Home Latest ഇല്ല…. ഇതെന്റെ മകളല്ല, ഇവൾ ഇങ്ങനെ ആയിരുന്നില്ല…

ഇല്ല…. ഇതെന്റെ മകളല്ല, ഇവൾ ഇങ്ങനെ ആയിരുന്നില്ല…

0

“എന്റെ അച്ഛനാണ് ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്,ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അയാളായിരിക്കും ”

മേഘയുടെ ചൂണ്ടുവിരൽ എനിക്ക് നേരെ ഉയർന്നതും എന്റെ ഹൃദയം വിറങ്ങലിച്ചു നിന്നു. അവളുടെ കണ്ണുകളിൽ അന്നോളം വരെ അന്യമായിരുന്ന ആ അഗ്നി, എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിക്കാൻ പോന്നതായിരുന്നു.

ഇല്ല…. ഇതെന്റെ മകളല്ല, ഇവൾ ഇങ്ങനെ ആയിരുന്നില്ല. ഞാനൊന്ന് പിണങ്ങിയാൽ, മുഖം കറുപ്പിച്ചൊരു വാക്കു പറഞ്ഞാൽ ചിണുങ്ങിക്കരയുമായിരുന്ന എന്റെ മാളു അല്ല ഇത്.

“ഇവൻ എന്തോ മരുന്ന് കൊടുത്തെന്റെ മകളെ മയക്കിയതാണ്…അല്ലെങ്കിൽ അവളെന്നോട് ഇങ്ങനെ പറയില്ല…. ”

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഞാൻ ആ കോടതി മുറിയിൽ തളർന്നു വീണതും ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വന്നു. അവരെന്നെ ബലപ്പെട്ട് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവരിലാരോ എനിക്ക് നേരെ ഒരു ഗ്ലാസ്‌ വെള്ളം നീട്ടി. ഞാനത് അൽപ്പൽപ്പായി കുടിച്ചുകൊണ്ടിരിക്കുമ്പോഴും ഞാൻ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു.

ഇല്ല, അവളുടെ മുഖത്ത് ഒരൽപ്പം പോലും സഹതാപമില്ല. കണക്ക് കൂട്ടലുകൾ തെല്ലുപോലും പിഴക്കാതിരിക്കാൻ ഗൃഹപാഠം ചെയ്ത അവളുടെ മുന്നിൽ ഇത്തരം വികാരപ്രകടനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല.

ഒരു മനുഷ്യന് ഇത്രയും മാറാൻ സാധിക്കുമോ ???., അതും സ്വന്തം പിതാവിനെ പ്രാണന് തുല്യം സ്നേഹിച്ചിരുന്ന ഒരു മകൾക്ക്….

” സാർ… ഞാൻ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്,ഞാൻ ആരുടെ കൂടെ ജീവിക്കണമെന്നുള്ളത് തീരുമാനിക്കാനുള്ള ബുദ്ധിയും പക്വതയും എനിക്കിപ്പോൾ ഉണ്ട്, ദയവായി എന്നെ ബാലുവിന്റെ കൂടെ തന്നെ പറഞ്ഞയക്കണം… പ്ലീസ്…. ”

ജഡ്ജി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.ഞാൻ ആഗ്രഹിക്കാത്തതെന്തോ അയാൾ പറയാൻ പോകുന്നു എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നത്പോലെ തോന്നി.

“Mr. മേനോൻ… We have to proceed with her wish, because, she is adult now”

എന്റെ വിരലുകൾ മുന്നിലുണ്ടായിരുന്ന മര ഭിത്തിയിൽ ഞെരിഞ്ഞമർന്നു. എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി.

“അതെ… She is adult now, it is asper the law… പക്ഷേ, ഒരു പിതാവിന്റെ മനസ്സാക്ഷി കോടതിയിൽ മക്കളെപ്പോഴും ചെറുപ്പമാണ് സാർ… ചെറുപ്പമാണ്…നിങ്ങൾ വിധിച്ചോളൂ… എന്തും സഹിക്കാനുള്ള ധൈര്യം സംഭരിച്ചുകൊണ്ടാണ് വീട്ടിൽ നിന്നിറങ്ങിയത്… പക്ഷേ, ഇവളുടെ അമ്മ, അവൾ ഇതെങ്ങനെ ”

ഞാൻ കൂടുതലൊന്നും പറയാതെ ആ കോടതിമുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അതെ, തലകുനിച്ച് തന്നെ , ഒരു പരാജിതനെപ്പോലെ……

വിധി കേൾക്കാൻ കാത്തുനിൽക്കാതെ
ഞാൻ നേരെ കാറിനടുത്തേക്ക് നടന്നു.
ഡോർ തുറന്ന് അകത്തേക്ക് കയറിയതും വസു മകൾക്ക് നൽകാൻ കൊടുത്തുവിട്ട ഉണ്ണിയപ്പത്തിന്റെ മനം മയക്കുന്ന ഗന്ധം എന്റെ മൂക്കിലേക്ക് അരിച്ചു കയറി.

