Home തൈപറമ്പ് താൻ മുലകൊടുക്കുമ്പോൾ, വന്ന് ഒളിഞ്ഞ് നോക്കുന്ന സ്വഭാമുണ്ടയാൾക്ക്….

താൻ മുലകൊടുക്കുമ്പോൾ, വന്ന് ഒളിഞ്ഞ് നോക്കുന്ന സ്വഭാമുണ്ടയാൾക്ക്….

0

പ്രതികാരം

രചന : Saji Thaiparambu

അത്താഴം കഴിഞ്ഞ് അടുക്കളയൊതുക്കി കൊണ്ടിരുന്നപ്പോഴാണ്, തൊട്ടിലിൽ കിടന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.

“ഷഹനാ.. ആ കൊച്ച് കിടന്ന് കീറുന്നത്  കണ്ടില്ലേ ,അതിന് കുറച്ച് മൊല കൊടുത്ത് ഉറക്കാൻ നോക്ക്”

കോലായിലിരുന്ന് മുറുക്കാൻ ചവച്ച് കൊണ്ടിരുന്ന അയാള് വിളിച്ച് പറഞ്ഞപ്പോൾ, അവൾക്ക് അരിശം വന്നു.

താൻ മുലകൊടുക്കുമ്പോൾ, വന്ന് ഒളിഞ്ഞ് നോക്കുന്ന സ്വഭാമുണ്ടയാൾക്ക്.

ഗൾഫിലുള്ള ഭർത്താവിനോടവൾ അതിനെ കുറിച്ച് പരാതി പറഞ്ഞപ്പോൾ, മുറിക്കകത്ത് കതകടച്ചിട്ട് കൊടുത്താൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ഒരിക്കൽ പാല് കൊടുത്തിട്ട് പുറത്തിറങ്ങാനായ്, കതക് തുറന്നപ്പോൾ ,വാതിൽക്കൽ
അയാൾ പതർച്ചയോടെ നില്ക്കുന്നു.

“നിങ്ങൾക്കെന്താ വേണ്ടത് ,എന്തിനാ നിങ്ങളെന്റെ പുറകെ ഇങ്ങനെ ശല്യം ചെയ്ത് നടക്കുന്നത് ,ഞാൻ നിങ്ങളുടെ മോന്റെ ഭാര്യയല്ലേ? എന്നെ ഒരു മകളായി കണ്ടു കൂടെ”

സഹികെട്ടവൾ അയാളോട് സങ്കടത്തോടെ ചോദിച്ചു.

ഒന്നും പറയാതയാൾ തല കുനിച്ച് നടന്ന് പോയി.

അന്നും ഭർത്താവിനോടവൾ ഫോണിലൂടെ ഈ കാര്യം ധരിപ്പിച്ചു.

“ഷഹനാ… നീയൊരു കാര്യം മനസ്സിലാക്കണം, എന്നെ പ്രസവിച്ചതോടെ ഉമ്മ ഞങ്ങളെ വിട്ട് പോയിട്ടും, ബാപ്പ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാതെ ,എന്നെയും ഇക്കയേയും ഒറ്റക്ക് വളർത്തിയെടുക്കാനായിട്ട്, ഒത്തിരി കഷ്ടപ്പെട്ടതാണ് ,നല്ല പ്രായത്തിൽ ഒരു പെണ്ണിനോടും ബാപ്പയ്ക്ക് അഭിനിവേശം തോന്നിയിട്ടില്ല ,പിന്നെയാ, ഈ അറുപതാമത്തെ വയസ്സിൽ തോന്നാൻ പോകുന്നത് ,ഒക്കെ നിന്റെ തോന്നലാണ് ,അപ്പോൾ വേറെ വിശേഷമൊന്നുമില്ലല്ലോ ?ശരി ഞാൻ വെക്കുവാ”

ഭർത്താവിനോടിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടവൾ, സ്വയം പ്രതിരോധിക്കാൻ തീരുമാനിച്ചു.

