Home രച്ചൂസ് പപ്പൻ അന്നും അമ്മ നിറഞ്ഞ കണ്ണ് ഇരുട്ടിൽ മറച്ചു എന്റെ തലമുടിയിൽ തലോടുകയാണ് ചെയ്തത്…

അന്നും അമ്മ നിറഞ്ഞ കണ്ണ് ഇരുട്ടിൽ മറച്ചു എന്റെ തലമുടിയിൽ തലോടുകയാണ് ചെയ്തത്…

1

കറിവേപ്പില

രചന : Remya Padmakumar Panicker

മനുഷ്യനെ ശല്യം ചെയ്യാൻ ആയിട്ട് പാതിരാത്രിയിൽ കുത്തിഇരുന്നുള്ള പഠിപ്പിക്കൽ ഒന്നും ഇവിടെ നടക്കില്ല…. ജോലിക്ക് പോയിട്ട് വന്നാൽ എനിക്ക് സമാധാനമായി ഉറങ്ങണം… അതിനിടയിൽ ആണ് അവള് മോനെ ഉദ്യോഗക്കാരൻ ആക്കാൻ പോകുന്നത്..ഇനി രാത്രിയിലേ പഠിപ്പിക്കൽ കണ്ടാൽ കാല് മടക്കി ചവിട്ടും ഞാൻ…. അതും പറഞ്ഞു കട്ടിലിന്റെ പകുതിയും കവർന്നു ഉറങ്ങാൻ കിടന്ന അച്ഛനെ പറ്റി കിടന്നത് അന്നത്തെ നാല് വയസ്സുകാരന്റെ പഠിക്കാൻ ഉള്ള മടി കൊണ്ട് തന്നെ ആയിരുന്നു….

അപ്പോഴും അമ്മ പറഞ്ഞത് ഏട്ടാ അവന് ഹോം വർക്ക്‌ ഇനിയും ചെയ്തു തീർക്കാൻ ഉണ്ട്…. ചെയ്തില്ലെങ്കിൽ ടീച്ചർ എന്റെ കുഞ്ഞിനെ അടിക്കും ഒന്ന് പഠിപ്പിച്ചോട്ടെ എന്നാണ്….

നാല് നാലര വയസ്സുള്ള ചെക്കന് ഇത്രയൊക്കെ പഠിച്ചാൽ മതി ഇനി രാത്രിയിൽ കൊച്ചിനെ പഠിപ്പിക്കണം എന്ന് പറഞ്ഞു ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞാൽ എന്റെ കൈയിൽ നിന്ന് മേടിക്കും രണ്ടും എന്ന് പറഞ്ഞു അച്ഛൻ അമ്മയ്ക്ക് നേരെ തിരിയുമ്പോൾ കണ്ണുകൾ കൂട്ടി അടച്ചു കിടന്നത് അമ്മ എന്നെ വീണ്ടും പഠിക്കാൻ വിളിക്കാതിരിക്കാൻ ആയിരുന്നു..

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ നിരത്തിയിട്ട പുസ്തകങ്ങൾ അടുക്കി വെക്കുമ്പോൾ അമ്മ മറുത്തൊന്നും പറഞ്ഞിരുന്നില്ല…

അതിരാവിലെ എന്നെ തട്ടിവിളിച്ചു കണ്ണാ… പഠിക്കാം എന്ന് പറയുമ്പോൾ തല വഴി മൂടി പുതച്ചു വീണ്ടും കിടക്കുകയാണ് ഞാൻ ചെയ്തതും…
കണ്ണാ.. പഠിക്കാതെ ചെന്ന് ടീച്ചറിന്റെ കൈയിൽ നിന്ന് വാങ്ങണ്ട.. എന്ന് പറഞ്ഞു അമ്മ വിളിക്കുമ്പോൾ പല്ലിറുമ്മി കൊണ്ട് ഞാൻ ആലോചിച്ചത് ഈ അമ്മയ്ക്ക് വേറെ ഒരു പണിയും ഇല്ലേ എന്നായിരുന്നു…

പിന്നീടൊരിക്കൽ ഞാൻ വയ്യാതെ ആയി സ്കൂളിൽ ശർദ്ധിച്ചപ്പോൾ അച്ഛൻ അമ്മയെ കണക്കിന് ശകാരിച്ചത് നിന്റെ വൃത്തികെട്ട ആഹാരം ആണ് കുഞ്ഞിന് വയ്യാതെയായത് എന്നായിരുന്നു…..

അപ്പോഴും ഞാൻ കട്ടിലിന്റെ ഓരത്തേക്ക് ചുരുണ്ടു കൂടിയത് സ്കൂളിൽ പോകും വഴി നാണുവേട്ടന്റെ കടയിലെ തുറന്നുവെച്ച ബജി കഴിച്ച കാര്യം അച്ഛൻ അറിയാതിരിക്കാൻ ആണ്….

