Home Article ഹോ.. രാവിലെ തന്നെ പുറകീന്ന് വിളിച്ചതും പോരാ.. ഇനി അതിനേം ഞാൻ കൊണ്ടു പോണോ…? ”

ഹോ.. രാവിലെ തന്നെ പുറകീന്ന് വിളിച്ചതും പോരാ.. ഇനി അതിനേം ഞാൻ കൊണ്ടു പോണോ…? ”

0

മനുവിന്റെ ഒരേയൊരു പെങ്ങളൂട്ടിയുടെ കല്ല്യാണമാണിന്ന്.. ഇന്നലത്തേ കലാപരിപാടികളൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തന്നെ നേരം വെളുക്കാറായി.. ഒന്ന് കിടന്നെഴുന്നേൽക്കാം
എന്ന് കരുതി മയങ്ങിയതാ.. മയക്കം ഇത്തിരി കൂടുതലായോന്ന് ഒരു സംശയം.. നേരത്തെയെത്തണമെന്ന് രഘു ആദ്യമേ പറഞ്ഞതാ… വേഗം കുളിച്ചൊരുങ്ങി പുറത്തിറങ്ങിയപ്പോഴാണ് അമ്മയുടെ
പുറകിൽ നിന്നുള്ള വിളി..

” ടാ ശിവാ… അമ്മൂനേം കൊണ്ട് പൊയ്ക്കോ.. നിന്റെ കൂടെ പോരാൻ വേണ്ടി ഒരുങ്ങി നിൽക്കുവാ…”

ഹോ.. രാവിലെ തന്നെ പുറകീന്ന് വിളിച്ചതും പോരാ.. ഇനി അതിനേം ഞാൻ കൊണ്ടു പോണോ…? ” എന്നെക്കൊണ്ടൊന്നും വയ്യ… ഞാൻ പറഞ്ഞോ ഒരുങ്ങിക്കെട്ടി നിൽക്കാൻ.. അവൾ അമ്മയുടെ കൂടെ തന്നെ വന്നോളും..”

അതും പറഞ്ഞ് ബൈക്കിനടുത്ത് എത്തിയതും അമ്മ ദോണ്ടെ മുന്നിൽ.. അമ്മയുടെ തറപ്പിച്ചുള്ള നോട്ടവും കൈയ്യിലിരിക്കുന്ന ചൂലും രംഗം വഷളാക്കാൻ സാധ്യതയുണ്ട്..

” എന്നാ കേറെടീ..” എന്നും പറഞ്ഞ് ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.. ആക്സിലേറ്റർ മുഴുവൻ കൊടുത്ത് അവിടമാകെ പ്രകമ്പനം കൊള്ളിച്ചാണ് ഞാനെന്റെ ദേഷ്യം രണ്ട് പേരേയും അറിയിച്ചത്…

” ഏട്ടാ നമുക്ക് കവല വഴി പോകാം
എനിക്ക് രണ്ട് കരിവളയും വാങ്ങിത്തരുവോ…? ”

ആ ചോദ്യം എനിക്കത്ര രസിച്ചില്ല..
“നീ ഒന്ന് മിണ്ടാതിരിക്കുവോ.. അവൾടെ ഒരു കരിവള.. അല്ലെങ്കിലേ വൈകി.. അതിന്റെടേലാ.. നീ എന്തിനാ എന്റെ പുറകെ ചാടിക്കയറിയത്… വെറുതേ മനുഷ്യനെ മിനക്കെടുത്താൻ…”

എന്റെ വായിൽ നിന്ന് അതും കൂടെ കേട്ടത് കൊണ്ടാവണം പിന്നെ കല്യാണവീട് എത്തുന്നത് വരെ അവൾ ഒന്നും മിണ്ടിയില്ല… മനു നാട്ടുകാരെയും കുടുംബക്കാരെയും ഒക്കെ സ്വീകരിക്കുന്ന തിരക്കിലാണ്… ഞങ്ങളെ കണ്ടതും അവൻ അടുത്തേക്ക് വന്നു..

” ഹാ.. അമ്മു.. നീയും ഏട്ടന്റെ കൂടെ നേരത്തെ എത്തിയോ… അത് നന്നായി.. കല്യാണപ്പെണ്ണ് അകത്തുണ്ട് വേഗം ചെല്ല്.. ”

കരിവള കിട്ടാത്തതിന്റെ മുഴുവൻ ദേഷ്യവും സങ്കടവും ആ മുഖത്തുണ്ടായിരുന്നു.. ഹാ അത് പോട്ടെ… ” ടാ… രഘു എത്തിയില്ലെടാ..”

