Home Latest നാടും വീടും കൂട്ടുകാരും അങ്ങനെ ഒരായിരം മുഖങ്ങള്‍ കണ്ണൊന്നടച്ചാല്‍ മുന്നില്‍ വന്നു നില്‍ക്കും..

നാടും വീടും കൂട്ടുകാരും അങ്ങനെ ഒരായിരം മുഖങ്ങള്‍ കണ്ണൊന്നടച്ചാല്‍ മുന്നില്‍ വന്നു നില്‍ക്കും..

0

പ്രവാസം, അത് അനുഭവിച്ചു തന്നെയറിയണം. മൂന്നു വര്ഷം മുന്പ് സൗദി അറേബ്യയിലെ ജുബൈലില്‍ നേഴ്സ് ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് ‘പ്രവാസം’ എന്ന ആ മൂന്നക്ഷരത്തിന്റെ ആഴവും അര്‍ഥവുമൊന്നും അറിയില്ലായിരുന്നു. എല്ലാ വര്‍ഷവും അല്ലെങ്കില്‍ രണ്ടോ മൂന്നോ വര്ഷം കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസത്തേക്ക് നാട്ടില്‍ വരുന്ന പ്രവാസികളുടെ വേദനയും ചിന്തകളുമൊന്നും അന്ന് അതിന്റെ എല്ലാ തീവ്രതയോടും ഞാനറിഞ്ഞത് എന്റെ പ്രവാസക്കാലത്താണ്.

അതുവരെ ജീവിച്ച ചുറ്റുപാടുകള്‍ വിട്ടു സൗദിയില്‍ ഞാന്‍ ജീവിതമാരംഭിച്ചു. എന്നെ പോലെ തന്നെ അനേകം സഹോദരന്മാരെ ഞാന്‍ മൂന്നു വര്‍ഷത്തെ സൗദിവാസക്കാലത്ത് പരിചയപെട്ടു. ഇവിടെ എല്ലാവര്ക്കുമുണ്ട് ഒരു കഥ..പ്രവാസജീവിതം തന്നെയൊരു കടംകഥയാണ്.. അനുഭവിച്ചാല്‍ മാത്രം ഉത്തരം കണ്ടെത്താന്‍ ചിലപ്പോള്‍ കഴിയുന്നൊരു കടംകഥ.

ക്യാമ്പില്‍ ആയിരുന്നു എനിക്ക് ഡ്യൂട്ടി. 12 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞു വന്നാലും പലപ്പോഴും ഉറക്കമൊന്നും വരില്ല. നാടും വീടും കൂട്ടുകാരും അങ്ങനെ ഒരായിരം മുഖങ്ങള്‍ കണ്ണൊന്നടച്ചാല്‍ മുന്നില്‍ വന്നു നില്‍ക്കും..ക്യാമ്പിലെ കൂട്ടുകാരായിരുന്നു ആകെയൊരു ആശ്വാസം. സൗദിയാണ് , മറ്റു ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ചു കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള രാജ്യം..

ഒരിക്കല്‍ മെസ്സ് ഹാളില്‍ ആഹാരം കഴിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ അവനെ കണ്ടത്..യോഗേഷ് ബഹദൂര്‍. ഒരു നേപ്പാളി പയ്യന്‍..കഷ്ടിച്ചു ഒരു 27 വയസ്സ് കാണും..നല്ല വിനയവും സ്നേഹവുമുള്ള ഒരു പയ്യന്‍. കണ്ടാല്‍ ഒരു ഹിന്ദി നടനെ പോലെ…ക്യാമ്പില്‍ പലരും തമ്മില്‍ ചെറിയ ചില ഉരസലുകള്‍ പതിവാണ്..പക്ഷെ ഒരിക്കല്‍ പോലും യോഗേഷ് ആരോടെങ്കിലും ദേഷ്യപെട്ടോ കടുപ്പിച്ചോ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. സദാ പുഞ്ചിരി തൂകുന്ന മുഖവുമായി അവന്‍ അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയായി നടന്നു.

