Home Latest മധുവിധുന്റെ സന്തോഷമോ പ്രതീക്ഷകളോ ഇക്കയുടെ മുഖത്ത് കണ്ടില്ല… വല്ലാത്തൊരു ഒറ്റപ്പെടൽ

മധുവിധുന്റെ സന്തോഷമോ പ്രതീക്ഷകളോ ഇക്കയുടെ മുഖത്ത് കണ്ടില്ല… വല്ലാത്തൊരു ഒറ്റപ്പെടൽ

1

റാഷി Part 2

പക്ഷെ എന്റെ സുമോഹന സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമായിരുന്നില്ല എന്നെ അവിടെ കാത്തിരുന്നിരുന്നത്‌.. ആദ്യ ദിനം തന്നെ എനിക്കത് ഫീൽ ചെയ്തു തുടങ്ങി.
മധുവിധുന്റെ സന്തോഷമോ പ്രതീക്ഷകളോ ഇക്കയുടെ മുഖത്ത് കണ്ടില്ല..
എന്നോട് മാത്രം ഒരു മ്ലാനതയായിരുന്നു എപ്പോഴും … എന്നെ കാണുമ്പോൾ മാത്രം അയാൾ മുഖം തിരിച്ചു നടന്നു.. എന്തോ എന്നെ ഉൾകൊള്ളാൻ പ്രയാസമുള്ളത് പോലെ…
പേടിച്ചു പേടിച്ചു വല്ലതും ചോദിച്ചാൽ തന്നെ കേട്ടില്ലെന്ന് നടിക്കുന്നു അല്ലെങ്കിൽ എടുത്തടിച്ചത് പോലെയൊരു മറുപടി..
ബെഡ് റൂമിൽ എന്റെ ശരീരം മാത്രം അയാൾക്ക്‌ ഭാര്യയുടെതായിരുന്നു..

വല്ലാത്തൊരു ഒറ്റപ്പെടൽ എന്നെ അലട്ടാൻ തുടങ്ങി..
സീനയും ഉമ്മയും തണലായി കൂടെയുണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം…
ഒരു ഭാര്യയയോടുള്ള കടമകൾകൊന്നും അയാളുടെ പക്കൽ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല.. പക്ഷെ ഞാൻ മാത്രം എല്ലാം കൃത്യമായി ചെയ്തു പോന്നു..ഇക്കയുടെയോ വീട്ടിലെയോ ഒരു കാര്യത്തിലും ഞാൻ ഒരു കുറവു വരുത്തിയില്ല.. ഒരു വാക്കു കൊണ്ട് പോലും ഞാൻ ആരെയും വേദനിപ്പിച്ചില്ല..

പ്രതീക്ഷകളുടെ ചില്ലു കൊട്ടാരം തകർന്നടിയുകയാണോ.. ഒതുക്കി പിടിച്ച തേങ്ങലുകൾ കൺ തടങ്ങളിൽ കൈ വരികൾ തീർത്തപ്പോഴും പുറത്തു ഞാൻ സന്തോഷവതിയായി..ആരെയും ഒന്നുമറിയിച്ചില്ല. എന്റെ വീട്ടുകാരെ പോലും..

പക്ഷെ ഉമ്മയെല്ലാം ശ്രദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.. ഒരു ദിവസം ഉമ്മയെന്നോട് പറഞ്ഞു…
മോൾ വെഷമിക്കണ്ട… പക്വതക്കുറവാ അവന്.. മൂത്ത കുട്ടിയല്ലേ…. ഉപദേശിക്കാനും വഴക്ക് പറയാനൊന്നും ആരുമില്ലാത്തതിന്റെ വഷളത്തരം ആവോളം ഉണ്ടവന്.. കുറച്ചു കഴിഞ്ഞാ എല്ലാം ശരിയായിക്കോളും…

സത്യത്തിൽ എനിക്കും ആ പ്രതീക്ഷ തന്നെയായിരുന്നു.. രണ്ടു ജീവിത സാഹചര്യങ്ങളിൽ ജീവിച്ചവർ പെട്ടന്നൊരു സുപ്രഭാതത്തിൽ ഒരുമിക്കുമ്പോൾ പൊരുത്തക്കേടുകൾ സ്വാഭാവികം… എല്ലാം നല്ലതിനാവുമെന്നൊരു തോന്നൽ എന്നെ മുന്നോട്ടു നയിച്ചു..വേദനകളെല്ലാം അള്ളാഹുവിന്റെ മുമ്പിൽ മാത്രം ഇറക്കി വെച്ചു. അഞ്ചു നേരവും അവനോടു മനമുരുകി പ്രാർത്‌ഥിച്ചു…

