Home Article ഒരു തേപ്പിന്റെ പുറകിൽ

ഒരു തേപ്പിന്റെ പുറകിൽ

0

” ഡാ എനിക്കു വിഷമം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ നമ്മൾ പിരിഞ്ഞാൽ നമ്മൾ മാത്രം വിഷമിച്ചാൽ മതി ഇനി നമ്മൾ ഒരുമിക്കാനാണേൽ നമ്മുടെ വീട്ടു കാരുടെ ഉൾപ്പടെ എത്ര പേരുടെ വിഷമം നമ്മൾ കാണണം. അപ്പച്ചൻ ഒരിക്കലും നമ്മുടെ ബന്ധം അംഗീകരിക്കില്ല. അപ്പച്ചനെയൊക്കെ എതിർത്ത് എനിക്കൊരു ജീവിതവും വേണ്ട. നീ എന്നോടു ക്ഷമിക്ക്.. നമുക്ക് പിരിയാം” മെറിൻ പറഞ്ഞു നിർത്തി.

“ഹും. ജാതീം മതോം നോക്കിയാണോ നമ്മൾ ഇഷ്ടപ്പെട്ടത്. എനിക്കും ഉണ്ട് വീടും വീട്ടു കാരും. അവരിൽ ചിലരെയെങ്കിലും എനിക്കും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട് നിനക്കു വേണ്ടി.ആ ദുബായ് കാരന്റെ ആലോചന വന്നപ്പോ മുതലുള്ള മാറ്റം എന്നിക്ക് മനസിലാകുന്നുണ്ട്. എന്തായാലും ഞാൻ കാരണം നിനക്കൊന്നും നഷ്ടപ്പെടണ്ട. നിനക്കു വേണ്ടെങ്കി എനിക്കും വേണ്ട. പിരിയാം.

ഈ ക്ലാസ് റൂമിൽ നമ്മൾ അടുത്തതും പിരിയുന്നതും ഇവിടെ വച്ചാ കാം.ഗുസ് ബൈ. നിന്നെ പോലൊരു തേപ്പുകാരിയെ ആണല്ലോ ഇത്രേം നാൾ മനസിൽ കൊണ്ടു നടന്നത്.. ഛെ.. ” നീണ്ട മൂന്നു വർഷത്തെ ക്ലാസ് റൂം പ്രണയം പറഞ്ഞവനാനിപ്പിച്ച് മനു തിരിഞ്ഞു നടന്നു.

സംഭവം കഴിഞ്ഞിട്ട് ഇപ്പോ വർഷം പത്തു പന്ത്രണ്ട് കഴിഞ്ഞെങ്കിലുo മനു പഴയതൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ ഓർത്തെടുത്തു.ഇതേ ക്ലാസ് റൂമിലേക്കാണ് പൂർവ വിദ്യാർഥി സംഗമത്തിനായി ശനിയാഴ്ച പോകേണ്ടത്.

ഓഫീസിൽ ലീവ് പറഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ തന്റെ പഴയ കോളേജിലേക്ക് തിരിച്ചു.10.30 ഓട് കൂടി കോളേജിലെത്തി. പഴയ ചങ്ങാതിമാരെയൊക്കെ കണ്ട് കുശലാന്വേഷണത്തിനിടക്കാണ് പുറത്ത് ഒരു കൈ വന്നു വീണത്. തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ പഴയ നായിക മെറിൻ.അല്പം തടിച്ചെന്ന തൊഴിച്ചാൽ കാഴ്ചയിൽ അവൾ പഴയ പടി തന്നെ.

” എന്തുണ്ടടാ വിശേഷം വാ നമുക്കൊന്നു നടക്കാം ” നടന്നുകൊണ്ടവൾ തുടർന്നു:- “എന്താടാ ഈ താടിയൊക്കെ വളർത്തി ഒരു നിരാശാ കാമുകന്റെ ലുക്ക്. പഴയ പ്രണയത്തിന്റെ ഓർമയ്ക്കായിട്ടാണോ? ഇപ്പോഴും ദേഷ്യത്തിലാണോ എന്നോട് ”

“എനിക്കെന്തിനാടീ ദേഷ്യം പ്രായത്തിന്റെ എടുത്തു ചാട്ടമായിട്ടേ ഞാനതിപ്പോ കാണുന്നുള്ളൂ. നീ എന്തു ചെയ്യുന്നു? ഫാമിലിയൊക്കെ?”

” ഞാൻ ഇപ്പോ പബ്ലിക് സ്കൂളിൽ ടീച്ചറാണ്. അപ്പച്ചൻ കഴിഞ്ഞ വർഷം മരിച്ചു. ചേട്ടൻ ഫാമിലിയായി US ൽ ആണ്.പിന്നെ ഞാൻ നിന്നെ കഴിഞ്ഞ ആഴ്ച്ച ഇവിടെ ബീച്ചിൽ വച്ച് കണ്ടിരുന്നു.കൂടെ നിന്റെ ഫാമിലിയൊക്കെ ഉള്ള കൊണ്ട് വന്നു ഡിസ്റ്റർബ് ചെയ്യണ്ടാന്നോർത്തു.”

” ഉം.. ഞങ്ങൾ ചുമ്മാ ഒന്നു കറങ്ങാനിറങ്ങിയതാ.പിള്ളേർക്കൊക്കെ ഒരേ നിർബന്ധം ബീച്ചിൽ പോണംന്ന്.പിന്നെ നിന്റെ ഹസ്ബന്റ് എന്നു ചെയ്യുന്നു?”