എല്ലാവരോടും അവനു സ്നേഹമാണ്..അവന്റെ കൈയ്യിലൊരു പഴയ ലെനോവ ഫോണ്‍ ഉണ്ട്..അത് സദാസമയവും പോക്കെറ്റില്‍ ഇട്ടാണ് അവന്റെ നടപ്പ്. അതില്‍ നിന്നും ഏതു സമയത്തും കേള്‍ക്കാം മനോഹരമായ നേപ്പാളി പാട്ടുകള്‍..ആ പാട്ടിന്റെ താളത്തിനൊത്താണ് അവന്‍ ജോലി ചെയ്യുന്നത്..ഞങ്ങള്‍ക്ക് എല്ലാമുള്ള ആഹാരത്തിന്റെ ചുമതല കമ്പനി കാറ്റിറിംഗ് സര്‍വിസുകാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. അവര്‍ സമയാസമയങ്ങളില്‍ കൊണ്ട് വരുന്ന ആഹാരം വിളമ്പി നല്‍കുന്ന ജോലി യോഗെഷിനാണ്..

അവനുമായി ഞാന്‍ വേഗത്തില്‍ കൂട്ടായി..എല്ലാവരുമായും അവന്‍ അങ്ങനെ തന്നെ..ഇടക്കൊരു ദിവസത്തെ സംസാരത്തില്‍ അവന്‍ പറഞ്ഞു നാട്ടില്‍ പോയിട്ട് ആറു വര്‍ഷങ്ങളായെന്ന്..സൌദിയിലെത്തി രണ്ടാം മാസം തന്നെ നാട്ടില്‍ പോകുന്ന നാള്‍ എപ്പോഴാണെന്ന് കണക്കുകൂട്ടിയിരിക്കുന്ന എനിക്ക് അവന്‍ എങ്ങനെ ആറുവര്ഷം അവിടെ കഴിഞ്ഞു കൂടിയെന്നത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേഗം നാട്ടില്‍ പോയൊരു പെണ്ണൊക്കെ കെട്ടി വരാന്‍ ഞാന്‍ അവനോടു ഇടക്ക് പറയും. എന്നാലെ നീ ഇടക്കിടെ നാട്ടിലേക്ക് ഓടി പോകുള്ളൂ എന്നും പറഞ്ഞു ഞാന്‍ അവനെ കളിയാക്കും..അപ്പോഴും അവന്റെ മുഖത്തൊരു പുഞ്ചിരിയായിരുന്നു..പക്ഷെ അതിനു പിന്നിലെ വേദന അന്ന് ഞാന്‍ കണ്ടില്ല…

എപ്പോള്‍ നാട്ടില്‍ പോകുന്ന കാര്യം ചോദിച്ചാലും അവന്‍ ഓരോ ഒഴിവുകള്‍ പറഞ്ഞെന്നെ സമാധാനിപ്പിക്കും..അടുത്ത മാസം പോകും ഭായ്, അല്ലെങ്കില്‍ അടുത്ത വര്ഷം അങ്ങനെ അവന്‍ ഓരോ തവണയും എന്നെ പറ്റിച്ചു. ഇടക്ക് അവന്റെ ഒരു സുഹൃത്താണ് പറഞ്ഞത് യോഗേഷ് നാട്ടില്‍ നിന്നും വന്നിട്ട് ആറു വര്‍ഷമായി എന്നത് സത്യമാണെന്നു. കൂടാതെ അവന്‍ വിവാഹിതനാണെന്നും അവന്‍ പറഞ്ഞു.അത് എനിക്കൊരു പുതിയ വാര്‍ത്തയായിരുന്നു. എന്നിട്ടവന്‍ അത് പറഞ്ഞില്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോഴാണ് അവന്റെ ദുഖത്തിന്റെ കഥ ഞാന്‍ അറിഞ്ഞത്..

ആറു വര്‍ഷം മുന്‍പ് യോഗേഷ് വിവാഹിതനായതാണ്..വിവാഹം കഴിഞ്ഞു നല്ലൊരു ജീവിതം കെട്ടിപൊക്കാനാണ് അവന്‍ ഇവിടേയ്ക്ക് വന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ ഈ സ്നേഹമൊന്നും അറിയാനുള്ള മനസ്സു അവന്റെ ഭാര്യയ്ക് ഇല്ലായിരുന്നു..അവന്‍ സൌദിയിലെത്തി അധികം വൈകാതെ അവന്റെ ഭാര്യ കാമുകനൊപ്പം പോയെത്രെ..ആ വാര്‍ത്ത അറിഞ്ഞ അന്ന് മുതല്‍ അവന്‍ നാട്ടിലേക്കു പോയില്ല..ഒരിക്കല്‍ പോലും അവിടെ ആരെയും വിളിച്ചതുമില്ല…വീട്ടുകാര്‍ക്കുള്ള പണം മുടങ്ങാതെ അയച്ചത് മാത്രമായിരുന്നു അവനും നാടുമായുള്ള ആകെ ബന്ധം.

