Home Article നീതി കിട്ടാതെ പോകരുത് ഒരു പെണ്ണിനും

നീതി കിട്ടാതെ പോകരുത് ഒരു പെണ്ണിനും

0

അസ്വസ്ഥതകൾ പുകഞ്ഞു കൊണ്ടേയിരിക്കുമ്പോഴാണ് ആ വാർത്ത ഉച്ചയ്ക്ക് പുറത്തു വന്നത്. കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസിലെ പ്രതി അമീറുള്ളിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധ ശിക്ഷയ്ക്കു വിധിച്ചു. പക്ഷേ അപ്പോഴും ഒരു വിഭാഗം ഒടുവിൽ ജിഷയ്ക്ക് നീതി കിട്ടി എന്ന് പറയുമ്പോഴും നമുക്ക് മുന്നിൽ ഒരു ജയിൽ സെല്ലിനപ്പുറം ഏതു നേരവും ജാമ്യം കിട്ടാവുന്ന പോലെ കിടക്കുന്ന സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമിയുണ്ട്, നിർഭയ വധക്കേസിലെ പ്രതികളുണ്ട്… അപ്പോൾ സംശയങ്ങൾ വീണ്ടും വർധിക്കുന്നു. ജിഷയ്ക്ക് കിട്ടി എന്ന് കരുതുന്ന ഈ നീതിയ്ക്ക് എത്രമാത്രം പ്രസക്തിയുണ്ട്… എത്രനാളത്തെ ആയുസ്സുണ്ട്?

ജിഷ കേസിലെ പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ അതിക്രൂരമായി മുറിവേൽപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ട പെൺകുട്ടിയാണ് ജിഷ. പക്ഷേ ഡൽഹിയിലെ നിർഭയയും സൗമ്യയും മാനഭംഗം ചെയ്യപ്പെട്ടു. അതിന്റെ പരിണിതഫലമായി മരണത്തിലേക്കു വലിച്ചെറിയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ മൂന്നു കേസും ഒരേ രേഖയിൽ കൊണ്ട് വയ്ക്കുകയും എളുപ്പമല്ല.

മുൻകൂട്ടിയുള്ള ഒരു കൊലപാതകമായിരുന്നില്ല സൗമ്യയുടെ വിഷയത്തിൽ ഉണ്ടായത്. യാദൃശ്ചികമായി ട്രെയിനിൽ വച്ച് കണ്ട ഒരു പെൺകുട്ടിയെ അവസരം ലഭിച്ചപ്പോൾ ഉപദ്രവിക്കാൻ കടന്നു പിടിക്കുകയും അവളെ ക്രൂരമായി മാനഭംഗം ചെയ്യുകയും ചെയ്ത ഗോവിന്ദ ചാമി വധ ശിക്ഷയിൽ നിന്നു രക്ഷപെടാൻ കാരണം സൗമ്യയെ കൊലപ്പെടുത്താൻ അയാൾ ഉദ്ദേശിച്ചിരുന്നില്ല എന്നതുകൊണ്ടാണ്. ക്രൂരമായ ഉപദ്രവത്തിനൊടുവിൽ സൗമ്യ കൊല്ലപ്പെടുകയായിരുന്നു.

ഡൽഹിയിലെ നിർഭയയുടെ വിഷയത്തിലും അവസ്ഥ മറ്റൊന്നല്ല. ഒരുപക്ഷേ സൗമ്യയെക്കാൾ അതിക്രൂരമായി ഉപദ്രവിക്കപ്പെട്ട പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാൽ വരെ ഉപദ്രവിക്കപ്പെട്ടു. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ നിയമം അയാളുടെ തുണയ്ക്ക് എത്തുകയും ചെയ്തു, ഇവിടെയും കൊലപ്പെടുത്തണം എന്ന ലക്ഷ്യം പ്രതികൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ജിഷയുടെ വിഷയത്തിലേക്ക് വരുമ്പോൾ ഉപദ്രവിക്കുക എന്നതിനപ്പുറം കൊലപാതകം തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യം.

ജിഷയുടെ ആന്തരിക അവയവങ്ങളിൽ ഏൽപ്പിച്ച അതിക്രൂരമായ മുറിവുകൾ തീർച്ചയായും പ്രതിയുടെ മാനസിക നില പുറത്തു കൊണ്ട് വരുന്നതാണ്. പക്ഷെ എന്തുകൊണ്ട് ജിഷ എന്നതിന് വ്യക്തമായ ഉത്തരങ്ങൾ പ്രതിയാക്കപ്പെട്ട അമീറുള്ളയുടെ വധ ശിക്ഷയിലും പുറത്തു വരുന്നല്ല എന്നതാണ് സത്യം, അഥവാ ഇപ്പോൾ നിലനിൽക്കുന്ന ആരോപണം പൊതുജനങ്ങൾക്ക് പോലും വിശ്വസനീയവുമല്ലാതെ നിൽക്കുന്നു.

