Home Article നാളെ നിന്റെ ഇക്ക വേറൊരു കല്യാണം കഴിക്കാണ്‌, എനിക്ക് നിന്നെ വേണം എന്നും, പക്ഷെ…

നാളെ നിന്റെ ഇക്ക വേറൊരു കല്യാണം കഴിക്കാണ്‌, എനിക്ക് നിന്നെ വേണം എന്നും, പക്ഷെ…

0

നീണ്ട പതിനാറ് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ബഷീറിന് വേറൊരു കല്യാണം കഴിച്ചാൽ കൊള്ളാമെന്ന ആഗ്രഹം മനസിലുടലെടുത്തത്.

തന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന പ്രിയഭാര്യ റാഹില,
അവൾക്കവനെ ജീവനാണ്.
സുന്ദരി, സൽസ്വഭാവി, ദീനിബോധമുള്ള പെണ്ണ്. ദൈവം എല്ലാം കൊടുത്തു അവൾക്ക് , പക്ഷെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം മാത്രം അവർക്ക് കൊടുത്തില്ല.

അവനില്ലാത്ത ഒരു ജീവിതം അവൾക്ക് സ്വപ്നം കാണാൻ പോലും സാധിക്കുമായിരുന്നില്ല, ചികിത്സകൾ ഒരുപാട് നടത്തി, റാഹിലക്കാണ് കുഴപ്പം എന്നറിഞ്ഞിട്ടും അതിന്റെ പരാതിയൊന്നും അവനില്ലായിരുന്നു .ദൈവം എന്നെങ്കിലും തരുമെന്ന പ്രതീക്ഷയിൽ അവർ അവരുടെ ദുഃങ്ങളെല്ലാം മറച്ചുവെച്ചാണ് ജീവിച്ചത്.
പിന്നെ എപ്പോഴാണ് അവന്റെ മനസ്സിൽ ഇങ്ങനെയൊരു ചിന്ത വന്നതെന്ന് അറിയില്ല.

ഒരു കുഞ്ഞിനെ ലാളിക്കാനും സ്നേഹിക്കാനും അവരുടെ രണ്ടുപേരുടെയും മനസ്സ് വെമ്പൽ കൊള്ളുന്നത് എല്ലാവർക്കുമറിയാം.പക്ഷെ റാഹിലയെ വേദനിപ്പിക്കാൻ അവൻ കഴിയുമായിരുന്നില്ല,
ദത്തെടുക്കാൻ അവനൊരുക്കമല്ലായിരുന്നു. സ്വന്തം ചോരയിൽ നിന്ന് തന്നെ വേണമായിരുന്നു അവന്, പിന്നെ അവന്റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സമ്മർദം ഒരുപാട് നാളായി അവൻ നേരിട്ട്കൊണ്ടിരിക്കുകയാണ് . എന്നിട്ടൊന്നും അവളെ തള്ളിപ്പറയാൻ അവൻ ഒരുക്കമല്ലായിരുന്നു.

അങ്ങനെ എല്ലാവരുടെയും നിർബന്ധത്താൽ പ്രിയഭാര്യ റാഹില അറിയാതെയുള്ള അവന്റെ രണ്ടാം കെട്ടിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി,
കുറച് ദൂരെമാറി പെണ്ണിന്റെ വീട്ടിൽ നിന്നാണ് നിക്കാഹ്, വളരെ കുറച്ചുപേർമാത്രം,

തലേരാത്രി തന്റെ അടുക്കളജോലിയൊക്കെ തീർത്തു റൂമിലെത്തി റാഹില ബഷീറിനെ നോക്കി,
ഇങ്ങളിന്ന് നല്ല മൊഞ്ജാനയീണല്ലോ ,,, പെണ്ണ് കാണാനുള്ള വല്ലപുറപ്പാടും ആണോ ?
അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് ബഷീറിന്റെ ഉള്ളൊന്ന് പിടഞ്ഞു , പിന്നെ അവളേം കെട്ടിപിടിച്ചു ഒരു കരച്ചിലായിരുന്നു,

എന്താണിക്കാ….ഞാനൊരു തമാശ പറഞ്ഞതല്ലേ ,,,

അല്ല മോളെ,, നാളെ നിന്റെ ഇക്ക വേറൊരു കല്യാണം കഴിക്കാണ്‌,,
എനിക്ക് നിന്നെ വേണം എന്നും , പക്ഷെ ഒരു കുഞ്ഞിന് വേണ്ടി മാത്രമാണ് ഞാനിത് ചെയുന്നത്‌,, നീയെന്നും എന്റെ പ്രിയപ്പെട്ടവളായിരിക്കും ,

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ബഷീറവിടെ കണ്ടത് തന്നെ ആശ്വസിപ്പിക്കുന്ന ഒരു കൂട്ടുകാരനെ, ഒരുമ്മയെ, ഒരുപ്പയെ,, എല്ലാം തന്റെ റാഹിലയായിരുന്നു. നിറകണ്ണുകളോടെ ആ മുഖത് ഒരു ചെറുപുഞ്ചിരിയും ഘടിപ്പിച്,,,
ഇക്കാ സന്തോഷായിട്ട് നാളെ പോയിവാ….
പിന്നെ നിക്കാഹ് കഴിഞ് രണ്ടുപേരും നേരെ എന്റെടുത്തേക്ക് വരണംട്ടോ….

ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റാത്തതാണല്ലോ തന്റെ പുരുഷൻ വേറൊരു പെണ്ണിനെ ആഗ്രഹിക്കുന്നതുപോലും,,, എന്നിട്ടും അവൾ,

റാഹില അവൾ ദൈവത്തിന്റെ മാലാഖയാണ് , സ്നേഹത്തിന്റെ നിറകുടമാണ്…..

രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞു, ബഷീർ രണ്ട്പേരം തുല്യ നീതിയിൽ സ്നേഹിച്ചു .എന്നാലും ഒരിത്തിരി സ്നേഹക്കൂടുതൽ പുതുതായി വന്ന പെണ്ണിനോടല്ലെന്നൊരു സംശയം.
അതല്ലേലും ആണുങ്ങൾ അങ്ങനാണ്, എന്നും പുതിയതിനോടാവും താല്പര്യം .
എല്ലാം കണ്ടും കെട്ടും സഹിച്ചും റാഹില തന്റെ പ്രിയപ്പെട്ടവൻ ഒരുപാട് സ്നേഹിച്ചു, അവൾക്കപ്പോഴും ബഷീറിനെ ജീവനായിരുന്നു , അവന്റെ മനസ്സ് വിഷമിക്കുന്നത് അവൾക്ക് സഹിക്കാൻ പറ്റില്ല . എന്നിട്ടും അവളുടെ മനസ്സിന്റെ നൊമ്പരം കാണാൻ അവിടെ ആരും ഉണ്ടായില്ല .

ബഷീറന്ന് വളരെയധികം സന്തോഷത്തോടെയാണ് വീട്ടിലേക്കു കയറിവന്നത്.ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ സന്തോഷം കണ്ട് റാഹില ചോദിച്ചു ,

എന്താ ഇക്കാ .. ഇന്ന് നല്ല സന്തോഷത്തിലാണല്ലോ,,,

‘ഞാനൊരു ബാപ്പയാവാൻ പോകുന്നു ..’ അതും പറഞ്ഞ് ബഷീർ മറ്റവളുടെ റൂമിലേക്കോടി……

അൽഹംദുലില്ലാഹ് ,

ദൈവത്തിന് സ്തുതി പറഞ്ഞ റാഹിലയുടെ മനസ്സിൽ അപ്പോൾ സന്തോഷമാണോ , സങ്കടമാണോ തോന്നിയതെന്നറിയില്ല…….

ബഷീർ ആളാകെ മാറി, അവനെപ്പോഴും റസിയയുടെ (രണ്ടാം ഭാര്യ) കൂടെയാണ് .അവിടെ വേദന ഇവിടെ വേദന എന്നൊക്കെ പറയുമ്പോഴേക്ക് അവന്റെ വെപ്രാളമൊക്കെയൊന്ന് കാണണം. അവനേം പറഞ്ഞിട്ട് കാര്യമില്ല, ഒരു പാട് നാളായിലേ ഒരു കുഞ്ഞിക്കാലിന് സ്വപനം കാണുന്നു. ജോലിക്കൊന്നും പോവാറില്ല, റസിയാനേം ചുറ്റി പറ്റിയിരിക്കും.
വിശേഷങ്ങളറിഞ്ഞ് വയറ് കാണാൻ പലഹാരങ്ങളൊക്കെയായിട്ട് കുടുംബക്കാരൊക്കെ എത്തി തുടങ്ങി. റസിയാക്കിപ്പോ ആ വീട്ടിലൊരു രാജഞ്ഞിയുടെ പട്ടം കിട്ടിയത് പോലെയാണ്.
എപ്പോഴും ഛർദിയും പരവേശവുമാണ്, അനങ്ങിയാ ഇക്കാ… ഇക്കാ എന്ന വിളി കേൾക്കാം, കുറച്ച് അഭിനയം കൂടുന്നുണ്ടോന്നൊരു സംശയം.”ഇനിയെന്തിനാ ആ മച്ചി പെണ്ണിനെ ഇവിടെ നിർത്തുന്നത്, നശൂലം, വെറുതെ ഉള്ള ഐശ്വര്യം കൂടി കളയണ്ട “, വരുന്നവർക്കൊക്കെ കളിയാക്കാനും കുറ്റം പറയാനും ഒരു ചായ്ഞ്ഞ മരമായി റാഹില,

എല്ലാം കണ്ടും കേട്ടും റാഹില ആ വീടിന്റെ ഒരു മൂലയിലൊതുങ്ങിക്കൂടി. മനസ്സിന്റെ നോവറിഞ്ഞ് ആരും അറിയാതെ കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു. അവളെക്കുറിച്ചോർത്ത് സങ്കടപ്പെടാൻ പെറ്റുമ്മയും ഉപ്പയും രണ്ട് ആങ്ങളമാരും ഒഴികെ ബാക്കിയാരും ഉണ്ടായിരുന്നില്ല . കുഞ്ഞിക്കാലിനായി അവർ നേരാത്ത നേർച്ചകളില്ല, മുട്ടാത്ത വാതിലുകളില്ല.

‎’ന്റെ മോൾ ഒരു ദിവസെങ്കിലും ആ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞാ മതിയായിരുന്നു.’ ആ ഉമ്മാന്റെ എന്നുമുള്ള പ്രാർത്ഥന ഇതായിരുന്നു.