” അവൻ അകത്തുണ്ട്.. നീയും ചെല്ല്.ഞാൻ ഇവരെയൊക്കെ ഒന്ന് അകത്തേക്കിരുത്തട്ടെ..” എന്നും പറഞ്ഞ് അവനും അവന്റെ തിരക്കുകളിലേക്ക് നീങ്ങി.. നേരെ ചെന്ന് കല്യാണ പന്തലിലേക്ക് കയറി.. നോക്കിയപ്പോ രഘുവുണ്ട് കൂട്ടിലിട്ട വെരുകിനെ പോലെ തലങ്ങും വിലങ്ങും കിടന്നോടുന്നു.. കൈയ്യിൽ ഒരു ചോറ്റുപാത്രവും… എന്നെ കണ്ടപ്പഴാണ് അവനൊരു സമാധാനമായത്…

” അളിയാ.. ശിവാ.., നീ ഈ ചോറൊന്ന് ഇട്ടു കൊടുത്തേ അവിടെ.. ”

അവന്റെ കയ്യിൽ നിന്ന് ചോറ്റുപാത്രവും വാങ്ങി ഓരോരുത്തർക്കായി വിളമ്പിക്കൊടുത്തു.. ഇലയിൽ ചോറുവിളമ്പി ഓരോ ചിരിയും പാസാക്കി മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് കാത്തിരിക്കുന്നവരുടെ ഇടയിൽ നിന്നും രണ്ട് കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. ആ രണ്ട് കണ്ണുകൾക്ക് മുമ്പിലുള്ള ഇലയിലും ചോറ് വിളമ്പി മുഖത്തേക്ക് നോക്കിയതും നെഞ്ചിലൊരു ഇടി വെട്ടി… പക്ഷേ മുഖത്ത് ഭാവ വിത്യാസം ഒന്നും വരുത്താതെ തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ട മുഖം ഞാൻ ഒന്നൂടെ ഓർത്തെടുത്തു…

” ആതിര…” പണ്ട് ഞാൻ ഇമ വെട്ടാതെ നോക്കിയിരുന്ന അതേ മുഖം.. ഇന്നിതാ വീണ്ടും തനിക്കു മുന്നിൽ.. തടിച്ചു വീർത്ത് ആകെ കോലം കെട്ടു പോയി അവൾ.. എന്നാലും കൂടെയുള്ള കൊച്ച് പണ്ടത്തെ അവളെപ്പോലെ തന്നെ.. ഒരു കൊച്ചുസുന്ദരി.. ഇന്ന് വരുമെന്ന് അറിയാമായിരുന്നു… എങ്കിലും പെട്ടെന്ന് കണ്ടപ്പോ… എന്തോ പോലെ

” ടാ രഘൂ.. നീ ഇതൊന്ന് പിടിച്ചേ..
ഞാനൊന്ന് മുഖം കഴുകിയിട്ട് വരാം.. ”
അവനോടത് പറഞ്ഞതും “നീ ആതിരയെ കണ്ടല്ലേ.. ” എന്നവൻ തിരിച്ചു ചോദിച്ചു… മറുപടിയായി ഒരു പുഞ്ചിരി മാത്രം കൊടുത്ത് പൈപ്പ് ലക്ഷ്യമാക്കി നടന്നു ഞാൻ…

തണുത്ത വെള്ളം മുഖത്ത് വീണപ്പോ ശരീരത്തിന് കുളിര് കോരിയതു കൊണ്ടാവാം മനസ്സ് പഴയ ഓർമ്മകളിലേക്ക് അനുവാദം ചോദിക്കാതെ പോയത് എന്റെ പ്രണയംആത്മാർത്ഥമായിരുന്നു. അതാണ് ഞാൻ ചെയ്ത തെറ്റും..
അവൾ എന്നിൽ കണ്ടെത്തിയ കുറവുകളെല്ലാം അവളെ സംബന്ധിച്ചിടത്തോളം വലുതായിരുന്നു… അവളെ പുറകിലിരുത്തി നാട് ചുറ്റാൻ ഒരു ബുള്ളറ്റ് ഇല്ലാത്തത്.. ഒരു ഐ ഫോൺ മേടിക്കാതെ എപ്പോഴും വിലകുറഞ്ഞ ഫോൺ ഉപയോഗിക്കുന്നത്.. അങ്ങനെ, അങ്ങനെ പലതും… കാശില്ലാത്തവന്റെ കൂടെയുള്ള ജീവിതം റിസ്ക്കാണത്രേ… ആ റിസ്ക്ക് എടുക്കാൻ അവൾക്ക് താൽപ്പര്യമില്ലെന്ന്…

