Home Latest അവൾക്കിപ്പോൾ സമ്മതമല്ലത്രെ… എന്റെ ഫോണിലേക്ക് വിളിച്ച ആ ബന്ധുവാണ് കാര്യം പറഞ്ഞത്…

അവൾക്കിപ്പോൾ സമ്മതമല്ലത്രെ… എന്റെ ഫോണിലേക്ക് വിളിച്ച ആ ബന്ധുവാണ് കാര്യം പറഞ്ഞത്…

0

രചന : മണ്ടശിരോമണി മണ്ടൻ

ഒരു ബൈക്ക് ആക്സിഡന്റിൽ കൈകാൽ മുട്ടിലെ തൊലി മുഴുവൻ ഇളകി കൈവിരലും ഒടിഞ്ഞ് അടുത്തുള്ള ഒരു co.op ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് ഞാൻ അവളെ പരിചയപ്പെടുന്നത്. അവൾ എന്നു പറഞ്ഞാൽ അവിടുത്തെ ഒരു സ്റ്റാഫ് നഴ്സ്

മുഖ്യമന്ത്രിയുടെ വാക്ക് കടമെടുത്താൽ ദിവസവും ഉള്ള സമ്പർക്കം കാരണം എന്റെ മനസ് അങ്ങോട്ട് പോയി എന്നു വേണം പറയാൻ .

” ആ പെണ്ണു കൊള്ളാല്ലേ. എനിക്കു ചേരും”
എല്ലാം തുറന്നു സംസാരിക്കുന്ന പ്രകൃതം ആയത് കൊണ്ട് തന്നെ അവിടെ എത്തി രണ്ടാം ദിവസം തന്നെ ഞാൻ കൂടെ നിൽക്കുന്ന അമ്മായിയോട് പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

“നിനക്ക് വേണമെങ്കിൽ ഞാൻ ചോദിക്കാം” അമ്മായിയും ചിരിച്ചു.
എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ അവളേ കാണാനുള്ള അവസരം എനിക്കു കിട്ടാറുണ്ട്.
നെറ്റിയിൽ പുരികങ്ങളുടെ നടുക്ക് ഒരു കുഞ്ഞ് കറുത്ത പൊട്ട് , കൈയിൽ ഒരു കറുത്ത ചരട് ഇതൊക്കെ ആയിരുന്നു എന്റെ ശ്രദ്ധയിൽ ഉള്ള കാര്യങ്ങൾ. അവൾ ഒരു ചന്ദന കുറി കൂടി തൊട്ടിരുന്നെങ്കിൽ എന്ന് പലപ്പോഴും ആലോചിച്ചിരുന്നു.

എന്റെ മനസിൽ ഇങ്ങനെ ഉള്ള ഒരു ചിന്ത ഉള്ളത് കൊണ്ട് തന്നെ കൂടെ നിൽക്കുന്ന അമ്മായിയും അവളെ കാണുംബോൾ കൂടുതൽ ചിരിക്കാനും മറ്റും തുടങ്ങി.
“മോൾടെ പേരെന്താ?” അന്ന് ഉച്ചയ്ക്ക് റൂമിലേക്ക് വന്ന അവളോട് അമ്മായി ചോദിച്ചു.
പേര് വിദ്യ എന്നാണെന്നും വീട് അവിടെ അടുത്ത് തന്നെ ആണെന്നും മനസിലാക്കി.
” അവന് നിന്റെ പേരറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല ” എന്ന അമ്മായിയുടെ സംസാരത്തോടെ അവൾക്ക് കാര്യം മനസിലായി. ഒന്നിച്ചു വന്ന അവളുടെ കൂട്ടുകാരിയും ചിരിച്ചു.
അന്നു മുതലാണ് എന്റെടുത്തേക്ക് വരുമ്പോൾ മുന്നിൽ നിൽക്കാനുള്ള ഒരു മടി കണ്ടു തുടങ്ങിയത്. റൂമിൽ നിന്നും ഇറങ്ങാനുള്ള ധൃതി അവൾക്ക് കൂടുതൽ ആയിരുന്നു. പലപ്പോഴും കൂട്ടുകാരിയെ മറികടന്ന് അവൾ ഡോർ തുറന്ന് പോവും.

