Home Latest മറ്റാരും അറിയുന്നതിന് മുമ്പ് ഗർഭം ഒഴിവാക്കി അവളെ വീട്ടിൽ പറഞ്ഞയക്കാനാണ് അവൻ പറയുന്നത്…. “

മറ്റാരും അറിയുന്നതിന് മുമ്പ് ഗർഭം ഒഴിവാക്കി അവളെ വീട്ടിൽ പറഞ്ഞയക്കാനാണ് അവൻ പറയുന്നത്…. “

0

റാഷി Part 3 തുടരുന്നു

ഉമ്മയത് പറയുമ്പോൾ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു

“” അവന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല….
അവന് റാഷിയെ വേണ്ട.. മറ്റാരും അറിയുന്നതിന് മുമ്പ് ഗർഭം ഒഴിവാക്കി അവളെ വീട്ടിൽ പറഞ്ഞയക്കാനാണ് അവൻ പറയുന്നത്…. “””

മുഴുവൻ കേൾക്കാനുള്ള ത്രാണിയൊന്നും എനിക്കില്ലായിരുന്നു.. വിറക്കുന്ന കാലടികളോടെ എങ്ങനെയാണ് റൂമിൽ എത്തിയതെന്നറിയില്ല…

കേട്ട വാർത്തയത്രയും വിശ്വസിച്ചേ മതിയാകൂ… കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും പൊഴിഞ്ഞില്ല. അത്ര മാത്രം മരവിച്ചിരുന്നു മനസ്സും ശരീരവും….

ഇല്ല…… എന്ത് വന്നാലും ആരു എതിർത്താലും ഞാനെന്റെ കുഞ്ഞിനെ വളർത്തും… ഈ മഹാ പാപത്തിനു സമ്മതിക്കില്ല… ഉറച്ചൊരു തീരുമാനവുമായി ഞാൻ ഫോൺ എടുത്തു… എല്ലാം എന്റെ വീട്ടുകാരെ അറിയിക്കുക തന്നെ… പ്രതീക്ഷയുടെ എല്ലാ പുലരികളും ഇന്നു അസ്തമിച്ചിരിക്കുന്നു…
അവരും എന്റെ അവസ്ഥ അറിയുമ്പോൾ തളര്ന്നു പോയേക്കാം… എന്നാലും എന്റെ മുമ്പിൽ വേറെ വഴികളില്ലായിരുന്നു…

പക്ഷെ അതിനു മുന്നേ എനിക്ക് ചിലത് അറിയാനുണ്ട്… ഞാനീ വേട്ടയാടപ്പെടുന്നത്തിന്റെ കാരണം…. എന്റെ ഇക്കയുടെ മനസ്സിൽ ഇത്ര മാത്രം ഞാൻ വെറുക്കപ്പെട്ടതിന്റെ പൊരുൾ….
അതെങ്കിലും അറിയാനുള്ള അവകാശം എനിക്കില്ലേ…
ഇത്രയൊക്കെ സഹിക്കുന്ന മനസ്സിന് അതും അധികമാവില്ല..അതും കൂടി അറിഞ്ഞിട്ടു മതി ഈ പടിയിറങ്ങൽ…

രണ്ടും കല്പിച്ചു ഞാൻ അടുക്കളയിലോട്ട് ചെന്നു…
ഉപ്പാക്ക് ചായയെടുക്കുന്ന ഉമ്മ എന്നെ കണ്ടിട്ടും മുഖം തരാതെ തിരിഞ്ഞ് നിന്നു…
പാവം എന്നെ ഫേസ് ചെയ്യാൻ പോലും കഴിയാത്ത ഉമ്മയെ കണ്ടപ്പോ കണ്ണുകൾ വീണ്ടും നിറഞ്ഞു…

ഉമ്മാാാാ… ഞാൻ പതുക്കെ വിളിച്ചു

എന്താ മോളെ…

ഞാൻ ഒരു കാര്യം ചോദിച്ചാൽ ഉമ്മക്ക് സങ്കടം ആകരുത്.. ഉമ്മ ഉപ്പയോട് പറയുന്നതെല്ലാം ഞാൻ കേട്ടു….
എനിക്ക് ഒന്നു അറിയണമെന്നുണ്ട്….

