Home Latest ചേട്ടന്റെ കല്യാണമായന്ന് അറിഞ്ഞപ്പോ തൊട്ട് ഈ ചെക്കൻ നിലതൊന്നും അല്ലാലോ….

ചേട്ടന്റെ കല്യാണമായന്ന് അറിഞ്ഞപ്പോ തൊട്ട് ഈ ചെക്കൻ നിലതൊന്നും അല്ലാലോ….

0

പെങ്ങളായി ഒരു കുടപിറപ്പ് ഇല്ലാത്തത് ചെറുപ്പം തൊട്ടേ ഒരു വേദനയായിരുന്നു

ചേട്ടന്റെ കല്യാണം ശരിയായെന്നു അറിഞ്ഞപ്പോ തൊട്ട് മനസിന്റെ ഉള്ളിൽ പറഞ്ഞ തീരാത്ത ഒരു സന്തോഷമാണ്…
വീട്ടിലേക്ക് ആദ്യമായ് കയറി വരുന്ന മരു മകൾ..

പണ്ടെങ്ങോ അമ്മ എന്നോട് പറഞ്ഞത് ഓർമ്മയിൽ വന്നു
എനിക്ക് എന്തേലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം എടത്തിയമ്മക്ക് ആണ് ട്ടാ….

ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുരുത്തകേടുക്കൾ കണ്ടെത്തി .. ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശികനും .. ഒരു ചേച്ചിയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കാനും… ഇനി ഒരിക്കൽ ഞാൻ കെട്ടി കൊണ്ട് വരുന്ന പെണ്ണിന്റെ പിടിവശികൾക്ക് മാറ്റി വെച്ച് അവളെ നേർ വഴി കാണിക്കാനും എനിക്ക് ജനികത്തെ പോയ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോ പിന്നെ എനിക്ക് ഇരിക്കെ പൊറുതി കിട്ടില്ല…

ദിവസങ്ങൾ എണ്ണി ഒപ്പിച്ച് ഒരു മാസത്തെ ലീവും വാങ്ങി നാളെ ഞാൻ നാട്ടിൽ എത്തും എന്ന് അമ്മയെ വിളിച്ചു പറഞ്ഞു…

അത് കേട്ടപ്പോ അമ്മയുടെ ഒരു ചോദ്യം
നിനക്ക് കല്യാണത്തിന്റ് ഒരാഴ്ച മുൻപ് വന്ന പോരെ..

ഞാൻ നാളെ തന്നെ അങ്ങോട്ട് വരാ . ….!!
എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു…

പിറ്റേന്നു വീട്ടിലെത്തി ഞാൻ കൊണ്ട് വന്ന പെട്ടിയിൽ അമ്മായിയും അമ്മയും കണ്ട രണ്ട് സാരികൾ
അത് എടത്തിക്കാണെന്നും പറഞ്ഞു മാറ്റി വെച്ചപ്പോ അമ്മായിയുടെ മുഖം ഒന്ന് വാടി..

അല്ല എന്റെ സരസ്വതിയെ.. ചേട്ടന്റെ കല്യാണമായന്ന് അറിഞ്ഞപ്പോ തൊട്ട് ഈ ചെക്കൻ നിലതൊന്നും അല്ലാലോ….

അമ്മായി കുശുമ്പ് കൊണ്ട് പറഞ്ഞതാണെങ്കിലും ഒന്നോർത്താൽ ആ പറഞ്ഞത് സത്യമായിരുന്നു… മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ആരോടും പറയാത്ത വെച്ച ഒരു സ്വപ്നമാണ് ചേട്ടന്റെ കല്യാണം..

സ്വന്തം ഭാവിപോലും മാറ്റി വെച്ച് ഒരു അച്ഛന്റെ സ്ഥാനത് നിന്ന് എന്നെ പഠിപ്പിച്ചു ഇതുവരെ എത്തിച്ചത് എന്റെ ചേട്ടൻ ആയിരുന്നു..