ഇതിനിടെ അവളെ ആശുപത്രി പരിസരത്ത് എവിടെവച്ചു കണ്ടാലും അമ്മായി ചിരിക്കാനും “മോൾക്കിന്നു ഡ്യൂട്ടി ഇല്ല” ചോദ്യം ചോദിച്ച് അടുത്തു നിന്നു സംസാരിക്കാനും തുടങ്ങി.
ഇതിനിടെ എപ്പോഴോ അമ്മായിയെ അവൾ ചേച്ചി എന്നു വിളിച്ചു തുടങ്ങിയത് ഞാനും ശ്രദ്ധിച്ചിരുന്നു.
ഇതിനിടെ ഒരിക്കൽ പോലും ഞാനവളോട് മിണ്ടാൻ ശ്രമിക്കുകയോ അവൾ ഞാൻ കാൺകെ എന്നെ നോക്കുകയോ ചെയ്തിരുന്നില്ല.

ഇതിനിടെ കുടുംബ ബന്ധങ്ങൾ ഉപയോഗിച്ച് അമ്മായി അവളുടെ നാട്ടിൽ അന്വേഷിക്കുകയും അവളെ പറ്റി കൂടുതൽ വിവരങ്ങൾ തേടി പിടിക്കുകയും ചെയ്തു .
അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്. അനിയത്തി ഇപ്പൊൾ ഡിഗ്രിക്ക് പഠിക്കുന്നു. അമ്മ ഇപ്പൊഴും കൂലിപ്പണിക്ക് പോകുന്നുണ്ട്. അവൾ ഇവിടെ ജോലി തുടങ്ങിയിട്ട് കഷ്ടിച്ച് ഒരു വർഷമേ ആയിട്ടുള്ളൂ . റൂമിലെ സംസാരത്തിനിടയ്ക്ക് അമ്മായി ഓരോ കാര്യങ്ങൾ പറഞ്ഞു.

” ഞാനിന്നു ഡിസ്ചാർജ് ആകും എന്നാലും നമ്മൾ വീണ്ടും കാണും. നിന്റെ വീട്ടിലേക്ക് ഞാൻ വരും. നിന്നെ ആലോചിക്കാൻ.”
ഡിസ്ചാർജ് ആകും എന്ന് ഉറപ്പായ ദിവസമാണ് ഞാനവളോട് ഒന്ന് സംസാരിക്കാൻ ശ്രമിച്ചത്. ഉറച്ചതായിരുന്നു എന്റെ തീരുമാനവും. മറുപടി ഒന്നും പറയാതെ ഒരു ചിരിയോടെ അവൾ പുറത്തേക്കിറങ്ങി.

കൂട്ടുകാരികളുടെ കളിയാക്കൽ കാരണമോ അല്ലാതെയോ അവളെന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അതെനിക്കു ആ നോട്ടങ്ങളിൽ നിന്നും തന്നെ പലപ്പോഴും മനസിലായതാണ്.

വീട്ടിലെത്തി ബാക്കി റസ്റ്റെടുക്കൽ കൂടി കഴിഞ്ഞതോടെ അമ്മായി തന്നെയാണ് എന്നോട് അവളുടെ കാര്യം ഓർമ്മിപ്പിച്ചത്. പെണ്ണൊന്നും നോക്കാതെ നടക്കുന്ന എന്റെ കാര്യത്തിൽ അമ്മയ്ക്കും വിഷമമുണ്ടായിരുന്നു എന്നു വേണമെങ്കിൽ പറയാം. അതു കൊണ്ട് തന്നെ അമ്മയുടെ സമ്മർദവുമുണ്ടെന്ന് അമ്മായിയുടെ വർത്താനത്തിൽ നിന്ന് മനസിലായി. അതു കൊണ്ട് തന്നെ അടുത്ത ഞായറാഴ്ച്ചതന്നെ അവളെ കാണാൻ പോകാൻ തിരഞ്ഞെടുത്തു.