രണ്ടാം കെട്ട് കഴിഞ്ഞപ്പോൾ ബഷീറുമായിട്ടുള്ള ബന്ധം വേർപ്പെടുത്താൻ ആങ്ങളമാർ ഒരുപാട് നിർബന്ധിച്ചതാണ്. കുറ്റപ്പെടുത്തലുകളേറെ സഹിച്ചിട്ടും ബഷീറിനെ പിരിയാൻ അവളൊരുക്കമല്ലായിരുന്നു.

“റസിയാക്കിപ്പോ ഏഴാം മാസമാണ്. ചവിട്ടും കുത്തുമൊക്കെ തുടങ്ങീണ് ഉള്ളിൽന്ന്, ഭയങ്കര വികൃതിയായിരിക്കും പുറത്ത് വന്നാൽ.”

റാഹിലയുടെ അടുത്ത് വന്നാൽ അവനിതൊക്കെ പറയാനേ നേരം കാണൂ. അവനൊരു ഉപ്പയാവാനുള്ള ഒരുക്കത്തിലാണ്. എല്ലാം കേട്ട് പുഞ്ചിരിക്കും അവൾ, സ്നേഹിക്കാൻ മാത്രമേ അവൾക്കറിയൂ.
‎ബഷീറിന്റെ ഒരു കാര്യത്തിനും അവളിന്നേവരെ ഒരു കുറവും വരുത്തിയിട്ടില്ല.
‎ റസിയയുടെ കാര്യങ്ങൾ പോലും അവളേറ്റെടുത്തു.ഭക്ഷണം പാകം ചെയ്യലും ,അലക്കലും മറ്റു വീട്ട് ജോലികളെല്ലാം അവളൊറ്റക്കായിരുന്നു.

ഹോസ്പിറ്റലിൽ പോവാനായിട്ട് റസിയാന്റേം മറ്റും ഡ്രസ്സെല്ലാം എടുത്ത് വെക്കാണ് റാഹില.ഒന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇവിടെ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാലോ…. തന്റെ അല്ലേലും തന്റെ പ്രാണന്റെ ചോരയിലുള്ള കുഞ്ഞിനെ കളിപ്പിക്കാലോ ഇനി,
അത്രമാത്രമാണ് റാഹിലയുടെ മനസ്സിലിപ്പോൾ.

അവളും ഒരുപാട് സ്വപ്നങ്ങൾ കണ്ടു. ഒരു പക്ഷെ മറ്റാരേക്കാളും ആ കുഞ്ഞിന്റെ വരവ് ആഗ്രഹിച്ചതും മനസ്സിൽ തലോലിച്ചതും റാഹിലയായിരിക്കും.

ബഷീർ താങ്ങിപ്പിടിച്ച് റസിയാനെ കാറിലിരുത്തി. അവൻറുമ്മയും പെങ്ങളും കയറി. ബാഗെല്ലാം എടുത്ത് കാറിന്റെ ഡിക്കിയിൽ വെച്ച് റാഹിലയും കയറാനൊരിങ്ങിയപ്പോൾ ബഷീറിന്റെ ഉമ്മ അവളെ വിലക്കി.

‎ ” നീ ഇതെവിടെക്കാ,,,,അല്ലേലും പ്രസവിക്കാൻ പോവുന്നിടത്ത് നിനക്കെന്താ കാര്യം,,, ഇത് ഞങ്ങൾ നോക്കിക്കോളാം, ”

ലേബർ റൂമിന്റെ പുറത്തെ ബെഞ്ചിൽ ആദ്യത്തിലായിത്തന്നെ ബഷീറിന്റെ ഉമ്മസ്ഥാനം പിടിച്ചിട്ടുണ്ട്, കുഞ്ഞിന്റെ ഫോട്ടോ എടുക്കാനും, അത് വാടസാപ്പിലും ഫെയ്സ് ബുക്കിലും ഇടാനായി സ്റ്റാറ്റസും എഴുതി തൊട്ടടുത്ത് അവന്റെ പെങ്ങളും ഇരിപ്പുണ്ട്.


‎ ലേബർ റൂമിന്റെ തൊട്ടടുത്ത സ്ഥലം സ്ത്രീകൾക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് വേറെ സ്ത്രീകളും ഉണ്ടവിടെ .
‎ കുറച്ച് മാറി വരാന്തയിലും തൂണുകളിലും ചാരി പുരുഷൻമാരും. ബഷീറിനാണെങ്കിൽ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. അവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ്. വിരലിലെ നഖം കടിച്ച് പകുതിയായിക്കാണും. ഇടക്ക് ടോയിലറ്റിൽ കയറി ഇറങ്ങുന്നുമുണ്ട്. മൂത്രമൊയിക്കാനാണോ അതോ ടെൻഷൻ കഴുകി കളയാനാണോ എന്ന് അവന് മാത്രമറിയാം.

‎ ലേബർ റൂമിലേക്ക് കയറ്റിയിട്ടിപ്പോ രണ്ട് മണിക്കൂർ കഴിഞ്ഞു. റസിയയുടെ കൂടെ കയറിയവരുടെ രണ്ട് മൂന്നാളുടേത് കഴിഞ്ഞു. ഉള്ളിലെ നഴ്സ് ഓരോ തവണ വാതിൽ തുറക്കുമ്പോഴും അവൻ ആകാംക്ഷയോടെ നോക്കും.
‎പ്രസവം കഴിഞ്ഞവരുടെ ബന്ധുക്കൾ മിഠായി വിതരണവും നടത്തുന്നണ്ടവിടെ.