ആ ഏട്ടന്റെ കല്യാണം എന്ന് പറയുമ്പോ എല്ല കാര്യത്തിനും ഞാൻ തന്നെ വേണം മുന്നിൽ

അതിപ്പോ ക്ഷണിക്കാൻ പോകുന്ന കല്യാണ ക്ഷണകത്ത് തൊട്ട് സദ്യയുടെ അവസാനം ഇലയിൽ വിളമ്പുന്ന പായസം വരെ എന്റെ കൈ എത്തണം…

കല്യാണത്തിന് മുന്നിലുണ്ടായിരുന്ന 15 ദിവസങ്ങൾ ദ എന്ന് പറഞ്ഞ പോലെയാണ് പോയത്

വീടുകളിൽ കല്യാണം ക്ഷണിക്കാൻ ഓടിയതും പന്തലുകരെ ഏല്പിച്ചതും ഞാൻ തന്നെയായിരുന്നു … മുൻപ് എന്നോ അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം മറിച്ച് നോക്കുമ്പോൾ മനസ്സിൽ പതിഞ്ഞ ചിത്രമായിരുന്നു വീടിന്റെ ചായിപ്പിൽ അടുപ്പ് ഉണ്ടാക്കി നടത്തുന്ന പഴയ കല്യാണങ്ങൾ … അവിയലും തോരനും കാളനും എന്ന് വേണ്ട എണ്ണം പറഞ്ഞ പതിനൊന്ന് തരം കറി കൂട്ടുകളും എല്ലാവർക്കും ഒരുമിച്ചിരുന്ന് കൈ കൊണ്ട് നാളികേരം പിഴിഞ്ഞ് ഉണ്ടാക്കുന്ന ഒരു കല്യാണ സദ്യ…

സദ്യയും ഉണ്ട് ഏമ്പക്കം വിട്ട് ഉപ്പു പോരാ പുളി പോരാ സംമ്പറിൽ വെള്ളം ചേർന്നു എന്നാ പതിവ് കുറ്റം പറച്ചില്ക്കരുടെ പരാതികൾ ഒഴികെ മറ്റൊരു ഒരു കുറവും ഇല്ലാതെ
എല്ലാം വിചാരിച്ചതിലും മനോഹരമായി തന്നെ നടന്നു….

ആരോടും മിണ്ടാനും ഒന്ന് ഇരിക്കാനും സമയമില്ലാത്ത നിമിഷങ്ങൾ ഞാൻ ഉടുത്തിരുന്ന പുത്തൻ കസവു മുണ്ടിൽ കൂട്ടാൻ കറ ആയത് പോലും.. അമ്മ ഇടക്ക് വെച്ച് കാതിൽ പറയുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്

എല്ല തിരക്കും കഴിഞ്ഞു ആദ്യരാത്രി ആഘോഷിക്കാനായി ഞാൻ കൊണ്ട് വന്ന പുതിയ പെർഫ്യൂമും അടിച്ച് ചേട്ടനെ മണിയറ വാതിൽ മുന്നിൽ കൊണ്ട് വീടുമ്പോ

എന്റെ മനസ്സിൽ ഒരു അനിയന്റെ എല്ല കടമകളും അതിന് അപ്പുറം ചെയിതു എന്നാ നിർവൃത്തിയിൽ ആയിരുന്നു ഞാൻ …

ഉറക്കക്ഷീണം കാരണം കിടക്കാൻ ആയി മുറിയിൽ എത്തിയപ്പോഴാണ്.. എന്റെ ബെഡിൽ ഇത്ര അധികം ആളുകൾക്ക് ഒരുമിച്ചു കിടക്കാൻ പറ്റും എന്നാ കാര്യം ഞാൻ പോലും തിരിച്ചറിഞ്ഞത്…

