Home Latest “പോകാൻ പറയെടാ നാട്ടുകാരോട്… മറ്റൊരു വിഷയം കിട്ടുമ്പോൾ അവർ ഇതൊക്കെ മറക്കും”

“പോകാൻ പറയെടാ നാട്ടുകാരോട്… മറ്റൊരു വിഷയം കിട്ടുമ്പോൾ അവർ ഇതൊക്കെ മറക്കും”

0

ആദ്യരാത്രി

“ആദ്യരാത്രിയുടെ ആവേശത്തിൽ പുളകിതചിന്തനായി ടെൻഷനടിച്ച് ഇരിക്കുമ്പോഴാണു അവളുടെ വരവ്.

ഞാൻ താലി കെട്ടിയവളുടെ.

വന്ന പാടേയവൾ വാതിൽ പതിയെ ചാരി ജാലക വാതിലിൽ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്ന എന്റെ സമീപമെത്തി.

വിറയാർന്ന ശബ്ദത്തിൽ പതിയെ അവൾ പറഞ്ഞു.

” സർ..എനിക്കൊരു കൂട്ടം പറയാനുണ്ട്”

“ങേ..താലികെട്ടിയ ഞാൻ സാർ”

ആദ്യരാത്രിയുടെ ആവേശമെന്നിൽ തണുത്തുറഞ്ഞു തുടങ്ങി.

ആകെ വിളറി പിടിച്ചു മുറിയുലൂടെ പരക്കം പാഞ്ഞു നടന്നു.കാലുകൾ കഴച്ചപ്പോൾ ബെഡ്ഡിൽ വന്നിരുന്നു. അവൾ പതിയെ എന്റെ മുമ്പിൽ വന്നു താഴേക്കു കുനിഞ്ഞു പാദങ്ങളിൽ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു.

വിറഞ്ഞു കയറിയ ഞാൻ കാലുകൾ പിൻ വലിച്ചു.

“സർ പ്ലീസ്..എനിക്കു പറയാനുള്ളതൊന്ന് കേൾക്കാൻ മനസ്സുണ്ടാവണം”

എന്തെങ്കിലും ആകട്ടെ ..അവൾക്കു പറയാനുള്ളത് കേട്ടിട്ട് തീരുമാനം എടുക്കാമെന്ന് ഞാൻ കരുതി.

“ശരി പറയാനുള്ളത് പറയ്”

ഞാൻ സന്മനസ്സുള്ളവനായി

“സർ എന്നെ പെണ്ണുകാണാൻ വരുന്നൂന്ന് അറിഞ്ഞപ്പഴെ വീട്ടുകാരുമായി ഉടക്കി.ഞാനും മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.അവനെന്നെ കെട്ടിച്ചു കൊടുക്കാൻ വീട്ടുകാർ താല്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോൾ നഖശിഖാന്തം ഞാനെതിർത്തു.

കുടുംബത്തിനു നാണക്കേട് ഉണ്ടായാൽ മരിക്കുമെന്ന് ആത്മഹത്യാ ഭീക്ഷണി മുഴക്കിയ വീട്ടുകാർക്കു മുമ്പിൽ ഞാൻ തോറ്റു.സാറിനോടു പറഞ്ഞാലും പ്രശനമാകുമെന്ന അച്ഛന്റെ കർശനമായ മുന്നറിയിപ്പിനു മുമ്പിൽ ഞാൻ വീണ്ടും കുഴങ്ങി.ഒടുവിൽ ആദ്യരാത്രിയിൽ എല്ലാം തുറന്നു പറയാമെന്നു കരുതി”

അവളുടെ പറച്ചിൽ കേട്ടെനിക്കാദ്യം കരച്ചിലും ചിരിയും മാറി മാറി വന്നു.

ഉറക്കെയൊന്നു പൊട്ടിച്ചിരിക്കാമെന്നു കരുതിയാൽ വീട്ടുകാർ എനിക്ക് പ്രാന്താണെന്നു കരുതി ചങ്ങലക്കിട്ടെങ്കിലോന്നു ഭയന്ന് ചിരി കടിച്ചമർത്തി.

