Home Article ഇതാദ്യമായാണ് ഒരു പരിചയോമില്ലാത്ത പെൺകുട്ടി എൻറെടുത്തു വന്നിരിക്കുന്നത്. മുൻപ് പലപ്രാവശ്യം അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്നത്...

ഇതാദ്യമായാണ് ഒരു പരിചയോമില്ലാത്ത പെൺകുട്ടി എൻറെടുത്തു വന്നിരിക്കുന്നത്. മുൻപ് പലപ്രാവശ്യം അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്നത് ഇതാദ്യമായിരുന്നു.പക്ഷെ അവളെന്റെ അടുത്തിരുന്നതുകൊണ്ട് അവളെ ശരിക്കൊന്നു നോക്കാൻ ഞാൻ നന്നേ പാടുപെട്ടു

0

34 കിമീ ഞാനവളോടൊപ്പം ഉണ്ടായിരുന്നു . മുവാറ്റുപുഴയിൽ നിന്നും സ്റ്റാർട്ട്‌ ചെയ്ത കെഎസ്ആർടിസി ബസിൽ അത്യാവശ്യം ആളുകൾ എന്നെപ്പോലെ സ്റ്റാൻഡിൽ നിന്നും കയറി. വേറൊന്നും കൊണ്ടല്ല, സീറ്റ്‌ കിട്ടാൻ തന്നെ.എനിക്ക് എന്റെ സ്ഥിരം സീറ്റ്‌ കിട്ടി. ഫ്രണ്ട് ഡോറിനു തൊട്ടുപുറകിലത്തെതിന്റെ പുറകിലെ സീറ്റ്‌, സീറ്റ്‌ നമ്പർ 11, വിന്ഡോ സീറ്റ്‌.സമയം ഏതാണ്ട് വൈകിട്ട് നാലു മണി കഴിഞ്ഞിരുന്നു. കോഴിക്കോടിന് ടിക്കറ്റെടുത്ത രണ്ടു ചേട്ടന്മാര് സ്ത്രീകളുടെ സീറ്റിൽ കയറി ഇരിക്കുന്നത് ഞാൻ കണ്ടു.

അവരിരിക്കുന്നതു കണ്ടു കൊണ്ട് പുറകെ കേറിയ വല്യപ്പനും ആ സീറ്റിൽ കയറി ഇരുന്ന് കോളം തികച്ചു .ഹെഡ്സെറ്റിന്റെ കുഷ്യൻ കീറിപോയതുകൊണ്ട് പുറത്തെടുക്കാൻ എനിക്ക് മടിയായിരുന്നു. എങ്കിലും അങ്കമാലി വരെ എത്തേണ്ടെ ? ബസിലാണെങ്കി ആകെ വരൾച്ചയും, വേറെ ഇപ്പൊ എന്താ ഒരു എന്റർടൈൻമെന്റ്, നാണമില്ലാതെ ഞാനെന്റെ ഹെഡ്സെറ്റ് എടുത്തു കുത്തി ദീപക് ദേവിന്റെ ആദം ജോആനിനെ പാടാൻ വിട്ടിട്ടു സുഖായിട്ടെങ്ങനെ ഇരുന്നു. ആ സമയത്താണ് ” സ്ക്യൂസ്‌ മി, ഒന്നു നീങ്ങി ഇരിക്കുവോ “എന്ന ശബ്ദം എന്നെ തേടിയെത്തിയത്. ഗ്ലോസി ലിപ്സ്റ്റിക് ഇട്ട രണ്ടു ചുണ്ടുകൾ എന്നോട് സംസാരിക്കുന്നു, ഞാൻ നീങ്ങാൻ തുടങ്ങുന്നതിനു മുൻപേ അവളുടെ ഒലക്ക പോലത്തെ ബാഗു വെച്ച് എന്നെ തള്ളി നീക്കുന്നു. എല്ലാം രസിച്ചുകൊണ്ട് ഞാൻ അവൾക്കു വിധേയനായി വിന്ഡോയ്ക്കടുത്തേക്ക് നീങ്ങിയിരുന്നു.

