Home Latest ഒരു വെള്ളിയാഴ്ചയാണ് അടുക്കളപ്പുറത്തു നിന്ന് ഉമ്മറത്തേക്ക് അമ്മയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയത്…

ഒരു വെള്ളിയാഴ്ചയാണ് അടുക്കളപ്പുറത്തു നിന്ന് ഉമ്മറത്തേക്ക് അമ്മയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയത്…

0

രചന : ഋഷികേശ് ഋഷി

ഒരു വെള്ളിയാഴ്ചയാണ് അടുക്കളപ്പുറത്തു നിന്ന് ഉമ്മറത്തേക്ക് അമ്മയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയത്.ഗിരി മാഷിന്റെ തല്ലിൽ നിന്ന് രക്ഷപെടാൻ ഇല്ലാത്തൊരു വയറു വേദനയും പറഞ്ഞ് അമ്മയെ പറ്റിക്കാൻ ചെന്നതാ ഞാൻ. അടുക്കളപ്പുറത്ത് കാണാഞ്ഞപ്പോ ചുമ്മാ ഒന്ന് ഉമ്മറത്തേക്ക് എത്തിനോക്കിയതാ. അമ്മ അവിടെ കിടന്ന് ഉറങ്ങുന്നു.

” ഇതെന്താപ്പോ അമ്മ ഇവിടെ കിടന്ന് ഉറങ്ങണേ” എന്ന് ചിന്തിച്ച് നിൽക്കുമ്പോഴുണ്ട് ദേ പാച്ചുവും കണ്ണനും ഉണ്ണിയും ഒക്കെ ഗേറ്റ് കടന്നു വരുന്നു. അതിശയിച്ചു പോയി. സാധാരണ മൂന്നാം ഓണത്തിന്റെ അന്നാ അവൻമാരെല്ലാം വരിക.സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി. ഓടിച്ചെന്ന് അവൻമാരെ കെട്ടിപ്പിടിച്ചു.

“പറമ്പിലേക്ക് പോവാടാ വാ ”

അവൻമാരെ കയ്യും പിടിച്ച് പറമ്പിലേക്ക് ഓടാൻ പോകുമ്പോഴാ അമ്മയോട് പറഞ്ഞില്ലല്ലോ എന്നോർത്തത്.
”ദാ വരുന്നെടാ ” എന്നു പറഞ്ഞ് ഓടി അമ്മയുടെ അടുത്ത് ചെന്നു.അമ്മ അപ്പോഴും ഉറക്കം തന്നെ. സാധാരണ ആരേലും വന്നാ അമ്മ അടുക്കളയിൽ വെപ്രാളപ്പെട്ട് പണി എടുക്കുന്നത് കാണാം. ഇന്നിപ്പോ എന്താണോ ഉറക്കം. അടുത്ത് ചെന്ന് ഒന്നു കൂടെ നോക്കി. നല്ല ഉറക്കം തന്നെ. പറയാതെ പോയാലോ എന്ന് ചിന്തിച്ചതാ. രണ്ട് ദിവസം മുമ്പ് അമ്മയോട് പറയാതെ രവി മാമന്റെ പറമ്പിലെ ചാമ്പയ്ക്ക പറിക്കാൻ പോയത് ഓർമ്മ വന്നു. മുറ്റത്തെ പാണ്ടി പേരയ്ക്കയുടെ കമ്പിന് പൊതിരെ തല്ല് കിട്ടി.

കുലുക്കി വിളിച്ച് കാര്യം പറയാമെന്ന് കരുതി
”അമ്മേ ” എന്നു വിളിക്കുമ്പോഴുണ്ട് ദേ മാമൻ വന്ന് “മോനിങ്ങ് വാ ” എന്നു പറഞ്ഞ് ചേർത്തു പിടിക്കുന്നു. മാമൻ കരയുന്നുണ്ട്. അതു കണ്ടപ്പഴാ ഞാൻ എല്ലാരേം നോക്കിയേ ശരിയാണല്ലോ മാമൻ മാത്രമല്ല മിക്കവരും കരയുന്നുണ്ട്. പട്ടാളക്കാരനായ അച്ഛൻ പോലും. അമ്മ ഉറങ്ങുന്നത് കണ്ടിട്ടാണോ?