എന്റെ ഭവമാറ്റം കണ്ടുവിരണ്ട പെണ്ണു കൂടുതൽ ഭയന്നു.അവൾ നിലവിളിക്കുമെന്ന് ഉറപ്പായപ്പോൾ അവളുടെ വാ പൊത്തിപിടിക്കേണ്ടി വന്നു.

“ഇനി നീ ചെന്നാൽ അവൻ സ്വീകരിക്കുമോ”

“സ്വീകരിക്കുമെന്ന് അവൾ നൂറു ശതമാനം ഉറപ്പു നൽകിയതോടെ രാത്രിയിൽ തന്നെ എല്ലാവരും ഉറക്കമായപ്പോൾ ഞാൻ അവളെയും കൂട്ടി വീട് വിട്ടു.

കഴുത്തിൽ ഒരുമാലയും കയ്യിൽ രണ്ടുവളകളും ഒരുജോഡി കമ്മലും ഒഴിച്ചു ബാക്കിയുള്ളതെല്ലാം അഴിച്ചു വാങ്ങിച്ചു.അത് അവൾക്ക് അവകാശവുമില്ല..എനിക്കു നേരിടുന്ന നാണക്കേടിനു കൂലിയുമായി ഇരിക്കട്ടെയെന്നു ഞാൻ കരുതി.

കാമുകനെ കണ്ടെത്തി അവളെ ഏൽപ്പിച്ചു മടങ്ങുമ്പോൾ കാശു ചെലവില്ലാത്ത കാര്യമായതിനാൽ ഫ്രീ ആയിട്ടൊരു ഉപദേശവും നൽകി.

” എന്തായാലും ഞാൻ ഇവളോട് ക്ഷമിച്ചിരിക്കുന്നു.കാരണം മറ്റൊന്നുമല്ല.തലേന്ന് അവൾ ഓടിപ്പോകാമായിരുന്നു.താലികെട്ട് കഴിഞ്ഞു കാമുകനെ കാണുമ്പം ഓടിപ്പോകുന്നതല്ലെ ഫാഷൻ.അതും അവൾ ചെയ്തില്ല.കുറച്ചു നാൾ ഒന്നിച്ചു ജീവിച്ചിട്ട് മുങ്ങുന്നത് അതിലും നാണക്കേട്.ആദ്യരാത്രിയിൽ തന്നെ എല്ലാമവൾ തുറന്നു പറഞ്ഞു. അതിനാൽ മാപ്പു നൽകി.ഇനിയെങ്കിലും പ്രേമിച്ചവളെ ആണിന്റെ ഉശിരു കാട്ടി കൂടെ പൊറുപ്പിക്ക്.ഓൾ ദ ബെസ്റ്റ്”

ആശംസകൾ നേർന്നു തിരിച്ച് ഞാൻ തിരിച്ച് വീട്ടിലേക്ക് യാത്രയായി.

രാവിലെ കതകിൽ തട്ടലും വിളിയൊച്ചയും കേട്ടാണു കണ്ണു തുറന്നത്.ക്ലോക്കിൽ സമയം ഒമ്പതുമണി കഴിഞ്ഞിരിക്കുന്നു.രാത്രി വീട്ടിലെത്തുമ്പോൾ വെളുപ്പിനെ നാലര കഴിഞ്ഞിരുന്നു.

വാതിൽ തുറന്നപ്പോൾ അമ്മ തൊട്ടു മുമ്പിൽ ചായയുമായി.

“അവളെന്തിയെ.ഇത്രയും നേരമാണോ പെണ്ണു കിടന്ന് ഉറങ്ങുന്നത്.നീ മാറിക്കേ ഞാനൊന്ന് നോക്കട്ടെ”

അമ്മ ഒരു തരത്തിൽ സമ്മതിക്കില്ലെന്ന് മനസിലായപ്പോൾ ഞാൻ വാതിക്കൽ നിന്നുമാറി.പെട്ടെന്ന് അമ്മ ഞെട്ടിയത് കണ്ട് എന്റെ ഉള്ളൊന്ന് കാളി.സത്യമായിട്ടും അമ്മയെ ഇപ്പോഴും നല്ല ഭയമാണു.പോത്തു പോലെ ഞാൻ വളർന്നെങ്കിലും അമ്മക്കതൊരു പ്രശ്നമല്ല.

