Home Latest പ്രസവ വേദനയുമായി ഹോസ്പിറ്റലിലേക്ക്‌ പോവുന്നതിനു മുമ്പ് ഇക്കയോടൊന്ന് സംസാരിക്കണം….

പ്രസവ വേദനയുമായി ഹോസ്പിറ്റലിലേക്ക്‌ പോവുന്നതിനു മുമ്പ് ഇക്കയോടൊന്ന് സംസാരിക്കണം….

3

റാഷി Part 4

ഡേറ്റ് അടുക്കും തോറും ഇതു മാത്രമായിരുന്നു മനസ്സിൽ..

ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപാലത്തിൽ രണ്ടു ജീവനുകളെ വേർപ്പെടുത്താനുള്ള പോരാട്ടമാണ് പ്രസവം. ഡോക്ടർ പറഞ്ഞത് പ്രകാരം കുട്ടിയുടെ കിടപ്പും ശരിയല്ല.അത്കൊണ്ട് സിസേറിയൻ ആവാനാണ് കൂടുതൽ സാദ്യത….

പ്രസവ വേദനയുമായി ഹോസ്പിറ്റലിലേക്ക്‌ പോവുന്നതിനു മുമ്പ് ഇക്കയോടൊന്ന് സംസാരിക്കണം….അറിയാതെ വല്ല തെറ്റും എന്നിൽ നിന്നും വന്നു പോയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കണം. ഇക്ക എന്ത് പറഞ്ഞാലും ഇക്കയുടെ കുട്ടിക്കാണ് ഞാൻ ജന്മം നല്കാൻ പോകുന്നത്…

ഈ മരണ തേരോട്ടത്തിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ കുഞ്ഞിന് ഉപ്പയും ഉമ്മയും കൂടി ഇല്ലാതാവരുത്‌… അപ്പോഴെങ്കിലും നിങ്ങൾ അവനെ നെഞ്ചോടു ചേർക്കണം……

മടിച്ചുമടിച്ചാണെങ്കിലും ഉമ്മയോടത്‌ പറഞ്ഞപ്പോൾ പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി…
നിനക്ക് വട്ടാണ് റാഷി… ഇത്രയൊക്കെ നിന്നെ തീ തീറ്റിച്ചിട്ടും വീണ്ടും നീ അവനെ ആഗ്രഹിക്കുന്നത്‌ കാണുമ്പോൾ……

മോളെ അവന്റെ മറുപടി നിന്നെ കൂടുതൽ സങ്കടപ്പെടുത്തുകയെ ഉള്ളൂ… അത്കൊണ്ട് ന്റെ മോൾ ആ ഭാഗം തന്നെ വിട്ടേക്ക്….

ഒരുദിവസം അർദ്ധരാത്രി പതിവില്ലാത്ത വിധം അസ്വസ്ഥതകൾ കണ്ട്‌ തുടങ്ങിയപ്പോൾ തന്നെ ഇക്കയുടെ വീട്ടുകാരെ വിളിച്ചു ഞങ്ങൾ ഹോസ്പിറ്റലിൽ പോകുകയാണെന്ന് പറഞ്ഞു ..ഞങ്ങൾ അവിടെ എത്തുന്നതിനു മുമ്പ് തന്നെ അവർ എത്തിയിരുന്നു…..

ഇവിടെ നിന്നും ആരും ഹോസ്പിറ്റലിലേക്കോ കുട്ടിയെ കാണാനോ പോകരുതെന്നുള്ള ഇക്കയുടെ താകീത് ധിക്കരിച്ചാണ് അവർ വന്നതെന്ന് പിന്നീടാണറിഞ്ഞത്…

അവളെ നിനക്ക് വേണ്ടെന്നു വെക്കാം പക്ഷെ കുട്ടി നിന്റെ ചോരയാണെടാ…….
എന്നായിരുന്നു അതിനു ഉമ്മ കൊടുത്ത മറുപടി..

അല്ലാഹുവിന്റെ വിധിയും ഡോക്ടറുടെ അനുമാനവും പോലെ പ്രസവം സിസ്സേറിയൻ വഴി തന്നെയായിരുന്നു..

വലിയ ആഡംബരങ്ങളൊന്നുമില്ലായിരുന്നെങ്കിലും അവന്റെ മുടി കളയലും നാല്പതുമൊക്കെ അവരുടെ സാന്നിധ്യം കൊണ്ടെങ്കിലും അനുഗ്രഹീതമായിരുന്നു….