നല്ല കഥയായി. പകൽ അമ്മ ഒന്ന് ഉറങ്ങണേന്ന് എന്തോരം ഋഷി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് ഇവർക്കറിയുമോ? കാവിലമ്മയ്ക്ക് മാല വരെ ഇട്ടിട്ടുണ്ട്. എങ്ങനാ പ്രാർത്ഥിക്കാണ്ടിരിക്കുക. അടുക്കളപ്പിറകിലെ പറമ്പിൽ രാഹുലിനും വിഷ്ണുവിനും കണ്ണനും ഗോകുലിനുമൊപ്പം ക്രിക്കറ്റ് കളിക്കുമ്പോൾ അവസാനത്തെ ഓവറിൽ സിക്സടിക്കാൻ ഞാൻ ബാറ്റ് ഉയർത്തുമ്പോഴാവും അടുക്കളപ്പുറത്തുനിന്ന് അമ്മ” ഋഷി ” എന്ന് നീട്ടി വിളിക്കുക. അതോടെ കളി തോൽക്കും. വിളിക്കുമ്പോൾ ചെന്നില്ലെങ്കിൽ പിന്നെ ശകാരം കിട്ടും. അതു കൊണ്ട് വിളി കേൾക്കുമ്പോഴേ ബാറ്റും കളഞ്ഞിട്ട് ഓടും.എത്ര തവണ അങ്ങനെ തോറ്റിട്ടുണ്ടെന്നറിയുവോ?

വരുന്നവരെയൊക്കെ നോക്കി മാമന്റെ കയ്യിൽ തൂങ്ങി നിൽക്കുമ്പോഴുണ്ട് പാച്ചുവും കണ്ണനും ആൾക്കാരുടെ ഇടയിൽ കൂടി തല ഇട്ട് നോക്കുന്നു. മാമന്റെ കൈ തട്ടിമാറ്റി ഒറ്റ ഓട്ടമായിരുന്നു അവൻ മാർക്കൊപ്പം പറമ്പിലേക്ക് .അവിടെ ചെന്നപ്പോഴോ ദേ അപ്പുറത്തെ ഗോകുലും വിഷ്ണുവും ഒക്കെ നിൽക്കുന്നു. സന്തോഷം കൊണ്ട് ഉറക്കെ കൂവിപ്പോയി.കള്ളനും പോലീസും കളിയായിരുന്നു ആദ്യം .കുറെ ഓടിയപ്പോൾ ക്ഷീണമായി. അമ്മയുടെ അടുത്ത് പോയി എന്തേലും കഴിച്ചാലോന്ന് ചിന്തിച്ചതാ.പിന്നെ തോന്നി വേണ്ടാന്ന്. വിയർത്തൊലിച്ച് ചെന്നാ പിന്നെ കളിക്കാൻ വിടില്ല.

എന്തു ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോ പാച്ചു വാ പറഞ്ഞേ പറമ്പിലെ കിളിച്ചുണ്ടൻ മാവിന്ന് മാങ്ങ പറിച്ചുതിന്നാംന്ന്.പിന്നെ അതിനുള്ള ശ്രമമായി.ഗോകുലിന്റെ വീട്ടിൽ നിന്ന് ഉപ്പും മുളകും കൊണ്ടുവരാമെന്നവൻ പറഞ്ഞു. മാവിൽ നിറച്ച് നീറുണ്ട്. മുമ്പൊരിക്കൽ മാവിൽ കയറി നീറുകടിച്ചിട്ട് കരഞ്ഞു വിളിച്ചാണ് അമ്മയുടെ അടുത്ത് ചെന്നത്. ദേഹം മുഴുവൻ കടിച്ചിട്ടുണ്ടായിരുന്നു. അന്ന് എന്റെ ദേഹത്തെ പാട് കണ്ട് എന്നെക്കാൾ കരഞ്ഞത് അമ്മയാ. പാവം അമ്മ.

”നോക്കി നിൽക്കാതെ കേറ ടാ”

പാച്ചുവും കണ്ണനും കുനിഞ്ഞു നിന്നു തന്നു. അവൻമാരുടെ മുതുകിൽ ചവിട്ടി തപ്പി പിടിച്ച് മാവിലോട്ട് കയറി. നാലഞ്ച് മാങ്ങ പറിച്ചപ്പോഴേ നീറെല്ലാം ദേഹത്തായി. കയറിയതിന്റെ ഇരട്ടി വേഗത്തിലാ താഴേക്ക് ഇറങ്ങിയത്.പാച്ചുവും വിഷ്ണുവും കണ്ണനും എല്ലാരും കൂടി എന്റെ ദേഹത്തെ നീറ് എടുത്ത് കളയുവാ. ചില നീറങ്ങനെ കടിച്ചു പിടിച്ചിരിക്കും പാച്ചു അതിനെയൊക്കെ രണ്ടായി മുറിച്ചുകളയുവാ.