ഇക്ക എന്നെ ഇത്രത്തോളം വെറുക്കാൻ കാരണം…??

ഇക്കാക് ഈ കല്യാണം ഇഷ്ട്ടമുണ്ടായിരുന്നില്ലേ……???

അതോ ഇക്കാന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ…….???

ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദിച്ചപ്പോഴേക്കും ഞാനാകെ വിയർത്തു കുളിച്ചിരുന്നു…

അതിനു മറുപടിയെന്നോണം
ഉമ്മ എന്നെയും കെട്ടിപിടിച്ചു ഒരൊറ്റ കരച്ചിലായിരുന്നു പിന്നെ…
ദിവസങ്ങളായി ആർത്തിരമ്പിക്കൊണ്ടിരുന്ന കാർമേഘങ്ങൾ ഒന്നിച്ചു ഭൂമിയിലേക്ക് പതിക്കുന്നത് പോലെ തോന്നിയെനിക്ക്….

എനിക്കും പിടിച്ചു നിൽകാൻ കഴിഞ്ഞില്ല….

ഉമ്മാ ഒന്നും നിങ്ങളെ കരയിപ്പിക്കാൻ വേണ്ടിയല്ല….

എനിക്ക് ഒന്നറിയാൻ വേണ്ടി മാത്രം…

ഒരു വിധം പണിപ്പെട്ട് ഉമ്മ പറയാൻ നോക്കുന്നുണ്ട്…

പക്ഷെ അടക്കിപ്പിടിച്ച തേങ്ങലുകളിൽ അവ ഗദ്ഗദങ്ങളായി വീർപ്പുമുട്ടി …

മോളെ….

ന്റെ മോൾ ഈ ഉമ്മാനോട് ക്ഷമിക്കണം….

വീണ്ടും തേങ്ങലുകൾ മാത്രം….

ഈ ഉമ്മാന്റെ സ്വാർത്ഥതയാണ് ഇതിനെല്ലാം കാരണം…
എന്റെ മോളെ എനിക്ക് അത്രമാത്രം ഇഷ്ട്ടമായിരുന്നില്ലേ……
നിന്നെ വിട്ടു കൊടുക്കാൻ എനിക്കു മനസ്സില്ലായിരുന്നു…

അവൻ നാട്ടിൽ വന്നു നിന്നെ കാണാൻ വരുന്നത് വരെ അവനും ഈ കല്യാണത്തിനു പൂർണ്ണ സമ്മതവും സന്തോഷവുമായിരുന്നു…
അന്ന് നിന്നെ കണ്ട്‌ മടങ്ങി വന്നതിന് ശേഷം അവന്റെ വാക്കുകൾ കേട്ട് ഞങ്ങൾ നടുങ്ങിപ്പോയി….

അവന് നിന്നെ അല്ല ഫെബിയെയാണ് ഇഷ്ട്ടപ്പെട്ടത്….അവളെയാണ് വേണ്ടതെന്നു….
അല്ലെങ്കിൽ അവനിപ്പോൾ കല്യാണം തന്നെ വേണ്ട…

ഞെട്ടിത്തരിച്ച ഞങ്ങൾ എത്ര പറഞ്ഞിട്ടും
അവൻ പറയുന്ന അസംബന്ധത്തെ കുറിച്ച് അവന്ന്‌ മനസ്സിലായില്ല…

ഞങ്ങൾ കണ്ടതും ഇഷ്ട്ടപ്പെട്ടതും ഞങ്ങൾക്ക് വേണ്ടതും നിന്നെയായിരുന്നു…

കല്യാണത്തിന്റെ വെറും 4 ദിവസം മുന്നേ അവന്റെ ഇങ്ങനൊരു മനം മാറ്റം എല്ലാവർക്കും ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…