അതിനിടയ്ക്കാണ് ഇക്കാക് ജോലിയിലെ മാറ്റം വിസ ക്യാൻസൽ ചെയ്ത് 10 ദിവസത്തെ ലീവിന് നാട്ടിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞത്….

ആഗ്രഹിക്കാഞ്ഞിട്ടും എവിടെ നിന്നോ ചില പ്രതീക്ഷയുടെ ഈണങ്ങൾ എന്റെ കാതുകളിൽ അലയടിച്ചു…മോന്റെ നിഷ്കളങ്ക മുഖം കാണാൻ ഒരിക്കലെങ്കിലും വരുമെന്നു ആരോ വിളിച്ചു പറയുന്ന പോലെ….

അപ്പോഴും പ്രതീക്ഷകളൊക്ക അസ്ഥാനത്തായിരുന്നു…
ലാസ്റ്റ് താക്കീതും കൊടുത്താണ് ഇക്ക തിരിച്ചു പോയത്‌…
ഇനിയും അവളെ എന്റെ പെണ്ണായിട്ട് തന്നെ വെച്ചോണ്ടിരിക്കുകയും നിങ്ങൾക്കൊക്കെ അവൾ തന്നെ മതി എന്നുമാണെങ്കിൽ ഇനി ഞാൻ നാട്ടിലേക്ക് തിരിച്ചില്ല.. ഇതെന്റെ അവസാന പോക്കാണ്…..

അവിടെ എല്ലാ കാത്തിരിപ്പുകൾക്കും തിരശീല വീഴുകയായിരുന്നു.

. എന്റെ മോൾ കാരണം അവർക്ക് മോനെ കൂടെ നഷ്ടപ്പെടരുതെന്ന് കരുതി ഉപ്പ തന്നെ മുൻകൈയെടുത്തു മോന് 6 മാസം ഉള്ളപ്പോൾ ഞാൻ വിവാഹ മോചന രജിസ്റ്ററിൽ ഒപ്പു വെച്ചു…

അന്നുവരെ സ്നേഹത്തിന്റെ ഒരു വാക്കോ നോട്ടമോ കിട്ടിയിട്ടില്ലെങ്കിലും മൃദുവായ ഒരു സ്പർശനം പോലും തന്നില്ലെങ്കിലും സ്നേഹിക്കുന്നുവെന്ന് ഒരു വട്ടം പോലും പറഞ്ഞിട്ടില്ലെങ്കിലും ഓർമ്മിക്കാൻ നല്ലൊരു നിമിഷം പോലും തന്നിട്ടില്ലെങ്കിലും ആ വെള്ളക്കടലാസിൽ എന്റെ വിരൽ തുമ്പുകൾ ചലിക്കുമ്പോൾ മൃദമായ ഹൃദയം ഒരിക്കൽ കൂടി പിടഞ്ഞു …

വൈകാരികമായി ചിന്തിച്ചാൽ ജീവിതത്തിനു മാത്രമല്ല ഒരുപക്ഷേ ഒരു സമസ്യയ്ക്കും യഥാർത്ഥ പരിഹാരം കിട്ടില്ല…

ഒരു ചവിട്ടു പടിയിൽ തെന്നി വീണെന്നു കരുതി ജീവിതകാലം മുഴുവൻ അവിടെ കിടന്നു പുഴുവരിക്കരുത്…

അങ്ങനെ ആ വർഷം തന്നെ ഞാൻ പുസ്തകക്കെട്ടെടുത്തു അറിവിന്റെ ലോകത്തേക്ക് വീണ്ടും കാൽ വെച്ചു. ആദ്യ വർഷം ഉച്ച വരെ ക്ലാസ്സിൽ പോയി.. മോന് വെറും 6 മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു…
പിന്നെ പിന്നെ അവനെ ഉമ്മയെ ഏല്പിച്ചു ഞാൻ പഠനത്തിലേക്ക് മാത്രമായി ശ്രദ്ധിച്ചു തുടങ്ങി.

അവന് എന്റെ ഉമ്മയാണ് ഉമ്മ. എന്നെ താത്തയെന്നേ വിളിക്കു. സഹോദരൻ ഇല്ലാത്ത ഞങ്ങൾക്ക് ഒരു സഹോദരനായെന്ന് എല്ലാരും പറയും…

അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി…

ഞാനപ്പോൾ നിറഞ്ഞു തുളുമ്പി കൊണ്ടിരിക്കുന്ന എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ പാടു പെടുകയായിരുന്നു .. അത്രമാത്രം ഞാനാകെ തളര്ന്നു പോയിരുന്നു അവളുടെ കഥ കേട്ടപ്പോൾ..