അങ്ങനെയാണ് അന്ന് രാത്രിയിൽ മുറിയിൽ കയറി കതകടച്ച് കുറ്റിയിട്ടിട്ട് ആദ്യം ലൈറ്റ് ഓഫാക്കിയത്

അതിന് ശേഷം ,കുഞ്ഞിനെ തൊട്ടിലിൽ നിന്നെടുത്ത്, കട്ടിലിൽ കിടന്നാണ് പാല് കൊടുത്തത്.

പകല് വിരുന്ന്കാര് ഉണ്ടായിരുന്നത് കൊണ്ട്, ജോലി ഒരുപാടുണ്ടായിരുന്നു.

അത് കൊണ്ട് തന്നെ, കുഞ്ഞിന് മുലകൊടുക്കുമ്പോൾ, ക്ഷീണം കൊണ്ട് അവളൊന്ന് മയങ്ങിപ്പോയി.

ഗാഡ നിദ്രയിലേക്ക് ആണ്ട് പോകുമ്പോഴാണ്, തന്റെ
നാസ്വാരന്ധ്രങ്ങളിലേക്ക് ,വെറ്റിലമുറുക്കാന്റെ രൂക്ഷ ഗന്ധം അടിച്ച് കയറുന്നത് അവളറിഞ്ഞത്.

ഞെട്ടലോടെ ചാടിയെഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ,തന്റെ മുകളിലായി
ഒരു പുരുഷശരീരം അമരുന്നത് അവളറിഞ്ഞത്.

അയാളെ തള്ളി മാറ്റാൻ ,കിണഞ്ഞ് ശ്രമിച്ചെങ്കിലും, തന്റെ കൈകൾ ഏതോ തുണികൊണ്ട്, കട്ടിലിന്റെ ക്രാസിയിൽ ബന്ധിച്ചിരിക്കുവാണെന്നറിഞ്ഞ്,അവൾ നടുങ്ങി.

വിളിച്ച് കൂവാൻ തുനിഞ്ഞപ്പോൾ, ഇടത് കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചിട്ട് ,വലത് കൈ കൊണ്ടയാൾ, അവളുടെ നൈറ്റി മുകളിലേക്ക് വലിച്ച് കേറ്റി.

തന്നിലേക്ക് ആഴ്ന്നിറങ്ങാൻ വെമ്പൽ കൊള്ളുന്ന, ആ മനുഷ്യമൃഗത്തെ, നടുവ് നിവർത്തി തടയാൻ ശ്രമിച്ചെങ്കിലും അയാളുടെ കാലുകൾക്കടിയിലായിപ്പോയ, അവളുടെ കാലുകളുടെ ബലഹീനതയെ, നിമിഷ നേരം കൊണ്ടയാൾ മുതലെടുത്തു.

അവൾ വേദന കൊണ്ട് പുളഞ്ഞപ്പോഴും, ഒന്ന് മൂളാൻ പോലുമാകാതെ ,അയാളുടെ ഇടത് കൈപ്പത്തി അവളുടെ വായിൽ അമർന്ന് തന്നെയിരുന്നു.

എല്ല് നുറുങ്ങുന്ന വേദനയുമായി ,ഷവറിന് താഴെ നില്ക്കുമ്പോൾ,
അവളുടെ മനസ്സിൽ, അയാളോടുള്ള പ്രതികാര ചിന്തയായിരുന്നു.

അടുക്കളയിലായിരുന്ന തന്നെ, കുബുദ്ധി പ്രയോഗിച്ചാണ് അയാൾ, ബെഡ്റൂമിൽ എത്തിച്ചതെന്ന് ,അവൾക്ക് മനസ്സിലായി ,മുറിയുടെ വാതിൽ അടച്ചു കുറ്റി ഇടുമ്പോൾ ,അയാൾ കോലായിലാണെന്നുള്ള ചിന്തയിലായിരുന്നവൾ , പക്ഷേ കുഞ്ഞിനെ നുള്ളി നോവിച്ചിട്ട് അയാൾ , കട്ടിലിന് അടിയിൽ ഒളിച്ചിരുന്നത്, അവൾ അറിയാതെ പോയി.