“സത്യം പറയെടാ ഏതാ ഇവൾ.നീ താലി കെട്ടിയ പെണ്ണെവിടെ”

അമ്മയുടെ ശബ്ദമുയർന്നു.പേടിച്ചു നിന്നയവളെ അമ്മയുടെ മുമ്പിലേക്ക് മാറ്റി നിർത്തി ഞാൻ പറഞ്ഞു.

“ഇത് സാരിക..ഞാൻ താലികെട്ടിയ സിനിതയുടെ അനുജത്തി.എന്റെ കൂടെയിവൾ കോളേജിൽ ജ്യൂനിയർ ആയി പഠിച്ചിരുന്നു”

രാത്രിയിൽ നടന്ന സംഭവങ്ങൾ വളളിപുളളി വിടാതെ ഞാൻ അമ്മയോട് പറഞ്ഞു.

“അവളെ വിട്ടിട്ട് വരുമ്പോൾ ഞാൻ രാത്രി തന്നെ ഇവളെ വിളിച്ചു നാലു തെറി വിളിച്ചു. അച്ഛന്റെ ആത്മഹത്യാ ഭീഷണി ഭയന്നാണു ഇവളും ഒന്നും പറയാതിരുന്നത്.അപ്പോൾ അവളാണു ഈ സജഷൻ പറഞ്ഞത്.ചേച്ചി ചതിച്ചതിനാൽ ഈ ജന്മം മുഴുവനായും എനിക്കായിമാത്രം ഇവൾ ജീവിക്കുമെന്ന്.നമ്മൾ സ്നേഹിക്കുന്നതിനെക്കാൾ നല്ലത് നമ്മളെ സ്നേഹിക്കുന്നവരെ കൂടെ കൂട്ടുന്നതല്ലെ.കയ്യോടെ ഞാനിവളെ ഇങ്ങട് കൂട്ടി.അമ്മയോട് രാവിലെ എല്ലാം പറയാനിരുന്നതാ”

അമ്മ അവളുടെ അടുക്കൽ ചെന്ന് നനഞ്ഞൊഴുകിയ അവളുടെ മിഴികൾ തുടച്ചു.അവളെ ചേർത്തു നിർത്തി നെറ്റിയിൽ നനുത്തൊരുമ്മയും നൽകി.

“നീയാണു മോളേ ശരിക്കും പെണ്ണ്.അമ്മ വന്നു കണ്ടപ്പഴും ഇഷ്ടപ്പെട്ടതും നിന്നെയാ.അപ്പോൾ ആഗ്രഹിച്ചതാ ഇവളെ മോളായി കിട്ടിയിരുന്നെങ്കിലെന്ന്..എന്തായാലും ഈശ്വരൻ പ്രാർത്ഥന കേട്ടു”

“അമ്മേ നാട്ടുകാരുടെ മുഖത്ത് …”

ബാക്കി പൂർത്തിയാക്കാൻ അമ്മ സമ്മതിച്ചില്ല.

“പോകാൻ പറയെടാ നാട്ടുകാരോട്..ഇത് കഴിഞ്ഞു മറ്റൊരു വിഷയം കിട്ടുമ്പോൾ അവർ ഇതൊക്കെ മറക്കും”

ഞാൻ പതിയെ ചിരിച്ചതും അമ്മയുടെ അടുത്ത ഉത്തരവ് എത്തി.

“എന്താടാ ഇളിക്കുന്നത്.പോയി നനയും ജപവും നടത്തീട്ട് വന്നാൽ കഴിക്കാൻ വല്ലതും തരാം. അല്ലെങ്കിൽ ഒരു തുള്ളി പച്ചവെള്ളം തരില്ല”

അമ്മയുടെ സംസാരം അവളിൽ ചിരിയുടെ അലകൾ സൃഷ്ടിക്കുക ആയിരുന്നു അപ്പോഴേക്കും”

A story by സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here