Home Latest ഏട്ടത്തി എനിക്ക് ആ പെണ്ണിനെ കെട്ടിച്ചു തരുമോ?

ഏട്ടത്തി എനിക്ക് ആ പെണ്ണിനെ കെട്ടിച്ചു തരുമോ?

0

വൈഖരി

അടുത്ത ഒരു ഫോട്ടോ കണ്ടതും ഞാനാകെ ഞെട്ടിത്തരിച്ചു, ആ ഫോട്ടോ നോക്കിയതും പിന്നീട് ഏട്ടത്തി പറഞ്ഞതൊക്കെയും യാന്ത്രികമായി കേട്ടു നിന്നതു മാത്രം ഓർമ്മയുണ്ട്…

രചന : Shalini Vijayan

ഏട്ടന്റെ കല്യാണം കഴിഞ്ഞ് ഏട്ടത്തിയുടെ വീട്ടിലേക്കുള്ള ആദ്യ വിരുന്നിനിടെയാണ് അവളെ ആദ്യമായി കണ്ടത്. കൈ നിറയെ കായചിപ്പ്സ് വറുത്തത് വാരിയെടുത്ത് നോക്കിയപ്പോൾ കണ്ടത് അവളെയായിരുന്നു.

എന്റെ നോട്ടം കണ്ടതും അവളുടെ തല ആരുടെയോ പിറകിലോട്ട് മാറി.
ഒന്നുകൂടി നോക്കിയപ്പോൾ അവിടെ ഒന്നു രണ്ടു സ്ത്രികളും കുട്ടികളും നിൽക്കുന്നുണ്ടായിരുന്നു.

ഏട്ടത്തി എനിക്ക് ആ പെണ്ണിനെ കെട്ടിച്ചു തരുമോ?
ഏട്ടത്തിയുടെ ബന്ധുക്കളായിരിക്കുമല്ലോ ഇവിടെ ഉള്ളവരെല്ലാം..
ഉറക്കെയുള്ള എന്റെ ശബ്ദം കേട്ടിട്ടാകണം എല്ലാവരിലും അൽപ്പനേരത്തേക്ക് ‘ നിശബ്ദത പടർന്നു …

ഞാൻ കൈവിരൽ ചൂണ്ടിയ ദിക്കിലേക്ക് എല്ലാവരുടെയും കണ്ണുകൾ ഒരുപാലെ അവളെത്തേടിയലഞ്ഞു.
കല്യാണം കഴിഞ്ഞ ഒന്നു രണ്ടു സ്ത്രീകൾ ചേർന്നിരിക്കുന്നിടത്ത് അവളെ നോക്കിയെങ്കിലും അവിടെയൊന്നും അവളുടെ പൊടിപോലുമില്ലായിരുന്നു…
മഞ്ഞയിൽ പച്ച പൂക്കളമുള്ള സാരിയുടുത്ത ആ കുട്ടിയില്ലേ …അവളെയാണ് ….

അതു പറഞ്ഞതും അമ്മ മൂക്കിൻ തുമ്പിൽ വിരൽ വച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി.

ഏട്ടത്തി….
എനിക്ക് കല്യാണ പ്രായമായിട്ടോ …
എനിക്കാ കുട്ടിനെ തന്നെ മതി… അതു കേട്ടതും
ഏട്ടത്തിയുടെയും അവരുടെ വീട്ടുക്കാരുടെയും മുഖത്ത് ഒരു സങ്കടം നിഴലിച്ചതുപോലെ തോന്നി.
ഏട്ടന്റെ മുഖത്താണെങ്കിൽ ഇതൊന്നും കേട്ടതായുള്ള ഒരു ഭാവവുമില്ലായിരുന്നു.

വിരുന്ന് കഴിഞ്ഞ് മടങ്ങും നേരം ഒരു നേരം പോക്കിനെന്നവണ്ണം ആ വീടുമൊത്തം ചുറ്റി നടന്നെങ്കിലും അവളെ മാത്രം കണ്ടതേയില്ല.
അന്ന് ഒരു കാര്യം മനസ്സിലുറപ്പിച്ചിരുന്നു ഞാൻ .ഞാനൊരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടുന്നെങ്കിൽ അതിവളുടെ കഴുത്തിലായിരിക്കും.

അന്ന് വീട്ടിലെത്തിയ ഉടൻ ആദ്യം ആലോചിച്ചു തുടങ്ങിയത് അത്യാവശ്യം വരുമാനമുള്ള നല്ലൊരു ജോലി തേടിപ്പിടിക്കാനായിരുന്നു… .ഒരു കൂട്ടുക്കാരൻ വഴി ദുബായിലേക്ക് പോകാനുള്ള ചെറിയൊരു ശ്രമവും നടത്തി.