‎ അടുത്തത് ബഷീറിന്റെ നമ്പറായെന്ന് തോന്നുന്നു ,ഒരു കുഞ്ഞിന്റ കരച്ചിൽ കേട്ടു…കൈ കുഞ്ഞുമായി നഴ്സിന്റെ വിളി,
‎” റസിയയുടെ കൂടെ ആരാ ഉള്ളത്,,,
‎ പ്രസവിച്ചു,,, പെൺ കുഞ്ഞാണ്….

ബഷീർ ഓടിച്ചെന്നു, ഉമ്മാന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി. ഇത്രയും നാൾ കാത്തിരുന്ന തന്റെ പൊന്നോമന …

ആ ഇളം നെറ്റിയിൽ ആദ്യത്തെ ചുംബനം കൊടുത്തു, പിന്നെ ചെവിയിൽ ബാങ്ക് വിളിച്ചു.

അവൻ ഫോണിൽ കുടുംബക്കാരേം കൂട്ടുകാരേം വിളിച്ചറിയിക്കുന്ന തിരക്കിലാണ് ,
അവൻ ആഹ്ലാദത്താൽ മതിമറന്നു.
വർഷങ്ങളായി ഇങ്ങനെ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

എല്ലാം കഴിഞ്ഞ് അവനിരിക്കുമ്പോൾ കീശയിലെ ഫോൺ ബെല്ലടിച്ചു, ഫോൺ എടുത്ത് നോക്കിയപ്പോ,,,,
“റാഹി ”

എല്ലാവരേം അവൻ വിളിച്ചു പറഞ്ഞു, റാഹിലയെ മാത്രം വിളിച്ച് പറയാൻ അവൻ മറന്നിരുന്നു.

അവൻ ഫോൺ എടുത്തു,

“എത്ര നേരായി ഇക്കാ ഞാൻ വിളിക്കുന്നു,,, ഇക്കാന്റെ ഫോൺ ബിസി ആയിരുന്നു “”ഹാ,,, റസിയ പ്രസവിച്ചു. പെൺ കുഞ്ഞാണ്, ഞാനിവിടെ ഓരോ തിരക്കിലാണ് ,കുറച്ച് കഴിഞ്ഞ് വിളിക്കാം. അതും പറഞ്ഞ് അവൻ ഫോൺ വെച്ചു.

‘അൽഹംദുലില്ലാഹ്’,,,,

റാഹില ദൈവത്തിനെ സ്തുതിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഒരു പെൺകുഞ്ഞിനെ തന്നു. കുഞ്ഞിന് ഇടാൻ വേണ്ടി കരുതി വെച്ച പേരുകളോരോന്നും അവളുടെ മനസ്സിലൂടെ ഓടി കളിച്ചു.

കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ അവളുടെ ഹൃദയം തുടിച്ചു. ഇക്കാനെ ഇനി വിളിച്ചാൽ …….

വേണ്ട, അവിടെ മരുന്ന് വാങ്ങാനും മറ്റുമുള്ള തിരക്കിലായിരിക്കും.

അവൾ ഫോണെടുത്ത് ആങ്ങളയെ വിളിച്ചു.

“ഇക്കാക്കാ,,, റസിയ പ്രസവിച്ചു. എനിക്ക് കുഞ്ഞിനെയൊന്ന് കാണണം, ഇവിടെ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. എന്നെ ഹോസ്പിറ്റൽ വരെയൊന്ന് കൊണ്ടാക്കാമോ ?

അത് വേണ്ട മോളേ,,, നിന്നെ കൊണ്ടോവാതെ പോയതല്ലേ, ഇനി അവിടെ പോയാൽ ചിലപ്പോ അവർക്കതൊരിഷ്ടക്കേടായാലോ,
ഏതായാലും അവർ അങ്ങോട്ടേക്കല്ലേ വരുന്നത്, അപ്പോൾ കാണാലോ,,,

” ഉം ”

മനസ്സിലെ സങ്കടങ്ങൾ ആരോടും പറയാൻ പറ്റാത്ത അവസ്ഥ,, തിരിച്ച് കിട്ടും എന്ന് കരുതി ആരേയും അവൾ സ്നേഹിക്കാതിരുന്നില്ല.കപടമായി സ്നേഹിക്കാനും അവൾക്കറിയില്ല,

പാവം, മനസ്സിലെ നോവുകൾ എല്ലാം ഉള്ളിലൊതുക്കി അവൾ ആ വീട്ടിൽ കുഞ്ഞിന്റെ വരവും കാത്തിരുന്നു.

വൈകുന്നേരമാകുമ്പോഴേക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി അവർ വരും.റാഹില റസിയയുടെ റൂമെല്ലാം തുടച്ച് വൃത്തിയാക്കി, ബെഡ് ഷീറ്റ് മാറ്റി അടിയിലൊരു ഷീറ്റ് കൂടി വെച്ചു.
‎ കുഞ്ഞ് എപ്പോഴും മൂത്രിക്കേം അപ്പിയിടുമൊക്കെ ചെയ്യും, റൂമിലൊരു തൊട്ടില കെട്ടണം.