പിന്നെ അമ്മ തന്ന ഒരു പഴയ തലോണയും വിരിയും കൊണ്ട് .. ഉമ്മറത്തെ തിണ്ണയിൽപോയി കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി

പുലർച്ച ഞാൻ ഞെട്ടി ഉണരുന്നത് അമ്മയുടെ നിലവിളി കേട്ട് കൊണ്ടാണ്

ഞാൻ എണീറ്റു ചെന്ന് നോക്കുമ്പോ അമ്മ ഏട്ടന്റെ മുറിയുടെ വാതിലിന്റെ അരികിൽ കരഞ്ഞു തളർന്ന് ഇരിക്കുന്നു … ചിലരൊക്കെ ഏട്ടനെ കുലുക്കി വിളിക്കാൻ ശ്രമിക്കുണ്ട്.. അമ്മായി മുഖത്ത് തെളിയാൻ വേണ്ടി വെള്ളം പത്രം എടുക്കാൻ ആയി അടുകളായിലേക് ഓടി … അമ്മാവൻ ആംബുലൻസ് ഇപ്പോ വരും എന്ന് ചെറിയച്ഛനോട് വീണ്ടും വീണ്ടും തറപ്പിച്ചു പറഞ്ഞോണ്ടിരിക്കുന്നു… ഏടത്തി ആ മുറിയുടെ ഒരു മൂലയിൽ വെറുങ്ങാലിച്ചു ഇരുപ്പുണ്ട്… ഞാൻ ചേട്ടന്റെ ചുറ്റും കൂടി നിന്നവരെ തള്ളി മാറ്റി ചേട്ടന്റെ കൈയിൽ പിടിച്ചപ്പോ . ചേട്ടന്റെ ശരീരം വല്ലാതെ തണുത്തിരിക്കുന്നു.. ഒരു നിമിഷം മനസിലൂടെ തോന്നിത് ഒരിക്കലും സംഭവികല്ലേ എന്ന് പ്രാർത്ഥിച്ചു പോയത് സംഭവിച്ചിരിക്കുന്നു എന്ന് എനിക്ക് ആ തണുപ്പിൽ നിന്ന് വ്യക്തമായിരുന്നു…
പെട്ടന്നു തന്നെ ആംബുലൻസ് എത്തി.. ഞങ്ങൾ കൊണ്ട് പോയ ഹോസ്പിറ്റലിലെ ഡോക്ടർ ഹൃദയാഗതമായിരുന്നു എന്നാ വിധിയും എഴുതി… എന്റെ ചേട്ടന്റെ തുന്നി കെട്ടിയ ശരീരം ഞങ്ങൾക്ക് ഒപ്പം തന്നു വിടുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു..

ചേട്ടനെ ഏറ്റു വാങ്ങിയ നിമിഷം ഹൃദയം തകർന്ന വേദനയിൽ ആ ചേതനയറ്റ ശരീരം കെട്ടിപിടിച്ചു കരയുമ്പോഴും ആ ശരീരത്തിൽ നിന്ന് ഞാൻ ഇന്നലെ പൂശി കൊടുത്ത അത്തറിന്റെ ഗന്ധം അപ്പോഴും മാറിയാട്ടുണ്ടായിരുന്നില്ല…

ചേട്ടനെ വീട്ടിന്റെ അകത്തു കൊണ്ട് പോയി കിടത്തുമ്പോ
കാണാൻ വന്നവരിൽ ഏതോ ഒരു കാരണവർ ചെറിയാച്ചനോട് പറയുന്നത് കേട്ടു ഹെറാട് അറ്റക് ആയാ കാരണം അധികം വെച്ചോണ്ടിരിക്കാൻ പറ്റില്ല … ചടങ്ങിന്റെ കാര്യങ്ങൾ പെട്ടന്നു നോക്കണമെന്ന് …

ഇന്നലെ വരെ തളരാതെ എല്ലാത്തിനും മുന്നിൽ ഓടിയിരുന്ന ഞാൻ എല്ലാം കണ്ടു വീടിന്റെ തിണ്ണയിൽ തളർന്ന് ചെന്നിരുന്നു. ..