ഞങ്ങൾക്കിടയിൽ നിശബ്ദതയുടെ നിമിഷങ്ങൾ…

എന്തെല്ലാമോ ചോദിക്കണമെന്നുണ്ടെനിക്ക്.. പക്ഷെ വാക്കുകൾ ഗദ്ഗദങ്ങളായി പരിണമിക്കുകയാണ്..

എല്ലാം നല്ലതിനാകും റാഷി…..

ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു…

അപ്പോഴും അവളുടെ മുഖത്തിൽ നിന്നും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല…

റാഷി……….

അവൻ ഉമ്മയുടെ അടുക്കൽ സൈഫ് ആണെങ്കിൽ
ഈ 5 വർഷം പിന്നിട്ടിട്ടും നീ എന്തെ വേറെ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ… ഇത്രയും ചെറുപ്പത്തിൽ തന്നെ വെറും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം നിലനിന്ന ദാമ്പത്യത്തിൽ നിന്നും മോചിതയായി വിധവയായി കഴിയുക എന്നൊക്കെ പറഞ്ഞാൽ…….

അതിനും മറുപടിയായി അവളൊന്ന് ചിരിച്ചു…
എല്ലാരും നിര്ബന്ധിക്കുന്നുണ്ട്..പ്രത്യേകിച്ച് അയാളുടെ ഉമ്മയും ഉപ്പയും… ഇഷ്ട്ടം പോലെ ആലോചനകളും വരുന്നുണ്ട്…

പക്ഷെ ഞാൻ തയ്യാറല്ല മാഹി….
എന്റെ മോന് ഇപ്പൊ ഉമ്മയും ഉപ്പയും ആയി ഞാൻ മാത്രേ ഉള്ളൂ… ഉമ്മയുടെയും ഉപ്പയുടെയും സ്നേഹവും നോട്ടവും ഒരുമിച്ചു വേണ്ടു വോളം കിട്ടിയിട്ടും മതി വരാത്തവരാണ് നമ്മളൊക്കെ…

അപ്പൊ പിന്നെ ഞാൻ ജീവിച്ചിരിക്കുമ്പോൾ അവൻ ഉമ്മയും ഉപ്പയും ഇല്ലാത്തവനായി വളരാൻ പാടില്ല…

അത്‌ മാത്രമല്ല ഒരിക്കൽ കൂടി ജീവിതം കൊണ്ടൊരു പരീക്ഷണത്തിനു ഞാൻ ഇല്ല മാഹി…

ഇനി ഒരാഗ്രഹമേ ഉള്ളൂ…
ഞങ്ങൾക്ക് രണ്ടു പേർക്കും ജീവിച്ചു പോകാൻ ചെറുതാണെങ്കിലും ഒരു ജോലി… എന്നിട്ട് അവന് മാത്രമായിട്ടെങ്ങനെ ജീവിക്കണം..
അതിനാ ഈ psc യുടെ പിന്നാലെയൊക്കെ….

റാഷി…..
അവർ അവിടെ നിന്ന് മോനെ കാണാൻ വരുകയോ അവന് ചിലവു തരികയോ ചെയ്യാറില്ലേ….

അല്പം മൗനത്തിനു ശേഷം അവൾ പറഞ്ഞു….

വന്നിരുന്നു… ഒരു വർഷം മുന്നേ അവിടുത്തെ ഉപ്പ മരിക്കുന്നത് വരെ…
അയാളുടെ മോനാണെങ്കിലും എന്റെ ഉദരത്തിലല്ലേ അവൻ വളർന്നത്‌..
അതുകൊണ്ടാകും അവനോടും ദേഷ്യമാണ് അയാൾക്ക്‌… അവന്റെ പിതൃത്വം നിഷേധിച്ചില്ലല്ലോ… അങ്ങനൊരു ഔദാര്യമെങ്കിലും അയാൾ എന്നോട് ചെയ്തല്ലോ…
അല്ലെങ്കിൽ സമൂഹത്തിൽ നിന്നും ഇപ്പൊ ലഭിച്ചു കൊണ്ടിരിക്കുന്ന സഹതാപം പോലും എനിക്ക് അന്യമാകുമായിരുന്നു…

ആ മോന്റെ വാക്കു ധിക്കരിച്ചു വരാൻ മാത്രമുള്ള ചങ്കൂറ്റമൊന്നും ആ ഉമ്മക്കില്ല… ഭർത്താക്കന്മാർ ഉണ്ടാകുമ്പോൾ പിന്നെ മക്കളുടെ വാക്കുകൾക്കൊന്നും വില കല്പിക്കേണ്ടല്ലോ… ഇപ്പൊ ആ ഉമ്മ നിസ്സഹായയാണ്….

