Home Latest അന്നോട് ജാതിയും മതവും ഒന്നും നോക്കാതെ ഓളെ വിളിച്ചോണ്ട്‌ വരാന്‍ പറഞ്ഞതല്ലേ ഞങ്ങള്‍.ഒാള്‍ക്കന്നെ വേണ്ടാതോണ്ടല്ലേ…

അന്നോട് ജാതിയും മതവും ഒന്നും നോക്കാതെ ഓളെ വിളിച്ചോണ്ട്‌ വരാന്‍ പറഞ്ഞതല്ലേ ഞങ്ങള്‍.ഒാള്‍ക്കന്നെ വേണ്ടാതോണ്ടല്ലേ…

0

മോനേ…ഇജ്ജെന്താ ഈ പറീണേ…
എല്ലാം അന്‍റെ ഇഷ്ടത്തിന് വിട്ട് തരാനൊന്നും പറ്റൂല.

എന്താ ആമിനാ…ന്താ പ്രശ്നം.

ഇങ്ങള് കേട്ടോ ഇത്.
കൂട്ടോം കുടുംബോം നാട്ടാരും അറിയാതെ ഒാന്‍റെ ഇഷ്ടത്തിന് ഞമ്മള് ഒാന്‍റെ നിക്കാഹ് നടത്തിക്കൊടുത്തു.അതും ഓന്‍റെ വാശിപ്പുറത്ത് മാത്രം.അന്നോട് ജാതിയും മതവും ഒന്നും നോക്കാതെ ഓളെ വിളിച്ചോണ്ട്‌ വരാന്‍ പറഞ്ഞതല്ലേ ഞങ്ങള്‍.ഒാള്‍ക്കന്നെ വേണ്ടാതോണ്ടല്ലേ…

ഇജ്ജൊന്ന് പതുക്കെ പറ.ആ കുട്ടി അകത്തുണ്ട്.ഓളെന്താ വിചാരിക്കാ..

എന്താ ഷാന്വോ..ന്താ പ്രശ്നം.

ഓനിക്കിപ്പോ തന്നെ ബാംഗ്ലൂരിക്ക് തിരിക്കണംന്ന്.

ഉപ്പാന്‍റെ മുന്‍പില്‍ എനിക്ക് മറുപടി പറയേണ്ടി വന്നില്ല.

എന്താ മോനേ ഇജ്ജ് പറീണേ..കുറച്ച് സമയം മുമ്പ് ഇജ്ജ് കെെപിടിച്ച് കൊടുന്ന ഒരു പെണ്‍ കുട്ടിയുണ്ട്‌ അകത്ത്.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി പതിഞ്ഞ സ്വരത്തിലാണ് ഉപ്പയെന്നോട് സംസാരിച്ചത്.

ഉപ്പാ…എനിക്ക് ഇന്ന് പോയേ പറ്റൂ..എന്നെ തടയാന്‍ നിക്കണ്ട.

കേട്ടിലേ ഇങ്ങള് ഒാന്‍റെ അഹങ്കാരം.എങ്ങനെ നടത്തേണ്ട കല്ല്യാണായിരുന്നു.ന്നിട്ട്‌ എല്ലാതും ഓന്‍റെ ഇഷ്ടത്തിന് ഓന്‍ പറഞ്ഞ പോലെ നടത്തി.ആരേം അറിയിക്കാതെ.ഓന്‍റെ എളേപ്പാരേം എന്‍റെ ആങ്ങളാരെപ്പോലും അറീക്കാതെ.

ആമിനാ..ഇജ്ജ് പോയി ഒരു കട്ടനെടുത്തേ.ഷാനു എങ്ങോട്ടും പോണില്ല.അവിടെ കട നോക്കാന്‍ കബീറും സലീമുമൊക്കെ ഇല്ലേ.

ഉപ്പാ..എനിക്ക് പോണം.ഞാന്‍ ട്രെയിന്‍ ടിക്കറ്റെടുത്ത് വെച്ചിട്ടുണ്ട്.അനീസിപ്പൊ വരും എന്നെ സ്റ്റേഷനിലാക്കാന്‍.