യോഗേഷിനെ കുറിച്ചുള്ള ആ വാര്‍ത്ത‍ അറിഞ്ഞതോടെ എനിക്ക് വല്ലാത്ത സങ്കടമായി..അവന്റെ പുഞ്ചിരിയില്‍ മറഞ്ഞിരിക്കുന്ന ദുഃഖകടല്‍ എന്നെ വല്ലാതെ പൊള്ളിച്ചു..മാസങ്ങള്‍ കടന്നു പോയി. യോഗെഷിനെ ഞാന്‍ എന്നും കാണുന്നുണ്ട്..അവനു ആകെയുള്ള ദുശീലം കടുത്ത മദ്യപാനമായിരുന്നു. സൗദിയാണ്, മദ്യത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യം. പലപ്പോഴും അങ്ങനെ വരുമ്പോള്‍ പ്രവാസികള്‍ ആശ്രയിക്കുന്നത് നിയമവിരുദ്ധമായി ലഭിക്കുന്ന മദ്യത്തെ ആണ്. ..അതെല്ലാ പ്രവാസികള്‍ക്കും അറിയുകയും ചെയ്യാം..

പലപ്പോഴും ഉപദേശിച്ചെങ്കിലും അവന്‍ അതിനും മറുപടി നല്‍കിയത് പുഞ്ചിരി കൊണ്ടായിരുന്നു. അവന്റെ ഉള്ളിലെ സങ്കടകടല്‍ അറിയാവുന്നത് കൊണ്ട് പലപ്പോഴും എനിക്കും അവനോടു ഒന്നും പറയാന്‍ കഴിയാതെ പോയി…

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം അവന്‍ അതിരാവിലെ എന്നെ കാണാന്‍ വന്നു..കാണുമ്പോള്‍ തന്നെ ആകെ അവശനാണ്..വല്ലാത്ത വയറു വേദന ഭായി എന്തെങ്കിലും മരുന്നുണ്ടോ കൈയ്യിലെന്നു അവന്‍ ചോദിച്ചു..വേദന കാരണം നിവര്‍ന്നു പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അപ്പോഴേക്കും അവന്‍. അവന്റെ കാര്യം പന്തിയല്ലെന്നു ബോധ്യമായതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ അവനോടു ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു..

വേദന കടുത്തതോടെ സുഹൃത്തുക്കള്‍ അവനെ ആശുപത്രിയിലാക്കി..പക്ഷെ മൂന്നാം നാള്‍ രക്തം ചര്‍ദ്ദിച്ചു അവന്‍ കുഴഞ്ഞു വീണു അവന്‍ ആശുപത്രിയില്‍ മരിച്ചു..രാവിലെ ഡ്യൂട്ടിയ്ക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് എല്ലാവരും ഈ വാര്‍ത്ത അറിയുന്നത്…യോഗെഷിനെ അറിയാവുന്ന ആര്‍ക്കും അത് സഹിക്കാന്‍ കഴിയില്ലായിരുന്നു..ഒരിക്കലെങ്കിലും അവനോടു സംസാരിച്ച ആര്‍ക്കും അവന്റെ ആ വേര്‍പാട് താങ്ങാന്‍ കഴിയില്ലായിരുന്നു..പക്ഷെ എന്ത് ഫലം..ആശുപത്രിയിലേക്ക് അവനെ ഒരുനോക്കു കാണാന്‍ പോയ ആര്‍ക്കും അവനെ പിന്നെ ഒരിക്കല്‍ കൂടിയൊന്നു കാണാന്‍ പോലുമായില്ല.

