Home Shinoj T P അയാള്‍ക്കെന്നെ സ്നേഹിക്കാന്‍ അറിയില്ലെടോ നോവിക്കാനെ അറിയു…

അയാള്‍ക്കെന്നെ സ്നേഹിക്കാന്‍ അറിയില്ലെടോ നോവിക്കാനെ അറിയു…

0

രചന : Shenoj TP

അയാള്‍ വീട്ടീല്‍ നില്ക്കുന്നതെനിക്കിഷ്ടമല്ല..
അവള്‍ അതു പറയുമ്പോള്‍ അവളിലെ അയാളോടുള്ള വെറുപ്പ് എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു..

ഇനിയി പതിനഞ്ച് ലോക്ക്ഡൗണ്‍ ദിനങ്ങള്‍ അയാളോടൊപ്പം ഈ വീടില്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്നറിയില്ലെനിക്കു…
തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുമെടോ..
ഒരു നിമിഷം വെറുതെ ഇരിക്കാന്‍ സമ്മതിക്കില്ലയാള്‍..

അവള്‍ പറയുന്നത് ഞാന്‍ മൂളി കേട്ടു..
പുസ്തകങ്ങളാണെനിക്ക് കൂട്ട് പിന്നെയിപ്പോള്‍ നീയും..
ഞാന്‍ ചിരിയുടെ രണ്ടു സ്മൈലി അയച്ചു..
നീ കഴിച്ചോ ?
കഴിച്ചില്ല.
താനോ ?
ഇല്ല ..
അയാള്‍ക്ക് വിളമ്പികൊടുത്തേക്കുവാ, അയാള്‍ കഴിക്കട്ടെ ..

ഞങ്ങളുടെ കല്യാണത്തിന്‍റെ
കല്യാണ സദ്യ കഴിച്ചതാ ഒരുമിച്ചിരുന്ന് …
ഞങ്ങള്‍ ഒരുമിച്ചിരുന്നൊരു ചായ പോലും കുടിക്കാറില്ലെടോ…

അയാള്‍ കഴിക്കുന്ന ഗ്യാപ്പിലാ മെസ്സേജ് ചെയ്യുന്നത് നിനക്ക്..
ഇപ്പോള്‍ വിളിവരും അതുവരെ ഇവിടുണ്ടാവും..
അവള്‍ പറഞ്ഞൂ..
ദേ വിളി വന്നു പിന്നെ കാണാം ..
ബൈ ബൈ ..
മെസ്സേജ് വന്നു
ഞാന്‍ ഫോണ്‍ താഴെ വെച്ചു..

കുറച്ച് കഴിഞ്ഞ് ഫോണില്‍ മെസ്സേജ് ടോണ്‍ ചിലച്ചു.
ഞാന്‍ ഫോണെടുത്തു അവളാണ്..
അലക്കുവാന്‍ വന്ന ടൈമിലാണ് ഈത്തവണ മെസ്സേജ് അയച്ചിരിക്കുന്നത്..
ഊണ് കഴിച്ചോ ?
കഴിച്ചു.. ഞാന്‍ പറഞ്ഞു..
ചേട്ടന്‍ എന്തെ ?
തിരിച്ചു ഞാന്‍ ചോദിച്ചു..
ഉച്ചയുറക്കാണ്..
എവിടെയെങ്കിലും കിടന്നുറങ്ങട്ടേടോ..
അത്രയും നേരം ഒരു സമാധാനം ഉണ്ടെനീക്ക്..