ഇജ്ജ് റൂമിലേക്ക് പോ…ആ കുട്ടി അവിടെ തനിച്ചാ.അതിന് മിണ്ടാനും പറയാനും ഇവിടെ വേറെ ആരും ഇല്ലല്ലോ..അന്‍റെ ഫോണിങ്ങോട്ട് തന്നേക്ക്‌.

ഉപ്പാന്‍റെ സ്വഭാവം എനിക്ക് നന്നായി അറിയുന്നതാണ്.

എന്‍റെ പ്ലാന്‍ നടക്കില്ലാന്ന് എനിക്കുറപ്പായി.

ഞാന്‍ സ്വയം ശപിച്ചു കൊണ്ട് മുറിയിലേക്ക് പോയത്.

മുറിയില്‍ കട്ടിലിന്‍റെ ഒരറ്റത്ത് എന്തോ ആലോചിച്ചിരിക്കുകയാണവള്‍.

സജ്ന.ഞാന്‍ മഹറു കൊടുത്തവള്‍.ഉപ്പാന്‍റെ സ്നേഹിതന്‍റെ ഏക പെണ്‍ തരി.
എന്‍റെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അവള്‍ എഴുന്നേറ്റ് നിന്ന് തട്ടം നേരെയാക്കി.

ഇക്കാ..ഇങ്ങക്ക് ചായയെടുക്കട്ടേ.

മറുപടിയൊന്നും പറയാതെ ഞാന്‍ കട്ടിലില്‍ കയറി പുറം തിരിഞ്ഞു കിടന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഡോറടക്കുന്ന ശബ്ദം കേട്ടു.അവള്‍ പുറത്ത് പോയെന്ന് തോന്നുന്നു.

ഓരോന്ന് ആലോചിച്ച് കിടക്കുമ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷം ഒരു സ്ക്രീനിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞു.

അവള്‍ ലക്ഷ്മി എന്‍റെ ലച്ചു.

നീണ്ട പത്തു വര്‍ഷത്തെ പ്രണയം.ജീവനേക്കാള്‍ സ്നേഹിച്ചവള്‍.
ഞാന്‍ അവളെ സ്നേഹിക്കുന്നതിനേക്കാള്‍ അവളെന്നെയായിരുന്നു സ്നേഹിച്ചിരുന്നത്.

ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നല്ലോ…ജോലി കിട്ടിയാല്‍ ഉടനെ കല്ല്യാണം,ഉപ്പാക്കും ഉമ്മാക്കും രണ്ടു കുഞ്ഞുങ്ങളെ സമ്മാനിക്കണം.അവരെ പൊന്നു പോലെ നോക്കണം.ഒരു ദിവസം പോലും പിരിഞ്ഞിരിക്കാതെ ജീവിക്കണം.ഒരുമിച്ച് കെെകോര്‍ത്ത് മരിക്കണം.

എന്തൊക്കെയായിരുന്നു.
എന്തിനാണവള്‍ എന്നെ ചതിച്ചത്.

എന്‍റെ കാമുകന്‍ ജോലിയും കൂലിയും ഇല്ലാതെ തറവാട്ടു മുതലു കൊണ്ട് കൂട്ടുകാരൊടൊപ്പം കൂടി ജീവിതം അടിച്ചു പൊളിക്കുന്നതിനോടെനിക്ക് യോചിക്കാം,പക്ഷെ എന്‍റെ ഭര്‍ത്താവ് അങ്ങനെ ജീവിതം തുലക്കുന്നതിനോടെനിക്ക് താല്‍പര്യമില്ല.
ഷാനു നിനക്കൊരിക്കലും കൂട്ടുകരോളം വരില്ല കുടുംബം.എട്ട് പത്ത് വര്‍ഷായിട്ട് നിന്നെ ഞാന്‍ കാണുന്നതല്ലേ..നിനക്കൊരിക്കലും മാറാന്‍ കഴിയില്ല.

നിന്‍റെ പ്രായം തന്നെയാണെനിക്കും.ഇനിയും നീ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നാല്‍ എന്‍റെ നല്ല പ്രായം കഴിയും.പിന്നെ നിനക്കും എന്നെ വേണ്ടാതാവും.എനിക്ക് ജീവിക്കണം ഷാനു.അന്തസായിത്തന്നെ ജീവിക്കണം.നീ പൊക്കോ…ഇനി എന്നെ മനസ്സില്‍ കൊണ്ട് നടക്കണ്ട.