ഒരു വിധം നീറു കളഞ്ഞപ്പോഴേക്കും ഗോകുൽ ഉപ്പും മുളകുപൊടിയുമായിട്ടെത്തി .മാവിന്റെ തടിയിൽ തല്ലി മാങ്ങ പൊട്ടിച്ച് ഉപ്പും മുളകും കൂട്ടി കഴിക്കാൻ തുടങ്ങുമ്പോഴാ മാമൻ ഋഷിമോനേന്ന് വിളിച്ചത്.അമ്മ എന്നെ കാണാഞ്ഞ് തിരക്കാൻ പറഞ്ഞു വിട്ടതാണോന്ന് പേടിച്ചു പോയി. മാങ്ങ തിന്നാൻ പറ്റാത്ത വിഷമം വേറെയും. ഉടുപ്പിലെ പൊടിയൊക്കെ എങ്ങനേലും തട്ടിക്കളഞ്ഞ് ഓടിച്ചെന്നു.പാച്ചുവും കണ്ണനുമാ മാവിൽ കയറിയതെന്ന് പറയാം എന്ന് ചിന്തിച്ചാ ചെന്നത്.

ഷർട്ട് ഊരിമാറ്റി നിക്കറിന് മുകളിൽ കൂടി മാമനൊരു തോർത്തുമുണ്ട് ഉടുപ്പിച്ചു തന്നു.ഉമ്മറത്തേക്ക് ചെല്ലുമ്പോഴുണ്ട് സ്കൂളിലെ മാഷ് മാരൊക്കെ നിൽക്കുന്നു.ഗിരി മാഷും ഉണ്ട്. മൂന്നിന്റ എഞ്ചുവടി കാണാതെ പഠിക്കാതെ ക്ലാസ്സിൽ വന്നതിന് ഇന്നലെ ക്ലാസ്സിന് പുറത്താക്കിയതാ. അമ്മ അറിഞ്ഞിട്ടില്ല. ഇനി അതെങ്ങാനും പറയാൻ വന്നതാകുവോ? മാഷിനെ ഒന്ന് പാളി നോക്കി. ദേഷ്യമില്ല മുഖത്ത്. ഹൊ അത്രേം ആശ്വാസം .

അമ്മയെ അവിടെങ്ങും കണ്ടില്ല.എല്ലാവരും വന്നതറിഞ്ഞ് അടുക്കളയിൽ കയറിയിട്ടുണ്ടാകും. ഈശ്വരാ മാവിൽ കയറിയതറിഞ്ഞാ തൊലി പൊട്ടിയത് തന്നെ. പേരമരത്തിലേക്ക് അറിയാതെ നോക്കിപ്പോയി. മാമൻ എന്റെ കൈ പിടിച്ച് തെക്കേ തൊടിയിലേക്ക് പോയി. മാഷ് മാര് മാത്രമല്ല ദേ സുനന്ദിനി ടീച്ചറും ബിന്ദു ടീച്ചറുമൊക്കെ വനിട്ടുണ്ടല്ലോ.എനിക്കങ്ങ് നാണം വന്നു. തോർത്ത് ഉടുത്ത് അവരുടെയൊക്കെ മുന്നിലൂടെ നടക്കാൻ ഒരു മടി.

തെക്കേ തൊടിയിലേക്ക് ചെല്ലുമ്പോഴുണ്ട് അവിടെ ഒരു ആൾക്കൂട്ടം .എന്താ ഇപ്പോ അവിടെ എന്നറിയാൻ തിക്കിതിരക്കി ആൾക്കാർക്കിടയിൽ കയറാൻ നോക്കുമ്പോൾ മാമൻ കൈ പിടിച്ച് മുന്നിലേക്ക് കൊണ്ടുപോയി. വിറകെല്ലാം കൂട്ടി വെച്ചതിന്റെ മുകളിലായി അമ്മയെ കിടത്തിയിരിക്കുന്നു. എന്താ കാര്യം എന്ന് മനസ്സിലായില്ല. അമ്മ എന്തിനാ ഇതിന് മുകളിൽ കിടക്കണേ.? മാമനോട് ചോദിക്കാം ന്ന് കരുതി തല ഉയർത്തി നോക്കുമ്പോൾ മാമൻ കരയുന്നു.