താനെന്തെടുക്കുവാ അവള്‍ ചോദിച്ചു..
ഉച്ചയൂണ് കഴിഞ്ഞതല്ലെ ചുമ്മാതൊന്നു ഞാനും കിടന്നു..ഞാന്‍ പറഞ്ഞു..
എനിക്കും ആ ശീലമുള്ളതാ അയാള്‍ ഉള്ളോണ്ട..
വെയില്‍ ഉണ്ടല്ലോ എന്നും പറഞ്ഞ് അലക്കി വിരിക്കാന്‍ പറഞ്ഞു വിട്ടതായെന്നെ..
ഇത് അലക്കി വിരിക്കുമ്പോള്‍ ചായക്ക് സമയമാവും..
അപ്പോള്‍ അയാള്‍ അത് ഉണ്ടാക്കി കൊടുക്കാന്‍ പറയും..
ലോക്ക്ഡൗണ്‍ ആയിട്ട് വെറുതെ കൂടി ഇരിക്കുവല്ലേടോ എന്തെങ്കിലൂം ഒരു സഹായം ചെയ്തൂ തന്നുടേടൊ അയാള്‍ക്ക്..;
അയാള്‍ ചെയ്യില്ലെടോ ..
അവളുടെ നെടുനീളന്‍ മെസ്സേജും രണ്ടു നെടുവീര്‍പ്പിന്‍ ചിഹ്നങ്ങളും…

വൈകിട്ടെന്താ ചായക്കു കടി ഞാന്‍ ചോദിച്ചു..
ബ്രഡ്ഡ് പൊരിച്ചത്..
അതാ അയാള്‍ക്കിഷ്ടം..
എനിക്കിഷ്ടം പഴം പൊരിയാണ്..
ആഹാ എനിക്കും അതെ ഞാന്‍ പറഞ്ഞു..
പറഞ്ഞിട്ടെന്താടോ കാര്യം എന്‍റെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ശ്രദ്ദിക്കാത്ത ഒരു ദുഷ്ടനെയാണ് എനിക്കു ഭര്‍ത്താവായി കിട്ടിയേക്കണത്..
ഇതുവരെ എനിക്ക് ഇഷ്ടമുള്ളത് എന്താണെന്ന് ചോദിക്കാനോ , അതുണ്ടാക്കാനോ അയാള്‍ പറഞ്ഞിട്ടില്ല..
അയാള്‍ക്കെന്നെ സ്നേഹിക്കാന്‍ അറിയില്ലെടോ നോവിക്കാനെ അറിയു..അവള്‍ പറഞ്ഞു നിര്‍ത്തി..

അന്നാല്‍ ഓക്കേഡോ പിന്നെ മെസ്സേജ് ചെയ്യാം ഇത് വിരിക്കട്ടെ മെഷിനില്‍ അലക്ക് കഴിഞ്ഞിട്ടുണ്ട്..
ഓക്കെ ബൈ ബൈ..
ഞാന്‍ തിരിച്ച് മെസ്സേജ് ചെയ്തു..
ഫോണ്‍ താഴെ വെച്ചു ഞാന്‍ ഒന്ന് കണ്ണടച്ചു..
വാതിലില്‍ മുട്ടുകേട്ടാണ് ഞാന്‍ ഉണര്‍ന്നത്..
ഭാര്യയാണ്..

ചായയും പഴമ്പൊരിയും റെഡി വരു കഴിക്കാം.
അവള്‍ പറഞ്ഞത് കേട്ടു..
ഞാന്‍ ചായകുടിക്കുന്നതും നോക്കി നില്ക്കുന്ന ഭാര്യയോട് ഞാന്‍ അന്നാദ്യമായി ചോദിച്ചു നീ കുടിക്കുന്നില്ലേ ?

വേണ്ടടോ എനിക്കിഷ്ടമല്ല പഴമ്പൊരി.. ഇവള്‍ക്കെന്താണാവോ ഇഷ്ടമപ്പോള്‍…??
ഞാന്‍ മനസ്സിലോര്‍ത്തു..

#ഉള്ളിലൊരു #കൊള്ളിയാന്‍ #പാഞ്ഞു
#ഞാനുമൊരു #ദുഷ്ടന്‍
കുറച്ചു മുന്നെ അവളയച്ച മെസ്സേജുകള്‍ എന്‍റെ ജീവിതത്തീലൂടെയും കടന്നു പോയോ എന്നൊരു സംശയം..

LEAVE A REPLY

Please enter your comment!
Please enter your name here