Home Latest നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു

നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു

0

കൊച്ചി ; നടനും മിമിക്രി കലാകാരനുമായ അബി (52) അന്തരിച്ചു. രക്തസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. മുവാറ്റുപുഴ സ്വദേശിയായ ഹബീബ്  മുഹമ്മദ് എന്ന അബി  ഇരുപത് വര്‍ഷത്തോളമായി സിനിമ, മിമിക്രി, പാരഡി കാസറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നടന്‍ ദിലീപ് , സലീം കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എന്ന മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. ആമിന താത്ത, അമിതാഭ് ബച്ചന്‍ എന്നീ കഥാപാത്രങ്ങളിലൂടെ സ്റ്റേജ് ഷോകളിലും മറ്റും ഏറെ പ്രേക്ഷക അഭിനന്ദനം നേടിയിട്ടുണ്ട്. മലയാളത്തില്‍ അടുത്തിടയിറങ്ങിയ ജൂവലറി പരസ്യത്തില്‍ അമിതാഭ് ബച്ചന്റെ ശബ്ദം നല്‍കിയതും അബിയായിരുന്നു.

ആമിനതാത്ത എന്ന സ്ത്രീ വേഷത്തില്‍  സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അബി മുഹമ്മദ് എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടത്. കലാഭവനിലും, ഹരിശ്രീയിലും, കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  മഴവില്‍ കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിവ പ്രധാന സിനിമകളാണ്്.

ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട് നിന്ന ശേഷം ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.  പ്രീഡിഗ്രിക്ക് ശേഷം മുംബൈയില്‍ ഫുഡ് ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിക്കുന്ന സമയത്തും മിമിക്രിയില്‍ സജീവമായിരുന്നു. പിന്നീട് തിരിച്ചുവന്ന് കോതമംഗലം എംഎ കോളേജില്‍ ചേര്‍ന്നു. ഈ കാലയളവില്‍ മിമിക്രിയില്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സമ്മാനം നേടിയിരുന്നു.

ഭാര്യ: സുനില, കിസ്മത്ത് എന്ന സിനിമയില്‍ നായകനായി അഭിനയിച്ച നടന്‍ ഷെയിന്‍ നിഗം മകനാണ്. അഹാന അലീന എന്നിവരാണ് മറ്റ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here