പിന്നെ എന്റെ മോന് വേണ്ടി…… അവന്റെ വയറു നിറക്കാൻ വേണ്ടി………
ആരുടെ മുമ്പിലും കൈ നീട്ടുന്നതോ കോടതികൾ കയറി ഇറങ്ങുന്നതോ ഒന്നും എനിക്ക് സഹിക്കാൻ കഴിയില്ല….

ചിലരൊക്കെ പറയാറുണ്ട് കേസ് കൊടുക്കാനും മറ്റുമൊക്കെ…. ഞാൻ എല്ലാം സ്നേഹ പൂർവ്വം നിരസിക്കാരാണ്…

പിന്നെ മാഹി നിനക്കോര്മയുണ്ടോ നമ്മുടെ മോറൽ ക്ലാസ്സ്‌ എടുത്തിരുന്ന സർ പറഞ്ഞത്….നരകം വിലക്കപ്പെട്ട 4 വിഭാഗം സ്ത്രീകളുടെ കൂട്ടത്തിലെ ഒരു വിഭാഗം…..
ചെറുപ്പത്തിൽ പിതാവ് നഷ്ട്ടപ്പെട്ട് അവരെ വളർത്താൻ അദ്വാനിക്കുന്ന സ്ത്രീ…..
അവരുടെ പദവിയിലേക്കെങ്കിലും എത്തിയിരുന്നുവെങ്കിൽ… നമ്മുടെ ഈ എളിയ ആരാധനകൾ കൊണ്ടൊന്നും രക്ഷപ്പെടും എന്ന് തോന്നുന്നുണ്ടോ നിനക്ക്….
ഇപ്പൊ അതൊക്കെയാണ്‌ എന്റെ സ്വപ്‌നങ്ങൾ…

ജീവിതത്തിന്റെ കടിഞ്ഞാൺ തന്നെ നഷ്ടപ്പെട്ടിട്ടും ജീവിത പരീക്ഷണങ്ങളിൽ തളരാതെ അതിൽ നിന്നെല്ലാം നന്മ മാത്രം കണ്ടെത്തി ജീവിക്കുന്ന അവളുടെ മനസ്സറിഞ്ഞപ്പോൾ അത്ഭുതത്തേക്കാൾ എനിക്ക് അഭിമാനമാണ് തോന്നിയത്…
അവളുടെ ഉള്ളിൽ ജ്വലിക്കുന്ന ഈമാനിനെ കുറിച്ചോർത്തു…

ബസ്സിൽ നിന്നും ഇറങ്ങാൻ നേരം ഫോൺ എടുത്തു അവൾ മോനെ കാണിച്ചു തന്നു….

നിഷ്കളങ്കമായ ഓമനത്തം തുളുമ്പുന്നൊരു അതിസുന്ദരൻ…

ഹാദി മോൻ അവന്റെ ഉപ്പയുടെ അതേ ഫേസ് കട്ടാ….

അത്‌ പറയുമ്പോൾ ആദ്യമായി ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…

ഞാൻ സലാം പറഞ്ഞു ബസ്സിറങ്ങിയിട്ടും അവളും അവളുടെ ജീവിതവും എന്നിൽ ഒരു കനലായി അവശേഷിച്ചു…

എങ്ങനെയാണ് ഒരു പുരുഷന് ഇത്രയും ക്രൂരനാകാൻ കഴിയുന്നത്‌… അതും തന്റെ ബീജത്തിന് ജന്മം കൊടുത്ത ഒരു പെണ്ണിനോട്……
എത്ര ആലോജിച്ചിട്ടും ഉത്തരം കിട്ടാതെ ആ ചോദ്യമിങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു….