“അവൾ വരാൻ കൂട്ടാക്കിയാലും ഇല്ലെങ്കിലും ഇതവളുടെ കയ്യിൽ കൊടുത്തു വിടണം, ഞാനുണ്ടാക്കുന്ന ഉണ്ണിയപ്പം അവൾക്ക് വലിയ ഇഷ്ടമാണ് ”

ആ ഉണ്ണിയപ്പങ്ങളോരോന്നും ഞാൻ കയ്യിലെടുത്തു. മകളെ കുറിച്ചോർത്ത് ഉറക്കം വരാത്ത രാത്രികളിൽ അവൾ വരുമെന്ന പ്രതീക്ഷയിൽ അവൾക്കിഷ്ടപെട്ട പലഹാരങ്ങളോരോന്നും ഉണ്ടാക്കിവെക്കുകയും പിന്നീടവയെല്ലാം നിരാശയോടെ തൊടിയിലേക്ക് നീട്ടി വലിച്ചറിയുമ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ വസുവിനെ കാണാൻ വേണ്ടിയെങ്കിലും അവളെന്റെ കൂടെ വന്നിരുന്നെങ്കിലെന്ന്….

“ഇല്ല…. എന്റെ വസുവിന്റെ സ്നേഹം മനസ്സിലാക്കാൻ കഴിയാതെപോയ അവളുടെ നന്ദികെട്ട മകൾക്കെന്തിനാണ് ഈ പലഹാരങ്ങൾ ???….അവളിത് അർഹിക്കുന്നില്ല…. ”

ആ പലഹാരങ്ങളോരോന്നും വേസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞുക്കൊണ്ട് ഞാൻ എന്റെ മകളോടുള്ള രോഷം പ്രകടിപ്പിച്ചു. ഒരു പിതാവിന് തന്റെ മകളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ പ്രതികാരം ഇതായിരിക്കുമെന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിച്ചു.

ഞാൻ കാറെടുത്തു കോടതിവളപ്പിൽ നിന്ന് പുറത്തേക്ക് പോയി . മാളു ഇല്ലാതെ എങ്ങനെ വീട്ടിലേക്ക് ചെല്ലുമെന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. വീട്ടിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയപ്പോൾ അവളും കൂടെ വരാൻ തുടങ്ങിയതാണ്‌. ഇങ്ങനെയൊരു വിധിയുടെ സാധ്യത മുന്കൂട്ടി കണ്ടതുകൊണ്ട് ഞാൻ തന്ത്രപരമായി അവളെ ഈ യാത്രയിൽ നിന്നും ഒഴിവാക്കിയതായിരുന്നു. പക്ഷേ, ഇപ്പോൾ തോന്നുന്നു, അത് വേണ്ടിയിരുന്നില്ല എന്ന്. ഇത്രയുംകാലം അവൾ പ്രതീക്ഷയോടെ കാത്തിരുന്നത് ഇങ്ങനെയൊരു നന്ദികെട്ടവൾക്ക് വേണ്ടിയായിരുന്നു എന്ന് അവൾ കൂടി മനസ്സിലാക്കണമായിരുന്നു.

ഞാൻ ഗേറ്റിന് മുൻപിലെത്തിയതും അവൾ വാതിൽ തുറന്നു പുറത്തേക്ക് പാഞ്ഞു വരുന്നത് കണ്ടു.

“ദൈവമേ… അവൾ ഈ സത്യം മനസ്സിലാക്കുന്നതിന് മുൻപേ ഈ ലോകം ഇവിടെ അവസാനിച്ചിരുന്നെങ്കിൽ… ”

അവളുടെ കണ്ണുകൾ നീളുന്നത് എന്റെ എതിർവശത്തെ സീറ്റിലേക്കാണ്. ഞാൻ കണ്ണുകൾ മുറുക്കിയടച്ചു. അവളുടെ മുഖം നിരാശയോടെ പിൻവലിയുന്നത് കാണാനുള്ള കരളുറപ്പ് എനിക്കുണ്ടായിരുന്നില്ല. ഞാൻ സ്റ്റിയിറങ്ങിൽ മുഖം താഴ്ത്തി കുറച്ചു സമയം അങ്ങനെതന്നെ ഇരുന്നു.