അതും പറഞ്ഞ് അവൾ പോയപ്പോ പിന്നെ എല്ലാ നിരാശാ കാമുകന്മാരെയും പോലെ വാശിയായി.. അത് കൊണ്ട് തന്നെയാണ് ഷിപ്പ് യാർഡിൽ ജോലിക്ക് കയറിയതിന് ശേഷം അവൾ എന്നിൽ ഗുരുതരമായി ആരോപിച്ച ആ രണ്ട് കുറവുകൾ ആദ്യം തന്നെ ഞാനങ്ങ് നികത്തിയത്… അതിനു ശേഷം പിന്നെ അവളെ കാണുന്നതിപ്പോഴാ.. എന്റെ വിശേഷങ്ങളൊക്കെ അവൾ അമ്മുവിൽ നിന്നും ചോദിച്ചറിഞ്ഞ് കാണും…

” ടാ നീ ഇവിടെ നിൽക്കുവാണോ..? ഇവൾക്ക് നിന്നോട് എന്തോ സംസാരിക്കാനുണ്ടെന്ന്..! ”

രഘുവിന്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.. തിരിഞ്ഞ് നോക്കിയപ്പോൾ അവന്റെ പുറകിൽ ആതിരയുമുണ്ട്.. അവൾ ഇങ്ങോട്ട് വരുമെന്ന് ഞാൻ ഊഹിച്ചതായിരുന്നു… ഞാൻ രഘുവിനോടായി പറഞ്ഞു…

” ടാ.. ഒരു വ്യക്തിയേയും കാശ് കൊണ്ട് വിലയിരുത്തരുത്.. അതിന് ഏത് നിമിഷവും എന്തും സംഭവിക്കാം.. എന്റെ പ്രണയവും സമ്പാദ്യവും ഒരു ത്രാസിലിട്ട് ഇവൾ തൂക്കി നോക്കിയപ്പോ അതിൽ പ്രണയത്തിന്റെ തട്ടിന് തൂക്കം കൂടിയത് ഇവൾ കണ്ടില്ല.. മറിച്ച് അവൾ നോക്കിയത് എന്റെ സമ്പാദ്യത്തിന്റെ തട്ടിലേക്കാണ്.. അന്ന് മറന്നതാണ് ഞാനിവളെ.. പിന്നെ എന്റെ ഓർമ്മകളിൽ പോലും ഇല്ലാത്തവളോട് ഞാൻ എന്ത് സംസാരിക്കാൻ…”

അവൾ കേൾക്കേ അതു പറഞ്ഞ് നടന്ന് നീങ്ങുമ്പോ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി ഞാൻ വീണ്ടും കല്യാണത്തിരക്കുകളിലേക്ക് തന്നെ ഊളിയിട്ടു…. പന്തലിനുള്ളിലെ ഓട്ടത്തിനിടയിൽ പല തവണ അവൾക്കു മുന്നിൽ ചെന്ന് പെട്ടിട്ടും പ്രത്യാകിച്ചൊരു ഭാവ വിത്യാസം എന്നിൽ നിന്നും ഉണ്ടാവാത്തത് അവൾ ശ്രദ്ധിച്ചു കാണണം…

അത് കൊണ്ടാണെന്ന് തോന്നുന്നു കെട്ട് കഴിഞ്ഞ് പെണ്ണിറങ്ങാൻ നേരം എന്നോടെന്തോ സംസാരിക്കാനെന്ന ഭാവേന അവൾ വീണ്ടും എന്റടുത്തേക്ക് നടന്നു നീങ്ങിയത്.. അവളുടെ മുന്നിൽ നിന്നും ഒഴിഞ്ഞ് മാറി വീടിനു മുന്നിലെത്തിയപ്പോഴാണ് ഒരു ഓട്ടോയിൽ “രഘു”തനിച്ചിരിക്കുന്നത് കണ്ടത്.. അവന്റെ അടുത്തെത്തിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. അവൻ കരയുകയായിരുന്നോ…

” ടാ.. രഘു.. എന്താടാ പറ്റിയേ..”