എങ്ങനാപ്പോ കെട്ടാ,, അയൽപക്കത്തെ ഖദീജ താത്താനെ വിളിക്കാ. അവരാകുമ്പോ വേണ്ടപോലെ കെട്ടിത്തരും.

പിന്നെപ്പോ എന്തൊക്കെയാ വേണ്ടത്, ഹാ കുളിപ്പിക്കാൻ പാളയില വേണം.
അതും ഖദീജതാത്താന്റെ പറമ്പിൽ കാണും.

അങ്ങനെ എല്ലാം ഒരുക്കുന്ന തിരക്കിലാണ് റാഹില.
കുഞ്ഞില്ലേലും അവൾ എല്ലാം കണ്ടും കേട്ടും പഠിച്ചിട്ടുണ്ട്.

ഖദീജതാത്താന്റെ വീട്ടിൽ പുട്ടിന് തേങ്ങ ഇട്ട പോലെയാണ് കുട്ടികൾ. എപ്പോഴും ഒച്ചപ്പാടും ബഹളവുമാണ് അവിടെ. ഭർത്താവ് ഗൾഫിലാണ് ,
വർഷത്തിലൊരിക്കൽ വന്ന് പോവും. വരുന്നത് തന്നെയാണ് കണക്ക്. ഖദീജതാത്താക്ക് സമ്മാനവും കൊടുത്താണ് തിരിച്ചു പോവൽ,
ഇനിപ്പോ അടുത്തൊന്നും വരണ്ടാന്നാണ് ഖദീജ തത്താന്റെ ഓർഡർ,
പെറ്റു മടുത്തു,,,,,

ഒഴിവ് കിട്ടുമ്പോഴൊക്കെ ആ മക്കളുടെ കൂടെ കളിക്കലാണ് റാഹിലയുടെ പ്രധാന ഹോബി.ഖദീജ തത്താക്കും അത് വലിയൊരു ആശ്വാസമാണ്.
റാഹിലയെ കാണുമ്പോഴേക്ക് ഖദീജതാത്താന്റെ എട്ട് മാസം പ്രായമായ കുട്ടി വരെ ഒക്കത്തിരുന്ന് അവളുടെ അടുത്തേക്ക് ചാടും. കുഞ്ഞുങ്ങൾ എന്ന് പറഞ്ഞാൽ അവൾക്ക് ജീവനാണ്.

“എന്തിനാ പടച്ചോൻ എന്നെ മാത്രം ഇങ്ങനെ പരീക്ഷിക്കുന്നത്, എത്ര വർഷമായി ഒരു കുഞ്ഞിനെ തരാൻ വേണ്ടി കരഞ്ഞ് പ്രാർത്ഥിക്കുന്നു. എന്താ ന്റെ പ്രാർത്ഥന മാത്രം കേൾക്കാത്തത്”

” നീ ക്ഷമിക്ക് മോളേ, നിന്നെപ്പോലൊരു സ്നേഹമുള്ള പെണ്ണിനെ ബഷീറിന് ഇനി കിട്ടില്ല,
പ്രസവിക്കുക മാത്രമല്ലല്ലോ ഒരു പെണ്ണിന്റെ ധർമ്മം,
അതൊക്കെ അവന് വഴിയേ മനസ്സിലായിക്കോളും.”

ഖദീജതാത്ത അവളെ ആശ്വസിപ്പിച്ചു, അവിടെ അവൾക്ക് കുറച്ചേലും ആശ്വാസം കിട്ടുന്നത് അവരിൽ നിന്നാണ്.

ഗേറ്റിന്റെ മുമ്പിൽ നിന്ന് കാറിന്റെ ഹോണടി കേട്ടു,
‎” ഹാ അവർ വന്നെന്നു തോന്നുന്നു, ”
‎ ഇത്താ ഞാൻ പോട്ടെ, ഒക്കത്തിരുന്ന കുഞ്ഞിന് ഒരുമ്മ കൊടുത്ത് അവൾ ഗേറ്റിനരികിലേക്ക് ഓടി.

” എത്ര നേരായി ഹോണടിക്ക്ണ്, ചെവി കേൾക്കാതായോ അനക്ക് , എവിടെപ്പോയി പെറ്റ് കിടക്കാ നീ.,,,, ”

ഉമ്മാന്റെ വക ആദ്യ പഞ്ച്, അവൾ ഗേറ്റ് തുറന്നു,

കാറുളളിലേക്ക് പോയി.

” ആ ഡിക്കിയിലെ ബാഗും പാത്രങ്ങളും ഇങ്ങെടുത്തോ,, പിന്നെ കുഞ്ഞ് അപ്പിയിട്ട തുണി കഷണങ്ങളൊക്കെയുണ്ട് അതിൽ, അതൊക്കെയൊന്ന് വേഗം അലക്കി വൃത്തിയാക്ക് ”
പെങ്ങൾടെ വകയും കിട്ടി.