അവളെന്റെ അടുത്തിരുന്നു… എന്നെപ്പോലെ അവൾ വാച്ച് ധരിച്ചിട്ടുണ്ടായിരുന്നില്ല, സീറ്റിലിരുന്ന ശേഷം മുടി കെട്ടിവെക്കുന്ന തിരക്കിലായിരുന്നു അവൾ . കെട്ടിവെച്ചു തീരുന്നതിനു മുൻപേ കണ്ടക്ടർ ബെല്ലടിച്ചു വണ്ടി സ്റ്റാന്റിൽനിന്നും എടുത്തു, അവളെന്റെ ദേഹത്തേക് വീഴും എന്നു പ്രതീക്ഷിച്ചെങ്കിലും അടുത്തുള്ള കമ്പിയിൽ പിടിമുറുക്കി അവളിരുന്നു.ഇതാദ്യമായാണ് ഒരു പരിചയോമില്ലാത്ത ഒരു പെൺകുട്ടി എന്റടുത്തു വന്നിരിക്കുന്നത്. മുൻപ് പലപ്രാവശ്യം അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്നത് ഇതാദ്യമായിരുന്നു.പക്ഷെ അവളെന്റെ അടുത്തിരുന്നതുകൊണ്ട് അവളെ ശരിക്കൊന്നു നോക്കാൻ ഞാൻ നന്നേ പാടുപെട്ടു.അങ്ങനെ ഞാനെന്റെ പെടലി വെട്ടിച്ചോണ്ടിരുന്ന സമയത്താണ് കണ്ടക്ടർ മാമൻ ടിക്കറ്റ് എടുക്കാൻ വന്നത്.

” തൃശൂർ ” എന്നും പറഞ്ഞു അവൾ നീട്ടിയ 500 രൂപയ്ക്കു മറുപടിയായി കണ്ടക്ടറു മാമൻ ചോദിച്ചു” രണ്ടാളാണോ ? “എനിക്ക് ആ ചോദ്യം അങ്ങിഷ്ടായി.ദേഷ്യത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കിയിട്ട് രൂക്ഷമായി മാമനോട് പറഞ്ഞു” അല്ല, ഒന്ന് “ടിക്കറ്റ് തന്നിട്ട് മാമൻ പോയിട്ടും അവളെന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.എന്തിനാ അവളിങ്ങനെ നോക്കുന്നത്, ഞാൻ വേറൊന്നും ചെയ്തില്ലല്ലോ,രണ്ടുപേർക്കാണോ എന്നു ചോദിച്ചപ്പോൾ ചെറുതായൊന്നു ചിരിച്ചു. അതിനിങ്ങനെ നോക്കേണ്ട കാര്യമൊന്നുമില്ല.ആ എന്നതായാലും അവളെങ്ങനെ നോക്കിയതുകൊണ്ട് എനിക്കവളുടെ മുഖം വ്യക്തമായി കാണാൻ സാധിച്ചു.

പക്ഷെ പെട്ടെന്നവൾ നോട്ടം പിൻവലിച്ചു ബാഗിനുള്ളിൽ നിന്നും അവളുടെ ഹെഡ്സെറ്റ് എടുത്തു. വെള്ള ഹെഡ്സെറ്റ് ആണ്. പക്ഷെ നല്ലപോലെ ചെളിപിടിച്ചു വൃത്തികേടായിട്ടുണ്ട്. അവളത്തെടുത്തു ചെവിയിൽ വെക്കുന്നത് കണ്ടു ഞാൻ കളിയാക്കിയൊന്നു നോക്കി, അതെ ഭാവത്തിൽ കുഷ്യൻ കീറിയ എന്റെ ഹെഡ്‌സെറ്റിലേക്ക് അവളും ഒന്നു നോക്കി.അപ്പോഴാണ് എനിക്ക് കുറച്ചു മുൻപ് അവൾ നോക്കിയതിന്റെ രഹസ്യം മനസിലായത്.
സാമാന്യം വണ്ണമുണ്ടായിരുന്നു എനിക്കും അവൾക്കും അതുകൊണ്ട് തന്നെ ദേഹത്തു മുട്ടാതെ ആ ഒരു സീറ്റിലിരിക്കാൻ വലിയ കഷ്ടപ്പാടായിരുന്നു.
വലത്തേക്കുള്ള വളവു വരുമ്പോൾ എന്റെ അടുത്തേക്ക് വരാതിരിക്കാൻ അവളും ഇടത്തേക്കുള്ള വളവു വരുമ്പോൾ അവളുടെ അടുത്തേക്ക് പോകാതിരിക്കാൻ ഞാനും പരമാവധി ശ്രമിച്ചിരുന്നു.

