Home Article ”പരിശുദ്ധമായ ശരീരമുള്ളവനേ പരിശുദ്ധമായ ശരീരമുള്ളവളെ സ്വന്തമാക്കാൻ അർഹതയുള്ളൂ…..”

”പരിശുദ്ധമായ ശരീരമുള്ളവനേ പരിശുദ്ധമായ ശരീരമുള്ളവളെ സ്വന്തമാക്കാൻ അർഹതയുള്ളൂ…..”

0

പ്രവാസ ജീവിതത്തിലേക്കുള്ള മടക്ക യാത്രയിൽ എയർപോർട്ടിലെ നീണ്ട കാത്തിരിപ്പിനിടയിൽ പതിഞ്ഞ സ്വരത്തിൽ എനിക്കഭിമുഖമായി ഇരുന്നിരുന്നയാൾ എന്നെ നോക്കി ചോദിക്കുമ്പോൾ കാര്യമെന്തന്നറിയാതെ ഞാൻ മിഴിച്ചു നോക്കി….

”സോഷ്യൽ മീഡിയകളിൽ ഞാൻ കണ്ടിരുന്നു താങ്കളെപ്പറ്റി…. പീഡനത്തിരയായ പെൺകുട്ടിക്ക് ജീവിതം നല്കാൻ മഹാമനസ്കത കാണിച്ച യഥാർത്ഥ നായകൻ…..”

ഒരു പുഞ്ചിരിയോടെ അയാൾ പറയുമ്പോൾ എന്റെ മറുപടിയും ഞാനൊരു ചെറു പുഞ്ചിരിയിലൊതുക്കി…..

”തരംഗമായിരുന്നു നിങ്ങൾ…. ഇന്നത്തെ തലമുറക്കാർക്കൊരു വഴികാട്ടിയെന്നും, ഹൃദയമുള്ള മനുഷ്യൻ മരിച്ചിട്ടില്ലായെന്നുമൊക്കെ നിങ്ങളെ സമൂഹം വാഴ്ത്തിയിരുന്നു…… പക്ഷേ….”

സംശയം നിഴലിക്കുന്ന കണ്ണുകളോടെ അയാൾ എന്നെ നോക്കി….

”ഏതൊരാണിന്റെയും ആഗ്രഹം പരിശുദ്ധമായ ഒരു പെണ്ണിനെ സ്വന്തമാക്കുക എന്നുള്ളതല്ലേ…. എങ്കിൽ നിങ്ങൾ ഈ ചെയ്തതിനു പുറകിൽ മറ്റെന്തോ ദുരുദ്ദേശമില്ലേ…..??”

കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ടു ചൂണ്ടുവിരൽ എനിക്കുനേരെ നീട്ടി കണ്ണുകൾ ചുളിച്ചുകൊണ്ടയാൾ ചോദിക്കുമ്പോൾ എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നിരുന്നു….

ഒരുപക്ഷേ ആ പുഞ്ചിരി കണ്ടതുകൊണ്ടാകണം അയാൾ എന്നെ സസൂക്ഷ്മം നോക്കി….

”ഒന്നുകിൽ സമൂഹത്തിലൊരു പേരുനേടാൻ…. അല്ലെങ്കിൽ നിങ്ങളിലൊരു ഭ്രാന്തൻ ഒളിഞ്ഞിരിപ്പുണ്ട്…..”

സംശയാസ്പദമായ അയാളുടെ ചോദ്യത്തിലും, മുഖത്തെ ഭാവത്തിലും എന്നിലെ പുഞ്ചിരി ഒരു അട്ടഹാസമായി മാറി….

ഉയർന്നു പൊങ്ങിയ ആ അട്ടഹാസത്തിൽ കൂടെയിരുന്നിരുന്നവരെല്ലാം എന്നെ മിഴിച്ചുനോക്കി…. അവരുടെ കണ്ണുകളിലും ഞാൻ കാണുന്നുണ്ടായിരുന്നു…..

‘ഇയാൾക്കെന്താ ഭ്രാന്താണോ???’

അല്ലെങ്കിലും സ്ഥലകാല ബോധമില്ലാതെ ചിരിക്കുന്നവർ നമുക്കെന്നും ഭ്രാന്തന്മാരാണല്ലോ…..

എന്റെ അട്ടഹാസം അവസാനിക്കും വരെ അയാൾ കണ്ണിമ ചിമ്മാതെ എന്നെ മാത്രം നോക്കിയിരുന്നു…..

”പരിശുദ്ധമായ ശരീരമുള്ളവനേ പരിശുദ്ധമായ ശരീരമുള്ളവളെ സ്വന്തമാക്കാൻ അർഹതയുള്ളൂ…..”

ഒറ്റക്കണ്ണ് ചിമ്മിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറയുമ്പോൾ അതിന്റെ പൊരുൾ അറിഞ്ഞെന്നവണ്ണം എന്നെ നോക്കിയയാൾ പുഞ്ചിരിച്ചു……..