മുറ്റത്തേക്ക് വണ്ടി കയറില്ല . റോഡിൽ നിന്നും ഒരു സ്റ്റെപ്പു കയറണം മുറ്റത്തേക്ക്.
ഇപ്പൊഴും ആൾമറ കെട്ടിയിട്ടില്ലാത്തൊരു കിണറുണ്ട്.
ചോരാതിരിക്കാനെന്നോണം ഓടിനു മേലെ ടാർപോളിൻ ഷീറ്റു വലിച്ചു കെട്ടിയിട്ടിരിക്കുന്നു.
വീടുമായി ബന്ധമില്ലാത്ത ഒരു ടോയ്ലറ്റ് .
വിറക് എടുത്തു വെക്കാനുള്ള ഒരു ചെറിയ ഷീറ്റു കെട്ടിയ ഷെഡ്. ഇതൊക്കെ ആണ് എന്റെ കണ്ണിൽ കണ്ടത്. അച്ഛനില്ലാത്ത കുട്ടി ആയത് കൊണ്ടാവണം വകയിലെ ഏതോ ഒരു ബന്ധുകൂടി ഉണ്ടായിരുന്നു അവിടെ.

പെണ്ണൊക്കെ കണ്ട് തിരിച്ചു വന്നെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് അവിടുന്ന് കിട്ടിയ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു. അവൾക്കിപ്പോൾ സമ്മതമല്ലത്രെ. എന്റെ ഫോണിലേക്ക് വിളിച്ച ആ ബന്ധുവാണ് കാര്യം പറഞ്ഞത് . എന്തോ വല്ലാത്തൊരു നിരാശയാണ് തോന്നിയത്. അർഹത ഇല്ലാത്തതിനെ മോഹിച്ചു പോയോ എന്നൊരു തോന്നൽ വേറെയും. ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം അറിയണമല്ലോ . ഫേസ്ബുക്കിൽ അധികം തിരയേണ്ടി വന്നില്ല . ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കൊപ്പം അവളും നിൽക്കുന്ന പ്രൊഫൈൽ കണ്ടെത്തി റിക്വസ്റ്റ് അയച്ചു.

“മനസിലായി കാണുമെന്ന് കരുതട്ടെ” റിക്വസ്റ്റ് സ്വീകരിച്ച ഉടനെ തന്നെ ഞാൻ മെസേജയച്ചു .
എന്തു പറയണം എന്ന ചിന്ത കൊണ്ടാവാം തിരിച്ചൊരു മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പതിയെ അവളെ പരിചയപ്പെട്ടു വരികയായിരുന്നു.

“ഡീ ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ?” മാസങ്ങൾക്ക് ശേഷം അന്നൊരു രാത്രിയിൽ പതിവു ചാറ്റിനിടെ ഞാൻ ചോദിച്ചു.

“എന്താ ഇതുവരെ ഇല്ലാത്ത ഒരു പെർമിഷൻ വാങ്ങിക്കലൊക്കെ?” മറുചോദ്യമാണ് വന്നത്.

” ചോദിക്കട്ടെ?” ഞാൻ ആവർത്തിച്ചു.

” ചോദിക്ക് മനുഷ്യാ ”

“നീ അന്ന് എന്താ എന്നെ വേണ്ട എന്നു പറഞ്ഞത്?” ചോദ്യം ജീവിതത്തെ കുറിച്ചായത് കൊണ്ടാവാം അവൾ ഇത്തിരിക്കഴിഞ്ഞാണ് മറുപടി അയച്ചത്.

“അതിനു ശ്രീയേട്ടനെ ഇഷ്ടമല്ല എന്നോ ശ്രീയേട്ടനെ വേണ്ട എന്നോ ഞാൻ പറഞ്ഞില്ലല്ലോ. ഇപ്പൊ കല്ല്യാണം വേണ്ട എന്നല്ലെ പറഞ്ഞത് ” അവളുടെ മറുപടിയെ ഞാൻ ഒന്നു കൂടി വായിച്ചു. ശെരിയാണ് ഇപ്പൊ കല്യാണം വേണ്ട എന്നു തന്നെയാണ് അവൾ പറഞ്ഞിരുന്നത്.

