Home Latest ഇനിപ്പോ എന്നെ ഇഷ്ടല്ലാണ്ട് കെട്ടിയതാണോ..അങ്ങനെ ആണെങ്ങിൽ ഈ കുരിപ്പിന് മുമ്പേ പറഞ്ഞൂടായിരുന്നോ..

ഇനിപ്പോ എന്നെ ഇഷ്ടല്ലാണ്ട് കെട്ടിയതാണോ..അങ്ങനെ ആണെങ്ങിൽ ഈ കുരിപ്പിന് മുമ്പേ പറഞ്ഞൂടായിരുന്നോ..

0

രചന : Saarika Ajesh

ഒരു വണ്ടിക്കുള്ള ആളുകളേയും കൊണ്ടു സ്വര്ണമെടുക്കാൻ പോകാൻ തീരുമാനിച്ചപ്പോഴേ ചങ്ക് പറഞ്ഞതാണ് ‘വേണ്ട മച്ചാനെ’ ന്നു.

ആറ്റുനോറ്റു കല്യാണം കഴിക്കാൻ പോകുന്ന തിരക്കിനിടയിൽ അവൻ പറഞ്ഞതു കേൾക്കണോ അതോ ‘പൊന്നേ, മുത്തേ’ ന്നൊക്കെ പുറത്തൂന്നു വിളിച്ചു ഉള്ളിൽ മുറുമുറുത്തോണ്ടിരിക്കുന്ന ബന്ധുക്കൾ സെറ്റിനെ തൃപ്തിപ്പെടുത്തണോ???

ഈ തെണ്ടിക്കൂട്ടങ്ങളെ പിണക്കിയാൽ പിന്നെ കല്യാണം നടക്കുമോന്നുള്ള കാര്യം സംശയമാണ്!

ഗൾഫ്കാരൻ ആയതോണ്ടു എല്ലാ ആലോചനയും മുടങ്ങിപ്പോകുന്ന സമയത്തു അറബിയെ സോപ്പിട്ടു ഇല്ലാത്ത ലീവുണ്ടാക്കി നാട്ടിൽ അച്ചാലും മുച്ചാലും നടന്നു കണ്ടിഷ്ടപ്പെട്ട പെണ്ണാണ്!!
ഗൾഫ്ന്നൊക്കെ പറഞ്ഞു വേണ്ടാന്നു പറഞ്ഞ അവൾടെ വീട്ടുകാരെ ഞാൻ അറബിന്റെ ഇടം കൈ ആണെന്നൊക്കെ പറഞ്ഞാണ് സമ്മതിപ്പിച്ചത്. വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല, ഇനിയും നടക്കാൻ വയ്യ..അതാണ് കാര്യം….

സ്വര്ണമെടുക്കുന്ന ടീമിൽ ഉള്ളവർ വണ്ടിയിലേക്ക് കയറിപറ്റൂ എന്ന എന്റെ അനൗൻസമെന്റ്‌ കേട്ട ഉടൻ
ദേ കയറുന്നു അമ്മായിമാർ രണ്ട്, ഇളയമ്മ ഒന്ന്, ‘അമ്മ ഒന്ന്, പിന്നെ സ്വര്ണമാണോ മുക്കുപണ്ടമാണോ എന്നു പോലും തിരിച്ചറിയാൻ മേലാത്ത അമ്മാവന്മാരും ഇളയച്ഛന്മാരും ഓരോന്ന് വീതം. പിന്നെ അവരുടെ തല തെറിച്ച പിള്ളേര് സെറ്റ് നാല്. പിന്നെ ഞാനും!!!!

അങ്ങനെ ജ്വല്ലറിയുടെ മുന്നിൽ വണ്ടി ചവിട്ടി നിർത്തി.
ആദ്യം താലി നോക്കാമെന്ന് പറഞ്ഞു അമ്മ മുന്നോട്ട് നടന്നു.

പല വലിപ്പത്തിൽ പല ഡിസൈനിൽ താലി കണ്ടപ്പോൾ എന്റെ ഹൃദയം പടപാടാന്നു മിടിക്കാൻ തുടങ്ങി. ആകെ ഉള്ള ദമ്പിടി താലി മേടിക്കാൻ കൊടുക്കേണ്ടി വരുമോ എന്ന അകാരണമായ ഭയം!!!

“വാർക്കപ്പണിക്ക് പോകുന്ന മനു അഞ്ചു പവന്റെ താലി ആണ് കെട്ടിയത്. അതോണ്ട് ഇവന്റെ താലി ചുരുങ്ങിയത് ആറു പവൻ വേണം. അല്ലെങ്കിൽ നാണക്കേട് ആണ്, കുടുംബശ്രീയിൽ ഉള്ളവർ കളിയാക്കും”

ആദ്യത്തെ ആണി അടിച്ചത് ‘അമ്മ ആണ്!
” താലിക്ക് അധികം ഇറക്കം വേണ്ട.. നെഞ്ചോപ്പമേ ഉണ്ടാവാൻ പാടുള്ളൂ…”

“താലി മാറിൽ മുട്ടിയാൽ ഐശ്വര്യക്കേട്‌ ആണ്”

“വണ്ണം കൂട്ടി നീളം കുറച്ച താലി മതി”

“അയ്യേ.. അതൊരുമാതിരി തുടൽ മാതിരി ഇരിക്കൂലെ!”

