Home Latest എനിക്ക് വയസ്സറിയിക്കുന്നത് വരെ അഭിയേട്ടനെന്റെ സ്വന്തം ഏട്ടനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്

എനിക്ക് വയസ്സറിയിക്കുന്നത് വരെ അഭിയേട്ടനെന്റെ സ്വന്തം ഏട്ടനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്

0

ദൈവമേ നേരം ഇരുട്ടായല്ലോ. ഏട്ടനും അഭിയേട്ടനുംകൂടെ എന്നെ ഇന്ന് കൊന്ന് തിന്നും ഉറപ്പാണ്. വീട്ടിൽ പറയാതെ ഇത്രേം വൈകുന്നത് ഇതാദ്യമാണ്. എപ്പോഴോ അന്ത്യശ്വാസംവലിച്ച കയ്യിലെ ഫോണിലെ തെളിയാത്ത സ്ക്രീനിലേക്ക് ഞാൻ ഒന്നൂടെ നോക്കി.. നാശം പിടിക്കാൻ..

കോളേജിൽ ക്ലാസ് നടന്നോണ്ടിരിക്കുമ്പോഴാണ് ഉറ്റ ചങ്ങാതി പ്രിയ തലകറങ്ങി വീണത്. പെട്ടന്നുതന്നെ അവളെ എടുത്തു അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ബി പി കുറഞ്ഞതാണെന്നും പേടിക്കാനൊന്നുമില്ലെന്നും ഡോക്ടർ വന്നുപറഞ്ഞപ്പോഴാണ് ആശ്വാസമായത്.
അവളുടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ പെട്ടന്നുതന്നെ അവരെത്തി. കൂടെയുള്ള എല്ലാവരും തിരിച്ചു കോളേജിലേക്കുതന്നെ പോയപ്പോഴും എന്തോ രണ്ടുവർഷത്തോളം ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കിട്ടുകഴിച്ച അവളെ ആ അവസ്ഥയിൽ ഇട്ടിട്ടുപോരാൻ മനസ്സനുവദിച്ചില്ല. അതുകൊണ്ടാണ് അവളെ ഡിസ്ചാർജ് ആക്കുന്നതുവരെ അവിടെയിരുന്നത്.

പക്ഷെ ഈ കാരണമൊന്നും പറഞ്ഞാൽ അഭിയേട്ടൻ ചെവികൊള്ളില്ല, ഏട്ടന്റെ മുന്നിൽ എങ്ങനേലും പിടിച്ചുനിൽക്കാൻ കഴിയും പക്ഷെ അഭിയേട്ടൻ… എന്താവുമോ എന്തോ
ഇഴഞ്ഞു നീങ്ങുന്ന ബസ്സിന്റെ വിൻഡോ സീറ്റിലിരുന്ന് ഞാൻ പുറത്തേക്ക് നോക്കി. ആകാശത്തുനിന്നും നിലാവ് മരച്ചില്ലകളിലേക്ക് പെയ്തിറങ്ങുന്നു, ഇടവിടാതെ തണുത്തകാറ്റിൽ എന്റെ മുടി തിരമാലകണക്കെ പിന്നിലേക്കൊഴുകുന്നുണ്ട് . പണ്ടെന്നോ കേട്ടുമറന്ന ബസ്സിലെ പ്രണയഗാനം കാതിൽ അലയടിക്കുന്നു. ഓർമകൾ മെല്ലെ പൂത്തു..

ഞാൻ എത്രഭാഗ്യവതിയാണ് ദൈവം എനിക്ക് രണ്ടേട്ടൻമ്മാരെ തന്നു. ഒന്ന് ജന്മം കൊണ്ടാണെങ്കിൽ ഒന്ന് കർമം കൊണ്ട്.
ഒരു ചുറ്റുമതിലിനുള്ളിൽ രണ്ടുവീട്. അങ്ങനെ ആയിരുന്നു ഞങ്ങളും അഭിയേട്ടന്റെ കുടുംബവും താമസിച്ചിരുന്നത്. അയൽപക്ക ബന്ധമാണെങ്കിലും ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ.

ഞാൻ ജനിക്കുന്നതിന് മുന്നേ ഒരു വാഹനാപകടത്തിൽ അഭിയേട്ടന്റെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെയാണ് അഭിയേട്ടൻ ഞങ്ങളുടെ കൂടെ താമസം തുടങ്ങിയത്. എനിക്ക് വയസ്സറിയിക്കുന്നത് വരെ അഭിയേട്ടനെന്റെ സ്വന്തം ഏട്ടനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഒരിക്കൽ അമ്മതന്നെ ആ സത്യം എന്നോട് പറഞ്ഞു. പക്ഷെ
അതൊരിക്കലും അഭിയേട്ടനോടുള്ള വിശ്വാസക്കുറവുകൊണ്ടായിരുന്നില്ല പകരം ‘അമ്മ എന്ന രണ്ടക്ഷരത്തിന് സ്വന്തം മക്കളോടുള്ള കളങ്കമില്ലാത്ത സ്നേഹം മാത്രമായിരുന്നു അത്.