“കല്യാണം കഴിക്കാത്ത എനിക്ക് എവിടുന്നാ മാഷേ ഹസ്ബന്റ്”

ചെറിയ ഞെട്ടലോടെ വീണ്ടും മനു ചോദിച്ചു “അതെന്തേ? നമ്മൾ പിരിയാൻ തന്നെ കാരണം നിനക്കു വന്ന ആ ദുബായ് കാരന്റെ ആലോചന അല്ലാർന്നോ ”

“നമ്മൾ പിരിയാൻ കാരണം അതായിരുന്നുവെന്നത് നിന്റെ തോന്നലായിരുന്നു മനു… ആലോചന വന്നുവെന്നത് ശരി, പക്ഷെ ഒരു കാശുകാരനെ കണ്ടപ്പോ അത്രയും നാൾ സ്നേഹിച്ച നിന്നെ ഉപേക്ഷിച്ചു പോകുന്ന ഒരു പെണ്ണായാണല്ലേ നീ എന്നെ കണ്ടത്.. ഞാൻ പറഞ്ഞില്ലാർന്നോ അപ്പച്ചൻ ഒരു ഹിന്ദുവായ നിന്നെ വിവാഹം കഴിക്കാൻ സമ്മതിക്കൂല്ലാന്ന്.. ഞാൻ പറഞ്ഞ പോലെ എന്നെ വളർത്തി വലുതാക്കിയ അവരെയെക്കെ എതിർത്ത് എന്റെ ഇഷ്ടം മാത്രം നോക്കി നിന്റെ കൂടെ ഇറങ്ങി വരാനാവാത്ത കൊണ്ടാണ് അന്ന് ഞാനങ്ങനെ പറഞ്ഞത്.അല്ലാതെ കാശുകാരനായ ഒരു ദുബായിക്കാരനെ കെട്ടി പോകാനല്ല. അപ്പച്ചനെ ധിക്കരിച്ച് ഒരു ഹിന്ദു പയ്യന്റെ കൂടെ ഓടി പോകൂല്ലാന്ന് ഞാൻ അപ്പച്ചനു വാക്കു കൊടുത്തു. എന്നു വച്ച് ജീവനു തുല്യം നിന്നെ സ്നേഹിച്ചിട്ട് മറ്റൊരുത്തനു മുന്നിൽ കഴുത്തു നീട്ടി കൊടുക്കാൻ എനിക്കു ഴി ഞ്ഞില്ല ഇന്നു വരെ..ഇപ്പോഴും ഞാൻ ഇതൊക്കെ പറഞ്ഞില്ലെങ്കിൽ നിന്നെ തേച്ചിട്ടു പോയ ഒരു പെണ്ണായേ എന്നെ നീ കാണൂ.. ഒരു കാര്യത്തിൽ സന്തോഷമുണ്ട്. നീ നല്ലൊരു കുടുംബമായി ജീവിക്കുന്നു എന്നറിഞ്ഞതിൽ… അപ്പോ ശരി ഹാഫ് ഡേ ലീവേ ഉള്ളൂ. ഞാൻ ഇറങ്ങുവാ… ” ഇത്രയും പറഞ്ഞ് കണ്ണീരിനു മറയായി ഒരു പുഞ്ചിരിയുമായി മെറിൻ തിരിഞ്ഞു നടന്നു…

പെട്ടെന്നാണ് മനു പിന്നിൽ നിന്ന് അവളെ വിളിച്ചത് “അതേയ് ഒന്നു നിന്നേടീ… വല്യ ത്യാഗമൊക്കെ ചെയ്ത് എന്നെ തോല്പിച്ചിട്ട് അങ്ങനെ അങ്ങു പോയാലോ… നീ എന്താ വിചാരിച്ചത് നിനക്കു പകരം വേറെ ഒരാളെ കെട്ടി ഞാൻ സുഖായ്ട്ട് ജീവിക്കുമെന്നോ… നീ അന്നു ബീച്ചിൽ വച്ച് കണ്ടത് എന്റെ ഫാമിലി തന്നെയാ ,എന്റെ അനിയത്തീം അവളുടെ മക്കളും. അവൾ ഹസ്ബന്റ് ബാംഗളൂർ എൻജിനീയർ ആണ്. അവളും പിള്ളേരും കഴിഞ്ഞ ആഴ്ച നാട്ടിൽ വന്നതാ. ലൈഫിൽ ഒരു പെണ്ണുണ്ടാവണം എന്ന് എനിക്ക് നിർബന്ധമില്ല.. പക്ഷെ അങ്ങനെ ഒരു പെണ്ണ് ഉണ്ടാവുമെങ്കിൽ അത് നീ ആയിരിക്കും എന്നു പണ്ടേ ഉറപ്പിച്ചതാണ്.”

എല്ലാം കേട്ട് തരിച്ചു നിന്ന മെറിനെ ചേർത്തു പിടിച്ചു കൊണ്ട് മനു തുടർന്നു…”സ്നേഹിച്ച പെണ്ണിനെ കിട്ടാതെ വരുമ്പോൾ ആ സ്ഥാനത്ത് പുതിയ ഒരുത്തിയെ കണ്ടെത്താതെ… എന്നും അവളുടെ ഓർമകളുമായി ജീവിക്കുന്ന ആണുങ്ങളും ഉണ്ടെടി ഇവിടെ ….”

LEAVE A REPLY

Please enter your comment!
Please enter your name here