു മുറുക്കുമ്പോൾ അവയെല്ലാം അലിയിച്ചുകളയുകയായിരുന്നവന്റെ തേനൂറും വാക്കുകൾ.വിഷാദം കൊണ്ടമർന്ന അവളുടെ മുഖമിപ്പോൾ ചിരിച്ചു തുടങ്ങി.കണ്ണിൽ എപ്പോഴും വിരിയുന്ന വല്ലാത്തൊരു തിളക്കം. എപ്പോഴും ചുണ്ടുകളിൽ ഊറിയെത്തും മൂളിപ്പാട്ടുകൾ. സംഗീതത്തെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. രാഹുലിന്റെ പാട്ടുകളെപ്പൊഴും അവളെ വലയം ചെയ്തു കൊണ്ടേയിരുന്നു.

“മോളൂസെ എനിക്ക് നിന്നെയൊന്ന് കാണണം😍

“നീയെന്നെ കണ്ടു കഴിഞ്ഞില്ലെ രാഹുൽ😌 ”

“അതല്ല നേരിട്ട് കാണണം. നാളെ ശനി.നിനക്ക് ക്ലാസ്സ് ഇല്ലല്ലോ.സ്പെഷൽ ക്ലാസ്സുണ്ടെന്നും പറഞ്ഞിറങ്ങണം നീ”

“അയ്യോ അതൊന്നും ശരിയാവില്ല😥 ”

“എന്താ ശരിയാവാതെ…… ഞാനില്ലെ കൂടെ …. എന്തിനും….. റോസ് ”

” ഉം ”

” വരില്ലെ നീ”

“അത് പിന്നെ…..”

“ഒരു പിന്നെയുമില്ല…. വന്നേ പറ്റു. അപ്പൊ നാളെ കാണാം ”

പിന്നീടങ്ങോട്ട് കണ്ടുമുട്ടലുകളും യാത്രകളും തുടർന്നു കൊണ്ടേ യിരുന്നു.

” രാഹുൽ ”

” ഉം പറ… നീ നോക്കിയോ…?”

” ആഹ് നോക്കി…. റിസൽറ്റ് പോസ്റ്റീവ് ആണ് …. ഐ ആം പ്രെഗ്നന്റ് രാഹുൽ😪….. ”

“ഏയ് നീ പേടിക്കാതെ… ഞാനില്ലെ കൂടെ ”

“എനിയെന്തു ചെയ്യും…. പപ്പ അറിഞ്ഞാലെന്നെ കൊല്ലും ”

“ഏയ് വിഷമിക്കാതിരിക്ക് എനിക്കെന്തോ തലവേദന പോലെ ഞാൻ പിന്നെ വിളിക്കാം”

കാലിനടിയിലെ മണ്ണൊലിച്ച് താനേതോ പാതാളത്തിലേക്കാഴ്ന്നിറങ്ങുന്നതു പോലെ.റോസ് യാന്ത്രികമായ് ബെഡ്ഡിലേക്കിരുന്നു. വീണ്ടുമവൾ രാഹുലിന്റെ നമ്പർ ഡയൽ ചെയ്തു.ദി നമ്പർ യു ഹാസ് കാൾഡ് ഈസ് കറന്റ്ലി സൂച്ചട് ഓഫ്. രണ്ട് ദിവസം തുടരെ തുടരെ നമ്പർ ഡയൽ ചെയ്യുമ്പോഴും അവൾ അത് തന്നെ കേട്ടു .എഫ്ബി യിലും വാട്സപ്പിലും മെസ്സേജ് അയക്കാൻ പറ്റുന്നില്ല. ബ്ലോക്ഡ് ആണ്.
അവൾ അമ്മയുടെ അക്കൗണ്ടിൽ നിന്നും സെർച്ച് ചെയ്തു നോക്കി. രാഹുൽ കൃഷ്ണ അക്കൗണ്ട് ഉണ്ട്.പുതിയ ഫോട്ടോ അപ് ലോട് ചെയ്തിട്ടുമുണ്ട്.ചങ്കാണ് ചങ്ങായി കൂടെ കറുത്ത കണ്ണട വെച്ച മൂന്ന് മഞ്ഞ സ്മൈലികൾ അടങ്ങുന്ന ക്യാപ്ഷനുമുണ്ട്. ഫീലിങ് എൻജോയ്ഡ് എന്നും.കിടുവേ പൊളി സൂപ്പർ തുടങ്ങി കമന്റുകളുടെ ഒരു നിര തന്നെ ഉണ്ട്.പ്രണയത്തിന്റെ സിംപലുകൾ പൊക്കി പിടിച്ച ഒരു പാട് സ്മൈലികളും.

ഞാനില്ലെ കൂടെ ആ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ ചെവികളിൽ പ്രതിഫലിച്ചുകൊണ്ടേയിരുന്നു. അവൾ വെറുതെ കണ്ണാടിയിലേക്കു നോക്കി. കൺപോളകൾ വെള്ളത്തിലിട്ട നിലക്കടല പോലെ തടിച്ചു വീർത്തിരിക്കുന്നു. റൂമിനു നടുവിൽ ഹുക്കിൽ മമ്മിയുടെ സാരി വലിച്ചുകെട്ടുമ്പോയും എനിക്കാരുമില്ല അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു. പൊട്ടി പൊട്ടി ച്ചിരിക്കുന്ന സ്മൈലികൾ അവളുടെ മനസ്സിലേക്കോടി വന്നു.പിന്നെ അവ വിഷാദചുവയിലേക്ക് വഴിമാറി.

എന്തിനാ പപ്പയും മമ്മിയും ഇങ്ങനെ ആർത്താർത്ത് കരയുന്നത്. അവർ മാത്രമല്ല വരുന്നവരൊക്കെ കണ്ണിൽ ഈറനണിയിച്ച് വിതുമ്പുന്നുണ്ട്. നിങ്ങൾ എല്ലാവർക്കും ഈ അലീനയോടിത്രേം സ്നേഹമുണ്ടായിരുന്നോ. പപ്പയും മമ്മിയു എന്തിനാ എന്നെ ഇങ്ങനെ മുത്തം വെച്ച് വിതുമ്പുന്നെ. അന്നെനിക്ക് നിങ്ങളാരും ഒരു മുത്തം പോലും തന്നില്ല. എനിക്കുമുണ്ടായിരുന്നു മമ്മീ ആ മടിയിൽ ഒന്നുറങ്ങാനും നെറുകയിൽ ഒരു തലോടലേൽക്കാനും മോഹം. മമ്മിയൂട്ടുന്ന ഉരുളകളെ ഞാനും സ്വപ്നം കണ്ടിരുന്നു. പക്ഷെ…. കൺ തുറന്നിരിക്കെ എനിക്കൊരൽപ്പം സ്നേഹം തന്നിരുന്നെങ്കിൽ ഞാൻ പോവ്വായിരുന്നോ എന്നെനിക്ക് ചോദിക്കണമെന്നുണ്ട് പക്ഷെ ഞാൻ ഉറങ്ങുകയല്ലെ ഇനിയൊരിക്കലും ഉണരാത്തൊരുറക്കിൽ…..

ഷെഫി..

LEAVE A REPLY

Please enter your comment!
Please enter your name here