വളയിടലിന് വീട്ടില്‍ ചെന്നപ്പോള്‍ അവള്‍ക്ക്
പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ത്തെങ്കിലും മറുപടി പറയാന്‍ എനിക്ക്‌ വാക്കുകളുണ്ടായിരുന്നില്ല.
തല കുനിച്ച് മടങ്ങിപ്പോരാനേ കഴിഞ്ഞുള്ളൂ.

അവളോടുള്ള വാശിയൊന്നു കൊണ്ട് മാത്രമാണ് അവളുടെ കല്ല്യാണ ദിവസം തന്നെ ആരേയും അറിയിക്കാതെയാണെങ്കില്‍ പോലും ഞാനും നിക്കാഹ് കഴിച്ചത്.അതും അവളുടെ കൂട്ടുകാരിയെ തന്നെ.

ക്ലോക്കില്‍ എട്ടടിക്കുന്നത് കേട്ടാണ് ഞെട്ടിയുണര്‍ന്നത്.കഴിഞ്ഞ കാര്യങ്ങളാലോചിച്ച് കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

എണീറ്റ് കുളിച്ചു.താഴേക്കിറങ്ങിച്ചെന്നു.

ഉപ്പയോടും ഉമ്മയോടും പെട്ടന്നിണങ്ങിക്കഴിഞ്ഞിട്ടുണ്ട് അവള്‍.

ഉമ്മാ ഞാന്‍ പുറത്ത് പോയിട്ട് വരാം.

ഷാന്വോ..ഇജ്ജെങ്ങോട്ടും പോണില്ല.
ഉപ്പച്ചിയുടെ ശബ്ദത്തില്‍ ഗാംഭീര്യമുണ്ടായിരുന്നു.

മോളേ…ഭക്ഷണം എടുത്ത് വെക്ക്.നേരത്തെ കിടക്കണം.രാവിലെ എണീറ്റ് ഹസ്സനാജീന്‍റെ മോന്‍റെ പാലു കാച്ചലിന് പോണം.

ശരി ഉപ്പാ…ഇങ്ങള് കെെ കഴുകിക്കോളിന്‍.ഇപ്പോ എടുക്കാം.

അവള്‍ പൂര്‍വ്വ ബന്ധമുള്ളതു പോലെ പെരുമാറുന്നത് കാണുമ്പോള്‍ അതിശയം തോന്നി.

ഉപ്പാ..ഞാനിപ്പൊ വരാം.

വേണ്ട ഷാന്വോ..ഇയ്യിപ്പോ പോവൂലാ..ഇത്രയും കാലം അന്‍റെ ഇഷ്ടങ്ങള്‍ക്ക് വിട്ടു തന്നു.ഇനി അന്‍റെ സ്വന്തം ഇഷ്ടം നടക്കൂല.

മനസ്സില്‍ ദേഷ്യവും സങ്കടവും ഒരു പോലെ പതഞ്ഞു പൊങ്ങിയെങ്കിലും പുറത്ത് കാണിച്ചില്ല.അല്ല കാണിച്ചിട്ട് കാര്യവും ഇല്ല.

ഭക്ഷണം കഴിച്ചെന്നു വരുത്തി ടേബിളില്‍ നിന്നെഴുന്നേറ്റ് കെെ കഴുകി കുറച്ചു സമയം ടിവി കണ്ടിരുന്നു.

അതും മടുത്തപ്പോള്‍ മുറിയിലേക്ക് തന്നെ പോയി.

വാതില്‍ തുറന്നപ്പോഴേക്കും മുല്ലപ്പൂവിന്‍റെയും അത്തറിന്‍റേയും മണം എന്‍റെ മൂക്കിലേക്ക് തുളഞ്ഞു കയറി.

ലെെറ്റ് ഓണ്‍ ചെയ്തു.

സജ്ന അവള്‍ നെറ്റിയില്‍ സിന്ദൂരമിട്ട് ,കണ്ണു രണ്ടും കറുപ്പിച്ചെഴുതി,നീണ്ട മുടി പിന്നിവെച്ച് മുന്‍പിലേക്കിട്ട് മുല്ലപ്പൂവു വെച്ച് ഇളം പച്ച സാരിയുമുടുത്ത് എന്‍റെ മുമ്പില്‍ ഒരു അപ്സരസ്സ് കണക്കേ നില്‍ക്കുകയായിരുന്നു.