അഭിയേട്ടൻ ആളിച്ചിരി കർക്കശക്കാരനാണെങ്കിലും ചിലപ്പോഴൊക്കെ ഏട്ടനേക്കാൾ കൂടുതൽ എനിക്ക് മിസ് ചെയ്യുന്നത് അഭിയേട്ടനെ ആയിരുന്നു. എന്റെ എല്ലാ വിശേഷങ്ങളും ഞാൻ ആദ്യം പറയുന്നതും, ചെറുപ്പം മുതലേ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിരുന്നതും അഭിയേട്ടനാണ്.

മാവിനുച്ചിയിൽ പഴുത്തുനിൽക്കുന്ന മാമ്പഴത്തിന് കൊതിച്ചപ്പോഴും കുളത്തിനുനടുവിലെ നീലത്താമരക്ക് ആശിച്ചപ്പോഴും പൊട്ടിനും വളക്കും വാശിപിടിച്ചപ്പോഴും എന്റെ ആഗ്രഹ സഫലീകരണത്തിന് അഭിയേട്ടനായിരുന്നു എന്നും മുന്നിൽ..
അഭിയേട്ടൻ അസ്സലൊരു പാട്ടുകാരനാണ്. ചിലപ്പോഴൊക്കെ സന്ധ്യാനേരത്തു വീട്ടിൽ തുടങ്ങുന്ന കച്ചേരി അവസാനിക്കുന്നത് പാതിരാത്രിയിലായിരിക്കും. ഈണത്തിൽ ശ്രുതിമീട്ടി പാടുന്ന ഹരിയേട്ടന്റെ ശബ്ദത്തിന് ഏട്ടൻ താളം കൊട്ടും ആസ്വാദകരായി ഞാനും അമ്മയും അച്ഛനും..

ഡിഗ്രിക്ക് ഉയർന്നമാർക്കോടെ പാസ്സായിട്ടും അഭിയേട്ടൻ കൃഷിക്കിറങ്ങിയത് ഞങ്ങളെ എല്ലാവരെയും ഒരുപോലെ അത്ഭുദപ്പെടുത്തി. കൃഷിക്കാരനായ സ്വന്തം അച്ഛനോടുള്ള ഇഷ്ടംകൊണ്ടായിരുന്നത്രെ അത്.. അച്ഛനും അമ്മയും ഏട്ടനും ആവുന്നത് പറഞ്ഞുനോക്കിയിട്ടും അക്കാര്യം മാത്രം അഭിയേട്ടൻ ചെവികൊണ്ടില്ല..

കുളപ്പറമ്പ് ആളിറങ്ങാനുണ്ടോ.
കണ്ടക്ടറുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നും ഞെട്ടിയുണണർന്നത്,
ചാടിയെണീറ്റു വേഗമിറങ്ങി. റോഡിൽ നിന്നും രണ്ടടിവെച്ചാൽ വീടെത്തും.
ഗേറ്റ് കടന്നതും ഉമ്മറത്തിരിക്കുന്ന അമ്മയെ കണ്ടപ്പോൾ മനസ്സൊന്നു തണുത്തു. എവിടെയായിരുന്നാലും അമ്മയുടെ കാത്തിരിപ്പിലേക്ക് തിരിച്ചെത്തുന്നതിന്റെ മനസുഖം ഒരു കുളിർക്കാറ്റായി എന്നെ തഴുകി.

എവിടായിരുന്നു നീ ഇത്രേം നേരം.. ഞാനിവിടെ ചത്തില്ലന്നേയുള്ളു..
ഒന്നും പറയണ്ടമ്മെ.. നമ്മുടെ പ്രിയ കോളേജിൽ തലകറങ്ങി വീണു. ബി പി കുറഞ്ഞതാ.
ദൈവമേ എന്നിട്ട്.
കുഴപ്പൊന്നുല്ല. വേഗം ആശുപത്രിയിൽ കൊണ്ടോയി. ഇപ്പോഴാണ് ഡിസ്ചാർജ് ആക്കിയത്. ഒറ്റക്കാക്കി വരാൻ പറ്റുവോ. അതാ ഇത്രേം വൈകിയത്.
എന്നാൽ നിനക്കൊന്ന് വിളിച്ചുപറഞ്ഞുടാർന്നോ ബാക്കിയുള്ളോർ ഇവിടെ തീതിന്നാ..
ഫോൺ അപ്പോഴേക്കും ചത്തു അതാ.. എവിടെ ഏട്ടൻമാരും അച്ഛനും..
അവര് നിന്നേം തിരഞ്ഞു പോയിട്ടുണ്ട്. നീ ഫോണിൽ ഒന്ന് വിളിച്ചുപറ ഇങ്ങെത്തിയ കാര്യം.. അഭിയും സുധിയും നല്ല ദേഷ്യത്തിലാ പോയത്…
അതൊന്നും സാരല്ല. ആ ദേഷ്യമൊക്കെ എന്നെ കാണുമ്പോൾ പൊയ്ക്കോളും. ഞാനൊന്ന് പോയി കുളിക്കട്ടെ എനിക്ക് എന്നെത്തന്നെ നാറീട്ട് വയ്യ.