” ഉമ്മാ ഞാൻ കുഞ്ഞിനെയൊന്ന് കണ്ടിട്ട് അലക്കിക്കോളാം”

നല്ല ഉറക്കത്തിലാണ്, അവൾ മെല്ലെ തുണിയൊന്ന് മാറ്റി കുഞ്ഞുവാവനെ കണ്ടു, ഇക്കാനെപ്പോലെത്തന്നെയുണ്ട്, ഒന്ന് വാരിയെടുത്ത് മാറോട് ചേർത്തൊരുമ്മ കൊടുക്കാൻ അവളാഗ്രഹിച്ചു, അവൾ മെല്ലെ എടുക്കാൻ നോക്കിയപ്പോ പിറകിൽ നിന്ന് റസിയയുടെ ശബ്ദം.

” വേണ്ട,,, തൊടണ്ട

അതുണർന്ന് കരഞ്ഞാ എന്നെക്കൊണ്ടാവൂല വീണ്ടും ഉറക്കാൻ,,, ഉണർന്നാ പിന്നെ കരച്ചിൽ നിർത്തൂല ”

റാഹില നീട്ടിയ കൈ മെല്ലെ പിൻവലിച്ചു, എന്നിട്ട് കുഞ്ഞിന്റെ കഷണങ്ങളും റസിയയുടെ ഡ്രസ്സെല്ലാം എടുത്ത് അലക്കാനായി നടന്നു.

രാത്രിയായി, റാഹിലയുടെ മനസ്സ് മുഴുവൻ കുഞ്ഞിന്റെ അടുത്താണ്.

“ഇത്ര നേരായിട്ടും ഒരു ശബ്ദം പോലും കേൾക്കാനില്ലല്ലോ, എന്തൊരുറക്കാണ്, ഇക്കാനെ പോലെ തന്നെ, ഒരു മാറ്റവുമില്ല.
റസിയ പാലൊക്കെ കൊടുക്കുന്നുണ്ടാവും, അതാവും കരച്ചിലൊന്നും കേൾക്കാത്തത്.

അവൾക്ക് ഡോർ തുറന്ന് കുഞ്ഞിനെ ഒന്നൂടെ കാണണം എന്നുണ്ട്, ഇനി ഡോർ തുറക്കുന്ന ശബ്ദം കേട്ട് കരഞ്ഞാലോ?

വേണ്ട നാളയാവട്ടെ .

അടുക്കള പണിയൊക്കെ തീർത്ത് ഇഷാ നിസ്കാരവും കഴിഞ്ഞ് റാഹില റൂമിലെത്തി, ബഷീർ അവിടെ കിടക്കുന്നുണ്ട്.

” ഇക്കാ, നമുക്ക് കുഞ്ഞിന് നല്ലൊരു പേരിടണം, ഞാൻ കുറേ പേര് കണ്ട് വെച്ചിട്ടുണ്ട്,
പിന്നേ,,,,, ഇങ്ങളെ മുറിച്ച് വെച്ചത് പോലെയുണ്ട്,
ആ കണ്ണും മൂക്കും എല്ലാം,
ഒരു മാറ്റവും ഇല്ല.”

” ഇങ്ങള് ഉറങ്ങിയോ ”

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ, ശല്യപ്പെടുത്താനായിട്ട്,,
ഉറങ്ങിയിട്ട് രണ്ട് മൂന്ന് ദിവസായി, ആ ലൈറ്റോ ഫാക്കി കിടക്കുന്നുണ്ടോ നീ ”

പിന്നെ അവളൊന്നും പറഞ്ഞില്ല, ലൈറ്റോഫാക്കി കട്ടിലിന്റെ ഒരറ്റത്ത് കിടന്നു.

മനസ്സിലൊരുപാട് ചിന്തകൾ മിന്നി മറയാൻ തുടങ്ങി, ആകെ ഒരിരുട്ട്, കണ്ണിൽ നിന്ന് അവളറിയാതെ കണ്ണുനീർ വിരിപ്പിലേക്ക് ഊർന്നിറങ്ങി.

റസിയ തടിച്ച് ഒരു ശീമപന്നിയെ പോലെ ആയീണിപ്പോ ,രാവിലെ അവളെ കുഴമ്പ് തേച്ച് കുളിപ്പിക്കാൻ ഒരു സ്ത്രീ വരും, അത് തൊട്ട് അവളുടെ ഒരു ദിവസം തുടങ്ങുകയാണ്,
‎ കുഴമ്പിട്ട് കുളി കഴിഞ്ഞ് വന്നാൽ പിന്നെ ഉലുവാച്ചോറും ,പുഴുങ്ങിയ നാടൻ മുട്ടയും ,പിന്നെ കഷായം, ലേഹ്യം, അങ്ങനെ നീളും,..
‎ വന്നപ്പോ എങ്ങനെ ഇരുന്ന പെണ്ണാ,

‎ അവൾക്കാകെ ഉള്ള ഡ്യൂട്ടി കുഞ്ഞിന് പാല് കൊടുക്കുക മാത്രമാണ്, പിന്നെ ഫുൾ ഉറക്കം.
‎ ബാക്കി എല്ലാത്തിനും ഒരു ആയയെ പോലെ പണിയെടുക്കാൻ റാഹിലയും.അവളതൊക്കെ സന്തോഷത്തോടെ ചെയ്തു. കുഞ്ഞിനെ നോക്കാൻ കിട്ടുമല്ലോ , അവൾക്കത് മാത്രം മതി. ഉമ്മയുടെയും പെങ്ങളുടെയും വക അവൾക്ക് വേറെ കിട്ടുന്നുണ്ട്.