അവളും ഒരു പെണ്ണല്ലേ… അവൾക്കും ഉണ്ടായിരുന്നിട്ടുണ്ടാവില്ലേ ഒരുപാട് നിറമുള്ള സ്വപ്‌നങ്ങൾ…. അവളും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ആ സ്വപ്‌നങ്ങൾ അത്രയും യാഥാർത്ഥ്യമാക്കാൻ……

മധു വിധു നാളിൽ കൊതി തീരാതെ മധുരം നുകരുന്നൊരു പുതു മണവാളനെ…….

പ്രാവാസിയുടെ എണ്ണി ചുട്ട ദിവസങ്ങളോട് വിട പറയുമ്പോൾ നിന്നിലെ ചൂടേറ്റ് മതിയായില്ല…….. ഞാൻ ഇനി തിരിച്ചു പോകുന്നില്ലെടീ എന്നും പറഞ്ഞ് നൊമ്പരപ്പെടുന്ന പ്രിയനെ…..

ശരീരം അകന്നിട്ടും മനസ്സിനെ അകലാൻ അനുവദിക്കാതെ നേരം പുലരുവോളം പരസ്പരം സ്വപ്‌നങ്ങൾ നെയ്യുന്ന തന്റെ പ്രിയ്യപ്പെട്ടവനെ…

ഇക്കാ നമുക്കൊരു സന്തോഷ വാർത്തയുണ്ട്… നമുക്കിടയിലേക്ക് ഒരു മാലാഖ കൂടി വരുന്നെന്നു പറഞ്ഞു ആ ചെവികളിൽ മന്ത്രിക്കുമ്പോൾ…
ഇനി നീ ഒറ്റക്കല്ലെടീ…… നല്ലോണം സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നോളണം എന്ന് സ്നേഹ പൂർവ്വം ശാസിക്കുന്ന തന്റെ കുട്ടിയുടെ ഉത്തരവാദിത്തമുള്ളൊരു പിതാവിനെ….

നിറവയറിന്റെ പരവശതകളിൽ തന്റെ ജീവന്റെ തുടിപ്പിന്റെ നിസ്വനങ്ങൾക്ക്‌ കാതോർക്കാൻ തന്റെ പ്രിയ്യപ്പെട്ടവനില്ലെന്ന് പരാതി പറയുമ്പോൾ………
ശരീരം മാത്രമേ പൊന്നേ ഇല്ലാത്തതെന്നും മനസ്സെപ്പോഴും നിന്റെ അരികത്തു തന്നെയാണെന്നും പറഞ്ഞു ആശ്വസിപ്പിക്കുന്ന എന്റെ എല്ലാമെല്ലാമായവനെ…..

കാത്തു കാത്തിരുന്നു നാട്ടിൽ നിന്നും ആ കാൾ വരുമ്പോൾ ഡാ അവൾ പ്രസവിച്ചെന്ന് കേൾകുമ്പോ കുട്ടിയെ ചോദിക്കുന്നതിനു പകരം അവൾക്കു കുഴപ്പമൊന്നുമില്ലല്ലോ എന്ന് വേവലാതിപ്പെടുന്ന അറ്റമില്ലാത്ത സ്നേഹകടലിനെ…..

രാത്രികളെ പകലുകളാക്കി ഒരു പോള കണ്ണടക്കാൻ സമ്മതിക്കാതെ കുറുമ്പ് കാട്ടുന്ന വാവക്കും ഉമ്മക്കും ഓൺലൈനിലൂടെ കാവലിരിക്കുന്ന തന്റെ തണലിനെ……

പിച്ച വെച്ചു തുടങ്ങുന്ന നാൾ മുതൽ കുഞ്ഞിന്റെ ഓരോ വീഴ്ചയിലും തന്നോടൊപ്പം ഇരുന്നു അവന്റെ കുസൃതികൾ ആസ്വദിക്കുന്ന തന്റെ നിഴലിനെ……

മോന്റെ ആദ്യ വാക്ക് ഉപ്പയാകണമെന്ന് ആഗ്രഹിക്കുമ്പോഴും ഉമ്മയെന്നുള്ള വിളി കേൾക്കുമ്പോൾ ഉള്ളാൽ അസൂയപ്പെടുന്ന തന്റെ ജീവനെ……

തന്നോടു വാശി പിടിച്ചു ഭക്ഷണം കഴിക്കാതെ പിണങ്ങുമ്പോ എനിക്കിന്ന് ഉപ്പച്ചി തന്നാൽ മതിയെന്ന് കൊഞ്ചുന്ന മോനെ വാരിയെടുത്തു ഇവൻ എന്റെ മോനാടീ എന്ന് അഹങ്കരിക്കുന്ന അവന്റെ വാത്സല്യം നിറഞ്ഞ ഉപ്പച്ചിയെ……

അവളും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ തന്റെ മോൻ തന്റെ പ്രിയതമനോടൊപ്പം പടിയിറങ്ങണമെന്ന്……..