ചേട്ടന് വേണ്ടി വീട്ടിന്റെ പിന്നിലെ പറമ്പിൽ ചിത ഒരുക്കുന്നത് എനിക്ക് അവിടെ ഇരുന്ന കാണാമായിരുന്നു….

ചിത ഒരുക്കുന്നതിനടയിൽ
വിറക് തികയാത്ത വന്നപ്പോ കല്യാണത്തിന് ബാക്കി വന്ന വിറക് എടുക്കാനായി ചിലർ ചയിപ്പിലേക് ഓടുന്നത് ഞാൻ നിറഞ്ഞ കണ്ണുകളോടെ നോക്കിയാത്

കാണാൻ വന്നവരിൽ പലരും മാറി നിന്ന് എടത്തിയെ കുറ്റം പറയുമ്പോഴും
ഇതെല്ലം കേട്ട് ഒരു വിളറിയ മുഖത്തോടെ അലമുറ ഇട്ട് ഒന്ന് കാരയാനുള്ള ബന്ധത്തിന് പോലും സമയം താരത്തെ ഒരു ജീവിതം ഒറ്റ രാത്രി കൊണ്ട് കേട്ടടങ്ങി പോയപ്പോ കാണാൻ വന്നവരെ ഒരു ഭയത്തോടെ നോക്കാൻ മാത്രമേ ആ ഒരു മനുഷ്യജന്മത്തിന് കഴിഞ്ഞുള്ളു…

പാവപെട്ട ഒരു അച്ഛന്റെയും അമ്മയുടെയും ഒരു ഒരു ആയുസിന്റെ പ്രതീക്ഷ ആയിരുന്നു അവരുടെ മകളുടെ വിവാഹം … ആ വീടിന്റെ അവസ്ഥ കണ്ടാണ് ചേട്ടൻ കാര്യമായി ഒന്നും പ്രതീക്ഷിക്കാതെ ഏടത്തിയെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നത്… ആ ജീവിതം ഈ നിമിഷം എറിഞ്ഞടങ്ങിതീർന്ന ഒരു പിടി ഭസ്മം മാത്രമായിരുന്നു .. എല്ലാം സാഹിച്ചോ അതോ ഉൾകൊള്ളാൻ കഴിയാതെയോ അവർ പതിനാറ് ദിവസങ്ങൾ എങ്ങനെ ഒക്കെയോ എന്റെ വീട്ടിൽ കഴിച്ചു കൂട്ടി…

പതിനേഴാം നാൾ ഏടത്തിയെ കൊണ്ടുവാനായി അവരുടെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു… യാത്ര പറയുവനായി ഏടത്തി അമ്മയെ കാണാൻ മുറിയിൽ ചെന്നപ്പോ ആ നിമിഷം അമ്മയിൽ നിന്ന് വലിയ ഒരു പൊട്ടി തെറി ആണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്…

പക്ഷെ കുറച്ചു സമയത്തിനകം അമ്മ ഏടത്തിയുടെ കൈ പിടിച്ചു കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു …

അവിടെ കൂടി നിന്ന എല്ലാവരുടെയും മുന്നിൽ വെച്ച് കൊണ്ട് അമ്മ ആ അച്ഛനോടും അമ്മയോടും ചോദിച്ചു… എന്റെ തഴയുള്ള മകന് ഇവളെ തരുമോ എന്ന് ചോദിച്ചു…

ഇത് കേട്ടപ്പോ ഒരു ഞെട്ടലോടെ ഞാൻ അമ്മ എന്ന് നീട്ടി വിളിച്ചു…

കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് അമ്മ എന്നെ തറപ്പിച്ചു ഒന്ന് നോക്കി…
അപ്പോഴേക്കും ആ അച്ഛന്റെ മിഴികൾ നിറഞ്ഞിരുന്നു.. ആ വിറയാർന്ന കൈകൾ എന്റെ അമ്മക് മുന്നിൽ കൂപ്പിയപ്പോ മാറിച്ചൊന്നു എതിർക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല….