ജനാധിപത്യം ജുഡീഷ്യറിയുടെ ഈ വിധിയിൽ നിർവ്വഹിക്കപ്പെട്ടോ? എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ജിഷ വധ കേസിൽ അവിടെ ഇവിടെയായി ഉയരുന്നുണ്ട്. സംശയത്തിന്റെ നിഴലുകൾ ബാക്കി നിൽക്കുന്നുണ്ട് പലയിടങ്ങളിലും, അപ്പോഴും ഒരു ആശ്വാസം ഉണ്ട്, ജിഷയുടെ കൊലപാതകി നിയമത്തിന്റെ കരുത്തുറ്റ കരങ്ങളിൽ തന്നെയാണ്. സെഷൻസ് കോടതിയുടേത് ഒരിക്കലും അന്തിമ വിധിയായി കാണാനാകില്ല. മുകളിലുള്ള കോടതിയിലേക്ക് പ്രതിയാക്കപ്പെട്ടയാൾ പോകുമെന്നാണ് ഉറപ്പു തന്നെ. വിചാരണകളും തെളിവുകളുടെ വിശദമായ പഠനങ്ങളും തുടർന്ന് പോകുന്ന ഏതെങ്കിലുമൊരു ദിവസം അമീറുൽ കേസ് ഉത്തരമില്ലാത്ത ചോദ്യം പോലെ നീണ്ടു പോകാനും മതി.

ഡൽഹിയിലെ നിർഭയ വധ കേസിൽ പ്രതികൾ ലഹരിയിലാണ് കൃത്യം ചെയ്തത്, പിന്നീട് സ്വബോധത്തിൽ ഇവരിൽ പലരും ക്രൂരതയോർത്ത് പരസ്യമായി പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗോവിന്ദ ചാമിയിൽ നിന്നും അത്തരമൊരു കുറ്റബോധ സ്വരം ഇതുവരെ കേൾക്കാനായിട്ടില്ല. അതായത് സാഹചര്യം അനുകൂലമായത് കൊണ്ടും അതീവ ഗുരുതരമായ മാനസിക നിലയിൽ തുടരുന്നത് കൊണ്ടും തന്നെയാണ് ഗോവിന്ദ ചാമി സൗമ്യ എന്ന പെൺകുട്ടിയെ ഉപദ്രവിച്ചതും കൊലപ്പെടുത്തിയതും. അമീറുള്ളിന്റെ വിഷയത്തിലും പ്രതികളുടെ ഈ മാനസിക നിലയ്ക്ക് വ്യത്യാസമില്ല. വെറുമൊരു കൊലപാതകമായിരുന്നില്ല അയാൾ നടത്തിയത്. എന്ന് ജിഷയുടെ ശരീരത്തിലെ മാരകമായ മുറിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

എന്ത് വിശ്വസിച്ചാണ് അന്യ സംസ്ഥാനക്കാരനായ ഒരു തൊഴിലാളിയെ നമ്മൾ ഇനിയും സ്വന്തം വീടുകളിൽ ജോലിയ്ക്ക് വിളിക്കേണ്ടത്? വ്യക്തമായ ഐഡന്റിറ്റി കാർഡുകൾ പോലും ഇല്ലാത്ത ആയിരക്കണക്കിന് തൊഴിലാളികളുടെ ഇടയിൽ നിന്നും നാം തിരഞ്ഞെടുക്കുന്നവർ തൊഴിൽ അന്വേഷിച്ചു വന്നവർ തന്നെ എന്ന് ഏതു വിധത്തിൽ മനസ്സിലാക്കണം?മലയാളികളെ വെള്ള പൂശുകയല്ല, കുറച്ചു വർഷങ്ങളെ ആയുള്ളൂ അന്യ സംസ്ഥാനത്തു നിന്നും വന്ന ഒരു പെൺകുട്ടിയെ അതിക്രൂരമായിഉപദ്രവിച്ച മലയാളി ചെറുപ്പക്കാരെക്കുറിച്ച് വായിച്ചിട്ട്.

നിരവധി പോരാട്ടങ്ങൾക്ക് ശേഷം അൾ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയിട്ടും ഏറെ നാളായില്ല. പക്ഷേ ഒരു പരിധിവരെ മനുഷ്യന്റെ മാനസിക നിലയിലുള്ള വൈകല്യങ്ങൾ ഒരു പ്രശ്നം തന്നെയാണ്. തുറിച്ചു നോട്ടങ്ങളിൽ ഒരുപക്ഷേ മലയാളി പുരുഷന്മാരേക്കാൾ അപകടകാരികളായി തോന്നിയിട്ടുള്ളത് അന്യസംസ്ഥാന തൊഴിലാളികളായ യുവാക്കളെ തന്നെയെന്ന് പല പെൺകുട്ടികളും അടയാളപ്പെടുത്തുന്നു. ഒരുപരിധി വരെ സാഹചര്യങ്ങൾ തന്നെയാണ് അപകടം.

ജിഷയുടെ കേസിൽ സാഹചര്യങ്ങൾക്ക് പ്രസക്തിയില്ല എങ്കിൽ കൂടിയും അമീറുള്ളയും ജിഷയും തമ്മിൽ പരിചയമുണ്ടായിരുന്നു എന്ന വാദം തള്ളിക്കളയാൻ ആവില്ല. ജിഷയെ കൊലപ്പെടുത്താൻ അയാളെ നിയോഗിച്ചതാര്, അല്ലെങ്കിൽ അങ്ങനെ പിന്നാമ്പുറത്ത് ഒരാളുണ്ടോ എന്ന ചോദ്യത്തിൽ മാത്രമാണ് പൊതു ജനങ്ങൾക്ക് സംശയം. അങ്ങനെ ഒരു സംശയം നിലനിൽക്കുന്നത് കൊണ്ട് തന്നെയാണ് സൗമ്യയുടേത് മാനഭംഗവും ജിഷയുടേത് കൊലപാതകവും ആകുന്നത്. സത്യം എന്നായാലും തെളിയട്ടെ. നീതി കിട്ടാതെ പോകരുത് ഒരു ഇരയ്ക്കും…

LEAVE A REPLY

Please enter your comment!
Please enter your name here