അന്നും അമ്മ നിറഞ്ഞ കണ്ണ് ഇരുട്ടിൽ മറച്ചു എന്റെ തലമുടിയിൽ തലോടുകയാണ് ചെയ്തത്…

ഹൈസ്കൂളിലെ ആദ്യ ഓണ ആഘോഷത്തിന് ക്ലാസിലുണ്ടായ ചെറിയ വാക്ക് തർക്കം കയ്യാങ്കളിയിൽ കലാശിച്ചപ്പോൾ ആണ് അച്ഛനെ കൊണ്ട് വന്നാലേ ക്ലാസിൽ കയറ്റുള്ളു എന്ന് രാജൻ സാർ പറഞ്ഞത്…

അമ്മ വഴി അച്ഛനെ അത് അറിയിക്കുമ്പോൾ എനിക്ക് തല്ലിന്റെ മാലപ്പടക്കം ആണ് പ്രേതീക്ഷിച്ചത് എങ്കിലും അച്ഛൻ അമ്മയോടായി പറഞ്ഞത്… ഇവനെ പിഴപ്പിച്ചപ്പോൾ നിനക്ക് തൃപ്തി ആയില്ലേ… വളർത്തി നശിപ്പിക്കാൻ അല്ലാതെ നന്നാക്കാൻ നിനക്കറിയില്ലല്ലോ എന്നായിരുന്നു…

അന്ന് അമ്മ ആദ്യമായി എന്നോട് പറഞ്ഞത് തന്നെക്കാൾ വലിയവനെയും തനിക്ക് ചെറിയവനെയും തല്ലി തോൽപ്പിക്കാൻ മുതിരരുത് എന്നായിരുന്നു…

പത്താം ക്ലാസ്സിൽ ഞാൻ കാരണം സമ്പൂർണ വിജയം നഷ്ടമാകും എന്ന് ക്ലാസ്സ്‌ ടീച്ചർ പിറ്റിഎ മീറ്റിങ്ങിൽ എല്ലാവരും കേൾക്കേ.. പറയുമ്പോൾ എന്റെ അമ്മ അന്ന് ആദ്യമായി എല്ലാവർക്കും മുന്നിൽ വെച്ച് വാക്ക് നൽകിയിരുന്നു എന്റെ കണ്ണൻ കാരണം വിജയശതമാനം കുറയില്ല എന്ന്…

അന്ന് എന്റെ അമ്മയുടെ കണ്ണിൽ കണ്ട തീജ്വാല മതിയായിരുന്നു പിന്നീടുള്ള എന്റെ ഓരോ നേട്ടങ്ങൾക്കും…

പാതി രാത്രിയിലും ചൂട് പറക്കുന്ന കട്ടൻ ചായയുമായി കൂട്ടിരിക്കുന്ന അമ്മ മാത്രം ആയിരുന്നു എന്നിലെ വാശിക്ക് പിന്നിൽ…

പത്താം ക്ലാസിൽ 90%മാർക്കിന്റ നിറവിൽ ഞാൻ അമ്മയെ ചേർത്ത് പിടിക്കുമ്പോൾ ഉമ്മറത്തു അച്ഛൻ ആരോടോ ഫോണിൽ പറയുന്നുണ്ടരുന്നു….

ന്റെ… മകൻ അല്ലെ അവൻ എൻറെ രക്തം എങ്ങിനെ പിന്നിലാകും അവൻ… എന്ന്…

ഇന്ന് ഞാൻ ഒരു അദ്ധ്യാപകൻ ആയി ചുമതല ഏറ്റ ആ നിമിഷവും അമ്മ ഉണ്ടായിരുന്നു എനിക്ക് പിന്നിൽ നെടുതൂണായി… അപ്പോഴും അച്ഛൻ പലരോടായി പറഞ്ഞിരുന്നു… കണ്ണൻ ഇത്രയും വളർന്നതിൽ അതിശയം ഒന്നുമില്ല അവൻ എന്റെ മകൻ അല്ലേ എന്ന്
അന്നും ഉമ്മറത്തെ തൂണിന്റെ മറവിൽ ഒരു നിഴൽ ഉണ്ടായിരുന്നു ചിരിച്ചു കൊണ്ട് നിറഞ്ഞ കണ്ണ്കൾ തുടച്ചുകൊണ്ട്…

അപ്പോഴേക്കും ഞാൻ തിരിച്ചറിഞ്ഞിരുന്നു എന്റെ നേട്ടങ്ങളിൽ അച്ഛന് മുന്നിലെ ഒരു കറിവേപ്പില ആയിരുന്നു ന്റെ അമ്മയെന്ന്.. അച്ഛന് ഇന്നും മനസിലാക്കാൻ പറ്റാതെ പോയത് ഏത് കറിക്കും കറിവേപ്പിലയിട്ടാൽ രുചി ഇരട്ടിക്കും എന്ന വസ്തുത ആയിരുന്നു..

A story by രച്ചൂസ് പപ്പൻ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here