ഇക്കാക് തിരിച്ചു ഗൾഫിലേക്ക് പോകാനുള്ള ദിനമടുക്കും തോറും എന്റെയുള്ളിൽ വേവലാതികളുടെ തിരകൾ ആർത്തലക്കുകയായിരുന്നു.. ഓരോ ദിവസവും പ്രതീക്ഷയുടെതായിരുന്നു… പക്ഷെ ഇക്കയിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല. ഹൃദയം പൊട്ടി പിളരുന്ന വേദനയോടെയായിരുന്നു ഞാനാ ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്.. തന്റെ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട ദിവസങ്ങളാണ് ഇങ്ങനെ അർത്ഥമില്ലാതെ കടന്നു പോകുന്നത്…എന്റെ മുഖത്തു നോക്കി ഒരിക്കലെങ്കിലും ഒന്ന് ചിരിച്ചാൽ മാത്രം മതിയായിരുന്നെനിക്ക്..

സൽക്കാരങ്ങളൊക്കെ അതിന്റെ മുറ പോലെ നടന്നു കൊണ്ടിരിന്നു.. പക്ഷെ യാത്രകൾ അത്രയും ഏകാന്തമായ മനസ്സുകളുമായിട്ടായിരുന്നു… പ്രണയ സല്ലാപങ്ങളും തമാശകളും നിറയേണ്ട യാത്രകളൊക്കെ മൌനത്തിന്റെ മൂകതകൾക്ക് വഴി മാറുമ്പോൾ ചങ്ക് പിടഞ്ഞു മരിച്ചു പോകുമോ എന്ന് പോലും ഭയന്നിട്ടുണ്ട്… എന്തിനാണ് എന്നെയിങ്ങനെ ഒറ്റപ്പെടുത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യ ചിഹ്നമായിരുന്നു. അതായിരുന്നു ഏറ്റവും വലിയ ഹൃദയ നൊമ്പരം..

പോകുന്നതിന്റെ തലേന്ന് രാത്രിയും പ്രതീക്ഷകളെക്കാളെറെ പ്രാർത്ഥനകളുമായിട്ടാണ് ഞാൻ കിടപ്പറയിൽ പ്രവേശിച്ചത്…

ഞങ്ങളുടേത് മാത്രമായി കുറച്ചു നിമിഷങ്ങൾ…..
ഒന്നണച്ചു പിടിച്ചു ആ മാറിലൊന്നു ചായാൻ….
പാറിക്കിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കി
വാത്സല്യ പൂർവ്വം നെറ്റിയിലൊരു മുത്തം….

ഇല്ല ഒന്നും ഉണ്ടായില്ല… ഇക്ക പതിവു തെറ്റിക്കാതെ തന്റെ കാര്യങ്ങൾ കഴിച്ചു ഉറക്കത്തിലേക്ക്‌ ചാഞ്ഞു….ഒന്നാർത്തട്ടഹസിക്കാൻ തോന്നിയെനിക്ക്…ഈ ജീവിതം തന്നെ ഇവിടെ തീർന്നിരുന്നുവെങ്കിൽ എന്ന് വരെ ചിന്തിച്ചുപോയി ഞാനാ സമയത്ത്..
അടക്കി പിടിച്ച തേങ്ങലുകൾ തലയിണയിൽ അമർത്തി… എത്ര നേരം അങ്ങനെ കിടന്നു കരഞ്ഞു എന്നറിയില്ല… അവസാനം ഞാൻ രണ്ടും കല്പിച്ചു എണീറ്റു… ഒന്നറിയാൻ… എന്തിനാണ് എന്നെയിങ്ങനെ വിഷം തീറ്റിക്കുന്നതെന്ന്‌….
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാൻ ഇക്കാക്ക്‌ നേരെ ചെന്നു…
എന്നെയിങ്ങനെ ഇഞ്ചിഞ്ചായി കൊന്നു സ്വസ്ഥമായിട്ടുറങ്ങുന്ന ആ മുഖം കണ്ടപ്പോൾ ആദ്യമായി ഇക്കയോട് ദേഷ്യം തോന്നി…