സമയം സന്ധ്യയായിക്കൊണ്ടിരിക്കുന്നു. ഞാൻ വസുവിനെ തിരഞ്ഞ് അടുക്കള ഭാഗത്തേക്ക് നടന്നു. അവൾ ഒരു പാത്രം നിറയെ അരിയുമായി അടുക്കളമുറ്റത്തെ കോഴിക്കൂടിന് അഭിമുഖമായി ഇരിക്കുകയാണ്. കൂടണയാൻ പോകുന്ന തള്ളക്കോഴിക്കും കുഞ്ഞുങ്ങൾക്കും ഇന്നത്തെ അത്താഴമാണ് അവളുടെ കയ്യിലിരിക്കുന്നത്.

എന്നെക്കണ്ടതും അവളെനിക്ക് നേരെ മുഖമുയർത്തി.

“ഏട്ടാ… ഈ കോഴികളെ കണ്ടിട്ടില്ലേ… തള്ളക്കോഴി എത്ര കഷ്ടപ്പെട്ടാണ് ആ കുഞ്ഞുങ്ങളെ പോറ്റുന്നത്.. ഒടുവിൽ ഈ കുഞ്ഞുങ്ങളെല്ലാം വളർന്നു പാകമാകുമ്പോൾ അവരെ തന്റെ അടുക്കലിൽ നിന്ന് ആട്ടിയോടിക്കാൻ നിർബന്ധിക്കപ്പെടുമ്പോൾ ആ അമ്മ മനസ്സ് എത്ര വിതുമ്പിയിട്ടുണ്ടാകും…. ഇതുപോലെയാണ് നമ്മുടെയൊക്കെ ജീവിതവും…. മക്കൾ വളർന്ന് പാകമാകുമ്പോൾ അവർ നമ്മളെ മറന്ന് സ്വന്തം സുഖംതേടി തോന്നിയപോലെ ജീവിക്കുന്നു.. ഒടുവിൽ കരഞ്ഞു തീർക്കാൻ ഒരായുസ്സിന്റെ കണ്ണുനീരുമായി ഒരു അമ്മ മനസും ,കൂടെ എല്ലാത്തിനും മൂക സാക്ഷിയായി ഒരു അച്ഛനും….അവൾ ജീവിക്കട്ടെ ഏട്ടാ…. ജീവിച്ചു പഠിക്കട്ടെ…എനിക്ക് ഒരു സങ്കടവുമില്ല… ഏട്ടൻ വിഷമിക്കാതിരുന്നാൽ മതി ”

അവളുടെ മുഖത്ത് വീണ്ടും പ്രകാശം സ്ഫുരിച്ചു. നാളുകൾക്ക് ശേഷം ഇന്നാദ്യമായി അവളുടെ കണ്ണുകളിൽ ആ പഴയ തിളക്കം.ഒരു വലിയ പേമാരിക്ക് ശേഷം വീണ്ടുമെന്റെ മനസ്സ് ശാന്തമായത്പോലെ എനിക്ക് തോന്നി. ഞാൻ അവളെ തൊട്ടുരുമ്മി ഇരുന്നതും അവളെന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു, പിന്നെ പതിയെ ചുമലിലേക്ക് തല താഴ്ത്തി വെച്ചു.

ഈശ്വരാ…. ഇതുമതി എനിക്ക്….നഷ്ടങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് ജീവിക്കുമ്പോഴും മുൻപോട്ടുള്ള യാത്രക്ക് കരുത്തുപകരാൻ….. തളരാതെ ഏറെ ദൂരം സഞ്ചരിക്കാൻ….ഇതുമതി എനിക്ക്…

(പ്രണയം ജയിച്ചതിൻറെ ആർപ്പുവിളികളുമായി കോടതിമുറികളിൽ നിന്ന് പടിയിറങ്ങിപ്പോകുന്ന യുവതലമുറ ഒരിക്കലെങ്കിലും അറിയാൻ ശ്രമിക്കുക, ഒരായുസ്സിന്റെ സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട് വീണ്ടും ജീവിക്കാൻ വിധിക്കപ്പെട്ട ആ രണ്ടാത്മാക്കളെ കുറിച്ച്…ഒരു ചെറിയ ഓർമ്മപ്പെടുത്തൽ മാത്രം…. )

രചന: സമീർ ചെങ്ങമ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here