Home Article 5 വയസുകാരിയെ ചോദിച്ചിട്ട് 15 വയസുകാരിയെയാണ് കിട്ടിയത്.ഒരു പിതാവിന്‍റെ വരികള്‍ നിങ്ങളെ കരയിക്കും

5 വയസുകാരിയെ ചോദിച്ചിട്ട് 15 വയസുകാരിയെയാണ് കിട്ടിയത്.ഒരു പിതാവിന്‍റെ വരികള്‍ നിങ്ങളെ കരയിക്കും

0

വെക്കേഷന് വീട്ടിൽ വന്ന കൊച്ചു അതിഥി ഇന്നലെ തിരിച്ചു പോയി. അവധികാലത്ത് 2 മാസം അനാഥാലയത്തിലെ കുട്ടികളെ വീട്ടിൽ താമസിപ്പിക്കുന്ന സർക്കാർ പ്രോഗ്രാമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങൾക്ക് കിട്ടിയ സമ്മാനമായിരുന്നു, അവൾ.

വയനാട് ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ സ്നേഹവീട് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചു. DCP യൂനിറ്റ് വീട് സന്ദർശിച്ചു ഞങ്ങളുമായി സംസാരിച്ചു report ന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിൽ 8 കുടുംബങ്ങളിൽ ഒന്നായി ഞങ്ങളെ തെരഞ്ഞെടുത്തത്. അങ്ങനെ ഫോസ്റ്റർ പാരന്റ് ആയി – വളർത്തു രക്ഷിതാക്കൾ –

ആരോരുമില്ലാത്ത കുട്ടി നമ്മുടെ വീട്ടിൽ വന്നു നിൽക്കുക, കുട്ടികൾക്കും നമ്മുക്കുമൊരുമിച്ച് തീൻമേശയിലിരുന്ന് ഭക്ഷണം കഴിക്കുക, വീട്ടിലെ 2 കിടപ്പുമുറികളിൽ ഒന്ന് അവൾക്കായി നൽകുക, അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ നിറവേറ്റുക, വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങി കൊടുക്കുക- ഇടക്കിടെ അവളുടെ അച്ഛാ അമ്മേ വിളികൾക്ക് ചെവികൊടുക്കുക, ഇടക്ക് ആർദ്രമായി അവളെ മോളെ എന്ന് വിളിക്കുക.

5 വയസുകാരിയെ ചോദിച്ചിട്ട് 15 വയസുകാരിയെയാണ് കിട്ടിയത്.
അതോടെ കാര്യബോധമുള്ള ടെൻഷനുള്ള രക്ഷിതാവായി. ഒരു പെൺകുട്ടിയുള്ള കുടുംബം ഏറ്റവും ശ്രദ്ധയാലുവാകണം എന്നാ ബോധം ആർജിച്ചു, കാലം മോശമാണെന്ന് അറിഞ്ഞവർ ഓർമ്മപ്പെടുത്തി. സമ്മാനവുമായി എത്തിയ കൂട്ടുകാരുമുണ്ട്.
തൊട്ടടുത്തു ബിൽഡിംഗ് പണിനടക്കുന്ന ഇടത്തുള്ള അണ്ണന്മാരുടെയും ഹിന്ദിക്കാരുടെയും കഴുകൻ കണ്ണുകളിൽ നിന്നും കോഴി കുഞ്ഞിനെ ചിറകിലൊതുക്കുന്ന പോലെ എന്റെ ഭാര്യ അവളെ കാത്തു. യഥാർത്ഥത്തിൽ അപേക്ഷ കൊടുക്കുന്ന മുതൽ കുട്ടിയെ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത് അവളായിരുന്നു –
കുട്ടികളാടൊപ്പം പാട്ടു പാടി കളിച്ചും ടി വി കണ്ടും സിനിമക്ക് പോയും തേയിലക്കാട്ടിൽ കളിച്ചു രസിച്ചും ഈസ്റ്റർ ആഘോഷിച്ച് പള്ളിയിൽ പോയും രാത്രി പഠനത്തിൽ മുന്നിലെത്തിക്കാൻ എളിയ ശ്രമങ്ങൾ ചെയ്തും.
ഭാര്യ അവളുടെ ഇഷ്ടത്തിനനുസരിച്ചായി വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്നതു പോലും. പ്രായത്തിനനുസരിച്ച് മാർഗ്ഗ നിർദേശങ്ങളും ഉപദേശങ്ങളും നൽകി അമ്മയായി.
കുട്ടിക്ക് മധുരം ഇഷ്ടമല്ലായിരുന്നു, ജീവിതത്തിൽ അത്ര മാത്രം കയ്പ്പ് കുടിച്ചു ശീലമായിരുന്നു അവൾക്കെന്ന് തോന്നി. അവൾ പതിയെ മധുരം ഇഷ്ടപ്പെടാൻ തുടങ്ങി. നിഷ്ക്കളങ്കമായാണ് അവൾ മനസ്സ് തുറന്നത്.
ഭാര്യക്ക് തുടർച്ചയായ താൽക്കാലിക അദ്ധ്യാപനത്തിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ളതിനാൽ 1 ആഴ്ച നേരത്തെ കുട്ടിയെ തിരിച്ചയച്ചു എന്ന സങ്കടമുണ്ട്. ആ വകയിൽ 2 ദിവസം ഞാൻ ലീവുമാക്കി.

ശരിക്കും ഞങ്ങളുടെ പുതിയ വീട്ടിൽ ദൈവം വന്നു താമസിച്ച അനുഭവമായിരുന്നു –
ആരോരുമില്ലാത്ത ഒരു കുട്ടി നമ്മുടെ കുട്ടിയായി നമ്മുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നത് ഓർത്താൽ മാത്രം മതി, മാലാഖമാർ നമ്മുടെ നെറ്റിയിൽ മുത്തമിടാൻ ക്യൂ നിൽക്കും.
ഈ അനുഭവം, സുഹൃത്തെ
നിങ്ങളോട് പറയാതെ വയ്യ, സ്നേഹത്തോടെ.
ബാലൻ വേങ്ങര
ഖൈറുന്നിസ
മിൻസ് & ദിൽസ്.

LEAVE A REPLY

Please enter your comment!
Please enter your name here