“അതെന്താ?” എന്റ സംശയം. അവൾ വീണ്ടും സംസാരിച്ചു തുടങ്ങി.

അവൾക്കൊരു ജോലി വേണം . ഇതിലും നല്ലൊരു ജോലി. പിന്നെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടാണത്രെ അവളെ പഠിപ്പിച്ചത് . അമ്മയെ ഇനിയും കഷ്ടപ്പെടാതെ നോക്കണം. പിന്നെ കൊറേ കടങ്ങളുണ്ട് . എല്ലാം തീർക്കണം .
അതൊക്കെ കഴിഞ്ഞേ അവൾ കല്യാണം കഴിക്കുള്ളൂ .

“ഇപ്പൊ ഉള്ള ജോലി എന്താ പ്രശ്നം ?” എന്റെ സംശയം മാറുന്നില്ല.

“എന്റെ ശ്രീയേട്ടാ ഇതുകൊണ്ടൊന്നും പറ്റില്ല . വിദേശത്തേക്ക് പോകണം . അപ്പൊഴേ കടങ്ങളൊക്കെ തീർക്കാനും മറ്റും ആവുള്ളൂ” അവൾ അതു പറഞ്ഞപ്പോഴാണ് അവളുദേശിച്ചത് എനിക്കും മനസിലായത്. പലരും ചിന്തിക്കുന്നത് പോലെ തന്നെ കുറച്ച് കാലം ആസ്ട്രേലിയയോ അല്ലെങ്കിൽ അതു പോലെ മറ്റു രാജ്യങ്ങളിലേക്കോ ആണ് അവളുടെ ലക്ഷ്യം. അപ്പൊ അതാണ് കാര്യം.

പൊതുവേ നാടിനെയും വീട്ടുകാരെയും വിട്ട് എങ്ങോട്ടും പോകാൻ താൽപര്യമില്ലാത്ത ഞാൻ അവൾക്ക് ആശംസകൾ നേർന്നു. കൂടെ എല്ലാം കഴിയുമ്പോൾ അവളോട് ജീവിക്കാൻ മറന്നു പോകല്ലേ എന്ന ഉപദേശവും .

xxxx

“ഇവിടെ ആരും നമ്മളെ അറിയുന്നവരായിട്ട് ഉണ്ടാവില്ല. അതു കൊണ്ട് നല്ലതല്ലെ?” ഒരു വർഷം കഴിഞ്ഞു കാണും ബീച്ചിലെ ബെഞ്ചിൽ ഇരിക്കവെ അവളെന്നോട് പറഞ്ഞു .

“അതെന്താ?”

” അതോ അതെന്താണെന്ന് വെച്ചാലേ ഇവിടെ എനിക്കിപ്പോൾ ശ്രീയേട്ടന്റെ കൈയിൽ ചേർത്തു പിടിച്ച് തോളിലേക്ക് ചേർന്നു ഇങ്ങനെ തല ചായ്ച്ചു വെച്ച് ഇരിക്കാം . പിന്നെ കൈകോർത്ത് പിടിച്ച് നടക്കാം . ആരേലും കാണുമെന്നോ കണ്ടാൽ അവർ എന്തു കരുതുമെന്നോ പേടിക്കണ്ടല്ലോ ”
പറയുന്നതിനിടെ തന്നെ അവളെന്റെ ചുമലിലേക്ക് ചാഞ്ഞു.

“ശ്രീയേട്ടാ ” കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ വീണ്ടും വിളിച്ചു.

“ഉം ”

“ഞാനിത്ര നാളും കരുതിയത് എന്റെ അച്ഛനെ പോലെ വേറൊരു ആണും ഈ ലോകത്ത് ഉണ്ടാവില്ല എന്നാ ”

“അതെന്താ ?”