കുളി മുറിയിൽ നിന്ന് ഇറങ്ങി, അടുക്കളയിലേക്ക് നടക്കുമ്പോൾ, ഒന്നും സംഭവിക്കാത്തതുപോലെ അയാൾ മുറുക്കാൻ ചവച്ച് ചാരുകസേരയിൽ മലർന്ന് കിടക്കുന്നത്, അവൾ കണ്ടു.

കൊടുവാളെടുത്ത് കൊണ്ട് വന്ന് ,ആ ശരീരം വെട്ടി നുറുക്കാൻ അവളുടെ കൈകൾ തരിച്ചു.

അടുക്കളയിൽ നിന്ന് ,വെട്ടുകത്തി എടുത്തു കൊണ്ട് ശബ്ദമുണ്ടാക്കാതെ, എതിർ വശത്തേക്ക് നോക്കിയിരിക്കുന്ന, അയാളുടെ നേരെ നടന്നു നീങ്ങുമ്പോൾ, ബെഡ്റൂമിന് അകത്തേക്ക് അവളുടെ നോട്ടം പാളി വീണു.

കട്ടിലിൻറെ ഒരുവശത്തായി തന്റെ ഒന്നും ,മൂന്നും വയസ്സുള്ള ,രണ്ടു പെൺമക്കളെ കണ്ടപ്പോൾ ,അവളുടെ മനസ്സ് ആർദ്രമായി.

അയാളെ കൊന്നു താൻ ജയിലിലായാൽ ,തന്റെ പിഞ്ച് മക്കളുടെ ഭാവി എന്താകും?

അവരെ നോക്കാൻ ഒരു പക്ഷേ ,തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ കൊണ്ട് വരും.

അവൾ തന്റെ മക്കളെ, നോക്കുമെന്നും സ്നേഹിക്കുമെന്നും എന്താണ് ഉറപ്പ്.

ആരും തിരിഞ്ഞ് നോക്കാനില്ലാതെ, തന്റെ മക്കൾക്കുo, തനിക്കുണ്ടായത് പോലുള്ള ദുരന്തമുണ്ടാകുമെന്ന് അവൾ ഭയപ്പെട്ടു.

മാത്രമല്ല, ഇയാളങ്ങനെ പെട്ടെന്ന് മരിക്കാനും പാടില്ല.

ഈ ദുനിയാവിൽ കിടന്ന് നരകിച്ച് വേണം മരിക്കാൻ.

കുറച്ച് നേരത്തേക്ക് അയാളുടെ കീഴിൽ ,ഒന്നനങ്ങാനാവാതെ നിസ്സഹായയായി ,കിടക്കുമ്പോൾതാൻ അനുഭവിച്ച മാനസിക വെല്ലുവിളി അയാളുമറിയണം.

ഇനിയുള്ള ജീവിതകാലം മുഴുവൻ അയാൾ മെയ്യനങ്ങാതെ, നാവാടാതെ ഒരിറ്റ് കുടിവെള്ളത്തിനായ് ദയനീയതയോടെ തന്റെ നേരെ നോക്കുന്നത് കണ്ട്, തനിക്ക് ആസ്വദിക്കണം.

തനിക്ക് ഇവിടെ ഒറ്റയ്ക്ക് നില്ക്കാൻ പേടിയാണെന്ന് പറഞ്ഞിട്ടും, നാട്ടിൽ നിന്ന് ബിസ്നസ്സ് ചെയ്യാനോ, ജോലി നോക്കാനോ തയ്യാറാവാത്ത തന്റെ ഭർത്താവിന് ,ബാപ്പ കിടപ്പിലാകുമ്പോൾ അടുത്ത് നിന്ന് ശുശ്രൂഷിക്കാൻ വരാതിരിക്കാനാവില്ലല്ലോ?

ക്രൂരനായ അമ്മായി അപ്പനെ, ആജീവനാന്തം എങ്ങിനെ കിടപ്പിലാക്കാം എന്നവൾ തല പുകഞ്ഞാലോചിച്ചു.