പലരും ഉപദേശിച്ച് നോക്കി… ഈ അവസാന നിമിഷം രണ്ടു കുടുംബങ്ങളും നേരിടേണ്ടി വരുന്ന ദുരന്തത്തെപ്പറ്റി പലയാവർത്തി അവനെ ഓർമ്മപ്പെടുത്തി…

പക്ഷെ അവന്റെ നിലപാടിൽ ഒരു മാറ്റവും ഉണ്ടായില്ല….
അവൻ റൂമിൽ കയറി വാതിലും അടച്ചു ഇരിപ്പായി പിന്നെ ….

ഞാൻ കരഞ്ഞു കാലു പിടിച്ചു….
ഈ ഉമ്മാക്ക് വേണ്ടിയെങ്കിലും നീ അവളെ കെട്ടണമെന്ന്……
അല്ലെങ്കി നിന്റെ ഉമ്മ ജീവനോടെ ഇരിക്കില്ലെന്ന്…..
ഹൃദയം പൊട്ടിക്കരഞ്ഞ ദിവസങ്ങൾ…

പിന്നെ അവൻ ഒന്നും മിണ്ടിയിട്ടില്ല…
എന്റെ നിരാഹാരത്തിനും ഭീഷണിക്കും മുന്നിൽ ഒരു യാന്ത്രികമെന്നോണം എല്ലാം എനിക്ക് വേണ്ടി ചെയ്യുകയായിരുന്നു.

അപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു… നിന്നെ അറിഞ്ഞു കഴിഞ്ഞാൽ നിന്നോടൊത്ത് ജീവിച്ചു തുടങ്ങുമ്പോൾ എല്ലാം ശരിയാകുമെന്ന്…
ന്റെ മോളെ ഇഷ്ട്ടപ്പെടാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ……
പിന്നീടുള്ള പ്രാർത്ഥനകൾ മുഴുവൻ അതിനു വേണ്ടിയായിരുന്നു…..

പക്ഷേ ഞാൻ തോറ്റു മോളെ….അവൻ എന്നെ തോൽപ്പിച്ചു…

ന്റെ മോൾ ഈ ഉമ്മാനോട് ക്ഷമിക്കണം…..

ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നിയെനിക്ക്…

ഒരിക്കൽ പോലും ചിന്തയിൽ കടന്നു വരാത്തൊരു വാർത്ത…അതാണിന്നെന്റെ ഈ ദുർവിധിക്ക് കാരണം…. അറിഞ്ഞിട്ടല്ലെങ്കിലും മറ്റാരെക്കാളും ഞാൻ സ്നേഹിക്കുന്ന എന്റെ ഫെബി എന്റെ തകർച്ചക്കൊരു കാരണമായിരിക്കുന്നു…

ബാഷ്പ കണങ്ങൾക്കു പകരം ചുടുനിണങ്ങളായിരുന്നു നയനങ്ങളിലൂടെ ചാലിട്ടൊഴുകിയത്..

ഏങ്ങിയേങ്ങി കരയുന്ന ഉമ്മയെ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ഞാനങ്ങനെ നിശ്ചലമായി നിന്നു…

ആരെന്ത്‌ പറഞ്ഞാലും എന്റെ കുട്ടിയെ കൊല്ലാൻ മാത്രം ഈ ഉമ്മ ആർക്കും കൂട്ടു നിൽക്കരുതെന്ന് പറഞ്ഞു ഒരു കൊച്ചു കുട്ടിയെപ്പോലെ ആ മടിയിൽ കിടന്നു കരഞ്ഞപ്പോൾ ഉമ്മയുടെ വാക്കുകൾ എനിക്ക് ഏറെ ആശ്വാസം നൽകി..