നാളെ യാത്രയുള്ളതല്ലേ… ഞാൻ കാരണം ഈ അവസാനം വെച്ചു ഒരു ബുദ്ദിമുട്ടുണ്ടാക്കണ്ടെന്നും കരുതി തിരിഞ്ഞു കിടന്നു…

ഉറക്കമില്ലാത്ത രാത്രി…. ഒരു വേള പോലും ഉറക്കം കണ്ണുകളെ തലോടിയില്ല… വിങ്ങുന്ന ഹൃദയത്തെ തണുപ്പിക്കാൻ ഇന്ന് ഇനി എനിക്ക് ഒരു ആശ്വാസ വാക്കു പോലുമില്ല…….
മനസ്സിന്റെ കടിഞ്ഞാൺ തന്നെ കൈ വിട്ടു പോകുമോ എന്ന് വരെ തോന്നിത്തുടങ്ങിയപ്പോൾ ബെഡിൽ നിന്നും എണീറ്റു ശുദ്ധി വരുത്തി അല്ലാഹുവിന്റെ മുമ്പിൽ ഇരു കൈകളും നീട്ടി… കരഞ്ഞു വീർത്ത കണ്ണുകളും ആർത്തിരമ്പുന്ന മനസ്സുമായി
ആദ്യാമായി മണിക്കൂറുകളോളം അള്ളാഹുവിന്റെ മുമ്പിൽ…

ഒരു വിധം മനസ്സിനെ പാകപ്പെടുത്തി ഞാൻ നിസ്കാര പായയിൽ നിന്നും എണീറ്റു അടുക്കളയിലേക്ക് നടന്നു… ഇക്കാക് പോകുമ്പോൾ കഴിക്കാൻ വേണ്ട ഭക്ഷണമൊക്കെ തയ്യാറാക്കി…
പോകാനുള്ള സമയം അടുക്കുംതോറും ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു..
കുളിച്ചു റെഡിയായി വണ്ടിയിലേക്ക്‌ കയറാൻ നേരം കണ്ണീർ പൊഴിക്കുന്ന ഉമ്മയെയും സീനയെയും മാറോട് ചേർത്തി കണ്ണീർ തുടച്ചു കൊടുക്കുന്ന ഇക്കയെ കണ്ടപ്പോൾ പോയിട്ട് വരാം എന്നുള്ള ഒരു വാക്കെങ്കിലും ഞാനും കൊതിച്ചു… പക്ഷെ എന്നിലെരിയുന്ന കനൽ കണ്ടിട്ടും കാണാതെ ഇക്ക യാത്ര പറഞ്ഞിറങ്ങി….
പിന്നെയൊരു പൊട്ടിക്കരച്ചിലായിരുന്നു..ഇക്കാനെ യാത്രയാക്കാൻ വന്ന എന്റെ ഉമ്മയെ പിടിച്ച്… അതുവരെ പിടിച്ചു വച്ച സകല നിയന്ത്രണവും വിട്ടു…

മധു വിധു നുകർന്ന് തീരും മുമ്പ് പറിച്ചു നടപ്പെട്ടതിന്റെ വിരഹമായേ ഉമ്മാക്കപ്പോൾ തോന്നിയിട്ടുണ്ടാകൂ….രണ്ടു ദിവസം കഴിഞ്ഞു കൊണ്ട് പോകാൻ വരാം എന്ന് പറഞ്ഞു ഉമ്മയും ഉപ്പയും കൂടി അവിടെ നിന് പടിയിറങ്ങിയപ്പോൾ തികച്ചും ഞാൻ ഒറ്റപ്പെട്ടു…