അഭിപ്രായങ്ങളും ചോദ്യോത്തരങ്ങളും നീണ്ടു.

“അല്ല, എനിക്കൊരു സംശയം… ഈ താലി താലീന്നു പറയണത് മാലക്കാണോ അതോ ലോക്കറ്റിനോ??”

അടുത്തു നിക്കുന്ന അമ്മാവനോട് ഞാൻ ചോദിച്ചു.
” രണ്ടായാലെന്താ സ്വർണം അല്ലെ.”

പുള്ളിക്കാരന്റെ മറുപടിയിൽ ഞാൻ തൃപ്തനായി.
രണ്ടായാലും സ്വർണം തന്നെ, വില പിടിച്ചത് തന്നെ, അമൂല്യമായത് തന്നെ.

അവസാനം,
എഴുപവന്റെ ഒരു മാലയും അതിനൊരു ലോക്കറ്റും ആയി താലി മാല റെഡി!!

കല്യാണ ദിവസം അഭിമാനത്തോടെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി.
” ഏഴു പവനാണ് താലി!!”
കൂടെ ഉണ്ടായിരുന്ന കുടുംബശ്രീ അംഗങ്ങൾ പബ്ലിസിറ്റി വർക് തുടങ്ങിക്കഴിഞ്ഞു. ‘അമ്മ വല്ല ഉണ്ണിയപ്പമോ മറ്റോ ഓഫർ ചെയ്തു കാണണം.

അങ്ങനെ ആദ്യരാത്രി ആയി. പ്രിയതമ പാലുമായി വന്നു.
ആദ്യരാത്രി ആണ്, മിന്നിച്ചേക്കണെ ന്റെ കാമദേവ!!
എന്നൊക്കെ വിളിച്ചു പ്രിയതമേടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി!!!
മുഖം ദേഷ്യം കൊണ്ട് ഇരുണ്ടിരിക്കുന്നു!
ഇനിപ്പോ എന്നെ ഇഷ്ടല്ലാണ്ട് കെട്ടിയതാണോ..അങ്ങനെ ആണെങ്ങിൽ ഈ കുരിപ്പിന് മുമ്പേ പറഞ്ഞൂടായിരുന്നോ.. ഇനി ഏതെങ്കിലും ഒരുത്തൻ വെളിയിൽ കാത്തു നിക്കുന്നുണ്ടോ…എന്നെ തേച്ചിട്ട് രാത്രിക്ക് രാത്രി നാട് വിടാൻ ആണോ ഉദ്ദേശം…

അങ്ങനെ പലവിധ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു പോയി. വരുന്നത് വരട്ടെന്ന് കരുതി ചോദിച്ചപ്പോ അവിടേം പ്രശ്നം താലി തന്നെ!!!
അവൾടെ കുഞ്ഞമ്മേടെ മോൾടെ താലി എട്ടു പവൻ ആണ് പോലും!!
ഇത് തന്നെ മേടിച്ചിട്ട് ട്രൗസർ കീറിയ അവസ്ഥയിൽ നിക്കുമ്പോളാണ് അവൾടെ കുഞ്ഞമ്മേടെ ഒരു താലി!!

ആ പരിഭവം ഒഴിച്ചു നിർത്തിയാൽ തൃപ്തികരമായ കുടുംബ ജീവിതം…..
ഒരവധികാലത് വീടുപണിക്ക് പണം തികയാതെ വന്നപ്പോൾ താലിമാല പണയം വെച്ചോട്ടെ എന്ന ചോദ്യത്തിനു മാല ഊരി കയ്യിൽ വെച്ചിട്ടാണവൾ മറുപടി തന്നത്.

എന്റെ ആദ്യരാത്രി അലങ്കോലമാക്കിയ, എട്ടു പവന്റെ താലി ഉള്ള അവൾടെ കുഞ്ഞമ്മേടെ മോള് രണ്ടു മക്കള് സഹിതം സ്വന്തം വീട്ടിൽ പാർപ്പു തുടങ്ങിയെന്നും അന്ന് കേട്ടു!!

പൂണൂലും താലിയും ഒരുപോലാണെന്നു എന്റെ ചങ്ക് പറഞ്ഞത് എനിക്കോര്മ വന്നു. രണ്ടും ധരിക്കേണ്ടത് മനസ്സിലാണ്. അല്ലാതെ ശരീരത്തിന് നേടുകെയും കുറുകെയും ധരിച്ചിട്ടെന്തു കാര്യം!!!!!

ശാരിക

LEAVE A REPLY

Please enter your comment!
Please enter your name here