” ആവോ . എന്തോ അങ്ങനാ കരുതിയെ ”

“ഇപ്പൊഴേന്തു തോന്നുന്നു?”

“ഇപ്പൊഴൊന്നും തോന്നുന്നില്ല ” അവളൊന്നുകൂടി എന്റെ കൈ മുറുകെ പിടിച്ചു.

“വിദ്യാ” ഞാൻ പതുക്കെ വിളിച്ചു.

“ഉം ”

” നിനക്ക് ആസ്ട്രേലിയായിലേക്ക് പോകണ്ടെ?” മറുപടി എന്താകും എന്നു എനിക്കറിയാം . കല്യാണം കഴിഞ്ഞ അന്ന് മുതൽ ഈ പേരും പറഞ്ഞാണ് ഞാൻ അവളെ കളിയാക്കികൊണ്ടിരുന്നത്. പെണ്ണിനെ മാത്രം മതി എന്ന്‌ ആ അമ്മയോട് പറഞ്ഞു അമ്പലത്തിൽ വെച്ചുള്ള ഒരു ചടങ്ങ് മാത്രമായിരുന്നു കല്യാണം. അതിൽ പിന്നെ ആ അമ്മയ്ക്കു ഒരു മോൻ ആവുക തന്നെ ആയിരുന്നു ഞാനും. പതുക്കെ കടങ്ങൾ തീർത്തൂ…. അവളുടെ അനിയത്തിയുടെ പഠനം… അങ്ങനെ പതുക്കെ എല്ലാം റെഡി ആവുകയായിരുന്നു. അവളെ പറ്റി എല്ലാം അറിയുന്ന എനിക്കു അവളുടെ മറുപടിയും അറിയാം.
ആദ്യം അവളെന്നെ ഒന്നു രൂക്ഷ ഭാവത്തിൽ ഒന്ന് നോക്കും.
“പോ മനുഷ്യാ ” എന്നും പറഞ്ഞ് എനിക്കൊരു കുത്തു വെച്ചു തരും . അപ്പൊഴുള്ള എന്റെ ചിരി നോക്കി “കിണിക്കല്ലേ . എനിക്കു വല്യ ചിരിയൊന്നും വരുന്നില്ല” എന്നു പറഞ്ഞ് പിണക്കം നടിക്കും. ഇത്തിരി മാറി ഇരിക്കും.

എത്രനേരം?

ഏയ് അധികനേരമൊന്നും ഇല്ല. കൂടി വന്നാൽ ഞാനവളുടെ അടുത്തേക്കു ചേർന്നിരിക്കും വരെ.

അപ്പൊ പിണക്കം മാറുമോ?

ഇല്ല . ഞാനവളുടെ കൈ പിടിക്കും .

അപ്പൊ മാറും അല്ലേ?

ഇല്ലന്നേ . അവൾ കൈവിടുവിക്കാൻ ശ്രമിക്കും.

അയ്യോ അപ്പൊ എന്തു ചെയ്യും.?

അപ്പോൾ ഞാനവളുടെ ചുമലിലൂടെ കൈയിട്ട് എന്റെ നെഞ്ചിലേക്കു ചേർത്തു പിടിക്കും. ആദ്യം അവളിത്തിരി ബലമൊക്കെ എടുക്കും . പിന്നെ പതുക്കെ ഒരു കുഞ്ഞിനെ പോലെ എന്റെ നെഞ്ചിലേക്കു ചേർന്നങ്ങെനെ … ചിലപ്പൊ അവളുടെ കണ്ണിൽ നനവു കാണാം .

അപ്പൊ അവൾ കരയാണോ?

ഏയ് അല്ലെന്നേ. അച്ഛനില്ലാത്ത കുട്ടി അല്ലെ. ചേർത്തു പിടിക്കാൻ ആളുണ്ടെന്നു അറിയുബോൾ സന്തോഷം കൊണ്ടാണ് .

അപ്പൊ പിണക്കം?

പിണക്കമോ അതെന്നാ സാധനം ?….

മണ്ടശിരോമണി.

LEAVE A REPLY

Please enter your comment!
Please enter your name here