”അപ്പോൾ നിങ്ങളും എന്നെ പോലെ തന്നെ…..”

ഒരു ദീർഘ നിശ്വാസത്തോടെ കസേരയിലേക്ക് വീണ്ടും ചരിഞ്ഞുകൊണ്ടു കള്ള ചിരിയോടെ അയാളെന്നെ നോക്കി പറഞ്ഞു….

മറുപടിയായൊരു പുഞ്ചിരി നൽകി ഞാൻ ദൂരേക്ക് നോക്കിയിരുന്നു…..

”ബോംബെയോ പോണ്ടിച്ചേരിയോ അതോ ഇന്ത്യക്കു പുറത്തോ?? എവിടെയാണ് മാഷിന്റെ കളിക്കളം??”

ആകാംഷ നിറഞ്ഞ സ്വരത്തോടെ അയാൾ എന്നോട് ചോദിച്ചെങ്കിലും മറുപടി പറയാതെ ഞാൻ പുറത്തേക്ക് തന്നെ നോക്കിയിരുന്നു….

”എനിക്കിഷ്ടം പുറത്താ… നാട്ടിൽ വാലുപോലെ ഏതുനേരോം പെണ്ണുംപിള്ളയുള്ളതുകൊണ്ടു ഒന്നിനും പറ്റാറില്ല…. പുറത്താകുമ്പോൾ ആ പ്രശ്നമില്ല…..”

പോക്കറ്റിൽ നിന്നും വിലകൂടിയ സിഗരെറ്റെടുത്തു അയാൾ ചുണ്ടിൽ വെച്ചുകൊണ്ട് പറഞ്ഞു….

ഒരുപക്ഷേ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിലേക്ക് നമ്മൾ ആഴ്ന്നിറങ്ങുമ്പോൾ പരിസരം മറന്നുപോകുന്നത് എത്രയോ ശരിയെന്നു തോന്നിപ്പോകുന്ന നിമിഷമായിരുന്നു അത്….

അതുകൊണ്ടു തന്നെയാകാം നോ സ്‌മോക്കിങ് എന്ന ബോർഡിന് മുൻപിൽ ഇരുന്നുകൊണ്ട് തന്നെ അയാൾ വലിക്കാൻ ഒരുങ്ങിയതും ഞാൻ അത് ഓർമ്മിപ്പിച്ചതും…..

”ഓഹ്… സോറി…. പെട്ടന്ന് മറ്റെവിടെയോയാണെന്നു ചിന്തിച്ചു പോയി….”

ഒരു ചിരിയോടെ സിഗററ്റെടുത്തു അരികിലെ ചവറ്റുകൊട്ടയിലേക്കെറിയവേ അയാൾ പറഞ്ഞു…..

”പക്ഷേ…. ഞാൻ നിങ്ങളെപോലെയല്ല…..”

അയാളുടെ കണ്ണുകളിൽ നോക്കി ഞാൻ പറയുമ്പോൾ വീണ്ടും ആ കണ്ണുകൾ സംശയത്താൽ എന്നെ മിഴിച്ചു നോക്കി….

”പിന്നെ”??

”എനിക്ക് പ്രണയമായിരുന്നു…. അടങ്ങാത്ത പ്രണയം….”

എന്റെ ആ മറുപടിയിൽ മിഴിച്ചു നിന്നിരുന്ന അയാളുടെ മുഖത്തൊരു ചിരി വിടരുന്നുണ്ടായിരുന്നു……

”ഞാൻ കണ്ടിട്ടുണ്ട്…. പകൽ മുഴുവൻ കാറ്റിനേയും,, മഴയേയും,, പുഴയേയും,, കിളികളേയും,, പ്രണയിക്കുന്നവരെ… രാത്രിയായാൽ ഇരുട്ടിന്റെ മറവിൽ ശരീരം വിൽക്കാൻ വരുന്നവരോടും തോന്നുന്ന ഇഷ്ടത്തെ പ്രണയമെന്നു വിളിക്കുന്നവരെ…”

മുഖത്തൊരു പുച്ഛത്തോടെ അയാൾ പറഞ്ഞു….

”പക്ഷേ എന്റെ പ്രണയം സാധാരണക്കാരന്റെ പ്രണയമായിരുന്നു….. ജീവനേക്കാളേറെ സ്നേഹിച്ച എന്റെ പെണ്ണെന്നു കരുതിയവളോടുള്ള പ്രണയം…. മനസ്സും ശരീരവും സ്വപ്നങ്ങളും ഒരുപോലെ പങ്കിട്ടെടുത്ത അടങ്ങാത്ത പ്രണയം…..”

എന്റെ കണ്ണുകൾ വീണ്ടും ദൂരേക്ക് ഓടിയകന്നു…

”എന്നിട്ട്??”

ആകാംക്ഷയോടെ അവൻ എന്നോട് ചോദിച്ചു….