പെങ്ങളെ കല്യാണം കഴിച്ചയച്ച് മക്കളും വീടുമൊക്കെയായി, ഭർത്താവ് ഗൾഫിലാണ്, അവരുടെ വീട് വാടകക്ക് കൊടുത്ത് അവളും മക്കളും ഇവിടെയാണ് താമസം, പണിയെടുക്കേണ്ട, തിന്നാൻ നേരം വയറുമായി ചെന്നാൽ മതി, എല്ലാം കൊണ്ടും പരമസുഖം

ഒരൽപം ക്ഷീണിതനായിട്ടാണ് ബഷീറന്ന് വീട്ടിലേക്ക് വന്നത്. റസിയയുടെ റൂമിൽ നിന്ന് മോളുടെ കരച്ചിൽ കേൾക്കുന്നുണ്ട്, അവൻ നേരെ റൂമിലേക്ക് പോയി,
റസിയ നല്ല ഉറക്കമാണ്,

“മോള് കരയുന്നത് നീ കേട്ടിലേ” അവൻ അവളെ തട്ടി വിളിച്ചു.

” അത് കുറച്ച് കരഞ്ഞ് കഴിയുമ്പോ നിർത്തിക്കോളും, എനിക്കുറങ്ങണം.”

അവൻ ഒന്നും പറയാതെ കുഞ്ഞിനേം എടുത്ത് അടുക്കള ഭാഗത്തേക്ക് നടന്നു. റാഹില കിണറ്റിനരികെ അലക്കുകയാണ്. ബഷീറിനെ കണ്ടതും അവൾ കൈ കഴുകി അവന്റടുത്തേക്ക് വന്നു. കുഞ്ഞ് നല്ല കരച്ചിലാണ് , റാഹില കുഞ്ഞിനെ വാങ്ങി മാറോട് ചേർത്തതും കുഞ്ഞ് കരച്ചിൽ നിർത്തി.

“എന്താ ഇക്കാന്റെ മുഖം വല്ലാതിരിക്കുന്നത് ”

” ഒന്നുമില്ല” അവൻ നേരെ റൂമിലേക്ക് നടന്നു. തല കറങ്ങുന്നത് പോലെ തോന്നി അവന്. അലമാറ തുറന്ന് ഒരു ഗുളിക എടുത്ത് കഴിച്ചു, ഷുഗറും പ്രഷറുമൊക്കെ ആദ്യമേ ഉണ്ടവന്, ഇപ്പോ കുറച്ചായിട്ട് അവനതൊന്നും ശ്രദ്ധിക്കാറില്ല. മുൻപൊക്കെ സമയാസമയം ഗുളികയുമായി ഇക്കാക്കാ എന്ന് വിളിച്ച് റാഹില അവന്റെ പിറകെയുണ്ടാവും ,
അവന്റെ A to Z കാര്യങ്ങൾ ഒരു കുറവും വരുത്താതെ അവളാണ് ചെയ്തിരുന്നത്.
ഇപ്പോൾ അതൊക്കെ മാറി, റാഹില ചെയ്യാഞ്ഞിട്ടല്ല. അവൻ കൂടുതൽ സമയവും റസിയയുടെ കൂടെയായിരുന്നു. അവൻ ക്ഷീണം കൊണ്ടവിടെ കിടന്നു. അവന്റെ ചിന്താമണ്ഡലത്തിലേക്ക് ഓരോന്ന് കയറി വരാൻ തുടങ്ങി.

‘ അല്ലാഹ്, ഞാനിങ്ങനെയൊന്നും ആയിരുന്നില്ലല്ലോ,
രണ്ടാളോടും തുല്യ നീതി പുലർത്തും എന്ന് പറഞ്ഞിട്ടാണല്ലോ കുഞ്ഞില്ലാ എന്ന കാരണത്താൽ വേറൊരു വിവാഹം കഴിച്ചത്.
ഞാനെന്റെ ഭാഗം മാത്രമേ ചിന്തിച്ചൊള്ളൂ. കുഞ്ഞില്ലാതെ ഞാൻ വിഷമിച്ച അത്രയും അല്ലെങ്കിൽ അതിലേറെയും അവളും വിഷമിച്ചിട്ടുണ്ടാവില്ലേ ?

ഏതൊരു പെണ്ണിനാണ് തന്റെ ഭർത്താവ് വേറൊരു പെണ്ണിനെ മനസ്സിൽ ആലോചിക്കുന്നത് പോലും സഹിക്കാൻ കഴിയുക?

എന്നിട്ടും റാഹില,,,, എന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കാൻ തന്റെ ഇഷ്ടത്തിനെല്ലാം കൂട്ട് നിന്നു. അവളുടെ മനസ്സ് കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ.
ഞാനിപ്പോൾ എന്താ നേടിയത്.
തന്റെ ആണത്വം തെളിയിച്ചു എന്നൊരു സർട്ടിഫിക്കറ്റ് ,
അതോടെ കഴിഞ്ഞോ എന്റെ ജീവിതം?

” റബ്ബേ, ഞാനൊരു തെറ്റുകാരനായോ, എന്റെ മനസ്സിൽ പാപക്കറ വീണിരിക്കുന്നു.”