എന്നാലും എപ്പോഴും ഒരു പ്രതീക്ഷയും കാത്തിരിപ്പുമാണ്.. ഒരിക്കൽ പോലും ഒരു നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത എന്നെ തേടി എന്റെ ഇക്ക വരും എന്നൊരു തോന്നലാണ് അവിടെ പിടിച്ചു നിൽക്കാൻ പിന്നെയും എനിക്ക് ഊര്ജ്ജം നല്കിയത്..
ഇക്കയുടെ വിളിക്കായുള്ള കാത്തിരിപ്പായിരുന്നു പിന്നെ….
ഉമ്മയുടെ ഫോൺ റിംഗ് ചെയ്യുന്നതും കാതോർത്തിരുന്നു… കാത്തു കാത്തിരുന്നു
വൈകുന്നേരം ആ കാൾ വന്നു.. പ്രതീക്ഷയോടെ ഞാൻ ഉമ്മയുടെ അടുത്തു തന്നെ നിന്നു.. ഉമ്മ യാത്രാ വിശേഷങ്ങളൊക്കെ തിരക്കി എനിക്ക് നേരെ ഫോൺ നീട്ടി.. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞാൻ ഫോൺ ചെവിയോട് ചേർത്തു വെച്ചു…. വിറക്കുന്ന അധരങ്ങളാൽ സലാം പറയുമ്പോൾ ഞാൻ കേൾകുന്നത് കാൾ കട്ടായ ബീപ് ശബ്ദമാണ്….
ഒന്നും മിണ്ടാതെ ഫോൺ ഉമ്മന്റെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു.. ഉമ്മ എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു… അവൻ ഇതിനൊക്കെ അനുഭവിക്കും എന്നും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടക്കുന്നത് കണ്ടപ്പോൾ സാരമില്ല ഉമ്മാ എന്നും പറഞ്ഞു ഞാൻ റൂമിലേക്ക്‌ നടന്നു…

ഇക്ക പോയി ഒരാഴ്ച കഴിഞ്ഞിട്ടും ഞാൻ എന്റെ വീട്ടിലേക്കു പോയില്ല.. ഉമ്മ വിളിക്കുമ്പോഴോക്കെ പല കാരണം പറഞ്ഞു ഞാൻ ഒഴിവായി ..എന്തോ ഇക്ക ഒരിക്കലെങ്കിലും വിളിക്കാതെ എനിക്ക് പോകാൻ തോന്നിയില്ല…. ഓരോ തവണ ഇക്ക ഉമ്മക്ക് വിളിക്കുമ്പോഴും എനിക്ക് വിളിക്കാത്തതിന്റെ പേരിൽ അവർ വഴക്ക് കൂടുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു… പലപ്പോഴും ഉമ്മ നിർബന്ധിച്ചു ഫോൺ എനിക്ക് കൊണ്ട്‌ വന്നു തരുമ്പോഴേക്കും അത്‌ കട്ടായിട്ടുണ്ടാകും….
പ്രതീക്ഷയുടെ മുൾ നാമ്പുകളെല്ലാം കരിഞ്ഞു തുടങ്ങിയപ്പോൾ ഞാനെല്ലാം എന്റെ വീട്ടുകാരെ അറിയിക്കാൻ തന്നെ തീരുമാനിച്ചു…..

അപ്പോഴാണ്‌ ഞാൻ മറ്റൊരു സത്യം തിരിച്ചറിയുന്നത്… ഈ മാസം തന്റെ ശരീരം വരവറിയിച്ചിട്ടില്ല…..
അതെ ഇക്കാന്റെ ചോരത്തുടിപ്പ് എന്റെ ഉദരത്തിൽ രൂപം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു…
ഓരോ പെണ്ണിന്റെയും സ്ത്രീത്വം അനുഗ്രാഹീതമാക്കാപ്പെടുന്ന നിമിഷം…ഓരോ പെണ്ണും ഏറ്റവും കൂടുതൽ മതിമറന്നു സന്തോഷിക്കുന്ന വാർത്ത…..
പക്ഷെ എനിക്ക് മാത്രം അതൊരു മരവിപ്പിന്റെ വാർത്തയായിരുന്നു…നാടുക്കടലിലെ കൊടും കാറ്റിൽ അകപ്പെട്ട കപ്പൽ തീരമണയാൻ ശ്രമിക്കുമ്പോൾ ചുഴിയിൽ അകപ്പെട്ടതു പോലെയാണെനിക്ക് തോന്നിയത്….

