Home ആമി എന്റെ മോളെ… ഇതെന്തു കോലമാണ് നിന്റെ. നിന്റെ അച്ഛൻ കാണേണ്ട

എന്റെ മോളെ… ഇതെന്തു കോലമാണ് നിന്റെ. നിന്റെ അച്ഛൻ കാണേണ്ട

0

രചന : ഞാൻ ആമി

ഓട്ടോ സ്റ്റാൻഡിൽ അച്ഛൻ ഓട്ടത്തിന് കിടക്കുന്നതു കണ്ടപ്പോൾ അവൾ ബസ് സ്റ്റോപ്പിലെ ഇരിപ്പിടത്തിൽ അച്ഛൻ കാണാത്തതുപോലെ ഇരുന്നു.

ഇടക്കിടെ ആളുകൾക്ക് ഇടയിലൂടെ അവൾ അച്ഛനെ നോക്കി. അച്ഛൻ ആകെ ക്ഷീണിച്ചു. മുഖമൊക്കെ ആകെ വല്ലാണ്ട് ആയി. തീരെ മെലിഞ്ഞു പോയിരിക്കുന്നു അച്ഛൻ. അവളുടെ കണ്ണുകൾ നിറഞ്ഞു.ഇങ്ങനെ അകലെ നിന്നു അച്ഛനെ കാണാനാണ് തന്റെ വിധിയെന്ന് ഓർത്തു അവൾ നിറഞ്ഞ മിഴികൾ തുടച്ചു.

“അല്ല… ഇതാരാണ് ഇരിക്കുന്നെ? “പെട്ടെന്ന് ഉള്ള ചോദ്യം കേട്ട് അവൾ ഞാൻ നോക്കി. അയലത്തെ പ്രിയേച്ചി ആയിരുന്നു അത്.

“പ്രിയേച്ചി ”

“എന്റെ മോളെ… ഇതെന്തു കോലമാണ് നിന്റെ. എന്റെ ഈശ്വരാ…. നിന്റെ അച്ഛൻ കാണേണ്ട. അദ്ദേഹം ചങ്കു പൊട്ടി ചാകും. എങ്ങനെ വളർത്തിയ കൊച്ചാണ്. “പ്രിയേച്ചി അത് പറഞ്ഞപ്പോൾ അവൾ കരഞ്ഞു പോയി. മങ്ങിയ നിറമുള്ള സാരിയുടെ തുമ്പ് കൊണ്ടു അവൾ കണ്ണുനീർ തുടച്ചു.

ഒരച്ഛൻ ഒരുമകളെയും ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാവില്ല. സാധാരണക്കാരനായ ആ അച്ഛൻ മകളുടെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുത്തു അവളെ രാജകുമാരി പോലെ വളർത്തി. വെറും രണ്ടു വർഷത്തെ പരിചയം മാത്രമുള്ള ഒരുവനെ പ്രണയിച്ചു അവൾ പതിനെട്ടു വർഷം താലോലിച്ചു വളർത്തിയ ആ അച്ഛനെ മറന്നു അവനോടൊപ്പം പോയി.

“അച്ഛനും അമ്മയ്ക്കും സുഖമാണോ പ്രിയേച്ചി ”

“എന്ത് സുഖം…. നീ അവരെ തോൽപ്പിച്ചില്ലേ പെണ്ണേ ഇന്നലെ കണ്ട ഒരുവന് വേണ്ടി…. മാതാപിതാക്കളുടെ മനസ്സ് നൊന്താൽ അത് ശാപമാണ് മോളെ “പ്രിയേച്ചി പറഞ്ഞപ്പോൾ അവൾ പൊട്ടി കരഞ്ഞു. പ്രിയേച്ചി പോയപ്പോൾ അവൾ അവിടെനിന്നും ഇറങ്ങി റോഡിലൂടെ നടന്നു. മനസ് ആകെ കലങ്ങി. കുറച്ചു ദൂരം എത്തിയപ്പോൾ അവളുടെ മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു. പിറകിലെ പേര് കണ്ടു അവൾ കരഞ്ഞു.

“അച്ഛന്റെ രാധമോൾ ”

എന്നെഴുതിയത് ഇന്നും അതുപോലെ ഉണ്ട്.

“കയറു മോളെ… അച്ഛൻ കൊണ്ടുപോയി വിടാം “ആ അച്ഛൻ അവളെ അടിമുടി നോക്കി. ആ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവൾ സീറ്റിൽ ഇരുന്നു.

“അച്ഛന് നീ എന്നും അച്ഛന്റെ പുന്നാര മോളാണ് രാധേ “അച്ഛന്റെ വാക്കുകൾ കേട്ടു അവൾ ഉറക്കെ കരഞ്ഞു.

ആമി

LEAVE A REPLY

Please enter your comment!
Please enter your name here