ഓരോ ദിവസം കഴിയുംതോറും അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു..
പക് ഷേ പിന്നീടവളെ കാണാനുള്ള അവസരം പോലും ലഭിച്ചില്ല എന്നതായിരുന്നു സത്യം.

ഏട്ടത്തിയോട് അവളുടെ ഏകദേശ രൂപം പറഞ്ഞു കൊടുത്തെങ്കിലും നിരാശയായിരുന്നു ഫലം..
നീ പറഞ്ഞ രൂപത്തിലുള്ള കുട്ടി ഞങ്ങളുടെ കുടുംബത്തിലെ ഇല്ലടാ. ആകെ തകർന്നു പോയി ഞാൻ.

അതിനിടെയായിരുന്നു പ്രതീക്ഷയുടെ ചെറിയൊരു ഫലംകണ്ടത്.
അന്ന് എട്ടത്തിയുടെ പിറന്നാൾ ദിവസമായിരുന്നു.
ജിത്തൂ നീയിതു കണ്ടോന്നും പറഞ്ഞ് ഏട്ടത്തി ഒരു ആൽബം കാണിച്ചു തന്നു.

എട്ടത്തി ഇതാരാ ?
ഈ കുട്ടിയെയാ ഞാനന്ന് കണ്ടത്.

അൽപ്പം പരുങ്ങലോടെയാണ് ഏട്ടത്തി മറുപടി പറഞ്ഞത്.
അതെന്റ ചേച്ചിയാ … വൈഖരി..
മറു ചോദ്യം ചോദിക്കാനാകാതെ ഞാൻ കുഴങ്ങി നിന്നു.

അടുത്ത ഒരു ഫോട്ടോ കണ്ടതും ഞാനാകെ ഞെട്ടിത്തരിച്ചു, അത് ആ കുട്ടിയുടെ കല്യാണ ഫോട്ടോയായിരുന്നു …
ആ ഫോട്ടോ നോക്കിയതും പിന്നീട് ഏട്ടത്തി പറഞ്ഞതൊക്കെയും യാന്ത്രികമായി കേട്ടു നിന്നതു മാത്രം ഓർമ്മയുണ്ട് …..

വൈഖരിയുടെ കല്യാണം കഴിഞ്ഞതാണെന്നും ഡിവോഴ്സ് ആയതാണെന്നും.
അതു മാത്രം മായാതെ മനസിൽ കൊണ്ടു.
ഇക്കാര്യം ഞാനമ്മയോട് സൂചിപ്പിച്ചെങ്കിലും അമ്മ യാതൊരു വിധ താത്പര്യവും പ്രകടിപ്പിച്ചില്ല.

കുറച്ച് ദിവസങ്ങൾക്കു ശേഷമായിരുന്നു ദുബായിലോട്ട് ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ടെന്നും പറഞ്ഞ് ചങ്കായ വിനോദ് അറിയിച്ചത്..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു .
എയർപോട്ടിൽ വച്ച് അന്ന് അവസാനമായി അമ്മയോട് വീണ്ടും പറഞ്ഞതും അവളെക്കുറിച്ച് മാത്രമായിരുന്നു.

അവള് നിന്റെ ഏട്ടത്തിയമ്മയുടെ ചേച്ചിയല്ലേടാ…. പോരാത്തതിന് ചില നേരങ്ങളിൽ നിർത്താതെയുള്ള വലിവും..

അതൊക്കെ ശരി തന്നെ .. എന്നാലും എന്നെക്കാളും രണ്ടു വയസ് കുറവുണ്ടല്ലോ..

ഓ എല്ലാം കണ്ടു പിടിച്ചു വച്ചേക്കുവാണല്ലോ മഹാൻ…
അതും ഏൽക്കില്ലെന്നുറപ്പായപ്പോൾ ഞാനാന്നേരം അവസാന അടവും അമ്മയോട് പ്രയോഗിച്ചു.

……………………

മോനേ ജിത്തൂ റൂമിലോട്ട് ചെല്ലെടാ..
അവൾ നിന്നെം കാത്തിരിക്കുവാ..
അമ്മയതു പറഞ്ഞപ്പോൾ ഞാനോർത്തത്
അന്ന് വൈഖരിയെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ചായിരുന്നു .

പഴയതെല്ലാം എന്റെ മോൻ മറന്നേക്ക് …
ഈ അമ്മയോട് ക്ഷമിക്കെടാ മോനേ…..

എല്ലാ അമ്മമാർക്കും സ്വന്തം മക്കളെക്കുറിച്ച് നല്ലൊരു പ്രതീക്ഷയുണ്ടാവും.
അറിഞ്ഞു കൊണ്ടൊരു കുഴിയിൽ മക്കളെ കൊണ്ടു ചാടിക്കാൻ ഏതമ്മമാരാ ശ്രമിക്കുക.?