എന്താണ് ചെയ്യേണ്ടതെന്നറിയാതെ ആരോടും പറയാതെ രണ്ടു ദിവസം ഞാൻ കഴിച്ചു കൂട്ടി…അവസാനം ഇക്കയുടെ ഉമ്മയോട് തന്നെ പറഞ്ഞു….
ആ സമയത്ത് ആ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ കണ്ട്‌ എന്റെ വയറ്റിലിരിക്കുന്ന കുഞ്ഞു പോലും കണ്ണ് നിറച്ചിരിക്കണം….
സന്തോഷിക്കണമോ കരയണമോ എന്നറിയാതെ ആ പാവവും കിടന്നലയുകയായിരുന്നു….
അത് കേട്ടത് മുതൽ മുമ്പത്തെക്കാലേറെ ശ്രദ്ദയാണ് ഉമ്മക്കെപ്പോഴും എന്റെ കാര്യത്തിൽ…..ഈ സമയത്ത് സങ്കടപ്പെടരുതെന്നും അത് കുഞ്ഞിനെ മോശമായി ബാധിക്കുമെന്നും വീണ്ടും വീണ്ടും എന്നെ ഓർമിപ്പിച്ചു….

അന്ന് വീണ്ടും ഞാൻ ഇക്കാന്റെ ഫോൺ വിളിക്കായി കാത്തിരുന്നു… അവസാനമായി ഒരു പ്രതീക്ഷ കൂടി… ഈയൊരു സന്തോഷ വാർത്ത ഉമ്മയിൽ നിന്നും അറിയുമ്പോഴേങ്കിലും ഇക്കാക്കൊരു മാറ്റം……
അക്ഷമയോടെ കാത്തിരുന്ന ആ കാൾ വന്നപ്പോൾ ഞാൻ പാതി തുറന്ന ജനലഴിക്കുള്ളിലൂടെ പ്രതീക്ഷ മുറ്റിയ മിഴികലാൽ അവരുടെ സംസാരം ശ്രദ്ദിച്ചു…

വിനീതമായി സംസാരിച്ചു കൊണ്ടിരുന്ന ഉമ്മയുടെ സംസാരം ഉയരുന്നതും സിറ്റൗറ്റിൽ നിന്നും ഇറങ്ങി മുറ്റത്തെ ഒരറ്റത്തേക്ക് മാറി സംസാരിക്കുന്നതും ഒടുവിൽ ഫോൺ കട്ട്‌ ചെയ്തു അവിടെ ഇരുന്നു പൊട്ടി പൊട്ടി കരയുന്നതും യാന്ത്രികമെന്നോണം ഞാൻ നോക്കി കണ്ടു….
എന്താണ് പറഞ്ഞതെന്നറിയില്ല…. എന്നാലും കണ്ട കാഴ്ചകാളത്രയും എനിക്ക് പ്രതികൂലമായിരുന്നു….. അത് കൊണ്ട്‌ തന്നെ ആ മറുപടി കേൾക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട്‌ തന്നെ ഉമ്മയോടൊന്നും ചോദിക്കാൻ പോയില്ല….

എന്നാൽ അന്ന് വൈകുന്നേരം ഉപ്പ വീട്ടിൽ വന്നു കയറിയ നേരം ഉമ്മ പറയുന്നത് കേട്ട് ഞാനാകെ തളര്ന്നു പോയി….കണ്ണുകളിൽ ഇരുട്ട് കയറി…വിറക്കുന്ന കാലുകൾ നിലത്തുറക്കാതായപ്പോൾ അടുത്തുള്ള ജനൽ കമ്പിയിൽ പിടി മുറുക്കി…….

തുടരും
Also Read : Part 1 നല്ലൊരു കുടുംബിനിയെന്ന ഒറ്റ സ്വപ്നമെ എനിക്കുണ്ടായിരുന്നുള്ളൂ…
Also Read : Part 2 ;മധുവിധുന്റെ സന്തോഷമോ പ്രതീക്ഷകളോ ഇക്കയുടെ മുഖത്ത് കണ്ടില്ല… വല്ലാത്തൊരു ഒറ്റപ്പെടൽ
Also Read : Part 3 ;മറ്റാരും അറിയുന്നതിന് മുമ്പ് ഗർഭം ഒഴിവാക്കി അവളെ വീട്ടിൽ പറഞ്ഞയക്കാനാണ് അവൻ പറയുന്നത്….
Also Read : Part 4 ;പ്രസവ വേദനയുമായി ഹോസ്പിറ്റലിലേക്ക്‌ പോവുന്നതിനു മുമ്പ് ഇക്കയോടൊന്ന് സംസാരിക്കണം….

LEAVE A REPLY

Please enter your comment!
Please enter your name here