ഇത് കേട്ട നിമിഷം ഏടത്തി അമ്മയുടെ കാലിൽ വീണു…

ആ നിമിഷം തൊട്ട് ഏടത്തി എന്നാ വിളി എനിക്ക് അന്യമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു…

പിന്നീട് എപ്പോഴോ എനിക്ക് മനസിലായി അമ്മയുടെ തീരുമാനം ആയിരുന്നു ശരിയെന്ന്… മനസിലെ എല്ല ചോദ്യങ്ങൾക്കും ഉള്ള ഉത്തരമായി എന്റെ ചേട്ടൻ കാരണം മാറ്റാരാളുടെ ജീവിതം നഷ്ട്ടപ്പെട്ടു കൂടാ എന്നാ ഉത്തരത്തിൽ ഞാൻ ആശ്വാസം കണ്ടത്താൻ ശ്രമിച്ചു…

എന്നാലും മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയാതെ .. ഒരു വര്ഷങ്ങള്ക്ക് ശേഷം അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നു…

വീണ്ടും അവൾ എന്റെ വീടിന്റെ മരുമകൾ ആയി കയറി വരുമ്പോ.. ഏട്ടന്റെ ഫോട്ടോയുടെ മുന്നിൽ അവളുടെ കണ്ണ് നിറഞ്ഞത് ഇന്നും മനസ്സിൽമായാതെ നിൽക്കുന്നു

ഇപ്പോൾ രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… ഈ നിമിഷം ഈ ഹോസ്പിറ്റൽ ലേബർ റൂമിന്റെ വരാന്തയിൽ ഞാനും അമ്മയും പുതിയ ഒരു അതിഥിക്കു വേണ്ടി ഉള്ള കാത്തിരിപ്പിലാണ്.. പഴയതെല്ലാം മനസ്സിൽ മിന്നി മായുന്നത്തിന്റെ അവസാനത്തിൽ ആണ് ലേബർ റൂമിന്റെ വാതിൽ തുറന്ന് വന്ന നഴ്‌സ് എന്നെ നോക്കി പറഞ്ഞത്..

വിനയ്.. വൈഫ് പ്രസവിച്ചുട്ടോ… ആൺ കുട്ടി ആണ്…

ഒരുപ്പാട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ ആ കണ്ണുകൾ സന്തോഷത്തോടെ നിറയുന്നത് കണ്ട് ആ മുഖത്തേക് അറിയാതെ ഞാൻ നോക്കി നിന്ന് പോയി..

നിമിഷങ്ങൾക്കകം വാതിൽ തുറന്നു വന്ന നേഴ്‌സ്ന്റെ കൈയിൽ എന്റെ മകനെ അമ്മ ഏറ്റു വാങ്ങുമ്പോ… കൂടെ നിന്ന നേഴ്സ് എന്നോട് ചോദിച്ചു.. എന്താ മോന് പേരിടാൻ വിചാരിച്ചിരിക്കുന്നത് ഞങ്ങൾക്ക് റെക്കോർഡിൽ എഴുതാൻ വേണ്ടി ആണ്…
ഞാൻ മനസ്സിൽ വിചാരിച്ച പേര് പറയാൻ തുടങ്ങുമ്പോഴേക്കും ആ പേര് തന്നെ എനിക്ക് മുന്നേ അമ്മ പറഞ്ഞു കഴിഞ്ഞിരുന്നു… അത് എന്റെ ഏട്ടന്റെ പേരായിരുന്നു……..

രചന: Sarath Krishna

LEAVE A REPLY

Please enter your comment!
Please enter your name here