കൈയിൽ കരുതിയ രണ്ടു മിഞ്ചികളുമായി ഞാൻ നേരെ ബെഡ് റൂമിനു സമീപം നടന്നു.

എട്ടത്തി അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് പാലെടുത്ത് അവളുടെ കൈയിൽ കൊടുക്കുന്നതും എന്തൊക്കെയോ അവളുടെ ചെവിയിൽ മന്ത്രിക്കുന്നതും അവ്യക്തമായി ഞാനും നോക്കി നിന്നു.
അവൾ മുറിയിൽ കയറി അൽപ്പസമയം കഴിഞ്ഞാണ് ഞാൻ ചെന്നത് .

ആദ്യരാത്രിയിലെ സങ്കൽപ്പങ്ങളും ഭർത്താവായ എന്നെക്കുറിച്ചുള്ള ആകുലതകളും അവളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
കുറച്ചു നേരം എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം അവളോടു തുറന്നു പറഞ്ഞു ഞാൻ.
എല്ലാം കേട്ടു നിന്നതല്ലാതെ മറുത്തൊന്നും അവൾ പറഞ്ഞതേയില്ല.

മറുപടി ഒന്നും കിട്ടാതായപ്പോൾ ഞാനവളെ ഒന്നുചേർത്തു പിടിക്കാൻ ശ്രമിച്ചു.
ഭയത്തോടെ കുതറി മാറി നിന്നവൾ.
പെട്ടെന്ന് തന്നെ അവളുടെ പെട്ടികൾ അടക്കി വെച്ച ഷെൽഫിനു നേരെ കിതപ്പോടെ അവളുടെ കൈകൾ നീണ്ടുപോയി.

പോക്കറ്റിൽ കരുതിയ ഇൻഹെയ്ലർ ഞാനവളുടെ നേർക്കു നീട്ടിയതും ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ നെഞ്ചിൽ വീണു.
ജീവിതാവസാനം വരെ എന്നെ നിങ്ങളിൽ നിന്നും അടർത്തിമാറ്റാതിരിക്കാൻ പറ്റുമോ?

വൈഖരി…. ഞാനവളുടെ ചെവിയിൽ മന്ത്രിച്ചു.

നിന്നിലെ എല്ലാ കുറവും മനസ്സിലാക്കി തന്നെയാടോ ഞാൻ നിന്നെ ഇഷ്ടപ്പെട്ടതും… കല്യാണം കഴിച്ചതും…..
നിന്നിൽ നിന്നും സുഖം കിട്ടില്ലെന്നു പറഞ്ഞ് ആദ്യരാത്രി തന്നെ നിന്നെ ഉപേക്ഷിച്ചു പോയവനെപ്പോലെ ആവില്ലെടോ ഞാൻ …

ഞാനവളുടെ കണ്ണുകളിൽ പതിയെ ചുംബിച്ചു.
അവളിൽ നിന്നും നേരത്തെ ഉണ്ടായ വലി വിന് അൽപ്പം കുറവു വന്നതു പോലൊരു തോന്നൽ എനിക്കനുഭവപ്പെട്ടു .
ഒന്നുകൂടി ചേർത്തു പിടിച്ചപ്പോൾ അവളെന്റെ നെഞ്ചിൽ മുഖമമർത്തി ചോദിച്ചു.
എന്തായിരുന്നു ഏട്ടാ അമ്മയോടു മുഴക്കിയ ഭീഷണി?

ഏയ് ഒന്നുമില്ലാന്നേ ….

പറ ഏട്ടാ ..

ഒരു തമാശയ്ക്കെന്നവണ്ണം ഞാനന്ന് അമ്മയുടെ ചെവിയിൽ മുഴക്കിയ ഭീഷണി ….. നാട്ടിലേക്ക് എന്റെ തിരിച്ചു വരവ് കാണാൻ അമ്മ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് വൈഖരിയുമൊത്തുള്ള ജീവിതത്തിലേക്കായിരിക്കും.

അല്ലെങ്കിലും എല്ലാ അമ്മമാരും മക്കളുടെ നൻമകളല്ലേ ആഗ്രഹിക്കൂ ……

കൈയിൽ കരുതിയ മിഞ്ചി ഞാനവവളുടെ കാൽവിരലിൽ അണിയിച്ചു കൊടുത്തു.
അവളുടെ മുഖം സന്തോഷത്താൽ തിളങ്ങി നിന്നു.

Shalini vijayan.

LEAVE A REPLY

Please enter your comment!
Please enter your name here