നട്ടെല്ലിന് ക്ഷതമേറ്റാൽ, ശരീരം തളർന്ന് പോകുമെന്ന് അവൾക്കറിയാമായിരുന്നു.

അതെങ്ങിനെ?

അതായിരുന്നു അവളുടെ ചിന്ത .

“ബാപ്പാ… എന്റെ നൈറ്റി ടെറസ്സിൽ കിടപ്പുണ്ട്, അതിങ്ങ് എടുത്ത് തരുമോ?ഞാൻ സോപ്പ് തേച്ച് നില്ക്കുവാ, അത് കൊണ്ടാ”

പിറ്റേ ദിവസം, അയാൾ കോലായിലിരിക്കുമ്പോൾ, കുളിമുറിയിൽ നിന്നവൾ, അയാളോട് വിളിച്ച് ചോദിച്ചു.

“ങ്ഹേ, മരുമോൾക്ക് തന്നോട് ഇത്രയും സ്നേഹമോ?

അയാൾക്ക് വിശ്വസിക്കാൻ പറ്റിയില്ല.

സോപ്പ് തേച്ച് നില്ക്കുന്ന മരുമകളുടെ രൂപമോർത്ത് കൊണ്ടയാൾ ,നട്ടുച്ചയ്ക്ക് പൊള്ളുന്ന ടെറസ്സിൽ ഓടി കയറി.

അവിടെ മൊത്തം അരിച്ച് പെറുക്കിയിട്ടും ,മരുമകളുടെ നൈറ്റി അയാൾക്ക് കാണാൻ കഴിഞ്ഞില്ല.

കുറച്ച് നേരം വെയിലത്ത് നിന്നപ്പോൾ ,കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയ അയാൾ ,വേഗം താഴോട്ടിറങ്ങാൻ ,കുത്തനെയുള്ള സ്റ്റെയർകെയ്സിന്റെ മുകൾ പടിയിലേക്ക് കാലെടുത്ത് വച്ചു,
അടുത്ത കാല് കുത്തുന്നതിന് മുമ്പ് ,ആദ്യത്തെ കാല് ഏതോ കൊഴുത്ത ദ്രാവകത്തിൽ ചവിട്ടിതെന്നി, താഴേക്ക് ഊർന്ന് വീണ്പോയി.

ആ വീഴ്ച്ച നിലച്ചത്, പതിനെട്ട് പടികൾ താണ്ടിതാഴെയുള്ള ഗ്രാനൈറ്റിലേക്കായിരുന്നു.

“മോളേ ….”

ആദ്യമായിട്ടയാൾ, സ്വന്തം ജീവന് വേണ്ടി, തന്നെ വിളിച്ച് കരയുന്നത്, അവൾ കൺകുളിർക്കെ ആസ്വദിച്ചു.

കൈയ്യിലിരുന്ന വെളിച്ചെണ്ണയുടെ വലിയബോട്ടിൽ താഴെ വച്ചിട്ട് ,അവൾ, മലർന്നടിച്ച് കിടക്കുന്ന അയാളുടെ അടുക്കലേക്ക് മെല്ലെ വന്നു.

മുഖം നിറഞ്ഞ ചിരിയുമായി കുനിഞ്ഞ് അയാളുടെ നടുവിൽ പിടിച്ച് ഉയർത്തി.

“വേണ്ടാ …”

ഒരലർച്ചയോടെ അയാൾ പറഞ്ഞു.

മതി, ഇത് മതി, ഇനി അയാൾ ഈ കിടപ്പിൽ നിന്ന് എഴുന്നേല്ക്കില്ല, എന്ന് ഉറപ്പിച്ച് കൊണ്ടവൾ,
മൊബൈൽ ഫോണെടുത്ത് ഭർത്താവിന്റെ ഫോണിലേക്ക് ഒരു നന്ദേശമയച്ചു.

ബാപ്പ മുകളീന്ന് വീണു ,നട്ടെല്ല് തകർന്നിട്ടുണ്ട്, എത്രയും പെട്ടെന്ന് വരണം.

രചന
സജി തൈപറമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here