ആകെ സംശയിച്ച് നിൽക്കുമ്പോഴാ ഭസ്മമൊക്കെപൂശിയ ഒരാള് എന്നെ അടുത്തോട്ട് വിളിച്ചത്.ആകെ ചമ്മി നിൽക്കുവായിരുന്നു. അയാള് എന്തൊക്കെയോ ചെയ്യാൻ പറഞ്ഞു. പൂവിടാനോ? ഇടയ്ക്ക് അമ്മ കിടക്കണ വിറകിനു ചുറ്റും വലംവയ്ക്കാൻ പറഞ്ഞു ആ മാമൻ.എല്ലാവരും എന്നെത്തന്നെയാ നോക്കണേ.ശരിക്കും നാണം വന്നു. പൂവും കൊണ്ട് കറങ്ങുമ്പോഴുണ്ട് അൾക്കാരുടെ ഇടയിൽ നിന്ന് ഗോകുലും കണ്ണനും പച്ച മാങ്ങ എടുത്ത് കാണിച്ചു. അവൻ എനിക്ക് മാറ്റി വച്ചിട്ടുണ്ടെന്ന്. ഹൊ സമാധാനമായി. എങ്ങനേലും ഇതൊന്ന് തീർന്നെങ്കിൽ ഓടി അവന്റെ അടുത്ത് ചെന്ന് ആ മാങ്ങ തിന്നാരുന്നു. നീറിന്റെ കടി എത്ര കൊണ്ടതാ ..ഇടയ്ക്ക് എനിക്ക് ചിരി വന്നു. എങ്ങനാ ചിരി വരാണ്ടിരിക്കുക?ഉറങ്ങികിടക്കണ അമ്മയുടെ വായിൽ അരി ഇടാൻ ആ മാമൻ പറഞ്ഞു. ചിരി വന്നേലും ചിരിച്ചില്ല. അയാൾക്ക് ഇഷ്ടമായില്ലെങ്കിലോ? ഒടുവിൽ ദേ ഒരു പന്തം കയ്യിൽ തന്നിട്ട് തീ കത്തിക്കാൻ പറഞ്ഞു. പേടിച്ചു പോയി. മാമൻ കൂടെ ഉണ്ടായിരുന്നു.” അമ്മയ്ക്ക് പൊള്ളില്ലേ ” എന്ന് ചോദിച്ചപ്പോൾ മാമൻ ” മോൻ തീ കത്തിക്കെന്ന് ”പറഞ്ഞ് ഋഷിയുടെ കൈപിടിച്ച് പന്തം അമ്മ കിടക്കണ വിറകിന് ഇടയിലേക്ക് നീട്ടി. ഞാൻ അമ്മയെ തന്നെ നോക്കി നിന്നു. എന്താ സംഭവം എന്ന് തീരെ മനസ്സിലായില്ല.

ആലോചിച്ച് നിൽക്കുമ്പോഴാ പാച്ചു വീണ്ടും ഋഷി ന്ന് ഉറക്കെ വിളിച്ചത്. നേരെ അവൻമാരുടെ അടുത്തേക്ക് ഓടി. അന്ന് ഇരുട്ടും വരെ പറമ്പിൽ കളിയായിരുന്നു.ഇരുട്ടിയിട്ടും പ്രശ്നമില്ല വീട്ടിനു മുന്നിലൊക്കെ ട്യൂബ് ലൈറ്റ് ഇട്ടേക്കുന്നു ആരൊക്കെയോ വരുന്നു. ധാരാളം കസേരകൾ വീട്ടുമുറ്റത്ത് കിടക്കുന്നു. പിന്നെ അതിന്റെ ഇടയിലൂടെ ഓടിക്കളിയായി. ഭയങ്കര സന്തോഷമായിരുന്നു. രാത്രി പാച്ചുവിന്റെയും കണ്ണന്റേയും ഒപ്പമാ ഉറങ്ങിയത്.അമ്മയെ കാണാത്തതിന്റെ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു.പിന്നെ പാച്ചുവിനോട് സ്കൂളിലെ കാര്യമൊക്കെ പറഞ്ഞ് ഉറങ്ങി.