കുളിച്ചുവന്നപ്പോഴേക്കും എല്ലാവരും തിരിച്ചെത്തിയിരുന്നു..
അവരെ കണ്ടതും ഞാൻ അമ്മയുടെ പിറകിലേക്ക് മാറി ഒളിച്ചു..
ഒളിക്കുകയൊന്നും വേണ്ട. ‘അമ്മ പറഞ്ഞു നേരം വൈകിയതിന്റെ കാരണം.. എന്നാലും അമ്മൂ നിനക്കൊന്ന് വിളിച്ചുപറഞ്ഞൂടെ.. വെറുതെ ഇവിടുള്ളോരേ ടെൻഷൻ ആക്കാൻ.. ഏട്ടനാണ്.
അത് ഫോൺ സ്വിച് ഓഫ് ആയപ്പോ..
ആ മതി മതി,

അഭിയേട്ടനിപ്പോഴും ഉമ്മറപ്പടിയിൽ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
അല്ല ‘അമ്മ.. ഇനിയും ആരേലും വരാനുണ്ടോ..
അല്ല അഭിയേട്ടൻ പുറത്തേക്കുതന്നെ നോക്കിയിരിക്കുന്നതോണ്ട് ചോയ്ച്ചതാ..
ഏറ്റില്ലന്ന് തോന്നുന്നു, ആൾക്കൊരു അനക്കോം ല്ല. പതുക്കെ പോയി അടുത്തിരുന്നു,

എന്താ അഭിയേട്ട. ഫോൺ സ്വിച്ചോഫ് ആയതോണ്ടല്ലേ വിളിക്കാൻ കഴിയാഞ്ഞേ. പിന്നെ ഞാൻ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ ഇച്ചിരി നേരം കാണാണ്ടാവുമ്പോഴേക്ക് ഇങ്ങനെ ടെൻഷൻ ആവാൻ..
ഇനി എന്നെ ചീത്തപറയാനും അടിക്കാനും കഴിയാത്തതിന്റെ വിഷമാണോ..
എന്നാൽ ഇന്നാ എന്റെ കാരണം നോക്കിയെന്ന് പൊട്ടിച്ചോ ആ ദേഷ്യമങ്ങട്‌ മാറാട്ടെ.. ഞാൻ അഭിയേട്ടന് നേരെ മുഖം നീട്ടി.

ആൾടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു. നേരെ എണീറ്റ് അച്ഛന്റെ അടുത്തേക്ക് പോയി പറഞ്ഞു.
ദേ അച്ഛനും അമ്മേം കേൾക്കാൻ വേണ്ടി പറയാണ് ഇവളെ വേഗം കെട്ടിച്ചു വിട്ടോ. ഞങ്ങൾക്കാവൂല ഇനി ഇവളുടെ പിറകെ പായാൻ..

അതിന് അവളൂടെ സമ്മതിക്കണ്ടേ മോനെ.. വരുന്ന ചെക്കമ്മാർക്കൊക്കെ എന്തേലും കുറ്റം കണ്ടെത്തി ഒഴിവാക്കും. ഇനി വല്ല പ്രേമോം ഉള്ളതോണ്ടാണോ ആവോ..

അഭിയേട്ടൻ എന്നെയൊന്ന് തിരിഞ്ഞു നോക്കി.
ആണോടീ.. വല്ല ഇഷ്ടോണ്ടേൽ പറഞ്ഞോ. നല്ലതാണേൽ ഉറപ്പിക്കാലോ അല്ലെ അച്ഛാ.
ഉം അച്ഛനൊന്ന് മൂളി.
ഏട്ടൻ വന്ന് അഭിയേട്ടനെ പിറകിലൂടെ ചുറ്റിപ്പിടിച്ചു തോളിൽ താടിവെച്ചെന്നെ നോക്കി ചോദിച്ചു.
ഡീ നിനക്ക് പ്രേമിക്കാനൊക്കെ അറിയോ.. ഉണ്ടേൽ പറ ഞങ്ങൾ നടത്തിതരാലോ..