സത്യം പറഞ്ഞാൽ ഞാനങ്ങനെ ശ്രമിക്കുന്നുണ്ടെന്ന് അവൾക്കു തോന്നാൻ ഞാൻ ശ്രമിച്ചിരുന്നു എന്നു പറയുന്നതാവും ശരി . വിൻഡോയിലെ കമ്പിയിൽ വെറുതെ അവളെ കാണിക്കാൻ വേണ്ടി വളവു വരുമ്പോൾ മുറുക്കെ പിടിക്കും. പക്ഷെ കൃത്യമായി ഞാനവളുടെ അരുകിൽ എത്തുകയും ചെയ്യും.
പെരുമ്പാവൂരെത്തുന്നതിനു മുൻപ് എം സി റോഡിലുള്ള അമ്പലം പാസ് ചെയ്തപ്പോൾ അവൾ കഴുത്തിൽ കൈ വെച്ച് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ എനിക്ക് അവൾ ഹിന്ദുവാണെന്ന് മനസിലായി.അതൊന്നും എനിക്ക് പ്രശ്നല്ല എന്നൊരു ഭാവത്തോടെ ഞാനിരുന്നു.പെരുമ്പാവൂര് ടൗണിലുള്ള പള്ളി പാസ്സ് ചെയ്തപ്പോൾ ഞാൻ നെഞ്ചത്തു കുരിശു വരച്ചു അവൾക്കു മനസിലാക്കി കൊടുത്തു ഞാൻ ക്രിസ്ത്യൻ ആണെന്ന്.ആണെങ്കിലെന്താ ?
എന്നുള്ള ഭാവത്തിൽ അവളും ഇരുന്നു.

എങ്ങനെയും അവളോട്‌ സംസാരിക്കണം എന്ന ഉദ്ദേശത്തോടെ ഹെഡ്സെറ്റ് ഊരി ഞാൻ ബാഗിലിട്ടു. അധികം താമസിയാതെ അവളും ഹെഡ്സെറ്റ് ഊരി വെച്ചു.പക്ഷെ എങ്ങനെ തുടങ്ങും എന്നറിയാതെ കാലടി എത്തുന്നത് വരെ വെറുതെ ഇരുന്നു.ചങ്കിനുള്ളിൽ ആരോ തീ കോരിയിട്ടപോലെ . ധാരാളം വളവുകൾ ഇതിനോടകം ഞങ്ങളെ കടന്നു പോയിരുന്നു . പക്ഷെ വിന്ഡോയുടെ കമ്പിയിൽ പിടിക്കാൻ ഞാനും , സീറ്റിനോടടുത്ത കമ്പിയിൽ പിടിക്കാൻ അവളും മറന്നുതുടങ്ങിയിരുന്നു. ഓരോ വളവുകളിലും ഞാൻ അവളിലേക്കും, അവൾ എന്നിലേക്കും കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു.

ഇനി അധികം ദൂരമില്ല അങ്കമാലിക്ക്. എങ്ങനെയും അവളോട്‌ സംസാരിച്ചേ പറ്റൂ. അങ്ങനെ വിചാരിച്ചിരുന്ന സമയത്താണ് അവൾ ഫോണെടുത്തു ആരെയോ വിളിക്കാൻ തുടങ്ങിയത്.” ഹലോ, എടി ഇത് ഞാനാ അനു, ഇത് എന്റെ പുതിയ നമ്പറാ, നീ നോട്ട് ചെയ്തോ 8 9 2 1 2 1 9 —, അതെ നിന്റെ ഫേസ്ബുക്കില് ഞാൻ റിക്വസ്റ്റ് അയച്ചിട്ടുണ്ട് ഒന്ന് അക്‌സെപ്റ്റ് ചെയ്തേക്ക്. പിന്നേ , ഫേസ്ബുക്കിലിന്റെ പേര് അനു വിശ്വൻ എന്നാണൂട്ടോ ! വേഗം ചെയ്യണേ ”

അത്രയും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.അപ്പോഴേക്കും അങ്കമാലി എത്തി, എനിക്കിറങ്ങാറായിരുന്നു. ഞാൻ എന്റെ സീറ്റിൽനിന്നും എണിറ്റു അവൾക്കരുകിൽ നിന്നു അവളെന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അവൾ ഞാനിരുന്ന ഭാഗത്തേക്ക്‌ നീങ്ങിയിരുന്നു. അവൾക്കരുകിൽ വേറൊരു ചേച്ചിയും ഇരുന്നു. അങ്കമാലി സ്റ്റാൻഡിലേക്ക് വണ്ടി കയറി. അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയതേയില്ല. ഫോണെടുത്തു ചെവിയിൽ വെച്ചു കൊണ്ട് ഞാൻ ബസിൽ നിന്നും ഇറങ്ങി. അവളിരിക്കുന്ന വിൻഡോ സീറ്റിനു വെളിയിലായി നിന്നു. അപ്പോഴും അവളെന്നെ നോക്കുന്നുണ്ടായിരുന്നു.അവളെയുംകൊണ്ട് ആനവണ്ടി എന്നിൽനിന്നും അകലുന്നതിനു മുൻപ് ഞാൻ ഫോൺ വെറുതെ ചെവിയിൽ വെച്ചു സംസാരിച്ചു” ഡാ ജോൺ ആടാ “***34 കിമീ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു ***അവസാനിച്ചു –
രചന : ജോൺ സാമുവൽ

LEAVE A REPLY

Please enter your comment!
Please enter your name here