ഇവിടുത്തെ നിയമപ്രകാരം അന്യദേശക്കാര്‍ മരിച്ചാല്‍ ബോഡി അപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും..പിന്നെ പേപ്പര്‍ ജോലികളൊക്കെ കഴിഞ്ഞാല്‍ ബോഡി അവന്റെ നാട്ടിലേക്ക് കയറ്റിവിടും..ആ ദിവസം ഇന്നും മറക്കാന്‍ കഴിയില്ല..കൂടെ നടന്നവന്‍, സഹോദരനെ പോലെ കണ്ടവന്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു..പക്ഷെ അവന്റെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല..നമ്മുടെ നാട്ടില്‍ ആയിരുന്നെകില്‍ അന്ന് മുഴുവന്‍ അല്ലെങ്കില്‍ ദിവസങ്ങളോളം കൂട്ടുകാര്‍ അതോര്‍ത്ത് ദുഖത്തോടെ കഴിയും..പക്ഷെ ഇവിടെയോ ..ഡ്യൂട്ടി സമയത്ത് പോകാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല..അന്നും ഒരു സാധാരണ ദിവസം പോലെ കടന്നു പോയി..ഹൃദയങ്ങളില്‍ മാത്രം യോഗേഷ് കനംകെട്ടി കിടന്നു..

യാന്ത്രികമായി ഞാനും അന്ന് ജോലിക്ക് പോയി. വൈകിട്ട് തിരികെ വന്നപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയാതെ കുറെ നേരം ബാത്‌റൂമില്‍ ഇരുന്നു ഞാന്‍ കരഞ്ഞു ഉള്ളിലെ കനം കുറയ്ക്കാന്‍ ശ്രമിച്ചു..എല്ലാവരും മൂകരാണ്….രാത്രി മെസ് ഹാളില്‍ എല്ലാവര്ക്കും ഭക്ഷണത്തിനു നേരമായി..അവരവരുടെ പാത്രങ്ങളുമായി ഞങ്ങള്‍ പോയി..പക്ഷെ വിളംബാന്‍ മാത്രം അവനില്ല..കളിചിരികളുമായി ഭായ് എന്ന് വിളിക്കാന്‍ അവനില്ല..ആരുമൊന്നും മിണ്ടുന്നില്ല , എല്ലാവരുടെയും കണ്ണുകള്‍ മാത്രം നിറഞ്ഞുകവിഞ്ഞിട്ടുണ്ട്…ആര്‍ക്കും വേണ്ടാതെ ഒഴിഞ്ഞൊരു മേശമേല്‍ അവന്റെ പഴയ ലെനോവ ഫോണ്‍ അപ്പോഴും കിടക്കുന്നുണ്ടായിരുന്നു..ഉടമ ഇല്ലാതെ, പഴയ നേപ്പാളി പാട്ടുകള്‍ പാടാതെ …..

അതിലേറെ വേദന തോന്നിയ മറ്റൊരു സംഭവം യോഗേഷ് മരിച്ചു അധികം വൈകാതെ അവന്റെയൊരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു സംഭവമാണ്..അവന്റെ മരണവിവരം അറിയിക്കാനായി വീട്ടിലേക്കു വിളിച്ചവരോട് അവന്റെ വീട്ടുകാര്‍ ചോദിച്ചത് ഇവിടുത്തെ സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് കുറച്ചു പണം പിരിവിട്ടു അയക്കാമോ, അവര്‍ക്ക് പണത്തിനു ആവശ്യമുണ്ടെന്ന്…

യോഗേഷിന്റെ മരണത്തോളം എനിക്ക് ദുഃഖം തോന്നിയത് അതുകൂടി കേട്ടപ്പോഴാണ്. ആറുവര്‍ഷത്തോളം അന്യനാട്ടില്‍ അടിമയെ പോലെ പണിയെടുത്തു കിട്ടുന്നതില്‍ മിച്ചം വെച്ചവന്‍ വീട്ടിലേക്കു അയച്ചിട്ടുണ്ടാവില്ലേ..എന്നിട്ടും അവന്റെ മരണത്തെക്കാള്‍ അവരെ ആശങ്കപെടുത്തിയത് അവന്റെ പണമായിരുന്നോ എന്ന് ഞാന്‍ വേദനയോടെ ഓര്‍ത്ത്‌..അല്ലെങ്കിലും പലപ്പോഴും പ്രവാസിയുടെ ശവത്തിനും റിയാലിന്റെ വിലയാണ്…അത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല ചിലപ്പോഴെങ്കിലും…..

By: അരുണ്‍ വിജയന്‍ കൊട്ടയ്ക്കാട്ട്, സൗദി അറേബ്യ

LEAVE A REPLY

Please enter your comment!
Please enter your name here