ഇല്ല മോളെ ആ മഹാപാപത്തിന് ഞാൻ അവന് കൂട്ടു നിൽക്കുമെന്ന് നീ കരുതേണ്ട…
അവന് വേണ്ടെങ്കിലും നമുക്ക് വളർത്തണം നമ്മുടെ കുഞ്ഞിനെ…

ഫോൺ എടുത്തു എല്ലാം ഉപ്പയെ അറിയിക്കുമ്പോൾ മറുതലക്കൽ വെറും മൗനം മാത്രമായിരുന്നു മറുപടി… പെട്ടന്നുള്ള ഷോക്കിൽ ഒരുപക്ഷേ ആ ഹൃദയം തന്നെ തണുത്തുറച്ചു കാണും…

ജലമുറച്ച ദീർഘ ശിലപോലെ ജീർണ്ണമായി അവിടെ നിന്നും പടിയിറങ്ങുമ്പോൾ ആ പുലരി പോലും വിഷാദ പൂർവ്വം തല കുമ്പിട്ടു നിൽക്കുന്നത്‌ പോലെ തോന്നിയെനിക്ക്..

ഇന്നലെയുടെ ഉണങ്ങാത്ത വൃണങ്ങളെ നോക്കി പൊട്ടി പ്പൊട്ടിക്കരയുന്ന ആ മാതൃഹൃദയത്തെ ഒരു നോക്ക് പോലും തിരിഞ്ഞ് നോക്കാൻ എനിക്ക് കഴിഞ്ഞില്ല…

വീട്ടിലേക്കുള്ള യാത്രയിൽ ഉപ്പ ഒന്നുമാത്രമേ സംസാരിച്ചുള്ളൂ….

അള്ളാഹു എനിക്ക് രണ്ടു മക്കളെ തന്നു… ഇനി ഒന്നും കൂടി എനിക്ക് അതികമാവില്ല… എന്റെ മോൾ തളരാതിരുന്നാൽ മാത്രം മതിയെനിക്ക്.. അത്‌ മാത്രം ഈ ഉപ്പാക്ക് താങ്ങാനാകില്ല….

ഞാൻ ഉപ്പയുടെ കൈകളിൽ മുറുകെപ്പിടിച്ചു..ആ കൈകളപ്പോൾ വിറക്കുന്നുണ്ടായിരുന്നു…..

ആ സമയത്തെ എന്റെ മാനസികാവസ്ഥയും സുരക്ഷയും കണക്കിലെടുത്താവണം എന്റെ തകർച്ചയുടെ നൊമ്പരങ്ങളൊന്നും എന്റെ വീട്ടിൽ ആരും പുറത്ത് കാണിച്ചില്ല..സദാ സമയവും സന്തോഷവാന്മാരായി ഒരു നിമിഷം പോലും എന്നെ ഒറ്റയ്ക്ക് വിടാതെ എന്റെ കൂടെ നിന്നു.

പക്ഷെ നിസ്കാര റൂമിൽ നിന്നും ഉയരുന്ന അടങ്ങിയ തേങ്ങലുകൾ മാത്രം മതിയായിരുന്നു എന്റെ ദുരവസ്ഥയിൽ അവർ എത്രമാത്രം ഉരുകുന്നുണ്ടെന്നറിയാൻ…

അയൽവാസികൾക്കും കുടുംബങ്ങൾക്കും ഗർഭാരംഭത്തിൽ സ്വന്തം വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ഒരു പുതു മണവാട്ടി മാത്രമായിരുന്നു ഞാൻ..ഭർത്താവിന്റെ വീട്ടിലെ വിശേഷങ്ങൾ അറിയാൻ വെമ്പുന്ന സാധാചാരികളിൽ നിന്നും ഞാൻ സ്വയം ഒഴിഞ്ഞു മാറി..

ആരും ഒന്നും അറിഞ്ഞില്ല….ഉമ്മയും ഉപ്പയും ആരെയും അറിയിച്ചതുമില്ല…

ഒരുപക്ഷേ അവരുടെ മനസ്സിൽ അപ്പോഴും ഒരു ഏറ്റു പറച്ചിലിന്റെ……. ഒരു മാപ്പപേക്ഷയുടെ……..ചെറു നാളങ്ങൾ പ്രകാശിക്കുന്നുണ്ടായിരുന്നേക്കാം…
പക്ഷെ എന്നിൽ മാത്രം സകല വാതിലുകളും കൊട്ടിയടഞ്ഞിരുന്നു..

ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴി മാറി…
അവരുടെ മുഖങ്ങളിലും നിരാശയുടെ കരി നിഴലുകൾ പ്രതിധ്വനിക്കാൻ തുടങ്ങി..
അതിനിടക്ക് ഉമ്മയും ഉപ്പയും സീനയും രണ്ടു മൂന്നു തവണ വന്നു പോയി..

ആളുകൾ അടക്കം പറയാൻ തുടങ്ങി… ഞങ്ങളെക്കാൾ ആധിയായിരുന്നു അവർക്ക് ഞാൻ തിരിച്ചു പോകാത്തതിൽ.ആരെയും കുറ്റം പറയാൻ പറ്റില്ലല്ലോ…
സമൂഹം അങ്ങനെയല്ലേ…..
ചോദ്യ ശരങ്ങൾ മനം മടുപ്പിച്ചപ്പോൾ ഒടുവിൽ എല്ലാവരോടും പറയേണ്ടി വന്നു… പലരും പലതും പറഞ്ഞു കളിയാക്കി. ചിലർ കണ്ണീനീർ പൊഴിച്ചു……

പ്രസവ ദിനങ്ങൾ അടുക്കും തോറും ഞാൻ അല്ലാഹുവിലേക്ക് കൂടുതൽ അടുത്തു..അധിക സമയവും പ്രാർത്ഥനകളിലും ദിക്റുകളിലുമായി ചിലവിട്ടു… അതുകൊണ്ടൊക്കെയാവാം അപ്പോഴേക്കും എവിടെ നിന്നോ ചില അദൃശ്യ ശക്തികൾ എന്നെ ആവരണം ചെയ്തിരുന്നു… പഴയ പോലെ ഒന്നും ചിന്തിക്കാറില്ല…
ഓർമ്മകളുണർത്തുന്ന ഒരു ഭാഗത്തേക്കും ചെവി കൊടുക്കാറില്ല..
എന്റെയും കുഞ്ഞിന്റെയും ആരോഗ്യം മാത്രമായിരുന്നു മനം നിറയെ….

നിറവയറിന്റെ പരവശതകൾ വേണ്ടുവോളം അലോസരപ്പെടുത്തിയപ്പോഴും എല്ലാ സ്വപ്നങ്ങളെയും അർത്ഥമില്ലാത്ത ലോകത്ത് ശവ മഞ്ചത്തിൽ അടക്കം ചെയ്തപ്പോഴും ഒരാഗ്രഹം മാത്രം എന്നിൽ ബാക്കിയായിരുന്നു….. പിന്നീടുള്ള തേട്ടങ്ങൾ ഒക്കെയും അതിന്നു വേണ്ടിയായിരുന്നു……

( തുടരും )
Also Read : Part 1 നല്ലൊരു കുടുംബിനിയെന്ന ഒറ്റ സ്വപ്നമെ എനിക്കുണ്ടായിരുന്നുള്ളൂ…
Also Read : Part 2 ;മധുവിധുന്റെ സന്തോഷമോ പ്രതീക്ഷകളോ ഇക്കയുടെ മുഖത്ത് കണ്ടില്ല… വല്ലാത്തൊരു ഒറ്റപ്പെടൽ
Also Read : Part 3 ;മറ്റാരും അറിയുന്നതിന് മുമ്പ് ഗർഭം ഒഴിവാക്കി അവളെ വീട്ടിൽ പറഞ്ഞയക്കാനാണ് അവൻ പറയുന്നത്….
Also Read : Part 4 ;പ്രസവ വേദനയുമായി ഹോസ്പിറ്റലിലേക്ക്‌ പോവുന്നതിനു മുമ്പ് ഇക്കയോടൊന്ന് സംസാരിക്കണം….

LEAVE A REPLY

Please enter your comment!
Please enter your name here