കുറെ ദിവസം അങ്ങനെ തന്നെ ആയിരുന്നു. വീട്ടിൽ ആരൊക്കെയോ വരുംപോകും. അച്ഛൻ ഒരു മൂലയ്ക്ക് ഇരിക്കണ കാണാം. പട്ടാളത്തിന്ന് അച്ഛൻ വല്ലപ്പോഴുമാ വരിക. ഋഷിയെ വല്യ ഇഷ്ടമൊക്കെയാ എന്നാലും മീശ കാണുമ്പോ പേടി വരും. അതു കൊണ്ട് മിണ്ടാൻ പോകില്ല.മാമനുമായിട്ടാ ഋഷിയുടെ കൂട്ട് .ക്രിക്കറ്റ് കളിക്കാനും കടയിൽ പോകാനുമൊക്കെ മാമനാ കൂട്ട് .പക്ഷേ ഇപ്പോ ദേ മാമൻ മിണ്ടാണ്ട് നടക്കനുണ്ട്.

പിന്നേം കുറച്ച് ദിവസം കൂടി കഴിഞ്ഞപ്പോൾ എല്ലാരും പോയി. അപ്പഴാ അമ്മയെ തിരക്കിയത്. എല്ലാരുടേയും കൂടെ അമ്മയും പോയോ? കുരുത്തക്കേട് കാട്ടിയാൽ അമ്മ എങ്ങോട്ടേലും പോകും എന്ന് ഒരിക്കൽ പറഞ്ഞിരുന്നു.അമ്മ പിണങ്ങിപ്പോയതാകുവോ?ആകെ വിഷമമായി. പാച്ചുവും കണ്ണനുമൊക്കെ അവരുടെ വീട്ടിലേക്ക് തിരിച്ചു പോയി.

പിന്നെയാ ഋഷി ക്ക് വിഷമം ആയേ.രാവിലെ ഉമ്മ തന്ന് വിളിച്ചുണർത്താൻ അമ്മയില്ല. ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി മതി എന്ന് വാശി പിടിക്കുമ്പോൾ മടിയിലിരുത്തി പൂച്ചയുടെ കഥ പറഞ്ഞ് ആഹാരം വാരിത്തരാൻ ആളില്ല. ഉടുപ്പിടീക്കാനാളില്ല. ആകെ വിഷമം.അന്ന് സ്കൂളിൽ പോയിട്ട് മടങ്ങിവരും വഴി ഭയങ്കര മഴ .മഴ നനഞ്ഞാ അമ്മ തല്ലും. ഓടിപ്പാഞ്ഞാ വീട്ടിൽ വന്നത്. അമ്മ മടങ്ങി വന്നോ എന്ന് മാമനോട് ചോദിച്ചപ്പഴും മാമൻ കരച്ചില് തന്നെ. അമ്മ വന്നില്ലാന്ന് അതോടെ ഉറപ്പായി.

എന്നാലും എനിക്കറിയാം എന്റെ അമ്മയ്ക്ക് കുറെ ദിവസം എന്നെ പിരിഞ്ഞ് ഇരിക്കാൻ പറ്റൂലാന്ന്. പറമ്പിലെ നാട്ടുമാവിൻ ചോട്ടിലേക്ക് ഞാനിപ്പോൾ പോകാറേ ഇല്ല.ഗിരി മാഷിന്റെ ക്ലാസ്സിൽ എല്ലാ എഞ്ചുവടിയും പച്ച വെള്ളം പോലെ കാണാതെ പറഞ്ഞതും ഞാൻ മാത്രമാ. ആഹാരത്തിനും വാശി കാട്ടാറില്ല .എല്ലാം അമ്മയ്ക്ക് വേണ്ടിയാ.അമ്മ തിരിച്ചു വരാൻ വേണ്ടി –

മാമനൊപ്പം കവലയിലേക്ക് പോകുമ്പോഴും സ്കൂളിൽ പോകുന്ന വഴിയിലുമൊക്കെ ഞാനമ്മയെ തിരയാറുണ്ട്. എനിക്കറിയാം അമ്മ മാറി നിൽക്കുവാ.ഋഷി നല്ല കുട്ടിയാകാൻ വേണ്ടി…

LEAVE A REPLY

Please enter your comment!
Please enter your name here