ചില തീരുമാനങ്ങൾ എടുത്ത പോലെയാണ് അവൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നത്.
‎ നേരെ പെങ്ങളുടെ അടുത്തേക്കാണ് അവൻ പോയത്. അവളാണ് ആ വീട്ടിൽ വിഷവിത്തുകൾ പാകുന്നത്. അവനവളോട് എന്തൊക്കെയോ സംസാരിച്ചു. വാടകക്കാരെ പറഞ്ഞയച്ച് അവരുടെ സ്വന്തം വീട്ടിൽ പോയി നിൽക്കണം എന്നൊക്കെയാണെന്ന് തോന്നുന്നു,
‎അത് കഴിഞ്ഞ് അവൻ ഗൾഫിലുള്ള അളിയനേം ഫോണിൽ വിളിച്ച് സംസാരിച്ചു.
പിന്നെ അളിയൻ പെങ്ങളേം വിളിക്കുന്നത് കണ്ടു.

അത് കഴിഞ്ഞ് ബഷീർ ഉമ്മയുടെ അടുത്തെത്തി, അവനുമ്മയുടെ മടിയിൽ തല വെച്ച് കിടന്നു, ഒരു പാട് നാളായി അവനങ്ങനെയൊന്ന് കിടന്നിട്ട് ,ഉമ്മാക്കും വലിയ സന്തോഷമായി.

” ഉമ്മാ,,,, ഉമ്മാക്ക് ഈ മോന്റെ സന്തോഷമല്ലേ വലുത് , എന്റുമ്മ അവരെ രണ്ടാളേം ഒരു പോലെ കാണണം, ഉമ്മയും ഒരു പെണ്ണല്ലേ,
റാഹില എന്ത് തെറ്റാണ് ചെയ്തത്, അവൾക്ക് പടച്ചോൻ അങ്ങനെയായിരിക്കും വിധിച്ചത്, ഉമ്മാന്റെ മോളെപ്പോലെ അവളെ കാണണം”

‘ആ ഉമ്മാന്റെ ഹൃദയം അവിടെ വിങ്ങിപ്പൊട്ടി’

രണ്ട് മൂന്ന് സീനുകൾക്ക് കുറച്ച് സമയം കൊണ്ട് അവിടെ മാറി മാറി കർട്ടൺ വീണു കൊണ്ടിരുന്നു.

പിന്നെ കുറച്ച് നേരം നിശബ്ദതയായിരുന്നു അവിടെ,…..

അന്ന് രാത്രി റാഹിലയുടെ റൂമിൽ ബഷീറിന്റെ മൂന്നാം ആദ്യരാത്രിക്കുള്ള തിരശ്ശീല ഉയരുകയാണ്. ഇപ്പോഴാണ് ബഷീർ ശെരിക്കുമൊരു ആണായത് ,

‎ ‘നിങ്ങളിൽ ഏറ്റവും ഉത്തമൻ ഭാര്യമാരോട് നല്ല നിലയിൽ പെരുമാറുന്നവനാണെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായി ആയത് ‘

പെണ്ണെന് പറഞ്ഞാൽ ഭോഗിക്കാനും പ്രസവിക്കാനും മാത്രമുള്ളതല്ല. അവൾ സ്നേഹത്തിന്റെ പ്രതിരൂപമാണ്, ഏറ്റവും ബഹുമാനിക്കപ്പെടേണ്ടവളാണ്, ഒരു പുരുഷന്റെ കരുത്താണ്.,,

അന്ന് മുതൽ ആ വീട്ടിൽ സന്തോഷത്തിന്റെ നാളുകളായിരുന്നു, രണ്ട് മലകൾ തമ്മിൽ ചേർന്നാലും നാല് മുലകൾ ചേരില്ലാ എന്ന പഴമക്കാരുടെ പറച്ചിലെല്ലാം കാറ്റിൽ പറത്തി അവരവിടെ കഴിഞ്ഞു.

ഇന്നാ വീട്ടിലെ റാണി റാഹിലയാണ് , അവളുടെ കണ്ണീരിന്റെ പകുതി പടച്ചോൻ കണ്ടു, ബാക്കി പകുതിക്കായി നമുക്കും പ്രാർത്ഥനയോടെ കാത്തിരിക്കാം.
(ശുഭം)

വർഷങ്ങളായിട്ട് കുട്ടികളില്ലാതെ വിഷമിക്കുന ഒരു പാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്, അവരുടെയെല്ലാം കണ്ണീരിനും പ്രാർത്ഥനക്കും ദൈവം പെട്ടെന്ന് ഉത്തരം നൽകട്ടെ, എന്നും പരസ്പര സ്നേഹത്തോടെ ജീവിക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കുഞ്ഞില്ലാ എന്ന കാരണത്താൽ ഭർത്താവിനെ ഒഴിവാക്കുന്ന ഭാര്യയും, ഭാര്യയെ ഒഴിവാക്കി വേറെ കെട്ടുന്ന ഭർത്താവും ഒരു കാര്യം മനസ്സിലാക്കുക.
ഇതൊന്നും നമ്മുടെ കൈകളില്ല. എല്ലാത്തിനും മുകളിൽ സർവശക്തനായ സൃഷ്ടാവായ ഒരു ദൈവമുണ്ട്.

ഈ കഥയും കഥാപാത്രങ്ങളുമായിട്ട് ആർക്കെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും സാങ്കൽപികം മാത്രമാണ്.

രചന: ഷാനിഫ് ഷാനി

LEAVE A REPLY

Please enter your comment!
Please enter your name here