ഞങ്ങള്‍ക്കിടയിലെ മൗനത്തെ മറി കടന്ന് അവള്‍ വാചാലയായി.

ഇക്കാ…എനിക്കറിയാം ഇങ്ങക്കെന്നെ ഇഷ്ടായതോണ്ടല്ല ലച്ചു നഷ്ടപ്പെട്ടതു കൊണ്ട് മാത്രാണ് ഇപ്പോ ഈ കല്ല്യാണം എന്ന്.ലച്ചുവല്ലാതെ ഒരു പെണ്ണിനെ ഇങ്ങക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലെന്നും അറിയാം.

ഞാനിപ്പോ ഇങ്ങളെ ഭാര്യയാണ്.എന്നെ കൊണ്ടാവുന്ന എന്ത് ആഗ്രഹോം ഞാന്‍ സാധിച്ച് തരാം.ഈ നാലു ചുവരുകള്‍ക്കുള്ളില്‍ എന്നെ കൊണ്ട് കഴിയുന്ന പോലെയെല്ലാം ഞാന്‍ ഇങ്ങടെ ലച്ചുവായി മാറാം.

ഒരിക്കലും ഇങ്ങളെ ഒരു തീരുമാനത്തിനും ഞാനെതിരു നില്‍ക്കില്ല.നാളെ ലച്ചു ഇങ്ങളെ കൂടെ വന്നാലും ഞാന്‍ തടയില്ല.സന്തോഷത്തോടെ മാറിത്തരാം ഇങ്ങളെ ജീവിതത്തില്‍ നിന്ന്.

പക്ഷെ…അത്രയും കാലം എനിക്കു ഇങ്ങളെ പെണ്ണായി ജീവിക്കണം.

ഇങ്ങളെ അറിയിച്ചിട്ടില്ലെങ്കിലും ജീവനേക്കാള്‍ സ്നേഹിച്ചതാ നാട്ടിലെ സകല കലാ വല്ലഭനെ,ഒരു വലിയ പ്രണയ കഥയിലെ നായകനെ. ഇപ്പോഴും സ്നേഹിക്കുന്നുമുണ്ട്.ഇനിയും സ്നേഹിക്കണം.ഭാഗ്യമുണ്ടെങ്കി മരിക്കണ വരെ.

അവളുടെ കണ്ണുകളില്‍ എന്നോടുള്ള പ്രണയം ആളിക്കത്തുന്നുണ്ടായിരുന്നു.
ഈ നിമിഷം വരെ ഞാനറിയാത്ത അവളുടെ പ്രണയം.

ഞാനൊരു അമ്പരപ്പോടെ ബെഡിലിരുന്നു.നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ച് അവളവിടെ തന്നെ നിന്നു.

സജ്നാ…ഇവിടെ വന്നിരിക്ക്.

അവളെ ഞാനെന്‍റെ അടുത്തിരുത്തി.

അവളുടെ നിഷ്കളങ്കമായ മാന്‍ പേടകള്‍ എന്‍റെ കണ്ണുകളില്‍ പ്രണയം തിരഞ്ഞു.ഞാനവളുടെ മുഖം കെെയിലെടുത്ത് നെറ്റിയിലെ സിന്ദൂരം മായ്ച്ചു.

ടീ പെണ്ണേ…നിനക്ക് നെറ്റിയില്‍ പൊട്ടല്ല തലയില്‍ തട്ടമാ മൊഞ്ച്.

നാണത്താല്‍ നനഞ്ഞു കുതിര്‍ന്ന ചിരിയോടെ അവള്‍ എന്‍റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

ജീവിക്കാന്‍ ക്ഷണിച്ചപ്പോള്‍ സ്വാര്‍ത്ഥത കാണിച്ച പത്തു വര്‍ഷത്തെ പ്രണയം പത്തു നിമിഷത്തെ ആത്മാര്‍ത്ഥമായ കണ്ണീരീനോളം വരില്ലെന്ന് ഞാന്‍ മനസ്സിലാക്കിയത് അവളിലൂടെയായിരുന്നു.

— Zai Ka—

LEAVE A REPLY

Please enter your comment!
Please enter your name here