”ഒട്ടുമിക്ക കഥയിലെയും പോലെ പണവും പ്രതാപവും വില്ലനായെത്തിയപ്പോൾ അവളും ആ വഴി തന്നെ തിരഞ്ഞെടുത്തു…..”

ദൂരെനിന്നും കണ്ണെടുക്കാതെ അവനു മറുപടി നൽകുമ്പോൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു അടക്കിപ്പിടിക്കുവാൻ ശ്രമിക്കുന്ന അവന്റെ അട്ടഹാസം…

അല്ലെങ്കിലും വിരഹം മറ്റുള്ളവർക്കെന്നുമൊരു തമാശയാണ്…. അനുഭവിക്കുന്നവനു മാത്രം മനസ്സിലാകുന്ന വേദന….

”ഇപ്പോൾ എനിക്ക് മനസ്സിലായി…. നിങ്ങളൊരു ഭ്രാന്തനാണ്…. അല്ലെങ്കിൽ സ്നേഹിച്ച പെണ്ണിനൊപ്പം സ്വപ്‌നങ്ങൾ പങ്കിട്ടെന്ന് കരുതി ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?? എന്നിട്ട് നിങ്ങളാണ് പോലും യഥാർത്ഥ നായകൻ….

അങ്ങനെയാണെങ്കിൽ ലോകം കണ്ട ഏറ്റവും വലിയ പിഴച്ചവളെ വേണമായിരുന്നു ഞാൻ വിവാഹം കഴിക്കാൻ….. പക്ഷേ…. ഞാൻ കെട്ടിയത് നല്ല തറവാടിയായ ഒരു പെണ്ണിനെ തന്നെയായിരുന്നു… ദാ.. അവളെ… അപ്പോൾ ഞാനല്ലേ യഥാർത്ഥ നായകൻ??”

മുഖത്തല്പം അഹങ്കാരം നിറഞ്ഞ ഭാവത്തോടെ എനിക്ക് പുറകിലെ കോഫി ഷോപ്പിലേക്ക് കൈചൂണ്ടിക്കൊണ്ടയാൾ പറയുമ്പോൾ പതിയെ ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി…..

ഇരുകൈകളിലുമായി ചായക്കപ്പുമായി പുഞ്ചിരിയോടെ ഞങ്ങൾക്കരികിലേക്ക് നടന്നു വരുന്ന ഒരു സുന്ദരിയായ പെൺകൊടി….

മുഖത്തൊരു പുഞ്ചിരിയോടെ ഞാൻ വീണ്ടുമവനെ നോക്കുമ്പോൾ ഒരിക്കൽ കൂടി കണ്ണിറുക്കി അവനെന്നോട് ചോദിച്ചു….

”ഇനി പറ…. ഞാൻ തന്നെയല്ലേ നായകൻ???”

പതിയെ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് ഒരു പുഞ്ചിരിയോടെ അവനുനേരെ ഹസ്തദാനത്തിനായ് ഞാൻ കൈ നീട്ടി….

ആകാംക്ഷയോടെ അവനും എനിക്കഭിമുഖമായിനിന്ന് എന്റെ കൈകളിൽ പിടിക്കുമ്പോൾ ഞാൻ അവനോടു പറഞ്ഞു….

”അതെ… നിങ്ങൾ തന്നെയാണ് യഥാർത്ഥ നായകൻ….”

യാത്രപറഞ്ഞു വിമാനം ലക്ഷ്യമാക്കി ഞാൻ നടന്നകലുമ്പോൾ നായകസ്ഥാനം നേടിയെടുത്തതിന്റെ ഒരു വിജയ ചിരി അവന്റെ മുഖത്തുണ്ടായിരുന്നു…..

പക്ഷേ… അവനറിയില്ല….

ഇരുകൈകളിലുമായി ചായക്കപ്പുമായി പുഞ്ചിരിയോടെ ഞങ്ങൾക്കരികിലേക്ക് നടന്നു വന്നിരുന്ന അയാളുടെ ഭാര്യക്ക്,, എന്റെ കഥയിലെ…. അല്ല…. എന്റെ ജീവിതത്തിലെ സ്വപ്‌നങ്ങൾ കവർന്നെടുത്ത ആ പഴയ കാമുകിയുടെ മുഖമായിരുന്നുവെന്ന്…..

അത് തിരിച്ചറിയുംവരെ അവൻ നായകനായി തന്നെ തുടരട്ടേ…. എല്ലാം തികഞ്ഞവനെ കെട്ടിയ അവൾ നായികയായും….

പിന്നെ ഞാൻ കെട്ടിയ പെണ്ണ്…. അതൊരു ഭ്രാന്തായിരുന്നില്ല…. പകരം കളങ്കമാകാത്ത മനസ്സുള്ളവളാണ് പരിശുദ്ധയെന്നു വിശേഷിക്കപ്പെടേണ്ടവൾ എന്ന തിരിച്ചറിവായിരുന്നു…..

രചന: saran prakash

LEAVE A REPLY

Please enter your comment!
Please enter your name here