ഞാൻ നേരെ ചെന്ന് അഭിയേട്ടന്റെ മുന്നിൽ ചെന്ന് നിന്നു.. കണ്ണോട് കണ്ണിൽ നോക്കി,,
പറയട്ടെ…
ഉം..
എനിക്ക് അഭിയേട്ടനാ ഇഷ്ടം..
ഒരു നിമിഷം എല്ലാരും സ്തംഭിച്ചു പോയി.. അഭിയേട്ടന്റെ മുഖത്തുള്ള ചിരിമാഞ്ഞു. ഏട്ടന്റെ മുഖത്ത് പേരറിയാത്ത എന്തോ ഭാവം.
ഞാൻ ഏട്ടന്റെ അടുത്തേക്ക് നീങ്ങി..
എന്താ ഏട്ടാ.. എന്റെ ഇഷ്ടം നടത്തിത്തരാൻ കഴിയോ ഏട്ടന്..?
പറഞ്ഞു തീർന്നതും അഭിയേട്ടൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി,
ഡാ അഭീ.. നിന്നെ. ഏട്ടൻ പിറകെ പോയി വിളിച്ചിട്ടും അഭിയേട്ടൻ നിന്നില്ല.

ഡീ അമ്മു.. നിന്റെ കളിയിത്തിരി കൂടുന്നുണ്ട്…
ഞാൻ കളിയായിട്ട് പറഞ്ഞതാണെന്ന് തോന്നിയോ ഏട്ടന്..
പിന്നെ..
എനിക്കിഷ്ടമാണ്..
എന്തോന്ന്..
എനിക്ക് അഭിയേട്ടനെ ഇഷടാണെന്ന്.. ജീവിക്കണേൽ അഭിയേട്ടന്റെ കൂടെ മാത്രേ ജീവിക്കൂ… ഞാൻ അൽപ്പം ഉച്ചത്തിലാണ് ഇത് പറഞ്ഞത്…

ഒരു കൂട്ടച്ചിരിയായിരുന്നു പിന്നെ.. ഏട്ടന് അടുത്തേക്ക് വന്ന് ചെവിയിൽ പിടിച്ചു. ഇങ്ങോട്ട് വാടി കാന്താരി. എനിക്കിത് നേരത്തെ തോന്നിയതാ.. വരുന്ന കല്യാണമൊക്കെ കാരണമില്ലാതെ ഒഴിവാക്കുക, അഭിക്കെന്തെലും കല്യാണക്കാര്യം പറയുമ്പോഴേക്കും റൂമിൽ ഒറ്റക്കിരിക്കാ.. അപ്പോഴേ എനിക്ക് നിന്റെ സൂക്കേട് മനസ്സിലായതാ. അഭിയോട് കാര്യം പറഞ്ഞപ്പോൾ അവൻ ആദ്യം എതിർത്തെങ്കിലും അവസാനം സമ്മതം മൂളി. അച്ഛനും അമ്മയ്ക്കും പൂർണ സമ്മതം. ജാതകം നോക്കിയപ്പോൾ പത്തിലെട്ടു പൊരുത്തവും ഉണ്ട്.

ഇതൊക്കെ നിന്നോട് പഠനം കഴിഞ്ഞു പറയാമെന്ന് വിചാരിച്ചതാ അപ്പോഴല്ലേ നീ തോക്കിൽ കയറി വെടിവെച്ചത്.. ഇനി ഏതായാലും അധികം നീട്ടണ്ട ലെ അച്ഛാ.. നല്ലൊരു ദിവസ്സം നോക്കി നമുക്കിത് ഉടനെ നടത്താം..
അതെ.. അച്ഛന്റെ സമ്മതം കൂടെ കേട്ടപ്പോൾ ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ ആൾ ഞാനാണെന്ന് തോന്നി അപ്പോൾ..

ഓടിച്ചെന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു.. താങ്ക്സ് ഏട്ടാ എന്ന് മുഴുവിപ്പിക്കും മുന്നേ കണ്ണീരൊഴുകിവന്നു. കാഴ്ചത്തെ മങ്ങി..
ഡീ നിന്റെ മനസ്സുകാണാൻ ഏട്ടന് കഴിയൂലെ.. നിന്റെ സന്തോഷം.. അതല്ലേ ഞങ്ങൾക്ക് ഏറ്റവും വലുത്. ഇത്രയും പറഞ്ഞു ഏട്ടൻ എന്നെ ഒന്നൂടെ ചേർത്തുപിടിക്കുമ്പോൾ എല്ലാം കണ്ടുകൊണ്ട് പുറത്തുമറഞ്ഞിരിക്കുന്ന അഭിയേട്ടൻ എന്നെ കണ്ണുചിമ്മി കാണിക്കുന്നുണ്ടായിരുന്നു…

*******

Written By Unais Bin Basheer

LEAVE A REPLY

Please enter your comment!
Please enter your name here