എന്റെ ചോദ്യത്തിന് കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ട് അവൻ എനിക്കൊരു കാഴ്ച കാണിച്ചു തന്നു… കല്യാണപ്പെണ്ണ് ഇറങ്ങാൻ നേരം മനുവിനെ കെട്ടിപ്പിടിച്ച് കരയുന്നു.. അനിയത്തിക്കുട്ടിയെ ജീവനു തുല്യം സ്നേഹിച്ച ഒരു ഏട്ടനെ പിരിയേണ്ടി വന്നതിന്റെ സങ്കടമാണത്.. കൂടുതൽ നേരം ആ കാഴ്ച നോക്കിയിരിക്കാൻ എനിക്കായില്ല…

” എടാ.. കെട്ടിച്ചു വിടാൻ ഇതുപോലൊരു പെങ്ങള് വേണമായിരുന്നു.. പെങ്ങളില്ലാത്തത് വല്ലാത്ത ദണ്ണമാടാ…”

അവനത് പറഞ്ഞത് തീർന്നതും ആദ്യം എന്റെ മനസ്സിലേക്കോടിയെത്തിയത് അമ്മുവിന്റെ മുഖമായിരുന്നു.. അവന്റെ ഓരോ വാക്കുകളും നെഞ്ചിൽ കൊളുത്തി വലിക്കും പോലെ… കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയും പോലെ.. ഞാൻ അമ്മുവിനെ കൊഞ്ചിച്ചിട്ടുണ്ടോ… അവളോട് സ്നേഹം കാണിച്ചിട്ടുണ്ടോ.. ഹേയ്.. ഇല്ല.. അവൾക്കെന്നോട്… നാളെ ഞാൻ അവളെ കൈ പിടിച്ചേൽപ്പിക്കുമ്പോൾ എന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരയാൻ മാത്രം ഞാൻ അവൾക്ക് സ്നേഹം കൊടുത്തിട്ടുണ്ടോ…?

” ഏട്ടാ ഇവിടെ നിൽക്കാണോ..പോവാം.. ”

അമ്മുവിന്റെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. രാവിലെ വഴക്ക് പറഞ്ഞതിന്റെ പരിഭവമൊന്നും ആ മുഖത്ത് അപ്പോഴുണ്ടായിരുന്നില്ല.. അവളെ പുറകിലിരുത്തി രഘുവിനോട് കൊണ്ട് വിട്ടിട്ട് വരാം എന്നു പറഞ്ഞപ്പോ അവന്റെ മുഖത്ത് ഞാൻ കണ്ടു, വീണ്ടും അതേ സങ്കടം.. ഓടിച്ചു കൊണ്ടിരിക്കെ കണ്ണാടിയിലൂടെ അവളെ നോക്കിയ ഞാൻ കണ്ടത് എന്റെ കൂടെയുള്ള ഈ ബുള്ളറ്റ് യാത്ര ആസ്വാദിക്കുന്ന അമ്മുവിനെയാണ്..

” ഏട്ടാ.. എന്നെ അതിന്റെ പുറകിലിരുത്തി സ്കൂളിൽ കൊണ്ട് വിടുമോ.. ” എത്ര പ്രാവശ്യം കെഞ്ചിയിട്ടുണ്ട് തന്നോടവൾ.. ഈ ബുള്ളറ്റിന്റെ പുറകിൽ കയറാൻ അവൾക്ക് വല്ല്യ ഇഷ്ടമായിരുന്നു.. പക്ഷേ ഒരിക്കൽ പോലും അവൾക്ക് വേണ്ടി അവളേയും കൊണ്ടൊരു യാത്ര.. അതുണ്ടായിട്ടില്ല.. ഈ അനിയത്തിക്കുട്ടി എനിക്ക് കിട്ടിയ ഭാഗ്യമാണ്.. ഇനിയും കൈവിട്ട് കൂടാ…

” ഏട്ടാ നമ്മളിതെങ്ങോട്ടാ പോവുന്നേ.. വീട്ടിലേക്കുള്ള വഴി ഇങ്ങോട്ടല്ലേ.. ”

തെല്ലൊരദിശയത്തോട് കൂടെയാണ് അവൾ അതു ചോദിച്ചത്…

” അമ്മൂട്ടീ.. നിനക്ക് കരിവള വാങ്ങണ്ടേ… അതു കഴിഞ്ഞ് നമുക്ക് കറങ്ങാൻ പോവാം… സന്തോഷായോ… ”

ഏട്ടാന്ന് വിളിച്ച് പുറകിൽ നിന്നവളന്നെ കെട്ടിപ്പിടിക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും ഉതിർന്ന് വീണ കണ്ണീർ തുള്ളികൾ സന്തോഷം കൊണ്ടായിരുന്നോ അതോ കൊഞ്ചിക്കാൻ വൈകിപ്പോയ ഒരേട്ടന്റെ കുറ്റബോധത്തിന്റേതായിരുന്നോ എന്ന് എനിക്കറിയില്ലായിരുന്നു…

രചന : റിയാസ് കോട്ടക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here