എത്ര മറക്കാൻ ശ്രമിച്ചിട്ടും മറക്കാൻ കഴിയാതെ അവളങ്ങനെ ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കുകയാണിപ്പോഴും……

സുഹൃത്തുക്കളെ

ഇതിന്ന് സമൂഹത്തിൽ ഒറ്റപ്പെട്ട സംഭവമല്ല…
നിസ്സാര കാരണങ്ങൾക്കു വേണ്ടി വിവാഹ മോചനം തേടിപ്പോകുന്ന എല്ലാ ആണിനോടും പെണ്ണിനോടും ഒന്നേ പറയാനുള്ളൂ… നിങ്ങളുടെ സ്വാർത്ഥതക്കും സന്തോഷത്തിനും വേണ്ടി സുഖം തേടിപ്പോകുമ്പോൾ അനാഥരാകുന്ന ജീവനുകളെ നിങ്ങൾ കാണാതെ പോകരുത്…

ഇവിടെ അവന് മാനസികമായി അവളോട് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ലെങ്കിൽ പിന്നെന്തിനാ അവൻ കാമ ഭ്രാന്തിൽ അവളുടെ ശരീരം മലിനമാക്കിയാത്‌……
അങ്ങനെയെങ്കിൽ ഇന്നു ആ മോൻ അനാഥനായി വളരുമായിരുന്നില്ല…..
അവൾക്കു മുമ്പിൽ പ്രതിസന്ധികളില്ലാതെ അനേകം വാതിലുകൾ തുറക്കപെടുമായിരുന്നു…. അവളിങ്ങനെ വിധവയായി കഴിയേണ്ടി വരുമായിരുന്നില്ല…..

മറ്റൊന്ന്
ഋതുക്കൾ മാറിയിട്ടും കാലം അവളിൽ ഏല്പിച്ച ആഘാതത്തിൽ നിന്നും ഒരു മോചനം അവളിൽ ഒരു വിധൂര സാദ്യത മാത്രമായി അവശേഷിക്കുന്നുവെന്നതിനു തെളിവാണ് ഇനിയൊരു പരീക്ഷണത്തിനില്ലാ എന്നും പറഞ്ഞു സ്വയമൊരു ഒളിച്ചോട്ടം…..

ഇത്രയും ചെറുപ്പത്തിലെ ഒരുപാട് പരീക്ഷണങ്ങൾ ഒരുമിച്ചു നേരിടേണ്ടി വന്നപ്പോൾ ആ മനസ്സ് അത്രത്തോളം മരവിച്ചിരിക്കണം….

സ്വന്തം മോള്ക്കോ സഹോദരമാർക്കോ ഇതുപോലൊരു അവസ്ഥ നേരിടേണ്ടി വരുമ്പോഴേ ഇവരൊക്കെ പഠിക്കുകയുള്ളൂ…..
കാലം അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി ക്രൂരമായി പ്രതികാരം വീട്ടിയിരിക്കും എന്നത് ഇത്തരക്കാർ ഒന്ന് ചിന്തിച്ചാൽ നല്ലത്…….

അവസാനിച്ചു
Also Read : Part 1 നല്ലൊരു കുടുംബിനിയെന്ന ഒറ്റ സ്വപ്നമെ എനിക്കുണ്ടായിരുന്നുള്ളൂ…
Also Read : Part 2 ;മധുവിധുന്റെ സന്തോഷമോ പ്രതീക്ഷകളോ ഇക്കയുടെ മുഖത്ത് കണ്ടില്ല… വല്ലാത്തൊരു ഒറ്റപ്പെടൽ
Also Read : Part 3 ;മറ്റാരും അറിയുന്നതിന് മുമ്പ് ഗർഭം ഒഴിവാക്കി അവളെ വീട്ടിൽ പറഞ്ഞയക്കാനാണ് അവൻ പറയുന്നത്….
Also Read : Part 4 ;പ്രസവ വേദനയുമായി ഹോസ്പിറ്റലിലേക്ക്‌ പോവുന്നതിനു മുമ്പ് ഇക്കയോടൊന്ന് സംസാരിക്കണം….

LEAVE A REPLY

Please enter your comment!
Please enter your name here